Saturday, December 16, 2006

ശവംതീനി ഉറുമ്പുകള്‍

ഇരുട്ടു കട്ടപിടിച്ച രൂപക്കൂടില്‍ അണഞ്ഞ സീറോ ബള്‍ബിനടുത്ത് ഒരു പല്ലി വെറുതെ ചിലച്ചു.
കുഞ്ഞാന്നമ്മ ഇടത്തെ കൈ വെറുതെ ഒന്നനക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു. വിറയ്ക്കുന്ന ഇടത്തെകൈയിലും ചുണ്ടുകളിലും തണുപ്പ് അതിന്റെ എവറസ്റ്റ് താണ്ടിയിരിക്കുന്നു. പകുതി തുറന്ന കണ്ണുകളില്‍ ചെറിയ മിന്നലാട്ടം മാത്രം. കഴുത്തു വരെ മൂടിയ പുതപ്പിലെ കെട്ടമണം ശ്വസിക്കാന്‍ കുഞ്ഞാന്നാമ്മ വൃഥാ ഒരു ശ്രമം നടത്തി.

ക്ലോക്കിലെ സെക്കന്‍സ് സൂചിയുടെ നേര്‍ത്ത മിടിപ്പുമാത്രം.

ജനല്‍ പഴുതിലൂ‍ടെ ഒലിച്ചിറങ്ങിയ ഇത്തിരിവെട്ടത്തില്‍ കുഞ്ഞാന്നമ്മ എന്തിനോ വേണ്ടി കണ്ണുകള്‍ പരതി.
‘ജോസേ...ജോസേ...’ വെറുതെയാണെങ്കിലും കുഞ്ഞാന്നാമ്മ വിളിച്ചു.
ആപ്രിക്കോട്ട് സ്ക്രബ്ബര്‍ മുഖത്ത് തേച്ചു പിടിപ്പിച്ചുകൊണ്ടിരുന്ന ചിന്നമ്മ ഒരു നിമിഷം കാതോര്‍ത്തു.
‘തള്ളേ .. മിണ്ടാണ്ടവിടെ കിടക്ക്... ‘ ചെറിയ ഒരു അസ്വാരസ്യത്തോടെ ചിന്നമ്മ അലറി.
കുഞ്ഞാന്നമ്മ പിന്നെ പുതപ്പിന് മുകളിലേക്ക് നോക്കി.

ഒരു കൂട്ടം ഉറുമ്പുകള്‍ ഉത്സാഹത്തോടെ വരിവരിയായി കയറി വരുന്നു. അവ കുഞ്ഞാന്നമ്മയുടെ മാറിടവും കടന്ന് മുഖത്തേക്ക് കയറി. നുര വന്നു തുടങ്ങിയ വായ്ക്ക് ചുറ്റും ഒരു വേലി കെട്ടി.

അരണ്ട വെളിച്ചത്തില്‍ ചിന്നമ്മ കിടക്കുകയാണ്. മാക്സിയുടെ അറ്റം കണങ്കാലുകള്‍ക്കു മുകളില്‍ അലസമായി കിടന്നു.

ഇന്നലെ തന്റെ അന്ത്യകൂദാശക്ക് വന്ന പുരോഹിതന്റെ മുഖം വെറുതെ ഓര്‍ത്തെടുക്കാന്‍ ഒരു ശ്രമം നടത്തി. ചുണ്ടുകള്‍ എന്തിനോ വേണ്ടി വിറകൊണ്ടു.
പിന്നെ മൌനത്തിന്റെ ഒരു നീണ്ട സഹാറ.
ചിന്നമ്മ കാലുകള്‍ ചെറുതായൊന്ന് ഉയര്‍ത്താന്‍ ശ്രമിച്ചു.
കാലുകളിലേക്ക് ഒരു കൂട്ടം ഉറുമ്പുകള്‍ വരിവരിയായി കയറിവരുന്നത് ചിന്നമ്മ കണ്ടു.
പ്രമേഹ രോഗിയായ തന്റെ അരക്കെട്ടിലേക്കാണവ ഓടിക്കിതച്ചുവരുന്നതെന്ന് ചിന്നമ്മ ഒരു ഞെട്ടലോടെ ഓര്‍ത്തു.
കൂട്ടം തെറ്റാതെ ലക്ഷ്യസ്ഥാനത്തേക്ക് അവ നടന്നടുത്തു.., ശവംതീനി ഉറുമ്പുകള്‍.

Thursday, November 09, 2006

രാ‍മന്‍ നായര്‍ ...

നീണ്ട തിണ്ണയുടെ ഒരറ്റത്ത് രവി കാല്‍ നീട്ടിയിരുന്നു.
പുറത്ത് മഴ കോരിച്ചൊരിഞ്ഞുകൊണ്ടിരുന്നു. ചെറിയ മിന്നലും മുഴക്കങ്ങളും.
പുസ്തകങ്ങള്‍ തൂണിന്റെ ഒരു ഭാഗത്ത് അലസമായി കിടക്കുന്നു. സാത്രേയുടെ ‘ബീയിങ് നത്തിങ്നെസ്’ ഏറ്റവും മുകളില്‍ ഇല്ലായ്മയുടെ ആത്മരോദനവുമായി അമര്‍ന്നിരിക്കുന്നു.
ഒന്നുമില്ലായ്മയുടെ പരിഹാരമാര്‍ഗങ്ങളായ അവസാനത്തെ അദ്ധ്യായം ഇനിയും വായിച്ചിട്ടില്ലെന്ന് രവി ഓര്‍ത്തു.

ഈ മഴ തന്റെ വായനയെ ശരിക്കും അലോസരപ്പെടുത്തുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി തുടര്‍ച്ചയായ മഴയാണ്. ലൈബ്രറിയില്‍ ഇന്നെങ്കിലും പോകണമെന്ന് വിചാരിച്ചതാണ്. തോട്ടില്‍ വെള്ളം കയറിയിട്ടുണ്ടാവും. അതല്ലെങ്കില്‍ തെക്കെപ്പാട്ടെ പറമ്പിലൂടെ പോകണം. അത് വഴിയല്പം കൂടുതലാണ്.

‘ശ്രീ വിശ്വനാദം ശരണം പ്രബദ്ധ്യേ......’ കാശി സുപ്രഭാതം റേഡിയൊയില്‍ കഴിഞ്ഞതേയുള്ളൂ. രാമന്‍ നായര്‍ ഇന്ന് നേരത്തെയാണല്ലോ .

‘എന്താ മഴ .. തോടൊക്കെ നെറഞ്ഞേക്ക്ണൂ...തെക്കെപ്പാട്ടെ പറമ്പിലും നല്ലോണം വെള്ളാ‍യ്ട്ടിണ്ടേയ്...ഇന്ന് വേലികെട്ടിക്കണംന്ന് വെച്ചട്ടാ നേര്ത്ത്യന്നെ..എന്താ ചെയ്യാ..’

രാമന്‍ നാ‍യരുടെ മുണ്ടെല്ലാം നനഞ്ഞൊട്ടിയിരിക്കുന്നു. വെള്ളത്തുള്ളികള്‍ മുണ്ടില്‍ നിന്നും ഇറ്റിറ്റു വീഴുന്നു.

പിന്നെ ചെരിപ്പഴിച്ച് വെച്ച് തിണ്ണയില്‍ കൈമുട്ടൂന്നി നിന്നു.

രാമന്‍ നായര്‍ എപ്പോഴും അങ്ങനെയാണ്. ശാന്തേട്ത്തി ഉമ്മറത്ത് വന്ന് വിളിച്ചാല്‍ മാത്രമേ കയറി ഇരിക്കൂ. അച്ഛനുള്ളപ്പോഴും അങ്ങനെയാ‍ണ്.

പറമ്പിലെ കാര്യങ്ങള്‍ നോക്കാന്‍ രാമന്‍ നായരു കഴിഞ്ഞേ വേറാരുമുള്ളൂ.. കാക്കശ്ശേരി ഭാഗത്തെ പറമ്പും തെക്കെപ്പാട്ടെ പറമ്പുമടക്കം ഇരുപത്തൊന്നേക്കറോളം പറമ്പും നോക്കുന്നത് രാമന്‍ നായര് തന്നെ. തെങ്ങുകയറാന്‍ കണ്ടാറുവിനെയും വാസുവിനെയും വിളിച്ചുകൊണ്ടു വരുന്നതും തേങ്ങപെറുക്കിക്കൂട്ടാന്‍ അയ്യക്കുട്ടിയെയും ജാനുവിനെയുമെല്ലാം തയ്യാറാക്കുന്നതും രാമന്‍ നായര്‍ തന്നെ.

‘എന്താ രവ്യെ.. ശാന്തേട്ത്തി ഇല്യേ ?’
‘അകത്ത് ണ്ടാവും....’

‘ങ്ഹാ.. രാമന്‍ നായര് വന്ന്വോ.. കാപ്പി കുടിച്ചട്ടാ‍ വന്നേ ..’ ശാന്തേട്ത്തി ഉമ്മറത്തേക്ക് വന്നു.

ഇനി ആ കട്ടിളപ്പടിയിലിരിക്കും. രാമന്‍ നായര്‍ തിണ്ണയിലും.
രവിക്ക് ചെറുതായി അസ്വസ്ഥത തോന്നിത്തുടങ്ങി. ഇനി കുറെ നേരം നാട്ടുകാര്യം.

‘ശാന്തേട്ത്ത്യേ.. ഇന്നലെ മ്മടെ കോന്നപ്പന്റെ മോള് ചത്തുപോണ്ടതായിരുന്നെയ്..ആ മഴേത്ത് ആടിനെ അഴിക്കാനായ്ട്ട് തോട്ടിന്റെ വരമ്പത്തൂടെ നടക്കണ്ട വല്ല കാര്യോണ്ടോ ..’
‘ഏത് നമ്മടെ വാസന്ത്യാ ?’
‘യ്ക്ക് ഓള്‍ടെ പേരറീല്ല്യ.. ഓള് ഇന്നലെ നമ്മടെ തോട്ടുവരമ്പത്തൂടെ പോവുമ്പോ വയ്ക്കിവീണൂന്നാപറേണേ.. വടക്കേലെ വേലന്റെ ചെക്കന്‍ ആ സുതന്‍ കണ്ടോണ്ട് രക്ചപ്പെട്ടു. ഓന്‍ ഓടി വന്ന്ട്ട് തോട്ട് ല്ക്ക് ചാടി ഓള്‍ടെ കാല് പിടുത്തം കിട്ട്യേ.. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടുന്ന് പറഞ്ഞാ മതീലോ..’
‘അത്യോ..അപ്പൊ ഈ വേലന്റെ ചെക്കന്‍ എന്തിനാ ആ ഭാഗത്തൂടെ നടക്കണേ ?’
‘അവന്‍ തെങ്ങ് കയറാന്‍ പോയി വരണ വഴിയല്ലേ.. ..’
‘ന്നാലും...’
‘ഏയ്.. അങ്ങന്യൊന്നൂല്യ.. ഓന്‍ നല്ലോനാ.. മ്മടെ കിഴ്ക്കോട്ത്ത് തെങ്ങ് കേറണത് അവനല്ലേ.. യ്ക്ക് അറിയില്ലേ അവനെ..’
‘രാമന്‍ നായര് ഇബടിരിക്ക്യ.. ഞാന്‍ കൊറച്ച് കാപ്പി എട്ത്ത്ട്ട് വരാം..’
ശാന്തേട്ത്തി മെല്ലെ അകത്തേക്ക് നടന്നു.
മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു.
രാമന്‍ നായര്‍ തിണ്ണയിലെ അലസമായി കിടന്നിരുന്ന പുസ്തകങ്ങള്‍ അടുക്കി വെക്കാന്‍ വ്രഥാ ഒരു ശ്രമം നടത്തി.
അതിനിടയില്‍ ‘ഗാട്ടും കാണാച്ചരടും’ താഴേക്ക് ഊര്‍ന്നിറങ്ങി.
ചോര്‍ന്നൊലിക്കുന്ന ഇറയത്ത് തന്നെ അത് കൃത്യമായി വീണു., നനഞ്ഞു.
‘കുട്ടാ..ഈ പുസ്തകം നനഞ്ഞൂലോ..’
രാമന്‍ നായര്‍ പുസ്തകവും പിടിച്ച് രവിയെ നോക്കി. പിന്നെ മണ്ണു തട്ടി അവിടെ വെച്ചു.
രവി രൂക്ഷമായി രാമന്‍ നായരെ ഒന്നു നോക്കി.
‘എല്ലാം നശിപ്പിക്കാന്‍ ഇറങ്ങിയിരിക്ക്യാ.. കാലത്തന്നെ.. ‘ താഴ്ന്ന സ്വരത്തിലെങ്കിലും രവി മുറുമുറുത്തു.
‘മഴ കൊറഞ്ഞൂന്നാ തോന്നണേ..’
രാമന്‍ നായര്‍ മെല്ലെ എഴുന്നേറ്റു. കോലായിലെ തൂണില്‍ കൊളുത്തിയിട്ടിരുന്ന കുടയെടുത്ത് കല്‍പ്പടവുകള്‍ ഒന്നൊന്നായി ചവിട്ടിയിറങ്ങി തുളസിത്തറയും കടന്ന് അയാള്‍ നടന്നു.

Wednesday, October 25, 2006

ഫെറേറോ റോഷര്‍

തുലാവര്‍ഷത്തിന്റെ ചടുലമായ താളങ്ങള്‍ ബോണറ്റിന്റെ മുകളില്‍ നൃത്തം വെക്കുന്നു. സിഗ്നലിലെ കൌണ്ടര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നു തോന്നുന്നു.മൂന്നുമണിയാവാന്‍ ഇനിയും അഞ്ചു മിനിട്ടുണ്ട്. സിറ്റി സെന്ററില്‍ മൂന്നുമണിക്ക് വരാമെന്നാണ് അരുണ്‍ പറഞ്ഞിട്ടുള്ളത്.

ഇത്തവണ നാലുവര്‍ഷത്തിന് ശേഷമാണ് അരുണ്‍ നാട്ടില്‍ വരുന്നത്. റിഗിലെ ജോലിയായതിനാല്‍ മുന്‍പൊക്കെ മൂന്നുമാസം കൂടുമ്പോള്‍ നാട്ടില്‍ വരും. ഒരോ തവണ വരുമ്പോഴും എന്റെ ഞായറാഴ്ചകള്‍ അവനുള്ളതായിരുന്നു. മോര്‍ണിങ്ഷോ കഴിഞ്ഞ് വോള്‍ഗയില്‍ രണ്ടു ബീറും കഴിച്ച് ഏതെങ്കിലും പുഴയ്ക്കരികിലേക്കോ അവനിഷ്ടപ്പെട്ട ചില ആനകളുടെ താവളങ്ങളിലേക്കോ ഞങ്ങള്‍ നീങ്ങും. ആ‍നകളെ അവനെന്നും ഒരു ഹരമായിരുന്നു. തെച്ചിക്കോട്ടുകാവു രാമചന്ദ്രനേയും മന്ദലാംകുന്നു ഗണപതിയേയും പദ്മനാഭനേയുമെല്ലാം ഇമവെട്ടാതെ നോക്കി നില്‍ക്കുമ്പോള്‍ ഒരു കൊച്ചുകുട്ടിയുടെ മനസായിരുന്നു അവനു. രാത്രി വരെ ചുറ്റിക്കറങ്ങി വീട്ടിലെത്തുമ്പോഴേക്കും വീട്ടിലെല്ലാവരും ഉറക്കമായിട്ടുണ്ടാവും.

മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു. ചെറിയ തണുപ്പുണ്ട്. സിറ്റിസെന്ററിലെ പാര്‍ക്കിങില്‍ ഇന്ന് തിരക്ക് വളരെ കുറവാണ്. ഫിഫ്ത് വിങ്ങിലെ പാര്‍കിങ് ലോട്ടില്‍ വണ്ടി പാര്‍ക് ചെയ്ത് ലോബിയിലെത്തുമ്പോള്‍ അവിടെയും തിരക്ക് കുറവാണ്. അരുണ്‍ നേരത്തെ തന്നെ എത്തിയിരിക്കുന്നു. മുഖത്തെ പഴയ പ്രസന്നത ഇപ്പോഴുമുണ്ടോയെന്ന് സംശയം. സ്ഥിരമായി ധരിക്കുന്ന പോലീസ് ഗ്ലാസ്സിനുപകരം പവര്‍ ഗ്ലാസ്സ്. പഴയ ആ പ്രസന്നത കാണുന്നില്ല.
ഇല്ല. അവനതിനാവില്ലല്ലോ..

‘ഹായ് അരുണ്‍.. ഞാന്‍ വൈകിയോ ?..’
‘ഇല്ല.. ഞാന്‍ എത്തിയേ ഉള്ളൂ....’ അരുണിന്റെ കൈകളില്‍ നല്ല തണുപ്പ്.
‘കഴിഞ്ഞ തവണ നീ വരുമ്പോള്‍ ഈ ഷോപ്പിങ് കോമ്പ്ലക്സ് ഇവിടെയുണ്ടായിരുന്നില്ല. ..’
‘യെസ്.. നഗരമാകെ മാറിയിരിക്കുന്നു..’
‘കം. ഇവിടെ ഫിഫ്ത് ഫ്ലോറില്‍ പുതിയ ഒരു റസ്റ്റോറന്റ് തുടങ്ങിയിട്ടുണ്ട് . വലിയ തിരക്കുണ്ടാവില്ല. നമുക്കവിടെയിരിക്കാം...’

