Saturday, December 29, 2007

തിരുകുടുംബം

ഉറങ്ങാന്‍ കിടന്നപ്പോള്‍ കൊച്ചുത്രേസ്യക്ക് ദേഹമാസകലം നല്ല വേദന. ചെറിയ പനിക്കോളുണ്ട്. തലേന്ന് മഞ്ഞ് കൊണ്ടതിന്റെയാണ്. പുതുവര്‍ഷത്തിന്റെ പാതിരക്കുര്‍ബാനയ്ക്ക് എല്ലാക്കൊല്ലവും സെലീന കൊച്ചുത്രേസ്യയെയും കൊണ്ട് പോകാറുള്ളതാണ്. ആ മഞ്ഞത്ത് സ്കൂള്‍ ഗ്രൌണ്ടിനപ്പുറത്തുള്ള കപ്പേളവരെ മെഴുകുതിരിയും പിടിച്ചുള്ള പ്രദക്ഷിണം. സെലീന സ്പെഷലായി കൊമ്പന്‍ പ്രാഞ്ചിയുടെ മെഴുതിരി കമ്പനിയില്‍ പറഞ്ഞുണ്ടാക്കിയ ഒരു മുട്ടന്‍ തിരിയുമാ‍യാണ് പോകുന്നത്.

‘ഔ.. എന്താ സെലീനേട്ത്ത്യാര്‍ടെ ഒരു നെഗളിപ്പ്.. കൊച്ചുത്രേസ്യപ്പുണ്യാള്ത്തീനെ താഴ്ത്തെറക്കി വെച്ച പോലീണ്ട്. ..’ കണ്ണുകാണാന്‍ വയ്യെങ്കിലും നാലാള് കേള്‍ക്കെ പൂത്തോക്കാരന്‍ ചേറ്വേട്ടന്‍ അത് പറയുമ്പോള്‍ സെലീന ഒന്നുകൂടി നിവര്‍ന്ന് നടക്കും.

സെബസ്ത്യാനോസ് പുണ്യാളന്റെ അമ്പ് പെരുന്നാളിന് ചേറൂവേട്ടന് സെലീനയുടെ വക കനം കുറഞ്ഞ ഒരു കൊല നേന്ത്രക്കായ. കൊച്ചുത്രേസ്യ പിന്നില്‍ ഒരു ചെറിയ മെഴുകുതിരിയും പിടിച്ച് കൂടെ നടക്കും. കപ്പേളയുടെ അവിടെ ചെന്ന് പ്രാര്‍ത്ഥനയും കഴിഞ്ഞ് തിരിച്ച് പള്ളിയിലെത്തി കുര്‍ബാന. അതും കഴിഞ്ഞ് ഇറച്ചിവെട്ടുന്നിടത്ത് കയറി അരക്കിലോ പശുവിറച്ചി, നായക്കിട്ട് കൊടുക്കാന്‍ ഒരു കിലോ നെഞ്ഞടി എല്ലും.

‘സെലീനേട്ത്ത്യാര്‍ടെ നായ ഇപ്പളും നല്ല ഉഷാറല്ലേ ? ‘ ഇറച്ചിവെട്ടുന്ന ആന്റപ്പന്റെ സംശയം.
‘നീയ്യ് അധികം എളക്കാണ്ട് നല്ല കഷണം വെട്ടിട്രാ ആന്റപ്പാ..’

കൊച്ചുത്രേസ്യക്ക് അപ്പോ ചിരിപൊട്ടും. സ്കാര്‍ഫുകൊണ്ട് വായടച്ചുപിടിക്കും. കൈസര്‍ ചത്തിട്ട് കൊല്ലമെത്രയായി. ഇന്നും മുടങ്ങാതെ ഒരു കിലോ നെഞ്ഞടി വാങ്ങും . നെഞ്ഞടി വെട്ടിക്കൂട്ടി കഴുകി വലിയ കലത്തിലിട്ട് വെട്ടിത്തിളപ്പിച്ച് കുറെ നേന്ത്രക്കായും ഒരു മുഴുവന്‍ തേങ്ങ വറുത്തരച്ചതും ചേര്‍ത്ത് കാലത്തും ഉച്ചയ്ക്കും ബാക്കിയുള്ളത് വൈകീട്ടും ഭൂരിഭാഗവും സെലീന തന്നെ കഴിക്കും. പശുവിറച്ചി മുളകും മഞ്ഞപ്പൊടിയും വേപ്പിലയുമിട്ട് വേവിച്ച് കറിമസാലയും കുരുമുളകുപൊടിയും ഇഞ്ചിയും ചേര്‍ത്ത് വറുത്ത് ഒരു പതിനൊന്നുമണിയോടെ രണ്ട് ഗ്ലാസ് മിലിറ്ററി റമ്മിന്റെ കൂടെ. മുപ്പട്ട് ഞായറാഴ്ചയൊഴിച്ചുള്ള ഞായറാഴ്ചകളില്‍ സെലീനയ്ക്ക് റമ്മില്ലാതെ പറ്റില്ല.

ദെത്തിന്റോടത്തെ വറുദപ്പനാണ് സെലീനയ്ക്ക് മിലിറ്ററി സാധനം കൊണ്ടു വന്നുകൊടുക്കുന്നത്. വറുദപ്പന് പണ്ട് മിലിറ്ററിയിലായിരുന്നു. ജോസപ്പേട്ടന്‍ ഉള്ളപ്പോള്‍ തന്നെ വറുദപ്പന് മിലിറ്ററി സാധനം കൊണ്ടു കൊടുക്കാറുണ്ട്. ക്രിസ്തുമസ്സിനും ഈസ്റ്ററിനും ഒരു കുപ്പി കൂടുതല്‍ വാങ്ങും സെലീന. വറദപ്പന്‍ വരുന്ന ദിവസം സെലീനയ്ക്ക് ശരിക്ക് അറിയാം. കാലത്തു തന്നെ കുപ്പിയുടെ കാശ് എടുത്ത് ബൈബിളിന്റെ ഇടയില്‍ വെയ്ക്കും. മറന്നുപോകാതിരിക്കാന്‍..

‘വറ് ദപ്പാ.. ഇദിന്റെ നെറം കൊറച്ച് കൊറഞ്ഞ്ണ്ടല്ലോ..’
‘അത് സെലീനേട്ത്താര്‍ക്ക് തോന്നണതാ.. കുതിര കുതിര സാധനണ്. ‘ സെലീന രണ്ടുകുപ്പി റമ്മേ വാങ്ങൂ.. ജോസപ്പേട്ടന്‍ ഉള്ളപ്പോള്‍ ക്രിസ്തുമസ്സിന് സ്പെഷലായി ഒരു വിസ്കിയും വാങ്ങാറുണ്ട്. വിസ്കി സെലീനയ്ക്ക് വലിയ ഇഷ്ടമില്ല. കഴിച്ച് കുറെ കഴിഞ്ഞാണ് അവന്‍ ശൌര്യം പുറത്ത് കാണിക്കൂവെന്നാണ് സെലീനയുടെ വാദം. പതിനൊന്നുമണിയോടെ കുപ്പിയും ഡവറയും ഗ്ലാസും പശുവിറച്ചി വറുത്തതു മുഴുവനും എടുത്ത് തട്ടിന്‍ പുറത്ത് ചെന്നിരിക്കും സെലീന. . സ്റ്റൂളിന്മേല്‍ എല്ലാസാധനങ്ങളും വെച്ച് ചാരുകസേരയില്‍ ഇരിക്കും. കൊച്ചുത്രേസ്യയെ അടുത്തിരുത്തും.

‘നെനക്ക് വേണറീ.. നല്ല സാധനാണ്ടീ... ഒരു അര ഗ്ലാസ് കുടിച്ചാ മതി സ്വര്‍ഗത്തില്ക്ക് ദിങ്ങനെ ദിങ്ങനെ നടന്നു പോണപോലെ തോന്നും. ‘

കൊച്ചുത്രേസ്യക്ക് ഇതിന്റെ മണം ഒരിക്കലും ഇഷ്ടമല്ല. അതറിഞ്ഞിട്ടുതന്നെയാണ് സെലീന ഇതു പറയുന്നതെന്നും കൊച്ചുത്രേസ്യയ്ക്ക് അറിയാം. ഒരു ഗ്ലാസ് കഴിച്ചുകഴിഞ്ഞാല്‍ പിന്നെ സെലീന സംസാരം തുടങ്ങും. പിന്നെ പാട്ട്..

‘ഓശാനാ ഈശനു സതതം..
ഓശാന ഓശാന ഓശാന.
പരിശുദ്ധന്‍ പരിശുദ്ധന്‍ പരമശക്തന്‍ ..

പിന്നെ

‘നല്ലേ മാതാവേ മരിയേ..
നിര്‍മ്മല യൌസേപ്പീതാവേ..
നിങ്ങളുടെ പാദ പങ്കജത്തില്‍
ഞങ്ങളെ വെച്ചീതാ കുമ്പിടുന്നേന്‍
ചെകുത്താന്മാര്‍ നിങ്ങളെ കാത്തീടുകില്‍
ചത്താലും ഞങ്ങള്‍ക്കതിഷ്ടമല്ല...‘

മനസ്സിലാവ്ണ് ണ്ട്രീ ...

ഞായറാഴ്ച ദിവസം കൊച്ചുത്രേസ്യ ഉച്ചക്ക് ഊണുകഴിഞ്ഞാല്‍ ഒന്ന് നടുവു നിവര്‍ത്തും. അടുക്കളയുടെ അടുത്തുള്ള ഇരുട്ടുകട്ടപിടിച്ച ചെറിയ ഒരു മുറിയിലാണ് കൊച്ചുത്രേസ്യ കിടക്കുന്നത്. ഒരു മണി തൊട്ട് മൂന്നുമണി വരെ. സ്വപ്നങ്ങള് വരിവരിയായി തഴുകിയെത്തുന്നതും അപ്പോഴാണ്. കൊച്ചുത്രേസ്യ ഉറങ്ങില്ല. വെറുതെ കിടക്കുകയേ ഉള്ളൂ.. കൊച്ചുത്രേസ്യയുടെ സ്വപ്നങ്ങളില്‍ പതിവായി വരുന്നത് നക്ഷത്രങ്ങളാണ്. പല നിറത്തില്‍ പല തരത്തില്‍ മിന്നിത്തിളങ്ങും അവ. അവയ്ക്കിടയില്‍ കൈകോര്‍ത്തു നടക്കുന്ന അപ്പനും അമ്മയും. അപ്പന്റെ മുഖം എപ്പോഴും പ്രസന്നമായിരിക്കും. വെളുത്ത് ഔസേപ്പുണ്യാളന്റെ രൂപമാണ് കൊച്ചുത്രേസ്യയുടെ അപ്പനു. അമ്മയ്ക്ക് ലൂര്‍ദ്ദ് പള്ളിയിലെ മൂലയ്ക്കിരിക്കുന്ന കന്യാമറിയത്തിന്റെയും. അപ്പന്റെ കയ്യില്‍ ഒരു ചുറ്റികയുണ്ട് ചിലപ്പോ വികൃതി കാണിക്കുന്ന നക്ഷത്രങ്ങളെ ഒന്നു മേടും. അവ കൊള്ളിമീനായി പറന്നു പോകും. അമ്മ അതുകണ്ട് പൊട്ടിച്ചിരിക്കും. അമ്മയുടെ ചിരികാണാന്‍ നല്ല ഭംഗിയാണ്. വിടര്‍ന്ന കണ്ണുകളും നീണ്ടമൂക്കുമാണ് അമ്മയ്ക്ക്. അമ്മയുടെ കയ്യില്‍ എപ്പോഴും ഒരു കൊന്തയുണ്ടായിരിക്കും. അപ്പന്റെ അരികു പറ്റിത്തന്നെ അമ്മയും.

‘ഇബടാരൂല്ലേ..’ എന്ന് കേട്ടാണ് കൊച്ചുത്രേസ്യ ഞെട്ടിയുണര്‍ന്നത്.

കൊച്ചാപ്പുവിന്റെ ശബ്ദമല്ലേ അത് .

പുറത്ത് ചെന്നു നോക്കി . അതെ വാതിക്കല്‍ കൊച്ചാപ്പു. തലയില്‍ ഒരു തോര്‍ത്ത്മുണ്ട് കെട്ടിയിട്ടുണ്ട്.

‘ട്യേ.. സെലീനേട്ത്താരാ ? ‘

‘മോളിലാ..’

‘ഔ.. ന്ന് ഞാറായ്ച്യാണ് ല്ലേ....നാളെ പിണ്ടിപ്പെരുന്നാളല്ലേ.. പിണ്ടി ശര്യാക്കി മിറ്റത്ത് കുത്താന്‍ പറഞ്ഞ്ണ്ടാര്‍ന്നു ചേട്ത്ത്യാര്..’

‘ഉം.’

‘ഏത് വാഴ്യാ വെട്ടണ്ടെ.. നീയ്യാ വെട്ടോത്തി ഇങ്ങട് എടുത്തേരി...’

കൊച്ചുത്രേസ്യ അടുക്കളയില്‍ കയറി വെട്ടുകത്തി എടുത്ത് പുറത്തു വന്നു.

‘ആ കൊല വെട്ടിയ വലിയ നേന്ത്രേടെ തന്നെ വെട്ടിക്കോ..’ കൊച്ചാപ്പു നടന്നു. പിന്നാലെ കൊച്ചുത്രേസ്യയും.
തേക്കിന്റെ രണ്ടാം കെട്ടില്‍ എത്തിയപ്പോള്‍ പെട്ടന്ന് കൊച്ചാപ്പു നിന്നു. കൊച്ചുത്രേസ്യ കൊച്ചാപ്പുവിനെ മുട്ടി. കൊച്ചാപ്പുവിന്റെ കഴുത്തിലെ പാലുണ്ണിയില്‍ കൊച്ചുത്രേസ്യയുടെ ചുണ്ടുകളുരഞ്ഞു. കൊച്ചാപ്പുവിന്റെ വിയര്‍പ്പുമണം കൊച്ചുത്രേസ്യയുറ്റെ മൂക്കില്‍ അടിച്ചുകയറി.

‘ദേ നോക്ക്യേടീ..ഒരു ചേര പോണ കണ്ടാ..എന്താ അവന്റെ ഒരു വണ്ണം..’ കൊച്ചുത്രേസ്യ ഒരടി പിന്നിലേക്ക് വെച്ചു. കൊച്ചാപ്പു തിരിഞ്ഞ് നോക്കി. കൊച്ചുത്രേസ്യയുടെ മുഖത്തെ സുവര്‍ണ്ണരാജികളില്‍ കൊച്ചാപ്പുവിന്റെ കണ്ണുകളുടക്കി.

‘നെനക്ക് മീശ മൊളക്ക്ണ്ണ്ട്രീ ?’

‘അയ്യെ.. പെണ്ണങ്ങള്‍ക്കെങ്ങന്യാ മീശ ഇണ്ടാവാ ? ഈ കൊച്ചാപ്പൂന്റെ കാര്യം..’

‘എല്ലാ പെണ്ണങ്ങള്‍ക്കും ഉണ്ടാവില്ല. നെനക്ക് ചെലപ്പോ ഇണ്ടായീന്ന് വരും. ‘ കൊച്ചാപ്പു വെറുതെ ഒരു നുള്ളു കൊടുത്തു ആ കവിളില്‍.

‘ദേ.. അമ്മായിയാനും കണ്ടാല്‍ നെന്റെ പൊറം പൊളിക്കും..നടക്ക്.... ‘

‘കാണട്രി.. ആ തള്ളയ്ക്ക് ഞാന്‍ വെച്ച്ണ്ട്...നീയ്യെങ്ങിന്യാ അദിന്റെ കൂടെ ഇങ്ങനെ നിക്കണേ ?’

‘എന്തേ ?’

‘നീയ്യ് ലോകം കണ്ടട്ടില്ലടി.. നീയൊന്ന് പൊറത്തെറങ്ങ്.. മനുഷ്യമ്മാരെയൊക്കെ ഒന്ന് കാണ്..പത്തിരുപത് വയസ്സ് കഴിഞ്ഞില്ലേ.. ഈ തള്ളേരെ കൂടെ നിന്നട്ട് എന്തൂട്ട് പൂട്ട് കിട്ടാനാ നെനക്ക്..’

‘ഞാന്‍ എവിടെ പൂ‍വാനാ കൊച്ചാപ്പ്വേ..’

‘നെനക്ക് ലോകം അറിയാണ്ടാ.. ആ സൈമണ്‍ ഡോക്ടറടെ അവിടെ നിക്കണ അമ്മിണിക്ക് എന്താ കാശ്ന്ന് നെനക്കറിയോ ? ഇവടെ നിന്നട്ട് നെനക്ക് എന്തൂട്ടാ കിട്ടാ ? ആ തള്ള ചത്ത് കഴിഞ്ഞാല്‍ മുഴുവന്‍ സ്വത്തും ആ കരാഞ്ചിറക്കാര് കൊണ്ടോവും. പിന്നെ നെനക്ക് പെരുവഴി..’

‘ഏയ് . അങ്ങന്യൊന്നും ഇണ്ടാവില്ല...’

‘നെന്നോടൊക്കെ പറഞ്ഞിട്ട് ഒരു കാര്യോല്യ .. കഴിഞ്ഞ കൊല്ലം ആ ദേശുട്ട്യേട്ടന്റെ വീട്ടില്‍ നിന്നേര്‍ന്ന ആ റോസിനെ ഞാന്‍ പറഞ്ഞിട്ടാ ആ കൊച്ചന്തോണി ബോംബയ്ക്ക് കൊണ്ടോയത്. മിനിഞ്ഞാന്ന് അവള്‍ നാട്ടില്‍ വന്ന്ട്ട് ണ്ട്. എന്താ അവള്ടെ ഒരു നടപ്പ്. അഞ്ച് പവന്റെ ചെയ്യനാ കഴുത്തില്.‘

‘ആര് .. ആ കരിക്കട്ട പോലത്തെ റോസ്യാ..’

‘അദന്നെ..അവള് ആ വാറുണ്ണ്യേട്ടന്റെ ഒരേക്കറ് സ്ഥലത്തിനു വെലപറഞ്ഞൂന്നാ കേട്ടെ... നെനക്ക് പോണാ.. ദേ ഈ ഞാന്‍ ഒരു വാക്ക് പറഞ്ഞാ മതി..കൊച്ചന്തോണി നെന്നെ മെത്തേലിട്ട് കൊണ്ടോവും.... ’

അന്ന് രാത്രി രണ്ട് കൊന്ത എത്തിച്ച് കഴിഞ്ഞിട്ടും കൊച്ചുത്രേസ്യയ്ക്ക് ഉറക്കം വന്നില്ല. കണ്ണുകള്‍ അടച്ച് ‘യൂദന്മാരുടെ രാജാവായ നസ്രായേല്‍ക്കാരന്‍ ഈശോയേ പെട്ടന്നുള്ള മരണത്തില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ’യെന്ന് മൂന്നു പ്രാവശ്യം നെറ്റിയില്‍ കുരിശു വരച്ചു.

