Monday, January 28, 2008

ഇരട്ടക്കുട്ടികളുടെ സൈക്കിള്‍


വാശിയെന്നത് മാളവികയുടെ കൂടപ്പിറപ്പാണ്. പലപ്പോഴുമാലോചിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് ഇപ്പോഴുള്ള കുട്ടികള്‍ നിസ്സാര കാര്യങ്ങള്‍ക്ക് വാശിപിടിക്കുന്നതെന്ന്. അവരെ കൂടുതല്‍ ശ്രദ്ധിക്കുന്നതുകൊണ്ടാണോ അതോ നമ്മളേക്കാള്‍ കൂടുതല്‍ ലോകത്തെ നേരത്തെ തന്നെ അറിഞ്ഞു തുടങ്ങിയതുകൊണ്ടാണോ. ഏതായാലും രണ്ടാം ക്ലാസുകാരിയായ മാളവികയുടെ പല ആവശ്യങ്ങളും എന്നില്‍ ജിജ്ഞാസയുയര്‍ത്തുക പതിവായിരിക്കുന്നു. ഇപ്പോഴത്തെ പുതിയ ട്രെന്‍ഡ് സ്റ്റിക്കറുകളാണ്. പല നിറത്തിലും രൂപത്തിലുമുള്ള സ്റ്റിക്കറുകള്‍ എവിടെ കണ്ടാ‍ലും അവള്‍ക്ക് വേണം. 'മാജിക് പോട്ടി'ല്‍ സ്ഥിരമായി വന്നിരുന്ന സ്റ്റിക്കറുകളെല്ലാം അവളുടെ സ്റ്റഡി ടേബിളിന്റെ ഒരു വശത്ത് നിരത്തി ഒട്ടിച്ചിട്ടുണ്ട്. സ്പൈഡര്‍മാന്റെ പല പോസിലുള്ള പടങ്ങള്‍ പലയിടത്തുമായി നെഞ്ചുവിരിച്ചു നില്‍ക്കുന്നു.



ഹോസ്പിറ്റലിലേക്കാണെന്ന് പറഞ്ഞപ്പോള്‍ ഹോം വര്‍ക്കുപോലും മുഴുവനാക്കാതെ ഓടി വന്ന് കാറില്‍ കയറുകയായിരുന്നു. ഒന്നു രണ്ടു പ്രാവശ്യം വരേണ്ടെന്നു നിര്‍ബന്ധിച്ചു. പല തരം വാശികളല്ലേ.. കഴിഞ്ഞ തവണ ഇങ്ങനെ വാശിപിടിച്ച് കരഞ്ഞിട്ടാണ് പനി പിടിച്ച് രണ്ടു ദിവസം ഹോസ്റ്റ്പിറ്റലില്‍ കിടന്നത്.

മഴ കുറഞ്ഞെന്നു തോന്നുന്നു.

ഇപ്പോള്‍ റോഡ് വ്യക്തമായി കാണുന്നുണ്ട്.

മഴയുള്ളപ്പോള്‍ ഡ്രൈവ് ചെയ്യുക വലിയ ബുദ്ധിമുട്ടാണ്. പറഞ്ഞ സമയത്ത് ഒരു സ്ഥലത്തും എത്തുകയുമില്ല.
ഏഴുമണിക്കുമുന്‍പ് എത്താമെന്നാണ് അമ്മയോട് പറഞ്ഞിരുന്നത്. ഇപ്പോള്‍ സമയം ഏഴരയായി. നാളെ അവധി ദിവസമായതുകൊണ്ട് സ്പെഷലിസ്റ്റ് ഡോക്ടര്‍ എട്ടുമണിക്കുമുമ്പ് തന്നെ വന്ന് റൌണ്ട്സ് കഴിഞ്ഞ് പോകുമെന്നാണ് നേഴ്സ് പറഞ്ഞിരിക്കുന്നത്. രണ്ടു ദിവസം കഴിഞ്ഞാല്‍ അച്ഛനെ ഡിസ്ചാര്‍ജ് ചെയ്യേണ്ടതാണ്. ഡോക്ടറോട് ഇന്നു തന്നെ അതെക്കുറിച്ച് സംസാരിക്കണം.


