Saturday, December 29, 2007

തിരുകുടുംബം

ഉറങ്ങാന്‍ കിടന്നപ്പോള്‍ കൊച്ചുത്രേസ്യക്ക് ദേഹമാസകലം നല്ല വേദന. ചെറിയ പനിക്കോളുണ്ട്. തലേന്ന് മഞ്ഞ് കൊണ്ടതിന്റെയാണ്. പുതുവര്‍ഷത്തിന്റെ പാതിരക്കുര്‍ബാനയ്ക്ക് എല്ലാക്കൊല്ലവും സെലീന കൊച്ചുത്രേസ്യയെയും കൊണ്ട് പോകാറുള്ളതാണ്. ആ മഞ്ഞത്ത് സ്കൂള്‍ ഗ്രൌണ്ടിനപ്പുറത്തുള്ള കപ്പേളവരെ മെഴുകുതിരിയും പിടിച്ചുള്ള പ്രദക്ഷിണം. സെലീന സ്പെഷലായി കൊമ്പന്‍ പ്രാഞ്ചിയുടെ മെഴുതിരി കമ്പനിയില്‍ പറഞ്ഞുണ്ടാക്കിയ ഒരു മുട്ടന്‍ തിരിയുമാ‍യാണ് പോകുന്നത്.

‘ഔ.. എന്താ സെലീനേട്ത്ത്യാര്‍ടെ ഒരു നെഗളിപ്പ്.. കൊച്ചുത്രേസ്യപ്പുണ്യാള്ത്തീനെ താഴ്ത്തെറക്കി വെച്ച പോലീണ്ട്. ..’ കണ്ണുകാണാന്‍ വയ്യെങ്കിലും നാലാള് കേള്‍ക്കെ പൂത്തോക്കാരന്‍ ചേറ്വേട്ടന്‍ അത് പറയുമ്പോള്‍ സെലീന ഒന്നുകൂടി നിവര്‍ന്ന് നടക്കും.

സെബസ്ത്യാനോസ് പുണ്യാളന്റെ അമ്പ് പെരുന്നാളിന് ചേറൂവേട്ടന് സെലീനയുടെ വക കനം കുറഞ്ഞ ഒരു കൊല നേന്ത്രക്കായ. കൊച്ചുത്രേസ്യ പിന്നില്‍ ഒരു ചെറിയ മെഴുകുതിരിയും പിടിച്ച് കൂടെ നടക്കും. കപ്പേളയുടെ അവിടെ ചെന്ന് പ്രാര്‍ത്ഥനയും കഴിഞ്ഞ് തിരിച്ച് പള്ളിയിലെത്തി കുര്‍ബാന. അതും കഴിഞ്ഞ് ഇറച്ചിവെട്ടുന്നിടത്ത് കയറി അരക്കിലോ പശുവിറച്ചി, നായക്കിട്ട് കൊടുക്കാന്‍ ഒരു കിലോ നെഞ്ഞടി എല്ലും.

‘സെലീനേട്ത്ത്യാര്‍ടെ നായ ഇപ്പളും നല്ല ഉഷാറല്ലേ ? ‘ ഇറച്ചിവെട്ടുന്ന ആന്റപ്പന്റെ സംശയം.
‘നീയ്യ് അധികം എളക്കാണ്ട് നല്ല കഷണം വെട്ടിട്രാ ആന്റപ്പാ..’

കൊച്ചുത്രേസ്യക്ക് അപ്പോ ചിരിപൊട്ടും. സ്കാര്‍ഫുകൊണ്ട് വായടച്ചുപിടിക്കും. കൈസര്‍ ചത്തിട്ട് കൊല്ലമെത്രയായി. ഇന്നും മുടങ്ങാതെ ഒരു കിലോ നെഞ്ഞടി വാങ്ങും . നെഞ്ഞടി വെട്ടിക്കൂട്ടി കഴുകി വലിയ കലത്തിലിട്ട് വെട്ടിത്തിളപ്പിച്ച് കുറെ നേന്ത്രക്കായും ഒരു മുഴുവന്‍ തേങ്ങ വറുത്തരച്ചതും ചേര്‍ത്ത് കാലത്തും ഉച്ചയ്ക്കും ബാക്കിയുള്ളത് വൈകീട്ടും ഭൂരിഭാഗവും സെലീന തന്നെ കഴിക്കും. പശുവിറച്ചി മുളകും മഞ്ഞപ്പൊടിയും വേപ്പിലയുമിട്ട് വേവിച്ച് കറിമസാലയും കുരുമുളകുപൊടിയും ഇഞ്ചിയും ചേര്‍ത്ത് വറുത്ത് ഒരു പതിനൊന്നുമണിയോടെ രണ്ട് ഗ്ലാസ് മിലിറ്ററി റമ്മിന്റെ കൂടെ. മുപ്പട്ട് ഞായറാഴ്ചയൊഴിച്ചുള്ള ഞായറാഴ്ചകളില്‍ സെലീനയ്ക്ക് റമ്മില്ലാതെ പറ്റില്ല.