അന്നു പതിവുള്ള നക്ഷത്രങ്ങള്‍ വിരുന്നുവന്നില്ല. പകരം കൊച്ചുത്രേസ്യ പുതിയ സാരി ചുറ്റി അഞ്ചുപവന്റെ മാലയുമിട്ട് സെബസ്ത്യാനോസിന്റെ പെരുന്നാളിനു നേര്‍ച്ചയിടാന്‍ വരിയില്‍ നില്‍ക്കുന്നു. പാന്റും വെള്ള ഷര്‍ട്ടും ഷൂസുമിട്ട് കൊച്ചാപ്പു അപ്പുറത്ത് തന്നെ കാത്തു നില്‍ക്കുന്നു. കൊച്ചുത്രേസ്യ വീണ്ടും കണ്ണുകള്‍ പൂട്ടി, നെറ്റിയില്‍ കുരിശ്ശുവരച്ചു.
അപ്പുറത്തെ മുറിയില്‍ സെലീനയുടെ നീണ്ട ചുമ ഉയര്‍ന്നുകേട്ടു.

Thursday, December 20, 2007

രാജാക്കന്മാരുടെ രാത്രി

വൃശ്ചികക്കാറ്റൊടുങ്ങി നേരിയ തണുപ്പ് തെങ്ങോലകളിലൂടെ ഭൂമിയിലേക്ക് അരിച്ചിറങ്ങിക്കൊണ്ടിരിന്നു.

തണുപ്പ് സെലീനയ്ക്ക് അത്ര ഇഷ്ടമല്ല. കിഴക്കുനിന്നും പുലര്‍ച്ചയടിക്കുന്ന നേരിയ തണുപ്പ് കാരണം വൈകിയേ സെലീന എഴുന്നേല്‍ക്കാറുള്ളൂ. തണുപ്പുകാലങ്ങളില്‍ ഏഴരക്കുറ്ബാനയ്ക്കേ പോകൂ. പുലര്‍ച്ച അഞ്ചുമണിക്ക് ഇടവകപ്പള്ളിയില്‍ ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ...’ എന്ന പാട്ട് വെയ്കുമ്പോള്‍ തന്നെ സെലിന കണ്ണു തുറന്നിട്റ്റുണ്ടാവും. എങ്കിലും മൂടിപ്പുതച്ച് ഒന്നുകൂടി അവിടെ കിടക്കും. മൂത്രമൊഴിക്കാന്‍ മുട്ടി വയറു വേദനിച്ചാല്‍ പോലും. അധികമായാല്‍ ഒരു കൊന്തകൂടി എത്തിക്കും.

എങ്കിലും കൊച്ചുത്രേസ്യ അഞ്ചുമണിക്കു തന്നെ എഴുന്നേല്‍ക്കും. ഉമിക്കരിയും ഉപ്പുമെടുത്ത് പല്ലുതേയ്ക്കും. പിന്നെ, വിറകുപുരയുടെ സൈഡില്‍ വെച്ച അടുപ്പില്‍ സെലീനയ്ക്ക് കാലത്ത് കുളിക്കാന്‍ വെച്ചിരിക്കുന്ന ചെമ്പിനടിയില്‍ ഒണക്ക മടല്‍ ഇട്ട് കത്തിക്കും. ഓല അധികം ഉപയോഗിക്കരുതെന്നാണ് സെലീനയുടെ ഓര്‍ഡര്‍.
‘ഓലീല്ലാണ്ട് കത്തിക്കറീ.. ഒരു കെട്ട് ഓലയ്ക്ക് എന്താ വെല .. നെന്റെ അമ്മായ്പ്പന്‍ തര്വോ കാശ് ?’ അമ്മായ്പ്പന്‍ എന്നത് എന്തോ ദുഷിച്ച സ്ഥാനമാണെന്നാണ് കൊച്ചുത്രേസ്യ കരുതിപ്പോന്നത്.

സെലീനയുടെ അമ്മായ്പ്പന്‍ കരാഞ്ചിറക്കാരനാനെന്നാണ് കേട്ടിട്ടുള്ളത്. നല്ല തടിയും സ്വര്‍ണ്ണത്തിന്റെ വെപ്പുപല്ലുമൊക്കെ വെച്ച് നടേപ്പൊറത്ത് ഇരിക്കുന്ന കുഞ്ഞുവറ്ദേട്ടനെ കുറിച്ച് സെലീന പലപ്പോഴും പറയാറുണ്ട്.
‘എന്താ ആ ഇരുപ്പ്.. കാണണ്ട കാഴ്ച്യന്ന്യാ.. തൃശ്ശൂപ്പൂരത്തിനു കേശവനെ എഴുന്നെള്ളിച്ച പോലെണ്ട്..’
നൂറുപറയ്ക്ക് കോളും പത്തു പന്ത്രണ്ട് എക്കറ് തെങ്ങും പറമ്പും കുഞ്ഞുവറുദേട്ടനുണ്ട്. പണ്ട് ഒല്ലൂരുനിന്നും കുഞ്ഞുവറുദേട്ടന്റെ അപ്പാപ്പന് ലോനക്കുട്ടി കുടിയേറിയതാണ് കരാഞ്ചിറയിലേക്ക്. മുമ്പ് തൃശ്ശൂരങ്ങാടിയില് അരിക്കച്ചവടമായിരുന്നു ലോനക്കുട്ടിക്ക്. കൊട്ടേക്കാട് തറയിലെ ലാസറപ്പനും മാര്‍ക്കം കൂടി വന്ന ദിവന്യാസോസും കൂടി അരിക്കച്ചവടം തുടങ്ങിയപ്പോള്‍ ലോനക്കുട്ടിക്ക് അതൊരു കനത്ത വെല്ലുവിളിയായി. ചിറ്റൂരില്‍ നിന്നും ദിവന്യാസോസ് വണ്ടിക്കണക്കിനു അരി കൊണ്ടുവന്നു. വിലകുറച്ച് വിറ്റു. ലോനക്കുട്ടിക്ക് അതുപറ്റില്ലല്ലോ. മുണ്ടോപാടത്തുനിന്നും മറ്റും നാടന്‍ അരിയായിരുന്നു ലോനക്കുട്ടി വിറ്റിരുന്നത്. അതിനു വിലകുറയ്ക്കാനും പറ്റില്ല. വില കുറഞ്ഞ അരി മെല്ലെ മെല്ലെ മാര്‍ക്കറ്റ് പിടിച്ചു. ലോനക്കുട്ടിക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റാതെയായി. അവസാനം ഗതികെട്ട് ലോനക്കുട്ടി അരിക്കച്ചവടം നിര്‍ത്തി. അപ്പോഴാണ് ലോനക്കുട്ടിയുടെ കെട്ട്യോള് റാഹേലിന്റെ വീട്ടുകാര്‍ കരാഞ്ചിറയില്‍ വീടുവെയ്ക്കാന്‍ സ്ഥലം കൊടുത്തത്. മെല്ലെ മെല്ലെ ലോനക്കുട്ടി ആ പ്രദേശത്തെ പഠിച്ചു. പിന്നെ ഒരോ തുണ്ട് ഭൂമിയും ഏറ്റെടുത്തു തുടങ്ങി. പത്തിരുപത് പണിക്കാര്‍ സ്ഥിരമായി വീട്ടില്‍. മൂന്നു നിലയുള്ള ഓടിട്ട വീടാണ് തറവാട് . വിടിനു നാലു വശവും വലിയ മുറ്റം. മുറ്റത്തിനപ്പുറത്ത് ചെറിയ ഒരു പുന്തോട്ടം. ചെമ്പരത്തിയും ചെത്തിയും കോഴിവാലനും ചന്തത്തില്‍ നിന്നു.

കുഞ്ഞുവറുദേട്ടനു മൂന്നാണും രണ്ടു പെണ്ണും. രണ്ടാമത്തവന്‍ ജോസപ്പ്. മെട്രികുലേഷന്‍ പാസായപ്പോ ജോസപ്പിനെ അന്നത്തെ തിരുമേനിയാണ് തൃശ്ശൂരുള്ള ബ്ലേഡ് കമ്പനിയില്‍ കണക്കെഴുതാന്‍ വെച്ചതു. പള്ളിക്കാര്‍ക്ക് എഴുതിക്കൊടുത്ത ടൌണിലുള്ള ചേറുവിന്റെ കുടിയിരിപ്പ് ജോസപ്പ് കയ്യും കടാക്ഷവും കാണിച്ച് ബിഷപ്പിന്റെ സെക്രട്ടറി പ്രാഞ്ചി വഴി ചുരുങ്ങിയ വിലയ്ക്കാണ് വാങ്ങിയത്. കാശു കൊടുത്തത് കുഞ്ഞുവറുദേട്ടനാണെങ്കിലും രജിസ്റ്റര്‍ ചെയ്തത് ജോസപ്പിന്റെ പേരിലായിരുന്നു. അന്ന് ജോസപ്പിനു വയസ്സ് ഇരുപത്.

‘ദേ ആ കൊച്ചാപ്പൂന്റെ അത്രേ ണ്ടാര്‍ന്നൊള്ളൊ. ദിങ്ങനെ ദിങ്ങനെ പീക്കുര്‍ണ്ണ്യായ്ട്ട്..കവിളിന്റെ കൂഴീലാണെങ്കി ഒരു നാഴി എണ്ണ ഒഴിക്കാം..’ സെലീനയ്ക്ക് ജോസപ്പേട്ടനെ പറ്റി എപ്പോഴും പറയാനുണ്ടായിരുന്നത് ഇതായിരുന്നു.

‘ദേ ഞാനീ തറവാട്ടില് കേറീട്ടണ് ഈ കണ്ട ഗൊണൊക്കെ തറവാ‍ട്ടിനുണ്ടായത് നെനക്ക് അറിയോരീ..’

‘ഉം.’ കൊച്ചുത്രേസ്യ ഒന്നിരുത്തി മൂളി.

‘ഉം.. നെനക്ക് പിടിക്കില്യ.. നീയ്യ് വല്ലതും കണ്ട് ണ്ട്രീ.. ലോഗം..പത്താങ്ക്ലാസ് കഴിഞ്ഞേപ്പൊ പഡിപ്പിക്കാന്ന് പറഞ്ഞതല്ലറീ.. തോറ്റ് തൊപ്പീട്ട് വന്ന് ക്ക്വ..’ അവസാനം അവിടേക്ക് തന്നെ എത്തുമെന്ന് കൊച്ചുത്രേസ്യക്ക് അറിയാമായിരുന്നു.

അതുകൊണ്ടു തന്നെ കൊച്ചുത്രേസ്യ അലക്കാനുള്ള കുറെ തുണിയുമെടുത്ത് കൊളത്തിന്റെ അടുത്തേക്ക് പോയി.
സെലീന മുഖം തോര്‍ത്തുമുണ്ട് കൊണ്ട് ഒന്ന് തുടച്ചു. ചെറിയ ഒരു പരവേശം.

‘ കൊറച്ച് കഞ്ഞള്ളണ്ട്രീ കുടിക്കാന്.. ഉം .. അവള് പോയി.. കാക്കൂട്ടില്‍ക്ക്...ഇനി ഒരു മണിക്കൂറ് വേണം അവള്‍ക്ക് ഇങ്ങ്ട് എഴുന്നള്ളാന്‍..’

തണുപ്പുകാലമായാല്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് സെലീനയ്ക്ക് എണ്ണ തേച്ചു കുളി പതിവുള്ളൂ. ഉച്ച കഴിഞ്ഞ് നാലുമണിക്ക് തുടങ്ങും ആസ്തപ്പാട്. ചെമ്പരത്യാദി എണ്ണ തലയില്‍ തേച്ച് അര മണിക്കൂര്‍ പിന്നിലെ ഉമ്മറത്ത് ലാത്തും. പിന്നെ രാമവൈദ്യരുണ്ടാക്കുന്ന കുഴമ്പ് ദേഹത്ത് തേച്ച് പിടിപ്പിച്ച് കുളിമുറിയില് മറ്റൊരു അരമണിക്കൂര്‍. ശേഷം താളിയും ചെറുപയറ് പൊടിയും തേച്ച് വിസ്തരിച്ചൊരു കുളി. കുളികഴിഞ്ഞാല്‍ മുടി ഉണങ്ങുന്നതു വരെ തട്ടിന്‍ പുറത്ത് വരാന്തയില്‍ ചാരുകസേരയില് ഇരിക്കും.

പണ്ട് ജോസപ്പേട്ടന്‍ ഇരുന്നിരുന്ന ചാരുകസേരയാണ്. ആദ്യമൊക്കെ സെലീനയ്ക്ക് ഈ കസേരയില്‍ ഇരിക്കാന്‍ മടിയായിരുന്നു. ഒരു നിമിഷം നോക്കി നിന്ന് അടുത്തുള്ള തിണ്ണയിലാണ് ഇരിക്കാറ്. ഒരു ദിവസം ആ തിണ്ണയില്‍ കാക്ക കാഷ്ഠിച്ചതു കാരണം ഇരിക്കന്‍ പറ്റിയില്ല.

‘ന്തൂട്ട് തേങ്ങെങ്കിലും ആവ്ട്ടെ. ജോസപ്പേട്ടന്റെ കസേര ന്റെം കസേരന്ന്യ..’

ചെറിയ ഒരു കാറ്റടിച്ചപ്പോഴേയ്ക്കും തലയില്‍ തണുപ്പ്. സുഖകരമായ ഒരു തണുപ്പ്. മതിലിനപ്പുറത്ത് ജനസഞ്ചാരം കുറഞ്ഞ ഇടവഴിയിലൂടെ ഒരു സ്കൂട്ടര്‍ പുകയുയര്‍ത്തി ഇരമ്പിപ്പാഞ്ഞു. അകലെ ഇടവകപ്പള്ളിയില് ക്രിസ്മസ് കരോളിന്റെ പ്രാക്റ്റീസിനായി തമ്പോറടിക്കുന്ന ശബ്ദം നേര്‍ത്തുകേള്‍ക്കാം.

സമയത്തെ ഇരുട്ട് തിന്നുകൊണ്ടിരുന്നു. ആകാശത്ത് നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങി.

ചന്ദ്രപ്രഭ ജനലിലെ കര്‍ട്ടനിലൂടെ അകത്തേക്ക് അരിച്ചിറങ്ങി. സെലീന തിരിഞ്ഞു കിടന്നു.
‘നേരത്ര്യയി പോയ്ട്ട് ..ജോസപ്പേട്ടന്‍ . ഇതു വരെ വരാറായീല്ലേ... നീയാ തിണ്ണേരെ അവിടെ നിന്നട്ട് ഒന്ന് നോക്ക്യേട്യേ മര്‍ഗില്യേ... ആ സിസ്റ്റുമ്മാരായിട്ട് വര്‍ത്താനം പറഞ്ഞ് നിക്ക് ണ് ണ്ടാവും. ‘

‘ജോസപ്പേട്ടന്‍ വരുന്നേയ്... വീട്ട്യേ പോയേപ്പോ ആരെങ്കിലും വീട്ടില് വന്ന് ണ്ടങ്കിലാ..’

‘ആര് വരാനാണ്ടി മര്‍ഗിലി.. എന്റെ അമ്മായ്പ്പനാ.. ഏയ് .. പിന്നെ ന്റെ അപ്പന്‍ വരണം.. കാല് വയ്യാണ്ടിരിക്കണ എന്റെ അപ്പന്‍ എങ്ങനെ വര്യാടീ ?’

സെലീന അടുത്ത് കിടന്നു ഉറങ്ങിക്കൊണ്ടിരുന്ന കുഞ്ഞിനെ നോക്കി. ജോസപ്പേട്ടന്റെ അതേ ഛായ. ഇന്നലെ ഇവന്‍ ഈ വയറ്റിലല്ലേ ഉറങ്ങിയതെന്നോര്‍ത്തു. പെട്ടന്ന് കുഞ്ഞുണര്‍ന്നു. ഒന്നു ചിണുങ്ങി.

‘സെലീനേച്ച്യേ ക്ടാവ് എണീറ്റു. അതിനു കൊറച്ച് പാല് കൊടുക്ക്..’

സെലീന ബട്ടണുകളഴിച്ച് മുലക്കണ്ണെടുത്ത് കൊച്ചിന്റെ വായില് വെച്ചുകൊടുത്തു. മുലകളില്‍ കുഞ്ഞിക്കൈകളമര്‍ത്തി കുഞ്ഞ് പാലു വലിച്ചു കുടിച്ചു. ജോസപ്പേട്ടന്റെ ബലഹീനതയാണ് ഇവന്‍ കടന്നാക്രമിക്കുന്നതെന്നോര്‍ത്ത് സെലീന പുഞ്ചിരിച്ചു.

‘എന്താ സെലീനേച്യേ ചിറിക്കണെ..’

‘ഒന്നൂല്യട്യേ...നീയ്യൊന്നുങ്കൂടി ഒന്ന് നോക്യേ..പുറത്തക്ക്..’

മര്‍ഗീ‍ലി പുറത്തേക്ക് കടക്കുമ്പോഴേയ്ക്കും വാതില്‍ക്കല്‍ ജോസപ്പേട്ടന്‍ .

കൂടെ കുഞ്ഞുവറ്ദേട്ടനും സെലീനയുടെ അപ്പനും. ജോസപ്പേട്ടന്റെ കയ്യില് ഒരു തുണിത്തൊട്ടില്‍. കുഞ്ഞുവര്‍ദേട്ടന്റെയും സെലിനയുടെ അപ്പന്റെയും കയ്യില് ഓരോരൊ പൊതികള്‍.

‘നൊയമ്പീടി ആയ്ട്ട് നെനക്ക് ഇപ്രാവശ്യം ആശൂത്ര്യ യോഗം. അദാ പോര്‍ക്ക് വറ്ത്തത് ഇങ്ങട്ടന്നെ കൊണ്ടോന്നെ.. ‘ കുഞ്ഞുവറുദേട്ടന് കയ്യിലിരിക്കുന്ന പൊതി മേശയില്‍ വെച്ചു.

സെലീന കണ്ണ് തിരുമ്മി ഒന്നുകൂടി നോക്കി. ആകാശത്ത് നക്ഷത്രക്കൂട്ടത്തില്‍ നിന്നും ഒരു കൊള്ളിമീന്‍ മിന്നിമറഞ്ഞു.

ചുണ്ടുകള്‍ ചെറുതായി വിറച്ചു.

‘അമ്മായ്യേ.. കൊന്തെത്തിക്കാറായീട്ടാ..’ കൊച്ചുത്രേസ്യ താഴെ നിന്ന് വിളിച്ചു പറഞ്ഞു.

സെലീന ഒരു നെടുവീര്‍പ്പോടെ മെല്ലെ എഴുന്നേറ്റു.

അറിയാതെ രണ്ടു തുള്ളി കണ്ണുനീര്‍ താഴെ വീണുടഞ്ഞു.

‘മെഴുതിരി ഇല്യേടി അവടെ ?’

‘ഉവ്വ്’

കോണിപ്പടികള്‍ ഇറങ്ങുമ്പോള്‍ നാളെ എന്തായാലും ജോസപ്പേട്ടന്റെ കുഴിമാടത്തില്‍ ഒരു കൂട് മെഴുതിരി കത്തിക്കണമെന്ന് സെലീന ഉറപ്പിച്ചു.