മാളവിക കാര്‍ട്ടൂണ് വായന മതിയാക്കി പുസ്തകം അടച്ചു ബാക്സീറ്റിലേക്ക് വെച്ചു.
'അച്ഛ.. അച്ഛ ഒന്നും പറഞ്ഞില്ല..'

'എന്ത്..'

'അച്ഛ ഒക്കെ മറന്നു. ഇന്നെന്തായാലും അവടെ പോണം. ..'

'എവിടെ..' നേരത്തെ അവള്‍ പറഞ്ഞതായിരുന്നു. മറന്നിട്ടല്ല. തിരക്കിനിടയില്‍ എല്ലാം ചെയ്തു തീര്‍ക്കുകയെന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. പ്രത്യേകിച്ചും അപ്രസക്തമായ ചില ആ‍വശ്യങ്ങള്‍.

'കഴിഞ്ഞ പ്രാവശ്യം നമ്മള്‍ കണ്ടില്ലേ.. ആ സൈക്കിള്.. ആ മൊട്ടത്തലയന്മാരു കുട്ട്യോള്‍ടെ... യ്ക്ക് ആ സൈക്കിളിന്മേല്‍ കയറണം.. എന്തോരം സ്റ്റിക്കറാ അതിന്മേല്‍...'

'എന്റെ മാളുട്ട്യേ.. അത് കഴിഞ്ഞ പ്രാവശ്യല്ലേ.. അവരവിടുന്ന് ഡിസ്ചാര്‍ജ്ജായി പോയി..അഞ്ചാറ് മാസായില്ലേ..'

'ഇല്ല.. നമുക്ക് അവിടെ ഒന്നു പോയി നോക്കാം. അച്ഛ.. ....'

'നീ വെറുതെ വാശി പിടിക്കല്ലെ.. '

'അച്ഛ നമുക്ക് എന്തായാലും ഇന്ന് അവടെ പോണം..'
'ശരി..' സമ്മതിക്കുകയേ ഇനി എനിക്ക് നിവര്‍ത്തിയുള്ളൂ.
'പ്രോമിസ്..'
'പ്രോമിസ്..'
'അച്ഛ കൈ കാണിക്ക്..' അവളുടെ വിശ്വാസത്തിന്റെ അടയാളമാണ് കയ്യിലടിച്ച് സത്യം ചെയ്യുകയെന്നത്. ആ സൈക്കിള്‍ അവിടെ ഉണ്ടാവില്ലെന്ന് നൂറുശതമാനവും എനിക്ക് ഉറപ്പുമാണ്.

എങ്ങനെയാണുണ്ടാവുക ?

വെറുതെയൊന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.

അന്നും ഇതുപോലെ ചെറിയ ചാറ്റല്‍ മഴയുള്ള ദിവസമായിരുന്നു. അനുജത്തിയുടെ ഡെലിവറി കഴിഞ്ഞ് 16-അം വാര്‍ഡില്‍. ഏറെ വൈകി അന്ന് വീട്ടിലേക്ക് പോകാന്‍ ഞാനും മാളവികയും കൂടി ഇറങ്ങിയതാണ്. പാര്‍ക്കിങ് ഏരിയയിലേക്ക് മഴ നനയാതെ പോകാനാണ് എളുപ്പവഴി തെരെഞ്ഞെടുത്തത്. വാര്‍ഡുകളുടെ വരാന്തയിലൂടെ.. രാത്രിയുടെ ചില ഞെരക്കങ്ങള്‍ മാ‍ത്രം. മിക്ക മുറികളിലേയും ലൈറ്റുകള്‍ അണഞ്ഞുകൊണ്ടിരിക്കുന്നു. പ്രകാശം കെട്ടുപോയ ചില ഭാഗങ്ങളില്‍ ഇരുട്ടു കട്ടപിടിച്ചു കിടന്നു.