ദെത്തിന്റോടത്തെ വറുദപ്പനാണ് സെലീനയ്ക്ക് മിലിറ്ററി സാധനം കൊണ്ടു വന്നുകൊടുക്കുന്നത്. വറുദപ്പന് പണ്ട് മിലിറ്ററിയിലായിരുന്നു. ജോസപ്പേട്ടന്‍ ഉള്ളപ്പോള്‍ തന്നെ വറുദപ്പന് മിലിറ്ററി സാധനം കൊണ്ടു കൊടുക്കാറുണ്ട്. ക്രിസ്തുമസ്സിനും ഈസ്റ്ററിനും ഒരു കുപ്പി കൂടുതല്‍ വാങ്ങും സെലീന. വറദപ്പന്‍ വരുന്ന ദിവസം സെലീനയ്ക്ക് ശരിക്ക് അറിയാം. കാലത്തു തന്നെ കുപ്പിയുടെ കാശ് എടുത്ത് ബൈബിളിന്റെ ഇടയില്‍ വെയ്ക്കും. മറന്നുപോകാതിരിക്കാന്‍..

‘വറ് ദപ്പാ.. ഇദിന്റെ നെറം കൊറച്ച് കൊറഞ്ഞ്ണ്ടല്ലോ..’
‘അത് സെലീനേട്ത്താര്‍ക്ക് തോന്നണതാ.. കുതിര കുതിര സാധനണ്. ‘ സെലീന രണ്ടുകുപ്പി റമ്മേ വാങ്ങൂ.. ജോസപ്പേട്ടന്‍ ഉള്ളപ്പോള്‍ ക്രിസ്തുമസ്സിന് സ്പെഷലായി ഒരു വിസ്കിയും വാങ്ങാറുണ്ട്. വിസ്കി സെലീനയ്ക്ക് വലിയ ഇഷ്ടമില്ല. കഴിച്ച് കുറെ കഴിഞ്ഞാണ് അവന്‍ ശൌര്യം പുറത്ത് കാണിക്കൂവെന്നാണ് സെലീനയുടെ വാദം. പതിനൊന്നുമണിയോടെ കുപ്പിയും ഡവറയും ഗ്ലാസും പശുവിറച്ചി വറുത്തതു മുഴുവനും എടുത്ത് തട്ടിന്‍ പുറത്ത് ചെന്നിരിക്കും സെലീന. . സ്റ്റൂളിന്മേല്‍ എല്ലാസാധനങ്ങളും വെച്ച് ചാരുകസേരയില്‍ ഇരിക്കും. കൊച്ചുത്രേസ്യയെ അടുത്തിരുത്തും.

‘നെനക്ക് വേണറീ.. നല്ല സാധനാണ്ടീ... ഒരു അര ഗ്ലാസ് കുടിച്ചാ മതി സ്വര്‍ഗത്തില്ക്ക് ദിങ്ങനെ ദിങ്ങനെ നടന്നു പോണപോലെ തോന്നും. ‘

കൊച്ചുത്രേസ്യക്ക് ഇതിന്റെ മണം ഒരിക്കലും ഇഷ്ടമല്ല. അതറിഞ്ഞിട്ടുതന്നെയാണ് സെലീന ഇതു പറയുന്നതെന്നും കൊച്ചുത്രേസ്യയ്ക്ക് അറിയാം. ഒരു ഗ്ലാസ് കഴിച്ചുകഴിഞ്ഞാല്‍ പിന്നെ സെലീന സംസാരം തുടങ്ങും. പിന്നെ പാട്ട്..

‘ഓശാനാ ഈശനു സതതം..
ഓശാന ഓശാന ഓശാന.
പരിശുദ്ധന്‍ പരിശുദ്ധന്‍ പരമശക്തന്‍ ..

പിന്നെ

‘നല്ലേ മാതാവേ മരിയേ..
നിര്‍മ്മല യൌസേപ്പീതാവേ..
നിങ്ങളുടെ പാദ പങ്കജത്തില്‍
ഞങ്ങളെ വെച്ചീതാ കുമ്പിടുന്നേന്‍
ചെകുത്താന്മാര്‍ നിങ്ങളെ കാത്തീടുകില്‍
ചത്താലും ഞങ്ങള്‍ക്കതിഷ്ടമല്ല...‘

മനസ്സിലാവ്ണ് ണ്ട്രീ ...