Tuesday, November 20, 2007

കൊച്ചുത്രേസ്യയുടെ കോഴികള്‍

കോഴികള്‍ കൊച്ചുത്രേസ്യയുടെ ഒരു ബലഹീനതയാണ് . പ്രത്ര്യേകിച്ചും മുട്ടയിടുന്ന തള്ളക്കോഴികള്‍. തള്ളക്കോഴികളാണ് കൊച്ചുത്രേസ്യയ്ക്ക് ലാഭമുണ്ടാക്കിത്തരുന്നതെന്നു മാത്രമല്ല, ആറടിപൊക്കമുള്ള മുന്‍ വശത്തെ ഗേറ്റ് കടന്ന് വരുന്ന ഒരു മനുഷ്യജീവിയെ ഇടയ്ക്കെങ്കിലും ദര്‍ശിക്കാമെന്ന സുഖവും. ആ മനുഷ്യജീവി കൊച്ചാപ്പുമാത്രമാകുന്നു.. കൊച്ചുത്രേസ്യയുടെ തള്ളക്കോഴികളിടുന്ന മുട്ടകള്‍ ശേഖരിച്ച് അങ്ങാടിയില്‍ കൊണ്ടുപോയി വില്‍ക്കുന്ന കൊച്ചാപ്പു. ആഴ്ചാവസാ‍നം എല്ലാ മുട്ടകളും സൈക്കിളിന്റെ പിന്നിലെ അലുമിനിയ പെട്ടിയില്‍ വൈക്കോല്‍ത്തുറുവില്‍ ഒന്നൊന്നായി അടുക്കി വെയ്ക്കും കൊച്ചാപ്പു.. എണ്ണം പറഞ്ഞ് മുഷിഞ്ഞ കുറച്ച് നോട്ടുകള്‍ എണ്ണിക്കൊടുക്കും. കൂടെ പള്ളി പെരുന്നാളുകള്‍ക്ക് സ്പെഷലായിട്ടുണ്ടാക്കുന്ന ചോന്ന മുട്ടായി രണ്ടെണ്ണം. കുറച്ച് പെരുന്നാള്‍ വിശേഷങ്ങളും. എല്ലാം കഴിഞ്ഞാല്‍ ഒരു പെരുന്നാളുകൂടിയ സന്തോഷം കൊച്ചുത്രേസ്യയ്ക്കും.

മുട്ടയുടെ എണ്ണം പത്തില്‍ കൂടിയാല്‍ കൊച്ചുത്രേസ്യയ്ക്ക് തെറ്റും. പത്തുകഴിഞ്ഞാല്‍പിന്നെ ഇരുപത്, മുപ്പതു .. അങ്ങനെയാണ് കൊച്ചുത്രേസ്യയുടെ കണക്ക്.പതിനൊന്ന്, പന്ത്രണ്ട് എന്നിവയൊന്നും കൊച്ചുത്രേസ്യയുടെ കണക്കില്‍ ഇല്ല. അതു തന്നെയാണ് കോഴിയുടെ എണ്ണത്തിലും. പത്തു ചാത്തന്‍ , അന്‍പത് പെട , എണ്പത് കോഴിക്കുട്ടികള്‍ .

‘ഇപ്രാശ്യം കൊറവാണ്ടി വല്യത്രേസ്യേ ..’ കൊച്ചുത്രേസ്യയുടെ നുണക്കുഴികളില്‍ നോക്കി കൊച്ചാപ്പു കൊഞ്ചും.. കൊച്ചാപ്പുവിന്റെ ആ നോട്ടം കൊച്ചുത്രേസ്യയ്ക്ക് വലിയ ഇഷ്ടമാണ്. കുട്ടിക്കൂറയില്‍ പൊതിഞ്ഞ ആ വിയര്‍പ്പു മണവും. സെലീനയറിയാതെ ഒന്നു രണ്ടു തവണ ഓരോ ചാത്തന്‍ കോഴിയെ കൊച്ചുത്രേസ്യ കൊച്ചാപ്പുവിനു കൊടുത്തിട്ടുണ്ട്. വളര്‍ത്താനാണെന്നാണ് കൊച്ചാപ്പു കൊച്ചുത്രേസ്യയോട് പറയുന്നത്. കൊച്ചാപ്പുവിന്റെ വീട്ടിലെ ചാത്തന്‍ കോഴിയെയൊക്കെ കോക്കാന്‍ പൂച്ച വന്ന് ഇടയ്ക്കിടെ കൊന്നു തിന്നുമത്രേ. ഒരു പ്രാവശ്യം കൊച്ചാപ്പുവിന്റെ അമ്മ മര്‍ഗിലിയെ കോക്കാന്‍ പൂച്ച മാന്തി ഒരാഴ്ച മിഷനാശുപത്രിയില്‍ കിടന്നുവെന്നത് കൊച്ചാപ്പു പറഞ്ഞ് കൊച്ചുത്രേസ്യയ്ക്കറിയാം. പാവം. ചാത്തങ്കോഴികള്‍. ചാത്തന്‍ കോഴികളെ മാത്രം കോക്കാന്‍ പൂച്ച വന്ന് പിടിക്കണത് എങ്ങന്യാണാവോ..

കടപ്ലാവിന്റെ ചോട്ടിലുള്ള കോഴിക്കൂടിന്റെ വാതില്‍ ആറുമണിക്ക് തന്നെ കൊച്ചുത്രേസ്യ തുറന്നിടും.
കൊച്ചാപ്പു വരുന്ന അന്ന് കോഴികള്‍ കാലത്തു തന്നെ ഒച്ചവെച്ചു തുടങ്ങും. ‘കൊ.. ക്കൊ ...ക്വ.. ക്വാ.. ‘

‘പണ്ടാറടങ്ങാനായ്ട്ട് തൊടങ്ങ്യാ കാലത്തന്നെ..’ സെലീനയ്ക്ക് ഇതൊന്നും പിടിക്കില്ല. മുട്ട വിറ്റ കാശിലെ വലിയ ഒരു പങ്കും മുപ്പട്ട് ഞായറാഴ്ച വറുത്തരച്ചു വെയ്ക്കാന്‍ ഒരു മൂത്ത ചാത്തനും മതി സെലീനക്ക്. കോഴിബിസിനസ്സില്‍ സെലീനയ്ക്ക് അത്ര വലിയ താത്പര്യമില്ല.

സെലീന കാലത്ത് എഴുന്നേറ്റ് ആറുമണിയുടെ കുര്‍ബാനയ്ക്ക് കൊവേന്തയിലേക്ക് പോകും. പോകുമ്പോഴേയ്ക്കും കൊച്ചുത്രേസ്യ കട്ടന്‍ കാപ്പി ഉണ്ടാക്കി നടയലകത്ത് രൂപക്കൂടിന്റെ സൈഡിലു കൊണ്ടുവെയ്ക്കണം. വൈകിയാല്‍ പിന്നെ

‘എവിട്യാണ്ടി ചെന്ന് കെടക്കണേ.നീയവടെ എന്തൂട്ടാട്ക്കണേ..നേരം വെളിച്ച്യാവുമ്പ തന്നെ എന്റേന്ന് കേക്കണാ ?’ സെലീന അഞ്ചേമുക്കാലിന്റെ ടൈമ്പീസും പിടിച്ച് വിറയ്ക്കും.

സെലീന പള്ളീല്‍ പോയാല്‍ മാത്രമേ കൊച്ചുത്രേസ്യ കോഴിക്കൂട് തുറക്കൂ‍. കോഴിക്കൂട് തുറക്കുന്ന സമയത്ത് സെലീനയുണ്ടായാല്‍ പ്രശ്നമാണെന്ന് കൊച്ചുത്രേസ്യയ്ക്ക് നന്നായറിയാം.
‘കോഴി കൊറേ ണ്ടല്ലേരി.. ഈ മുപ്പട്ട് ഞാറാഴ്ച ദേ ഈ ചാത്തനെ നമുക്ക് കൊല്ലാം. അല്ലേരി ? അവന്റെ പൂട്യൊക്കെ നെലം മുട്ട്യൊടങ്ങി. എന്താ അവന്റെ ഒരു നെഗളിപ്പ് ...’

ചാത്തന്‍ കോഴികളെ ഇഷ്ടമല്ലെങ്കിലും കോഴികളെ കൊല്ലുന്നത് കൊച്ചുത്രേസ്യയ്ക്ക് അത്ര ഇഷ്ടമല്ല. ചാത്തന്‍ കോഴികള്‍ക്ക് മുരുകന്‍, സത്യന്‍, വേലായുധന്‍, കൃഷ്ണന്‍ എന്നീ ഹിന്ദു പേരുകളാണ് കൊച്ചുത്രേസ്യ ഇട്ടിരിക്കുന്നത്. പെടക്കോഴികള്‍ക്ക് റാഹേലമ്മ, കുഞ്ഞിമറിയം, പ്രസ്തീന , അങ്ങനെ.. പിന്നെ എന്നും കൂട്ടില്‍ കിടന്ന് വഴക്കടിക്കുന്ന പെടക്കോഴിയ്ക്ക് സെലീന. സെലീന കേള്‍ക്കണ്ട. കേട്ടാല്‍ കോപ്പാ എനിക്ക്..

അല്ലെങ്കിലും സെലീനയ്ക്ക് മൂക്കിന്റെ തുമ്പത്താ ദ്വേഷ്യം . ഒരു ദിവസം കുളിക്കാന്‍ ചൂടുവെള്ളം കൊണ്ടുവരാന്‍ വൈകിയപ്പോ കൊച്ചുത്രേസ്യയുടെ ചന്തിയില്‍ ഒരു ചവിട്ടുകൊടുത്തതാണ് സെലീന. വട്ടയയും വെള്ളവുമായി കൊച്ചുത്രേസ്യ തെങ്ങിന്റെ ചോട്ടില്‍ കമഴ്ന്ന് വീണും. സെലീന തിരിഞ്ഞ് നടന്ന് നടേപൊറത്ത് ചെന്നിരുന്ന് ദീപികയിലെ മരണകോളം വായിച്ചാശ്വസിച്ചു. പത്തു മിനിട്ടോളം കൊച്ചുത്രേസ്യ കുഴഞ്ഞ മണ്ണില്‍ കിടന്നു.

‘തള്ളയ്ക്ക് ഞാന്‍ വെച്ച്ണ്ട്. ഇന്ന് കുറ്ബാനയ്ക്ക് പോണതൊന്ന് കാണണം’ എന്ന വാശിയിലാണ് കിടന്നതെങ്കിലും... ഒരു കുഞ്ഞുറുമ്പ് തുടയിടുക്കിലൂടെ കടന്നുവന്നില്ലായിരുന്നെങ്കില്‍... അല്ലെങ്കിലും ഈ അന്തോണീസ് പുണ്യാളന്‍ ഇങ്ങനെയാ. ദുഷ്ടന്മാരെ പനപോലെ വളര്‍ത്തും. അന്തോണീസ് പുണ്യാളന്റെ കയ്യിലുള്ള ആ വടി, എറപ്പായേട്ടന്റെ ബ്ലേഡ് കമ്പനിയില്‍ നിന്നും കടമെടുത്ത് തിരിച്ചടയ്ക്കാന്‍ കഴിവില്ലാത്തവരെ തല്ലാനാണെന്നാണ് പടിഞ്ഞാറേലെ പ്രസ്തീന പറയാറുള്ളതെന്ന് കൊച്ചുത്രേസ്യ വെറുതെ ഓര്‍ത്തു നെടുവീര്‍പ്പിട്ടു.

അല്ലെങ്കിലും നെടുവീര്‍പ്പിടാനല്ലേ ഈ ജന്മം.. . നാലാം വയസ്സില്‍ ചേലക്കരയിലെ കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ മുഖം കുത്തി കിടന്ന അപ്പനുമമ്മയും.... രണ്ടു രാത്രിയും പകലും പട്ടിണികിടന്നു മരവിച്ച കൈകള്‍ കൂട്ടിപ്പിടിച്ച് സെമിത്തേരിയിലേക്കുള്ള വഴിയില്‍ നിന്നും നായ ഓടിച്ചത് പള്ളി വികാരിയുടെ കുശിനിയിലേക്കല്ലായിരുന്നെങ്കില്‍... മക്കളില്ലാതെ ഭര്‍ത്താവു മരിച്ച സെലീനയ്ക്ക് കൂട്ടായി മെത്രാനച്ചന്‍ ഇവിടെയ്ക്ക് കൂട്ടിക്കൊണ്ടു വന്നപ്പോഴും....നെടുവീര്‍പ്പുകള്‍ മാത്രം ബാക്കി.

ഇന്നലെ വേലായുധന്‍ കൂട്ടില്‍ കയറാന്‍ മടി കാട്ടിയിരുന്നു. അപ്പോള്‍ തന്നെ വിചാരിച്ചതാണ് ഇന്ന് അവന്‍ മൊളയില്ലെന്ന്. എല്ലാ കോഴികളും കൂട്ടില്‍ കയറിയിട്ടും വേലായുധനെ കണ്ടില്ല. കിഴക്കേ ഭാഗത്തെ പ്രിയോരുമാവിന്റെ മുകളിലുണ്ടാവുമെന്ന് വിചാരിച്ചു. ഇന്നവിടെയും ഇല്ല.
ഇനി വല്ല നായയെങ്ങാനും ഓടിച്ചിട്ട് പിടിച്ച് തിന്നുവോ. ദേശുട്ട്യേട്ടന്റെ വീടിന്റെ പിന്നാമ്പുറത്ത് കൈതോലക്കൂട്ടിന്റെ ഇടയില്‍ കുറുക്കന്മാരുണ്ടെന്ന് മുണ്ടലക്കാന്‍ വന്ന നീലി പറഞ്ഞിരുന്നു. ഇനി അങ്ങനെ വല്ലതും ? നേരം ഇരുട്ടുകൊണ്ട് ഓട്ടയടച്ചുതുടങ്ങി. കൊച്ചുത്രേസ്യയ്ക്ക് ആവലാതിയായി.
വേലായുധനു അധികം പ്രായമില്ല. അതുകൊണ്ട് വലിയ പിടകളുടെ അടുത്തേക്ക് അവന്‍ പോകാറുമില്ല. പോയാല്‍ തന്നെ അവ അവനെ കൊത്തിയകറ്റും. അതിനാല്‍ അവന്‍ നിരാശനായിരുന്നെന്ന് കൊച്ചുത്രേസ്യയ്ക്കറിയാമായിരുന്നു. ചാത്തന്മാരിലെ സുന്ദരക്കുട്ടപ്പനാണവന്‍. അതിനാല്‍ ഇടയ്ക്കിടെ കൊച്ചുത്രേസ്യ അവനെയെടുത്ത് നെഞ്ചത്ത് വെയ്ക്കും. കുറുങ്ങിക്കുറുങ്ങി കൊച്ചുത്രേസ്യയുടെ നിറഞ്ഞ നെഞ്ചിലെ ചൂടിലിരുന്ന് വേലായുധന്‍ നിറമുള്ള ബട്ടണുകള്‍ കൊത്തിയെടുക്കാന്‍ നോക്കും.

‘എനങ്ങാണ്ടിരുന്ന്നോ.. അടുത്ത മുപ്പട്ട് ഞായറാഴ്ച നിന്റെ പപ്പെടുക്കും ആ തള്ള..’ കൊച്ചുത്രേസ്യ ദ്വേഷ്യപ്പെടും.

പക്ഷേ ഇന്ന് അവന്‍ എവിടെപ്പോയി ? ചിലപ്പോള്‍ ഇനി പ്രസ്തീനയുടെ കോഴിക്കൂട്ടില്‍ കയറിയിട്ടുണ്ടാവും. പ്രസ്തീനയ്ക്ക് ഉണ്ടായിരുന്ന രണ്ടു ചാത്തന്മാരെ കഴിഞ്ഞയാഴ്ച സീനയെ പെണ്ണുകാണാന്‍ വരുന്നതിലേക്ക് ശരിയാക്കിയിരുന്ന കാര്യം പറമ്പ് അടിച്ചുവാരുമ്പോഴാണ് അവള്‍ പറഞ്ഞത്.

ഇനി നാളെയാവാം. കൂടിന്റെ വാതിലടച്ചു കൊളുത്തിട്ടു. കറുത്ത കുരിശിനുമുകളില്‍ വിരലുകൊണ്ട് ഒരു കുരിശും വരച്ചു. കോക്കാന്‍ പൂച്ച കോഴികളെയൊന്നും പിടിച്ചോണ്ട് പോകല്ലേ തമ്പുരാനേ..

‘വെളക്കത്തിക്കാറായ്ട്ടും ഇങ്ങട് കേറി വരാറായില്ലേരീ.. ?’
തള്ളയ്ക്ക് ചിന്നനെളകിയെന്നാ തോന്നുന്നെ.

രാത്രിയ്ക്കുള്ള ചാളക്കൂട്ടാന്‍ അടുപ്പില്‍ നിന്നും ഇറക്കിയതേയുള്ളൂ. എന്തൊരു ആക്രാന്തമാണ് ഈ തള്ളയ്ക്ക്. രാത്രി വറ്റുള്ള കഞ്ഞിയും ചാളക്കൂട്ടാനും സെലീനയ്ക്കും ബാക്കി കൊച്ചുത്രേസ്യയ്ക്കുമാണ് കണക്ക്. സെലീന തന്നെയാണ് ഉച്ചതിരിഞ്ഞ് അങ്ങാടിയില്‍ പോകുന്നത്. പോരുമ്പോ കുറെ ഒണക്ക മാന്തളും പിന്നെ അവശ്യം വേണ്ട സാധനങ്ങളും കൊണ്ടു വരും. ഒണക്ക മാന്തള്‍ കൊച്ചുത്രേസ്യയ്ക്ക് ഇഷ്ടമല്ല. സെലീനയ്ക്ക് ഒണക്കമാന്തള്‍ മുളകുപുരട്ടി വെളിച്ചെണ്ണയില്‍ മൊരിച്ചെടുത്തതില്ലാതെ ചില ദിവസങ്ങളില്‍ കഞ്ഞി തൊണ്ടയില്‍ നിന്നുമിറങ്ങില്ല. ഒണക്കമാന്തളിന്റെ മണമടിക്കുന്നത് തന്നെ കൊച്ചുത്രേസ്യയ്ക്ക് ഇഷ്ടമല്ല. അതുകൊണ്ട് ഒണക്കമാന്തള് ചീഞ്ചട്ടിയിലിട്ട് വറുത്ത് പാതിയമ്പുറത്തുനിന്നും മാറ്റി വെച്ചേ കൊച്ചുത്രേസ്യ കുളിക്കാന്‍ പോകൂ.