അങ്ങനെയാണ് പത്താം നമ്പര്‍ വാര്‍ഡിലേക്ക് തിരിഞ്ഞത്. നേരെയുള്ള വളവു തിരിഞ്ഞാല്‍ പാര്‍ക്കിങ് ഏരിയയായി. അത് ഒങ്കോളജി വാര്‍ഡാണെന്നറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ ആ വഴിക്ക് നടക്കില്ലായിരുന്നു. മുമ്പ് ഒന്നു രണ്ടു തവണ ആ വഴിയ്ക്ക് വന്നിട്ടുണ്ട് .
പകല്‍ സമയത്ത്..

ഈ വാര്‍ഡിലെ ഓരോ മുറിയും വേദനയുടെ കൂടാരങ്ങളാണ്. പല രൂപത്തില്‍ വേദന കടിച്ചമര്‍ത്തി ആ വരാന്തയിലിരിക്കുന്നവരെ കണ്ട് മനസ്സു നീറിയിട്ടുണ്ട്.


പാര്‍ക്കിങ് ഏരിയയിലേക്ക് കടക്കുന്നതിനു തൊട്ടുമുന്‍പാണ് മാളവിക അതു കണ്ടത്.

'ഹായ്.. അച്ഛ ദേ ഒരു മൊട്ടത്തലയന്‍ സൈക്കിള്‍ ചവിട്ടി വരുന്ന നോക്ക്യേ..'
മാളവിക അവിടെത്തന്നെ നില്‍ക്കുകയാണ്.

സൈക്കിള്‍ മെല്ലെ ചവിട്ടിക്കൊണ്ട് അവന്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു.
ഒരു കുസ്രുതികുട്ടന്‍.
ഏകദേശം നാലു വയസ്സ് പ്രായം . മുടി പറ്റെ വെട്ടി, വായും മൂക്കും ഒരു പച്ച തുണികൊണ്ട് മറച്ചിട്ടുണ്ട്. ഫുള്‍സ്ലീവ് ഷര്‍ട്ടും പാന്റും.

'ദേ അച്ഛ അപ്പറത്ത് വേറൊരു മൊട്ടത്തലയന്‍..' മാളവികയ്ക് എല്ലാം അത്ഭുതമായിരുന്നു.

അപ്പുറത്ത് ഇവനെപ്പോലെ മറ്റൊരു കുട്ടിയും അമ്മയെന്ന് തോന്നുന്ന ഒരു സ്ത്രീയും മെല്ലെ നടന്നു വരുന്നു.

സൈക്കിള്‍ ചവിട്ടി വന്ന കുട്ടി മാളവികയുടെ അടുത്ത് സൈക്കിള്‍ നിര്‍ത്തി.
മാ‍ളവിക സൈക്കിളില്‍ സൂക്ഷമ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ചുവന്ന ബോഡിയില്‍ സ്പൈഡര്‍മാന്റെ സ്റ്റിക്കറുകള്‍ ഒട്ടിച്ചിരിക്കുന്നു.

വെറുതെയല്ല മാ‍ളവിക സഡന്‍ ബ്രേയ്ക്കിട്ട പോലെ അവിടെ നിന്നത്.

'അച്ഛ..യ്ക്ക് ഈ സൈക്കളൊന്ന് ചവിട്ടണം..'
'ഏയ്..ഇതാ കുട്ടിയുടെ സൈക്കിളല്ലേ...സമയം കുറെയായി മാളുട്ടീ.. ' ഞാന്‍ മാളവികയുടെ കൈപിടിച്ചു പോകാനൊരുങ്ങി. അവള്‍ അവിടെ തന്നെ നില്‍ക്കുകയാണ്.

പെട്ടന്നാണ് സൈക്കിളിലിരുന്നിരുന്ന കുട്ടി മെല്ലെ അതില്‍ നിന്നും ഇറങ്ങിയത്.