ഞായറാഴ്ച ദിവസം കൊച്ചുത്രേസ്യ ഉച്ചക്ക് ഊണുകഴിഞ്ഞാല്‍ ഒന്ന് നടുവു നിവര്‍ത്തും. അടുക്കളയുടെ അടുത്തുള്ള ഇരുട്ടുകട്ടപിടിച്ച ചെറിയ ഒരു മുറിയിലാണ് കൊച്ചുത്രേസ്യ കിടക്കുന്നത്. ഒരു മണി തൊട്ട് മൂന്നുമണി വരെ. സ്വപ്നങ്ങള് വരിവരിയായി തഴുകിയെത്തുന്നതും അപ്പോഴാണ്. കൊച്ചുത്രേസ്യ ഉറങ്ങില്ല. വെറുതെ കിടക്കുകയേ ഉള്ളൂ.. കൊച്ചുത്രേസ്യയുടെ സ്വപ്നങ്ങളില്‍ പതിവായി വരുന്നത് നക്ഷത്രങ്ങളാണ്. പല നിറത്തില്‍ പല തരത്തില്‍ മിന്നിത്തിളങ്ങും അവ. അവയ്ക്കിടയില്‍ കൈകോര്‍ത്തു നടക്കുന്ന അപ്പനും അമ്മയും. അപ്പന്റെ മുഖം എപ്പോഴും പ്രസന്നമായിരിക്കും. വെളുത്ത് ഔസേപ്പുണ്യാളന്റെ രൂപമാണ് കൊച്ചുത്രേസ്യയുടെ അപ്പനു. അമ്മയ്ക്ക് ലൂര്‍ദ്ദ് പള്ളിയിലെ മൂലയ്ക്കിരിക്കുന്ന കന്യാമറിയത്തിന്റെയും. അപ്പന്റെ കയ്യില്‍ ഒരു ചുറ്റികയുണ്ട് ചിലപ്പോ വികൃതി കാണിക്കുന്ന നക്ഷത്രങ്ങളെ ഒന്നു മേടും. അവ കൊള്ളിമീനായി പറന്നു പോകും. അമ്മ അതുകണ്ട് പൊട്ടിച്ചിരിക്കും. അമ്മയുടെ ചിരികാണാന്‍ നല്ല ഭംഗിയാണ്. വിടര്‍ന്ന കണ്ണുകളും നീണ്ടമൂക്കുമാണ് അമ്മയ്ക്ക്. അമ്മയുടെ കയ്യില്‍ എപ്പോഴും ഒരു കൊന്തയുണ്ടായിരിക്കും. അപ്പന്റെ അരികു പറ്റിത്തന്നെ അമ്മയും.

‘ഇബടാരൂല്ലേ..’ എന്ന് കേട്ടാണ് കൊച്ചുത്രേസ്യ ഞെട്ടിയുണര്‍ന്നത്.

കൊച്ചാപ്പുവിന്റെ ശബ്ദമല്ലേ അത് .

പുറത്ത് ചെന്നു നോക്കി . അതെ വാതിക്കല്‍ കൊച്ചാപ്പു. തലയില്‍ ഒരു തോര്‍ത്ത്മുണ്ട് കെട്ടിയിട്ടുണ്ട്.

‘ട്യേ.. സെലീനേട്ത്താരാ ? ‘

‘മോളിലാ..’

‘ഔ.. ന്ന് ഞാറായ്ച്യാണ് ല്ലേ....നാളെ പിണ്ടിപ്പെരുന്നാളല്ലേ.. പിണ്ടി ശര്യാക്കി മിറ്റത്ത് കുത്താന്‍ പറഞ്ഞ്ണ്ടാര്‍ന്നു ചേട്ത്ത്യാര്..’

‘ഉം.’

‘ഏത് വാഴ്യാ വെട്ടണ്ടെ.. നീയ്യാ വെട്ടോത്തി ഇങ്ങട് എടുത്തേരി...’

കൊച്ചുത്രേസ്യ അടുക്കളയില്‍ കയറി വെട്ടുകത്തി എടുത്ത് പുറത്തു വന്നു.

‘ആ കൊല വെട്ടിയ വലിയ നേന്ത്രേടെ തന്നെ വെട്ടിക്കോ..’ കൊച്ചാപ്പു നടന്നു. പിന്നാലെ കൊച്ചുത്രേസ്യയും.
തേക്കിന്റെ രണ്ടാം കെട്ടില്‍ എത്തിയപ്പോള്‍ പെട്ടന്ന് കൊച്ചാപ്പു നിന്നു. കൊച്ചുത്രേസ്യ കൊച്ചാപ്പുവിനെ മുട്ടി. കൊച്ചാപ്പുവിന്റെ കഴുത്തിലെ പാലുണ്ണിയില്‍ കൊച്ചുത്രേസ്യയുടെ ചുണ്ടുകളുരഞ്ഞു. കൊച്ചാപ്പുവിന്റെ വിയര്‍പ്പുമണം കൊച്ചുത്രേസ്യയുറ്റെ മൂക്കില്‍ അടിച്ചുകയറി.

‘ദേ നോക്ക്യേടീ..ഒരു ചേര പോണ കണ്ടാ..എന്താ അവന്റെ ഒരു വണ്ണം..’ കൊച്ചുത്രേസ്യ ഒരടി പിന്നിലേക്ക് വെച്ചു. കൊച്ചാപ്പു തിരിഞ്ഞ് നോക്കി. കൊച്ചുത്രേസ്യയുടെ മുഖത്തെ സുവര്‍ണ്ണരാജികളില്‍ കൊച്ചാപ്പുവിന്റെ കണ്ണുകളുടക്കി.

