Wednesday, October 25, 2006

ഫെറേറോ റോഷര്‍

തുലാവര്‍ഷത്തിന്റെ ചടുലമായ താളങ്ങള്‍ ബോണറ്റിന്റെ മുകളില്‍ നൃത്തം വെക്കുന്നു. സിഗ്നലിലെ കൌണ്ടര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നു തോന്നുന്നു.മൂന്നുമണിയാവാന്‍ ഇനിയും അഞ്ചു മിനിട്ടുണ്ട്. സിറ്റി സെന്ററില്‍ മൂന്നുമണിക്ക് വരാമെന്നാണ് അരുണ്‍ പറഞ്ഞിട്ടുള്ളത്.

ഇത്തവണ നാലുവര്‍ഷത്തിന് ശേഷമാണ് അരുണ്‍ നാട്ടില്‍ വരുന്നത്. റിഗിലെ ജോലിയായതിനാല്‍ മുന്‍പൊക്കെ മൂന്നുമാസം കൂടുമ്പോള്‍ നാട്ടില്‍ വരും. ഒരോ തവണ വരുമ്പോഴും എന്റെ ഞായറാഴ്ചകള്‍ അവനുള്ളതായിരുന്നു. മോര്‍ണിങ്ഷോ കഴിഞ്ഞ് വോള്‍ഗയില്‍ രണ്ടു ബീറും കഴിച്ച് ഏതെങ്കിലും പുഴയ്ക്കരികിലേക്കോ അവനിഷ്ടപ്പെട്ട ചില ആനകളുടെ താവളങ്ങളിലേക്കോ ഞങ്ങള്‍ നീങ്ങും. ആ‍നകളെ അവനെന്നും ഒരു ഹരമായിരുന്നു. തെച്ചിക്കോട്ടുകാവു രാമചന്ദ്രനേയും മന്ദലാംകുന്നു ഗണപതിയേയും പദ്മനാഭനേയുമെല്ലാം ഇമവെട്ടാതെ നോക്കി നില്‍ക്കുമ്പോള്‍ ഒരു കൊച്ചുകുട്ടിയുടെ മനസായിരുന്നു അവനു. രാത്രി വരെ ചുറ്റിക്കറങ്ങി വീട്ടിലെത്തുമ്പോഴേക്കും വീട്ടിലെല്ലാവരും ഉറക്കമായിട്ടുണ്ടാവും.

മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു. ചെറിയ തണുപ്പുണ്ട്. സിറ്റിസെന്ററിലെ പാര്‍ക്കിങില്‍ ഇന്ന് തിരക്ക് വളരെ കുറവാണ്. ഫിഫ്ത് വിങ്ങിലെ പാര്‍കിങ് ലോട്ടില്‍ വണ്ടി പാര്‍ക് ചെയ്ത് ലോബിയിലെത്തുമ്പോള്‍ അവിടെയും തിരക്ക് കുറവാണ്. അരുണ്‍ നേരത്തെ തന്നെ എത്തിയിരിക്കുന്നു. മുഖത്തെ പഴയ പ്രസന്നത ഇപ്പോഴുമുണ്ടോയെന്ന് സംശയം. സ്ഥിരമായി ധരിക്കുന്ന പോലീസ് ഗ്ലാസ്സിനുപകരം പവര്‍ ഗ്ലാസ്സ്. പഴയ ആ പ്രസന്നത കാണുന്നില്ല.
ഇല്ല. അവനതിനാവില്ലല്ലോ..

‘ഹായ് അരുണ്‍.. ഞാന്‍ വൈകിയോ ?..’
‘ഇല്ല.. ഞാന്‍ എത്തിയേ ഉള്ളൂ....’ അരുണിന്റെ കൈകളില്‍ നല്ല തണുപ്പ്.
‘കഴിഞ്ഞ തവണ നീ വരുമ്പോള്‍ ഈ ഷോപ്പിങ് കോമ്പ്ലക്സ് ഇവിടെയുണ്ടായിരുന്നില്ല. ..’
‘യെസ്.. നഗരമാകെ മാറിയിരിക്കുന്നു..’
‘കം. ഇവിടെ ഫിഫ്ത് ഫ്ലോറില്‍ പുതിയ ഒരു റസ്റ്റോറന്റ് തുടങ്ങിയിട്ടുണ്ട് . വലിയ തിരക്കുണ്ടാവില്ല. നമുക്കവിടെയിരിക്കാം...’

ലിഫ്റ്റു മെല്ലെ നീങ്ങുമ്പോള്‍ ഗ്ലാസിലൂടെ പുറത്ത് നേര്‍ത്തൊരു നൂലായി പരിണമിച്ചുകൊണ്ടിരിക്കുന്ന
മഴയിലൂടെ വിദൂരതയിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു അരുണ്‍.

‘ലെ ട്രീറ്റ്’ അടുത്ത കാലത്താണ് ഇവിടെ പ്രവര്‍ത്തനം തുടങ്ങിയത്. നഗരത്തിലെ തിരക്കുകുറഞ്ഞ റെസ്റ്റാറന്റുകളിലൊന്നാണിത്.