'കുട്ട്യോളല്ലേ..അവര് കളിക്കട്ടേന്ന്..' ആ സ്ത്രീ ചെറിയ പുഞ്ചിരിയോടെ പറഞ്ഞു.

മാളവിക സൈക്കിളെടുത്ത് മെല്ലെ ചവിട്ടി.

'മോന്റെ പേരെന്താ.. ' ഞാന്‍ ചോദിച്ചു.

' സുബൈറ് ന്ന്.. ഇവന്‍ സുഹൈറ്..ഇരട്ടകളാ... സുബൈറിനാ സൂക്കേട്..' സ്ത്രീയാണ് പറഞ്ഞത്. ഒരാള്‍ മുഖം മറച്ചിരിക്കുന്നതിനാല്‍ ഇരട്ടകളാണെന്ന് തോന്നിയില്ല.

'അപ്പൊ ഇവനും തല മൊട്ടയടിച്ചിട്ടുണ്ടല്ലോ..'

'സുബൈറിന്റെ മൊട്ടയടിച്ചപ്പോ ഇവനും വേണന്ന് വാശി..അദാ..'

മാളവിക അതിനകം സൈക്കിള്‍ ചവിട്ടി മുന്നോട്ട് പോയിരുന്നു.

പിന്നാലെ ഇരട്ടക്കുട്ടികളും.

സുബൈര്‍ അല്പം പതുക്കെയാണ് നടക്കുന്നത്. കീമോയെല്ലാം കഴിഞ്ഞ് സുബൈര്‍ ഇപ്പോള്‍ തിരിച്ചുവരവിന്റെ വഴിയിലാണെന്ന് ആ സ്ത്രീ പറഞ്ഞു. പൊന്നാനി ഭാഗത്താണ് ഇവരുടെ വീട്. ഭര്‍ത്താവടുത്തില്ല. ചെന്നെയില്‍ ഏതൊ കമ്പനിയില്‍ ചെറിയ ജോലിയാണ്. പത്തിരുപത് ദിവസമായി ഈ വാര്‍ഡില്‍ എത്തിയിട്ട്. പകല്‍ സമയത്ത് രോഗികളുടെയും ബന്ധുക്കളുടെയും തിരക്കായതിനാല്‍ കുട്ടികള്‍ക് കളിക്കാന്‍ സാധിക്കാറില്ല. അതുകൊണ്ടാണ് രാത്രി ഏറെ വൈകി കുട്ടികളെയും കൊണ്ട് അവര്‍ വരാന്തയില്‍.അവരുടെ മുഖത്ത് പ്രതീക്ഷയുടെ നാമ്പുകള്‍.

മാളവിക അതിനകം ഇരട്ടകളുമായി ചങ്ങാത്തം കൂടിയിരുന്നു. ഇടയ്ക്ക് സുഹൈറിന്റെ മൊട്ടത്തലയില്‍ തൊട്ടുനോക്കുന്നതും ഉറക്കെ പൊട്ടിച്ചിരിക്കുന്നതും തുടര്‍ന്ന് ഇരട്ടക്കുട്ടികളും ആ ചിരിയില്‍ ചേരുന്നതും ഞാനും ആ സ്ത്രീയും കൌതുകത്തോടെ നോക്കി നിന്നു.
'മതി മാളൂ.. സമയം കുറെയായി..ഇനി പിന്നെയാവാം.. ' മനസ്സില്ലാ മനസ്സോടെയാണെങ്കിലും മാളവിക ഇരട്ടക്കുട്ടികളോട് 'റ്റാറ്റാ' പറഞ്ഞ് എന്റെ അടുത്തു വന്നു.

പാര്‍ക്കിങ് ഏരിയയിലേക്ക് തിരിയുമ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കി.
മൂവരും ഞങ്ങള്‍ നടന്നു പോകുന്നത് നോക്കി നില്‍ക്കുകയായിരുന്നു.