‘നെനക്ക് മീശ മൊളക്ക്ണ്ണ്ട്രീ ?’

‘അയ്യെ.. പെണ്ണങ്ങള്‍ക്കെങ്ങന്യാ മീശ ഇണ്ടാവാ ? ഈ കൊച്ചാപ്പൂന്റെ കാര്യം..’

‘എല്ലാ പെണ്ണങ്ങള്‍ക്കും ഉണ്ടാവില്ല. നെനക്ക് ചെലപ്പോ ഇണ്ടായീന്ന് വരും. ‘ കൊച്ചാപ്പു വെറുതെ ഒരു നുള്ളു കൊടുത്തു ആ കവിളില്‍.

‘ദേ.. അമ്മായിയാനും കണ്ടാല്‍ നെന്റെ പൊറം പൊളിക്കും..നടക്ക്.... ‘

‘കാണട്രി.. ആ തള്ളയ്ക്ക് ഞാന്‍ വെച്ച്ണ്ട്...നീയ്യെങ്ങിന്യാ അദിന്റെ കൂടെ ഇങ്ങനെ നിക്കണേ ?’

‘എന്തേ ?’

‘നീയ്യ് ലോകം കണ്ടട്ടില്ലടി.. നീയൊന്ന് പൊറത്തെറങ്ങ്.. മനുഷ്യമ്മാരെയൊക്കെ ഒന്ന് കാണ്..പത്തിരുപത് വയസ്സ് കഴിഞ്ഞില്ലേ.. ഈ തള്ളേരെ കൂടെ നിന്നട്ട് എന്തൂട്ട് പൂട്ട് കിട്ടാനാ നെനക്ക്..’

‘ഞാന്‍ എവിടെ പൂ‍വാനാ കൊച്ചാപ്പ്വേ..’

‘നെനക്ക് ലോകം അറിയാണ്ടാ.. ആ സൈമണ്‍ ഡോക്ടറടെ അവിടെ നിക്കണ അമ്മിണിക്ക് എന്താ കാശ്ന്ന് നെനക്കറിയോ ? ഇവടെ നിന്നട്ട് നെനക്ക് എന്തൂട്ടാ കിട്ടാ ? ആ തള്ള ചത്ത് കഴിഞ്ഞാല്‍ മുഴുവന്‍ സ്വത്തും ആ കരാഞ്ചിറക്കാര് കൊണ്ടോവും. പിന്നെ നെനക്ക് പെരുവഴി..’

‘ഏയ് . അങ്ങന്യൊന്നും ഇണ്ടാവില്ല...’

‘നെന്നോടൊക്കെ പറഞ്ഞിട്ട് ഒരു കാര്യോല്യ .. കഴിഞ്ഞ കൊല്ലം ആ ദേശുട്ട്യേട്ടന്റെ വീട്ടില്‍ നിന്നേര്‍ന്ന ആ റോസിനെ ഞാന്‍ പറഞ്ഞിട്ടാ ആ കൊച്ചന്തോണി ബോംബയ്ക്ക് കൊണ്ടോയത്. മിനിഞ്ഞാന്ന് അവള്‍ നാട്ടില്‍ വന്ന്ട്ട് ണ്ട്. എന്താ അവള്ടെ ഒരു നടപ്പ്. അഞ്ച് പവന്റെ ചെയ്യനാ കഴുത്തില്.‘

‘ആര് .. ആ കരിക്കട്ട പോലത്തെ റോസ്യാ..’

‘അദന്നെ..അവള് ആ വാറുണ്ണ്യേട്ടന്റെ ഒരേക്കറ് സ്ഥലത്തിനു വെലപറഞ്ഞൂന്നാ കേട്ടെ... നെനക്ക് പോണാ.. ദേ ഈ ഞാന്‍ ഒരു വാക്ക് പറഞ്ഞാ മതി..കൊച്ചന്തോണി നെന്നെ മെത്തേലിട്ട് കൊണ്ടോവും.... ’

അന്ന് രാത്രി രണ്ട് കൊന്ത എത്തിച്ച് കഴിഞ്ഞിട്ടും കൊച്ചുത്രേസ്യയ്ക്ക് ഉറക്കം വന്നില്ല. കണ്ണുകള്‍ അടച്ച് ‘യൂദന്മാരുടെ രാജാവായ നസ്രായേല്‍ക്കാരന്‍ ഈശോയേ പെട്ടന്നുള്ള മരണത്തില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ’യെന്ന് മൂന്നു പ്രാവശ്യം നെറ്റിയില്‍ കുരിശു വരച്ചു.

