Thursday, January 03, 2008

ഇനിയും മനസ്സിലാവാത്ത ചില കാര്യങ്ങള്‍

ച്ഛനെക്കുറിച്ച് പലപ്പോഴും മനസ്സിലുണ്ടായിരുന്ന ചിത്രം സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയുമൊക്കെയായിരുന്നെങ്കിലും അതൊരിക്കലും അനുഭവവേദ്യമാവാതിരുന്നതിനാല്‍ മിഥ്യയായ ഒരു വികാരം മാത്രമായേ എനിക്ക് കാണാനായുള്ളൂ . ഒരു പക്ഷേ എയര്‍ഫോഴ്സില്‍ മേജറായിരുന്നപ്പോഴത്തെ ജീവിതക്രമങ്ങള്‍ ഗ്രാമാന്തരീക്ഷത്തില്‍ വളരുന്ന ഞങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ നടത്തിയ അച്ഛന്റെ ശ്രമങ്ങളായിരിക്കാം അതിനൊരു കാരണമായിട്ടുണ്ടാവുക . അത്യാവശ്യത്തിനുമാത്രം ചിരിക്കുക, ഭക്ഷണം കഴിക്കുന്നതും കുളിക്കുന്നതിനുമെല്ലാം സമയകൃമം പാലിക്കുക , ചുമ വന്നാല്‍ വായ് പൊത്തിപ്പിടിക്കുക എന്നീ നിര്‍ദ്ദേശങ്ങളൊക്കെ പലപ്പോഴും ശിക്ഷകളിലാണ് അവസാനിക്കാറുള്ളത് . അച്ഛന്റെ ഊര്‍ജ്ജം മുഴുവനും കോപത്തിലൂടെയാണ് പുറത്തുവരിക. എണ്ണക്കറുപ്പുള്ള സരസ്വതിടീച്ചറുടെ നിറമാണ് അച്ഛന്റെ ഹൃദയത്തിനെന്ന് ചെറുപ്പത്തില്‍ പലപ്പോഴും തോന്നിയിട്ടുണ്ട് .

സരസ്വതി ടീച്ചര്‍ ഞങ്ങളുടെ വീടിന്റെ മുന്നില്‍ സ്ഥിര താമസമാക്കിയിട്ട് അധികം കാലമായിട്ടില്ല. ടീച്ചറുടെ ആദ്യ ഭര്‍ത്താവ് മരിച്ചതിന് ശേഷം ഭര്‍ത്താവിന്റെ ബന്ധുക്കള് സ്വത്ത് നഷ്ടപ്പെടാതിരിക്കാന് ഒരേയൊരു മകനെ ടീച്ചറില്‍ നിന്നും അകറ്റി നിര്‍ത്തി . മെല്ലെ ടീച്ചര്‍ ആ വീട്ടില് നിന്നും നിഷ്കാസിതയായി. പിന്നീടാണ് ടീച്ചര് കുമാരന്‍ നായരെ സ്നേഹിച്ച് വിവാഹം കഴിക്കുന്നത് . ടീച്ചറേക്കാള്‍ ആറേഴ് വയസ്സ് പ്രായം കുറവാണ് കുമാരന്‍ നായര്‍ക്ക്. കൊച്ചിയിലെ ഒരു സെണ്ട്രല്‍ ഗവ . കമ്പനിയിലായിരുന്നു കുമാരന്‍ നായര്‍ . വിവാഹ ശേഷം സകുടുംബം അങ്ങോട്ട് മാറി . പിന്നീടാണ് സരസ്വതിടീച്ചറുടെ നിര്‍ബന്ധപ്രകാരം എന്റെ വീടിനു മുന്നിലുള്ള ഇല്ലത്തിന്റെ സ്ഥലം കുമാരന്‍ നായര്‍ വാങ്ങുന്നതും അവിടെ വലിയൊരു വീടു വെയ്ക്കുന്നതും . കുട്ടികളില്ലാത്ത ഇവര്‍ റിട്ടയര്‍മെന്റിനു ശേഷം ഇവിടെ താമസമാക്കി .