* * *



എട്ടുമണിക്കുമുന്‍പ് റൌണ്ട്സിനെത്തേണ്ട ഡോക്ടര്‍ ഒന്‍പതരയോടെയാണ് വന്നത്. എന്തായാലും തിങ്കളാഴ്ച തന്നെ അച്ഛനെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ഡോക്ടര്‍ പറഞ്ഞു. വളരെ വ്യത്യാസമുണ്ടെന്നും ഇനി ഒരു മാസം കഴിഞ്ഞ് വന്ന് കാണണമെന്നും പറഞ്ഞാണ് ഡോക്ടര് തിരികെ പോയത്. കുറിച്ചു തന്ന മരുന്ന് ആശുപത്രിയിലെ ഫാര്‍മസിയില്‍ ഇല്ലാത്തതിനാല്‍ ടൌണില്‍ പോയി വാങ്ങേണ്ടി വന്നു. എല്ലാം കഴിഞ്ഞ് മാളവികയുമായി ഇറങ്ങിയപ്പോള് സമയസൂചിക പത്തരയും കടന്നു നിന്നു. മാളവിക ഇതിനകം സ്പെയര്‍ ബെഡില്‍ കിടന്ന് ഉറങ്ങിയിരുന്നു. പിന്നെ അവളെ എഴുന്നേല്‍പ്പിച്ച് അല്പം ധൃതിയിലാണ് ഞാന്‍ നടന്നു തുടങ്ങിയത്.


വാര്‍ഡുകളിലെ ഇടനാഴികകളില്‍ ഇരുട്ടിനൊപ്പം ഡെറ്റോള്‍ മണം പതിഞ്ഞു കിടന്നു.

'അച്ഛ..നമുക്ക് ആ വഴിക്കു തന്നെ പൂവ്വാം ട്ടോ..'

അത് ഇതുവരെ മറന്നില്ലേ.

രാത്രി ഏറെ വൈകിയതുകൊണ്ട് വാര്‍ഡിനു പുറത്ത് ആരുമുണ്ടാവില്ല എന്ന ആശ്വാസത്തിലാണ് ഞാന്‍ നടന്നു തുടങ്ങിയത്.

'അച്ഛ.. ദേ നോക്ക്യെ.... അവരവിടെ തന്നെയുണ്ട് ട്ടാ..'

ശരിയാണ് ആ സൈക്കിളില്‍ ഒരു കുട്ടി വരാന്തയില്‍ മെല്ലെ ചവിട്ടുന്നു.

കൂടെയെഉള്ള സ്ത്രീ അതു തന്നെ ..
ആ മുഖത്ത് അല്പം ക്ഷീണമുണ്ട് എന്ന വ്യത്യാസം മാത്രമേയുള്ളൂ.
മാളവിക കുട്ടിസൈക്കിളിന്റെ അടുത്ത് ചെന്നു.

'ഇന്ന് ഒരാളേ ഉള്ളൂ.. മറ്റേയാള് ഉറങ്ങിയിട്ടുണ്ടാവും അല്ലെ..' ഞാന്‍ വെറുതെയൊന്ന് പരിചയം നടിച്ചു.

അവര്‍ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
ഇനി ഞാന്‍ പറഞ്ഞത് അവര്‍ക്ക് ഇഷ്ടപ്പെട്ടുകാണില്ലെയെന്ന് സംശയിച്ചു. പക്ഷെ..

'സാറെ.. ഇത് സുഹൈറാ.. രണ്ടുമാസം മുന്പ് സുബൈറിനെ പടച്ചോന്‍ വിളിച്ചു .' അല്പം വിറയലോടെയാണെങ്കിലും അവര്‍ പറഞ്ഞു മുഴുവിച്ചു.

ഞാന്‍ സ്തബ്ദനായി നിന്നു.

എന്തെങ്കിലും പറഞ്ഞ് അവരെ ആശ്വസിപ്പിക്കണമെന്നു തോന്നി. വാക്കുകള്‍ പുറത്തു വരാതെ തൊണ്ടയില്‍ കെട്ടിക്കിടന്നു.