ലിഫ്റ്റു മെല്ലെ നീങ്ങുമ്പോള്‍ ഗ്ലാസിലൂടെ പുറത്ത് നേര്‍ത്തൊരു നൂലായി പരിണമിച്ചുകൊണ്ടിരിക്കുന്ന
മഴയിലൂടെ വിദൂരതയിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു അരുണ്‍.

‘ലെ ട്രീറ്റ്’ അടുത്ത കാലത്താണ് ഇവിടെ പ്രവര്‍ത്തനം തുടങ്ങിയത്. നഗരത്തിലെ തിരക്കുകുറഞ്ഞ റെസ്റ്റാറന്റുകളിലൊന്നാണിത്.

ഇരുണ്ട ഇടനാഴികയിലൂടെ ബെയറര്‍ ഞങ്ങളെ രണ്ടു പേര്‍ക്ക് മാത്രമിരിക്കാവുന്ന മേശയ്ക്കരികിലേക്ക് കൊണ്ടു പോയി. എ.സിക്ക് നല്ല തണ്‍പ്പുണ്ട്. ഓര്‍ഡറെടുത്ത് ബെയറര്‍ ആരാധനയോടെ ഒന്നു കുനിഞ്ഞ് , വണങ്ങി നിഷ്ക്രമിച്ചു.

‘ഇന്ന് അരുണിന് ഭാഗ്യമുണ്ട്. ക്ലൈന്റ് മീറ്റിങ്ങ് നേരത്തെ അവസ്സാനിപ്പിക്കാന്‍ സാധിച്ചു. സാധാരണ ഒരു അഞ്ചു മണിയെങ്കിലുമാവും അത് കഴിയാന്‍. പിന്നെ രാജി ട്രെയിനിങ്ങ് കഴിഞ്ഞ് നാളെ രാവിലെയേ ചെന്നെയില്‍ നിന്നും തിരിച്ചെത്തൂ..’

അരുണ്‍ ചെറുതായി പുഞ്ചിരിക്കാന്‍ ശ്രമിച്ചു. പക്ഷേ അതില്‍ അസ്വാസ്ഥ്യത്തിന്റെ ഒരു കടലിരമ്പമാണല്ലോയെന്ന ആധി എന്നെ പിടികൂടുന്നതായി തോന്നി.

അരുണിന്റെ ജീവിതം ഇങ്ങനെ ഒരു വഴിത്തിരിവിലെത്തുമെന്ന് ഞാന്‍ ഒരിക്കലും നിനച്ചിരുന്നില്ല. സീതാലക്ഷ്മിയുടെ പ്രൊപോസല്‍ ഞാന്‍ തന്നെയാണ് കൊണ്ടു വന്നത്. ഓഫീസിലെ ജെ.ഇ.യുടെ അടുത്ത ബന്ധുവാണ് സീത. കുസാറ്റില്‍ നിന്നും മൈക്രോബയോളജിയില്‍ എം.എസ്സിയെടുത്ത് സീത വീട്ടിലിരിക്കുന്ന സമയത്താണ് അരുണിനു വേണ്ടി ഞാനതിന് ശ്രമിച്ചത്. വീട്ടിലെ ഒരേയൊരു ആണ്‍ തരിയായ അരുണിന് സീതയുടെ ജാതകത്തില്‍ ഏറെ പൊരുത്തവും. വയസ്സായ അരുണിന്റെ മാതാപിതാക്കള്‍ക്ക് മകന്റെ വിവാഹം എങ്ങനെയ്ങ്കിലും കഴിയണമെന്നേ ഉണ്ടായിരുന്നുള്ളൂ. പിന്നെ കൂടുതല്‍ ഒന്നും നോക്കിയില്ല. ഏറ്റവുമടുത്ത മുഹൂര്‍ത്തത്തില്‍ വിവാഹം കഴിഞ്ഞു. രണ്ടു മാസത്തിനുള്ളില്‍ സീതയുടെ വിസയും തയ്യാറാക്കി അരുണ്‍ അവളേയും അങ്ങോട്ടു തന്നെ കൊണ്ടു പോയി. പിന്നീട് ഒന്നര വര്‍ഷത്തിനു ശേഷം സീത മാത്രമാണ് തിരിച്ചു വന്നത്. ഏറെക്കഴിയാതെ ആ ദാമ്പത്യം കുടുംബക്കോടതിയിലുമായി. അരുണ്‍ വരാത്തതുകൊണ്ട് കേസ് പലവുരു മാറ്റി വെച്ചു. അടുത്ത ബുധനാഴ്ചയാണ് കോടതി ഇരുകൂട്ടരെയും കൌണ്‍സിലിങ്ങിന് വിളിച്ചിരിക്കുന്നത്.

അരുണ്‍ കപ്പില്‍ ബാക്കിവന്ന ബീറും കമഴ്ത്തി.

‘സീ സുന്ദര്‍, എനിക്ക് ഈ കേസ് എങ്ങനെയെങ്കിലും അവസ്സാനിപ്പിക്കണം. ഇതിങ്ങനെ വലിച്ചു നീട്ടാന്‍ യാതൊരു താത്പര്യവുമെനിക്കില്ല..’

‘അതു തന്നെയാണ് അരുണ്‍ ഞാനും പറയുന്നത്. ഇത് യാതൊരു വിധിയുമില്ലാതെ കൌണ്‍സിലിങും മറ്റുമായി നീങ്ങും..’

‘എനിക്കീ കൌണ്‍സിലിങ്ങിനോട് യാതൊരു പ്രതിപത്തിയുമില്ല..ഞാന്‍ നിന്നോട് എത്ര തവണ ഫോണില്‍ പറഞ്ഞതാണ് അവളുമായി സംസാരിച്ച് ഇതൊന്ന് ഫൈനലൈസ് ചെയ്യാന്‍..’

‘മുറിച്ചുമാറ്റാന്‍ എല്ലാം എളുപ്പമാണ് അരുണ്‍.. കൂട്ടിച്ചേര്‍ക്കാനാണ് പാട്.... നീ പറഞ്ഞ അന്നു തന്നെ ഞാന്‍ സീതയെ കണ്ടിരുന്നു... അവള്‍ ഇന്നും കാത്തിരിക്കുകയാണ്..’

‘എന്തിന് ? സുന്ദര്‍.. നിനക്കറിയില്ലേ ഞങ്ങള്‍ രണ്ട് ധ്രുവങ്ങളിലാണെന്ന്..ചെറിയ ചെറിയ കാര്യങ്ങള്‍ക്കുവേണ്ടിയാണ് അവള്‍ എന്നോട് വഴക്ക് കൂടിയത്. പിന്നെയത് സ്ഥിരമായി. നാള്‍ക്കുനാള്‍ പുതിയ പുതിയ ആവശ്യങ്ങള്‍.. എല്ലാം ഞാന്‍ ഒരു പരിധിവരെ ക്ഷമിച്ചു. നാട്ടില്‍ ഫോണ്‍ ചെയ്ത് എന്റെ അച്ഛനേയും അമ്മയേയും വരെ അവള്‍ തെറിവിളിച്ചു. ആങ്ങളമാരെ വിട്ട് എന്റെ അച്ഛനെ മര്‍ദ്ദിച്ചു...അങ്ങനെ....സുന്ദര്‍.. ഭൂതകാ‍ലം...അത് മനസ്സില്‍ നിന്നും ചിന്തിപ്പോയ രക്തമാണ്. ധമനികളിലുള്ളപ്പോള്‍ മാത്രമേ അതിന് ജീവനുള്ളൂ....’

അരുണിന്റെ ശബ്ദത്തിന് കനം വെച്ചു തുടങ്ങിയിരിക്കുന്നു.

ഞാന്‍ കുറച്ച് തണുത്ത വെള്ളമെടുത്ത് കുടിച്ചു.

‘ബട്ട് അരുണ്‍, ..’
‘സീ സുന്ദര്‍.. എന്തിനാണ് നീ അവള്‍ക്കുവേണ്ടി ഇങ്ങനെ സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. പിന്നെ, നിനക്കറിയുമോയെന്നറിയില്ല, അടുത്ത കാലത്തായി അവള്‍ വേറേതോ പയ്യനുമായി കറങ്ങി നടക്കുന്നാതായും ഞാനറിഞ്ഞു. ..’

‘ശെ.. അങ്ങനെയൊന്നുമില്ല അരുണ്‍.. നിന്നെ ആരോ തെറ്റിദ്ധരിപ്പിച്ചതായിരിക്കും..ഷി സ്റ്റില്‍ വാണ്ട് യു മാന്‍. കഴിഞ്ഞ തവണ സീതയുമായി ഞാന്‍ സംസാരിച്ചപ്പൊള്‍ അവളുടെ കണ്ണു നിറഞ്ഞിരുന്നു. നീ നിന്റെ ഭാഗം മാത്രമേ ചിന്തിക്കുന്നുള്ളൂ.. ശരിയാണ്. സീതയ്ക്ക് അല്പം സ്വാര്‍ത്ഥതയുണ്ടാവാം. അതൊരു പക്ഷേ പലരും അത് പ്രകടിപ്പിക്കുന്നത് പല വിധത്തിലാണ്. ഞാന്‍ ഡീറ്റെയിത്സിലേക്ക് പോകുന്നില്ല. ഒരു പക്ഷേ നിന്റെ ജോലിത്തിരക്കില്‍ അവള്‍ക്കായി നിനക്ക് നീക്കി വെക്കാന്‍ സമയം കിട്ടിക്കാണില്ല.... ഇതെല്ലാം ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നങ്ങളേയുള്ളു അരുണ്‍.. നീയൊരു കോമ്പ്രമൈസിന് തയ്യാറാവണം....’

‘കോമ്പ്രമൈസ്..ഇനിയെന്ത് കോമ്പ്രമൈസ് ... കഴിഞ്ഞതെല്ലാം കഴിഞ്ഞു..’

‘ഇല്ല അരുണ്‍.. ഇനിയുമതിന് സമയമുണ്ട്. ..’

അരുണ് ഒരു ഐസ് ക്യൂബെടുത്ത് കപ്പിലേക്കിട്ടു. പിന്നെ തണുത്ത വെള്ളം അതിലേക്കൊഴിച്ചു. ഫോര്‍ക്കുകൊണ്ട് ചില്ലിഗോബിയിലെ ഒരു ഫ്ലവര്‍പീസെടുത്ത് വായില്‍ വെച്ചു. മൌനം ഞങ്ങള്‍ക്കിടയില്‍ അല്പനേരം ഇതള്‍ വിരിച്ചു.

പിന്നെ ഞാന്‍ പറഞ്ഞു തുടങ്ങി..
‘ഞാന്‍ അറേഞ്ചു ചെയ്യാം..ഒരു മീറ്റിങ്.. വേണമെങ്കില്‍ നമുക്കിവിടെത്തന്നെയാക്കാം.. വാട്ട് യു സേ..’
‘സുന്ദര്‍, നിനക്കിപ്പോഴും മനസ്സിലാവുന്നില്ല..’
അരുണിന്റെ സ്വരത്തിലെ കാഠിന്യം കുറഞ്ഞിരിക്കുന്നു.

‘അരുണ്‍, ഞാനല്ലേ പറയുന്നത്.. ഒരു തവണത്തേക്ക് മാത്രം..’

അരുണ്‍ ബീയര്‍ ഗ്ലാസ് ഒറ്റവലിക്ക് മുഴുവന്‍ തീര്‍ത്തു. പിന്നെ ഒരു സിഗരറ്റിനു കൂടി തീ കൊളുത്തി.

‘അരുണ്‍..കമോണ്‍...സീതാലക്ഷ്മിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സാധനമൊന്നു പറയാമോ..’
അരുണിന്റെ മുഖത്ത് ചെറിയ പ്രകാശം. സിഗരറ്റിലെ ചാരം ആഷ്ട്രെയില്‍ തട്ടി..
‘അങ്ങനെ പ്രത്യേകിച്ച്... യെസ് ഷി ലൈക്സ് ചോക്ലേറ്റ്സ്..’
‘എനി സ്പെസിഫിക് ബ്രാന്ഡ്.. ?’
‘ഫെറേറോ റോഷറിന്റെ ചോക്ലേറ്റുകള്‍ അവള്‍ക്കിഷ്ടമാണ്......’
‘മൈ ഗുഡ്നെസ്സ്.. രാജി ആള്‍സൊ ലൈക്സ് ദി സെയിം ബ്രാന്‍ഡ്..’
ഇരുണ്ടു കൂ‍ടിയ കാര്‍മേഘങ്ങളില്‍ ചെറിയ വെള്ളിരേഖകള്‍.
‘അങ്ങനെയെങ്കില്‍ നമ്മള്‍ ഇന്നു തന്നെ ഒരു ബോക്സ് ചോക്ലേറ്റ് വാങ്ങുന്നു. ഈ കോമ്പ്ലക്സില്‍ തന്നെ ഒരു സ്വീറ്റ്ഷോപ്പുണ്ട്. അരുണിനും സീതയ്ക്കും കംഫര്‍ട്ടബിളായ ഒരു വെന്യു നിശ്ചയിക്കുന്നു. വി കുഡ് ഫൈനലൈസ് എവെരിതിങ്.....’

അറിയാതെ ചെറിയൊരു ദീര്‍ഘനിശ്വാസം എന്നില്‍ നിന്നുയര്‍ന്നു.

അല്ലെങ്കിലും അരുണ്‍ ഒരു കോമ്പ്രമൈസിനു സമ്മതം മൂളുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അരുണിന്റെ അച്ഛന്‍ സ്വാമിനാഥന്‍ കഴിഞ്ഞ ആഴ്ചയും ബാങ്കില്‍ വന്ന് ഒരു ഒത്തുതീര്‍പ്പിനുവേണ്ടി എന്നോടു സംസാരിച്ചിരുന്നു. വൃദ്ധനായ ആ മനുഷ്യന്‍ പ്രതീക്ഷയുടെ നാമ്പുകള്‍ ഇനിയും മനസ്സിലിട്ടു നടക്കുന്നു.

ഫസ്റ്റ് ഫ്ലോറിലെ സ്വീറ്റ്ഷോപ്പില്‍ നിന്നും 24 പീസുള്ള ഫെറേറോ റോഷര്‍ വാങ്ങി ലിഫ്റ്റിനടുത്തെത്തിയപ്പോഴായിരുന്ന്നു പെട്ടന്ന് ബില്‍ഡിങ്ങിലെ മറുഭാഗത്ത് ഒരു പ്രണയ ജോഡികളെ ശ്രദ്ധയില്‍ പെട്ടത്. കൈകോര്‍ത്തു പിടിച്ച് വളരെ സന്തോഷത്തോടെയാണവര്‍ വരുന്നത്. ആന്റ്റിക് ഷോപ്പിലെ വെളിച്ചത്തിനടുത്തെത്തിയപ്പോഴാണ്‍ അവരുടെ മുഖം ശ്രദ്ധിച്ചത്.

അത് സീതാലക്ഷ്മിയല്ലേ..അതെ..
ഞാന്‍ പെട്ടന്ന് ശ്രദ്ധ തിരിച്ചു. അരുണിന്റെ മുഖത്തേക്ക് നോക്കി.
ഇല്ല. അരുണ്‍ കണ്ടിട്ടില്ല. അരുണ്‍ ലിഫ്റ്റ് വരുന്നത് ശ്രദ്ധിച്ചു നില്‍ക്കുകയാണ്.

‘ലിഫ്റ്റ് വരാന്‍ വൈകും. നമുക്ക് സ്റ്റെപ്സിറങ്ങാം..’ അരുണിന്റെ പുറത്ത് തട്ടിക്കൊണ്ട് ഞാന്‍ പറഞ്ഞു. പിന്നെ സ്റ്റെപ്സിറങ്ങി ബേസ്മെന്റിലെ പാര്‍ക്കിങ്ങിലേക്ക് നടന്നു.

കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. അരുണിന്റെ വണ്ടി അപ്പുറത്തുള്ള വിങിലാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്. പാതി തുറന്ന സൈഡ് ഗ്ലാസ്സിലൂടെ അരുണ്‍ കൈനീട്ടി.

‘അരുണ്‍, ഞാന്‍ എല്ലാം അറേഞ്ചു ചെയ്ത് വിളിക്കാം...’ എന്റെ സ്വരം ഇടറിയിരുന്നു.
അരുണിന്റെ കൈയ്യിലെ തണുപ്പ് വിട്ടുമാറിയിരുന്നു. അലസമായൊന്ന് ചിരിക്കാന്‍ ശ്രമിച്ചു അരുണ്‍.
പിന്നെ ചോക്കലേറ്റ് പാക്കെടുത്ത് എനിക്ക് നീ‍ട്ടി.
‘ഇത് രാജിക്ക് കൊടുക്കൂ.. രാജിക്കീ ചോക്കലേറ്റ് ഇഷ്ടമാണെന്നല്ലേ നീ പറഞ്ഞത്..’
‘ബട്ട് അരുണ്....’ വാക്കുകള്‍ പുറത്തു വരുന്നില്ല. കൈയുയര്‍ത്തി ‘ബൈ’ പറഞ്ഞ് അരുണ്‍ അകന്നു പോകുന്നു.
സ്റ്റീയറിങ് വീലില്‍ എന്റെ കൈ തരിച്ചിരുന്നു.
പുറത്ത് തുലാവര്‍ഷം തകര്‍ത്തു പെയ്തു തുടങ്ങിയിരിക്കുന്നു.