അച്ഛന് കുമാരന്‍ നായരെ വലിയ കാര്യമാണ്. റിട്ടയര്‍മെന്റിനു ശേഷം ചെറുതായെങ്കിലും സാമൂഹിക പ്രവര്‍ത്തനങ്ങളുമായി നടക്കുന്ന അച്ഛനെയാണ് എല്ലാ കാര്യത്തിനും കുമാരന്‍ നായര് ആശ്രയിക്കുക . അദ്ദേഹത്തിനു മൈനര്‍ ആയ ഒരു ഹാര്‍ട്ട് അറ്റാക് വന്നതിനു ശേഷം പ്രത്യേകിച്ചും. കുമാരന്‍ നായരുടെ വീടു പണിയാനും മറ്റും അച്ഛന്‍ തന്നെയാണ് മുന്നിലുണ്ടായിരുന്നത് . ഗാര്‍ഡനിങ് കുമാരന്‍ നായരുടെ ഹോബിയായിരുന്നു. നീണ്ട മുറ്റം നിറയെ റോസും വാടാര്‍മല്ലിയും ജമന്തിയുമെല്ലാം തഴച്ചു വളര്‍ന്നു. ഈയിടെയായി ഓര്‍ക്കിഡും ആന്തൂറിയവുമെല്ലാം നട്ടുപിറ്റിപ്പിച്ചിട്ടുണ്ട് . അച്ഛനും ഗാര്‍ഡനിങ് വളരെ ഇഷ്ടമാണ്. കുമാരന്‍ നായരുടെ പൂന്തോട്ടത്തില്‍ ഒരു താമരക്കുളം നിര്‍മ്മിക്കുന്നതിനു മുന്‍കൈയെടുത്തതും അച്ഛനാണ് . മിലിറ്ററി കാന്റീനില്‍ നിന്നും കിട്ടുന്ന മദ്യക്കുപ്പികളിലെ ഒരു പങ്ക് കുമാരന്‍ നായര്‍ക്ക് എടുത്തു വെക്കാന്‍ അച്ഛന്‍ മറക്കാറില്ല. ഇടയ്ക്കിടെ കുമാരന്‍ നായര്‍ നടത്തുന്ന ചില ദൂരയാത്രകളിലും അച്ഛനെ കൂടെ കൂട്ടാറുണ്ട് . യാത്രകഴിഞ്ഞ് അച്ഛന്‍ ചിലപ്പോഴൊക്കെ വളരെ ക്ഷീണിച്ചാണ് വീട്ടില്‍ വരാറുള്ളത്. എങ്കിലും അച്ഛന്‍ ഇതെല്ലാം വളരെ നന്നായി ആസ്വദിച്ചിരുന്നുവെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.