അന്നു പതിവുള്ള നക്ഷത്രങ്ങള്‍ വിരുന്നുവന്നില്ല. പകരം കൊച്ചുത്രേസ്യ പുതിയ സാരി ചുറ്റി അഞ്ചുപവന്റെ മാലയുമിട്ട് സെബസ്ത്യാനോസിന്റെ പെരുന്നാളിനു നേര്‍ച്ചയിടാന്‍ വരിയില്‍ നില്‍ക്കുന്നു. പാന്റും വെള്ള ഷര്‍ട്ടും ഷൂസുമിട്ട് കൊച്ചാപ്പു അപ്പുറത്ത് തന്നെ കാത്തു നില്‍ക്കുന്നു. കൊച്ചുത്രേസ്യ വീണ്ടും കണ്ണുകള്‍ പൂട്ടി, നെറ്റിയില്‍ കുരിശ്ശുവരച്ചു.
അപ്പുറത്തെ മുറിയില്‍ സെലീനയുടെ നീണ്ട ചുമ ഉയര്‍ന്നുകേട്ടു.

Thursday, December 20, 2007

രാജാക്കന്മാരുടെ രാത്രി

വൃശ്ചികക്കാറ്റൊടുങ്ങി നേരിയ തണുപ്പ് തെങ്ങോലകളിലൂടെ ഭൂമിയിലേക്ക് അരിച്ചിറങ്ങിക്കൊണ്ടിരിന്നു.

തണുപ്പ് സെലീനയ്ക്ക് അത്ര ഇഷ്ടമല്ല. കിഴക്കുനിന്നും പുലര്‍ച്ചയടിക്കുന്ന നേരിയ തണുപ്പ് കാരണം വൈകിയേ സെലീന എഴുന്നേല്‍ക്കാറുള്ളൂ. തണുപ്പുകാലങ്ങളില്‍ ഏഴരക്കുറ്ബാനയ്ക്കേ പോകൂ. പുലര്‍ച്ച അഞ്ചുമണിക്ക് ഇടവകപ്പള്ളിയില്‍ ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ...’ എന്ന പാട്ട് വെയ്കുമ്പോള്‍ തന്നെ സെലിന കണ്ണു തുറന്നിട്റ്റുണ്ടാവും. എങ്കിലും മൂടിപ്പുതച്ച് ഒന്നുകൂടി അവിടെ കിടക്കും. മൂത്രമൊഴിക്കാന്‍ മുട്ടി വയറു വേദനിച്ചാല്‍ പോലും. അധികമായാല്‍ ഒരു കൊന്തകൂടി എത്തിക്കും.

എങ്കിലും കൊച്ചുത്രേസ്യ അഞ്ചുമണിക്കു തന്നെ എഴുന്നേല്‍ക്കും. ഉമിക്കരിയും ഉപ്പുമെടുത്ത് പല്ലുതേയ്ക്കും. പിന്നെ, വിറകുപുരയുടെ സൈഡില്‍ വെച്ച അടുപ്പില്‍ സെലീനയ്ക്ക് കാലത്ത് കുളിക്കാന്‍ വെച്ചിരിക്കുന്ന ചെമ്പിനടിയില്‍ ഒണക്ക മടല്‍ ഇട്ട് കത്തിക്കും. ഓല അധികം ഉപയോഗിക്കരുതെന്നാണ് സെലീനയുടെ ഓര്‍ഡര്‍.
‘ഓലീല്ലാണ്ട് കത്തിക്കറീ.. ഒരു കെട്ട് ഓലയ്ക്ക് എന്താ വെല .. നെന്റെ അമ്മായ്പ്പന്‍ തര്വോ കാശ് ?’ അമ്മായ്പ്പന്‍ എന്നത് എന്തോ ദുഷിച്ച സ്ഥാനമാണെന്നാണ് കൊച്ചുത്രേസ്യ കരുതിപ്പോന്നത്.