Thursday, October 05, 2006

നിറയെ പൂമരങ്ങളുള്ള വീട്.

വേഗത കുറയ്ക്കാനായി ഞാന്‍ കാര്‍ മൂന്നാം ഗീയറിലേക്ക് മാറ്റി. നഗരത്തിന്റെ അതിര്‍ത്തികള്‍ കഴിഞ്ഞിരിക്കുന്നു. കയറ്റങ്ങളും ഇറക്കങ്ങളും തണല്‍ത്തുണ്ടുകളും നിറഞ്ഞ വഴി. വയല്‍ക്കാഴ്ച്ചകള്‍. നീരൊഴുക്ക്. നിശബ്ദതതയോട് വിശേഷം ചോദിക്കുന്ന കാറ്റ്. എപ്പോഴെങ്കിലും ഇതിലൂടെയെല്ലാം ഇങ്ങനെ നീങ്ങിപ്പോകുന്നത് ഒരു രസമാണ്. ചരിത്രപ്രാധാന്യമോ പ്രകൃതിസൌന്ദര്യമോ ഇല്ലാത്തിടത്തുള്ള ഒരു രസം. ബാല്യത്തിന്റെ നീരൊഴുക്കിലേക്ക് പോകുന്നതുപോലെ.

ഞാന്‍ സാവകാശം കാറോടിക്കുകയാണ്.

പത്തു ദിവസത്തെ കുറുക്കിക്കിട്ടിയ ലീവ് തീരാന്‍ അഞ്ചു ദിവസം കൂടി മാത്രമുള്ളപ്പോളായിരുന്നു തികച്ചും അപ്രതീക്ഷിതമായി രാമചന്ദ്രന്റെ ഫോണ്‍ വരുന്നത്. ടെലിഫോണ്‍ ഡയറക്ടറിയില്‍ ഏറെ നേരത്തെ ശ്രമഫലമായി കിട്ടിയതാണ് എന്റെ നമ്പറെന്ന് പറഞ്ഞാണ് തുടങ്ങിയത്. ഇത്തവണ കാണാതെ പോകരുതെന്ന അഭ്യര്‍ത്ഥനക്കു മുന്‍പില്‍ എനിക്ക് വഴങ്ങേണ്ടി വന്നു. വീട്ടിലേക്ക് വരേണ്ട വഴികളെക്കുറിച്ച് ഒരു ഏകദേശ ധാരണയും തന്നു. രാജീവിന്റെ സൌഹൃദവലയത്തിലെ മറ്റൊരു കണ്ണിയായിരുന്നു എന്നെപ്പോലെ രാമചന്ദ്രനും. ഏറെക്കാലമായി രാമചന്ദ്രനെ കണ്ടിട്ട്. അല്ലെങ്കിലും രാമചന്ദ്രനോടായിരുന്നില്ലല്ലോ എനിക്ക് കൂടുതല്‍ അടുപ്പം.

ആട്ടൊകാഡില്‍ പ്രത്യേക വൈദഗ്ദ്യം നേടിയ രാജീവിന്റെ കമ്പ്യൂട്ടറിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാനായിരുന്നു ആദ്യമായി രാജീവുമായി എനിക്ക് സന്ധിക്കേണ്ടി വന്നത്. ആത്മവിശ്വാസത്തിന്റെ ആദ്യപാഠങ്ങള്‍ എന്നെ പഠിപ്പിച്ചത് രാജീവായിരുന്നു. അതുതന്നെയായിരുന്നു ഞങ്ങളെ തമ്മിലടുപ്പിച്ചതും പല പ്രോജക്റ്റുകളിലും സഹകാരികളാക്കിയതും.

കട്ടന്‍ ചായയുടെയും ബെക്കാര്‍ഡിയുടെയുമെല്ലാം ശാക്തീകരണത്തില്‍ ക്ലൈവ് ഈഗള്‍ട്ടനും ജാനറ്റ് വിന്റേഴ്സനുമെല്ലാം കയറിയിറങ്ങിയ യാമങ്ങളില്‍ രാജീവിന് പ്രോജക്റ്റുകളുടെ തിരക്കായിരുന്നു. അതിലൊന്നു തന്റെ സ്വന്തം സ്വപ്നപ്രോജക്റ്റു തന്നെയായിരുന്നു.
സ്വന്തമായി ഒരു പുതിയ വീട്. തറവാടു വകയില്‍ സ്ഥലം ഉണ്ട്. മൂന്നു അറ്റാച്ച്ഡ് ബെഡ് റൂം, ഒരു ലിവിങ്, ഒരു കിച്ചണ്‍, കാര്‍പോര്‍ച്ച്, സിറ്റൌട്ട് എന്നിവയുള്ള വീട്. വീടിന്റെ സിറ്റൌട്ട് പഴയ തറവാടിന്റെ കരിവീട്ടിയില്‍ പണിത ചാരുകള്‍ പിടിപ്പിക്കണം. സിറ്റൌട്ടില്‍ അച്ഛനുപയോഗിച്ചിരുന്ന് ചാരുകസേര. വീടിന് മുന്നില്‍ നിറയെ പൂമരങ്ങള്‍. പിന്നൊരു മുത്തുക്കുടിയന്‍ മാവ് അതിലൊരു ഊഞ്ഞാല്‍.
ഏറെ കഷ്ടപ്പെട്ട് 3 ഡി മാക്സിലും ഫോട്ടൊഷോപ്പിലുമായി പൂര്‍ത്തിയാക്കിയ പ്രോജക്റ്റ് വളരെ മനോഹരമായി എനിക്ക് തോന്നി. നഗരത്തിലെ മള്‍ട്ടിപ്ലെക്സ് കോപ്ലക്സിന്റെ പ്രോജക്റ്റിനിടയിലെ സമയം കൊണ്ടാണ് രാജീവത് പൂര്‍ത്തിയാക്കിയത്. അതുകൊണ്ടു തന്നെ രാധികയുടെ പ്രപോസല്‍ വന്നപ്പൊള്‍ രാമചന്ദ്രന്‍ തന്നെ വേണ്ടിവന്നു അതെന്നൊട് പറയാനും രാജീവിനെക്കൊണ്ടൊരു സമ്മതപത്രം വാങ്ങിപ്പിക്കാനും.

ഒരു മഴക്കാലത്തിന്റെ അവസാന നാളുകളിലൊന്നില്‍ രാജീവ് രാധികയുമായി ഫ്ലൈറ്റിറങ്ങിവന്നത് എന്റെ ബാചിലേഴ്സ് ഫ്ലാറ്റിലേക്ക്. നെറ്റിയില്‍ കുങ്കുമവും കവിളിലൊരു മറുകും ചന്ദനത്തിന്റെ ഗന്ധവുമുള്ള രാധിക, രാജിവിന് നല്ല ചേര്‍ച്ചയാണെന്ന് മനസ്സിലുറപ്പിച്ചു. രാത്രി ഏറെ വൈകിയാണ് രാമചന്ദ്രന്‍ അന്ന് ഒരു റൂം സംഘടിപ്പിച്ചത്. നന്ദിവാക്കിന്റെ ഔപചാരികതകള്‍ രാജീവിനില്ലെങ്കിലും രാധികയുടെ നിര്‍ബന്ധത്തിന് വഴങ്ങി രാമചന്ദ്രനോടന്ന് താങ്ക്സ്’ പറയേണ്ടി വന്നു. പിന്നീട് നിസാരമായ ഒരു പ്രശ്നത്തിന്റെ പേരില്‍ രാജീവുമായി രാമചന്ദ്രന്‍ തെറ്റിപ്പിരിഞ്ഞത് ഞാന് മനസ്സിലാക്കുമ്പോള്‍ ഏറെ വൈകിയിരുന്നു. അവര്‍ ഏറെ അകന്നുമിരുന്നു.

ഒരു വേനലിന്റെ ആലസ്യത്തില്‍ ‘കാളിമ’യിലിരുന്ന് ഒരു ബീറിന് ഓര്‍ഡര്‍ചെയ്യുമ്പോഴായിരുന്നു രാധികയുടെ ഫോണ്‍ വന്നത്. രാജീവിന് ഒരു ചെറിയ വയറു വേദന... മിനിസ്ട്രി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നു. രാധിക ഏറെ പരിഭ്രമത്തോടെയാണ് വിളിച്ചത്.... മലയാളിയായ ഡോക്ടര്‍ തോമസ് ജോസഫ് മാറ്റി നിര്‍ത്തി സംസാരിക്കുന്നതുവരെ എനിക്കതൊരു സാധാരണ വയറുവേദന പോലെയേ തോന്നിയിരുന്നുള്ളു. അപ്പോഴേക്കും കാന്‍സറിന്റെ അഡ്വാന്‍സ്ഡ് സ്റ്റേജിലായിരുന്നു രാജീവ്..... കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സര്‍ജ്ജറിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി എയര്‍പോര്‍ട്ടില്‍ വെച്ച് യാത്രപറയുമ്പോള്‍ രാജീവ് വളരെ ഉന്മേഷവാനായിരുന്നു. മാത്രവുമല്ല, രണ്ടുമാസം കൊണ്ട് തിരിച്ചു വരാമെന്ന ശുഭ പ്രതീക്ഷയിലും...... അത് ഒരു പ്രതീക്ഷമാത്രമായിരുന്നു. പിന്നീടൊരിക്കലും രാജീവിന് തിരിച്ചു വരാനായില്ല.

നാട്ടിലെ ചെറിയ വെക്കേഷനുകളിലെ ഇടവേളകളില്‍ രാജീവുമായി ഇടക്കിടെ ഞാന്‍ സന്ധിക്കാറുണ്ടായിരുന്നു.... അതിനിടെ നഗരത്തില്‍ സ്വന്തമായി ഓഫീസ് പണിത് രാജീവ് പുതിയ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് കടന്നിരുന്നു.... മാര്‍ക്കറ്റില്‍ ആട്ടോകാഡിന്റെയും 3 ഡി. മാക്സിന്റേയും മായയുടെയുമെല്ലാം പുതിയ പുതിയ വേര്‍ഷനുകള്‍ വരുമ്പോള്‍ ഞാനത് രാജീവിനയച്ചുകൊടുക്കുമായിരുന്നു.

ശിശിരകാലത്തിന്റെ മൂര്‍ദ്ധന്യത്തില്‍ ഇയര്‍ എന്‍ഡിങ് പ്രോസ്സസിന്റെ തിരക്കിനിടയില്‍ സ്പാം മെയിലുകള്‍ ഡിലീറ്റ് ഫോള്‍ഡറിലേക്ക് മാറ്റുമ്പൊഴാണ് അതിനിടയിലുണ്ടായിരുന്ന രാമചന്ദ്രന്റെ ഒരു പഴയ മെയില്‍ ശ്രദ്ധയില്‍ പെട്ടത്. ഒരു മാസം മുന്‍പ് രോഗം മൂര്‍ച്ഛിച്ച് രാജീവ് നമ്മെ വിട്ടുപോയ വിവരം. കൂടുതല്‍ വിവരങ്ങളൊന്നുമില്ല. രാജീവിന്റെ മൊബൈലില്‍ ഞാന്‍ പലതവണ ശ്രമിച്ചു. നമ്പര്‍ നിലവിലില്ലെന്ന മെസ്സേജ് മാത്രം. രാമചന്ദ്രനു റിപ്ലെ അയച്ചിട്ടും യാതൊരു മറുപടിയുമില്ല. ഒരു പക്ഷേ ഞാന്‍ മറ്റൊരു രാജ്യത്തേക്ക് മാറിയപ്പൊള്‍ എന്നെ ഫോണില്‍ വിളിക്കാനാവാത്തതിന്റെ ദു:ഖം രാജീവിനുണ്ടായിരുന്നിരിക്കാമെന്ന ഓര്‍മ്മപ്പെടുത്തല്‍ എന്നില്‍ ഏറെ നീറ്റലുണ്ടാക്കി. പിന്നെ, മറവിയെന്നത് തീര്‍ത്തും മാനുഷികമായ ഒരു അവസ്ഥയാണല്ലോ. ഒറ്റപ്പെടലിന്റെ വേളകളില്‍ മാത്രമായിരിക്കും മറവിയെക്കുറിച്ച് മറക്കുന്നതു തന്നെ.

ഗ്ലാസ്സില്‍ ഒന്നു രണ്ടു തുള്ളികള്‍. മഴക്കുള്ള ലക്ഷണമുണ്ട്. വൈപ്പര്‍ സ്വിച്ച് ഓണ്‍ ചെയ്തു. അതിരാവിലെയായതിനാലും ഒഴിവുദിവസമായതിനാലും റോഡില്‍ തിരക്കുകുറവാണ്. മടിപിടിച്ച ഒരു ഞായറാഴ്ച അവിടെയുമിവിടെയും ചുറ്റിത്തിരിയുന്നു.

രാമചന്ദ്രന്‍ പറഞ്ഞ വളവ് തൊട്ടടുത്തതാണ്. വളവ് കഴിഞ്ഞ് മൂന്നാമത്തെ വലതുവശത്തെ റോഡ്. അവിടെ നിന്നും ഇടതു വശത്തെ നാലാമത്തെ വീട്.
മഴത്തുള്ളികള്‍ക്ക് കനം കൂടുകയാണെന്ന് തോന്നുന്നു. വിന്ഡോകള്‍ ഉയര്‍ത്തി.
'ബാത് നികലേഗി തോ ഫിര്‍..’ ജഗ്ജിത് സിംഗിന്റെ ശബ്ദത്തിന്റെ സൌകുമാര്യത ഇപ്പോഴാണ് ശരിക്കുമറിയുന്നത്.

വലതുവശത്തെ റോഡ് കടന്നു. ഇനിയൊരു ചെറിയ പാലമാണ് അതിനപ്പുറം ചെറിയ നെല്‍പ്പാടം. ഇതെക്കുറിച്ച് രാമചന്ദ്രന്‍ പറഞ്ഞിരുന്നില്ലല്ലോ. പാടവും കഴിഞ്ഞ് ചെറിയൊരു കയറ്റവും കഴിഞ്ഞാണ് വീടുകള്‍ തുടങ്ങുന്നത്.

അതെ., മൂന്നാമത്തെ വീടിന്റെ ഗേറ്റിനു മുന്‍പായി കാര്‍ ഒതുക്കി നിര്‍ത്തി.
വലിയൊരു മുറ്റമുള്ള വീടാണത്. ഇതു തന്നെയായിരിക്കണം
മുറ്റം നിറയെ പൂത്ത പൂമരങ്ങള്‍. നല്ല കാറ്റുണ്ട്. പൂമരങ്ങളില്‍ നിന്നും നിറയെ പൂക്കള്‍ പൊഴിയുന്നു.
ഗേറ്റു തുറന്ന് അകത്തേക്ക് നടന്നു. ചെറുതായി മഴ ചാറുന്നുണ്ട്. സിറ്റൌട്ടും കാര്‍പോര്‍ച്ചുമെല്ലാമുള്ള വീട്. പോര്‍ച്ചില്‍ പുതിയ മോഡല്‍ വെളുത്ത ഹ്യുണ്ടായ് അക്സന്ട് കാര്‍ കിടക്കുന്നു. സിറ്റൌട്ടിലെ കാളിങ്ബെല്ലില്‍ അമര്‍ത്തി.
അകത്ത് കിളികളുടെ ശബ്ദം.
വാതില്‍ തുറന്നു.

കുളികഴിഞ്ഞ് ഈറന് തോര്‍ത്തുമുണ്ട് മാത്രമുടുത്തു,ചിരിച്ചുകൊണ്ട് രാജീവ്.
ഒരു മാറ്റവുമില്ല. രാത്രി ജോലികഴിഞ്ഞ് നേരം വൈകി ഉണരുമ്പോള്‍ ഒരു കാക്കക്കുളി കുളിച്ച് ഡ്രസ്സ്മാറാന്‍ പോകുന്ന അതേ രൂപം. തോര്‍ത്തുമുണ്ടില്‍ നിന്നും നിലത്തേക്ക് വെള്ളമിറ്റിറ്റു വീഴുന്നുണ്ട്.
ലിവിങ് റൂമില്‍ നിന്നും ചായയുമായി വരുന്ന രാധിക. രാധികയുടെ കവിളിലെ മറുക് . ചന്ദനത്തിന്റെ ഗന്ധം. ...
ഞാന്‍ രാജീവിന്റെ കൈകള്‍ കൂട്ടിപിടിച്ചു. പിന്നെ മെല്ലെ തിരിഞ്ഞു നടന്നു.
മഴ പെയ്തൊഴിഞ്ഞിരുന്നു. മുറ്റത്ത് നിറയെ പൂമരം പെയ്തിറങ്ങിയിരിക്കുന്നു. ചെറിയ കാറ്റുണ്ട്.
മുത്തുകുടിയന്‍ മാവില്‍ കെട്ടിയിരിക്കുന്ന ഊഞ്ഞാല്‍ മെല്ലെ ആടുന്നു.
ഗേറ്റ് കടന്ന് ഞാന്‍ കാറില്‍ കയറി.
കാറ് സ്റ്റാര്‍ട്ട് ചെയ്തു. ഗിയര്‍ മാറ്റി കാറ് മുന്നോട്ടെടുക്കുമ്പോള്‍ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി. അപ്പോളാണ് ഗേറ്റിലെ നെയിംബോര്‍ഡ് ശ്രദ്ധയില്‍ പെട്ടത്.
‘രാമചന്ദ്രന്‍ .സി.എ.’
ഈ ബോര്‍ഡ് അങ്ങോട്ട് പോകുമ്പോള്‍ ഞാന്‍ കണ്ടില്ലല്ലോയെന്നൊര്‍ത്തു.
ആക്സലെറേറ്റരില്‍ കാലമര്‍ന്നുകൊണ്ടിരുന്നു. ചെറിയ ചാറ്റല്‍ മഴ പെയ്തുകൊണ്ടിരിക്കുന്ന ഈ പകല്‍ അവസാനിക്കില്ല. തിരിച്ചുള്ള ഈ ദൂരം ഒരിക്കലും താണ്ടിത്തീരില്ല.