അന്ന്.. ഡെറ്റോളിന്റെ മണം നെറ്റിയില്‍ വല്ലാതെ അസ്വസ്ഥത സൃഷ്ടിച്ചപ്പോഴാണ് അച്ഛന് മുറിയില്‍ നിന്നും ഇറങ്ങി പുറത്ത് കാറ്റുകൊള്ളണമെന്ന് തോന്നിയത്. ആശുപത്രിയിലെത്തിയിട്ട് അന്നേയ്ക്ക് ഒരാഴ്ചയായി . സ്ട്രോക്കിന്റെ കാഠിന്യം കൊണ്ട് ശരീരത്തിന്റെ ഒരു വശം തളര്‍ച്ചയുടെ വേലിക്കെട്ടുകള്‍ പറിച്ച് കളഞ്ഞ് നില്‍ക്കുന്നു . പെട്ടന്ന് തന്നെ ആശുപത്രിയിലെത്തിച്ചതു കൊണ്ടുമാത്രമാണ് അച്ഛനു പരസ്സഹായത്തോടെ എഴുന്നേറ്റു നില്‍ക്കാനെങ്കിലും സാധിച്ചത് . എഴുന്നേന്ന് നില്‍ക്കാനായപ്പോള്‍ പിന്നെ പെട്ടന്നു തന്നെ ആശുപത്രി വിടണമെന്നായിരുന്നു അച്ഛന്റെ വാശി. കാലുകള്‍ നിവര്‍ത്തിവെച്ച് കിടക്കണമെന്ന് ഡോക്ടര്‍ ‍ പറയും . ‍ റൌണ്ട്സ് കഴിഞ്ഞ് ഡോക്ടര്‍ പോയിക്കിട്ടാന്‍ വേണ്ടി കാത്തിരിക്കും അച്ഛന്‍. എങ്ങനെയെങ്കിലും മുറിക്ക് പുറത്തിറങ്ങി ശുദ്ധവായു ശ്വസിക്കാന്‍ . ഞാന്‍ കൂടെയുണ്ടെങ്കിലും പുറത്തേക്ക് വേച്ചുവേച്ച് നടക്കാന്‍ ഒരു ഭാഗത്ത് അമ്മതന്നെ വേണം ഒരു താങ്ങിനു.
പുറത്തിരുന്നാല്‍ അപ്പുറത്തെ ഐ.സി.യു വിന്റെ മുന്നിലെ ആകാംഷ നിറഞ്ഞ മുഖങ്ങള്‍ കാണാം.... ഇടയ്ക്കിടെ വരുന്ന കൂട്ടുകാരുമായി സംസാരിച്ചിരിക്കുന്നതും ചിലപ്പോള്‍ പുറത്തു വരാന്തയില്‍ ഇരുന്നുകൊണ്ടുതന്നെയാ‍വും . സന്ധ്യാവുമ്പോള്‍ അകലെ കുന്നിന്‍ മുകളിലെ ചെറിയ അമ്പലത്തിലേക്ക് നോക്കിയിരിക്കും. അവിടെ ഒരു വിളക്ക് മുനിഞ്ഞു കത്തുന്നതു കാണാം .
ഒരു ദിവസം കാന്റീനില്‍ ചായ വാങ്ങാന്‍ പോകുമ്പോഴാണ് കുമാരന്‍ നായരെയും സരസ്വതി ടീച്ചറെയും ഐസിയുവിനപ്പുറത്തെ വാര്‍ഡിനടുത്ത് വെച്ച് കണ്ടത്.

'ങാ.. അച്ഛനെങ്ങനെയുണ്ട് ? '
'കുറവുണ്ട്...ഞാനൊരു ചായ വാങ്ങാന്‍ ഇറങ്ങിയതാ.. പതിനാലാം വാര്‍ഡില്‍ 15ആം നമ്പര്‍ മുറിയാണ്...'
' ഞങ്ങള്‍ ടീച്ചറുടെ വകയിലെ ഒരു ബന്ധുവിനെ കാണാനാണ് വന്നത്.... അച്ഛന്റെ അടുത്ത് പോകുന്നുണ്ട് . ' മെല്ലെ നടന്നു നീങ്ങുന്നതിനിടയില്‍ കുമാരന്‍ നായര്‍ പറഞ്ഞു.

രാത്രി പതിവുള്ള സന്ധ്യാപ്രാര്‍ത്ഥന കഴിഞ്ഞപ്പോഴാണ് അമ്മയോട് ചോദിച്ചത്
'കുമാരന്‍ നായരും ടീച്ചറും വന്നിരുന്നില്ലേ ? '
'ഇല്ല..എന്ത്യേ.'
'ഒന്നുമില്ല..'
ഏതോ മാഗസിന്‍ വയിച്ചുകൊണ്ടിരുന്ന അച്ഛന്‍ കണ്ണയ്ക്കും മൂക്കിനുമിടയിലൂടെ എന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കുന്നത് ഞാന്‍ കണ്ടില്ലെന്നു നടിച്ചു.

ഡിസ്ചാര്‍ജ്ജ് ചെയ്ത് വീട്ടില്‍ വന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും കുമാരന്‍ നായര്‍ അച്ഛനെ കാണാന്‍ വന്നില്ല. പലപ്പോഴും കുമാരന്‍ നായര്‍ തന്റെ മാരുതി എസ്റ്റീം ഡ്രൈവ് ചെയ്ത് പോകുന്നത് അച്ഛന്‍ ചാരുകസേരയിലിരുന്ന് കാണാറുണ്ട് .