കൊച്ചുത്രേസ്യ പച്ചവെള്ളത്തിലേ കുളിക്കൂ. അതിനായി വക്കുപൊട്ടിയ വലിയ അലുമിനിയക്കലത്തില്‍ വെള്ളം കോരി നിറച്ച് തട്ടില്ലാത്ത ഓലമറച്ച കുളിപ്പുരയില്‍ വച്ചിരിക്കും. കുരിശുമണിക്ക് മുമ്പ് കുളിച്ച് കയറണമെന്നാണ് സെലീനയുടെ കല്‍പ്പന. പണിയെല്ലാം കഴിഞ്ഞ് കുളിപ്പുരയില്‍ ചെല്ലുമ്പോഴേയ്ക്കും കുരിശുമണി കൊട്ടും.
‘കുരിശുമണി കൊട്ടണ കേക്ക്ണില്ലേരീ.. മേല് വെള്ളം വീത്തീട്ട് വേഗങ്ട് കയറി വരാന്‍ നോക്കറീ..’ കൊന്തയുരുട്ടി രൂപക്കൂടില്‍ തല കൊളുത്തിയിട്ട് സെലീന കാറിവിളിക്കും.

പെരട്ടത്തള്ള അവിടെ കെടന്ന് വിളിക്കട്ടെ. മനുഷ്യനു മനസ്സമാധാനമായിട്ടൊന്ന് കുളിക്കാനും സ്വൈര്യം തരില്ല. കൊന്ത എത്തിച്ചുകഴിഞ്ഞാല്‍ പിന്നെ തള്ള ഒറ്റയ്ക്കിരുന്ന് കുറെ നേരം ബൈബിള്‍ വായിച്ചോളും. കര്‍ത്താ‍വിന്റെ കുരിശുമരണവും ഉയിര്‍പ്പുമാണ് ദിവസവും സെലീനയുടെ ഇഷ്ട അധ്യായങ്ങള്‍. അതു വായിച്ച് കുറെ നെടുവീര്‍പ്പിടും. മുറുക്കുപേക്ഷിക്കുമെന്ന് നാലുവട്ടം ആണയിടും. നേരം വെളുത്താല്‍ മുറുക്കാന്‍ കോളാമ്പി എവിടെയാണെങ്കിലും എടുത്തു കൊണ്ടു മച്ചിന്റകത്തു വെയ്ക്കും. രൂപക്കൂട് കാണുന്നിടത്ത് മുറുക്കാന്‍ കോളാമ്പി വെയ്ക്കില്ല.

ഒരു മണ്ണെണ്ണ വിളക്കുമായാണ് കൊച്ചുത്രേസ്യ കുളിക്കാന്‍ പോകുന്നത്.
ഒണക്കമാന്തളിന്റെ മണമുള്ള ബ്ലൌസും മുണ്ടുമെല്ലാം ഊരി കുളിപ്പുരയില്‍ നെടുകെ കെട്ടിയ കയറിലിട്ടു മുടി കെട്ടിവെച്ച് കരിങ്കല്ലില്‍ ഇരിക്കും. മണ്ണണ്ണ വിളക്കിന്റെ അറ്റുത്തുവെച്ച പൊട്ടിയ കണ്ണാടി കഷണമെടുത്ത് നോക്കും. കഴുത്തും കൈകാലുകളും ദിനംതോറും വലുതായിവരുന്ന മാറും അതിനു താഴെ പൊക്കിള്‍ ചൂഴിയില്‍ നിന്നുമാരംഭിക്കുന്ന കുഞ്ഞുവരകളുമെല്ലാം.

വെള്ളമെടുക്കാന്‍ മൊന്ത കയ്യിലെടുത്തപ്പോഴാണത് ശ്രദ്ധയില്‍ പെട്ടത്.

മാറിലെ കറുപ്പിനു താഴെ ഒരു കോഴിത്തൂവല്‍ ഒട്ടിയിരിക്കുന്നു.
സൂക്ഷിച്ച് നോക്കി. ഇളം മഞ്ഞ നിറം.
റാഹേലമ്മയുടെ ഏതോ കുട്ടിയുടെ തൂവലാണ്. വിളക്കിനു നേരെ പിടിച്ചു. ഒരു തണ്ടില്‍ നിന്നും അനേകം ശിഖിരങ്ങള്‍. ഓരോ ശിഖിരത്തിലും നിറയെ കോഴിക്കുഞ്ഞുങ്ങള്‍. അവിടവിടെയായി ചാത്തനും പിടകളും. താഴെ കുട്ട‍ നിറയെ മുട്ടകള്‍. ഒരു ഭാഗത്ത് പിണ്ണാക്കും കഞ്ഞിവെള്ളവും കുതിര്‍ത്ത് വെച്ചിരിക്കുന്നു. ചില കോഴികള്‍ അത് കഴിക്കുന്നു. ചില ചാത്തന്മാര്‍ അപ്പുറത്ത് നിന്ന് കൂവുന്നു. എന്തൊരു ഭംഗിയാണ് ഈ ചാത്തങ്കോഴികളെ കാണാന്‍. ആ വെളുത്ത ആ ചാത്തന്‍ കോഴിയുടെ വാലിലെ ചില മഞ്ഞത്തൂവലുകള്‍.... അപ്പുറത്തെ കസേരയിലിരുന്ന് കൊച്ചാപ്പു കണക്കെഴുതുന്നു. ഇന്നു വിറ്റ മുട്ടകളുടെ എണ്ണവും പൈസയും. കൊച്ചാപ്പുവിന്റെ കട്ടിമീശ കാണന്‍ നല്ല ഭംഗിയുണ്ട്. മാര്‍ബിളിട്ട കോഴിക്കൂടിന്റെ വരാന്തയില്‍ ഒരു സുന്ദരിക്കുട്ടി പല നിറത്തിലുള്ള കടലാസുകൊണ്ട് പട്ടമുണ്ടാക്കുന്നു. ആ സുന്ദരിക്കുട്ടിക്ക് തന്റെ മുഖമല്ലേയെന്ന് കൊച്ചുത്രേസ്യക്ക് തോന്നി. ആ നുണക്കുഴികള്‍ തന്റേതു തന്നെ. ആ മൂക്കും നോട്ടവുമെല്ലാം..

‘കുരുത്തം കെട്ടോളേ .. കുളിപ്പൊരേലിരുന്ന് ഒറങ്ങണാ‍.. എണീറ്റ് കഞ്ഞി വെളമ്പാന്‍ നോക്കറീ....’ മുളവടിയും കുത്തിപ്പിടിച്ച് സെലീന വാതില്‍ക്കല്‍.

പിറ്റേന്ന് കാലത്ത് കൂടു തുറന്നപ്പോള്‍ കോഴികളൊന്നും കൂട്ടില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കിയില്ല. കൊച്ചുത്രേസ്യ ഒന്നേ നോക്കിയുള്ളു. ‍ ചാത്തന്‍ കോഴികളെല്ലാം ചത്തു കിടക്കുന്നു. അവയുടെ വായില്‍ നിന്നും നുരയും പതയും ഒലിച്ചിറങ്ങുന്നു. കണ്ണുകള്‍ തുറന്നും . കോഴി വസന്ത. പിടക്കോഴികള്‍ അവയ്ക്ക് കൂട്ടിരുന്നു.

കോഴിക്കൂടിനടുത്തുള്ള തെങ്ങില്‍ കൊച്ചുത്രേസ്യ ചാരി നിന്നു. പിന്നെ ഇരുന്നു. മുണ്ടില്‍ മുഖമമര്‍ത്തി. കുറെക്കഴിഞ്ഞപ്പോള്‍ റാഹേലമ്മയുടെ ഒരു കുട്ടിമാത്രം ഒറ്റതിരിഞ്ഞ് കോഴിക്കൂട്ടില്‍ നിന്നും ഇറങ്ങി വന്നു. കൊച്ചുത്രേസ്യയുടെ മുന്നില്‍ വന്നു നിന്നു. കൊച്ചുത്രേസ്യ അതിനെ സൂക്ഷിച്ചു നോക്കി. അതിന്റെ തൂവലുകള്‍ക്ക് ഇളം മഞ്ഞ നിറമായിരുന്നു. തലേന്ന് രാത്രി കണ്ട അതേ തൂവല്‍.

Thursday, November 08, 2007

സമയസൂചികകള്‍ക്കുമപ്പുറം.

സമയസൂചിക ഇരുട്ടിന്റെ എട്ടിലേക്ക് ഇഴഞ്ഞു നീങ്ങുമ്പോഴും പുതപ്പിനടിയില്‍ ഞെരക്കങ്ങളുമായി രാധ ചേച്ചി നാമജപങ്ങള്‍ ഉരുവിട്ടു കൊണ്ടേയിരുന്നു. വേദനയുടെ നെരിപ്പോടുകള്‍ പുകയുമ്പോഴും ഇതിനൊരു മാറ്റവുമില്ല. ഇന്ന് ശ്വാസം മുട്ടലിനു വളരെ കുറവുണ്ട്. റൌണ്ട്സിനു വന്ന ഡോക്ടര്‍ ഇന്‍സുലിന്റെ അളവ് കുറയ്കാമെന്നും മൂന്നു നാലു ദിവസത്തിനകം ഡിസ്ചാര്‍ജ് ചെയ്യാനാവുമെന്നുമാണ് പറഞ്ഞത്.

ഗിരിജ ചേച്ചി എല്ലായ്പോഴും കൂടെയുണ്ടെങ്കിലും രാധേച്ചിയുടെ അന്വേഷണങ്ങള്‍ എന്നിലാണവസാനിക്കാറുള്ളത്. അമ്മയേക്കാള്‍ എന്റെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ രാധേട്ത്തിക്കായിരുന്നുവല്ലോ... ആദ്യമായി വിദേശത്ത് ജോലികിട്ടി പടി‍യിറങ്ങാന്‍ നേരത്തും അമ്മയുടെ ഉപദേശവാക്കുകളേക്കാള്‍ രാധ ചേച്ചിയുടെ നിറഞ്ഞ ആ കണ്ണുകള്‍ കൂടെയുണ്ടായിരുന്നു.

ഒരാഴ്ച കഴിഞ്ഞു ഇവിടെ വന്നിട്ട്.

രണ്ടു ദിവസത്തെ ഐ.സി.യുവിലെ കിടപ്പ് രാധ ചേച്ചിയെ ശരിക്കും ക്ഷീണിപ്പിച്ചിട്ടുണ്ട്. ഇന്നെങ്കിലും വീട്ടിലേക്ക് പോകാമെന്നു തോന്നുന്നു. മൂന്നു നാലു ദിവസമായി ഉറക്കമിളച്ച് ഇവിടെ തന്നെ. രാധികയും കുട്ടികളും ഒറ്റക്ക് വീട്ടില്‍. രാധികയ്ക്ക് അതൊരു പ്രശ്നമല്ലെങ്കിലും ഇരുപതു ദിവസത്തെ എണ്ണിച്ചുട്ട അവധി ദിവസങ്ങള്‍..കുട്ടികളെ വൃഥാ പലതും ആശിപ്പിച്ചിരുന്നതാണ്, ബീച്ചും കാഴ്ചബംഗ്ലാവും ഷോപ്പിങ്ങുമൊക്കെയായി.

വാതില്‍ ചാരി പുറത്തു കടന്നപ്പോള്‍ വരാന്തയിലെ കാറ്റില്‍ ഡെറ്റോളിന്റെയും സ്പിരിറ്റിന്റെയും മനം മടുപ്പിക്കുന്ന ഗന്ധം. ആശുപത്രിയുടെ ഈ‍ ഗന്ധം പണ്ടും എനിക്ക് ഇഷ്ടമല്ലാത്താതാണ്. ഇതിനു മരണത്തിന്റെ ഗന്ധമാണുള്ളത്. ഒട്ടിപ്പിടിച്ച, വരണ്ട ഒരു ഗന്ധം. അടുത്ത എം ബ്ലോക്കിലെ മോര്‍ച്ചറിയിലേക്കുള്ള ഇരുട്ടുപിടിച്ച നീണ്ട വഴിത്താരയില്‍ പലപ്പോഴും എനിക്കിത് അനുഭവപ്പെട്ടിട്ടുണ്ട്.

507 -അം നമ്പര്‍ മുറിയില്‍ ട്യൂബ് ലൈറ്റിന്റെ വെളിച്ചം വാതില്‍പ്പഴുതിലൂടെ ഊര്‍ന്നിറങങ്ങുന്നുണ്ടായിരുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലേയും കാത്തിരിപ്പിന്റെ അലസത വിരസമല്ലാതാക്കിക്കൊണ്ടിരുന്നതിവിടെയാണ്.

അന്ന്.... വിരസതയുടെ ഒരു തരം നിസംഗതയില്‍ ആഴ്ന്നിരിക്കുമ്പോഴായിരുന്നു 507-ം നമ്പര്‍ മുറിയിലേക്ക് വീല്‍ചെയറില്‍ ഒരു രോഗിയെ കൊണ്ടുപോകുന്നത് ശ്രദ്ധിച്ചത്.ഡ്യൂട്ടി നേഴ്സ് പറഞ്ഞാണ് അറിഞ്ഞത്, നഗരത്തിലെ പ്രശസ്തമായ വിമന്‍സ് കോളജില്‍ ബിദുരാനന്തരബിരുദത്തിനു പഠിക്കുന്ന യുവതിയാണെന്ന്. പനിയും ചെറിയ തോതില്‍ ശ്വാസതടസവുമാണ്. റോഷ്നി പോള്‍. ലണ്ടനില്‍ പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടര്‍ പോളിന്റെ ഒരേയൊരു മകള്‍. കോളജ് ഹോസ്റ്റലിലെ മടുപ്പ്, വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലേക്ക് മാറ്റിയിരുന്നു. ചെറിയ ഒരു തുകല്‍ സഞ്ചി നിറയെ പുസ്തകങ്ങള്‍. പലതും existentialism ത്തെ കുറീച്ചുള്ളവ. വില്യം ഓഫ്മാന്റെയും കിര്‍ക് ഷ്നീഡറിന്റെയും മറ്റും. വില്യം ഹോഫ്മാന്റെ ചെറുകഥകളും നോവലും വായിച്ചിട്ടുണ്ടെങ്കിലും എക്സിസ്റ്റെന്‍ഷ്യാലിസത്തെകുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകം ആദ്യമായാണ് കാ‍ണുന്നത്.

ആശുപത്രീക്കിടക്കയില്‍ വായിക്കാന്‍ പറ്റിയ പുസ്തകങ്ങളാണോ ഇവയെന്ന്‍ എനിക്ക് സന്ദേഹമുണ്ടായിരുന്നു. എങ്കിലും ഞാന്‍ സംശയങ്ങളില്‍ അജ്ഞാതനായി നിലകൊണ്ടു. existentialism ത്തെ കുറിച്ച് എനിക്കും താതപര്യമുണ്ടായിരുന്നതു കൊണ്ടാവാം റോഷ്നി നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നത്. അന്നും ഏറെ വൈകുവോളവും റോഷ്നി സംസാരിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്കെല്ലാം ദസ്തോവ്സ്കിയും കാമൂസും കടന്നു വന്നുകൊണ്ടിരുന്നു. റൌണ്ട്സിനെത്തിയ ഡ്യൂട്ടി ഡോക്ടര്‍ അധികം സംസാരിക്കരുതെന്ന വിലക്കൊന്നും റോഷ്നിയെ അലട്ടിയില്ല. രാത്രി ഡ്യൂട്ടി നേഴ്സ് വന്ന് രണ്ടുമൂന്നു തവണ നിര്‍ബന്ധിക്കേണ്ടി വന്നു.

മലയിറങ്ങി വരുന്ന വലിയ ചീവിടുകള്‍ നിര്‍ത്താതെ മൂളികൊണ്ടിരുന്നു. ചെറിയ മഴയ്ക്കുള്ള ലക്ഷണമുണ്ട്. കാറ്റിനു പതിവില്‍ കവിഞ്ഞ തണുപ്പ്.

റോഷ്നി ഇപ്പോഴും വായനയിലാണ്. 45 ഡിഗ്രി ചെരിച്ച് വെച്ച ബെഡില്‍ ചാരിക്കിടന്നുകൊണ്ട്..
‘ഹായ് ..’
‘ഇരിക്കൂ.. രാജേഷ്..’
എലിസബത്ത് കൂബ്ലറുടെ On Death and Dying എന്ന ക്ലാസിക് റോഷ്നിയുടെ വിരലുകളില്‍ താളം പിടിച്ചുകൊണ്ടിരുന്നു. അതെ മരണത്തെക്കുറിച്ചു തന്നെ.
‘ഇന്നെന്താ വിഷയം മാറിയോ ? ‘
‘ഇല്ല ... ഈ ബുക്ക് ഞാന്‍ പലപ്പോഴും വായിക്കാന്‍ മറന്നുപോകുന്ന ഒന്നാണ്.. പലപ്പോഴും വായിക്കാനെടുക്കും..’
‘പിന്നെ..’
‘സമയം തന്നെ പ്രശ്നം.. ..ക്ലാസ് കഴിഞ്ഞ് വന്ന് മൂഡിയായിരിക്കുമ്പോഴായിരിക്കും വായിക്കാന്‍ തോന്നുക..പിന്നെയാവട്ടെയെന്ന് വെയ്ക്കും.. ഡാഡിയോട് പലതവണ പറഞ്ഞിട്ടാണ് ഈ ബുക് കഴിഞ്ഞ തവണ കൊണ്ടുവന്നത്. ഡോവര്‍ ബുക്സില്‍ മാത്രമേ ഇതു കിട്ടിയിരുന്നുള്ളു. മുമ്പ് സണ്ടെ ഒബ്സെര്‍വറില്‍ ഇതിന്റെ ഒരു റിവ്യു വന്നിരുന്നു. അങ്ങനെയാണ് എനിക്കിത് വായിക്കണമെന്ന് തോന്നിത്തുടങ്ങിയത്... മരണം ഒരു സമസ്യ തന്നെയാണല്ലേ രാജേഷ് ? ‘ പെട്ടന്നാണ് റോഷ്നി അത് ചോദിച്ചത്.
‘എന്ന് മുഴുവനായി പറയാനാവില്ല.’
‘എങ്കിലും നിശ്ചിതമായ സമയമോ സാഹചര്യമോ അതിനില്ലല്ലോ.’
‘എല്ലായ്പോഴും അങ്ങനെയാവണമെന്നില്ലല്ലോ...’
‘അതു ശരിയാണ്. ഒരാ‍ള്‍ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ ..’
‘എല്ലാ ആത്മഹത്യകളും വിജയമാവണമെന്നില്ലല്ലോ... പലപ്പോഴും പരാജയപ്പെട്ട ആതമഹത്യകള്‍ തടവിലാക്കപ്പെടുന്നത് കാണാറില്ലേ..’
‘പക്ഷേ..’
റോഷ്നി വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി. പിന്നെ ഒന്ന് നെടുവീര്‍പ്പിട്ടു.
റോഷ്നിയുടെ ചുണ്ടുകള്‍ വിറയ്ക്കുന്നത് ഞാനറിയുന്നു., വരളുന്നതും..
‘ഇന്നെന്തു പറ്റീ.. എലിസബത്ത് കൂബ്ലറുടെ പ്രേതം പിടികൂടിയോ ? ‘ ചിരിച്ചുകൊണ്ട് റോഷ്നിയുടെ അടുത്തേക്ക് നീങ്ങിയിരുന്നു.
റോഷ്നിയുടെ കൈകളിലെ തണുപ്പ് എന്നെ ഭയപ്പെടുത്തി.
പിന്നെ മൌനത്തിന്റെ നീണ്ട സഹാറയിലേക്ക്..