ഇരുണ്ട ഇടനാഴികയിലൂടെ ബെയറര്‍ ഞങ്ങളെ രണ്ടു പേര്‍ക്ക് മാത്രമിരിക്കാവുന്ന മേശയ്ക്കരികിലേക്ക് കൊണ്ടു പോയി. എ.സിക്ക് നല്ല തണ്‍പ്പുണ്ട്. ഓര്‍ഡറെടുത്ത് ബെയറര്‍ ആരാധനയോടെ ഒന്നു കുനിഞ്ഞ് , വണങ്ങി നിഷ്ക്രമിച്ചു.

‘ഇന്ന് അരുണിന് ഭാഗ്യമുണ്ട്. ക്ലൈന്റ് മീറ്റിങ്ങ് നേരത്തെ അവസ്സാനിപ്പിക്കാന്‍ സാധിച്ചു. സാധാരണ ഒരു അഞ്ചു മണിയെങ്കിലുമാവും അത് കഴിയാന്‍. പിന്നെ രാജി ട്രെയിനിങ്ങ് കഴിഞ്ഞ് നാളെ രാവിലെയേ ചെന്നെയില്‍ നിന്നും തിരിച്ചെത്തൂ..’

അരുണ്‍ ചെറുതായി പുഞ്ചിരിക്കാന്‍ ശ്രമിച്ചു. പക്ഷേ അതില്‍ അസ്വാസ്ഥ്യത്തിന്റെ ഒരു കടലിരമ്പമാണല്ലോയെന്ന ആധി എന്നെ പിടികൂടുന്നതായി തോന്നി.

അരുണിന്റെ ജീവിതം ഇങ്ങനെ ഒരു വഴിത്തിരിവിലെത്തുമെന്ന് ഞാന്‍ ഒരിക്കലും നിനച്ചിരുന്നില്ല. സീതാലക്ഷ്മിയുടെ പ്രൊപോസല്‍ ഞാന്‍ തന്നെയാണ് കൊണ്ടു വന്നത്. ഓഫീസിലെ ജെ.ഇ.യുടെ അടുത്ത ബന്ധുവാണ് സീത. കുസാറ്റില്‍ നിന്നും മൈക്രോബയോളജിയില്‍ എം.എസ്സിയെടുത്ത് സീത വീട്ടിലിരിക്കുന്ന സമയത്താണ് അരുണിനു വേണ്ടി ഞാനതിന് ശ്രമിച്ചത്. വീട്ടിലെ ഒരേയൊരു ആണ്‍ തരിയായ അരുണിന് സീതയുടെ ജാതകത്തില്‍ ഏറെ പൊരുത്തവും. വയസ്സായ അരുണിന്റെ മാതാപിതാക്കള്‍ക്ക് മകന്റെ വിവാഹം എങ്ങനെയ്ങ്കിലും കഴിയണമെന്നേ ഉണ്ടായിരുന്നുള്ളൂ. പിന്നെ കൂടുതല്‍ ഒന്നും നോക്കിയില്ല. ഏറ്റവുമടുത്ത മുഹൂര്‍ത്തത്തില്‍ വിവാഹം കഴിഞ്ഞു. രണ്ടു മാസത്തിനുള്ളില്‍ സീതയുടെ വിസയും തയ്യാറാക്കി അരുണ്‍ അവളേയും അങ്ങോട്ടു തന്നെ കൊണ്ടു പോയി. പിന്നീട് ഒന്നര വര്‍ഷത്തിനു ശേഷം സീത മാത്രമാണ് തിരിച്ചു വന്നത്. ഏറെക്കഴിയാതെ ആ ദാമ്പത്യം കുടുംബക്കോടതിയിലുമായി. അരുണ്‍ വരാത്തതുകൊണ്ട് കേസ് പലവുരു മാറ്റി വെച്ചു. അടുത്ത ബുധനാഴ്ചയാണ് കോടതി ഇരുകൂട്ടരെയും കൌണ്‍സിലിങ്ങിന് വിളിച്ചിരിക്കുന്നത്.

അരുണ്‍ കപ്പില്‍ ബാക്കിവന്ന ബീറും കമഴ്ത്തി.

‘സീ സുന്ദര്‍, എനിക്ക് ഈ കേസ് എങ്ങനെയെങ്കിലും അവസ്സാനിപ്പിക്കണം. ഇതിങ്ങനെ വലിച്ചു നീട്ടാന്‍ യാതൊരു താത്പര്യവുമെനിക്കില്ല..’

‘അതു തന്നെയാണ് അരുണ്‍ ഞാനും പറയുന്നത്. ഇത് യാതൊരു വിധിയുമില്ലാതെ കൌണ്‍സിലിങും മറ്റുമായി നീങ്ങും..’

‘എനിക്കീ കൌണ്‍സിലിങ്ങിനോട് യാതൊരു പ്രതിപത്തിയുമില്ല..ഞാന്‍ നിന്നോട് എത്ര തവണ ഫോണില്‍ പറഞ്ഞതാണ് അവളുമായി സംസാരിച്ച് ഇതൊന്ന് ഫൈനലൈസ് ചെയ്യാന്‍..’