'കുമാരന്‍ നായര്‍ ഈയിടെയായി നല്ല തിരക്കിലാണെന്ന് തോന്നുന്നു'വെന്ന് ചിലപ്പോഴെങ്കിലും ആത്മഗതവും നടത്താറുണ്ട് . അനുബന്ധമായി അമ്മയുടെ നീണ്ട മൂളല്‍ അച്ഛനെ പലപ്പോഴും പ്രകോപിപ്പിക്കാറുമുണ്ട്.


അന്ന് പതിവില്‍ കൂടുതല്‍ മദ്യപിച്ചിട്ടാണ് രാത്രി ഞാന്‍ ബെഡിലേക്കമര്‍ന്നത്. ഗള്‍ഫില്‍ നിന്നും വന്ന ഒരു കൂട്ടുകാരന്‍ ഒരുമിച്ച് മദ്യപിക്കാമെന്ന വാഗ്ദാനത്തില്‍ നിന്നും പെട്ടന്ന് പിന്‍വലിഞ്ഞതിന്റെ വിഷമമായിരിക്കാം പതിവായുള്ള അളവുകളെല്ലാം തെറ്റിച്ച് മദ്യപിക്കേണ്ടി വന്നത് . അളവുകള്‍ തെറ്റിക്കഴിഞ്ഞാല്‍ എത്രയും പെട്ടന്ന് ഉറങ്ങുകയെന്നത് എന്റെ ഒരു ശീലമായിരുന്നു.

കിടന്നതേയുണ്ടായിരുന്നുള്ളൂ . അമ്മയുടെ വിളികേട്ടാ‍ണ് ഉണരുന്നത്..

'ആ കുമാരന്‍ നായരുടെ വീട്ടില്‍ പതിവില്ലാതെ ലൈറ്റുകാണുന്നു. അച്ഛന്‍ പറയുന്നു നീയൊന്ന് ചെന്നു നോക്കാന്‍ .. ഒരു അറ്റാക്ക് കഴിഞ്ഞതാ കുമാരന്‍ നായര്‍ക്ക്..'

'ശ്ശെ.. എനിക്ക് വയ്യ.. അങ്ങേരവിടെ ലൈറ്റിട്ടതിനു നിങ്ങള്‍ക്കെന്താ .. പോയി കിടന്നുറങ്ങാന്‍ നോക്ക്..'

ഞാന്‍ വീണ്ടും ഉറക്കത്തിലേക്ക് കൂപ്പുകുത്തി.

കുറെ കഴിഞ്ഞപ്പോള്‍ ഭാര്യയാണ് എന്നെ വിളിച്ചുണര്‍ത്തിയത്.

'ദേ നമ്മുടെ കാറ് ആരോ സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം..'
'ഹെയ്.. വെറുതെ തോന്നുന്നതാ..'
'അല്ലന്നേയ്.. ഒന്ന് ചെന്ന് നോക്ക്..'

അല്പം അസ്വാരസ്യത്തോടെയെങ്കിലും എഴുന്നേറ്റ് ഉമ്മറത്തെത്തി.

കാര്‍ പോര്‍ച്ചില്‍ ലൈറ്റിട്ടിട്ടുണ്ട്. കാറിന്റെ ഹെഡ് ലൈറ്റിന്റെ പ്രകാശം പോര്‍ച്ചില്‍ പരന്നു കിടന്നു.

കാറിനകത്ത് അച്ഛനിരുന്ന് ആക്സിലറേറ്ററിലമര്‍ത്തി എഞ്ചിന്‍ ചൂടാക്കാന്‍ ശ്രമിക്കുന്നു.
കാലിനു സുഖമില്ലാത്ത അച്ഛന്‍ ഇതെവിവിടെ പോകുന്നു ഈ രാത്രിയില്‍ ?
ഡ്രൈവ് ചെയ്യരുതെന്ന് ഡോക്ടര്‍ പലതവണ പറഞ്ഞിട്ടുള്ളതാണ്. നാലുമാസമെങ്കിലും കഴിയാതെ കൂടെ ആരെങ്കിലുമില്ലാതെ നടക്കരുതെന്നും പറഞ്ഞിട്ടുള്ളതാണ് . എന്നിട്ടും ..