റോഷ്നിയുടേ വിരലുകള്‍ എന്റെ കൈവെള്ളയില്‍ അമര്‍ന്നിരുന്നു. തണുപ്പ് ഇളംചൂടിനു വഴിമാറി. കണ്ണുകളില്‍ എന്റെ കണ്ണുകള്‍ ഒഴുകിയിറങ്ങി.

ജെങ്കി റോക്കറ്റ്സിന്റെ ‘ഹെവന്‍ലി സ്റ്റാര്‍ ‘ എന്റെ മൊബൈലില്‍ റിംഗ് ടോണായി പടര്‍ന്നുകൊണ്ടിരുന്നത് പെട്ടന്നാണറിഞ്ഞത്.

രാധികയാണ്. സമയസൂചി എട്ടരയിലേക്കെത്തിയിരിക്കുന്നു.
‘ഹെലോ..’
‘ഏട്ടനെവിടെയാണ് ? ‘’
‘എന്തേ ? ‘
‘ഇപ്പോള്‍ തന്നെ ഗിരിജേച്ചി വിളിച്ചിരുന്നു.. രാധേച്ചിക്ക് കൂടിയത്രേ.. ഏട്ടനെ വിളിച്ചപ്പോള്‍ റേഞ്ചില്ലായിരുന്നു.. ഇപ്പോള്‍ എവിടെയാണ് ?‘
‘ഞാന്‍ റോഡിലാണ് ...ഇപ്പോള്‍ തന്നെ ഞാന്‍ റൂമിലേക്ക് പോകാം..’ കളവു പറയാന്‍ എന്നേ പഠിച്ചിരിക്കുന്നു., പ്രത്യേകിച്ചും രാധികയോട്.
റോഷ്നി ബെഡില്‍ എഴുന്നേറ്റിരുന്നു. പിന്നെ മെല്ലെ നെടുവീര്‍പ്പിട്ടു.
‘റോഷ്നി ഉറങ്ങിക്കോളൂ..ഞാന്‍ പിന്നെ വരാം..ഗുഡ് നൈറ്റ്..’
ധൃതിയില്‍ തന്നെ പുറത്ത് കടക്കുമ്പോള്‍ രാധേട്ത്തിയുടെ മുറിയുടെ മുന്നില്‍ വെള്ളയുടുപ്പുകളുടെ പ്രളയം..സ്ട്രെച്ചറുമായി ആരോ‍ മുറിയിലേക്ക് ..
അതിനിടയിലും ഗിരിജ ചേച്ചിയുടെ രോദനം വേറിട്ടുനിന്നു.
മരണത്തിന്റെ ഗന്ധവുമായി കാറ്റ് അവിടെ അലഞ്ഞു നടന്നു.Note
( കഥക്കൂട്ടില്‍ വന്ന കഥയാണിത്. ചെറിയ വ്യത്യസങ്ങളോടെ എന്റെ കളക്ഷനില്‍ ചേര്‍ക്കുന്നുവെന്ന് മാത്രം. )

Monday, July 30, 2007

ഒറ്റയടിപ്പാതയിലെ വെള്ളാരങ്കല്ലുകള്‍..3

ആധാരത്തില്‍ സാക്ഷിയായി ഒപ്പിടുമ്പോള്‍ രാമന്‍ നായരുടെ കൈകള്‍ വിറച്ചുകൊണ്ടിരുന്നു. ഇനിയൊരൊപ്പ് ഇവിടത്തേക്കായുണ്ടാവില്ലെന്ന നോവ് രാമന്‍ നായരെ അലട്ടി .

പ്രമാണങ്ങളും ഒപ്പുകളും രാമന്‍ നായരെ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരുന്നു ...എന്നും . ഇനി വടക്കേപ്പാട്ടെ പറമ്പിലെ തേങ്ങയിടാനും തെങ്ങിനു പൊലി കൂട്ടാനും പോകേണ്ടെന്നത് നല്ലകാര്യം തന്നെ . പ്രത്യേകിച്ചും പഴയതുപോലെ കാലുകള്‍ക്ക് ബലമില്ലാത്തപ്പോള്‍. എങ്കിലും ഇത്രയും കാലം നോക്കി നടന്ന് അവസാനം കൈവിട്ടുപോകുകയല്ലേയെന്ന ആധി രാമന് ‍ നായരെ ഈറനണിയിച്ചു .

തോമക്കുട്ടി യു .ഡി ക്ലര്‍ക്കിന്റെ അടുത്ത് നിന്നു കടലാസുകള്‍ ശരിയാക്കിക്കൊണ്ടിരുന്നു . വസ്തു വാങ്ങുന്ന ഉമ്മര്‍ ഹാജി ഉമ്മറത്തെ ബഞ്ചിലിരുന്ന് മൊബൈല് ‍ ഫോണില്‍ ആരോടൊക്കെയോ സംസാരിക്കുന്നു .

ആവശ്യമായ ഒപ്പിട്ട് ദേവദത്തന്‍ പടിയിറങ്ങി താഴെ വേപ്പുമരച്ചുവട്ടിലെ തണലില്‍ ചെന്നു നിന്നു . നനുത്ത കാറ്റില്‍ ഇലകള്‍ പൊഴിയുന്നു .

പെട്ടന്നാണ് രാമന് ‍ നാ‍യര്‍ ധൃതിയില്‍ ഇറങ്ങി വന്നത്.

'തിരുമേനി , അനിയന്‍ കുട്ടി ഒപ്പിടില്ലെന്ന് വാശിപിടിക്കുന്നു . എന്താ ചെയ്യാ‍ ..'

'ഉവ്വൊ . എന്താ പറയുന്നത് ? '

'ഇല്ല . ഒന്നും പറയുന്നില്ല.. ഒപ്പിടുന്നില്ല . ഇങ്ങനെ ഇരിക്കുന്നു ...'

ബ്രഹ്മദത്തന് ‍ അങ്ങനെയാണ് . പലപ്പോഴും ... എപ്പോഴാണ് വാശിപിടിക്കുകയെന്നറിയില്ല . പെട്ടന്നായിരിക്കും . ഇങ്ങോട്ട് പോരുന്നതിനുമുമ്പ് എല്ലാം പറഞ്ഞുറപ്പിച്ചിരുന്നതാണെന്ന് ദേവദത്തന്‍ ഓര്‍ത്തു.

മൂന്നുപേരായി ഒരു വഴിക്കിറങ്ങരുതെന്ന് ദേവേട്ത്തി ഇറങ്ങുമ്പോഴും പറഞ്ഞതാണ് . തോമക്കുട്ടി വരാന്‍ താമസിച്ചപ്പോള്‍ രണ്ടും കല്പിച്ച് രാഹുകാലത്തിനു മുമ്പ് തന്നെ ഇറങ്ങേണ്ടി വന്നു .

ഈ വസ്തുവെങ്കിലും വില്‍ക്കരുതെന്ന് ബ്രഹ്മദത്തനു മുമ്പും നിര്‍ബന്ധമുണ്ടായിരുന്നു . തനിക്കും അതില്ലാതെയല്ല. പക്ഷേ ഇനിയും കടങ്ങള്‍ വീട്ടാതെയിരുന്നാല്‍ കുടിയിരിപ്പ് പോലും ജപ്തിനടപടികളിലേക്ക് പോകേണ്ടി വരുമെന്ന് രാമന് ‍ നായര്‍ പല തവണ പറഞ്ഞതുകൊണ്ടുമാത്രമാണ് ബ്രഹ്മദത്തന്‍ സമ്മതിച്ചതു തന്നെ . ബ്രഹ്മദത്തനു ഈ സ്ഥലത്തോട് പ്രത്യേക മമതയുമുണ്ട്. പലപ്പോഴും ഈ സ്ഥലത്തിന്റെ അടുത്തുള്ള കാരിത്തോടിനരികില്‍ വന്നു നിന്നു വൈലിപ്പാടത്തേക്ക് നോക്കി നില്‍ക്കുന്നതു കാണാം . നോക്കെത്താ ദൂരത്ത് നഗരത്തിലേക്ക് പോകുന്ന തീവണ്ടിപ്പാതയും കടന്നുപോകുന്ന ഒറ്റയടിപ്പാതയില്‍ വെറുതെ നോക്കിയീരിക്കും . നഷ്ടസ്വപ്നങ്ങളുടെ കാവലാളാ‍യി .... സായം സന്ധ്യകളില്‍ പഥികന്റെ വിഹല്വതകളുമായി ..

സബ് രജിസ്റ്റ്രാറുടെ അടുത്ത കസേരയില്‍ ബ്രഹ്മദത്തന്‍ ജനലിലൂടെ ദൂരേക്ക് നോക്കിയിരിക്കുകയാണ് . കഞ്ഞിപ്പശകൂട്ടിയ ഷര്‍ട്ടിന്റെ മടക്കുകള്‍ കൃത്യമായി കാണാം . ദേവദത്തന്‍ ഒരു നിമിഷം വാതില്‍ പടിയില്‍ തന്നെ നിന്നു ..

ബ്രഹ്മദത്തന്‍ അക്ഷോഭ്യനായിരുന്നു .

'കുട്ടാ ... ആ പ്രമാണത്തിലൊന്ന് ഒപ്പിടൂ..'

ഒന്നും മിണ്ടിയില്ല .

പിന്നെ ദേവദത്തന് ‍ ആ കൈകള്‍ പിടിച്ചെഴുന്നേല്‍പ്പിച്ചു . ഒരു പ്രതിമകണക്കേ ബ്രഹ്മദത്തന്‍ നടന്നു .

തോമക്കുട്ടി മഷിപ്പാഡില് ‍ വിരലുകള്‍ അമര്‍ത്തി . എല്ലാ പ്രമാണങ്ങളിലും പതിപ്പിച്ചു.

പിന്നെ മെല്ലെ പടികളിറങ്ങി.

'ഹാവൂ . ഇപ്പോഴാ എനിക്കൊരു സമാധാനമായത്. ' രാമന്‍ നായര്‍ ആരോടെന്നില്ലാതെ പറഞ്ഞു.

വേപ്പുമരങ്ങള്‍ക്കിടയിലൂടെ വെയില്‍ ഭൂമിയില്‍ കള്ളികള്‍ തിരിച്ചുകൊണ്ടിരുന്നു .

അടുത്ത രെജിസ്റ്റ്രേഷനുമായി തോമക്കുട്ടി ധൃതിയില്‍ പടികള്‍ കടന്ന് പോയി .

അവര്‍ നടന്നു. ഉച്ചവെയിലിനു നല്ല ചൂട്. ആകാശത്തിന്റെ അതിരുകളില്‍ തുമ്പികള്‍ പറന്നകന്നു.

ടാറിട്ട നീണ്ട വഴിയില്‍ കാലത്തിന്റെ ശേഷിപ്പുകളായി വലിയ കുഴികള്‍ .
രാമന്‍ നായര്‍ കിതയ്ക്കുന്നുണ്ട്.

റെയില്‍വേ ലൈനിന്റെ അരികു പറ്റി നടന്നു. പന്ത്രണ്ടുമണിയുടെ ട്രെയിന്‍ ഇനിയും വന്നിട്ടില്ല. സാധാരണ ഈ സമയത്ത് കടന്നുപോകേണ്ടതാണ് .

'ഇപ്രാവശ്യം നല്ല മഴ കിട്ടി. അതുകൊണ്ട് കുടിയിരിപ്പിലെ തെങ്ങിന്റെ നനയ്ക്കല്‍ കുറയ്ക്കാം അല്ലേ തിരുമേനി ..' രാമന്‍ നായര്‍ക്ക് എപ്പോഴും ആധിയാണ് . മഴയെക്കുറിച്ചും ഞാറ്റുവേലയെക്കുറിച്ചും എല്ലാം എല്ലാം .

'അതെ..'

'എന്നാലും ഈ ചൂട് സഹിക്കാന്‍ പറ്റാതായിരിക്കുന്നു. മഴമാറിയല്‍ ചൂട്. ചൂടില്ലെങ്കില്‍ മഴ ..ഇപ്പോഴത്തെ കാലാവസ്ഥ വിശ്വസിക്കാന്‍ പറ്റാതായിരിക്കുന്നു.'

ബ്രഹ്മദത്തന്‍ ഒന്നുമുരിയാടാതെ നടക്കുകയാണ്.

മുഖത്തെ ഗൌരവഭാവം മാറിയിട്ടില്ല. മുറുക്ക് ഈയിടെയായി കൂടുന്നുണ്ടെന്ന് രാമന്‍ നായര് പറഞ്ഞത് ദേവദത്തനോര്‍ത്തു. ഇവനെ ഇങ്ങനെ വിട്ടാല്‍ ശരിയാവില്ല . താന്‍ മദിരാശിയിലേക്ക് പോയാല്‍ പിന്നെ വീട് ആരു നോക്കും. ചന്ദ്രികയുടെ കോഴ്സ് കഴിയുന്നതുവരെയെങ്കിലും ...

കഴിഞ്ഞ തവണ വന്നപ്പോഴും വാമദേവന് നമ്പൂതിരി പ്രശ്നം വച്ച് നോക്കിയതാണ് . ബ്രഹ്മദത്തന്റെ അസുഖം അധികം താമസിയാതെ തന്നെ മാറുമെന്നു പറഞ്ഞു. അതിനിടയിലായിരുന്നല്ലോ അശനിപാതം പോലെ അമ്മയുടെ മരണം. പിന്നെ ബ്രഹ്മദത്തന്‍ കൂടുതല് ആക്രമോത്സുകനാകുകയായിരുന്നു . ചെറുമരുടെ വീട്ടിലൊക്കെ കയറി ഇരിക്കും.. എന്തെങ്കിലും ചോദിച്ച് കിട്ടിയില്ലെങ്കില് ഭയങ്കര ദ്വേഷ്യം... ഇന്ന് രാവിലെ തന്നെ തേങ്ങാച്ചമ്മന്തിയില്ലാത്തതിനു കഞ്ഞിപ്പാത്രം വലിച്ചെറിഞ്ഞതാണ്. ബ്രഹ്മദത്തന്‍ എന്ന പേരു തന്നെ ഒരു പ്രശ്നകാരിയാണെന്നാണ് വാമദേവന് ‍ നമ്പൂതിരി പറഞ്ഞത്.

വൈകിയതുകൊണ്ടാകും പന്ത്രണ്ടുമണിയുടെ ട്രെയിന് ഹോണടിച്ചാണ് വരുന്നത്. രാമന്‍ നായര് ട്രാക്കിന്റെ ഓരം ചാരി നിന്നു. തൊട്ടുതന്നെ ബ്രഹ്മദത്തനും . ബ്രഹ്മദത്തന്റെ ദ്വേഷ്യമൊക്കെ അടങ്ങിയിരിക്കുന്നു. ദ്വേഷ്യം മാറിയാല്‍ അവന്‍ ഒരു കൊച്ചുകുട്ടിയെപ്പോലെയാണെന്ന് ദേവദത്തനു പലപ്പോഴും തോന്നിയിട്ടുണ്ട്.

നാളെ ഈ ട്രെയിന് തിരിച്ചുപോകുമ്പോള് തനിക്കും തിരിച്ചുപോകാനുള്ളതല്ലേയെന്ന് ദേവദത്തന് ഓര്‍ത്തു.
ട്രെയിന് അടുത്ത് വരുന്നു. ആളൊഴിഞ്ഞ ബോഗികളുതിനാലാവാം ശബ്ദം അല്പം കൂടുതല്‍ തോന്നുന്നത്. പാളത്തില് ചെറിയ പ്രകമ്പനങ്ങള്.

പെട്ടന്ന് ഒരു മിന്നായം പോലെ ബ്രഹ്മദത്തന് ട്രാക്കിലേക്ക്..ചക്രങ്ങള്‍ക്കിടയില്‍.. ഒരു നൊടിമാത്രം താളം കൊട്ടിക്കൊണ്ട്..
ദേവദത്തന്റെ തൊണ്ടയില് വാക്കുകള്‍ കുരുങ്ങി.

മുന്നില് ഇരുട്ടുമാത്രം...

ഇരുട്ടുമാത്രമേയുള്ളൂ.... നക്ഷത്രങ്ങളിലേക്ക്....അപ്രാപ്യമായ ദൂരത്തില് തീവണ്ടി നഷ്ടപ്പെട്ടുപോകുന്നു ..

വ്യര്‍ത്ഥതയുടെ ഭാരം ചുമന്നുകൊണ്ട്....

ഒറ്റയടിപ്പാതയെ ഭേദിച്ചുകൊണ്ട് വെള്ളാരങ്കല്ലുകളില്‍ ചുവപ്പ് പട്ടുവിരിച്ചുകിടന്നു..

Saturday, July 21, 2007

ഒറ്റയടിപ്പാതയിലെ വെള്ളാരങ്കല്ലുകള്‍..2

പാലമരം

വിജനമായ ഇരുട്ടിന്റെ ഇടവഴിയിലൂടെ തോമക്കുട്ടി നടന്നു. നാടിനെ കീറിമുറിച്ച് കടന്നുപോകുന്ന വഴി .. ഏകാന്തമായ യാത്രകള്‍ ..അത് എവിടെയ്ക്കായാലും തോമക്കുട്ടിയെ അലോസരപ്പെടുത്താറില്ല . ഇടവകപ്പള്ളിയിലേക്കുള്ള ഈ യാത്രയിലും തോമക്കുട്ടിക്ക് വിരസതയില്ല. ഒന്നര നാഴികയെങ്കിലും ഈ വഴിയിലൂടെ തന്നെ നടക്കണം . പുലര്‍ച്ച കുര്‍ബാനയ്ക്ക് ഇനിയും സമയം ബാക്കി. മുമ്പ് ഇവിടെ ഇത്ര വലിയ ഒരു വഴിയുണ്ടായിരുന്നില്ലെന്ന് തോമക്കുട്ടി ഓര്‍ത്തു . കാലത്തിന്റെ കുത്തൊഴുക്കില്‍ വന്നുചേര്‍ന്നതാണ് ഈ വഴി. ഈ വഴിയുടെ ഓരത്തു തന്നെയായിരുന്നു ആ പാലമരം നിന്നിരുന്നത് .