Tuesday, September 26, 2006

ഇല പൊഴിയും കാലം...

മുത്തച്ഛന്‍ തെങ്ങിന്റെ ചുവട്ടില്‍ കിടന്ന കൊതുമ്പ് എടുത്ത് കോലായിലേക്ക് മാറ്റിവെച്ചു. മുത്തച്ഛന്റെ കൈയിലെ ഊന്നുവടി എന്റെ അടുത്ത് തന്നെ വെച്ചിരുന്നു. അതിന്റെ പിടിയിലെ പിച്ചളയുടെ സിംഹത്തിന്റെ രൂപം തേഞ്ഞില്ലാതായിരിക്കുന്നു. ഈ വടി മുന്‍പ് ശേഖരമാമന്‍ സിംഗപ്പൂരുനിന്നും ലീവിന് വന്നപ്പോള്‍ കൊണ്ടു കൊടുത്താ‍യിരുന്നെന്ന് മുത്തച്ഛന്‍ പലതവണ എന്നോട് പറഞ്ഞിട്ടുണ്ട്.
ഞാന്‍ ഉമ്മറപ്പടിയില്‍ ഇരിക്കുകയായിരുന്നു. അമ്മിണിയമ്മ തെങ്ങിന്റെ കടക്കല്‍ അടിച്ച് തീയിടുന്നു.
‘അമ്മിണ്യേ.. കാറ്റ് ണ്ട്. സൂക്ഷിച്ച് തീയിടണം ട്ട്വോ.. അപ്രത്ത് വൈക്കോല്‍ത്തുറു ണ്ട് ന്ന് ഒരു വിചാരം വേണം..’ മുത്തച്ഛന്‍ അമ്മിണിയമ്മയോട് പറഞ്ഞു.
അമ്മിണിയമ്മക്ക് അല്ലെങ്കിലും ശ്രദ്ധ അല്പം പോലും ഇല്ല. ഒന്ന് വൃത്തിയായിട്ട് നടക്കുകയുമില്ല. മുഷിഞ്ഞ മുണ്ടും കീറിയ ബ്ലൌസുമാണ് അമ്മിണിയമ്മ ധരിക്കുന്നത്. എന്നാലും അമ്മിണിയമ്മക്ക് ഒരു ഇരുമ്പിന്റെ മോതിരമുണ്ട്. നല്ല ഭംഗിയുള്ളത്. അത് എപ്പോഴും ധരിക്കും. പണ്ട് ഇവിടെ തൃത്താല മനക്കില് നിന്ന് വന്ന കൂട്ടത്തീലെ ഒരു ആത്തോല കൊടുത്തതാണത്രെ. അമ്മിണിയമ്മക്ക് അകത്തെ പണികള്‍ക്ക് വലിയ താത്പര്യമില്ല. ഏതുനേരവും പുറത്താണ്. രാധമ്മായിക്ക് അമ്മിണിയമ്മയെ അത്ര ഇഷ്ടമില്ല. രാധമ്മായി എപ്പോഴും പറയും.. ‘ ആ പണ്ടാരം പിടിച്ച തള്ള..’
മുത്തച്ഛന്‍ പിന്നെ എന്റെ അടുത്ത് വന്നിരുന്നു.
‘ഇന്ന് മഴപെയ്യില്ലാന്ന് ന്യ തോന്നണെ.... മഴക്കാറ് കിഴക്കോട്ടാ പോണെ. .’ മുത്തച്ഛന്‍ പറഞ്ഞു. മുത്തച്ഛന്‍ അങ്ങനെ പറഞ്ഞാല്‍ അത് ശരിയായിരിക്കും.
‘കുട്ടനെന്താ ഇങ്ങനെ ആലോചിച്ചിരിക്കണെ..’
'ഏയ്.. ഒന്നൂല്യ..’
‘അങ്ങന്യലാലോ.. കുട്ടനെന്തോ മനസ്സിലുണ്ട്..’
‘ന്നാലും അച്ഛന്‍ ങ്ങനെ പറഞ്ഞപ്പോ യ്ക്ക് വിഷമായി’
‘അച്ഛന്‍ എന്താ കുട്ടനോട് ദ്വേഷ്യപ്പെട്ടോ ?’
‘അതല്ലാ.. അച്ഛന്‍ ഇന്നലെ മുത്തച്ഛനോട് ങ്ങനെ പറഞ്ഞപ്പോള്‍ യ്ക്ക് വിഷമായീന്നാ പറഞ്ഞെ..’ ‘എപ്പൊ പറഞ്ഞു ?’
‘ഇന്നലെ രാ‍ത്രി ഡിന്നറ് കഴിഞ്ഞിട്ട് മ്മറത്ത് ഇരിക്കുമ്പളേയ്....’
‘അതിന് കുട്ടന്‍ ഉറങ്ങാന്‍ പോയില്യേ..പിന്നെങ്ങിന്യാ..’
‘ഇല്യ.. ഞാന്‍ തെക്കിനിടെ അടുത്ത് നിക്ക് ണ് ണ്ടായ് രുന്നു.. അച്ഛന്‍ പറഞ്ഞതൊക്കെ ഞാനും കേട്ടു.. ന്നാലും മുത്തച്ഛനൊട് ഇങ്ങന്വൊക്കെ ദ്വേഷ്യപ്പെടാന്‍ എന്താ ണ്ടായേ .. ?’
‘അത് സാരം ല്യാ കുട്ടാ. അച്ഛന് ദ്വേഷ്യം വന്ന്ട്ടല്ലേ....’
‘കുട്ടന്‍ വാ .. നമുക്ക് ആ കുളക്കടവിന്റെ അട്ത്തേക്ക് പൂവ്വാം.. അവിടെ താമരക്കിളിയുടെ കൂട് പ്പളും അവിടെ ണ്ടോന്ന് നോക്കാം..’ മുത്തച്ഛന്‍ വിഷയം മാറ്റാനായി പറഞ്ഞ്ഞു. പിന്നെ മെല്ലെ മുത്തച്ഛന്‍ എഴുന്നേറ്റു ഊന്നുവടിയെടുത്ത് നടന്നു തുടങ്ങി.
ഞാന്‍ മുത്തച്ഛനോടൊപ്പം നടന്നു. കുളക്കടവിന്റെ തെക്കെ ഭാഗത്തുള്ള ഈ മരത്തിന്റെ ഇലകള്‍ പൊഴിഞ്ഞിരിക്കുന്നു. വൃശ്ചികക്കാറ്റുകൊണ്ടാവാം. ചില ശിഖരങ്ങള്‍ ഒടിഞ്ഞു തൂങ്ങിയിരിക്കുന്നു, കടവാവലുകള്‍ തൂങ്ങിക്കിടക്കുന്നതുപോലെ തോന്നിച്ചു. അപ്പുറത്ത് നിന്നിരുന്ന പനയില്‍ ചാരിയാണ് മരം നില്‍ക്കുന്നത്.
‘മുത്തച്ഛാ’
‘ഉം..’
‘ഇതെന്ത് മരാ..’ ഞാന്‍ ചോദിച്ചു.
‘ഇതാണ് നാരകം. നമ്മള് പണ്ടൊക്കെ വടുകപ്പുളി ഉണ്ടാക്കിയിരുന്നത് ഇതിന്റെ നാരങ്ങ കൊണ്ടാ..’
ഇതിന്റെ നാരങ്ങകൊണ്ടാണ് അമ്മിണിയമ്മ വടുകപ്പുളി അച്ചാറുണ്ടക്കുന്നത്. അച്ഛന്‍ തിരിച്ച് പോകുമ്പോള്‍ രണ്ട് ഭരണി നിറച്ച് കൊണ്ടു പോകും.
‘ഇപ്പൊ എന്ത്യെ നാരങ്ങ ണ്ടാവ്ണില്യേ..’
‘അതിന് വയസ്സായില്യേ.. ത്രേം കാലം അത് നമുക്ക് നാരങ്ങ തന്നില്ലേ.. ഇപ്പൊ അത് തളര്‍ന്നു.. ഈ വൃശ്ചികമാസം കഴിയുമ്പോഴേക്കും അത് വീഴും...’
‘അപ്പൊ ഈ മരം മരിക്കും ല്ലേ...’
‘പിന്നെ..’
‘ശരിക്കും. ..?’
‘പിന്നെ.. മരം മാത്രല്ല.. ജീവികളും മനുഷ്യരുമെല്ലാം ഒരു ദിവസം മരിക്കും..’
‘അപ്പൊ കുറച്ച് കഴിഞ്ഞാല്‍ മുത്തശച്ഛനും മരിക്കും ല്ലേ..’
‘ഏയ്.. മുത്തശ്ശന്‍ മരിക്യേ.. മുത്തശ്ച്ഛനൊന്നും മരിക്കില്യ കുട്ടാ..’
മുത്തച്ഛന്‍ എന്നെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.
മുത്തച്ഛന്റെ മുഖത്തെ പേശികള്‍ ചെറുതായി മുറുകുന്നതായി കണ്ടു. വെറ്റിലക്കൂട്ടിന്റെ മണം.
മുഖത്തെ കുറ്റിമുടികള്‍ എന്റെ മൃദുലമായ മുഖത്ത് ഉരസിയപ്പൊള്‍ ചെറുതായൊന്ന് മാറി. എന്റെ മുഖത്ത് ചെറിയ നനവ് പടര്‍ന്നിരുന്നു. മന്ദമായി ഒഴുകിക്കൊണ്ടിരുന്ന വൃശ്ചികക്കാറ്റിന് ചെറിയ തണുപ്പ്.

Wednesday, September 20, 2006

എസ്.എം.എസ്

കാലത്ത് പത്രവായനക്കിടക്കാണ് പുറത്ത് ചാറ്റല്‍ മഴ തുടങ്ങിയത് അയാള്‍ കാണുന്നത്. മഴ കൂടിയാല്‍ പിന്നെ പുറത്തുള്ള കറക്കമൊന്നും നടക്കില്ല. മൂന്നാഴ്ച വെക്കേഷനിലെ ഒന്നാമത്തെ ആഴ്ചയാണ് കടന്നു പോകുന്നത്. ടൌണിലെ ട്രാവല്‍ ഏജന്റിനോട് രണ്ടാഴ്ചകഴിഞ്ഞുള്ള ടിക്കറ്റ് കണ്‍ഫേം ചെയ്യാന്‍ ഇന്നലെയാണ് പറഞ്ഞത്.
പഴയ ഈ ചാരു കസേരയിലിരുന്ന് കാലത്ത് പത്രം വായിക്കുകയെന്നത് നാട്ടിലെത്തിയാല്‍ ഒരു ബലഹീനതയാണ്.
ഒപ്പം ഒരു ഫില്‍ട്ടര്‍ കോഫി കൂടിയായാല്‍ കേമം.
അതിനിടയിലാണ് ‘കിര്‍ കിര്‍’ ശബ്ദത്തോടെ ഒരു എസ്.എം.എസ്. നാദം.
ഇത് തന്റെ മൊബൈലിന്റെയല്ലല്ലൊയെന്ന് അയാളോര്‍ത്തു.
ജലജയുടെയായിരിക്കും.
കഴിഞ്ഞ തവണ നാട്ടില്‍ വന്നപ്പോഴാണ് ജലജക്ക് ഒരു പുതിയ മൊബൈല്‍ കൊടുത്തത്. നോക്കിയയുടെ പുതിയ മോഡല്‍ . ഇന്‍ കം ടാക്സ് ഓഫീസിലെ ആഡിറ്ററായ ജലജക്ക് പലപ്പോഴും യാത്രചെയ്യേണ്ടതുള്ളതുകൊണ്ട് മൊബൈല്‍ ഫോണ്‍ അത്യാവശ്യമാണ്. പിന്നെ അത്യാവശ്യത്തിന് പാട്ടുകേള്‍ക്കാന്‍ എം.പിത്രീ പ്ലെയറും ഉള്ളതാണ് വാങ്ങിയത്.
‘ജലജേ .. ആ മൊബൈലൊന്ന് നോക്കിക്കൊ.. ഏതൊ എസ്.എം.എസ് വന്നിട്ടുണ്ടെന്ന് തോന്നുന്നു..’
മറുപടിയൊന്നുമില്ല.
ഒരു പക്ഷേ ജലജ കുളിക്കുകയായിരിക്കും.
ബെഡ് റൂമിലെ ഷെല്‍ഫില്‍ വെച്ചിരിക്കുന്ന ജലജയുടെ മൊബൈലില്‍ പ്രകാശമുണ്ട്.
ഏതൊ പുതിയ നമ്പറില്‍ നിന്നാണ്.
+984.....
There are a million stars and a million dreams,
you are the only star for me,
the only dream i dream.
കൊള്ളാമല്ലോ. ഇതേതാ കക്ഷി ?
പേരില്ലാത്ത കക്ഷിയാണ്. അഡ്രസ്സ് ബുക്കില്‍ പേരില്ല. നമ്പര്‍ ഫീഡ് ചെയ്തിട്ടുമില്ല. പഴമ്പുരാണങ്ങള്‍ നോക്കി. പുതുമുഖമല്ല. മുന്‍പും അയ്ച്ചിരിക്കുന്നു.
You can fall from a bridge,
you can fall from above, but the best way of falling is falling in love!
മോശമില്ല. ഇങ്ങനെ ഒരു പത്ത് പന്ത്രണ്ട്ണ്ണം കഴിഞ്ഞ നാലഞ്ച് മാസമായി....
അയച്ച എസ്.എം.എസ് ഫോള്‍ഡര്‍ ശൂന്യം. ഈ നമ്പറിലേക്ക് പലതവണയായി വിളിച്ചിട്ടുമുണ്ട്.
ജലജ ഇതൊന്നും തന്നോട് പറഞ്ഞില്ലല്ലോയെന്ന് അയാളോര്‍ത്തു. തിരക്കിട്ട ഓഫീസ് ജോലിക്കിടെ ഒരു ഭാര്യക്ക് ഭര്‍ത്താവിനോട് ഇങ്ങനെയുള്ള ചെറിയകാര്യങ്ങള്‍ പറയാന്‍ ഒരു പക്ഷേ സമയം കിട്ടിയെന്നു വരില്ലെന്ന് അയാളോര്‍ത്തു. ഓഫീസിലെയും നാട്ടിലെയുമായ എല്ലാ കാര്യങ്ങളും മിക്ക ദിവസങ്ങളിലും തനിക്ക് ഇ-മെയില്‍ ചെയ്യാറുള്ളതാണ്. പിന്നെ ആഴ്ചയില്‍ രണ്ടു തവണ ഫോണും. പുതിയ മെസ്സേജ് അയാള്‍ അണ്‍ റീഡിലേക്ക് മാറ്റി. ഏതായാലും ജലജയോട് തന്നെ ചോദിക്കാം.അയാള്‍ ഉമ്മറത്ത് ചെന്നിരുന്ന് പത്രവാ‍യനയിലേക്ക് മുഴുകി.
പത്രത്തില്‍ ഇന്നും സ്ഥിരമായ ചില വിശേഷങ്ങള്‍ മാത്രം. കൊലപാതകം, മാല പൊട്ടിക്കല്‍ , ജലക്ഷാമം., ബലാത്സംഗം, പിടിച്ചുപറി, വരാനിരിക്കുന്ന ബസ് സമരം.....
മഴയുടെ ശക്തി കൂടുകയാണെന്ന് തോന്നുന്നു.
അതെ., ജലജ കുളിക്കുകയായിരുന്നു. മുടി തുവര്‍ത്തുമുണ്ടുകൊണ്ട് കെട്ടിയാണ് അവള്‍ ചായയുമായി വന്നത്. ജലജയുടെ മുടിക്ക് ചെമ്പരത്ത്യാതിയെണ്ണയുടെ വാസനയുണ്ട്
‘ജലജക്ക് ഏതോ എസ്.എം.എസ് വന്നിട്ടുണ്ടന്നു തോന്നുന്നു. മൊബൈല് നോക്കിയോ ?’
‘ഓ..അത് ഐഡിയ ക്കാരുടെ ഏഡാണ്..അത് ഇടക്കിടെ വരാറുണ്ട്. ഞാനത് ഡിലിറ്റ് ചെയ്തു..’
അയാള്‍ അവളുടെ മുഖത്തേക്ക് ഒന്നു നോക്കി. മെല്ലെ എഴുന്നേറ്റ് അയാള്‍ ഉമ്മറത്തെ തിണ്ണയുടെ അടുത്ത് ചെന്ന് നിന്നു. മഴയുടേ ശക്തി കൂടിയിരിക്കുന്നു. മുറ്റത്തെ ചേമ്പിലകളില്‍ ജലകണങ്ങള്‍ ഉരുണ്ടു കൂടി തണ്ടിലൂടെ താഴേക്കിറങ്ങുന്നു.
പിന്നെ അയാള്‍ തന്റെ മൊബൈലെടുത്ത് ട്രാവല്‍ ഏജന്റിന്റെ നമ്പറെടുത്ത് ഡയല്‍ ചെയ്തു.