'എന്താ അച്ഛാ ഇത്... ഡോകടര്‍ പറഞ്ഞിട്ടുള്ളതല്ലേ..'

'കുമാരന്‍ നായര്‍ക്ക് സുഖമില്ല. ആശുപത്രിയില്‍ കൊണ്ടുപോകണം... '

'അതിനു സുഖമില്ലാത്ത അച്ഛന്‍ തന്നെ വേണോ ?.. അവര് ആരെയെങ്കിലും വിളിച്ചോളും..'

'അതൊന്നും ശരിയാവില്ല..'

'ഞാന്‍ കൊണ്ടുപോയ്ക്കോളാം.. അച്ഛന്‍ വണ്ടിയില്‍ നിന്നും ഇറങ്ങ്..'

ഏറെ നിര്‍ബന്ധിച്ചാണ് അച്ഛനെ ഞാന്‍ വണ്ടിയില്‍ നിന്നും ഇറക്കി മെല്ലെ അകത്തേക്ക് തിരിച്ച് കൊണ്ടുപോയത്.

കുമാരന്‍ നായരെയും കയറ്റി ഞാന്‍ ആശുപത്രിയിലേക്ക് ഡ്രൈവ് ചെയ്യുമ്പോഴും വേച്ചുവേച്ച് ഗേറ്റില്‍ വന്നെത്തിനോക്കുന്ന അച്ഛന്‍, മനസ്സിലാവാത്ത ഒരുപിടി സമസ്യകളായി എന്റെ മനസ്സില്‍ പരന്നു കിടന്നു..

36 comments:

കുട്ടന്മേനോന്‍ said...

പച്ചക്കുതിരയിലെ 25-മത്തെ കഥ. 2008 ലെ ആദ്യ പോസ്റ്റ്..

അഗ്രജന്‍ said...

പുതുക്കിപ്പണിത പച്ചക്കുതിരയിലെ 2008 ലെ ആദ്യ പോസ്റ്റിന് ആദ്യ തേങ്ങ എന്‍റെ വഹ കിടക്കട്ടെ...
കൊറേ കാലായി ഒരു തേങ്ങയൊടച്ചിട്ട്... :)

ഇനി അഭിപ്രായം വായിച്ചിട്ട് പറയാം...

ബാനര്‍ ഉഷാറായിട്ടുണ്ട്...

അഗ്രജന്‍ said...

അതെ, നമുക്കൊന്നും അവരെ മനസ്സിലാക്കാന്‍ എളുപ്പമല്ല... അവര്‍ ജീവിക്കുന്നത് നമ്മളെ പോലെ പകയുടെ ലോകത്തല്ല...!

വളരെ നന്നായി കുട്ടാ അച്ഛനെ കുറിച്ചുള്ള ഈ കുറിപ്പ്...!

kaithamullu : കൈതമുള്ള് said...

പെട്ടെന്ന് വായിച്ച് തീര്‍ത്തു.
എന്താ അവര്‍ തമ്മില്‍ പിണങ്ങാന്‍ കാരണം?
എന്തേ അമ്മ നിട്ടി മൂളാന്‍?
എന്താ അച്ഛനെക്കാണാന്‍ അവര്‍ ആശൂത്രീ വരാഞ്ഞേ?

ഒരുപാടൊരുപാട് സംശങ്ങള്!

നാട്യപ്രധാനം നഗരം ദരിദ്രം,
നാട്ടിന്‍പുറം നന്മകളാല്‍ സ മൃദ്ധം...എന്ന് പാടാന്‍ തോന്നിപ്പൊകുന്നു!

നല്ല നവവത്സരസമ്മാനം, മേന്‍‌ന്നേ!

അലി said...