പണ്ട്... കണ്ടാറുവിന്റെ ഭാര്യയായ പേറ്റിച്ചി വാസന്തി, കുഞ്ഞുമറിയത്തിന്റെ ഗര്‍ഭപാത്രത്തില്‍ നിന്നും തോമക്കുട്ടിയെ ഊരിയെടുക്കുന്നതിനും വളരെ മുന്‍പ് വൈലിത്തറയില്‍ നീണ്ടു നിവര്‍ന്ന് ശിഖിരങ്ങള്‍ വശങ്ങളിലേക്ക് മാടിയൊതുക്കി വസന്തകാലത്ത് സൌരഭ്യമുള്ള വെളുപ്പും മഞ്ഞയും കലര്‍ന്ന പൂക്കള്‍ നിറച്ച് ഈ പാലമരം .. . യുഗാന്തരങ്ങളായി മഞ്ഞക്കാളി കുടിയിരിക്കുന്ന വൈലിത്തറയില്‍ കാലത്തിന്റെ കുത്തൊലിപ്പുകള്‍ കരിമ്പടം ചാ‍ര്‍ത്തി.... വടക്ക് ബ്രഹ്മസ്ഥായിയായ ശിവന്റെ ആവാഹഭൂമിയായ ബ്രഹ്മക്കുളവും തെക്ക് പുഞ്ചപ്പാടത്തിന്റെ അതിര്‍വരമ്പായ മധുക്കരയും പടിഞ്ഞാറ് വേമ്പനാട്ടുകായലിന്റെ മധുരിമയായ ഒരുമനയൂരും അതിര്‍ത്തികാക്കുന്ന കാക്കശ്ശേരിയുടെ കേന്ദ്രബിന്ദുവായ വൈലിത്തറ . ബ്രഹ്മരക്ഷസ്സിന്റെ ശല്യം സഹിക്കവയ്യാത്ത നേരത്ത് കിഴ്മാലൂര്‍ കുടുംബത്തിലെ കാരണവര്‍ ഹോമം നടത്തി നട്ടതാണ് ഈ പാലമരം .

കോലുവച്ചുണ്ടാക്കിയ പാലത്തിന്റെ അവിടെനിന്നും കാപ്പരക്കല്‍ വരെ മുമ്പ് ഒറ്റയടിപ്പാത മാത്രമാണുണ്ടാ‍യിരുന്നത് . ആ ഒറ്റയടിപാതയാവട്ടെ ചെറുവാരശ്ശേരി ഇല്ലത്തിലേക്കുള്ള പോക്കുവരവിനുമാത്രമുണ്ടാക്കിയതും .പണ്ട് തൃത്താലയിലെ ഇളവന അംശത്തില്‍ നിന്നും ഭാഗം കഴിഞ്ഞ് കിട്ടിയ വകയാണ് ഇല്ലത്തിന്റെ ഈ കുടിയിരുപ്പ് . ഇളവന അംശത്തുനിന്നും മഞ്ചലുമായി വര്‍ഷത്തിലൊരിക്കല്‍ ഗുരുവായൂരമ്പലത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് വേണ്ടി മാത്രം പണിത വഴിയുടെ തുടര്‍ച്ചയാണ് ചെറുവാരശ്ശേരിയില്ലത്തിന്റെ ഒരു നാഴിക മാറി നില്‍ക്കുന്ന ഈ ഒറ്റയടിപ്പാത . തോമാസ്ലീഹ വന്ന് വെള്ളമെറിഞ്ഞ് നമ്പൂതിരിമാരെ മതം മാറ്റിയപ്പോള്‍ 'ഇനിയത്തെ കുളി വെന്മേനാടെ 'ന്ന് പറഞ്ഞ് രായ്ക്കുരാമാനം ഓടി രക്ഷപ്പെട്ട നമ്പൂതിരികുടുംബങ്ങള്‍ക്ക് അന്ന് കാക്കശ്ശേരിയുടെ കിഴക്ക് ഒരു ചെറിയ ഭാഗം ചെറുവാരശ്ശേരി ഇല്ലത്തുകാര്‍ വെച്ചുനീട്ടി . അവര്‍ അവിടെ മന്ദിരങ്ങള്‍ പണിതു..ചെറുവാരശ്ശേരി ഇല്ലത്തിന്റെ ഒരു ഭാഗം തന്നെ കാലക്രമേണ അവരുടേതായി.

ത്രശിവപേരൂര്‍ അങ്ങാടിയില്‍ നിന്നും പൊന്നാനിക്കുള്ള മാര്‍ഗ്ഗത്തിലെ മധ്യഭാഗത്താണ് കാക്കശ്ശേരി. പാതിരായ്ക്ക് ത്രശിവപേരൂര്‍ അങ്ങാടിയില്‍ നിന്നുള്ള പലവ്യഞ്ജനങ്ങളുമായി കാളവണ്ടികള്‍ കാക്കശ്ശേരിയില്‍ തമ്പടിക്കും . വണ്ടിയില്‍ നിന്നും കാളകളെ മാറ്റിക്കെട്ടി അവയ്ക്ക് കുറച്ച് സമയം വിശ്രമം . വണ്ടിക്കാരും വിശ്രമിക്കും . വിശ്രമവേളകളില്‍ കട്ടഞ്ചായയും കപ്പയുമായി നെടുമ്പന്‍ പ്രാഞ്ചി രാത്രി പകലാക്കി . പ്രാഞ്ചി കാക്കശ്ശേരിയുടെ ആത്മാവ് തൊട്ടറിഞ്ഞു . ഒരു കൂരകെട്ടി . ചെറുവാരശ്ശേരിക്കാര്‍ പ്രാഞ്ചിയെ വിവേകിയെന്നും ബുദ്ധിമാനെന്നും വിളിച്ചു . പ്രാഞ്ചി കൂട്ടുങ്ങലെ കുര്യന്‍ വക്കീലിനു ദക്ഷിണവെച്ചു . ചെറുവാരശ്ശേരിക്കാരുടെ കുടിയിരിപ്പൊഴികെയുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ പ്രാഞ്ചിയുടെ സ്വന്തം . ചാക്കോളയില്‍ നിന്നും പടിയിറക്കിക്കൊണ്ടുവന്ന കുഞ്ഞിമറിയത്തിനു പ്രാഞ്ചിയുടെ സാമ്രാജ്യം ഒരു അദ്ഭുതലോകം തന്നെയായിരുന്നു.

തോമക്കുട്ടിക്ക് അപ്പന് ‍ പ്രാഞ്ചിയെക്കുറിച്ച് ഏറെ മതിപ്പായിരുന്നു. എങ്കിലും അവസാന നാളുകളിലെ അമിതാവേശത്താല് ‍ കിട്ടിയ പല സ്വത്തുക്കളും അടിയറ വെക്കേണ്ടി വന്നു. പിന്നീട് തോമക്കുട്ടി വെണ്ടറായതോടെയാണ് അല്പമെങ്കിലും പിടിച്ചു നില്‍ക്കാനായത് . പ്രദേശത്തെ എല്ലാ ആധാരങ്ങളിലും തോമക്കുട്ടിയുടെ വിയര്‍പ്പുമണം. സ്ഥലക്കച്ചവടങ്ങള്‍ക്ക് തോമക്കുട്ടി മധ്യസ്ഥനായി. പല കണ്ണായ സ്ഥലങ്ങളും തോമക്കുട്ടിയുടേതു മാത്രമായി. ക്രമേണ എല്ലാ ദുഖങ്ങളും കാപ്പരക്കലെ വാസുവിന്റെ ചാരായഷാപ്പില്‍ തോമക്കുട്ടി ഇറക്കി വെച്ചു. ആധാരങ്ങള്‍ അനാഥരായി വാസുവിനു കൂട്ടുകിടന്നു. വാസു അവയെ മാറോടുചേര്‍ത്തുപിടിച്ചു.

തോമക്കുട്ടി നടന്നു.

വിജനതയില്‍.. ക്ഷേത്രത്തിലെ കൃഷ്ണസ്തുതികള്‍ ... തെരുവുവിളക്കുകള്‍ എന്ന പഥികന്മാര്‍..ചെറുതവളകള്‍ ഓരത്തിനിരുവശവും തെന്നി മറഞ്ഞു. കൂമന്മാര്‍ ചക്രവാളങ്ങളിലിരുന്നു മൂളി. അകലെ പാലമരം ചെറുകാറ്റില്‍ ഊയലാടി. പാലമരത്തിന്റെ അടിയിലെ കല്‍ വിളക്ക് തെളിയുന്നു. ഈര്‍ക്കില്‍ നാളങ്ങള്‍..

സാധാരണ അത് പതിവില്ലാത്തതാണല്ലോ...

തോമക്കുട്ടിക്ക് മനസ്സില്‍ സംശയങ്ങള്‍ മുളപൊട്ടി. അടുത്തെത്തിയപ്പോഴാണത് കണ്ടത് .കല് വിളക്കിനരികില്‍ ഒരു ആളനക്കം.. വിളക്കിനു മുന്നില്‍ നിന്ന് ആരോ കൈകള്‍ കൂപ്പി പ്രാര്‍ത്ഥിക്കുന്നു. പാലപ്പൂവിന്റെ മാദക ഗന്ധം അവിടെ നിറഞ്ഞു നിന്നു.

തോമക്കുട്ടി ഒരു നിമിഷം നിന്നു

ഈ പുലര്‍ച്ച തന്നെ പാലമരത്തിനടുത്ത് നിന്ന് പ്രാര്‍ത്ഥിക്കുന്നതാരാണെന്നറിയാനുള്ള ആകാംക്ഷ തോമക്കുട്ടിയില്‍ വന്നു നിറഞ്ഞു. അതൊരു വിഹല്വതയായി തോമക്കുട്ടിയെ പൊതിഞ്ഞു. അറിവിന്റെ കണ്ണുകള്‍ തോമക്കുട്ടിയെ വീണ്ടും ജാഗരൂകനാക്കി .
നനുത്ത കാറ്റില് ‍ രാമന്‍ നായരുടെ ശബ്ദം .. പ്രാര്‍ത്ഥന പൂര്‍ത്തിയാക്കി രാമന്‍ നായര്‍ തിരിഞ്ഞ് നിന്നു .

‘എന്താ രാമന്‍ നായരെ ഇന്ന് പതിവില്ലാതെ..'

'ഇല്ല. ഇടക്കിടെ ഇവിടെ വന്നു പ്രാര്‍ഥിക്കാറുണ്ട്..'

‘ഇന്നെന്താ വിശേഷിച്ച് .. '

‘കഴിഞ്ഞില്ലേ.. ഇന്നും കൂടി കഴിഞ്ഞാല്‍ ഈ പാലമരത്തിനു വേറെ അവകാശികളാവില്ലേ ..' രാമന്‍ നായരുടെ സ്വരം
ഇടറിയിരുന്നു.

‘ഇതും കൂടി കഴിഞ്ഞാല്‍ പിന്നെ കുടിയിരിപ്പ് മാത്രമേ ഉള്ളൂ അല്ലേ രാമന്‍ നാ‍യരേ ?'

‘അതെ..ഇനി അതും കൂടിയേ ബാക്കിയുള്ളൂ..ദേവദത്തന് ‍ തിരുമേനി ഇന്നലെ രാത്രി വരാമെന്നാണ് പറഞ്ഞിട്ടുള്ളത് . ഇനി ഇങ്ങനെ ഒന്നും ഉണ്ടാവല്ലേ എന്റെ ദേവീ..ഓസി വര്‍ക്കിയുടെ പീടികയില്‍ ഇനിയും കടം പറയാന്‍ എനിക്ക് വയ്യ എന്റെ തോമക്കുട്ടിയേ..കുഞ്ഞിലക്ഷ്മി പോയതിനു ശേഷം ഇല്ലം ഉറങ്ങിയെന്നു തന്നെ പറയാം ....ആകെ ഒരു വീര്‍പ്പുമുട്ടല്‍..'

‘ഒക്കെ വിധി എന്റെ രാമന്‍ നായരേ..ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ ഇത് . വല്യ നമ്പൂരി ഉള്ളപ്പോള്‍ തുടങ്ങീതല്ലേ..'

‘എല്ലാം പിതൃക്കളുടെ ശാപം..' കര്‍മ്മ ബന്ധങ്ങളുടെ നഷ്ടകാണ്ഢത്തില്‍ രാമന്‍ നായര്‍ കിതക്കുന്നുണ്ടായിരുന്നു.
അശാന്തിയുടെ മൂടല് ‍ മഞ്ഞിലൂടെ അവര്‍ നടന്നു, പാലമരവും പിന്നിലാക്കി.

വഴി ഉറങ്ങി.

ഇറങ്ങി

ഇരുട്ടില്‍ അകന്ന് പോയി....

രണ്ടു നാളിന്റെ ആ‍യുസ്സേ ഇനിയും പാലമരത്തിനുള്ളൂവെന്ന സത്യത്തിനു മുന്നില്‍ തോമക്കുട്ടി പുലര്‍ച്ച കുര്‍ബാനയ്ക്ക് മുട്ടുകുത്തി.

Monday, July 09, 2007

ഒറ്റയടിപ്പാതയിലെ വെള്ളാരങ്കല്ലുകള്‍ - 1

ആല്‍മാവ്

ദേവദത്തന്‍ ട്രെയിനിറങ്ങുമ്പോള്‍ സമയസൂചിക ഇരുട്ടിന്റെ പതിനൊന്നിലേക്ക് നീങ്ങിയിരുന്നു. ഇതു അവസാനത്തെ വണ്ടിയാണ് . ഇതിനുമുന്‍പുള്ള വലിയ സ്റ്റേഷനില്‍ യാത്രക്കാരില്‍ ഭൂരിഭാഗവും ഇറങ്ങിയിരുന്നതിനാല്‍ ശൂന്യതയുടെ ബാക്കിപത്രമായ സ്റ്റേഷനിലെ ഇരുട്ടിനൊപ്പം ദേവദത്തന്‍ പടികളിറങ്ങി . നീണ്ട ഒരു യാത്രയുടെ ആലസ്യം, ഒഴിഞ്ഞ സ്റ്റേഷന്‍ വരാന്തകളെ വിരസമാക്കിക്കൊണ്ടിരുന്നു. ചീവിടുകളുടെ രോദനങ്ങള്‍ ഒരു വിഹല്വതയായി ദേവദത്തനു കൂട്ടായി. അല്പം മുമ്പ് കാലം തെറ്റി കടന്നു പോയ മഴത്തുള്ളികള്‍ റോഡില്‍ ചിതറിക്കിടന്ന് സ്ട്രീറ്റ് ലൈറ്റിന്റെ പ്രകീര്‍ണ്ണനത്തിനു ശോഭ കൂട്ടിക്കൊണ്ടിരുന്നു . ഓട്ടോകള്‍ എല്ലാം പോയിക്കഴിഞ്ഞിരിക്കുന്നു, തെരുവുകച്ചവടക്കാരും.... ശൂന്യതയില്‍‍ നിശാശലഭങ്ങള്‍ പറന്നു നടന്നു.

തല തിരിയുന്നുണ്ട്… രാവിലെ തുടങ്ങിയ യാത്രയാണ്. ബസ് യാത്ര ഒഴിവാക്കി തീവണ്ടിയില്‍ കയറുമ്പോഴൊന്നും വിചാരിച്ചിരുന്നില്ല , സെക്കന്റ് ക്ലാസ് കമ്പാര്‍ട്ട്മെന്റിലെ തിങ്ങി നിറഞ്ഞ, വിയര്‍പ്പിന്റെ ഗന്ധമുള്ള, കാലഹരണപ്പെട്ട ചുണ്ണാമ്പ് പെട്ടി ഇടക്കിടെ തുറന്നുകൊണ്ട് , സംസാരിക്കുമ്പോള്‍ ദേഹത്തേക്ക് ചുവന്ന തുപ്പല്‍ തെറിപ്പിക്കുന്ന ഒരു കൂട്ടത്തിനിടയിലിരുന്ന് യാത്ര തുടരേണ്ടി വരുമെന്ന് . പലപ്പോഴും മുഖം പൊത്തിപ്പിടിച്ചിരിക്കേണ്ടി വന്നു. ഓരോ സ്റ്റേഷനെത്തുമ്പോഴും പെട്ടന്നു തന്നെ അടുത്ത സ്റ്റേഷനെത്തട്ടെയെന്ന പ്രാര്‍ത്ഥനയിലായിരുന്നു.

നാളെ കാലത്ത് എങ്ങനെയെങ്കിലും വീട്ടിലെത്തണമെന്ന രാമന്‍ നായരുടെ അഭ്യര്‍ത്ഥനയ്ക്ക് മുന്നില്‍ കിട്ടിയ വഴിയിലൂടെ തന്നെ എങ്ങനെയെങ്കിലും യാത്രചെയ്യണമെന്നുമാത്രമായിരുന്നു. മനസ്സില്‍..

ഇരുട്ടിലേക്കിറങ്ങിയപ്പോള്‍ കനാലുകളുടെ ഓരം ചേര്‍ന്ന് പന്തിഭോജനം നടത്തുന്ന തെരുവു നായ്ക്കൂട്ടം.. ചെറിയ ഭീതിയുണര്‍ത്തി . എങ്കിലും അവ തന്നെ ശ്രദ്ധിക്കുന്നില്ലെന്നത് അല്പമെങ്കിലും ആശ്വാസം അയാള്‍ക്ക് നല്‍കി.

ഇരുട്ടിലൂടെയുള്ള ഈ യാത്ര തനിക്ക് പണ്ടേ വളരെ ഇഷ്ടമായിരുന്നെന്ന് അയാളോര്‍ത്തു . വഴിയുടെ വീതി പിന്നീട് കൂട്ടിയെങ്കിലും പഴയതുപോലെ ഇക്കാലത്ത് ആരെങ്കിലും നടന്ന് പോകുന്നതു അപൂര്‍വ്വമാണ് . കാറ്റ് പതിഞ്ഞു വീശുന്നു.

പണ്ട്, ക്ഷേത്രത്തില്‍ രാത്രി എട്ടു മണിക്ക് അത്താഴ ശീവേലി കഴിഞ്ഞ് അമ്മയുടെ കൂടെ ഈ വഴിക്കു തന്നെയാണ് നടന്നുപോകാറുള്ളത്. കാര്യസ്ഥന്‍ രാമന്‍ നായരും കാണും കൂടെ , ചൂട്ടും പിടിച്ച് . ശീവേലി കഴിഞ്ഞ് ചന്തമുക്കു വരെ വേറെ ചിലരും കൂടെ കാണും. അവര്‍ പോയിക്കഴിഞ്ഞാല്‍ ... പിന്നെ മുന്നില്‍ നീണ്ടു നിവര്‍ന്നുകിടക്കുന്ന വഴി. ചന്തമുക്ക് കഴിഞ്ഞാല്‍ അല്പം വേഗതയേറും. രാമന്‍ നായര്‍ പിന്നെ മൌനത്തിന്റെ നീണ്ട മരുഭൂമിയിലേക്ക് . . പലപ്പോഴും ഒന്നു തിരിഞ്ഞു നോക്കുക പോലുമില്ല... അമ്മയുടെ കൈ പിടിച്ച് താനും. ചന്ദന നിറമുള്ള അമ്മയുടെ വയറിലേക്ക് ചൂട്ടിന്റെ പ്രഭാവര്‍ഷം ചൊരിയുന്നത് ധൃത നടത്തത്തിനിടയിലും താന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു., ഇടവിട്ട വര്‍ഷങ്ങളില് ‍ തെളിയുന്ന ചുളിവുകളും...

മുക്കാല്‍ മണിക്കുറെങ്കിലും നടക്കണം വീട്ടിലെത്താന്‍.