Friday, September 15, 2006

വെറുതെ .. ഓരോ...

‘എണീക്ക് ..എണീക്ക്.. നേരം ത്ര്യായ്ന്നാ വിചാരം . മണി രണ്ടു കഴിഞ്ഞു.’
വെങ്കിടി ലൈറ്റെല്ലാം തെളിക്കാന്‍ തുടങ്ങി.
‘ഏയ് ഭാസ്കരാ.. മണീ..രാമുവെ.. ഒന്നു എഴുന്നേല്ക്കടാ.. ദേ മണി രണ്ടു കഴിഞ്ഞു. ഇപ്പൊ പാട്ട് വെക്കും.. മൈസൂര്‍ വണ്ടി വന്നു. ..
ദേ ആള്‍ക്കാരൊക്കെ വന്നു തുടങ്ങി..വേഗം എഴുന്നേല്‍ക്ക്..'
മറ്റു കടകള്‍ തുറക്കുന്നതിന്‍ മുന്‍പ് തന്റെ കട തുറക്കണമെന്ന് വെങ്കിടിക്ക് നിര്‍ബന്ധമാണ്. ഈ വെളുപ്പിന് അത്ര വലിയ തിരക്കുണ്ടായിട്ടല്ല. സീസണില്‍ മാത്രമേ തിരക്കുണ്ടാവൂയെങ്കിലും അത് വെങ്കിടിയുടെ ദിനചര്യയായി മാറിയിരുന്നു.
അയാള് മെല്ലെ എഴുന്നേറ്റു.
സുഖകരമായ ഒരു സ്വപ്നത്തിന്റെ ആലസ്യത്തിലാരുന്നു അയാള്‍.
കൈയ്ക്കും കാലിനുമെല്ലാം ചെറിയ മരവിപ്പ്.
വെങ്കിടി മുഖം കഴുകി തലയില്‍ വെള്ളമൊഴിച്ച് നെറ്റിയില്‍ ഭസ്മവും പൂശി കൌണ്ടറിലേക്ക് വന്നിരുന്നു.
സാമ്പ്രാണി കത്തിച്ചു. കണ്ണന്റെ മുന്നിലെ മരത്തടിയില്‍ കുത്തി നിര്‍ത്തി.
പിന്നെ അകത്തേക്ക് നോക്കി പറഞ്ഞു
‘മണിയേ.. ഇന്ന് ആളു കൂടുതലുണ്ടെന്നാ തോന്നണെ.. ഇഡ്ലി കൊറച്ച് ജാസ്തി ഉണ്ടാക്കേണ്ടി വരും ട്ടാ..’
ഇത് വെങ്കിടി എന്നും പറയുന്നതാണ്.
അയാള്‍ കുളിച്ച് ഭസ്മവും നെറ്റിയില്‍ പൂശി കൌണ്ടറിലെക്ക് വന്നു
വാതില്‍ തുറന്ന് പുറത്ത് ചുറ്റുമൊന്നു നോക്കി.പിന്നെ നിര്‍മ്മാല്യം തൊഴാന്‍ അമ്പലത്തിലേക്ക് നടന്നു.ഇനി വാകച്ചാര്‍ത്ത് കഴിഞ്ഞേ തിരിച്ചു വരൂ.
അയാള്‍ എല്ലാ രൂപങ്ങളേയും തൊട്ടു വന്ദിച്ചു. കീയെടുത്ത് മേശവലിപ്പ് തുറന്നു.
‘കൃഷ്ണാ .. ഗുരുവായൂരപ്പാ..’
റോഡില്‍ തിരക്ക് തുടങ്ങിയിട്ടില്ല. മൈസൂര്‍ വണ്ടി വരുന്നേയുള്ളൂ.
എല്ലാവരേയും എഴുന്നേല്‍പ്പിക്കാന്‍ വെങ്കിടി വെറുതെ പറഞ്ഞതാണെന്ന് അയാളോര്‍ത്തു, അമ്പലത്തില്‍ പാട്ട് ഇപ്പോള്‍ വെച്ചതേയുള്ളൂ. മണി ഇഡലിയുടെ തട്ട് കഴുകുന്ന ശബ്ദം കേള്‍ക്കാം.
രാമു പ്ലേയ്റ്റുകള്‍ വ്ര്ത്തിയാക്കുന്ന തിരക്കിലാണ്.
ഇന്ന് സേലം വണ്ടി നേരത്തെയാണല്ലൊ. മൂന്നുമണിയ്ക്കാണ് സമയമെങ്കിലും സാധാരണ മൂന്നരയോടെയാണ സേലം വണ്ടി എത്തുന്നത്. സേലം വണ്ടി വന്നാലാണ് കടയില്‍ ആളാവുന്നത് . പിന്നെ സേലത്തുനിന്നും കോയമ്പത്തൂരുനിന്നുമുള്ള ഭക്തരുടെ തിരക്കായിരിക്കും റോഡില്‍ .
നാലഞ്ച് ഫാമിലികള്‍ വന്നു തുടങ്ങിയിരിക്കുന്നു.
രാമു പുറത്ത് നിന്ന് അവരെ വിളിച്ചു തുടങ്ങിയിരിക്കുന്നു.
‘ചൂട് ദോശ.. ഇഡലി .. സാംബാറ്..’
അതെ ഒരു ഫാമിലി ഇവിടേക്ക് തന്നെ.
ഏതായാലും ഇന്നത്തെ കണി നല്ലതു തന്നെ. ഭാര്യയും ഭര്‍ത്താവും രണ്ട് കുട്ടികളും.
രാമു അവരോട് ഓര്‍ഡര്‍ എടുക്കുന്നു.
അവരും തിടുക്കത്തിലാണ്. അവരും നിര്‍മ്മാല്യം തൊഴാനുള്ളവരാണെന്നു തോന്നുന്നു.
ഓരോ ചായ മാത്രമേ അവരും കഴിച്ചുള്ളൂ.
മൊത്തം ബില്ല് ഇരുപത് രൂപ.
ഗ്രഹനാഥനെന്ന് തോന്നിപ്പിക്കുന്ന ആള്‍ പേഴ്സ് എടുത്ത് പൈസയെടുത്തു.
പെട്ടന്ന് അയാള്‍ എന്തൊ മറന്നതുപോലെ തിരിച്ച് പോയി ഇരുന്നിടത്ത് വെച്ചിരുന്ന വെള്ളത്തിന്റെ കുപ്പി എടുത്തു വന്നത്. അപ്പോഴേക്കും കുടുംബം പുറത്തിറങ്ങിയിരുന്നു.
ഇപ്പൊള്‍ റോഡില്‍ ആരെയും കാണുന്നില്ല.ഇനി വാകച്ചാര്‍ത്തും ശംഖഭിഷേകവും കഴിയുന്നതു വരെ പുറത്ത് തിരക്ക് കുറവായിരിക്കും.
പത്രക്കാരുടെ വണ്ടികളും പയ്യന്നൂര്‍ എക്സ്പ്രസ്സുമാണ് ഇനിവരുവാ‍നുള്ളത്. അതിനിനി ഒരു മണിക്കുര്‍ കൂടി കഴിയണം.
അതുവരെ ഇവിടെയിരുന്നൊന്നു മയങ്ങാമെന്ന് കരുതി ഫോണ്‍ നീക്കി വെക്കുന്ന സമത്താണ്‍ അയാള്‍ അത് കാണുന്നത്.
ഒരു പേഴ്സ്.
അതെ . . ഇത് നേരത്തെ വന്ന ഫാമിലിയുടെയാണ്.
നല്ല കനമുണ്ട്.
അയാള്‍ അത് തുറന്നു നോക്കി.
നിറയെ നോട്ടുകളും ചില വിസിറ്റിങ്ങ് കാര്‍ഡുകളും. അയാള്‍ ചുറ്റും നോക്കി. ആരും കണ്ടിട്ടില്ല.
രാമു അകത്ത് മണിയുമായി ഇരുന്നു ചായകുടിക്കുകയാണ്.
അയാള്‍ പൈസയെടുത്ത് എണ്ണി നോക്കി
ആറായിരം രൂപയുണ്ട്.
ഗുരുവായൂരപ്പാ..
തന്റെ മൂന്നുമാസത്തെ ശംബളം.
അയാളത് ഷെല്‍ഫിനു താഴെയുള്ള കണക്കു പുസ്തകങ്ങളുടെ അടുത്ത് വെച്ചു.
താന്‍ എത്ര ദിവസമായി വെങ്കിടിയോട് ഒരു അയ്യായിരം രൂപ കടം ചോദിക്കുന്നുവെന്ന് അയാള്‍ ഓര്‍ത്തു. വെറുതെ വേണ്ട. മാസം ആയിരം വെച്ച് ശംബളത്തില്‍ നിന്നും പിടിച്ചാല്‍ മതി. അനിയത്തിക്ക് അടുത്തയാഴ്ച നഴ്സിങ്ങിന് ഫീസ് കൊടുക്കാനാണ്. കുറച്ചു ദിവസമായി ശ്രീദേവി ഫോണ്‍ ചെയ്തു പറയുന്നു എത്രയും വേഗം ഫീസടക്കണമെന്നു. മറ്റുകുട്ടികളെല്ലാം ഫീസടച്ചു. ബ്ലേഡ് കമ്പനിയില്‍ നിന്നും പലിശക്കെടുക്കാമെന്ന് വിചാരിച്ച സമയത്താണ് അതു പൂട്ടിപ്പോയത്. ഇനി വെങ്കിടി മാത്രമേയുള്ളു ശരണം.
രണ്ടാഴ്ചയായി വെങ്കിടിയോട് ഇതെക്കുറിച്ച് പറയുന്നു.വെങ്കിടി പിശുക്കനാണ്. വെറുതെ മോഹിപ്പിക്കുകമാത്രമേ ചെയ്യൂ. എല്ലാ ദിവസവും പറയും തരാമെന്ന്. ഇന്നും ഉഷപൂജക്ക് മുന്‍പ് തരാമെന്ന് വെങ്കിടി പറഞ്ഞിട്ടുണ്ടെന്ന് അയാളോര്‍ത്തു. എന്നിട്ട് വേണം പന്ത്രണ്ടരയുടെ മയില്‍ വാഹനത്തില്‍ നാട്ടില്‍ പോകാന്‍. വൈകീട്ട് നടതുറക്കുമ്പോള്‍ തിരിച്ചു വരുകയും വേണം.
ഇനി ഏതായാലും വെങ്കിടിയോട് ചോദിക്കേണ്ടല്ലോ. ഇന്നെന്തായാലും നാട്ടില്‍ പോകണം.
ഒറ്റപ്പാലം സ്റ്റാന്‍ഡില്‍ നിന്നും അമ്മക്ക് ഒരു മുണ്ടും നേര്യതും എടുക്കണം. അമ്മ ഒരിക്കലും തന്നൊട് ഒന്നും തന്നെ ആവശ്യപ്പെട്ടിട്ടില്ലെന്ന് അയാളോര്‍ത്തു. അല്ലെങ്കിലും അമ്മ അങ്ങനെയാണ്.
ഇന്ന് എന്ത് സ്വപ്നമാണ് താന്‍ കണ്ടത്.
ശ്രീദേവിയുടെ വിവാഹം, അമ്മാവന്റെ മകള്‍ ദേവികയുമായി പാടവരമ്പിലൂടെ നടന്നുവരുന്നത്, ബാലഗോപാലനുമായി ആല്‍ത്തറയില്‍ തായം കളിക്കുന്നത്, കണിയാമ്പുറത്തെ ശേഖരമേനൊന്റെ തൊടിയിലെ മുത്തുക്കുടിയന്‍ മാവില്‍ നിന്നും മാങ്ങ പറിക്കുന്നത്..
ഇല്ല.. ഓര്‍ക്കാനാവുന്നില്ല.
...
ജ്യോതിഷിന്റെ കാസറ്റ് കടയുടെ ഷട്ടര്‍ തുറക്കുന്ന ശബ്ദം കേട്ടാണ് അയാള്‍ ഞെട്ടിയുണരുന്നത്.
റോഡില്‍ കുറെശ്ശെ തിരക്ക് തുടങ്ങിയിരിക്കുന്നു. രാമു പുറത്തേക്കിറങ്ങുന്നു.
വാകച്ചാര്‍ത്ത് കഴിഞ്ഞെന്ന് തോന്നുന്നു.
നടയിലെ കമ്പിയഴികള്‍ക്കിടയില്‍ നിയോണ്‍ വെളിച്ചത്തില്‍ വെങ്കിടിയുടെ കഷണ്ടികയറിയ തല കാണുന്നുണ്ട്.
അയാള്‍ സൂക്ഷിച്ച് നോക്കി.
വെങ്കിടിയുടെ പിന്നിലായി ആ കുടുംബവുമുണ്ട്.
കൃഷ്ണാ... ഇങ്ങോട്ടുതന്നെയാവുമോ..
ഗ്രഹനാഥന്‍ അല്പം ധ്രതിയില്‍ തന്നെയാണ് നടക്കുന്നത്.
അതെ ഇങ്ങോട്ടു തന്നെയാണ്.

ജ്യോതിഷിന്റെ കാസറ്റ് കടയില്‍ പാട്ടു വെച്ചിരിക്കുന്നു..
‘കരുണാ ചെയ്‌വാനെന്തു താമസം കൃഷ്ണാ...
കഴലിണ കൈതൊഴുന്നേന്‍...
ഹരേ..കൃഷ്ണാ......‘

അയാള്‍ ഷെല്‍ഫിനു താഴെ വെച്ചിരുന്ന പേഴ്സെടുത്ത് മേശപ്പുറത്തേക്ക് വെച്ചു.

Monday, September 04, 2006

ശാന്തേട്ത്തി..