‘മുറിച്ചുമാറ്റാന്‍ എല്ലാം എളുപ്പമാണ് അരുണ്‍.. കൂട്ടിച്ചേര്‍ക്കാനാണ് പാട്.... നീ പറഞ്ഞ അന്നു തന്നെ ഞാന്‍ സീതയെ കണ്ടിരുന്നു... അവള്‍ ഇന്നും കാത്തിരിക്കുകയാണ്..’

‘എന്തിന് ? സുന്ദര്‍.. നിനക്കറിയില്ലേ ഞങ്ങള്‍ രണ്ട് ധ്രുവങ്ങളിലാണെന്ന്..ചെറിയ ചെറിയ കാര്യങ്ങള്‍ക്കുവേണ്ടിയാണ് അവള്‍ എന്നോട് വഴക്ക് കൂടിയത്. പിന്നെയത് സ്ഥിരമായി. നാള്‍ക്കുനാള്‍ പുതിയ പുതിയ ആവശ്യങ്ങള്‍.. എല്ലാം ഞാന്‍ ഒരു പരിധിവരെ ക്ഷമിച്ചു. നാട്ടില്‍ ഫോണ്‍ ചെയ്ത് എന്റെ അച്ഛനേയും അമ്മയേയും വരെ അവള്‍ തെറിവിളിച്ചു. ആങ്ങളമാരെ വിട്ട് എന്റെ അച്ഛനെ മര്‍ദ്ദിച്ചു...അങ്ങനെ....സുന്ദര്‍.. ഭൂതകാ‍ലം...അത് മനസ്സില്‍ നിന്നും ചിന്തിപ്പോയ രക്തമാണ്. ധമനികളിലുള്ളപ്പോള്‍ മാത്രമേ അതിന് ജീവനുള്ളൂ....’

അരുണിന്റെ ശബ്ദത്തിന് കനം വെച്ചു തുടങ്ങിയിരിക്കുന്നു.

ഞാന്‍ കുറച്ച് തണുത്ത വെള്ളമെടുത്ത് കുടിച്ചു.

‘ബട്ട് അരുണ്‍, ..’
‘സീ സുന്ദര്‍.. എന്തിനാണ് നീ അവള്‍ക്കുവേണ്ടി ഇങ്ങനെ സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. പിന്നെ, നിനക്കറിയുമോയെന്നറിയില്ല, അടുത്ത കാലത്തായി അവള്‍ വേറേതോ പയ്യനുമായി കറങ്ങി നടക്കുന്നാതായും ഞാനറിഞ്ഞു. ..’

‘ശെ.. അങ്ങനെയൊന്നുമില്ല അരുണ്‍.. നിന്നെ ആരോ തെറ്റിദ്ധരിപ്പിച്ചതായിരിക്കും..ഷി സ്റ്റില്‍ വാണ്ട് യു മാന്‍. കഴിഞ്ഞ തവണ സീതയുമായി ഞാന്‍ സംസാരിച്ചപ്പൊള്‍ അവളുടെ കണ്ണു നിറഞ്ഞിരുന്നു. നീ നിന്റെ ഭാഗം മാത്രമേ ചിന്തിക്കുന്നുള്ളൂ.. ശരിയാണ്. സീതയ്ക്ക് അല്പം സ്വാര്‍ത്ഥതയുണ്ടാവാം. അതൊരു പക്ഷേ പലരും അത് പ്രകടിപ്പിക്കുന്നത് പല വിധത്തിലാണ്. ഞാന്‍ ഡീറ്റെയിത്സിലേക്ക് പോകുന്നില്ല. ഒരു പക്ഷേ നിന്റെ ജോലിത്തിരക്കില്‍ അവള്‍ക്കായി നിനക്ക് നീക്കി വെക്കാന്‍ സമയം കിട്ടിക്കാണില്ല.... ഇതെല്ലാം ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നങ്ങളേയുള്ളു അരുണ്‍.. നീയൊരു കോമ്പ്രമൈസിന് തയ്യാറാവണം....’

‘കോമ്പ്രമൈസ്..ഇനിയെന്ത് കോമ്പ്രമൈസ് ... കഴിഞ്ഞതെല്ലാം കഴിഞ്ഞു..’

‘ഇല്ല അരുണ്‍.. ഇനിയുമതിന് സമയമുണ്ട്. ..’

അരുണ് ഒരു ഐസ് ക്യൂബെടുത്ത് കപ്പിലേക്കിട്ടു. പിന്നെ തണുത്ത വെള്ളം അതിലേക്കൊഴിച്ചു. ഫോര്‍ക്കുകൊണ്ട് ചില്ലിഗോബിയിലെ ഒരു ഫ്ലവര്‍പീസെടുത്ത് വായില്‍ വെച്ചു. മൌനം ഞങ്ങള്‍ക്കിടയില്‍ അല്പനേരം ഇതള്‍ വിരിച്ചു.