എന്നിട്ടു കുമാരന്‍ നായര്‍ക്കെന്തു പറ്റി?
നമുക്കിനിയും പിടികിട്ടാത്ത മനസ്സുകള്‍... നാം കാണുന്ന വീക്ഷണകോണുകളിലല്ല മറ്റുള്ളവര്‍ ലോകത്തെ കാണുന്നത്..

നല്ല ഓര്‍മ്മക്കുറിപ്പ്.
അഭിനന്ദനങ്ങള്‍.

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

എനിക്കും മനസിലായില്ല...ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങള് അവശേഷിക്കുന്നു....

കുട്ടന്മേനോന്‍ said...

ദയവായി ഇതൊരു കഥയായി മാത്രം പരിഗണിക്കുക.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: മേനോന്‍ ചേട്ടന് ഒരു സമസ്യ മാത്രേയുള്ളൂ. കൈതമാഷ് പറഞ്ഞ ഒട്ടനവധി എണ്ണം ഞങ്ങള്‍ക്ക് മുന്നില്‍ നീണ്ട് നിവര്‍ന്ന് കിടക്കുന്നു.

കണ്ണൂരാന്‍ - KANNURAN said...

മേനോന്റെ കമന്റ് കാണുന്നതിനു മുമ്പായിരുന്നു കഥ വായിക്കാന്‍ തുടങ്ങിയത്. കഥയെന്ന് വ്യക്തമായി എഴുതിയിട്ടും വാ‍യനക്കാര്‍ കഥയും ജീവിതവും കൂട്ടിക്കുഴക്കുന്നു.

ശ്രീ said...

മേനോന്‍‌ ചേട്ടാ...

മുഴുവനും മനസ്സിലായില്ലല്ലോ.
:(

കൃഷ്‌ | krish said...

മനസ്സിലാവാത്തെ എന്തെല്ലാം കാര്യങ്ങള്‍ അല്ലേ, മേന്നേ.

Friendz4ever // സജി.!! said...

ചോദ്യങ്ങള്‍ക്കൊടുവില്‍ ഉത്തരം കേള്‍ക്കാന്‍ മറന്നൊ..?
ചേട്ടാ ഒരു എത്തും പിടിയും കിട്ടുനില്ലല്ലൊ..?

പൈങ്ങോടന്‍ said...

“ ഇനിയും മനസ്സിലാവാത്ത ചില കാര്യങ്ങള്‍ “

അതെ...കഥയിലെ കുറച്ചുകാര്യങ്ങള്‍ മനസ്സിലായി..എന്നാല്‍ കുറേ കാര്യങ്ങള്‍ മനസ്സിലായതുമില്ല..

മുസാഫിര്‍ said...

മേന്നെ,

കഥാ പാത്രങ്ങളെ അവതരിപ്പിച്ചതും കഥ വ്യത്യസ്ത തലങ്ങളിലേക്ക് പെട്ടെന്നു മാറുന്നതും ഇഷ്ടമായി.വായനക്കാര്‍ക്ക് മനോധര്‍മ്മമനുസരിച്ച് പൂരിപ്പിക്കാനായി കുറച്ച് ഭാഗം വിട്ടു അല്ലെ.
നന്നായി.എന്റെ മനസ്സിലുള്ളത് പറഞ്ഞാല്‍ ചിലപ്പോള്‍ തല്ലു കിട്ടും.അതു കൊണ്ട് മൌനം ഭൂഷണം .

പിന്നെ ആര്‍മിയിലെ മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഇന്‍ഡ്യന്‍ എയര്‍ ഫോര്‍സില്‍ സ്ക്വാഡ്രന്‍ ലീഡര്‍ എന്നാണ് വിളിക്കുക.

വല്യമ്മായി said...

ഇതു പോലൊരു വാപ്പ ജീവിതത്തിലുള്ളത് കൊണ്ട് എനിക്ക് മനസ്സിലായി അച്ഛനെ :)

kaithamullu : കൈതമുള്ള് said...