സുഹൈറ് സൈക്കിളില്‍ നിന്നിറങ്ങി നിന്നിട്ടും മാളവിക വെറുതെ നോക്കി നിന്നതേയുള്ളൂ. സൈക്കിളില്‍ കയറാന്‍ ശ്രമിക്കുന്നില്ല.

പിന്നെ മെല്ലെ എന്റെ അടുത്തേക്ക് വന്നു.

'അച്ഛ.. നമുക്ക് പോകാം..'

സുഹൈറ് മെല്ലെ വീണ്ടും സൈക്കിളില്‍ കയറി. 'ട്രിം.. ട്രിം..' സൈക്കിളിലെ മണി കിലുക്കി..ഞങ്ങളെ കടന്നുപോയി....പിന്നാലെ ആ സ്ത്രീയും.

തിരികെ പാര്‍ക്കിങ് ഏരിയയിലേക്ക് നടക്കുമ്പോള്‍ പുറത്ത് തണല്‍ മരങ്ങളുടെ ഇലകള്‍ക്കിടയിലൂടെ ചന്ദ്രശോഭ അരിച്ചിറങ്ങുന്നുണ്ടായിരുന്നു.

'അച്ഛ..'

'ഉം..'

'മറ്റേ മൊട്ടത്തലയന്‍ കുട്ടി എവിടെ പോയിന്നാ പറഞ്ഞെ..?'

ഞാന്‍ ഒന്നും മിണ്ടിയില്ല.

'ഉറങ്ങാന്‍ പോയിട്ടുണ്ടാവും അല്ലേ അച്ഛാ..'

ഞാന്‍ മാളവികയെ മെല്ലെ കോരിയെടുത്ത് മൂര്‍ദ്ധാവില്‍ ചുംബിച്ചു.
ചെറിയ ചാറ്റല്‍ മഴ തുടങ്ങിയിരുന്നു.
ഇരട്ടക്കുട്ടികളുടെ സൈക്കിളില്‍ മണിയടിക്കുന്ന ശബ്ദം നേര്‍ത്തലിഞ്ഞുകൊണ്ടിരുന്നു.

34 comments:

asdfasdf asfdasdf said...

പുതിയ ഒരു കഥ കൂടി..

വിന്‍സ് said...

നല്ല കഥ...ഞാന്‍ അഞ്ചില്‍ അഞ്ചും കൊടുത്തിട്ടുണ്ട്.

അതുല്യ said...

.

അനാഗതശ്മശ്രു said...

predicatble climax...
but narrationis good

സുല്‍ |Sul said...

അവസാനം അറിയാമായിരുന്നെങ്കിലും നല്ല എഴുത്ത്. ഇതൊരു കഥമാത്രമായിരിക്കട്ടെ.

-സുല്‍

ശ്രീ said...

മേനോന്‍‌ ചേട്ടാ...

വളരെ ഹൃദയ സ്പര്‍‌ശിയായ സംഭവം. ഇതിനു സമാനമായ ഒരു അനുഭവം എനിയ്ക്കും ഉണ്ടായിട്ടുണ്ട്, ഒരിയ്ക്കല്‍‌. ആ സംഭവം ഓര്‍‌മ്മിപ്പിച്ചു , ഈ എഴുത്ത്.

ക്രിസ്‌വിന്‍ said...

വളരെ നല്ല കഥ
ആശംസകള്‍

ബഷീർ said...

കുട്ടികളുടെ ആവശ്യങ്ങള്‍ നമുക്ക്‌ അപ്രസക്തമായി തോന്നിയേക്കാം പക്ഷെ അവര്‍ക്ക്‌ പ്രസ്കതം തന്നെ...

ഈ അസുഖം ഇന്ന് മാനവനെ കാര്‍ന്നു തിന്നുകയാണ്‌.

Kaithamullu said...

അസാമാന്യ കൈത്തഴക്കമുള്ള ഒരെഴുത്തുകാരനെ ഞാനിവിടെ കാണുന്നു.
അഭിനന്ദനങ്ങള്‍, മേന്‍‌ന്നേ!