സെലീനയുടെ അമ്മായ്പ്പന്‍ കരാഞ്ചിറക്കാരനാനെന്നാണ് കേട്ടിട്ടുള്ളത്. നല്ല തടിയും സ്വര്‍ണ്ണത്തിന്റെ വെപ്പുപല്ലുമൊക്കെ വെച്ച് നടേപ്പൊറത്ത് ഇരിക്കുന്ന കുഞ്ഞുവറ്ദേട്ടനെ കുറിച്ച് സെലീന പലപ്പോഴും പറയാറുണ്ട്.
‘എന്താ ആ ഇരുപ്പ്.. കാണണ്ട കാഴ്ച്യന്ന്യാ.. തൃശ്ശൂപ്പൂരത്തിനു കേശവനെ എഴുന്നെള്ളിച്ച പോലെണ്ട്..’
നൂറുപറയ്ക്ക് കോളും പത്തു പന്ത്രണ്ട് എക്കറ് തെങ്ങും പറമ്പും കുഞ്ഞുവറുദേട്ടനുണ്ട്. പണ്ട് ഒല്ലൂരുനിന്നും കുഞ്ഞുവറുദേട്ടന്റെ അപ്പാപ്പന് ലോനക്കുട്ടി കുടിയേറിയതാണ് കരാഞ്ചിറയിലേക്ക്. മുമ്പ് തൃശ്ശൂരങ്ങാടിയില് അരിക്കച്ചവടമായിരുന്നു ലോനക്കുട്ടിക്ക്. കൊട്ടേക്കാട് തറയിലെ ലാസറപ്പനും മാര്‍ക്കം കൂടി വന്ന ദിവന്യാസോസും കൂടി അരിക്കച്ചവടം തുടങ്ങിയപ്പോള്‍ ലോനക്കുട്ടിക്ക് അതൊരു കനത്ത വെല്ലുവിളിയായി. ചിറ്റൂരില്‍ നിന്നും ദിവന്യാസോസ് വണ്ടിക്കണക്കിനു അരി കൊണ്ടുവന്നു. വിലകുറച്ച് വിറ്റു. ലോനക്കുട്ടിക്ക് അതുപറ്റില്ലല്ലോ. മുണ്ടോപാടത്തുനിന്നും മറ്റും നാടന്‍ അരിയായിരുന്നു ലോനക്കുട്ടി വിറ്റിരുന്നത്. അതിനു വിലകുറയ്ക്കാനും പറ്റില്ല. വില കുറഞ്ഞ അരി മെല്ലെ മെല്ലെ മാര്‍ക്കറ്റ് പിടിച്ചു. ലോനക്കുട്ടിക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റാതെയായി. അവസാനം ഗതികെട്ട് ലോനക്കുട്ടി അരിക്കച്ചവടം നിര്‍ത്തി. അപ്പോഴാണ് ലോനക്കുട്ടിയുടെ കെട്ട്യോള് റാഹേലിന്റെ വീട്ടുകാര്‍ കരാഞ്ചിറയില്‍ വീടുവെയ്ക്കാന്‍ സ്ഥലം കൊടുത്തത്. മെല്ലെ മെല്ലെ ലോനക്കുട്ടി ആ പ്രദേശത്തെ പഠിച്ചു. പിന്നെ ഒരോ തുണ്ട് ഭൂമിയും ഏറ്റെടുത്തു തുടങ്ങി. പത്തിരുപത് പണിക്കാര്‍ സ്ഥിരമായി വീട്ടില്‍. മൂന്നു നിലയുള്ള ഓടിട്ട വീടാണ് തറവാട് . വിടിനു നാലു വശവും വലിയ മുറ്റം. മുറ്റത്തിനപ്പുറത്ത് ചെറിയ ഒരു പുന്തോട്ടം. ചെമ്പരത്തിയും ചെത്തിയും കോഴിവാലനും ചന്തത്തില്‍ നിന്നു.

കുഞ്ഞുവറുദേട്ടനു മൂന്നാണും രണ്ടു പെണ്ണും. രണ്ടാമത്തവന്‍ ജോസപ്പ്. മെട്രികുലേഷന്‍ പാസായപ്പോ ജോസപ്പിനെ അന്നത്തെ തിരുമേനിയാണ് തൃശ്ശൂരുള്ള ബ്ലേഡ് കമ്പനിയില്‍ കണക്കെഴുതാന്‍ വെച്ചതു. പള്ളിക്കാര്‍ക്ക് എഴുതിക്കൊടുത്ത ടൌണിലുള്ള ചേറുവിന്റെ കുടിയിരിപ്പ് ജോസപ്പ് കയ്യും കടാക്ഷവും കാണിച്ച് ബിഷപ്പിന്റെ സെക്രട്ടറി പ്രാഞ്ചി വഴി ചുരുങ്ങിയ വിലയ്ക്കാണ് വാങ്ങിയത്. കാശു കൊടുത്തത് കുഞ്ഞുവറുദേട്ടനാണെങ്കിലും രജിസ്റ്റര്‍ ചെയ്തത് ജോസപ്പിന്റെ പേരിലായിരുന്നു. അന്ന് ജോസപ്പിനു വയസ്സ് ഇരുപത്.

‘ദേ ആ കൊച്ചാപ്പൂന്റെ അത്രേ ണ്ടാര്‍ന്നൊള്ളൊ. ദിങ്ങനെ ദിങ്ങനെ പീക്കുര്‍ണ്ണ്യായ്ട്ട്..കവിളിന്റെ കൂഴീലാണെങ്കി ഒരു നാഴി എണ്ണ ഒഴിക്കാം..’ സെലീനയ്ക്ക് ജോസപ്പേട്ടനെ പറ്റി എപ്പോഴും പറയാനുണ്ടായിരുന്നത് ഇതായിരുന്നു.

‘ദേ ഞാനീ തറവാട്ടില് കേറീട്ടണ് ഈ കണ്ട ഗൊണൊക്കെ തറവാ‍ട്ടിനുണ്ടായത് നെനക്ക് അറിയോരീ..’