മേന്‍‌ന്നേ,
ഞാന്‍ കമന്റിയത് ഇതാ തിരിച്ചെടുക്കുന്നു:
-കാരണം കഥയുടെ പേരിപ്പഴാ വായിച്ചത്:
ഇനിയും മനസ്സിലാവാത്ത ചില “കാര്യങ്ങള്‍"

SAJAN | സാജന്‍ said...

ഇനിയും മനസ്സിലാവാന്‍ ഇത്രയും കാര്യങ്ങളോ? വായിച്ചിട്ട് മുമ്പേ കമന്റാന്‍ കഴിഞ്ഞിരുന്നില്ല:)

കുറുമാന്‍ said...

അച്ഛനമ്മമാരുടെ ചിന്തകള്‍ എന്താണെന്ന് എത്രശ്രമിച്ചാലും മനസ്സിലാവാത്ത തലമുറയാണിന്നത്തേത്.

ചില കാര്യങ്ങള്‍ മനസ്സിലാവാത്തതാണ് മനസ്സിലാവുന്നതിനേക്കാള്‍ നല്ലതെന്ന് കരുതി നമുക്കാശ്വസിക്കാം.

പ്രയാസി said...

"ഇനിയും മനസ്സിലാവാത്ത ചില കാര്യങ്ങള്‍"
അങ്ങനെ തന്നെ..! മനസ്സിലാക്കാന്‍ പ്രയാസമാ

ബാനര്‍ കിടുക്കി..കേട്ടൊ!:)

മുരളി മേനോന്‍ (Murali Menon) said...

വ്യത്യാസം വളരെ വ്യക്തം. പഴയ ആളുകള്‍ ജീവിതം അവര്‍ക്ക് തോന്നുന്നതുപോലെ ജീവിച്ചു തീര്‍ക്കുകയായിരുന്നു. പക്ഷെ ഇപ്പോഴത്തെ ആളുകള്‍ ജീവിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ ശ്രമിച്ച് ജീവിക്കാന്‍ മറക്കുന്നു....
ഇതിവിടെ പ്രസക്തമായാലും ഇല്ലെങ്കിലും ഒന്നും മനസ്സിലാക്കാനില്ലാതെ ജീ‍വിക്കാനും സന്തോഷിക്കാനും കഴിയട്ടെ എന്നാശംസിച്ചുകൊണ്ട്,

വാല്‍മീകി said...

ഊഷ്മളമായ സ്നേഹം മാത്രമുള്ള ഒരു തലമുറ നമുക്ക് മുന്‍പ് നടന്നിരുന്നു, നമുക്ക് വഴികാട്ടാന്‍. പക്ഷെ നമ്മില്‍ എത്ര പേര്‍ അവരുടെ കൈപിടിച്ചു നടന്നു?
നല്ല കഥ.

G.manu said...

ithu jeevitham

വേണു venu said...

മേനോനെ നല്ല കഥ. എഴുത്തു് ഹൃദ്യം.
രണ്ട് വെത്യസ്ത മനുഷ്യരുടെ ചിത്രങ്ങള്‍.
സ്വന്തം കാര്യങ്ങള്‍‍ക്ക് മാത്രം സ്നേഹിക്കുന്ന ഒരു വ്യക്തി.
എല്ലാവരേയും സ്നേഹിച്ചു ജീവിക്കുന്ന മറ്റൊരു വ്യക്തി.
ആ വ്യക്തിയുടെ ആ ഗുണം ഒരുപാടനുഭവിച്ച അമ്മയുടെ മൂളല്‍‍ അര്ത്ഥവത്താണു്‍.
ആശംസകള്‍:)

ഉപാസന | Upasana said...

കഥ കൊള്ളാം.

പക്ഷേ...
എന്തൊക്കെയോ മറച്ചു വക്കാനുള്ള വെമ്പല്‍ പ്രകടമാണ്.
:)
എന്നും സ്നേഹത്തോടെ
ഉപാസന

തറവാടി said...

മേന്ന്നേ ,

വിവരണം നന്നായി :)

അഭിലാഷങ്ങള്‍ said...