പിന്നെ ഞാന്‍ പറഞ്ഞു തുടങ്ങി..
‘ഞാന്‍ അറേഞ്ചു ചെയ്യാം..ഒരു മീറ്റിങ്.. വേണമെങ്കില്‍ നമുക്കിവിടെത്തന്നെയാക്കാം.. വാട്ട് യു സേ..’
‘സുന്ദര്‍, നിനക്കിപ്പോഴും മനസ്സിലാവുന്നില്ല..’
അരുണിന്റെ സ്വരത്തിലെ കാഠിന്യം കുറഞ്ഞിരിക്കുന്നു.

‘അരുണ്‍, ഞാനല്ലേ പറയുന്നത്.. ഒരു തവണത്തേക്ക് മാത്രം..’

അരുണ്‍ ബീയര്‍ ഗ്ലാസ് ഒറ്റവലിക്ക് മുഴുവന്‍ തീര്‍ത്തു. പിന്നെ ഒരു സിഗരറ്റിനു കൂടി തീ കൊളുത്തി.

‘അരുണ്‍..കമോണ്‍...സീതാലക്ഷ്മിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സാധനമൊന്നു പറയാമോ..’
അരുണിന്റെ മുഖത്ത് ചെറിയ പ്രകാശം. സിഗരറ്റിലെ ചാരം ആഷ്ട്രെയില്‍ തട്ടി..
‘അങ്ങനെ പ്രത്യേകിച്ച്... യെസ് ഷി ലൈക്സ് ചോക്ലേറ്റ്സ്..’
‘എനി സ്പെസിഫിക് ബ്രാന്ഡ്.. ?’
‘ഫെറേറോ റോഷറിന്റെ ചോക്ലേറ്റുകള്‍ അവള്‍ക്കിഷ്ടമാണ്......’
‘മൈ ഗുഡ്നെസ്സ്.. രാജി ആള്‍സൊ ലൈക്സ് ദി സെയിം ബ്രാന്‍ഡ്..’
ഇരുണ്ടു കൂ‍ടിയ കാര്‍മേഘങ്ങളില്‍ ചെറിയ വെള്ളിരേഖകള്‍.
‘അങ്ങനെയെങ്കില്‍ നമ്മള്‍ ഇന്നു തന്നെ ഒരു ബോക്സ് ചോക്ലേറ്റ് വാങ്ങുന്നു. ഈ കോമ്പ്ലക്സില്‍ തന്നെ ഒരു സ്വീറ്റ്ഷോപ്പുണ്ട്. അരുണിനും സീതയ്ക്കും കംഫര്‍ട്ടബിളായ ഒരു വെന്യു നിശ്ചയിക്കുന്നു. വി കുഡ് ഫൈനലൈസ് എവെരിതിങ്.....’

അറിയാതെ ചെറിയൊരു ദീര്‍ഘനിശ്വാസം എന്നില്‍ നിന്നുയര്‍ന്നു.

അല്ലെങ്കിലും അരുണ്‍ ഒരു കോമ്പ്രമൈസിനു സമ്മതം മൂളുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അരുണിന്റെ അച്ഛന്‍ സ്വാമിനാഥന്‍ കഴിഞ്ഞ ആഴ്ചയും ബാങ്കില്‍ വന്ന് ഒരു ഒത്തുതീര്‍പ്പിനുവേണ്ടി എന്നോടു സംസാരിച്ചിരുന്നു. വൃദ്ധനായ ആ മനുഷ്യന്‍ പ്രതീക്ഷയുടെ നാമ്പുകള്‍ ഇനിയും മനസ്സിലിട്ടു നടക്കുന്നു.

ഫസ്റ്റ് ഫ്ലോറിലെ സ്വീറ്റ്ഷോപ്പില്‍ നിന്നും 24 പീസുള്ള ഫെറേറോ റോഷര്‍ വാങ്ങി ലിഫ്റ്റിനടുത്തെത്തിയപ്പോഴായിരുന്ന്നു പെട്ടന്ന് ബില്‍ഡിങ്ങിലെ മറുഭാഗത്ത് ഒരു പ്രണയ ജോഡികളെ ശ്രദ്ധയില്‍ പെട്ടത്. കൈകോര്‍ത്തു പിടിച്ച് വളരെ സന്തോഷത്തോടെയാണവര്‍ വരുന്നത്. ആന്റ്റിക് ഷോപ്പിലെ വെളിച്ചത്തിനടുത്തെത്തിയപ്പോഴാണ്‍ അവരുടെ മുഖം ശ്രദ്ധിച്ചത്.

അത് സീതാലക്ഷ്മിയല്ലേ..അതെ..
ഞാന്‍ പെട്ടന്ന് ശ്രദ്ധ തിരിച്ചു. അരുണിന്റെ മുഖത്തേക്ക് നോക്കി.
ഇല്ല. അരുണ്‍ കണ്ടിട്ടില്ല. അരുണ്‍ ലിഫ്റ്റ് വരുന്നത് ശ്രദ്ധിച്ചു നില്‍ക്കുകയാണ്.