‘ഉം.’ കൊച്ചുത്രേസ്യ ഒന്നിരുത്തി മൂളി.

‘ഉം.. നെനക്ക് പിടിക്കില്യ.. നീയ്യ് വല്ലതും കണ്ട് ണ്ട്രീ.. ലോഗം..പത്താങ്ക്ലാസ് കഴിഞ്ഞേപ്പൊ പഡിപ്പിക്കാന്ന് പറഞ്ഞതല്ലറീ.. തോറ്റ് തൊപ്പീട്ട് വന്ന് ക്ക്വ..’ അവസാനം അവിടേക്ക് തന്നെ എത്തുമെന്ന് കൊച്ചുത്രേസ്യക്ക് അറിയാമായിരുന്നു.

അതുകൊണ്ടു തന്നെ കൊച്ചുത്രേസ്യ അലക്കാനുള്ള കുറെ തുണിയുമെടുത്ത് കൊളത്തിന്റെ അടുത്തേക്ക് പോയി.
സെലീന മുഖം തോര്‍ത്തുമുണ്ട് കൊണ്ട് ഒന്ന് തുടച്ചു. ചെറിയ ഒരു പരവേശം.

‘ കൊറച്ച് കഞ്ഞള്ളണ്ട്രീ കുടിക്കാന്.. ഉം .. അവള് പോയി.. കാക്കൂട്ടില്‍ക്ക്...ഇനി ഒരു മണിക്കൂറ് വേണം അവള്‍ക്ക് ഇങ്ങ്ട് എഴുന്നള്ളാന്‍..’

തണുപ്പുകാലമായാല്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് സെലീനയ്ക്ക് എണ്ണ തേച്ചു കുളി പതിവുള്ളൂ. ഉച്ച കഴിഞ്ഞ് നാലുമണിക്ക് തുടങ്ങും ആസ്തപ്പാട്. ചെമ്പരത്യാദി എണ്ണ തലയില്‍ തേച്ച് അര മണിക്കൂര്‍ പിന്നിലെ ഉമ്മറത്ത് ലാത്തും. പിന്നെ രാമവൈദ്യരുണ്ടാക്കുന്ന കുഴമ്പ് ദേഹത്ത് തേച്ച് പിടിപ്പിച്ച് കുളിമുറിയില് മറ്റൊരു അരമണിക്കൂര്‍. ശേഷം താളിയും ചെറുപയറ് പൊടിയും തേച്ച് വിസ്തരിച്ചൊരു കുളി. കുളികഴിഞ്ഞാല്‍ മുടി ഉണങ്ങുന്നതു വരെ തട്ടിന്‍ പുറത്ത് വരാന്തയില്‍ ചാരുകസേരയില് ഇരിക്കും.

പണ്ട് ജോസപ്പേട്ടന്‍ ഇരുന്നിരുന്ന ചാരുകസേരയാണ്. ആദ്യമൊക്കെ സെലീനയ്ക്ക് ഈ കസേരയില്‍ ഇരിക്കാന്‍ മടിയായിരുന്നു. ഒരു നിമിഷം നോക്കി നിന്ന് അടുത്തുള്ള തിണ്ണയിലാണ് ഇരിക്കാറ്. ഒരു ദിവസം ആ തിണ്ണയില്‍ കാക്ക കാഷ്ഠിച്ചതു കാരണം ഇരിക്കന്‍ പറ്റിയില്ല.

‘ന്തൂട്ട് തേങ്ങെങ്കിലും ആവ്ട്ടെ. ജോസപ്പേട്ടന്റെ കസേര ന്റെം കസേരന്ന്യ..’

ചെറിയ ഒരു കാറ്റടിച്ചപ്പോഴേയ്ക്കും തലയില്‍ തണുപ്പ്. സുഖകരമായ ഒരു തണുപ്പ്. മതിലിനപ്പുറത്ത് ജനസഞ്ചാരം കുറഞ്ഞ ഇടവഴിയിലൂടെ ഒരു സ്കൂട്ടര്‍ പുകയുയര്‍ത്തി ഇരമ്പിപ്പാഞ്ഞു. അകലെ ഇടവകപ്പള്ളിയില് ക്രിസ്മസ് കരോളിന്റെ പ്രാക്റ്റീസിനായി തമ്പോറടിക്കുന്ന ശബ്ദം നേര്‍ത്തുകേള്‍ക്കാം.

സമയത്തെ ഇരുട്ട് തിന്നുകൊണ്ടിരുന്നു. ആകാശത്ത് നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങി.