Murali K Menon said...

ജീവിതത്തില്‍ കടന്നുപോകുന്ന ദു:ഖസത്യങ്ങള്‍, അനുഭവ സാക്ഷ്യങ്ങള്‍....
നന്നായിട്ടുണ്ട് രചന

മറ്റൊരാള്‍ | GG said...

GooD OnE!

സുഗതരാജ് പലേരി said...

മനസില്‍ അസ്വസ്ഥതകളുണര്‍ത്തുന്നു.
'വെറും' കഥയാണെന്നു വിശ്വസിക്കട്ടെ.

qw_er_ty

siva // ശിവ said...

നല്ല കഥ....മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു...

പ്രയാസി said...

മാറാ രോഗങ്ങളുടെ വേദനയിലും ചിരിച്ചു കളിക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ മനസ്സ് പിടയാറുണ്ട്..:(

കഥായായിരിക്കട്ടെ..!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഹോ ഇത്തവണ ക്ലൈമാക്സ് ഇല്ലായിരുന്നെങ്കില്‍ എന്നോര്‍ത്ത് പോയി. ആ വഴി പോകാതിരുന്നൂടായിരുന്നോ

padmanabhan namboodiri said...

ഇഷ്ടായി.
അനുഭവിപ്പിക്കുക എന്നൊക്കെ പറയാറില്ലേ? ഇതു അനുഭവിപ്പിച്ചു.
കഥയാണോ കല്പനയാ‍ണോ എന്നൊന്നും ഞാന് നോക്കാറില്ല.
എന്നെ സ്പര്‍ശിച്ചു മേനോന്റെ എഴുത്ത്.

കഥാന്ത്യം മുന് കൂട്ടി അറിഞ്ഞാലും കുഴപ്പമില്ല.കഥയിലല്ല അവതരിപ്പിച്ച സ്റ്റൈലിലാണ്‍ കഥാകാരന്റെ പട്ടയം.
നളചരിതം കഥ അറിഞ്ഞു തന്നെയാണല്ലൊ ഗോപിയാശാന്റെ നളനെ കാണാ‍ന് പോവുന്നതു.

ഇതില് സാഹിത്യതിന്റെ അസുഖവും ഇല്ല. നേരെ ചൊവ്വെ കാര്യം പറയുന്നു. അതു നമ്മെ അനുഭവിപ്പിക്കുകയും ചെയ്യുന്നു.

നന്ദി

പദ്മനാഭന് നമ്പൂതിരി
റീജ്യണല് എഡിറ്റോറിയല് കോ ഓര്‍ഡിനേറ്റര്
കേരള കൌമുദി
9946108225

sandoz said...

മൂഡൌട്ടാക്കിയല്ലോ മേനനേ...

വേണു venu said...

വായിച്ചു മേനോനെ.
എഴുത്ത് വിഷമിപ്പിക്കയും ചെയ്തു....

[ nardnahc hsemus ] said...

ഓഫീസിലിരുന്ന് ഇമ്മാതിരി കഥകളൊന്നും വായിയ്ക്കരുതെന്ന് ഇന്നാ മനസ്സിലാ‍യെ..

ജി-റ്റാല്‍കിലൂടെ തന്ന ആ കിഴൂക്കുമൂലം രണ്ടുതവണ വായിച്ഛു! ഉം.. കൊള്ളാം..ഒരിതൊണ്ട്!!

*****

ഇയ്യാമ്പാറ്റകളെപോലെ ഇത്തരത്തില്‍ പൊലിഞ്ഞുപോകുന്ന എത്രയെത്ര കുട്ടികള്‍!

ആര്‍മാദപൂര്‍വ്വമായ ഒരു കുട്ടിക്കാലമൊന്നുമല്ലായിരുന്നെങ്കിലും ഇതു വായിച്ചുതീരുമ്പോള്‍ തോന്നും, നമ്മളൊക്കെ എത്ര ഭാഗ്യവാന്മാര്‍!!