ന്താ കുട്ട്യേ ഇത്. എത്ര പറഞ്ഞാലും മനസ്സിലാവില്ല്യാന്ന് വെച്ചാല്‍. ആ മൊന്ത ഇങ്ങനെ താഴത്തിട്ടാല്‍ പൊട്ടില്ലേ..ഇല്ല്യ ഞാന്‍ ഒന്നും പറേണില്ല്യ. പറഞ്ഞ്ട്ട് എന്താ കാര്യം. ശ്ശി ദണ്ണണ്ടേ..ദേവേട്ടന്‍ കൊണ്ട്വോന്ന മൊന്ത്യല്ലെ . ഏയ് .. അങ്ങന്വൊന്നും യ്ക്ക് പറയാന്‍ പാടില്ല്യാലോ.. ദേവങ്ങുന്ന്ന്നല്ലേ പറേണ്ടെ..
ഇല്ല്യ ഞാന്‍ ഒന്നും പറേണില്ല്യ..
ഓണൊക്ക്യായില്ലേ..
ഈ കുട്ട്യോളോട് ഞാന്‍ പറഞ്ഞതാ പോയിട്ട് ഒരു പൂക്കളം ണ്ടാക്കാന്‍...
പെങ്കുട്ട്യോളല്ലേ പൂക്കളണ്ടാക്കണ്ടത് ..
പിന്നാമ്പുറത്തെക്ക് എറങ്ങ്യാല്‍ ഷ്ടം പോലെ പൂവ്വല്ലേ..
തെച്ചിപ്പൂവും കോളാ‍മ്പിപ്പൂവും ഒക്കെ ല്ല്യേ..
എവ്ടെ കേക്ക്ണു.....
ആര്‍ക്കാ വിചാരം..
തോമുവാപ്ലേരെ പറമ്പിന്റെ പിന്നിലെ മ്മടെ പറമ്പില് കേറ്റിക്കാന്‍ രവ്യോട് എത്ര പറഞ്ഞു...
ഏയ് ഒന്നും കേക്കരുത്.. ഇത് പഴേ കാലൊന്ന്വല്ല. തെങ്ങു കേറ്റക്കാര്‍ടെ വീട്ടിലന്നെ പോയി വിളിച്ചോണ്ട് വരണം..അല്ലെങ്കില് കണ്ടാറു തെങ്ങു കയറില്ല്യത്രെ....
ഇപ്പൊ തെങ്ങു കയറീട്ട് ഒരു കാര്യൊല്ല്യ..
കേറ്റക്കൂലി ഇല്ല്യലൊ.. തേങ്ങ്യല്ലെ കൊടുക്ക്വാ....
അവ്ടത്തെ തേങ്ങ്യൊക്കെ തോമുവാപ്ലാര് എട്ത്ത്ട്ട്ണ്ടാവും..
ന്നാലും ബാക്കീള്ള തേങ്ങേങ്കിലും ആ കണ്ടാറൂനെക്കൊണ്ട് കേറ്റിച്ചാല്‍ ഒരു പത്ത് കിലൊ അരിയെങ്കിലും വാങ്ങാന് ള്ള കാശ് കിട്ടും....
എവടെ കേക്കാന്‍..
ഇബടെ ഈ തൂണിന്റെവ്ട്ന്നു മറ്റേ തൂണിന്റെ അവ്ടക്ക് ഇങ്ങനെ നടക്ക്വന്നെ...
എന്തങ്കിലും പറഞ്ഞാല്‍ മൊകൊം വീര്‍പ്പിച്ച് ചാരു കസേരെല് ചെന്ന് കെടക്കും...ബീക്കൊം വരെ പഠിച്ചതല്ലെ.. വല്ല ക്ലാര്‍ക്കായിട്ട് വല്ലോട്ത്തും ചെന്നിര്ന്നാല് നാലു കാശ് കിട്ടും..
ഞാന്‍ ഒന്നും പറേണില്ല്യ.. പറഞ്ഞ്ട്ട് എന്താ കാര്യം..
ആ തെക്കിനിടെ അവടത്തെ മുറീല് ഒരുത്ത്ന്‍ ഇരുപത്തിനാലു മണിക്കുറും വായന്യന്നെ വായന..
മദിരാശീല് പോയിട്ട് എംബിയെ പഠിച്ച്ട്ട് വന്ന്ട്ട് തൊടങ്ങീതാ.. എടക്ക് ഒന്ന് പൊറ്ത്ത് എറങ്ങും.. വായനശാലേല്‍ക്ക്.. ആ സമയ്ത്തെങ്കിലും നാല് ചില്വാനം വേടിച്ചോണ്ട് വരാന്‍ പറഞ്ഞാല്‍ കൊറച്ചിലായി.. ശാന്തേട്ത്തിക്ക് ആ രാമന്‍ നായരോട് പറഞ്ഞാല്‍ മതീല്ലെന്നാവും അപ്പൊ ചോദ്യം..രാമന്‍ നായരാ.. ഇടക്ക്യെ വര്വൊള്ളൊ..
രാമന് നായരെ പറ്ഞ്ഞ്ട്ട് കാര്യല്ല്യ.. വയസ്സായി വര്വല്ലേ..
ത്ര്യക്കെ ചെയ്യാനെ രാമന്‍ നായരെക്കൊണ്ടാവ്വൊള്ളൊ.. പോരാത്തേന് ഇപ്പൊ കാല് വേദനെം.. എന്നെക്കൊണ്ട് ഇതൊന്നും ഇങ്ങനെ കൊണ്ട് നടക്കാന്‍ എത്ര കാലം പറ്റും.. വയസ്സായി വര്വല്ലേ....
എന്നാ ബോംബെലെ പണ്യൊക്കെ നിര്‍ത്തി ദേവേട്ടന് ഇവിടെ നിന്നാല്‍ പോരെ..
അതിനെങ്ങിന്യ.. ആ മൂധേവി സമ്മേക്കില്ല്യാലൊ.... നമ്മളൊക്കെ അധികപറ്റാണ് ന്നാ അവള്‍ടെ വര്‍ത്താനം... എന്ന് അവള് ദേവേട്ടന്റ് കൂടെ കൂട്യൊ അന്ന് തൊട്ട് ഇവ്ടെ തൊയ് രക്കേടണ്.
മാസാമാസം ആയിരം ഉര്‍പ്പ്യ അയച്ച് തരും. . ഇവടെ അതന്നെ ധാരാളാണ്. വെച്ച കഞ്ഞി തന്നെ മുഴുവന്‍ കുടിക്കില്ല്യ.. രാത്ര്യാവുമ്പൊ ഞാനന്നെ ഉഴുന്ന്ട്ട് ആട്ടി നാളക്ക് ഇഡ്ലി ആക്കണം..തേങ്ങ ശ്ശി ള്ളോണ്ട് ചമ്മന്തി നന്നായിട്ട് അരക്കാം. ഉച്ചക്ക് കൊറച്ച് പരിപ്പും മാങ്ങ ഉപ്പിലിട്ടതും..വൈന്നേരും അതന്നെ.. കൂട്ടുങ്ങല് പൊയിട്ട് കൊറച്ച് പച്ചക്കറി വേടിക്കാന്‍ ഞാനന്നെ പോണം..
ഇല്ല്യ ഞാന്‍ ഒന്നും പറേണില്ല്യ....
ഇനീം കൂടുതല് പറഞ്ഞാല്‍ പറയും ശാന്തേട്ത്തിക്ക് നൊസ്സാണ് ന്ന്..
അതെ ന്ക്ക് നൊസ്സന്ന്യ.. ഇത്രേം കാലായില്ല്യേ ഇബടെ ഇങ്ങനെ പണിക്ക് നിക്കുണു...
ഗുരുവായൂരപ്പാ.. എന്നെ എങ്ങിനെങ്കിലും അങ്ങട് കെട്ടി എട്ക്കണേ..

Thursday, August 31, 2006

ഒരു പൈങ്കിളിക്കഥ

ഉച്ചയുറക്കം ഒഴിവാക്കാനാണ് അവള്‍ കമ്പ്യൂട്ടറിലെ ചാറ്റ് റൂമില്‍ കയറുന്നത്. സാധാരണ മൂന്നു മണി മുതല്‍ നാലര വരെ ഉച്ചയുറക്കം പതിവുള്ളതാണ്. വേലക്കാരി മൂന്നു മണിക്ക് മറ്റൊരു വീട്ടില്‍ ജോലിക്കു പോയി ഏഴുമണിക്കാണ് തിരിച്ചെത്തുന്നത്. അതു വരെ വലിയ ഒരു ശൂന്യതയായാണ് അവള്‍ക്ക് അനുഭവപ്പെടാറുള്ളത്. പിന്നെ, ആ സമയം ടിവിയില്‍ അവള്‍ക്ക് ഇഷ്ടപ്പെട്ട പരിപാടികള്‍ ഒന്നുമില്ല.
കാലത്ത് ഏഴുമണിക്ക് ജാഫറിക്കക്ക് ഓഫീസില്‍ പോകണം. തലേന്നത്തെ ചപ്പാത്തിയും എന്തെങ്കിലും ബാജിയും പാത്രത്തിലാക്കി ജാഫറിക്ക ജോലിക്ക് പോകുമ്പൊള്‍ താന്‍ മിക്ക ദിവസവും എഴുന്നേല്‍ക്കാറില്ലെന്ന് അവള്‍ ഓര്‍ത്തു. വെള്ളിയാഴ്ചയൊഴിച്ച് എന്നും ജാഫറിക്കക്ക് ജോലിയുണ്ട്. ആറുമണിയോടെയാണ് ജാഫറിക്ക തിരിച്ച് വരുന്നത്. രാത്രി വന്നാല്‍ മിക്കവാറും ഫയലുകള്‍ക്കിടയില്‍ തന്നെയാവും. അപ്പോള്‍ പ്രൈം ടൈമിലെ സീരിയലുകളാണ് തന്നെ നിലനിര്‍ത്തുന്നത് തന്നെ. ജാഫറിക്കക്ക് തന്റെ അടുത്തിരിക്കാന്‍ അല്പം പോലും സമയമില്ല. എന്നും ഓഫീസിലെ പ്രശ്നങ്ങള്‍. ഇന്ന് എല്‍.സി.യില്‍ അമെന്റ്മെന്റ് ചെയ്തില്ലായിരുന്നെങ്കില്‍, എക്സേഞ്ച് റേറ്റ് കുറഞ്ഞില്ലെങ്കില്‍, മീറ്റിങ്ങിന് അറബി വന്നില്ലെങ്കില്‍ അങ്ങനെ ഒത്തിരി ആകുലതകളാ‍ണ്.

കഴിഞ്ഞ ദിവസമാണ് റിയാസിനെ ആദ്യമായി ചാറ്റുറൂമില്‍ കണ്ടു കിട്ടിയത്. ജനറല്‍ ചാറ്റ് റൂമില്‍ വെറുതെ വന്ന ഒരു ‘ഹായ്’ വിളിക്ക് അവള്‍ മറുപടി നല്‍കിയതിലൂടെയാണ് തുടക്കം. പിന്നെ വയസും സ്ഥലവുമെല്ലാം ചോദിച്ചറിഞ്ഞു.
ഒലയയില്‍ ഒരു കമ്പ്യൂട്ടര്‍ കമ്പനിയില്‍ ആഡിറ്ററാണ് റിയാസ്‍. രണ്ടു ഷിഫ്റ്റായതുകൊണ്ടും ഉച്ചയുറക്കം പതിവില്ലാത്തതുകൊണ്ടും റിയാസ് ആ സമയം വെറുതെ ചാറ്റ് റൂമില്‍ ചുറ്റിത്തിരിയും. നാട്ടില്‍ വീടിനടുത്ത് തന്നെയാണ് റിയാസിന്റെ സ്ഥലവും. നേരിട്ട് കണ്ടിട്ടില്ല.
പക്ഷേ റിയാസുമായി ചാറ്റു ചെയ്യുന്ന കാര്യം ജാഫറിനോട് അവള്‍ പറഞ്ഞിരുന്നില്ല.
ഇന്നും പതിവുപോലെ റിയാസ് ചാറ്റിലുണ്ട്.
‘ഹായ്’
‘ഹായ്’
‘ഇന്ന് സബിത ടി.വി. നോക്കാന്‍ പോയില്ലേ ?’
‘ഇന്നും ബോറന്‍ ഫോണ്‍ ഇന്‍ പരിപാടികള്‍ തന്നെ. ..റിയാസിനു സുഖം തന്നെയല്ലെ ..’
‘അങ്ങനെയൊക്ക് പോകുന്നു..കാട്ടുകോഴിക്ക് എന്ത് ആഘോഷം ?’
‘അപ്പൊ റിയാസ് ഒരു കാട്ടുകോഴിയാണോ ?’
‘അപ്പൊ സബിതക്ക് നല്ല സെന്‍സ് ഓഫ് ഹുമറുണ്ടല്ലേ .. ‘
‘ഇവിടെ ഇങ്ങനെ ഒറ്റ ഇരുപ്പല്ല്ലേ.. അപ്പൊ എന്തെങ്കിലുമൊക്കെ അറിയണമല്ലൊ . പിന്നെ കാട്ടുകോഴിയേക്കാള്‍ നാടന്‍ കോഴിയും ബ്രോയിലര്‍ കോഴിയുമാണ് കറിവെക്കാന്‍ നല്ലത്.’
‘സബിത അപ്പൊ നന്നായി കറിവെക്കുമല്ലേ ..’
‘കുഴപ്പമില്ല..’
‘നാടന്‍ കറി കഴിച്ചിട്ട് നാളു കുറെയായി..’
‘അതിനാണ് പോയി ഒരു പെണ്ണുകെട്ടണമെന്നു പറയുന്നത്.’
‘അതിന് നമുക്കിനി ആരു പെണ്ണു തരാന്‍ ?’
‘റിയാസിനത്ര വയസ്സായിട്ടില്ലല്ലൊ..’
‘വയസ്സിന്റെ പ്രശ്നമല്ല. ഇപ്പോഴത്തെ പെണ്ണിനെ മൊഴിചൊല്ലാതെ പിന്നെങ്ങന്യാ വേറെ പെണ്ണു കെട്ടുന്നത് ?’
‘അപ്പൊ റിയാസിന്റെ കല്യാണം കഴിഞ്ഞതാണല്ലേ..’
‘കല്യാണം കഴിഞ്ഞു . കുറച്ചുകാലം ഒരുമിച്ചു ജീവിക്കുകയും ചെയ്തു.. ഇപ്പൊള്‍ രണ്ടാളും രണ്ടു വഴിയിലാണ്.’
‘അതെന്താ അങ്ങനെ ..’
‘അതൊക്കെ ഒരു വലിയ കഥയാണ് സബിതെ.... മൂന്നു വര്‍ഷം മുന്‍പായിരുന്നു ഞങ്ങളുടെ വിവാഹം. ..ഒരു വിധത്തില്‍ പറഞ്ഞാല്‍ പ്രേമ വിവാഹം. ഞാന്‍ മുന്‍പ് നാട്ടിലെ പാരലല്‍ കോളജില്‍ പഠിപ്പിച്ചിരുന്നു. അക്കാലത്തുണ്ടായ പ്രേമമായിരുന്നു വിവാഹത്തിലേക്ക് എത്തിച്ചത്. വീട്ടുകാരുടെ ഇഷ്ടങ്ങള്‍ നോക്കാതെയായിരുന്ന വിവാഹമായിരുന്നു അത്. അവള്‍ക്ക് സൌന്ദര്യം അല്പം കുറവായിരുന്നു. പക്ഷേ എനിക്കത് അത്ര പ്രശ്നമായിരുന്നില്ല. വിവാഹം കഴിഞ്ഞ് നാലാം നാള്‍ എന്റെ അകന്ന ബന്ധത്തിലെ അല്പം സൌന്ദര്യമുള്ള കുട്ടിയുമായി ഞാന്‍ സംസാരിച്ചതിന് അവള്‍ ദ്വേഷ്യപ്പെട്ടു. അതായിരുന്നു തുടക്കം. പിന്നീട് ഞാന്‍ ഏതു സ്ത്രീയെ കണ്ടാലും അവള്‍ എന്നൊട് വഴക്കു കൂടും. പാരലല്‍ കോളജില്‍ പുതുതായി വന്ന ഒരു ടീച്ചറുമായി എനിക്ക് അവിഹിതമുണ്ടന്നു വരെ പറഞ്ഞപ്പൊള്‍ ഞാന്‍ ഉറപ്പിച്ചു ഈ ബന്ധം തുടരുന്നതില്‍ കാര്യമില്ലെന്ന്. അങ്ങനെ ഞങ്ങള്‍ പിരിഞ്ഞു. ഇപ്പോഴും മൊഴിചൊല്ലിയിട്ടില്ല. ഞാന്‍ എപ്പോള്‍ വേണമെങ്കിലും അതിന് തയ്യാറാണ്. അവളും റെഡിയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ലീവ് കിട്ടിയിട്ടില്ല. ലീവ് കിട്ടിയാല്‍ നാട്ടില്‍ പോകണം.......‘
പുറത്ത് എന്തൊ വാതിലടയ്ക്കുന്ന ശബ്ദം . അവള്‍ വേഗം തന്നെ ചാറ്റ് റൂം ക്ലോസ് ചെയ്തു. ആരൊ നടന്നു വരുന്നു. വേലക്കാരിയായിരിക്കും.
‘സബിതാ, ഇന്ന് ബോസ് നേരത്തെ പോയി.. അതുകൊണ്ട് നേരത്തെ ഇറങ്ങാനായി....’
ജാഫറിക്ക ഇന്ന് നേരത്തെയാണ്.
സോക്സ് മാറ്റി അയാള്‍ അവളുടെ അടുത്തേക്ക് വന്നു.
അവള്‍ ചെറുതായി പുഞ്ചിരിച്ചു.
അയാള്‍ അവളുടെ പോളിയൊ പിടിച്ച് ശോഷിച്ച കാലുകള്‍ എടുത്ത് വീല്‍ ചെയറിന്റെ ബോര്‍ഡിലേക്ക് വെച്ചു. അയാളുടെ ഷര്‍ട്ടില്‍ നിന്നും വിയര്‍പ്പിന്റെ നാറ്റം.
അവളുടെ കണ്ണില്‍ നിന്നും ഒരിറ്റ് കണ്ണീര്‍ അയാളുടെ നെഞ്ചില്‍ വീണുടഞ്ഞു.

Saturday, August 26, 2006

പാല്‍ക്കാരന്‍

മുറ്റത്ത് ആളനക്കം കണ്ടപ്പൊഴാണ് പടിവാതില്‍ തുറന്ന് നോക്കിയത്.
പാല്‍ക്കാരന്‍ ചെറുക്കനാണ്. പോയിട്ടില്ല.
ഉമ്മറപ്പടിയില്‍ ഇരിക്കുകയാണ്.
അവന്റെ സഞ്ചിയില്‍ ഇനിയും ചില പാല്‍ക്കുപ്പികള്‍ ബാക്കിയുണ്ട്.
ട്രൌസറിന്റെ പോക്കറ്റില്‍ ഒരു പ്ലാസ്റ്റിക് കവര്‍.
ദൈന്യതയാര്‍ന്ന മുഖം. നല്ല ക്ഷീണമുണ്ട് മുഖത്ത്.
‘മമ്മീ, എനിക്ക് ബൂസ്റ്റ് മതിയെന്നല്ലേ പറഞ്ഞത് . എന്തിനാ ബോണ് വിറ്റ തന്നത് ?’ മകള്‍ അമ്മയോട് ദ്വേഷ്യപ്പെടുകയാണ്.
അവള്‍ ടിവിയില്‍ കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരിക്കുന്നു.
നേരെ മകളുടെ മുന്‍പിലിരുന്ന ബോണ്‍ വിറ്റ കലക്കിയ പാലെടുത്ത് ഉമ്മറത്തേക്ക് വന്നു.
പാല്‍ക്കാരനെ അവിടെയെങ്ങും കണ്ടില്ല.

Sunday, August 20, 2006

മറിയുമ്മയുടെ വ്യാകുലതകള്‍.. ദാസന്റെയും..

ഇന്നലെയും നഗരം കത്തുകയായിരുന്നു. ബസുകള്‍ ഒന്നും തന്നെ ഓടുന്നില്ല. കലാപം ഓരോ ഭാഗത്തേക്കും പടരുകയാണ്. പല ബസുകളും കലാപകാരികള്‍ കത്തിച്ചു. കണ്ണില്‍ കണ്ടതെല്ലാം തച്ചുടച്ചു. കുര്‍ള സ്റ്റേഷന്‍ പരിസരത്ത് കഴിഞ്ഞ ദിവസം കലാപകാരികള്‍ ഒരാളെ ജീവനൊടെ കത്തിക്കുന്നത് കണ്ടു. കരിഞ്ഞ മാംസത്തിന്റെ ഗന്ധം മാത്രം. പല വീടുകളും കത്തിച്ചാമ്പലായി. ചാളിലെ എല്ലാ മുറികളും അടഞ്ഞു കിടക്കുന്നു. കടകളെല്ലാം തല്ലിത്തകര്‍ക്കുന്നു. എതിര്‍ ചേരിയിലെ ആളുകളെ വകവരുത്തുന്നു. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. ലോക്കല്‍ ട്രയിനുകള്‍ ഓടുന്നില്ല. പട്ടാളം രംഗത്തിറങ്ങിയിട്ടുണ്ട്.

ഇന്ന് ആരും തന്നെ ജോലിക്ക് പോയിട്ടില്ല. കാലത്ത് തന്നെ ഒരു കട്ടന്‍ ചായയുമടിച്ച് മുറിക്കകത്ത് തന്നെ ഇരിക്കുകയാണ് എല്ലാവരും. ആന്റപ്പന്‍ ഒരു ചന്ദനത്തിരി കത്തിച്ച് റൂമില്‍ ഒരു ഭാഗത്ത് വെച്ചിട്ടുള്ള കര്‍ത്താവിന്റെ പടത്തിനടുത്ത് കുത്തി. പേടിയും പ്രശ്നങ്ങളുമുള്ളപ്പോള്‍ ആന്റപ്പന്‍ സ്ഥിരമായി ഇടക്കിടെ ചന്ദനത്തിരി കത്തിക്കും. മുറിയില്‍ ചന്ദനത്തിരിയുടെ ഗന്ധം നിറഞ്ഞു. വി.ടി.യില്‍ ഒരു പ്രൈവറ്റ് കമ്പനിയിലെ സെക്രട്ടറിയാണ് ആന്റപ്പന്‍. ബെന്നി നാനയും വായിച്ചിരിക്കുന്നു. ചന്ദ്രന്‍ വെറുതെ മുകളിലെ മച്ചിലേക്കു നോക്കിയിരിക്കുന്നു. റായ്ഗാഡില്‍ നിന്നും ബന്ധുക്കളെയും സുഹ്രുത്തുക്കളേയും കാണാനായി സിറ്റിയില്‍ എത്തിയതായിരുന്നു ചന്ദ്രന്‍. കലാപം തിരിച്ചുപോകുന്നത് വൈകിച്ചു. ഇനിയെന്ന് പോകാമെന്ന് യാതൊരു നിശ്ചയവുമില്ല.പല പദ്ധതികളും ചന്ദ്രനുണ്ടായിരുന്നു. ട്രെയിനില്ലാത്തതുകൊണ്ട് ഗ്രാന്റ് റോഡിലെക്കുള്ള യാത്ര മുടങ്ങിയ പരിഭവത്തിലുമാണ്.

ചാളിലെ എല്ലാ മുറികളും അടച്ചിട്ടിരിക്കുന്നു. ഞങ്ങളുടെ മുറിമാത്രമാണ് ബാച്ചലേഴ്സിന്റെതായിട്ടുള്ളത്. മുന്‍ വശത്തെ ബംഗാളി കുടുംബത്തിലെ സുധീര്‍ ബന്ധു മാത്രം വെള്ളം പിടിക്കാ‍നായി പൈപ്പിന്റ അടുത്തു നില്‍ക്കുന്നുണ്ട്. സുധീര്‍ ആ വീട്ടിലെ ഏക ആണ്‍ തരിയാണ്. പിന്നെ അച്ഛനും അമ്മയും രണ്ട് സഹോദരിമാരും ആ കുടുസുമുറിയില്‍. നഗരത്തിലെ ഒരു സിഗരറ്റു കമ്പനിയിലാണ് സുധീറിനു ജോലി. സുധീറിന്റെ വരുമാനത്തെ ആശ്രയിച്ചാണ് ആ കുടുംബം നീങ്ങുന്നത്. ഇപ്പോള്‍ വെള്ളം പിടിച്ചില്ലെങ്കില്‍ എപ്പൊള്‍ വേണമെങ്കിലും പൈപ്പ് വെള്ളം നില്‍ക്കാം. ഇന്നലെ കാലത്ത് മുതല്‍ പൈപ്പ് കാലിയായിരുന്നു. പിന്നീട് രാത്രി ഏറെ വൈകിയാണ് വെള്ളം വന്നത്.

കാലത്ത് പൊതുകക്കൂസില്‍ പോകാന്‍ പോലും പലര്‍ക്കും പേടിയായിരുന്നു. പലരും ഒരാളെ കൂടെ കൂട്ടിയാണ് പോയിരുന്നത്. കലാപത്തിനുപയോഗിച്ചിരുന്ന കത്തി, വടിവാള്‍ മുതലായവ പൊതുകക്കൂസിന്റ വരാന്തയില്‍ പലയിടത്തുമായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അതുകൊണ്ട് ഏതു സമയത്തും കലാപകാരികള്‍ കയറി വരുന്ന സ്ഥലമായിരുന്നു പൊതു കക്കൂസ്. പട്ടാളമിറങ്ങിയെന്ന് പറയുന്നതല്ലാതെ ആ പ്രദേശത്തൊന്നും അവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നില്ല.

അടച്ചിട്ട ജനലിനരികിലിരുന്ന് ജനലിന്റെ ദ്വാരത്തിലൂടെ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു ദാസന്‍. ദാസന്‍ സാധാരണ അവിടെയിരിക്കുന്നത് മുന്‍ഭാഗത്തെ റൂമിലെ മറിയുമ്മയുടെ മകള്‍ സുബൈദയെ കാണാനാണ്. കോഴിക്കോടുകാരിയായ മറിയുമ്മയുടെ ഒരേ ഒരു മകളാണ് സുബൈദ. മറിയുമ്മയുടെ ഭര്‍ത്താവ് ബീരാനിക്കക്ക് മറോള്‍ നാക്കയില്‍ ഒരു ലെയ്ത്ത് കമ്പനിയുണ്ട്. ബീരാനിക്കക്ക് ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിച്ചതിനു ശേഷം മറിയുമ്മയാണ് അത് നോക്കി നടത്തുന്നത്. മറിയുമ്മയുടെ ദ്രഢനിശ്ചയം ഒന്നുകൊണ്ടു മാത്രമാണ് ആ കമ്പനി നടന്നു പോകുന്നത്. സാധാരണ കാലത്ത് പത്തുമണിയോടെ മറിയുമ്മ കമ്പനിയില്‍ പോകും. കമാനി കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന സുബൈദയുടെ ക്ലാസ് ഉച്ചകഴിഞ്ഞാണ്. വെളുത്ത് സുന്ദരിയാ സുബൈദ അവിടെ പലരുടെയും ഉറക്കം കെടുത്തിയിരുന്നു. അതു തന്നെയായിരുന്നു ദാസന്റെ പ്രശ്നവും. ദാസന്‍ രണ്ടു മൂന്നു തവണ സുബൈദയുമായി സംസാരിക്കാന്‍ പോയതാണ്.
മൂന്നുമാസം മുന്‍പ് സുബൈദക്ക് കഷ്ടപ്പെട്ട് ഇംഗ്ലീഷിലെഴുതിയ കത്ത് കൊടുക്കാന്‍ പോയപ്പാഴാണ് മറിയുമ്മ ദാസനെ കയ്യൊടെ പിടികൂടിയത്.
‘ജ്ജ് കൊറെ നാളായി ന്റ് മോള്ടെ പിന്നലെ കൂടിയിര്ക്ക്ണ്‍..നിന്നെ ഞാന്‍ ...’ എന്നും പറഞ്ഞ് മറിയുമ്മ വാക്കത്തിയുമായി വന്നപ്പൊള്‍ ദാസന്‍ അവിടം വിട്ടതായിരുന്നു. പിന്നീട് കഴിഞ്ഞമാസം ദാസന്റ സുഹ്രുത്തായ ആമ്പല്ലൂക്കാരന്‍ ആന്റപ്പന്‍ മറിയുമ്മയുമായി സന്ധി സംഭാഷണങ്ങള്‍ നടത്തിയാണ് ദാസന് തിരിച്ച് മുറിയില്‍ താമസമാക്കാനായത്.
‘ടാ ദാസാ നീയവിടെ ഇര്ന്ന് വെറുതെ പ്രശ്നം ഉണ്ടാക്കണ്ട..’ ആന്റപ്പന്‍ ഇടക്കിടെ ദാസന് താക്കീത് നല്‍കിക്കൊണ്ടിരുന്നു.
ബെന്നിയും ആന്റപ്പനും മെല്ലെ റമ്മികളിയിലേക്ക് നീങ്ങുന്നു.
സമയം ഇഴഞ്ഞു നീങ്ങുന്നു.
വാതിലില്‍ തട്ടുന്ന ശബ്ദം കേട്ടാ‍ണ് എല്ലാവരും ഉണര്‍ന്നത്. വേറൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് പഴയ സ്റ്റോക്കുണ്ടായിരുന്ന കോഫി (പട്ട ചാരായം നിറം കലര്‍ത്തി ബോട്ടിലാക്കിയത്)യുടെ ബോട്ടില്‍ വെടിപ്പാക്കിയതിനാലാവണം എല്ലാവരും നല്ല ഉറക്കമായിരുന്നു.
സമയം ഉച്ചകഴിഞ്ഞ് അഞ്ചുമണി കഴിഞ്ഞു. ആന്റപ്പന്‍ പേടിച്ചാണ് വാതില്‍ തുറന്നത്.
മറിയുമ്മയാണ് വാതില്‍ പടിയില്‍. അവര്‍ നേരെ അകത്തേക്ക് കടന്നു.
അവരുടെ മുഖം വിളറിയിരുന്നു.
‘ആന്റപ്പാ.. ജ് ക്ക് ഒരു ഉപകാരം ചെയ്യണം..’
‘എന്താ താത്താ.’
‘എന്റെ മോള് സുബൈദാനെ ഇന്ന് രാത്രി ങള് ബടെ കിടത്തണം....’
‘ങെ..’ എല്ലാവരും പകച്ചു നില്‍ക്കുകയാണ്
‘അല്ലെങ്കി.. ആ ചെയ്ത്താന്മാരു സുബൈദാനെ കൊല്ലും..ഇന്നലെ ഓള്‍ടെ കൂട്ടുകാരി , നാരായണ്‍ മന്ദിറ് ന്റെ അടുത്തുള്ള റംലത്തിനെ അവര് നശിപ്പിച്ചു. ഇന്ന്‍ രണ്ടു മൂന്നു പ്രാവശ്യായി അവന്മാര് നമ്മടെ റൂമിന്റെ അടുത്തൂടെ നടക്ക്ണ്.. .’
‘ഇന്ന് രാത്രി മാത്രം മതി. നാളെ ഞാന്‍ ഓളെ എങ്ങനെങ്കിലും ഇവിട്ന്ന് മാറ്റാം.ഫാമിലിക്കരുടെ മുറിയില്‍ ആരും സമ്മതിക്ക്ണില്ല്യ.. ഓള് നിങ്ങടെ അടുക്കളേല് കെടന്നോളും..’ മറിയുമ്മയുടെ സ്വരം ദയനീയമായിക്കൊണ്ടിരുന്നു.
ആന്റപ്പന്‍ എല്ലാവരുടേയും മുഖത്തേക്ക് നോക്കി.
ബെന്നി പായയില്‍ തിരിഞ്ഞു കിടന്നു. ചന്ദ്രന്‍ അപ്പോഴും മച്ചിലേക്ക് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.
ആരും ഒന്നും മിണ്ടുന്നില്ല. ബാചലേഴ്സിന്റെ മുറിയില്‍ പതിനെട്ടു കഴിഞ്ഞ ഒരു പെണ്‍കുട്ടിയെ പാര്‍പ്പിക്കുന്നതിന്റെ റിസ്കെടുക്കാന്‍ ആര്‍ക്കും ധൈര്യമില്ല.
‘താത്ത മോളെ ഇവ്ടെ ആക്കിക്കൊ.. ഞങ്ങള്‍ക്ക് പ്രശ്നമില്ല....’ ദാസനാണത് പറഞ്ഞത്.
വളരെ ഉറച്ച സ്വരത്തിലായിരുന്നു അത് പറഞ്ഞത്. മറിയുമ്മ ദാസനെ ഒന്നു നോക്കി. പിന്നെ തിരിഞ്ഞു നടന്നു.
‘ദാസാ.. നിയ്യ് എന്തു കണ്ട് ട്ടാ പറഞ്ഞെ..’ ബെന്നിയുടെ പരിഭവം.
‘ബെന്ന്യ.. നമ്മള് മനുഷ്യന്മാരല്ലെടാ.. അതും മലയാളികള്‍...കൂടുതലൊന്നും ചിന്തിക്കേണ്ട...വരണൊട്ത്ത് വെച്ച് കാണാം...’ ആന്റപ്പന്‍ ബെന്നിയെ ആശ്വസിപ്പിച്ചു.
അല്പ സമയം കഴിഞ്ഞപ്പോള്‍ വാതിലില്‍ വീണ്ടും മുട്ട്.
മറിയുമ്മ മകള്‍ സുബൈദയുമായി വാതില്‍പ്പടിയില്‍.
സുബൈദ ഒരു ചുരിദാറാണ് ഇട്ടിരിക്കുന്നത്. കറുത്ത ഒരു തുണി തലയില്‍ ഇട്ടിട്ടുണ്ട്. മുഖം വല്ലാതെ വിളറിയിട്ടുണ്ട്. പേടിച്ചിട്ടായിരിക്കും.
സുബൈദയുടെ കയ്യില്‍ ഒരു റേഡിയൊയും പുല്‍പ്പായും ചില പുസ്തകങ്ങളുമുണ്ട്. പിന്നെ ഒരു ചോറ്റുപാത്രവും.
അവര്‍ നേരെ അടുക്കള വശത്തേക്ക് പോയി. കൂടെ ദാസനും.
ദാസന്‍ മറിയുമ്മയുടെ കയ്യില്‍ നിന്നും കസേര വാങ്ങി. അവിടെ നിവര്‍ത്തിയിട്ടു.
‘താത്ത ധൈര്യമായിട്ട് പൊക്കൊ.. സുബൈദക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല...’ ദാസന്‍ മറിയുമ്മയെ സ്വന്തനപ്പെടുത്തി.
മറിയുമ്മ സുബൈദയെ നോക്കി. ഒന്ന് നെടുവീര്‍പ്പിട്ടു. പിന്നെ തിരിഞ്ഞ് നടന്ന് അവരുടെ റൂമിലേക്ക് പോയി.
സന്ധ്യയായി.
പിന്നെ ഇരുട്ടായി.
മുന്‍ വശത്തെ ചെറിയ ഇടവഴി വിജനമാണ്.
സുബൈദയുടെ റേഡിയൊയില്‍ നിന്നും കിഷോര്‍കുമാറിന്റ ഗാനങ്ങള്‍ നേര്‍ത്ത സ്വരത്തില്‍ ഒഴുകി വരുന്നു.
ബെന്നിയും ആന്റപ്പനുമെല്ലാം റമ്മി കളിയുടെ തിരക്കിലാണ്.
പെട്ടന്നായിരുന്നു പുറത്തൊരു ആരവം.
സുബൈദ റേഡിയൊ ഓഫാക്കി.
ആന്റപ്പന്‍ എല്ലാ ലൈറ്റുകളും ഓഫാക്കി.
അകത്ത് ഒരു സീറൊ ബള്‍ബ് മാത്രം പ്രകാശിക്കുന്നു.
ദാസപ്പന്‍ ജനലിനടുത്തിരുന്ന് ദ്വാരത്തിലൂടെ പുറത്ത് നോക്കിയിരിക്കുകയാണ്.
‘ടാ. നമ്മുടെ മറിയുമ്മയുടെ റൂമിന്റെ അടുത്ത് നിന്നാണ്’.
പുറത്ത് തീപന്തങ്ങളുമായി കലാപകാരികള്‍.
മറിയുമ്മയുടെ വീട്ടിലെ പാത്രങ്ങള്‍ ഉടയുന്ന ശബ്ദം. വാതിലുകള്‍ തകര്‍ക്കപ്പെടുന്നു. സാധനങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുന്ന സ്വരം.
‘തേരി ബച്ചി കിതര്‍ ഹെ ബുഡ്ഡി.. ‘ ആരൊ ആക്രോശിക്കുന്നു.
അവര്‍ക്ക് മറിയുമ്മയെയല്ല ആവശ്യം.
എവിടെയും മണ്ണെണ്ണയുടെ മണം.
അകത്തുനിന്നും ഒരു തേങ്ങല്‍.
സുബൈദയുടെ കണ്ണില്‍ ജലരേഖകള്‍.... ദാസന്റെയും....