ചന്ദ്രപ്രഭ ജനലിലെ കര്‍ട്ടനിലൂടെ അകത്തേക്ക് അരിച്ചിറങ്ങി. സെലീന തിരിഞ്ഞു കിടന്നു.
‘നേരത്ര്യയി പോയ്ട്ട് ..ജോസപ്പേട്ടന്‍ . ഇതു വരെ വരാറായീല്ലേ... നീയാ തിണ്ണേരെ അവിടെ നിന്നട്ട് ഒന്ന് നോക്ക്യേട്യേ മര്‍ഗില്യേ... ആ സിസ്റ്റുമ്മാരായിട്ട് വര്‍ത്താനം പറഞ്ഞ് നിക്ക് ണ് ണ്ടാവും. ‘

‘ജോസപ്പേട്ടന്‍ വരുന്നേയ്... വീട്ട്യേ പോയേപ്പോ ആരെങ്കിലും വീട്ടില് വന്ന് ണ്ടങ്കിലാ..’

‘ആര് വരാനാണ്ടി മര്‍ഗിലി.. എന്റെ അമ്മായ്പ്പനാ.. ഏയ് .. പിന്നെ ന്റെ അപ്പന്‍ വരണം.. കാല് വയ്യാണ്ടിരിക്കണ എന്റെ അപ്പന്‍ എങ്ങനെ വര്യാടീ ?’

സെലീന അടുത്ത് കിടന്നു ഉറങ്ങിക്കൊണ്ടിരുന്ന കുഞ്ഞിനെ നോക്കി. ജോസപ്പേട്ടന്റെ അതേ ഛായ. ഇന്നലെ ഇവന്‍ ഈ വയറ്റിലല്ലേ ഉറങ്ങിയതെന്നോര്‍ത്തു. പെട്ടന്ന് കുഞ്ഞുണര്‍ന്നു. ഒന്നു ചിണുങ്ങി.

‘സെലീനേച്ച്യേ ക്ടാവ് എണീറ്റു. അതിനു കൊറച്ച് പാല് കൊടുക്ക്..’

സെലീന ബട്ടണുകളഴിച്ച് മുലക്കണ്ണെടുത്ത് കൊച്ചിന്റെ വായില് വെച്ചുകൊടുത്തു. മുലകളില്‍ കുഞ്ഞിക്കൈകളമര്‍ത്തി കുഞ്ഞ് പാലു വലിച്ചു കുടിച്ചു. ജോസപ്പേട്ടന്റെ ബലഹീനതയാണ് ഇവന്‍ കടന്നാക്രമിക്കുന്നതെന്നോര്‍ത്ത് സെലീന പുഞ്ചിരിച്ചു.

‘എന്താ സെലീനേച്യേ ചിറിക്കണെ..’

‘ഒന്നൂല്യട്യേ...നീയ്യൊന്നുങ്കൂടി ഒന്ന് നോക്യേ..പുറത്തക്ക്..’

മര്‍ഗീ‍ലി പുറത്തേക്ക് കടക്കുമ്പോഴേയ്ക്കും വാതില്‍ക്കല്‍ ജോസപ്പേട്ടന്‍ .

കൂടെ കുഞ്ഞുവറ്ദേട്ടനും സെലീനയുടെ അപ്പനും. ജോസപ്പേട്ടന്റെ കയ്യില് ഒരു തുണിത്തൊട്ടില്‍. കുഞ്ഞുവര്‍ദേട്ടന്റെയും സെലിനയുടെ അപ്പന്റെയും കയ്യില് ഓരോരൊ പൊതികള്‍.

‘നൊയമ്പീടി ആയ്ട്ട് നെനക്ക് ഇപ്രാവശ്യം ആശൂത്ര്യ യോഗം. അദാ പോര്‍ക്ക് വറ്ത്തത് ഇങ്ങട്ടന്നെ കൊണ്ടോന്നെ.. ‘ കുഞ്ഞുവറുദേട്ടന് കയ്യിലിരിക്കുന്ന പൊതി മേശയില്‍ വെച്ചു.

സെലീന കണ്ണ് തിരുമ്മി ഒന്നുകൂടി നോക്കി. ആകാശത്ത് നക്ഷത്രക്കൂട്ടത്തില്‍ നിന്നും ഒരു കൊള്ളിമീന്‍ മിന്നിമറഞ്ഞു.

ചുണ്ടുകള്‍ ചെറുതായി വിറച്ചു.

‘അമ്മായ്യേ.. കൊന്തെത്തിക്കാറായീട്ടാ..’ കൊച്ചുത്രേസ്യ താഴെ നിന്ന് വിളിച്ചു പറഞ്ഞു.

സെലീന ഒരു നെടുവീര്‍പ്പോടെ മെല്ലെ എഴുന്നേറ്റു.

അറിയാതെ രണ്ടു തുള്ളി കണ്ണുനീര്‍ താഴെ വീണുടഞ്ഞു.

‘മെഴുതിരി ഇല്യേടി അവടെ ?’

‘ഉവ്വ്’

കോണിപ്പടികള്‍ ഇറങ്ങുമ്പോള്‍ നാളെ എന്തായാലും ജോസപ്പേട്ടന്റെ കുഴിമാടത്തില്‍ ഒരു കൂട് മെഴുതിരി കത്തിക്കണമെന്ന് സെലീന ഉറപ്പിച്ചു.