‘ലിഫ്റ്റ് വരാന്‍ വൈകും. നമുക്ക് സ്റ്റെപ്സിറങ്ങാം..’ അരുണിന്റെ പുറത്ത് തട്ടിക്കൊണ്ട് ഞാന്‍ പറഞ്ഞു. പിന്നെ സ്റ്റെപ്സിറങ്ങി ബേസ്മെന്റിലെ പാര്‍ക്കിങ്ങിലേക്ക് നടന്നു.

കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. അരുണിന്റെ വണ്ടി അപ്പുറത്തുള്ള വിങിലാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്. പാതി തുറന്ന സൈഡ് ഗ്ലാസ്സിലൂടെ അരുണ്‍ കൈനീട്ടി.

‘അരുണ്‍, ഞാന്‍ എല്ലാം അറേഞ്ചു ചെയ്ത് വിളിക്കാം...’ എന്റെ സ്വരം ഇടറിയിരുന്നു.
അരുണിന്റെ കൈയ്യിലെ തണുപ്പ് വിട്ടുമാറിയിരുന്നു. അലസമായൊന്ന് ചിരിക്കാന്‍ ശ്രമിച്ചു അരുണ്‍.
പിന്നെ ചോക്കലേറ്റ് പാക്കെടുത്ത് എനിക്ക് നീ‍ട്ടി.
‘ഇത് രാജിക്ക് കൊടുക്കൂ.. രാജിക്കീ ചോക്കലേറ്റ് ഇഷ്ടമാണെന്നല്ലേ നീ പറഞ്ഞത്..’
‘ബട്ട് അരുണ്....’ വാക്കുകള്‍ പുറത്തു വരുന്നില്ല. കൈയുയര്‍ത്തി ‘ബൈ’ പറഞ്ഞ് അരുണ്‍ അകന്നു പോകുന്നു.
സ്റ്റീയറിങ് വീലില്‍ എന്റെ കൈ തരിച്ചിരുന്നു.
പുറത്ത് തുലാവര്‍ഷം തകര്‍ത്തു പെയ്തു തുടങ്ങിയിരിക്കുന്നു.

Thursday, October 05, 2006

നിറയെ പൂമരങ്ങളുള്ള വീട്.

വേഗത കുറയ്ക്കാനായി ഞാന്‍ കാര്‍ മൂന്നാം ഗീയറിലേക്ക് മാറ്റി. നഗരത്തിന്റെ അതിര്‍ത്തികള്‍ കഴിഞ്ഞിരിക്കുന്നു. കയറ്റങ്ങളും ഇറക്കങ്ങളും തണല്‍ത്തുണ്ടുകളും നിറഞ്ഞ വഴി. വയല്‍ക്കാഴ്ച്ചകള്‍. നീരൊഴുക്ക്. നിശബ്ദതതയോട് വിശേഷം ചോദിക്കുന്ന കാറ്റ്. എപ്പോഴെങ്കിലും ഇതിലൂടെയെല്ലാം ഇങ്ങനെ നീങ്ങിപ്പോകുന്നത് ഒരു രസമാണ്. ചരിത്രപ്രാധാന്യമോ പ്രകൃതിസൌന്ദര്യമോ ഇല്ലാത്തിടത്തുള്ള ഒരു രസം. ബാല്യത്തിന്റെ നീരൊഴുക്കിലേക്ക് പോകുന്നതുപോലെ.

ഞാന്‍ സാവകാശം കാറോടിക്കുകയാണ്.

പത്തു ദിവസത്തെ കുറുക്കിക്കിട്ടിയ ലീവ് തീരാന്‍ അഞ്ചു ദിവസം കൂടി മാത്രമുള്ളപ്പോളായിരുന്നു തികച്ചും അപ്രതീക്ഷിതമായി രാമചന്ദ്രന്റെ ഫോണ്‍ വരുന്നത്. ടെലിഫോണ്‍ ഡയറക്ടറിയില്‍ ഏറെ നേരത്തെ ശ്രമഫലമായി കിട്ടിയതാണ് എന്റെ നമ്പറെന്ന് പറഞ്ഞാണ് തുടങ്ങിയത്. ഇത്തവണ കാണാതെ പോകരുതെന്ന അഭ്യര്‍ത്ഥനക്കു മുന്‍പില്‍ എനിക്ക് വഴങ്ങേണ്ടി വന്നു. വീട്ടിലേക്ക് വരേണ്ട വഴികളെക്കുറിച്ച് ഒരു ഏകദേശ ധാരണയും തന്നു. രാജീവിന്റെ സൌഹൃദവലയത്തിലെ മറ്റൊരു കണ്ണിയായിരുന്നു എന്നെപ്പോലെ രാമചന്ദ്രനും. ഏറെക്കാലമായി രാമചന്ദ്രനെ കണ്ടിട്ട്. അല്ലെങ്കിലും രാമചന്ദ്രനോടായിരുന്നില്ലല്ലോ എനിക്ക് കൂടുതല്‍ അടുപ്പം.