ചന്ത മുക്ക് കഴിഞ്ഞ് ഏറെ കഴിയും മുമ്പു തന്നെയാണ് പാലുവായിപ്പടിയിലെ വലിയ ആല്‍മരം. ഒരു വയോവൃദ്ധന്റെ താടിരോമം പോലെ വീണുകിടക്കുന്ന ആലിന്റെ വേരുകള്‍. ആല്‍ത്തറയിലെ കല് വിളക്ക് ... കരിപിടിച്ച യാഥാര്‍ത്ഥ്യങ്ങളോട് സമരസപ്പെടാതെ ...ആലിന്റെ വേരിനോട് ചേര്‍ന്ന് ഒരു മാവ് മുളച്ചു പൊന്തി വന്നു. ഇണക്കുരുവികളെ പോലെ ആലിന്റെ വേരിനോട് ചേര്‍ന്ന് മാവും തലയുയര്‍ത്തി നിന്നു . പിന്നീടത് ആല്‍മാവായി. എങ്കിലും മാവിന്റെ വേരുകള്‍ ഭൂമിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ബീജങ്ങളായി പരിണമിച്ചില്ല . നീല ഞെരമ്പോടിയ പരന്ന തണലുകളുടെ ചുറ്റുവട്ടമായി ആല്‍മാവ്.

അന്നൊരു നാള്‍ പട്ടമ്പിയില്‍ നിന്നും വന്ന അമ്മയുടെ അനിയത്തിയും കൂടെയുണ്ടായിരുന്ന ദിവസമാണ് അതുണ്ടായത് . ശീവേലി കഴിഞ്ഞുള്ള വരവാണ്..ഒരു മിഥുനമാസത്തിലെ കാലം തെറ്റി വന്ന ചാറ്റല്‍ മഴ.... മൂളുന്ന കാറ്റ് ... ചെറ്യമ്മയുടെ ഇടതുകയ്യിലെ കുപ്പി വളകളുടെ നേരിയ ഇളക്കം മാത്രം . വീട്ടില്‍ ചെറിയമ്മ മാത്രമാണ് വളകളിടാറുള്ളത് . അതും ഇടതുകയ്യില് ‍ മാത്രം. ചെറിയമ്മ മറ്റു പണ്ടങ്ങളൊന്നുമിട്ട് കണ്ടിട്ടില്ല. ഷൊര്‍ണ്ണൂരില് ‍ നിന്നുള്ള എന് ‍.ബി.എസ്സിന്റെ ഉച്ചകഴിഞ്ഞുള്ള ബസ്സിലാണ് ചെറിയമ്മ വരുന്നത്. കൂടെ അവിടത്തെ കാര്യസ്ഥനും ഉണ്ടാവും , ഒരു വലിയ ഭാണ്ഡക്കെട്ടുമായി. അതില്‍ നിറയെ അമ്മയ്ക്കും ഞങ്ങള്‍ക്കുമിഷ്ടപ്പെട്ട അരിമുറുക്കും വട്ടത്തിലുള്ള മുറുക്കുമായിരിക്കും ,കുറെ തളിര്‍ വെറ്റിലയും. ചെറിയമ്മയെ എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ്. ചെറിയമ്മക്ക് കുറെ കവിതകളറിയാം . വടക്കേപ്പുറത്തിരുന്ന് ഇടക്കെ എല്ലാവരുടെയും മുന്നില്‍ വെച്ച് ഉറക്കെ നല്ല ഈണത്തില്‍ അത് ചെല്ലും . കവിതകള്‍ എല്ലാവരും കേട്ടിരിക്കും.. ഒരാഴ്ചയെങ്കിലും താമസിച്ചേ മടങ്ങൂ. ചെറിയച്ഛന്‍ അപൂര്‍വ്വമായേ വരാറുള്ളൂ. നല്ല തിരക്കുള്ള മനുഷ്യനാണെന്നാണ് പൊതുവെ കേട്ടിരിക്കുന്നത് , കൃഷിപ്പണികളും കോടതിക്കാര്യങ്ങളും മറ്റുമായി..

'മഴയ്ക്കുള്ള കോളുണ്ട്. .. ഒന്ന് വേഗം നടക്കൂ...' രാമന്‍ നായര്‍ക്ക് ധൃതി കൂടുന്നു . വീര്‍ത്ത വയറുമായി ഇതില്‍ കൂടുതല്‍ വേഗത്തിലെങ്ങനെ നടക്കാനാണ്... ചെറ്യമ്മ അമ്മയുടെ കൈപിടിച്ചിട്ടുണ്ട്.

ആല്‍മരത്തിനടുത്തെത്തിയപ്പോഴാണ് ..

കാറ്റ് ആഞ്ഞു വീശിയത് ... ഉണങ്ങിയ ആലിലകള്‍ ആകാശത്തിന്റെ കോണുകളിലൂടെ പറന്നുനടന്നു... ചെവിയില്‍ തേനീച്ചകളുടെ ഹുങ്കാരവം..

അപ്പോഴും കല്‍ വിളക്കില്‍ കെടാതെ തെളിയുന്ന ദീപം.. ഈര്‍ക്കില്‍ നാളമായി അത് മുനിഞ്ഞു കത്തി . കടവാവലുകളുടെ ശീല്‍ക്കാരങ്ങള്‍..

പെട്ടന്ന് ശക്തമായ ഒരു കാറ്റ് പടിഞ്ഞാറുനിന്നും... ദീപമണഞ്ഞു... ഇണചേര്‍ന്ന മാവിന്റെ മാറില്‍ ഒരു വെള്ളിടി ….
രാമന്‍ നായരുടെ ചൂട്ട് കെട്ടു.

'ഹൌ .. ഇതെന്തൊരു കാറ്റ്...' തീപ്പെട്ടിയെടുത്ത് തീകൊളുത്തി . പ്രകാശം പരന്നു...

അമ്മ അപ്പോള്‍ ചെമ്മണ്‍ പാതയിലിരിക്കുകയായിരുന്നു. വിളറിയ മുഖത്ത് ഒഴിഞ്ഞുപോയ സര്‍വ്വനാശത്തിന്റെ വിഹല്വത..

' ഏട്ത്തി എന്താ പറ്റീയത്.. ' ചെറിയമ്മ അമ്മയുടെ കയ്യില്‍ മുറുകെ പിടിച്ചിരുന്നു.

'ഒന്നുമില്ല.... ചെറിയൊരു ക്ഷീണം... ..' പിന്നെ,മെല്ലെ എഴുന്നേറ്റ് നടന്നു. രാമന്‍ നായര്‍ നടത്തത്തിനു വേഗത കുറച്ചിരുന്നു .

ആറാം മാസം പേറ്റിച്ചി, കുഞ്ഞിലക്ഷ്മിയെ പുറത്തെടുക്കുമ്പോള്‍ ജന്മാന്തരങ്ങളുടെ കര്‍മ്മഫലങ്ങളെല്ലാം അമ്മ അനുഭവിച്ചു തീര്‍ക്കുകയായിരുന്നു . പേറ്റുമുറിയില്‍ ചെമ്പട്ട് പുതച്ച കോമരങ്ങള്‍ ഉറഞ്ഞാടി.

വൃശ്ചിക മാസത്തെ നെരിപ്പോടുപുകയുന്ന കാറ്റ് ആലിലകളെ ഉറക്കം വീഴാതെ പിടിച്ചു നിര്‍ത്തി. ദേവദത്തന്‍ തന്റെ നടത്തത്തിനു വേഗം കൂട്ടി . കാപ്പരയ്ക്കലെ ചില വര്‍ക് ഷാപ്പുകള്‍ ഉണര്‍ന്നിരുന്നു. പകല്‍ സജീവമായ ബസ്റ്റോപ്പില്‍ ലിംഗഭേദമില്ലാതെ നായാടികള്‍ മൂടിപ്പുതച്ചു കിടന്നു. അവരുടെ നായകള്‍ തെരുവു പട്ടികളില്‍‍ സ്വാസ്ഥ്യമനുഭവിച്ചു .

വെട്ടുകല്ലുപാകിയ പടികള് ‍ കയറുമ്പോള്‍ ദേവദത്തന്‍ വെറുതെ പിന്തിരിഞ്ഞു നോക്കി . വൈലിത്തറയുടെ അറ്റം വരെ നീണ്ടുകിടക്കുന്ന നഷ്ടപ്രതാപത്തിന്റെ ചാലുകളില് ‍ മിന്നാമിനുങ്ങുകള്‍ പറന്നു നടന്നു. വേട്ടുവരുടെ കുടിലുകളിലേക്കുള്ള ഒറ്റയടിപ്പാതയില്‍‍ വെള്ളിനിലാവ് പതിഞ്ഞു കിടന്നു.

ഉമ്മറത്തെ കെടാവിളക്ക് ... രാമന്‍ നായര്‍ വീട്ടില്‍ പോയിട്ടുണ്ടാവും . അല്ലെങ്കില്‍ കോലായില്‍ തന്നെ ഇരിക്കാറുണ്ട്. ഇത്രവൈകി താന്‍ വരുമെന്ന് രാമന്‍ നായര്‍ പ്രതീക്ഷിച്ചുകാണില്ല.

ഷൂ ഊരിവെച്ച് ഉമ്മറപ്പടിയില്‍ ഒരു നിമിഷം.....മെല്ലെ വാതിലില്‍ മുട്ടി.

'കുഞ്ഞിലക്ഷ്മീ.... വാതില്‍ തുറക്കൂ....ഏട്ടന്‍ വന്നൂ .' ദേവദത്തന്‍ അറിയാതെ വിളിച്ചുപോയി, തെക്കേപ്പുറത്തെ കിളിച്ചുണ്ടന് ‍ മാവ് അവളുടേതായിരുന്നില്ലേയെന്ന സത്യം കോലായില് ‍ തങ്ങിനിന്നിരുന്ന സമ്പ്രാണിയുടെ സുഖഗന്ധത്തില്‍ അയാള്‍ മറന്നുപോയിരുന്നു …. വിസ്തൃതിയുടെ ലഹരിയില്‍ മുഴുകിയ ആ രാത്രിയില്‍.

Saturday, May 26, 2007

കണ്ണാടിമഴ

രാധേട്ത്തി ഇന്നും അല്പം ഗൌരവത്തിലാണെന്നു തോന്നുന്നു. കാലത്തു തന്നെ ആരോടോക്കെയോ എന്തോക്കെയോ ഉച്ചത്തില് ‍ പറയുന്നുണ്ട്.

രാത്രി വൈകി വന്ന് കിടന്നതേ ഓര്‍മ്മയുള്ളൂ.

എല്ലാ തവണയും അമ്മയോട് പറയാറുണ്ട് ഇരുട്ടാവുമ്പോഴേക്കും എങ്ങനെയെങ്കിലും വീട്ടിലെത്താന്‍ ‍ നോക്കാമെന്ന്. ഇന്നലെ കോയമ്പത്തൂരെത്തുമ്പോള്‍‍ തന്നെ ഇരുട്ടായിരുന്നു. അവിടെനിന്നും തിങ്ങി നിറഞ്ഞ സേലം എക്സ്പ്രസില് ‍ കയറിയത് അത്ര ഇഷ്ടമുണ്ടായിട്ടൊന്നുമായിരുന്നില്ല. എത്രയും പെട്ടന്ന് ‍ വീട്ടിലെത്തണമെന്നേ ഉണ്ടായിരുന്നുള്ളൂ. സേലത്ത് വെച്ച് ബസ്സിന്റെ ടയര് ‍ പങ്ചര്‍ ആയില്ലാ‍യിരുന്നെങ്കില്‍ രണ്ടു മണിക്കുര്‍ മുമ്പെങ്കിലും വീട്ടിലെത്താമായിരുന്നു. ചില സമയത്ത് അങ്ങനെയാണ്. ഒന്നും സമയത്ത് നടക്കില്ല...

‘രാധേട്ത്ത്യേ എന്താ കാലത്തന്നെ പറ്റ്യേ ? ' അമ്മ രാധേട്ത്തിയോട് ചോദിക്കുന്നത് ഇപ്പോള്‍ പതിവായിരിക്കുന്നു.

അല്ലെങ്കിലും രാധേട്ത്തിക്ക് ദ്വേഷ്യം വരാന് ‍ അധികം കാരണമൊന്നും വേണ്ടല്ലോ. ഇന്നെന്താണാവോ പ്രശ്നം ? നിസാരപ്രശ്നങ്ങളാവും. രാധേട്ത്തിക്ക് അത് നിസ്സാ‍രമായി തള്ളാന്‍ സാധിക്കാറില്ല. പലപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട് രാധേട്ത്തി എങ്ങനെയാണ് ജീവിതത്തില്‍ കാര്യങ്ങളെല്ലാം ഇത്ര കൃത്യതയോടെ തന്നെ ചെയ്തു തീര്‍ക്കുന്നതെന്ന്.

പുലര്‍ച്ച മൂന്നരക്ക് എഴുന്നേല്‍ക്കുന്ന രാധേട്ത്തി കൂരിരുട്ടില്‍ തന്നെ ഒരു വിളക്കുപോലുമില്ലാതെ തന്നെ പിന്നാമ്പുറത്തെ കുളത്തില്‍ പോയി ഒന്ന് മുങ്ങി നിവരും. ഈറനായി വന്ന് ചായ്പില്‍ നിന്ന് വസ്ത്രം മാറി അരമണിക്കൂര്‍ നാമം ജപിച് അടുക്കളയിലേക്ക് കയറും.. തീ കൂട്ടി രണ്ട് അടുപ്പും എരിഞ്ഞ് ഒരു അടുപ്പില്‍ ഇഡലിച്ചെമ്പും മറ്റൊന്നില്‍ വെള്ളം തിളപ്പിക്കാനും വെച്ചാലെ രാധേട്ത്തിക്കൊരു സമാധാനമുണ്ടാവൂ. അതിനിടയില്‍ സാമ്പാറിന്റെ കഷണവും മറ്റും അരിഞ്ഞുവെക്കും. വീട്ടില്‍ ഗ്യാസ് ഉണ്ടെങ്കിലും പകല്‍ തൊടിയിലെ ഉണങ്ങിയ ഓലമടലും കൊഴിഞ്ഞിലും എല്ലാം എടുത്തു കൊണ്ടു വന്ന് ഒരുക്കൂട്ടി വെയ്ക്കും . വെറുതെ ഇരുന്ന് സമയം കളയുന്ന ശീലം അശ്ശേഷമില്ല.

ഇരുന്നാല് ‍ പിന്നെ ആലോചിക്കാനല്ലേ നേരമുള്ളൂ

' ആലോചിക്കാന്‍ പോയാ ഒരു അന്തൊം ഇല്യ കുട്ട്യേ..' എന്നാണ് രാധേട്ത്തി പറയാറുള്ളത്.

പതിനെട്ട് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചപ്പോഴാണ് ഏട്ത്തിയെയും ആറു വയസ്സുള്ള അപ്പുവിനെയും അച്ഛന്‍ ഇവിടേക്ക് കൂട്ടിക്കൊണ്ടു വന്നത് . അച്ഛന്റെ വകയിലെ ഒരു അമ്മാവന്റെ മകളായി വരും. അന്നുമുതല് ‍ രാധേട്ത്തി എല്ലാവരുടേയും ഏടത്തിയായി ഇവിടെത്തന്നെയുണ്ട്.

ഇവിടെ വന്ന് രണ്ടാമത്തെ കൊല്ലത്തെ ഉത്രാളിക്കാവിന്റെ വെടിക്കെട്ടിനിടയിലെ തിരക്കിലാണ് അപ്പുവിനെ നഷ്ടപ്പെട്ടത്. പലയിടത്തും അന്വേഷിച്ചു . അച്ഛനുള്ളപ്പോള്‍ പത്രത്തില് ‍ പല തവണ പരസ്യം കൊടുത്തിരുന്നു. പിന്നെ പിന്നെ അതില്ലാതായി , രാധേട്ത്തിയുടെ കണ്ണീരും. ദീപാരാധന തൊഴുതു വരുന്ന സമയത്തൊഴിച്ച് രാധേട്ത്തിയുടെ കണ്ണുനിറഞ്ഞത് ഞാനൊരിക്കലും കണ്ടിട്ടില്ല. വര്‍ഷവും വേനലും ഇടമുറിയാതെ പെയ്തൊഴിഞ്ഞുകൊണ്ടിരുന്നു.

വേനലിന്റെ ഈ ചൂടിലും കോള്‍ പാടത്തെ നനുത്ത കാറ്റടിച്ച് കിടന്നുറങ്ങാന്‍ നല്ല സുഖമാണ്. ഞാന്‍ വന്നത് അമ്മമ്മ അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. അറിഞ്ഞാല്‍ പിന്നെ വിളി തുടങ്ങും. എന്നെ കണ്ടാല്‍ ആവശ്യങ്ങളേറേയാണ്. വിളക്കുംകാലില്‍ ചെന്ന് പുകയില വാങ്ങണം, കോള്‍ പാ‍ടത്തിനപ്പുറത്തെ തൊടിയില്‍ പോയി അടയ്ക്ക മൂത്തുവോയെന്ന് അന്വേഷിക്കണം.. അങ്ങനെ അങ്ങനെ..

‘കുട്ടാ.. എഴുന്നേല്‍ക്കാറായില്ല്യേ.. നേരം ശ്ശിയായി.. ഇന്ന് പറയെടുപ്പ് വരണ ദിവസാന്ന് അറീല്ലെ..’

അമ്മ അങ്ങനെ ആ രഹസ്യം പൊട്ടിച്ചു..ഇനി എഴുന്നേല്‍ക്കുക തന്നെ .
ഇന്ന് പൂരപ്പറയെടുപ്പിന്റെ ദിവസമാണ്. അഞ്ചു ദിവസം കഴിഞ്ഞാല്‍ പൂരമായില്ലേ..
ഇത്തവണ ലീവു കിട്ടുമെന്ന് വിചാരിച്ചതല്ല. ലീവ് ആപ്ലിക്കേഷന്‍ രാജാറാം സാറിന് കൊടുക്കുമ്പോള്‍ പ്രതീക്ഷയില്ലായിരുന്നു. പാതി വീണ കട്ടിക്കണ്ണടയിലൂടെയുള്ള ആ നോട്ടം കണ്ടപ്പോള്‍ ഉറപ്പിച്ചതുമാണ് ഇത്തവണത്തെ പൂരം ഈ മഹാനഗരത്തിലെ കൊതുകുനിറഞ്ഞ, ചാണകത്തിന്റെ മണം മാത്രമുള്ള ആ കുടുസുമുറിയില്‍ തന്നെ കഴിച്ചുകൂട്ടേണ്ടിവരുമെന്ന്.. ഭാഗ്യത്തിനു സാറ് രണ്ടാഴ്ച യൂറോപ്പിലക്ക് ഇതേ സമയം തന്നെ പോകുന്നു.. കുറെ നാളായി വിചാരിക്കുന്നു കമ്പനി മാറണമെന്നു . സിറ്റിയിലെ റെന്റ് ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്നു..ബോണ്ടുള്ളതുകൊണ്ട് ഇട്ടെറിഞ്ഞു പോകാനും ബുദ്ധിമുട്ട്..

‘കുട്ടാ.....മണി പത്തായി.. യ്ക്ക് അങ്ങട് കേറി വരാന്‍ പറ്റില്യന്ന് അറിഞ്ഞൂടെ.. പതിനൊന്നാവുമ്പളേയ്ക്കും പറ വരൂന്ന് ഇന്നലെ ഗോവിന്ദാര്‍ പറഞ്ഞ് ട്ട് ണ്ട് കുട്ട്യെ....’