ബാനര്‍ സൂ‍ൂ‍ൂ‍ൂപ്പര്‍..

“ച്ച” ക്കുപകരം വച്ചിരിക്കുന്ന പുള്ളിയാണ് ആ ബാനറിന്റെ സൌന്ദര്യം.

കഥയും ഇഷ്‌ടമായി.

കുട്ടന്മേനോന്‍ said...

ആ ബാനറുണ്ടാക്കിയ മഹാന്റെ പ്രൊഫൈല്‍ ഇവിടെ
http://www.blogger.com/profile/03922615287236188392

..വീണ.. said...

നല്ല കുറിപ്പ്.. ആ മനസ്സിന്റെ നന്മ ഇപ്പോഴും മനസ്സിലാവാന്‍ ബാക്കി...

കിനാവ് said...

എഴുത്തുകാരന്‍ പറയാന്‍ ഉദ്ദേശിച്ചത് കൃത്യവും വ്യക്തവുമായി കഥയിലുണ്ടല്ലോ, പിന്നെയെന്താണ് അവ്യക്തത. മേന്‍‌നേ അഭിനന്ദനങ്ങള്‍!!

ഏ.ആര്‍. നജീം said...

ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ സ്‌നേഹിക്കുക സഹായിക്കുക...എത്ര വിശാലമായ മനസ്സ്..!

കഥാപാത്രത്തിലൂടെ എഴുത്തുകാരന്റെയും മനസ്സിന്റെ വെളിച്ചും നമ്മുക്ക് കാണാം...

അഭിനന്ദനങ്ങള്‍..

~*GuptaN*~ said...

ഒരുപാട് ഓര്‍മകളുണര്‍ത്തുന്ന വാക്കുകള്‍.. നന്നായി.

Prasanth. R Krishna said...
This comment has been removed by the author.
Prasanth. R Krishna said...

അനുഭവ കുറിപ്പ് നന്നായി. ഇത്ര നല്ല ഒരഛ്‌ചന് എങ്ങനെ ഇങ്ങനെ ഒരുമകന്‍ ഉണ്ടായി എന്നു സംശയിക്കയാണ്. അഛ്‌ചന്റെ സുഹ്യത്തിന് ഒരാപത്തുവന്നപ്പോള്‍ സഹായിക്കാതിരിക്കാന്‍‍ എങ്ങനെ തോന്നും? നിങ്ങള്‍ക്ക് ഒരുകാറ് ഉണ്ടങ്കില്‍ അത് ഇങ്ങനയുള്ള അത്യാവശ്യങ്ങള്‍ക്ക് അയല്‍ വാസിക്ക് ഉപകാരപെടണം. അവനവന് സുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം. ഈ ചൊല്ല് അത്രത്തോളം ഇവിടെ യോജിക്കില്ല എങ്കിലും... ഒന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവരെ സ്‌നേഹിക്കുക കഴിയുന്ന സഹായങ്ങള്‍ ചെയ്യുക അത് നമ്മുടെ ഉറക്കം നഷ്‌ടപ്പെടുത്തിയാല്‍ പോലും. നമുക്കുള്ളത് മറ്റുള്ളവന് പ്രയോജനപ്പടണം. നമ്മള്‍ ഒരാളെ സഹായിച്ചാല്‍ അവര്‍ ആകില്ല നമുക്ക് ഒരു ആപത്തുവരുമ്പോള്‍ സഹായിക്കുക അപ്പോള്‍ തീര്‍ച്ചയായും മറ്റൊരാള്‍ നിങ്ങളെ സഹായിക്കനുണ്ടാവും. കര്‍മ്മം ചെയ്യുക പ്രതിഫലം പ്രതീക്ഷിക്കാതെ...അപ്പോഴാണല്ലോ നമ്മള്‍ വിവേകമുള്ള മനുക്ഷ്യര്‍ ആകുന്നത്...

അനാഗതശ്മശ്രു said...

ഇഷ്‌ടമായി.

ആഗ്നേയ said...

:-)

സത്യന്‍ പാറയില്‍ said...

കഥ കൊള്ളാം.