ആട്ടൊകാഡില്‍ പ്രത്യേക വൈദഗ്ദ്യം നേടിയ രാജീവിന്റെ കമ്പ്യൂട്ടറിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാനായിരുന്നു ആദ്യമായി രാജീവുമായി എനിക്ക് സന്ധിക്കേണ്ടി വന്നത്. ആത്മവിശ്വാസത്തിന്റെ ആദ്യപാഠങ്ങള്‍ എന്നെ പഠിപ്പിച്ചത് രാജീവായിരുന്നു. അതുതന്നെയായിരുന്നു ഞങ്ങളെ തമ്മിലടുപ്പിച്ചതും പല പ്രോജക്റ്റുകളിലും സഹകാരികളാക്കിയതും.

കട്ടന്‍ ചായയുടെയും ബെക്കാര്‍ഡിയുടെയുമെല്ലാം ശാക്തീകരണത്തില്‍ ക്ലൈവ് ഈഗള്‍ട്ടനും ജാനറ്റ് വിന്റേഴ്സനുമെല്ലാം കയറിയിറങ്ങിയ യാമങ്ങളില്‍ രാജീവിന് പ്രോജക്റ്റുകളുടെ തിരക്കായിരുന്നു. അതിലൊന്നു തന്റെ സ്വന്തം സ്വപ്നപ്രോജക്റ്റു തന്നെയായിരുന്നു.
സ്വന്തമായി ഒരു പുതിയ വീട്. തറവാടു വകയില്‍ സ്ഥലം ഉണ്ട്. മൂന്നു അറ്റാച്ച്ഡ് ബെഡ് റൂം, ഒരു ലിവിങ്, ഒരു കിച്ചണ്‍, കാര്‍പോര്‍ച്ച്, സിറ്റൌട്ട് എന്നിവയുള്ള വീട്. വീടിന്റെ സിറ്റൌട്ട് പഴയ തറവാടിന്റെ കരിവീട്ടിയില്‍ പണിത ചാരുകള്‍ പിടിപ്പിക്കണം. സിറ്റൌട്ടില്‍ അച്ഛനുപയോഗിച്ചിരുന്ന് ചാരുകസേര. വീടിന് മുന്നില്‍ നിറയെ പൂമരങ്ങള്‍. പിന്നൊരു മുത്തുക്കുടിയന്‍ മാവ് അതിലൊരു ഊഞ്ഞാല്‍.
ഏറെ കഷ്ടപ്പെട്ട് 3 ഡി മാക്സിലും ഫോട്ടൊഷോപ്പിലുമായി പൂര്‍ത്തിയാക്കിയ പ്രോജക്റ്റ് വളരെ മനോഹരമായി എനിക്ക് തോന്നി. നഗരത്തിലെ മള്‍ട്ടിപ്ലെക്സ് കോപ്ലക്സിന്റെ പ്രോജക്റ്റിനിടയിലെ സമയം കൊണ്ടാണ് രാജീവത് പൂര്‍ത്തിയാക്കിയത്. അതുകൊണ്ടു തന്നെ രാധികയുടെ പ്രപോസല്‍ വന്നപ്പൊള്‍ രാമചന്ദ്രന്‍ തന്നെ വേണ്ടിവന്നു അതെന്നൊട് പറയാനും രാജീവിനെക്കൊണ്ടൊരു സമ്മതപത്രം വാങ്ങിപ്പിക്കാനും.

ഒരു മഴക്കാലത്തിന്റെ അവസാന നാളുകളിലൊന്നില്‍ രാജീവ് രാധികയുമായി ഫ്ലൈറ്റിറങ്ങിവന്നത് എന്റെ ബാചിലേഴ്സ് ഫ്ലാറ്റിലേക്ക്. നെറ്റിയില്‍ കുങ്കുമവും കവിളിലൊരു മറുകും ചന്ദനത്തിന്റെ ഗന്ധവുമുള്ള രാധിക, രാജിവിന് നല്ല ചേര്‍ച്ചയാണെന്ന് മനസ്സിലുറപ്പിച്ചു. രാത്രി ഏറെ വൈകിയാണ് രാമചന്ദ്രന്‍ അന്ന് ഒരു റൂം സംഘടിപ്പിച്ചത്. നന്ദിവാക്കിന്റെ ഔപചാരികതകള്‍ രാജീവിനില്ലെങ്കിലും രാധികയുടെ നിര്‍ബന്ധത്തിന് വഴങ്ങി രാമചന്ദ്രനോടന്ന് താങ്ക്സ്’ പറയേണ്ടി വന്നു. പിന്നീട് നിസാരമായ ഒരു പ്രശ്നത്തിന്റെ പേരില്‍ രാജീവുമായി രാമചന്ദ്രന്‍ തെറ്റിപ്പിരിഞ്ഞത് ഞാന് മനസ്സിലാക്കുമ്പോള്‍ ഏറെ വൈകിയിരുന്നു. അവര്‍ ഏറെ അകന്നുമിരുന്നു.