അപ്പോള്‍ അമ്മമ്മയും അറിഞ്ഞിരിക്കുന്നു.

കിണറ്റിന്‍ കരയില്‍ നിന്ന് ബ്രഷ് ചെയ്യുന്നതിനിടയിലാണ് രാധേട്ത്തി ഒരു ചൂലുമായി വരുന്നത്.
‘ആ കേറണ പടിക്കെ നെറച്ച് ചവറ്.. പറ വരണ ദിവസല്ലേ.. ആ ലീലടീച്ചറിന്റെ മാവിന്റെ എല മുഴുവന്‍ മ്മടെ പടിക്കലാ വന്നു വീഴണെ.. മാവിനോട് പറയാന്‍ പറ്റ്വോ..’ അപൂര്‍വ്വമായികാണുന്ന നേരിയ പുഞ്ചിരി മുഖത്ത് തെളിഞ്ഞു കാണാം.

‘നീയ്യിതുവരെയ്ക്കും പല്ല് തേച്ചു കഴിഞ്ഞില്ലേ.. ഇഡലി എടുത്ത് വെച്ചതൊക്കെ തണുത്തു.... കഴിഞ്ഞ പ്രാവശ്യത്തേക്കാ നെനക്ക് നല്ല ക്ഷീണണ്ട് ട്ടാ..’
അമ്മയ്ക്ക് പരാതികളേ ഉള്ളൂ..ഇനി പോകുന്നതുവരെ ഉണ്ണിയപ്പവും കൂവ്വപ്പൊടിവിളയിച്ചതുമൊക്കെയായി പലതരം പലഹാ‍രങ്ങളും ഉണ്ടാക്കിക്കൊണ്ടെയിരിക്കും. ഏട്ടന്‍ ലീവിനു വന്നാ‍ലും അമ്മ ഇങ്ങനെ തന്നെ.

‘മാള്വമ്മേ .. ഇന്നെന്താ രാധേട്ത്തി ഭയങ്കര സന്തോഷത്തിലാണല്ലോ.. എന്തു പറ്റീ..’
‘കുട്ടാ.. നെന്നോട് ഞാന്‍ പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാ .നെന്റെ മടീല്‍ വെച്ചട്ടാ എന്റെ പേരിട്ടേ...’
‘ചൂടാവാതെ ന്റെ മാളുവമ്മേ..’
‘മ്... ഇന്ന് പറ വരണ ദിവസല്ലേ.. അതാ രാധേട്ത്തിക്ക് ഒരു സന്തോഷം.. ‘
‘അതിപ്പൊ എല്ലാ കൊല്ലോം വരണതല്ലേ..അതിലിപ്പൊ എന്താ ത്ര..’
‘ഇപ്രാവശ്യം അങ്ങന്യല്ല.. കഴിഞ്ഞ തവണ പറയെടുപ്പിനു വന്ന വെളിച്ചപ്പാട് പറഞ്ഞത് നെനക്കറിയോ..’
‘എന്താ..’
‘കഴിഞ്ഞ പ്രാവശ്വ്യം അവസാനം രാധേട്ത്തിയുടെ മുന്നില്‍ വന്ന് നിന്നട്ട് വെളിച്ചപ്പാട് കിഴക്കോട്ട് നോക്കി ഒരു നില്‍പ്പ് നിന്നു.. ന്ന് ട്ട് രാധേട്ത്തിയെ നോക്കി കെഴക്ക് ഒരു വെളക്ക് കാണ് ണ് ണ്ട് എല്ലാം ശര്യാവും ന്ന് പറഞ്ഞു..ഇപ്രാവശ്യം വെളിച്ചപ്പാട് ഒക്കെ തെളിച്ച് പറയുന്നാ രാധേട്ത്തി പറയണെ..’

‘ഉം ..വെറുതെ ...’ വിശ്വാസപ്രമാണങ്ങള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എന്നെ അലോസരപ്പെടുത്തുക പതിവാണ്.

‘കുട്ടാ.. നീയൊന്നും പറയാന്‍ പോണ്ട.. അതിന്റെ ഒരു ആശ്യല്ലേ.. കൊറച്ചു ദിവസായി അത് കാലത്തും അമ്പലത്തില്‍ പോയിത്തൊടങ്ങീണ്ട്. വല്യ ആശേലാ.. അപ്പു തിരിച്ച് വരൂന്നന്യാ പറേണേ.. ‘

ഓട്ടുകിണ്ടിയിലെ വെള്ളം വായില്‍ കൊണ്ട് തുപ്പിക്കളയുമ്പോഴാണത് ശ്രദ്ധിച്ചത്.. അമ്മിത്തിണ്ണയുടെ വശത്ത് കൂട്ടിയിട്ടിരിക്കുന്ന പൊട്ടിയ കണ്ണാടിയുടെ കഷണങ്ങള്‍. ഇളവെയിലില്‍ അത് അപ്പുറത്തെ മൂവ്വാണ്ടന്‍ മാവില്‍ നിഴലുകള്‍ തീര്‍ത്തുതിളങ്ങിക്കൊണ്ടിരുന്നു.

‘ഇദെവിടുന്നാ അമ്മേ ഈ പൊട്ട്യ കണ്ണാ‍ടി..’
‘അത് ആ മച്ചിന്റെ അകത്ത് ഉണ്ടായിരുന്ന അലമാരേടെ .. ഒരാഴ്ച്യായി അതവിടെ പൂതല്‍ പിടിച്ച് വീണ് കെട്ക്കായിരുന്നു..ഇന്നലെ രാധേട്ത്തി അതൊക്കെ എടുത്ത് വാരി ഇവിടെ കൊണ്ടോന്ന് വെച്ചേക്ക്വാ.. നീ ആ കോള്‍പ്പാടത്ത് പോകുമ്പോ ഇതൊന്ന് കൊണ്ടോയി കളയണം..പിന്നെ..നീയാ ബാലാശാരീനെ കണ്ടാല്‍ ഒന്നിങ്ങട് വരാന്‍ പറയണം.. ‘
‘അത് പഴയതല്ലേ അമ്മേ.. ഇനീം അത് നന്നാക്കണോ..’
‘നന്നാക്കാണ്ടിരിക്കാന്‍ പറ്റ്വോ... എത്ര പഴക്കള്ളതാന്ന് നിശ്ശ്ണ്ടാ..നെനക്കൊന്നും മനസ്സിലാവില്യ കുട്ട്യേ...’ അമ്മമ്മ അപ്പുറത്തുണ്ടായിരുന്നത് ഞാന്‍ കണ്ടില്ലായിരുന്നു.

രാധേട്ത്തി പടിക്കല്‍ മുറവുമായി ഉലാത്തുന്നു. അവിടെ അതിനുമാത്രം ചവറൊന്നുമില്ല വൃത്തിയാക്കാന്‍. റോഡിലൂടെ പോകുന്നവരോട് പറയെടുപ്പ് എവിടെ എത്തി എന്ന് അന്വേഷിക്കാന്‍ മാത്രമാണിങ്ങനെ നടക്കുന്നത്. തുളസിത്തറയുടെ അടുത്തു തന്നെ പനമ്പ് വിരിച്ച് പറയില്‍ നെല്ലു നിറച്ച് വാഴയിലയില്‍ തേങ്ങാമുറിയും പൂവ്വന്‍ പഴവും ചന്ദനത്തിരിയുമെല്ലാം വെച്ചിട്ടുണ്ട്. പണ്ടൊക്കെ വരിക്ക ചക്കയും മാങ്ങയും വെള്ളരിയും മത്തനുമെല്ലാം വെക്കാറുണ്ടായിരുന്നു. ഇപ്പോ നെല്ലു തന്നെ വെറുതെ വെയ്ക്കുകയാണ്. അവര്‍ക്ക് കാശുമാത്രം മതി. നെല്ലൊന്നും ആര്‍ക്കും ഇപ്പോ വേണ്ട.

കുളി കഴിഞ്ഞ് വരുമ്പോള്‍ രാധേട്ത്തി മുറ്റത്തെ തിണ്ണയില്‍ ഇരിക്കുന്നു. പുതിയ കോടിമുണ്ട് ഉടുത്തിട്ടുണ്ട്.

‘ആശ്രമത്തിന്റെ ഇറക്കം എറങ്ങി കരുണാകരമേന്ന്ന്റെ അവിടെ എത്തീന്നാ കേട്ടെ.. ഇനി മ്മടോട്ക്ക് തന്നെ.. ഇപ്രാവശ്യം പറയെടുപ്പിനു ദേവസ്വത്തിന്റെ ആന്യാത്രെ.. കുട്ടീഷ്ണന്‍..കഴിഞ്ഞ കുറി ചൂരക്കാട്ടുകര പൂരത്തിനു തിടമ്പ് അവനായിരുന്നു. എന്താ ഒരു അഴക്.. ആരും ഒന്നു നോക്കി നിന്നു പോകും.. ‘

അല്ലെങ്കിലും രാധേട്ത്തിക്ക് കുറച്ച് ആനക്കമ്പം കൂടുതല്‍ തന്നെയാണ്. എല്ലാ തവണയും പൂരത്തിനു പോയിട്ട് തിരിച്ച് വരുന്നതു വരെ എല്ലാ ആനകളുടെയും അടുത്ത് ചെന്ന് കുശലം ചോദിച്ചിട്ടെ രാധേട്ത്തി തിരിച്ചു പോരുന്ന പതിവുള്ളൂ..

ആനക്കാര്യത്തില്‍ മാത്രമല്ല വീട്ടിലെ പൂച്ചകളോടും കോഴികളോടും വരെ ഇടയ്ക്ക് രാധേട്ത്തി കുശലം ചോദിക്കുന്നത് കാണാം.

പ്രാതല്‍ കഴിച്ചു ഉമ്മറത്ത് എത്തിയപ്പോള്‍ മുറ്റത്ത് പറയെടുപ്പിന്റെ കൂടെയുള്ള മേളക്കാര്‍ മൂവ്വാണ്ടന്‍ മാവിന്റെ ചുവട്ടില്‍ ചെണ്ടയൊക്കെ മുറുക്കിക്കൊണ്ട് നില്‍ക്കുന്നു. എല്ലാവര്‍ക്കും സംഭാരം കൊടുക്കാനുള്ള തിരക്കിലാണ് രാധേട്ത്തി. നെറ്റിപ്പട്ടം കെട്ടിയ ആനയും കൂടെയുള്ളവരും പടികടന്നു വരുന്നു. രാധേട്ത്തി ആനയുടെ അടുത്തേക്ക് ചെന്നു. ഒരു പടല പഴം ആനയുടെ തുമ്പിയില്‍ വെച്ചുകൊടുത്തു. പിന്നെ തിരിച്ച് ഉമ്മറത്തേക്ക് കയറി നിന്നു.

അരയില്‍ ചേങ്ങില കെട്ടി കാലില്‍ തളയണിഞ്ഞ് താറുടുത്ത വെള്ളമുണ്ടിനുമുകളില്‍ ചുവന്ന തുണിചുറ്റി വെളിച്ചപ്പാടും വാളുപിടിച്ച് മറ്റൊരാളും കൂടി പടി കടന്നു വന്നു.

അമ്മമ്മയും അമ്മയും ഉമ്മറത്ത് തന്നെ നിന്നു.

‘ഇപ്രാവശ്യം കനകം ഇല്ലാത്തകാരണം ഒരു ഉഷാറും ഇല്യ..’ അമ്മമ്മയുടെ പരിദേവനം.
ഇത്തവണ കനകമ്മായി പറയെടുപ്പായിട്ട് വന്നില്ല. നെല്ല് പുഴുങ്ങലു കഴിയാത്തതുകൊണ്ടാ വരാന്‍ പറ്റാതിരുന്നതെന്ന് ഒരു ദിവസം ഫോണുണ്ടായിരുന്നു. അല്ലെങ്കില്‍ ഇവിടെ നല്ല മേളമായിരുന്നേനെ. കനകമ്മായീം കുട്ടികളൊക്കെയായിട്ട്.

മേളം തുടങ്ങി..ഉച്ചയായതിനാലാവാം വാദ്യത്തിനു അല്പം ശക്തി കുറവുപോലെ. കാലത്ത് എട്ടുമണിക്ക് തുടങ്ങിയതല്ലേ..ഇനിയും എത്ര വീടുകള്‍ കയറാനുള്ളതാണ്.

അമ്മമ്മ കൈകൂപ്പി ഉമ്മറപ്പടിയില്‍ തന്നെ നിന്നു.

വെളിച്ചപ്പാട് അരമണി ഇളക്കി മെല്ലെ തുള്ളി തുടങ്ങി. മുറ്റത്ത് നാലുപാടും ഓടി നടന്നു തുള്ളിക്കൊണ്ടിരുന്നു. വെളിച്ചപ്പാടിന്റെ കറുത്തു തുടിച്ച പേശികള്‍ ഇളകിയാടുന്നു.ദേവിയെ വിളിച്ചുകൊണ്ട് വെളിച്ചപ്പാട് തുളസിത്തറയുടെ അടുത്ത് ചെന്നു നിന്നു ആകാശനീലിമയിലേക്ക് ഒരു നോട്ടം പായിച്ച് വീണ്ടും തിരിച്ച് ഉമ്മറപ്പടിയുടെ അടുത്തേക്ക് വന്നു.

പിന്നെ, എന്റെ മുന്നിലെക്ക് വന്നു നിന്നു. കണ്ണുകളിലെ ചുവന്ന ഞരമ്പുകള്‍ എനിക്ക് വ്യക്തമായി കാണാം, വാള്ത്തലപ്പിലെ നേരിയ വളവും.

‘ഉം.. എല്ലാം ശരിയാവൂം. മനസ്സില്‍ വിചാരിച്ച കാര്യം നടക്കും. തെക്ക് പടിഞ്ഞാറ് ദിക്കിലേകായിരിക്കും..
ദേവ്യേ...’ വെളിച്ചപ്പാട് എന്നെത്തന്നെ നോക്കിക്കൊണ്ട് പറഞ്ഞു.

പിന്നെ നീണ്ടു നിവര്‍ന്ന് നിന്ന് വീണ്ടും ഒന്നു തുള്ളി, നിര്‍ത്തി. മേളവും നിലച്ചു.

‘കുട്ടാ..വെളിച്ചപ്പാടിനു എന്തെങ്കിലും കൊടുക്ക്..’ അമ്മ അപ്പോഴും കൈകൂപ്പി നില്‍ക്കുകയായിരുന്നു.

ആനയും മേളക്കാരും വെളിച്ചപ്പാടുമെല്ലാം മെല്ലെ നടന്നു നീങ്ങി...

വായനശാലയിലേക്കൊന്നു പോകണം. കുറെ നാളായി അവിടേക്ക് പോയിട്ട്. എല്ലാ ലീവിനു വരുമ്പോഴും രാവുണ്ണിയേട്ടന്റെ പരാതിയാണ് പഴയ പോലെ ഞാന്‍ വായനശാലയില്‍ ചെല്ലാറില്ലെന്നു. ഇന്നെന്തായാലും ആ പരാതിയൊക്കെ തീര്‍ക്കണം. പതിനൊന്നരയായിട്ടല്ലേയുള്ളൂ. ഉച്ചയൂണിനുമുമ്പ് തിരിച്ചു വരാം.
ഷര്‍ട്ടെടുത്തിട്ട് ഉമ്മറത്തെത്തിയപ്പോഴാണ് അമ്മമ്മ മുന്നില്‍

‘എവിടെക്കാ..?’
‘ഞാന്‍ ആ വായനശാല വരെ..’
‘നീ ആ കോള്‍പാടത്തിന്റെ അടുത്തുകൂടെയല്ലേ പോണേ..’
‘അതെ..’
‘ആ അമ്മിത്തിണ്ണേടെ അടുത്ത് ആ കണ്ണാടി പൊട്ടീത് ഇരിക്ക്ണ്ട്.പോണ വഴിക്ക് ആ ചീപ്പിന്റെ അടീല് അതൊന്ന് കൊണ്ടോയി ഇട്ടാ മതി..രാധേ.. ആ പൊട്ട്യേ കണ്ണാടി ആ പ്ലാസ്റ്റിക്ക് ഒറേല് ഒന്ന് അടിച്ചൂട്ടി കുട്ടന്റെ കയ്യില്‍ കൊടുത്തേ..’

അമ്മിത്തിണ്ണയുടെ അടുത്തെത്തിയപ്പോഴേയ്ക്കും രാധേട്ത്തി ചൂലുകൊണ്ട് പൊട്ടിയ കണ്ണാടികഷണങ്ങള്‍ ഒരു പ്ലാസിക് കവറിലേക്ക് മാറ്റിത്തുടങ്ങിയിരുന്നു.. പെട്ടന്നാണ് ഞാന്‍ രാധേട്ത്തിയുടെ മുഖത്തേക്ക് നോക്കിയത്.രാധേട്ത്തി പെട്ടന്ന് തല തിരിച്ചു പിന്നെ,കോടിമുണ്ടിന്റെ കോന്തലകൊണ്ട് കണ്ണു തുടച്ചു, പ്ലാസ്റ്റിക് കവര്‍ എനിക്ക് നീട്ടി.

പൊട്ടിയ കണ്ണാടിക്കഷണങ്ങളില്‍ ശ്രദ്ധിക്കാതെ പോയ വെള്ളത്തുള്ളികള്‍ വെയിലില്‍ വെട്ടിത്തിളങ്ങിക്കൊണ്ടിരുന്നു.

Sunday, April 29, 2007

കോളിവാഡ കോളനിയിലെ കുട്ടികള്‍.

‘ഗ്രീന്‍ഫീല്‍ഡ് കോമ്പ്ലക്സി’നു മുന്‍പില്‍ ഓട്ടോ നിര്‍ത്തിച്ച് പുറത്തിറങ്ങുമ്പോള്‍ മഴ നനഞ്ഞ് കോളിവാഡ കോളനിയിലെ കുട്ടികള്‍ വീടുകളിലേക്ക് നിഷ്ക്രമിച്ചുകൊണ്ടിരുന്നു. മഴ നനയാനുള്ള കുട്ടികളുടെ അടങ്ങാത്ത ത്വര ഈ നഗരത്തിന്റെ മാത്രം ഒരു പ്രത്യേകതയാണെന്ന് തോന്നുന്നു. മേല്‍ക്കൂരയില്‍ തകരപ്പാട്ടയടിച്ച, ഒരു ഏറുമാടത്തിന്റെ രൂപസാദൃശ്യമുള്ള ഇവരുടെ വീടുകളിലെ സുരക്ഷിതത്വത്തിലെ ആശങ്കയായിരിക്കാം ഒരുപക്ഷേ കുട്ടികളെ ഇങ്ങനെ മഴ നനയാന്‍ പഠിപ്പിച്ചത്. നനഞ്ഞൊട്ടിയ നിക്കറും കീറിയ ടി-ഷര്‍ട്ടുമണിഞ്ഞ് മഴയുടെ സീല്‍ക്കാരത്തില്‍ ഫ്ലാറ്റുകളുടെ മാലിന്യങ്ങളിലