Tuesday, January 22, 2008

സൂര്യഗായത്രിയെ പേടിക്കുന്നതെന്തിന് ?

വ്യാഴാഴ്ച രാത്രി എന്തായാലും ആഘോഷിക്കണമെന്ന് കുറച്ചുനാളായി ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഏകകണ്ഠമായാണ് ഇത്തവണ അത് തീരുമാനിച്ചതും. വെള്ളിയും ശനിയും മുടക്കമാണെങ്കിലും പലരുടെയും ഓഫ് ഡേ സന്ധിക്കുന്ന ദിവസങ്ങള്‍ ഒരു വര്‍ഷത്തില്‍ തന്നെ വളരെ അപൂര്‍വ്വമായേ ഉണ്ടാവാറുള്ളൂവെന്നതുകൊണ്ട് കൂടിച്ചേരല്‍ പലപ്പോഴും നടക്കാറില്ല .

ഇനി ഞങ്ങളെ പരിചയപ്പെട്ടില്ലല്ലോ.. ഞാന്‍ രാമകൃഷ്ണന്‍. സ്നേഹമുള്ളവര്‍ ആര്‍ കെയെന്ന് വിളിക്കും. കൂടുതല്‍ സ്നേഹമായാല്‍ വെറും കെ . എന്നു വിളിക്കുന്ന സന്ദര്‍ഭങ്ങളും ഉണ്ടാകാറുണ്ട്. ഗള്‍ഫ് ഓയില്‍ഫീല്‍ഡ്‍ കമ്പനിയിലെ നാലു അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്റുമാരില്‍ ഒരാള്‍ . മറ്റൊരാള്‍ ജയപാല്‍ . ജെപി എന്ന് ചുരുക്കി വിളിക്കും. അവനും അഡ്മിനിസ്ട്രേഷനില്‍ തന്നെ.
ഇവന്റെ പേരിലുള്ള പാല്‍ അവന്റെ സ്വഭാവത്തിലും ഉണ്ടെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.
പിന്നെ മോഹന്കുമാര്‍‍. ഇവന്‍ ലാബ് ടെക്നീഷ്യന്‍. എല്ലായ്പ്പോഴും തല കുമ്പിട്ടേ നടക്കൂ. സള്‍ഫ്യൂറിക് ആസിഡും ഫോസ്ഫോറിക് ആസിഡും വഴിയിലെങ്ങാനും കിടക്കുന്നുണ്ടോയെന്ന് പരതുകയാണെന്ന് ഞങ്ങളവനെ കളിയാക്കാറുണ്ട് . പിന്നെ ഉമേഷ് ബാബു. ഇവന്‍ ഷിഫ്റ്റ് സൂപ്പര്‍വൈസറാണ്. കമ്പനിയില്‍ വെച്ച് കണ്ടാല്‍ ഏതോ സിനിമയില്‍ കുതിരവട്ടം പപ്പു ചാണക വണ്ടിയുടെ ഡ്രൈവറുടെ റോളില്‍ വരുന്നതായിട്ടാണ് ഓര്‍മ്മവരിക . ഒരു തവണയേ ഇക്കാര്യം എനിക്കവനോട് പറയേണ്ടി വന്നിട്ടുള്ളൂ . ഒരാഴ്ച അവന്‍ മിണ്ടാതെ നടന്നു.

സ്വാഭാവികമായും എല്ലാവരും അവിവാഹിതര്‍. വിവാഹം വേണ്ടെന്ന് വെച്ചിട്ടല്ല . ഒരു ക്രോണിക് ബാച്ചിലറായി വിലസണമെന്ന ആഗ്രഹവും ഇല്ല. നാട്ടില്‍ പോയി ഒരു പെണ്ണുകെട്ടുകയെന്ന ആഗ്രഹം മൂത്ത് ഓരോതവണയും ലീവു കഴിയുന്നതുവരെ പെണ്ണുകണ്ടു നടക്കും . അവസാനം കുറെ ചിപ്സും അച്ചാറുമൊക്കെയായി വീട്ടുകാര്‍ കയറ്റി വിടും . ഇവിടെ വന്നാല്‍ കുറച്ചു ദിവസം അച്ചാറിന്റെയും പെണ്ണുകാണലിന്റെയും എരിവും പുളിയുമൊക്കെ കാണും . അതുകഴിഞ്ഞാല്‍ മൂന്നു ദിനാറിനു കിട്ടുന്ന കള്ളച്ചാരയവുമായി അടുത്ത വെക്കേഷന്‍ വരെ എങ്ങനെയെങ്കിലും ഉന്തി നീക്കും.

ഡിപ്പാര്‍ട്ടുമെന്റിലെ സെക്രട്ടറി പാലസ്തീനിയായ റൈന ഇല്ലായിരുന്നെങ്കില്‍ ബോറഡിച്ച് ചത്തേനെയെന്ന് ജയപാല്‍ നിരീക്ഷിച്ചിട്ടുണ്ട്. അവന്‍‍ പലപ്പോഴും റൈനയുടെ കാബിനില്‍ ചെന്നിരുന്ന് സംസാരിക്കുന്നത് കണ്ടാണ് ഞാനും ഇടയ്ക്കിടെ അവിടെ സന്ദര്‍ശനം നടത്തിത്തുടങ്ങിയത് . റൈനയുടെ മുടിയാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. മീഡിയം സ്ലൈസ് കട്ടിയുള്ള സ്വര്‍ണ്ണമുടിയാണ് റൈനയെ സുന്ദരിയാക്കുന്നത്. ആ മുടിയുടെ രഹസ്യം ഒരു തവണ അവള്‍ പറഞ്ഞു തന്നിട്ടുമുണ്ട് . മോള്‍ഡിങ് ക്രീമും സ്ട്രെയ്റ്റനിങ് ബാമുമൊക്കെ പിടിപ്പിച്ച് ആഴ്ചയില്‍ ഒരു മണിക്കൂറോളം പണിഞ്ഞിട്ടാണ് മുടി ഈ കോലമാക്കുന്നതത്രേ . നമുക്ക് ആ സമയമുണ്ടെങ്കില്‍ ഒരു സെറ്റ് റമ്മികളിക്കാമായിരുന്നു . അറബിയും ഇംഗ്ലീഷും കൂടിക്കലര്‍ന്ന്‍ ശ്രംഗരിക്കാനുള്ള ബുദ്ധിമുട്ട് മാനേജുമെന്റിനു ഒരിക്കലും മനസ്സിലാക്കാന്‍ പറ്റുന്നില്ലല്ലോയെന്ന് ജയപാല്‍ ദിവസവും പരിതപിക്കും . പേരിനെങ്കിലും ഒരു ഇന്ത്യക്കാരി പെണ്‍കുട്ടിയെ ഈ ഡിപ്പാര്‍ട്ടുമെന്റിനു തരാത്തതിനു മാനേജുമെന്റിനെ പ്രാകാത്ത ദിവസങ്ങള്‍ കലണ്ടറിലുണ്ടാവില്ല .

മാനേജുമെന്റിനു, പ്രത്യേകിച്ച് എം. ഡി യെന്ന അറബിക്ക് ഇതൊരു പ്രശ്നമേയല്ല. സെക്രട്ടറിയായി അറബി രണ്ടു പേരെയാണ് അവിടെ വെച്ചുപൊറുപ്പിക്കുന്നത് . ലബനന്‍ കാരിയായ മറിയവും ഒരു ഇന്ത്യക്കാരിയും. ആവശ്യത്തില്‍ കൂടുതല്‍ നിറവും എരിവും പുളിയുമെല്ലാം മറിയത്തെ എം. ഡിയുടെ ഇഷ്ട താരമാക്കി. അറബിയൊഴിച്ചുള്ള എല്ലാ എഴുത്തുകുത്തുകളും നടത്തുകയാണ് ഇന്ത്യക്കാരിയുടെ ജോലി. കോണ്ട്രാക്റ്റ് പേപ്പേഴ്സിലെ 'സൂര്യഗായത്രി 'യെന്ന പേരു കേട്ടപ്പോള്‍ തമിഴത്തിയാണെന്നാണ് ജയപാല്‍ പറഞ്ഞത്. ഇംഗ്ലീഷല്ലാതെ വേറൊന്നും ആ നാവില്‍ നിന്നും ഇറങ്ങി വരില്ല . അതും സ്ഫുടം ചെയ്ത ഭാഷ. സൌന്ദര്യം ഇഷ്ടം പോലെ ശരീരത്തിന്റെ എല്ലാ ഭാഗത്തും വാരിക്കോരി നല്‍കിയിട്ടുണ്ട്. എങ്കിലും മുഖം കറുപ്പിച്ച് മോണിറ്റരില്‍ നോക്കിയിരിക്കുന്ന കണ്ടാല്‍ ഈ സൌന്ദര്യമൊക്കെ ദൈവം അറിയാതെ കൊടുത്തുപോയതാണെന്ന് തോന്നും. ചിരിച്ചു കാണുന്നതു തന്നെ അപൂര്‍വ്വം. പേരില്‍ സൂര്യനുള്ളതൊക്കെയും കോപം സ്ഥായിയായുള്ളവരിലാണെന്നാണ് ജയപാലിന്റെ അഭിപ്രായം . അതല്ല ഗായതീമന്ത്രം ആവാഹിച്ചിരിക്കുന്നതുകൊണ്ടാണ് സൂര്യഗായത്രിയുടെ മുഖം എപ്പോഴും ജ്വലിച്ചിരിക്കുന്നതെന്ന് മോഹന്‍. അതൊന്നുമല്ല, ഏതു സമയവും മറിയത്തിന്റെ തെറി കേട്ടിട്ടാണെന്ന് എന്റെ ഉത്തമ വിശ്വാസവും.

ഏതായാലും സൂര്യഗായത്രിയുടെ ചരിത്രമന്വേഷിക്കാന്‍ ആദ്യം തുനിഞ്ഞിറങ്ങിയത് മോഹന്‍ കുമാറാണ്.
എം.ഡിയില്ലാത്ത ഒരു ദിവസം സൂര്യഗായത്രിയുടെ കാബിനില്‍ കയറിയിറങ്ങിയ മോഹനാണത് പറഞ്ഞത്
'അവള്‍ ഒരു യക്ഷിയാടാ ...'
'എന്താ കാര്യം..?'
'അവള്‍ എന്തൊക്കെയോ ഇംഗ്ലീഷില്‍ പറഞ്ഞു. ഒരു തേങ്ങയും മനസ്സിലായില്ല . പണ്ടാരം.. വല്ലതും പോയി ഇനി എം .ഡിയോട് പറഞ്ഞ് നമുക്ക് പണിയാക്കുമോന്നാ എന്റെ പേടി ..'
അല്പം ഭയത്തോടുകൂടിത്തന്നെയാണ് മോഹന്‍ അതു പറഞ്ഞത് .
'നീയതിനവളോട് എന്താ ചോദിച്ചത് ..'
'വീടെവിട്യാണെന്ന് മാത്രേ ചോദിച്ചുള്ളൂ. അതിനാണ് എന്റെ മുഖത്ത് നോക്കി ഇത്രയും കടുപ്പത്തിലുള്ള ഇംഗ്ലീഷില്‍ . ആകെ കുളമായി..'

ഇവന്‍ പോയിട്ടൊരു കാര്യവുമില്ലെന്ന് ജയപാല്‍ നേരത്തെ പറഞ്ഞതാണ്. എല്ലാറ്റിനും ഒരു ടെക്നിക് വേണമെന്നാണ് അവന്റെ അഭിപ്രായം .

അന്ന് ഒരു ചരിത്രവും മനസ്സിലാക്കാന്‍ പറ്റിയില്ലെന്ന ദുഖത്തോടെയാണ് മോഹന്‍ ഉറങ്ങിയത്. അവളെ അങ്ങനെ വെറുതെ വിടരുതെന്ന സ്നേഹപൂര്‍വ്വമായ ഉപദേശം നല്കി ഉമേഷ് ബാബുവും.

മറ്റൊരു ദിവസം ഓഡിറ്റിങ്ങിന്റെ തിരക്കിനിടയില്‍ മൂത്രമൊഴിക്കാന്‍ ജെന്‍സ് ലാവ്റ്ററിക്ക് പകരം ഞാന്‍ കയറിയത് ലേഡീസ് ലാവറ്റ്രിയില്‍. ഓടിക്കയറി നേരെ മുന്നില്‍ അവള്‍ . സൂര്യഗായത്രി. 'സോറി' പറഞ്ഞ് പുറത്ത് കടക്കുമ്പോഴും രാത്രി കിടക്കുമ്പോഴും ആ മുഖം മനസ്സില്‍ നിന്നും മായുന്നില്ല.. ലോകത്തുള്ള എല്ലാ സ്ത്രീകളും ഇത്ര ക്രൂരമായാണോ ആണിനെ നോക്കുന്നതെന്ന്‍ സംശയിച്ചു പോകുന്നതില്‍ യാതൊരു തെറ്റുമില്ല. രണ്ട് ലാവ്റ്ററിയും അടുത്തടുത്ത് തന്നെ വെച്ച ഡിസൈനറെ കിട്ടിയാല്‍ ഒന്ന് പൊട്ടിക്കണമെന്ന് അപ്പോള്‍ തന്നെ മനസ്സില്‍ തോന്നി .

കഴിഞ്ഞ ദിവസം ഓഫീസ് വിട്ടു പോരുന്ന വഴിയ്ക്ക് അവള്‍ ലിഫ്റ്റ് ചോദിച്ചപ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. അതൊരു സാധാരണ വ്യാഴാഴ്ച സായാഹ്നം . ഫിങര്‍സ്കാന്‍ ചെയ്യുന്ന മെഷീനടുത്ത് വെച്ചാണ് അവളെ കാണുന്നത് .
'കാന്‍ യു പ്ലീസ് ഡ്രോപ് മി നിയര്‍ ദി റൌണ്ട് അബൌട്ട് ?'
'ഒഫ് കോഴ്സ്..' പറ്റില്ലെന്ന് പറയാന്‍ ഞാനാര് ?

ഫ്രന്ഡ് സീറ്റിലിരിക്കാറുള്ള ജയപാല്‍ അന്ന് പിറകിലേക്ക് മോഹന്‍ കുമാറിന്റെ കൂടെയിരുന്നു.
സിഗ്നലുകളില്‍ കിടക്കുമ്പോള്‍ ‍ ഇടയ്ക്കിടെ അവളുടെ മുഖത്ത് നോക്കും. മോണിറ്ററിനുമുന്നിലെ കറുത്ത മുഖത്തിനു അല്പം അയവു വന്നിട്ടുണ്ടെങ്കിലും എന്തെങ്കിലും ചോദിക്കാനൊരു മടി. ധൈര്യമില്ല എന്നു പറയുന്നതാവും കൂടുതല്‍ ശരി.
പോക്കറ്റ് റോഡ് കടന്ന് വണ്ടി ഗള്‍ഫ് ബ്രിഡ്ജിലേക്ക് കയറിയപ്പോഴാണ് പെട്ടന്ന് കാറിന്റെ ഫ്രന്‍ഡില്‍ ചെറിയ ഞെരക്കം കേട്ടത് . സര്‍വീസ് റോഡിലേക്ക് നീക്കി ഇറങ്ങി നോക്കിയപ്പോള്‍ ഫ്രന്‍ഡിലെ ഒരു ടയര്‍ പങ്ചര്‍. എന്തൊരു കുരുത്തംകെട്ട ദിവസമാണെന്ന് നോക്കൂ . മാറ്റാനാണെങ്കില്‍ സ്റ്റെപ്പിനി ടയറും ഇല്ല. അവളൊഴിച്ച് എല്ലാവരും കാറിനു പുറത്തിറങ്ങി . വര്‍ക്ഷാപ്പ് കാരനെ വിളിച്ചു ടയറുമായി വരാന്‍ അറേഞ്ച് ചെയ്തു .

'എടാ ഒരു പെണ്ണിനെയും കൊണ്ട് ഇങ്ങനെ വഴിയില്‍ കിടക്കുന്നത് ശരിയാണോ..' ജയപാലിനു വെപ്രാളം .

'എന്നാ നീ തന്നെ വണ്ടി ഉന്ത് റൌണ്ട് എബൌട്ട് വരെ..' മോഹനു കലിയിളകി . പാലത്തിനു മുകളിലായതിനാല്‍ നല്ല ചൂട് കാറ്റ്.
പിന്നെ, ജയപാല്‍ അവളുടെ അടുത്ത് പോയി പതിനഞ്ചു മിനിറ്റിനകം ടയര്‍ മാറ്റി പോകാമെന്നു പറഞ്ഞു തിരിച്ചു വന്നു .
അഞ്ചുമിനിട്ട് കഴിഞ്ഞില്ല.
ഒരു ടാക്സി ഞങ്ങളുടെ കാറിന്റെ അടുത്ത് വന്നു നിന്നു. സൂര്യഗായത്രി പെട്ടന്നു തന്നെ ഇറങ്ങി ഞങ്ങള്‍ പുറത്ത് നില്‍ക്കുകയാണെന്ന ഭാവമൊന്നുമില്ലാതെ , ഒരു യാത്രപോലും പറയാതെ ആ കാറില്‍ കയറി പോയി .
'എന്താ അവളുടെ ഒരു പവറ്..#@#@#$%$ മോള്.. '
മോഹന്‍ ഒരു മുഴുത്ത തെറി പറഞ്ഞ് സ്വയം സമാധാനിച്ചു.


* * * *


ഇന്ന് വ്യാഴാഴ്ച. സമയം രാത്രി പതിനൊന്നോടടുക്കുന്നു.

ഏകദേശം ഒന്‍പതുമണിയോടെ സാധനവുമായി അബുഹലീഫയില്‍ നിന്നും ആന്റപ്പന്‍ വന്നു. പോലീസ് ചെക്കിങ് പേടിച്ച് ഇപ്പോള്‍ ചാരായം പ്ലാസ്റ്റിക് കവറിലാണ് കൊണ്ടു വരുന്നത് . കെ.എല്‍.എഫ് നിര്‍മല്‍ വെളിച്ചെണ്ണ എന്ന ലേബലുള്ള കവറാണ് ഇപ്പോഴത്തെ ട്രെന്‍ഡ് . അതില്‍ തന്നെ പല തരം. സൂപ്പര്‍, ഹൈ പവര്‍, ജെനുവിന്‍ എന്നീ ഉപനാമധേയങ്ങളില്‍. ടൊയോട്ടയുടെ ഏറ്റവും പുതിയ കാറിലേ ആന്റപ്പന്‍ സഞ്ചരിക്കൂ . ഷര്‍ട്ടെല്ലാം ഇന്‍ ചെയ്ത് റെയ്ബാന്‍ കണ്ണടയും വെച്ചുള്ള ആ വരവ് കണ്ടാല്‍ തന്നെ ആന്റപ്പനെ ആരും സംശയിക്കില്ല. ഈ ഗ്ലാമറാണ് ആന്റപ്പനെ പലപ്പോഴും പോലീസില്‍ നിന്നും രക്ഷിക്കുന്നത്. അല്ലെങ്കില്‍ എന്നേ അറബ് ടൈംസില്‍ ഇവന്റെ പടം വരേണ്ടതായിരുന്നു.

'സാധനം സൂപ്പറല്ലെ..'
'അതെയതെ..'

പാചകം എന്റെ വിഭാഗമാണ്. ഫുള്‍ വെജിറ്റേരിയനായ ഉമേഷ് ബാബുവിനു സ്പെഷലായി കപ്പലണ്ടികൊണ്ട് ചമ്മന്തി ഉണ്ടാക്കി വെച്ചിട്ടുണ്ട് . വറുത്ത കപ്പലണ്ടിയും നാലഞ്ച് സ്പൂണ്‍ തേങ്ങയും മൂന്നു നാലു ഉണക്കമുളകും ഒരു പിടി ചുവന്നുള്ളിയും ഒരു കതിര്‍പ്പ് കറിവേപ്പിലയും അല്പം കോല്‍പ്പുളി പിഴിഞ്ഞൊഴിച്ചതും കൂട്ടി മിക്സിയിലിട്ടൊന്ന് അരയ്ക്കും . ഉമേഷ് ബാബുവിനു ഈ ചമ്മന്തി വലിയ ഇഷ്ടമാണ് . വേറെ അധികമൊന്നും അവന്‍ കഴിക്കില്ല. ഏഷ്യാനെറ്റിലെ ഒന്‍പതരയുടെ വാര്‍ത്ത കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ തുടങ്ങിയത്. സെവന്‍ അപ്പു കുറച്ച് ഉമേഷ് ബാബു ആദ്യ ഗ്ലാസൊഴ്ച്ചതും പാടിത്തുടങ്ങിയതും ഒരുമിച്ചായിരുന്നു..

മണല് കരിഞ്ഞ് പറക്കും
നെന്ത്രകാക്ക മലര്‍ന്നു പറക്കുന്നു...
താഴെ തൊടിയില്‍ തലകീറി
ചുടു ചോരയൊലിക്കും ബാല്യങ്ങള്‍..
ഇതു ബാഗ്ദാദാണമ്മപറഞ്ഞോ
രറബികഥയിലെ ബാഗ്ദാദ്....

മോഹന്‍ കുമാര് കണ്ണടച്ചാണ് ഗ്ലാസ് കാലിയാക്കുക. ജയപാല്‍ ലൈറ്റായേ കഴിക്കൂ. കഴിച്ച് കഴിഞ്ഞാല്‍ പിന്നെ അവനു വായില്‍ ഹിന്ദി മാത്രമേ വരൂ. കുറച്ചുകാലം മുംബയിലുണ്ടായിരുന്നതിന്റെ ബാക്കിപത്രം.

ഇവിടെയിരുന്നാല്‍ അകലെ കടലില്‍ ക്രൂഡ് നിറയ്ക്കാന്‍ വരുന്ന കപ്പലുകളിലെ പ്രകാശം മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമായി കാണാം. അകലെ നിന്നും അമേരിക്കന്‍ നേവിയുടെ വാര്‍ഷിപ്പുകളുടെ ഹോണ്‍ അടിക്കുന്നത് കേള്‍ക്കാം . തൊട്ടടുത്ത ഹില്‍ട്ടന്‍ റിസോര്‍ട്ടിലെ ബാര്‍ബെക്യു പാര്‍ട്ടിയില് കനലുകളില്‍ കോഴികള്‍ ആവിയാവുന്നതും ..
എനിക്ക് ഉമേഷ് ബാബു പാടുന്ന കവിതകളാണ് ഇഷ്ടം.
എന്ത് രസമായാണവന്‍ പാടുന്നത്.

അവനെ ഒന്ന് കെട്ടിപ്പിടിച്ച് ഉമ്മവെക്കണമെന്ന് തോന്നി .

ഇതു ബാഗ്ദാദാണമ്മ പറഞ്ഞോ
രറബിക്കഥയിലെ ബാഗ്ദാദ്..
തെരുവിന്നോരത്തൊരു തിരികെട്ടി
ട്ടുണ്ടവിടെ പുകയുണ്ട്..... ഉമേഷ് ബാബു കരഞ്ഞു തുടങ്ങി.

എനിക്കും സങ്കടം വന്നു. ഞാനും കരഞ്ഞു.

പിന്നെ എനിക്ക് നല്ല ഉറക്കം വന്നു.

എപ്പോഴാണ് ഉറങ്ങിയതെന്ന് ഓര്‍മ്മയില്ല.

പെട്ടന്നാണ് ജയപാലിന്റെ മൊബൈല്‍ ശബ്ദിച്ചത്.

'ഏത് കുറ്റിച്ചൂടാനാടാ ഈ നട്ടപ്പാതിരായ്ക്ക് വിളിക്കുന്നത് ? ' ഉമേഷ് ബാബു സോഫയുടെ താഴെകിടന്ന് ചോദിച്ചു .
'ഹലോ..'
മറുഭാഗത്തു നിന്നു പറഞ്ഞ പേരു ഒരു ഞെട്ടലുണ്ടാക്കിയെന്ന് തീര്‍ച്ച. ജയപാല്‍ ഞങ്ങളെ നോക്കി. മൊബൈലിന്റെ വായ പൊത്തിപ്പിടിച്ച് വിറയലോടെ അവന്‍ പറഞ്ഞു .' സൂര്യഗായത്രിയാണ്.'
'എന്താണീ രാത്രിയില്‍..'
'എടാ അവള്‍ക്ക് മലയാളമറിയില്ല..' ജയപാല്‍ രൂക്ഷമായി ഞങ്ങളെ നോക്കി. ഞാന്‍ ജയപാലിന്റെ അടുത്തേക്ക് നീങ്ങി നിന്നു.
'ജെയ്.. എനിക്ക് നിന്നെ ഒന്ന് കാണണം..'
'ഇപ്പോഴോ.. ..'
'അതൊന്നും പ്രശ്നമല്ല. എനിക്കിപ്പോ കാണണം. അത്യാവശ്യമായി ഒരു കാര്യം സംസാരിക്കണം . പ്രമീളാന്റി ഇന്നു പാര്‍ട്ടിക്ക് പോയിരിക്കുകയാ.. നാളേ കാലത്തേ വരൂ .. ജെയ്..'
'സൂര്യ.. ഞാനിപ്പോ വന്നാല്‍ ശരിയാവില്ല..'
'നൊ.. ഐ. വാന്‍ഡ് റ്റു ടാക് റ്റുയു . യു ഷുഡ് കം...' ഫോണ്‍ കട്ടായി.
ഞാനും മോഹനും മിഴിച്ചിരുന്നു

'എടാ.. എന്നു തുടങ്ങി ഇത് ? ഇവള്‍ മലയാളിയായിരുന്നോ ? നീയപ്പോ കൂടെ കൂടെ ഞങ്ങളറിയാതെ അവിടെ പോകാറുണ്ടല്ലേ ..'

'ഇല്ല മോഹന്‍ . അവള്‍ മലയാളിയാണെന്ന് മാത്രം എനിക്കറിയാം. ഇതിനു മുമ്പ് രണ്ടു തവണയേ ഫോണില്‍ സംസാരിച്ചിട്ടുള്ളൂ..താമസ സ്ഥലം മുമ്പ് അവള്‍ പറഞ്ഞു തന്നിട്ടുണ്ട്.. വേറൊന്നുമില്ല..' ജയപാലിനെ വിശ്വസിക്കാതിരിക്കാനാവില്ല. അവനെ ഇന്നോ ഇന്നലെയോ കണ്ടു തുടങ്ങിയതല്ലല്ലോ.
'പിന്നെ എന്തിനാണവള്‍ വിളിക്കുന്നത് ?' എന്റെ സംശയം തികച്ചും ന്യായമായിരുന്നു.
‘എന്തുകൊണ്ട് അവള്‍ ഇവനെ മാത്രം വിളിച്ചു. അതാണെനിക്ക് മനസ്സിലാവാത്തത്..’ മോഹനു മനസ്സമാധാനം കെട്ടു.
‘നീയാ ബാക്കികൂടി അടിച്ച് കിടന്നുറങ്ങാന്‍ നോക്ക്.. മണി പതിനൊന്ന് കഴിഞ്ഞു. ‘ ജയപാല്‍ നയം വ്യക്തമാക്കി.
‘അപ്പൊള്‍ നീ പോകുന്നില്ലേ..’
‘എവിടേയ്ക്ക് ?’
‘അവളുടെ ഫ്ലാറ്റിലേക്ക്..’
‘ഇല്ല ആര്‍ കെ. ... ഞാന്‍ പോകുന്നില്ല..’
‘ഒന്നുമില്ലെങ്കിലും അവളൊരു മൊതലല്ലേ... നീ ചെല്ല്..’ മോഹന് കലിയടങ്ങിയിട്ടില്ല.
‘എടാ വല്ല അത്യാവശ്യകാര്യമായിരിക്കും. നിന്നെ വിശ്വാസമുള്ളതുകൊണ്ടല്ലേ അവള്‍ വിളിക്കുന്നത്.. നീ എന്തായാലും ഒന്ന് ചെന്ന് നോക്ക്.. വലിയ ദൂരമില്ലല്ലോ..’ ജയപാലിനെ ഞാന്‍ നിര്‍ബന്ധിച്ചു.
എന്തായാലും ഒരു സഹപ്രവര്‍ത്തകയല്ലേ. നാളെയും അവളെ കാണേണ്ടതല്ലേയെന്ന ഒരു തിരിച്ചറിവ്.

ജയപാല്‍ പോയതിനു ശേഷം എനിക്ക് ഉറക്കം വന്നില്ല. ടിവിയില്‍ സുരേഷ് ഗോപിയുടെ ‘തലസ്ഥാനം‘ ക്ലൈമാക്സിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ഉമേഷ് ബാബുവും ഉറക്കം വിട്ടെഴുന്നേറ്റിരുന്നു.

പക്ഷേ എനിക്ക് ടിവിയില്‍ ശ്രദ്ധിക്കാനാവുന്നില്ലെന്ന് പിന്നീടാണ് മനസ്സിലായത്.
എന്തിനാവും അവള്‍ ജയപാലിനെ വിളിച്ചിരിക്കുക ?
എന്റെ തൃപ്പങ്ങോട്ട് ഭഗവതി ഒന്നും സംഭവിക്കല്ലേ..
‘മോഹന്‍, അവന്‍ പോയിട്ട് കുറച്ച് നേരമായല്ലോ.. ‘
‘അതിനു..?’
‘എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ... അവനെ ഒന്ന് വിളിച്ചാലോ..’
‘നിനക്ക് തലക്ക് വട്ടാ..നീ വിളിക്കുകയൊന്നും വേണ്ട. അവനിപ്പോള്‍ അവളുമായി ബെഡ് റൂമിലേക്ക് നീങ്ങിയിട്ടുണ്ടായിരിക്കും. ..’
‘ഏയ് .. എന്തായാലും ഞാനൊരു എസ്.എം.എസ് വിടട്ടെ..’
മൊബൈലില്‍ ജയപാലിന്റെ ഐഡിയെടുത്ത് ‘whatz up ?' എന്നൊരു മെസ്സേജ് ടൈപ്പ് ചെയ്തയച്ചു.
ഏറെ വൈകാതെ മറുപടി വന്നു.
‘shadows & dust'
എനിക്കൊന്നും മനസ്സിലായില്ല. ഉമേഷ് ബാബുവിനും. ഞങ്ങള്‍ പരസ്പരം നോക്കി.
അപ്പോള്‍ മോഹന്‍ വികൃതമായ ഒരു സ്വരത്തില്‍ പൊട്ടിച്ചിരിക്കുകയായിരുന്നു.(inspired by a story of Akbar Kakkattil)

40 comments:

കുട്ടന്‍മേനൊന്‍ said...

വീണ്ടും ഒരു കഥ !!

അഗ്രജന്‍ said...

എഴുത്ത് നന്നായിട്ടുണ്ട്...

ഇതിലും നളപാചകം കയറ്റി അല്ലേ... ആ ചമ്മന്തി എന്തായാലും ഒന്ന് പരീക്ഷിക്കണം...

ആ മറുപടി മെസ്സേജ് കണ്ടിട്ട് എനിക്കും ഒന്നും മനസ്സിലായില്ല - പരസ്പരം നോക്കുന്ന നിങ്ങളുടെ കൂട്ടത്തിലേക്ക് ഞാനും!

അക്ബര്‍ കക്കാട്ടിന്‍റെ കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതിന്‍റെ ഇഫക്ട് കാണാനുണ്ട്... നന്നായിരിക്കുന്നു!

:) പുഞ്ചിരി...
:))) പൊട്ടിച്ചിരി...

വികൃതമായ ചിരി എങ്ങനെ ചിത്രീകരിക്കും ദൈവമേ :)

#) - ഇങ്ങനെ മതിയോ!

സുല്‍ |Sul said...

മേന്നേ
എഴുത്ത് ഇരുത്തി വായിപ്പിച്ചു. നല്ല എഴുത്ത്.
ക്ലൈമ്ലാക്സ് ഞാന്‍ തന്നെ കണ്ടെത്തിക്കോളാം. അതാ നല്ലത് :)
-സുല്‍

ശ്രീ said...

ക്ലൈമാക്സ് എനിയ്ക്കും മനസ്സിലായില്ല

മുരളി മേനോന്‍ (Murali Menon) said...

കൊള്ളാം. ഇഷ്ടപ്പെട്ടു.

സുമേഷ് ചന്ദ്രന്‍ said...

മേനോന്‍ ചേട്ടന്‍,
ഗംഭീ‍ര എഴുത്ത്... നല്ല ഒഴുക്ക്... അതു തടസ്സപ്പെട്ടത് ക്ലൈമാക്സില്‍ മാത്രം! :)

*********

cli cli clu clu!

(yes,an SMS for u)
:P

കുട്ടന്‍മേനൊന്‍ said...

ക്ലൈമാക്സ് വായനക്കാരനു വിട്ടുകൊടുക്കുകയെന്നതല്ലേ ഇപ്പോഴത്തെ സ്റ്റൈല്. ഹൌ.. ഇതൊക്കെ ഞാന്‍ തന്നെ പറഞ്ഞു തരണമെന്നു വെച്ചാല്‍ ശ്ശി കഷ്ടാണേ..:) :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഒന്നില്‍ പിഴച്ചാല്‍ മൂന്ന്. അടുത്ത ഒരു കഥേം കൂടി ഇങ്ങനെ ആളെ കറക്കി ക്ലൈമാക്സ് ഇല്ലാതെ എഴുതിക്കോ. അതു കഴിഞ്ഞ് തുടര്‍ന്നാല്‍ അവിടെ വന്ന് തല്ലൂട്ടാ..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മാഷെ വായിച്ച് വായിച്ച് അവസാനംവന്നപ്പോള്‍ ഒന്നും മനസ്സിലായില്ലാ
എന്നാലും വല്യ കുഴപ്പമില്ലാ എന്ന് തോന്നുന്നൂ.

Anonymous said...
This comment has been removed by a blog administrator.
കാര്‍വര്‍ണം said...

നന്നായീ നല്ല കഥ.

:@ ഇതാണു വികൃതമായചിരി ട്ടോ

അനാഗതശ്മശ്രു said...

കക്കട്ടിലിന്റെ ഏതു കഥയാ മാഷെ?

ദില്‍ബാസുരന്‍ said...

ഛായ്.. തട്ടുകടയില്‍ രണ്ടാമത്തെ ദോശ പകുതിയായപ്പൊ ചമ്മന്തി തീര്‍ന്നു എന്ന് പറഞ്ഞ പോലെ ആയി ക്ലൈമാക്സ്. വല്ലതും നടന്നോ നടന്നില്ലേ പോണ വഴി അയാളെ പാണ്ടി ലോറി മുട്ടിയോ എന്നൊന്നും മനസ്സിലാവാത്ത അവസ്ഥ. (ചാരയമടിച്ചാണോ കഥ എഴുതാന്‍ ഇരിക്കാറ്?) :-)

ഓടോ: ഷാഡോ & ഡസ്റ്റ് എന്ന് കണ്ടപ്പോ മുറി ക്ലീന്‍ ചെയ്യാന്‍ സഹായിക്കാന്‍ വിളിച്ചതാവും എന്നാ എനിക്ക് തോന്നുന്നത്. വായനക്കാരന് തീരുമാനിക്കാന്‍ വിട്ട് തന്നിരിക്കുകയല്ലേ പെട്രോമാക്സ്.. ഐ മീന്‍ ക്ലൈമാക്സ്. ;-)

കോറോത്ത് said...

ഞാന്‍ വായിച്ചു ഇത്തിരി കഴിഞ്ഞപ്പോ വിചാരിച്ചു ഇതെന്താ കക്കട്ടിലിന്റെ 'ഞങ്ങള്‍ ലിബ ജോണിനെ പേടിക്കുന്നു ' എന്ന കഥ പോലെ ഉണ്ടല്ലോ എന്ന് .. അവസാനമാ disclaimer കണ്ടത് :)... ചിലപ്പോഴൊക്കെ അത് പോലെത്തന്നെ ആയിപോയില്ലേ എന്നൊരു സംശയം ... എന്നാലും നല്ല എഴുത്ത്... രസിച്ചു വായിച്ചു ...

അരവിന്ദ് :: aravind said...

Shadows and Dust..എന്തു പണ്ടാരാണത്?
ബ്ലഡ്, ഷാഡോസ് ആന്റ് ഡസ്റ്റ് ആണോ? എല്ലാം സുയിപ്പായോ?

മേനോഞ്ചേട്ടാ ഇതൊരുമാതിരി വായനക്കാരനെ വടിയാക്കി.
സൂര്യാ ടിവിയിലെ രാത്രി പടം കാണാന്‍ ഒരു മണി വരെ ഉറങ്ങാതെ കുത്തിയിരുന്നിട്ട് പന്ത്രണ്ടമ്പത്തഞ്ചിനു കറന്റ് പോയ ഒരു ഫീലിംഗ്.

ഡാ ദില്‍ബാ, നിനക്ക് മനസ്സിലായെങ്കില്‍ ഒരു മെയിലിടെടാ.

(ഇനി അതു തന്നെയാവുമോ? ഏയ്..ചെ ചെ)

കൃഷ്‌ | krish said...

റൂമിലെ പൊടി തുടക്കാനും ബള്‍ബ് മാറ്റിയിടാനും വിളിച്ചതാകും അല്ലേ. അങ്ങനെ തല്‍ക്കാലം ഊഹിക്കാം.

:)

G.manu said...

ഒറ്റയിരുപ്പിനു വായിച്ചു.. ക്ലൈമാക്സിലെ ദുരൂഹത ഇതിന്റെ ബലം....

:)

kaithamullu : കൈതമുള്ള് said...

ഹീറ്റ് & ബീറ്റ്
:-)

മുസാഫിര്‍ said...

സൂര്യയെ നിഷ്പ്രഭയാക്കുകയാണ് അല്ലെ .വായിക്കാന്‍ രസമുണ്ട്.

Dinkan-ഡിങ്കന്‍ said...

in shadows & dust... in shadows & dust...

as i walk through the valley of shadows & dust
no hope in the eyes of the lost
your hero nailed to the cross
we're animals in search for blood
never satiesfied, never gratified
until the day we die
i step into your life and take control..

ഇതായിരിക്കും അല്ലേ ബാക്കി സംഭവിച്ചത് :)

ഓഫ്.
കുവൈത്തിലെ ചാരായമാഫിയ നോട്ടമിട്ടിട്ടുണ്ട്. ട്രേഡ് സീക്രട്ട്‌സ് വെളിപ്പെടുത്തിയതിന്. “കുടിവെള്ളം” മുട്ടിക്കരുത്

പപ്പൂസ് said...

ഇരുത്തി ചിന്തിപ്പിച്ച കഥ! കുറേ നേരമായി ചിന്തിക്കുന്നു. ഡാവിന്‍സി സ്റ്റൈലില്‍ അപഗ്രഥിച്ചപ്പോളല്ലേ സംഗതി പിടി കിട്ടിയത്! shadows and dustലെ അക്ഷരങ്ങള്‍ ക്രമം മാറ്റി യോജിപ്പിച്ചാല്‍ കൃത്യമായി ഇങ്ങനെ കിട്ടും - shows dad, dusta - ഒരു h അദ്ദേഹം ടൈപ്പ് ചെയ്യാന്‍ വിട്ടു പോയി, ഉദ്ദേശിച്ചത് dushta എന്നാ... ;)

കഥ നന്നായി, ന്നാലും എന്താ സംഗതി?

Satheesh :: സതീഷ് said...

വെടിക്കെട്ട് കഥ!

Anonymous said...

ലവന്മാരുടെ കൂടെയിരുന്ന് തലസ്ഥാനം കാണുന്നതീലും മെച്ചമല്ലേ ലവളുടെ കൂടെ ഷാഡോസ് ആന്‍ഡ് ഡസ്റ്റ് :)

എസ് പി ഹോസെ said...

കഥ ഇഷ്ടമായി. വളരെ. അക്ബര്‍ കക്കട്ടിലിന്റെ കഥ വായിച്ചിട്ടില്ല.

അവസാനഭാഗം പിടികിട്ടിയില്ല. ക്ലൈമാക്സ് തീരുമാനമാകുമ്പോള്‍ മെയിലയയ്ക്കുമോ ?

:-)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്നാലും ക്ലൈമാക്സ്...

ജ്യോനവന്‍ said...

തലക്കെട്ടിലേയ്ക്കു തന്നെ കയറുന്ന ദൂരൂഹതയുടെ ഒടുക്കത്തെ കളി!
മൊത്തം പൊടിയും നിഴലും മാത്രം!
നന്നായി രസിച്ചു

ദേശാടനകിളി said...

ഒറ്റയിരുപ്പില്‍ മുഴുവനും വായിച്ചു. പക്ഷെ അവസാനമെന്താ‍ അങ്ങനെ? എഴുത്തുകാരന്റെ സ്വാതത്ര്യത്തില്‍ കൈ കടത്തിയതല്ല. വെര്‍തെ ചോദിച്ചതാണ്.

കുതിരവട്ടന്‍ :: kuthiravattan said...

ആ അക്ബര്‍ കക്കട്ടിലിനെ ഇപ്പൊ എന്റെ കൈയില്‍ കിട്ടിയാല്‍....

കാപ്പിലാന്‍ said...

എന്നാലും ക്ലൈമാക്സ്...

Cartoonist said...

ഇന്നത്തെ RCC (ഇന്‍ഫോഴ്സ്ഡ് സിമെന്റ് ചോര്‍)- ന്റെ കൂടെ ആ ചമ്മന്തിയാണ്, ആ മൃദുലാംഗിയാണ് കൂട്ട്.

അവസാന‍ ഖണ്ഡിക മനസ്സിലാവാണ്ടായപ്പൊ ഈഗോയെല്ലാം കളഞ്ഞ് ഒരൊറ്റക്കരച്ചിലാ ഈ ഞാന്‍ !

വേണു venu said...

മേനോനെ തികച്ചും വെത്യസ്ത ശൈലിയിലെഴുതിയ കഥ ഇഷ്ടപ്പെട്ടു. കഥയുടെ അവസാനമെത്തിയ ഞാനും എല്ലാരേയും പോലെ In Shadows and Dust.:)

ഓ.ടോ. ആ ചമ്മന്തി ക്ഷ പിടിച്ചു.

കിനാവ് said...
This comment has been removed by the author.
കിനാവ് said...

അര്‍ദ്ധരാത്രിയില്‍ ഒരു പെണ്ണ് ആണിനോട് ‘അത്യാവശ്യമായി ഒരു കാര്യം സംസാരിക്കണം’ എന്ന് പറഞ്ഞാല്‍ പിന്നെ ഉത്കണ്ഠയാണ്. ‘whatz up ?' എന്ന് sms ചെയ്യുന്ന ആര്‍കെ മാരാകുന്നു വായനക്കാര്‍ പോലും. ‘ പ്രമീളാന്റി ഇന്നു പാര്‍ട്ടിക്ക് പോയിരിക്കുകയാ.. നാളേ കാലത്തേ വരൂ .. ' എന്ന് എഴുതിവച്ചില്ലായിരുന്നെങ്കിലും കഥ ഇങ്ങനൊയൊക്കെ തന്നെ വായിക്കപ്പെടുമായിരുന്നു. ബൂലോകസ്പെഷ്യലായ ചാരായവിവരണവും പാചകകുറിപ്പും എല്ലാതരം വായനക്കാരേയും തൃപ്തിപ്പെടുത്താനുള്ള എഴുത്തുകാരന്റെ ശ്രമമായി കരുതട്ടെ. കാട്ടാക്കടയും കക്കട്ടിലുമൊക്കെ കഥയ്ക്ക് അലങ്കാരമായി. ‘പറക്കും നെന്ത്ര’ എന്നത് ‘പറക്കുന്നെന്ത്ര’ എന്നാണോ എഴുതിയത് എന്നറിയില്ല. അതുതന്നെ വികലമാണ്. ചൊല്ലാനുള്ള എളുപ്പത്തിന് വികൃതമാക്കിയതായിരിക്കണം.

കുട്ടന്‍മേനൊന്‍ said...

കിനാവെ, കവിത അപൂര്‍വ്വമായെങ്കിലും വായിക്കാറുണ്ടെങ്കിലും ‘ബാഗ്ദാദ്’ എന്ന കവിത ഞാന്‍ കേട്ടിട്ടേ ഉള്ളൂ.എന്റെ ചെവിക്ക് ഇപ്പോഴും വലിയ പ്രശ്ബമില്ലെന്നു തന്നെയാണ് ധാരണ. പിന്നെ കഥ. കക്കട്ടിലിന്റെ ‘ലീബാ ജോണിനെ ഞങ്ങള്‍ ഭയപ്പെടുന്നു’ എന്ന കഥ വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് ഇങ്ങനെ ഒരു കഥയാക്കിയെന്നു മാത്രം.
ഇതുവരെയും ഞാന്‍ ഒരു നല്ല കഥ എഴുതിയിട്ടില്ലെന്നു തന്നെയാണ് ഞാന്‍ ഇന്നും വിശ്വസിക്കുന്നത്. ഇങ്ങനെയുള്ള ചില പൊട്ടക്കഥകള്‍ മാത്രം. അതുകൊണ്ടാണല്ലോ ഞാനിന്നും ഒരു വാ‍യനാലിസ്റ്റിലും കയറിക്കൂടാത്തതും പലയിടങ്ങളിലും അപ്രാപ്യമായിരിക്കുന്നതും.
ഈ കഥയില്‍ ക്ലൈമാക്സില്ല എന്ന പരാതി ഉണ്ട്. മന:പൂര്‍വ്വമായിത്തന്നെയാണ് അങ്ങനെ ചെയ്തത്. അതെന്റെ മാത്രം ഇഷ്ടം.

കിനാവ് said...

മേന്‍‌നേ ഞാനും കേട്ടത് അങ്ങിനെ തന്നെയാണ്. താങ്കള്‍ വികലമാക്കി എന്നല്ല ഉദ്ദേശിച്ചത്. ചൊല്ലാനുള്ള എളുപ്പത്തിനെന്ന് കഥാപാത്രത്തെയുമല്ല ഉദ്ദേശിച്ചത്.

പിന്നെ താങ്കളുടെ കഥകള്‍ നിലവാരമുള്ളവ തന്നെയാണ്. ഈ കഥയും നല്ല വായന തന്നു. അതിലെ ചില കാര്യങ്ങള്‍ ഒഴിവക്കാമായിരുന്നെന്ന് തോന്നിയതുകൊണ്ടാണ് അങ്ങിനെ കമന്റിട്ടത്. കമന്റ് ശരിയല്ലെന്ന് തോന്നുന്നുവെങ്കില്‍ താങ്കള്‍ക്ക് മായ്ച്ചുകളയാവുന്നതാണ്. ഇതും.

പിന്നെ വായനാലിസ്റ്റില്‍ വരാത്തതിനെകുറിച്ച് പല പോസ്റ്റുകളിലും ചൂടുള്ള ചര്‍ച്ചകള്‍ നടന്നതാണല്ലോ. ഈ കഥയെ ഞാന്‍ എന്റെ വായനാലിസ്റ്റില്‍ ചേര്‍ക്കാന്‍ ഡിലീഷ്യസിലോട്ട് വിട്ടിട്ടിണ്ടായിരുന്നു. ഇതുവരെ കാണിച്ചില്ല റീഡറില്‍. കാണിക്കുമ്പോള്‍ വരുമായിരിക്കും.

കുട്ടന്‍മേനൊന്‍ said...

കിനാവേ, താങ്കള്‍ പറഞ്ഞത് 100 % ശരിതന്നെയാ‍ണ്. അയ്യ്യൊ കമന്റൊന്നും വെട്ടല്ലെ. ക്ലൈമാക്സിന്റെ കാര്യം താങ്കളോടല്ലാ..

Visala Manaskan said...

ഇത് വായിച്ചിട്ട് ബാക്കിയുള്ളോന്റെ ഉറക്കവും പോയല്ലോ കര്‍ത്താവേ....

പാമ്പുകടിക്കാന്‍, ഇനി അവനെ അവളെങ്ങാനും പീഡിപ്പിക്കാന്‍ നോക്കിയിട്ടുണ്ടാവുമോ??

ദില്‍ബാ.... അരവിന്ദാ.. ചിരിച്ച് വീണൂഡാ..

ഏ.ആര്‍. നജീം said...

'നൊ.. ഐ. വാന്‍ഡ് റ്റു ടാക് റ്റുയു . യു ഷുഡ് കം...' ഫോണ്‍ കട്ടായി."

ഇവിടന്നങ്ങോട്ട് ശ്വാസം പിടിച്ചിരുന്നാ വായിച്ചത്. അവസാനം ശ്വാസം ഇറക്കണോ. പുറത്തേക്ക് വിടണോ എന്നറിയാന്‍ കഴിയാതെയായി..
നാട്ടില്‍ ചില തീയറ്ററില്‍ ഇതേപോലെ ആളുകളെ പറ്റിക്കാറുണ്ട്. പ്രത്യേകിച്ച് ഉച്ചക്കുള്ള ഷോ. പക്ഷേ അവിടെ ഒന്നുമില്ലെങ്കിലും സീറ്റെങ്കിലും കുത്തിക്കീറാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇതിപ്പോ... :)

അല്ല്ല എന്താവും ആ sms ന്റെ അര്‍‌ത്ഥം..?
shadows & dust'
മുറി തൂത്തു തുടക്കാന്‍ എന്തായാലും പാതിരാത്രി വിളിക്കില്ല...
നാട്ടിലായിരുന്നെങ്കില്‍ shadows ( ഷാഡോ പോലീസ് ) ഇടിച്ച് dust (പൊടി) ആക്കി എന്നാണെന്ന് കരുതാം... ഇതിപ്പോ....?

അഭിലാഷങ്ങള്‍ said...

ആരു പറഞ്ഞു ക്ലൈമാക്സില്ലാന്ന്..?

എനിക്ക് ഗംബ്ലീറ്റ് മനസ്സിലായി...!!

ആര്‍ക്കും പറഞ്ഞ് തരൂല്ല... ഇന്‍‌ക്ലൂ‌ഡിങ്ങ് കുട്ടന്മേനോന്‍..!

പിന്നെ,

"എന്താ അവളുടെ ഒരു പവറ്..#@#@#$%$ മോള്.. "-മോഹന്‍ ഒരു മുഴുത്ത തെറി പറഞ്ഞ് സ്വയം സമാധാനിച്ചു.


ഞാന്‍ ഈ "#@#@#$%$" എന്ന സാധനം എന്റെ കയ്യിലുള്ള TDS Software ന്റെ (തെറി ഡീക്കോഡിങ്ങ് സോഫ്റ്റ്വേര്‍) സഹായത്തോടെ ഡീക്കോഡ് ചെയ്‌തു.

യെന്റമ്മേ..എന്നാ തെറിയാ ഇഷ്ടാ..!ലേറ്റസ്റ്റാ!!
മ്മടെ മോഹനേട്ടന്‍.....പുള്ളി ഫുള്ളി അപ്‌ഡേറ്റഡാ..! എനിക്ക് ഒന്ന് ശിഷ്യപ്പെടണം..

ഓഫ്:

അരവിന്ദേട്ടാ, ചിരിപ്പിക്കല്ലേ... ഹി ഹി.

പിന്നെ, രാത്രി 1 മണിവരെ ഉറങ്ങാതിരിക്കുന്നതും 1 മണിക്ക് ശേഷം ‘സൂര്യ‘നെ നോക്കി അന്തം വിട്ടിരിക്കുന്നതുമെല്ലാം ആരോഗ്യത്തിന് ഹാനികരമെന്ന് ആരോപറഞ്ഞിട്ടില്ലേ.... അദ്ദന്നെ. ബട്ട്, പന്ത്രണ്ടമ്പത്തഞ്ചിനു അത്തരത്തില്‍ കറന്റ് കട്ട് ചെയ്താല്‍ ഞാനാണേല്‍ KSEB യെ ശപിച്ച് കൊല്ലും.

ഹി ഹി :-)

sandoz said...

ഹ.ഹ..
തലക്കെട്ട് കണ്ട് ബ്ലോഗര്‍ സൂവിനെ ക്കുറിച്ചാണെന്ന് കരുതി ഞാന്‍ ടാക്സി പിടിച്ചാ വന്നത്.....
എന്നാലും എന്റെ മേനനേ...ഇതൊരുമാതിരി ആളെ ഡസ്റ്റാക്കിയ ക്ലൈമാക്സാക്കിയല്ലാ...
സാരൂല്ലാ...ഞാനിരുന്ന് ഊഹിച്ചൂഹിച്ചൂഹിച്ച്.....