ഒരു വേനലിന്റെ ആലസ്യത്തില്‍ ‘കാളിമ’യിലിരുന്ന് ഒരു ബീറിന് ഓര്‍ഡര്‍ചെയ്യുമ്പോഴായിരുന്നു രാധികയുടെ ഫോണ്‍ വന്നത്. രാജീവിന് ഒരു ചെറിയ വയറു വേദന... മിനിസ്ട്രി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നു. രാധിക ഏറെ പരിഭ്രമത്തോടെയാണ് വിളിച്ചത്.... മലയാളിയായ ഡോക്ടര്‍ തോമസ് ജോസഫ് മാറ്റി നിര്‍ത്തി സംസാരിക്കുന്നതുവരെ എനിക്കതൊരു സാധാരണ വയറുവേദന പോലെയേ തോന്നിയിരുന്നുള്ളു. അപ്പോഴേക്കും കാന്‍സറിന്റെ അഡ്വാന്‍സ്ഡ് സ്റ്റേജിലായിരുന്നു രാജീവ്..... കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സര്‍ജ്ജറിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി എയര്‍പോര്‍ട്ടില്‍ വെച്ച് യാത്രപറയുമ്പോള്‍ രാജീവ് വളരെ ഉന്മേഷവാനായിരുന്നു. മാത്രവുമല്ല, രണ്ടുമാസം കൊണ്ട് തിരിച്ചു വരാമെന്ന ശുഭ പ്രതീക്ഷയിലും...... അത് ഒരു പ്രതീക്ഷമാത്രമായിരുന്നു. പിന്നീടൊരിക്കലും രാജീവിന് തിരിച്ചു വരാനായില്ല.

നാട്ടിലെ ചെറിയ വെക്കേഷനുകളിലെ ഇടവേളകളില്‍ രാജീവുമായി ഇടക്കിടെ ഞാന്‍ സന്ധിക്കാറുണ്ടായിരുന്നു.... അതിനിടെ നഗരത്തില്‍ സ്വന്തമായി ഓഫീസ് പണിത് രാജീവ് പുതിയ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് കടന്നിരുന്നു.... മാര്‍ക്കറ്റില്‍ ആട്ടോകാഡിന്റെയും 3 ഡി. മാക്സിന്റേയും മായയുടെയുമെല്ലാം പുതിയ പുതിയ വേര്‍ഷനുകള്‍ വരുമ്പോള്‍ ഞാനത് രാജീവിനയച്ചുകൊടുക്കുമായിരുന്നു.

ശിശിരകാലത്തിന്റെ മൂര്‍ദ്ധന്യത്തില്‍ ഇയര്‍ എന്‍ഡിങ് പ്രോസ്സസിന്റെ തിരക്കിനിടയില്‍ സ്പാം മെയിലുകള്‍ ഡിലീറ്റ് ഫോള്‍ഡറിലേക്ക് മാറ്റുമ്പൊഴാണ് അതിനിടയിലുണ്ടായിരുന്ന രാമചന്ദ്രന്റെ ഒരു പഴയ മെയില്‍ ശ്രദ്ധയില്‍ പെട്ടത്. ഒരു മാസം മുന്‍പ് രോഗം മൂര്‍ച്ഛിച്ച് രാജീവ് നമ്മെ വിട്ടുപോയ വിവരം. കൂടുതല്‍ വിവരങ്ങളൊന്നുമില്ല. രാജീവിന്റെ മൊബൈലില്‍ ഞാന്‍ പലതവണ ശ്രമിച്ചു. നമ്പര്‍ നിലവിലില്ലെന്ന മെസ്സേജ് മാത്രം. രാമചന്ദ്രനു റിപ്ലെ അയച്ചിട്ടും യാതൊരു മറുപടിയുമില്ല. ഒരു പക്ഷേ ഞാന്‍ മറ്റൊരു രാജ്യത്തേക്ക് മാറിയപ്പൊള്‍ എന്നെ ഫോണില്‍ വിളിക്കാനാവാത്തതിന്റെ ദു:ഖം രാജീവിനുണ്ടായിരുന്നിരിക്കാമെന്ന ഓര്‍മ്മപ്പെടുത്തല്‍ എന്നില്‍ ഏറെ നീറ്റലുണ്ടാക്കി. പിന്നെ, മറവിയെന്നത് തീര്‍ത്തും മാനുഷികമായ ഒരു അവസ്ഥയാണല്ലോ. ഒറ്റപ്പെടലിന്റെ വേളകളില്‍ മാത്രമായിരിക്കും മറവിയെക്കുറിച്ച് മറക്കുന്നതു തന്നെ.

ഗ്ലാസ്സില്‍ ഒന്നു രണ്ടു തുള്ളികള്‍. മഴക്കുള്ള ലക്ഷണമുണ്ട്. വൈപ്പര്‍ സ്വിച്ച് ഓണ്‍ ചെയ്തു. അതിരാവിലെയായതിനാലും ഒഴിവുദിവസമായതിനാലും റോഡില്‍ തിരക്കുകുറവാണ്. മടിപിടിച്ച ഒരു ഞായറാഴ്ച അവിടെയുമിവിടെയും ചുറ്റിത്തിരിയുന്നു.