Friday, August 04, 2006

ജോയിച്ചന്റെ വ്യാകുലതകള്‍

മോളിക്കുട്ടി വരാന്‍ ഇനിയും നാലുമണിക്കൂര്‍ കൂടിയുണ്ട്. ആനിയമ്മ സിസ്റ്ററിനു ഇന്നത്തെ പ്രെയര്‍ മീറ്റിങ്ങിനു പോകാനുള്ളതുകൊണ്ട് മോളിക്കുട്ടിക്ക് നൈറ്റുകഴിഞ്ഞ് നാലുമണിക്കുറ് ഓവര്‍ടൈമുണ്ട്. കുവൈറ്റി ഹോസ്പിറ്റലിന്റെ പാര്‍ക്കിങ്ങില്‍ പന്ത്രണ്ട് മണിയൊടെ എത്തിയാല്‍ മതി.പുറത്ത് ചെറിയ പൊടിക്കാറ്റുണ്ട്. ഈ എട്ടാം നിലയില്‍ നിന്ന് നോക്കുമ്പോള്‍ വുമണ്‍സ് ക്ലബിലെ ടെന്നീസ് കോര്‍ട്ട് വ്യക്തമായി കാണാം. വെള്ളിയാഴ്ച കാലത്തായതുകൊണ്ട് കോര്‍ട്ടില്‍ ആരുമില്ല.
നെപ്പോളിയന്‍ വിയെസ്സൊപ്പി; ബ്രാണ്ടി വര്‍ഗ്ഗത്തിലെ ഒരു ക്യാപ്റ്റനാണ്.
എനിക്ക് നെപ്പോളിയനെ വലിയ ഇഷ്ടമാണ്. ഒരു അരിഷ്ടത്തിന്റെ ചുവയും മൂപ്പുമുണ്ടതിന്. നല്ല ഒരു മണവുമുണ്ട്. ഇതിന്റെ മണവും എനിക്കിഷ്ടമാണ്. രാത്രിയിലാണ് ബ്രാണ്ടി കുടിക്കേണ്ടതത്രെ. ഇപ്പൊ എന്നാ കാലം നോക്കാനാ.ഇതൊരു പിടി പിടിപ്പിക്കും. ഫ്രിഡ്ജില്‍ നിന്നു ഒരു സോഡയെടുത്ത് ഒരു പിടുത്തം. നാവിലൂടെ അരിച്ചിറങ്ങുമ്പോള്‍ എന്തൊരു സുഖം. മാത്തുച്ചായന്‍ എയര്‍പോര്‍ട്ടിലെ ഡ്യുട്ടിഫ്രീയില്‍ നിന്നും കൊണ്ടു വന്നതാണ്. ഇന്നലെ കെപീസില്‍ നിന്നും വാങ്ങിയ ലിവര്‍ മസാലയില്‍ കുറച്ചുകൂടി കുരുമുളകും കറിവേപ്പിലയുമിട്ട് വെളിച്ചെണ്ണയൊഴിച്ച് ഒന്നു കൂടി മൊരിച്ചെടുത്തപ്പൊള്‍ നല്ല കോമ്പിനേഷന്‍.

ലിവിങ് റൂമിലെ ഫിലിപ്സിന്ടെ 42 ഇഞ്ച് ടീവിയുടെ റീമോട്ട് അമര്‍ത്തി ഹോട് ബേര്‍ഡിലെ സ്പൈസ് ചാനലിലെ അരുതാ‍ത്ത കാഴ്ചകള്‍ കാണുമ്പോഴായിരുന്നു ടുട്ടു ഉണര്‍ന്നത്.
ഒരു ചെറിയ മുരള്‍ച്ചയൊടെ സോഫയില്‍ കിടന്നു തന്നെ ഒന്ന് കോട്ടുവായിട്ടു. ഭാവം കണ്ടാല്‍ മോളിക്കുട്ടി വന്നാല്‍ ഇവനത് പറഞ്ഞു കൊടുക്കുമെന്നാണ്.ഓ. മറന്നു. ടുട്ടുവിന്ടെ പാലും ഡോഗ് മീലും കൊടുക്കേണ്ട സമയമായി. മോളിക്കുട്ടി എല്ലാം പറഞ്ഞു ഏല്‍പ്പിച്ചതാണ്. ഈ നെപ്പോളിയന്‍ ശരിക്കുമൊരു ക്യാപ്റ്റന്‍ തന്നെയാണ്. അല്ലെങ്കിലിതിങ്ങനെ മറക്കുമോ.
ടുട്ടുവിന് എന്തോ മീല് ഇഷ്ടമായില്ലെന്ന് തോന്നുന്നു. അവന്‍ വീണ്ടും സോഫയിലേക്ക് ചാഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ബേബിച്ചന്ടെ വീട്ടില്‍ നിന്നു ഇവനെ വാങ്ങിയത്.മോളിക്കുട്ടിയുടെ നിര്‍ബന്ധമാണ്. ഇതേ വര്‍ഗ്ഗത്തില്‍ പെട്ട രണ്ടെണ്ണമാണ് ആനിയമ്മ സിസ്റ്ററിന്ടെ ഫ്ലാറ്റിലുള്ളതത്രേ. ഇവള്‍ക്കിതെന്നാ നായ്ക്കളോടു ഇത്ര സ്നേഹം തുടങ്ങിയത്. കിടങ്ങൂരുള്ള ഇവളുടെ വീട്ടില്‍ നായ പോയിട്ട് ഒരു പൂച്ചക്കുട്ടി പോലുമില്ല. മാത്തുകുട്ടിച്ചായന് അതൊന്നും അത്ര ഇഷ്ടമല്ല. ഓ.. മാത്തുക്കുട്ടിച്ചായനെ ഹോസ്പിറ്റലിലാക്കിയിട്ട് രണ്ടാഴ്ചയായി. ഒന്നു പോയി കണ്ടിട്ട് പോരാമെന്ന്ന് മോളിക്കുട്ടിയൊട് രണ്ടുമൂന്നു വട്ടം ഞാന്‍ പറഞ്ഞതാ. എന്നാ ജോയിച്ചാ ഇങ്ങനെയൊക്കെ.. ഒന്നു നാട്ടില്‍ പോയി വരാന്‍ മൂവ്വായിരം ദിറ്ഹം ചെലവാണ്.ഇപ്പോ ഓവര്‍ടൈം കൂടുതലുള്ള സമയവുമാ.. എങ്കി ഒരായിരം ദിറ്ഹം അച്ചായനൊന്ന് അയച്ചു കൊടുത്തുകൂടെ എന്ടെ മോളിക്കുട്ടീ... അത് ജോയിച്ചനങ് അയക്കാ‍ന്‍ മേലായിരുന്നൊ.. അത് തനിക്കിട്ടൊരു താങ്ങാണ്. ഷേക് സായിദ് റോഡിലും ജെബല്‍ അലിയിലുമൊക്കെ കള്ള ടാക്സി ഓടിക്കുന്ന തനിക്ക് ആയിരം പോയിട്ട് ഒരു ഇരുന്നുറെങ്കിലും മാസാമാസം എന്ടെ അച്ചായന് അയക്കനാവുന്നില്ല. പിന്നല്ലേ മോളിക്കുട്ടിയുടെ അപ്പന് താനായിട്ട്‍ ആയിരം ദിറ്ഹം അയക്കുന്നത്. പതിനായിരത്തിനടുത്ത് മാസം വാങ്ങിക്കുന്ന മോളിക്കുട്ടിയുടെ പോക്കറ്റ് മണിയാണ് ഈ നെപ്പോളിയനും ജോണിവാക്കറുമെല്ലാം. അല്ലേലും മോളിക്കുട്ടിയുടെയല്ലാ‍തെ വേറെ എന്നാ ഇരിക്കുന്നു ഈ ഫ്ലാറ്റില്‍.

ഓ.. പതിനൊന്നരയായി. ടീ ഷറ്ട്ട് മാറ്റി. കാമ്രിയുടെ ചാവിയ്മെടുത്ത് ലിഫ്ടിലേക്ക് നടന്നു. ചെറിയ പൊടിക്കാറ്റുള്ളതുകൊണ്ട് ചൂടു കുറവാണ്. ജുമാ സലയ്ക്ക് ആളുകള്‍ പോയിത്തുടങ്ങിയിരിക്കുന്നു.റൌണ്ടബൌട്ട് എടുത്ത് ഹോസ്പിറ്റലിന്റെ പാര്‍ക്കിങ്ങിലേക്കെടുക്കുമ്പോള്‍ മോളിക്കുട്ടി പാര്‍ക്കിങ്ങ് ലോട്ടിലെത്തിലിരുന്നു.
കഴിക്കനൊന്നുമില്ല. കെപീസില്‍ നിന്നു രണ്ട് ചിക്കണ്‍ ബിരിയാണി വാങ്ങി.
ഫ്ലാറ്റിന്ടെ ഡോറ് തുറക്കുമ്പോള്‍ തന്നെ ടുട്ടു മുന്നില്‍ നിന്ന് വാലാട്ടുന്നു.
‘ടുട്ടൂ മോനെ..’ എന്നു പറഞ്ഞ് മോളിക്കുട്ടി ടുട്ടുവിനെ എടുത്തു. ഒരു ഉമ്മ വെച്ചു.
‘എന്തൊരു ചൂട്.. ടുട്ടുവിന് പാലു കൊടുത്തില്ലേ..’ മോളിക്കുട്ടി ടുട്ടുവിന്ടെ ചെവിയിലും താടിയിലും തലോടിക്കൊണ്ടിരുന്നു.
‘വൈകീട്ട് നമുക്ക് ടുട്ടുവിനൊരു ബെഡ് വാങ്ങിക്കണം. സിറ്റിപ്ലാസയില്‍ പോയാല്‍ മതി.’ മോളിക്കുട്ടി മെല്ലെ ടുട്ടുവിനെ എടുത്ത് സോഫയിലിരുത്തി. ഡ്രെസ്സിങ് റൂമിലേക്ക് നടന്നു. ഗൌണെല്ലാം ഊരി മാറ്റി. അണ്ടര്‍വെയറ് മാത്രമിട്ടാണ് മോളിക്കുട്ടി ഇപ്പോള്‍ നില്‍ക്കുന്നത്. ഇങ്ങനെ മോളിക്കുട്ടിയെ കാണാന്‍ നല്ല ഭംഗിയാണ്. മരുന്നിന്ടെ മണമാണ്.
‘എന്നാ ജോയിച്ചാ ഇത്.. കുട്ടികളെ പോലെ.. ഞാനൊന്ന് കുളിക്കട്ടെ.’ പിടി വിടുവിപ്പിച്ച് മോളിക്കുട്ടി ബാത്ത് റൂമില്‍ കയറി വാതിലടച്ചു.
ഡൈനിങ് ടേബിളില്‍ പ്ലേറ്റു നിരത്തി. ബിരിയാണി പ്ലേറ്റിലാക്കി. നല്ല മണമുണ്ട്. വെള്ളിയാഴ്ച സ്പെഷലാണ്. കുക്കുംബര്‍ ചട്നി ചെറിയ പാത്രത്തിലാക്കി. മോളിക്കുട്ടിയുടെ കുളി തീരാന്‍ ഇനിയും സമയമുണ്ട്.
രണ്ട് പെഗ് റെഡ് ലേബലിനുള്ള സമയമുണ്ട്. വെള്ളിയാഴ്ചയയതുകൊണ്ട് മോളിക്കുട്ടിക്കും അത്ര പ്രശ്നമില്ല.
ഫ്രീസര്‍ തുറന്ന് രണ്ട് ഐസ്ക്യൂബ്സ് ഗ്ലാസ്സിലിട്ടു. നടന്നുകൊണ്ടേയിരിക്കുന്ന നെട്ടൂരാന്ടെ കുപ്പിയില്‍ രണ്ട് പെഗ്ഗിനെക്കാള്‍ അല്പം കൂടിയെ ബാക്കിയുള്ളു. ഒഴിച്ചുകഴിഞ്ഞപ്പൊള്‍ മൂന്നിനടുത്തുണ്ട്. ഓ. എന്നാ ചെയ്യാനാ. ഒഴിച്ചുകഴിഞ്ഞില്ലേ. നാട്ടില്‍ നിന്നും കൊണ്ടു വന്ന് കണ്ണിമാങങ ഒന്നെടുത്ത് വായിലിട്ടു. നല്ല എരിവ്.
മോളിക്കുട്ടിയുടെ കുളി കഴിഞ്ഞിരിക്കുന്നു. ബാത്ത് ടവല്‍ ചുറ്റി പുറത്ത് വന്നു. ടുട്ടു സോഫയില്‍ നിന്നും ഓടി വന്ന് മോളിക്കുട്ടിയുടെ കാല്‍പാദത്തില്‍ നക്കുന്നു.
‘വെള്ളത്തിന് നല്ല ചൂട്. ബാത്ത് ടബ്ബില് പിടിച്ചു വയ്ക്കായിരുന്നില്ലേ ജോയിച്ചാ..’
മറന്നു. നെപ്പോളിയന്റെ ഓരൊ കളികള്‍.
മോളിക്കുട്ടി കസേരയില്‍ വന്നിരുന്നു.
ഡോവ് സോപ്പിന്ടെ നല്ല മണം.
‘വെള്ളിയാഴ്ചയായാ‍ലും തിരക്കു തന്നെ....മേഴ്സിക്കുട്ടിയുടെ യു.എസ്. വിസയുടെ പേപ്പറെല്ലാം ശരിയായി. ഒരു മാസത്തിനകം പോവ്വാമെന്നാ പറയുന്നെ..’ ബിരിയാണി കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മോളിക്കുട്ടി പറഞ്ഞു.
ബിരിയാണി ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. മോളിക്കുട്ടി എഴുന്നേറ്റു. വാഷ് ബെയ്സിനില്‍ കൈ കഴുകി,നേരെ ബെഡ് റൂമിലേക്ക്. മോളിക്കുട്ടിയുടെ ഗൌണില്‍ കടിച്ചുപിടിച്ച് ടുട്ടുവും.
‘ടുട്ടു മോനെ .. കുട്ടാ..’ മോളിക്കുട്ടി ടൂട്ടുവിനെ നെഞ്ചോടടുക്കിപ്പിടിച്ച് മുത്തുന്നു.
‘സ്റ്റേറ്റ്സില്‍ പോകുമ്പൊള്‍ നമുക്കീ ടുട്ടുമോനെയും കൊണ്ടു പോകണം. അവിടെ എന്റെ കൂട്ടുകാരെല്ലാം പപ്പികളെ വാങ്ങിച്ചെന്നാ പറയുന്നെ..’
‘ജോയിച്ചായനി ടുട്ടുമോനെ ആ സോഫയില്‍ കൊണ്ടുപോയി കിടത്താവൊ..’
ടുട്ടുവിനെ സോഫയിലാക്കി തിരിച്ച് ബെഡ് റൂമിലേക്ക് വന്നു. മോളിക്കുട്ടി കിടന്നിരിക്കുന്നു.
മോളിക്കുട്ടിയുടെ ഈ കിടപ്പു കാണാന്‍ നല്ല രസമുണ്ട്.
റെഡ് ലേബലിന്റെ നെട്ടൂരാന് ചെറിയ എനക്കം വെച്ചു തുടങ്ങിയിരിക്കുന്നു.
‘മോളിക്കുട്ടീ.. മോളെ..’
‘നല്ല ഉറക്കം വരുന്നു... എന്തൊരു ക്ഷീണം...’
‘നൈറ്റ് കഴിഞ്ഞതല്ലെ..’
‘എന്നാ ജോയിച്ചാ ഇത്....മതി... കളി കാര്യായി മറ്റേണിറ്റി ലീവെടുത്താല്‍ ഒവര്‍ടൈമും കിട്ടീല്ല.. സ്റ്റേറ്റില്‍ പോകലും നടക്കില്ല.. ജോയിച്ചന്‍ പോയി സോഫയില്‍ ചെന്ന് കിടക്ക്..ഞാനൊന്ന് ഉറങ്ങട്ടെ..’
മോളിക്കുട്ടി തിരിഞ്ഞു കിടന്നു.

ടുട്ടു സോഫയില്‍ കിടക്കുന്നു. ഉറങ്ങിയിട്ടില്ല.തന്നെ നോക്കി കൊണ്ട് കിടക്കുകയാണ്.
മോളിക്കുട്ടി എണീക്കാന്‍ ഇനി നാലു മണിക്കുറെങ്കിലും കഴിയും.
റിമോട്ടെടുത്ത് ഹോട്ട്ബേഡിലേക്ക് മാറ്റി. സ്പൈസ് ചാനലില്‍ മേളം മുറുകിക്കൊണ്ടിരിക്കുന്നു.
ഇപ്പോള്‍ ഒരു നായയുടെ ചിത്രമാണ് ടിവിയില്‍.
ടുട്ടു ചെറുതായി ഒന്ന് മുരണ്ടു.
പിന്നെ കുരച്ചു തുടങ്ങി.
‘സ്റ്റോപ്പ് ടുട്ടു..‘
ടുട്ടു കുര നിര്‍ത്തുന്നില്ല.
‘സ്റ്റോപ്പ് ടുട്ടൂ..’ ഒന്നു കൂടി ഉറക്കെ പറഞ്ഞു നോക്കി.
ടുട്ടുവിന്റെ കുര കൂടുന്നതേയുള്ളൂ..
പിന്നെ ടുട്ടുവിന്ടെ കഴുത്തിലെ ബെല്‍റ്റില്‍ തൂക്കി ബാ‍ല്‍ക്കണിയിലേക്ക് നടന്നു.
ബാല്‍ക്കണിയും കടന്ന് ടുട്ടു നേരെ താഴേക്ക്..
ഷെറാട്ടന്‍ ഹോട്ടലിലെ സെയിത്സ് മാനേജറായ് അമേരിക്കക്കാ‍രന്റെ കറുത്ത ലാന്ട് ക്രൂയിസറിന്‍ടെ മുകളില്‍ ടുട്ടു പതിഞ്ഞുകിടന്നു.