പൊറാടത്ത് said...

പ്രിയ മേനോന്‍
‘ഓങ്കോളജിയും കീമോ‘യുമെല്ലാം കൂടി മറക്കാന്‍ ആഗ്രഹിച്ചിരുന്ന പലതും ഓര്‍മ്മിപ്പിച്ചു. സാരമില്ല, നന്നായിട്ടുണ്ട്

Sherlock said...

നന്നായിരിക്കുന്നു മേനോന്‍ ചേട്ടാ....:)

പപ്പൂസ് said...

ഹൃദ്യമായിരിക്കുന്നു കഥ... ഇഷ്ടമായി!

ദിലീപ് വിശ്വനാഥ് said...

മേനനേ,കരയിച്ചുകളഞ്ഞു.

simy nazareth said...

ഒരുപാട് ഇഷ്ടപ്പെട്ടു..

ഇതുപോലെയുള്ള അനുഭവങ്ങളും ഉണ്ട്.

ഏറനാടന്‍ said...

മേനോന്‍‌ജീ...

കഥ കഥ മാത്രമായിരിക്കട്ടെ... വയ്യ വാക്കുകളില്ല..

'ഈ യാത്ര തുടങ്ങിയതെവിടെ നിന്ന്?
ഇനിയൊരു വിശ്രമമെവിടെ ചെന്ന്?

കഥാകഥനം ശൈലി നന്നായി.. ക്ലൈമാക്സ് ഊഹിച്ചതായെങ്കിലും...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല വിവരണം

മുസ്തഫ|musthapha said...

അതെ, ശരിക്കും സങ്കടപ്പെടുത്തി ഈ പോസ്റ്റ്...!

ഏ.ആര്‍. നജീം said...

മനസ്സില്‍ ഒരു നോവ് നല്‍കിയ എഴുത്ത്.
വെറും കഥയെന്ന് കരുതി മറക്കാന്‍ ശ്രമിക്കാം.

പിന്നെ ഒരു ഡൗട്ട് (വെറും ഡൗട്ട് മാത്രം) സുബൈറിനാണ് അസുഖം എന്നല്ലേ പറഞ്ഞത്. സുബൈറിനെ പടച്ചോന്‍ വിളിക്കുകയും ചെയ്തു.. പിന്നെയും അവര്‍ എന്തിനാ ആശുപത്രിയില്‍ കഴിഞ്ഞു കൂടുന്നത്. രോഗി മരിച്ചുവല്ലോ..

സജീവ് കടവനാട് said...

ഒരു അനുജനെ ഓര്‍മ്മിപ്പിച്ച് കണ്ണു നനയിച്ചല്ലോ മേന്‍‌നേ. ആ പൊന്നാനിക്കാരി ശരിക്കും നേരാ? വീടിനടുത്തൊരു കുടുംബത്തിലെ മൂന്നു പിള്ളേര്‍ അസുഖബാധിതരാണ്.

Sapna Anu B.George said...

കുട്ടികളെ മനസ്സിലാക്കാന്‍ ഒരു കുട്ടിമനസ്സും കൂ
ടി വേണം, അതിവിടെ പ്രസക്തമായതില്‍ സന്തോഷം

മഴത്തുള്ളി said...

കുട്ടമ്മേനോന്‍ മാഷേ,

വളരെ നന്നായിരിക്കുന്നു. അതുപോലെ ദുഖിപ്പിക്കുന്നതും.

Mahesh Cheruthana/മഹി said...

മേനോന്‍ ചേട്ടാ,
ഹൃദയ സ്പര്‍‌ശിയായ കഥ ഇഷ്ടമായി!

ശ്രീവല്ലഭന്‍. said...

വളരെ അധികം സ്പര്‍ശിച്ച കഥ. :-(

കുഞ്ഞന്‍ said...

ജീവിതസ്പര്‍ശിയായ കഥ...

നല്ല കഥ മേനോന്‍‌ജീ..