രാമചന്ദ്രന്‍ പറഞ്ഞ വളവ് തൊട്ടടുത്തതാണ്. വളവ് കഴിഞ്ഞ് മൂന്നാമത്തെ വലതുവശത്തെ റോഡ്. അവിടെ നിന്നും ഇടതു വശത്തെ നാലാമത്തെ വീട്.
മഴത്തുള്ളികള്‍ക്ക് കനം കൂടുകയാണെന്ന് തോന്നുന്നു. വിന്ഡോകള്‍ ഉയര്‍ത്തി.
'ബാത് നികലേഗി തോ ഫിര്‍..’ ജഗ്ജിത് സിംഗിന്റെ ശബ്ദത്തിന്റെ സൌകുമാര്യത ഇപ്പോഴാണ് ശരിക്കുമറിയുന്നത്.

വലതുവശത്തെ റോഡ് കടന്നു. ഇനിയൊരു ചെറിയ പാലമാണ് അതിനപ്പുറം ചെറിയ നെല്‍പ്പാടം. ഇതെക്കുറിച്ച് രാമചന്ദ്രന്‍ പറഞ്ഞിരുന്നില്ലല്ലോ. പാടവും കഴിഞ്ഞ് ചെറിയൊരു കയറ്റവും കഴിഞ്ഞാണ് വീടുകള്‍ തുടങ്ങുന്നത്.

അതെ., മൂന്നാമത്തെ വീടിന്റെ ഗേറ്റിനു മുന്‍പായി കാര്‍ ഒതുക്കി നിര്‍ത്തി.
വലിയൊരു മുറ്റമുള്ള വീടാണത്. ഇതു തന്നെയായിരിക്കണം
മുറ്റം നിറയെ പൂത്ത പൂമരങ്ങള്‍. നല്ല കാറ്റുണ്ട്. പൂമരങ്ങളില്‍ നിന്നും നിറയെ പൂക്കള്‍ പൊഴിയുന്നു.
ഗേറ്റു തുറന്ന് അകത്തേക്ക് നടന്നു. ചെറുതായി മഴ ചാറുന്നുണ്ട്. സിറ്റൌട്ടും കാര്‍പോര്‍ച്ചുമെല്ലാമുള്ള വീട്. പോര്‍ച്ചില്‍ പുതിയ മോഡല്‍ വെളുത്ത ഹ്യുണ്ടായ് അക്സന്ട് കാര്‍ കിടക്കുന്നു. സിറ്റൌട്ടിലെ കാളിങ്ബെല്ലില്‍ അമര്‍ത്തി.
അകത്ത് കിളികളുടെ ശബ്ദം.
വാതില്‍ തുറന്നു.

കുളികഴിഞ്ഞ് ഈറന് തോര്‍ത്തുമുണ്ട് മാത്രമുടുത്തു,ചിരിച്ചുകൊണ്ട് രാജീവ്.
ഒരു മാറ്റവുമില്ല. രാത്രി ജോലികഴിഞ്ഞ് നേരം വൈകി ഉണരുമ്പോള്‍ ഒരു കാക്കക്കുളി കുളിച്ച് ഡ്രസ്സ്മാറാന്‍ പോകുന്ന അതേ രൂപം. തോര്‍ത്തുമുണ്ടില്‍ നിന്നും നിലത്തേക്ക് വെള്ളമിറ്റിറ്റു വീഴുന്നുണ്ട്.
ലിവിങ് റൂമില്‍ നിന്നും ചായയുമായി വരുന്ന രാധിക. രാധികയുടെ കവിളിലെ മറുക് . ചന്ദനത്തിന്റെ ഗന്ധം. ...
ഞാന്‍ രാജീവിന്റെ കൈകള്‍ കൂട്ടിപിടിച്ചു. പിന്നെ മെല്ലെ തിരിഞ്ഞു നടന്നു.
മഴ പെയ്തൊഴിഞ്ഞിരുന്നു. മുറ്റത്ത് നിറയെ പൂമരം പെയ്തിറങ്ങിയിരിക്കുന്നു. ചെറിയ കാറ്റുണ്ട്.
മുത്തുകുടിയന്‍ മാവില്‍ കെട്ടിയിരിക്കുന്ന ഊഞ്ഞാല്‍ മെല്ലെ ആടുന്നു.
ഗേറ്റ് കടന്ന് ഞാന്‍ കാറില്‍ കയറി.
കാറ് സ്റ്റാര്‍ട്ട് ചെയ്തു. ഗിയര്‍ മാറ്റി കാറ് മുന്നോട്ടെടുക്കുമ്പോള്‍ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി. അപ്പോളാണ് ഗേറ്റിലെ നെയിംബോര്‍ഡ് ശ്രദ്ധയില്‍ പെട്ടത്.
‘രാമചന്ദ്രന്‍ .സി.എ.’
ഈ ബോര്‍ഡ് അങ്ങോട്ട് പോകുമ്പോള്‍ ഞാന്‍ കണ്ടില്ലല്ലോയെന്നൊര്‍ത്തു.
ആക്സലെറേറ്റരില്‍ കാലമര്‍ന്നുകൊണ്ടിരുന്നു. ചെറിയ ചാറ്റല്‍ മഴ പെയ്തുകൊണ്ടിരിക്കുന്ന ഈ പകല്‍ അവസാനിക്കില്ല. തിരിച്ചുള്ള ഈ ദൂരം ഒരിക്കലും താണ്ടിത്തീരില്ല.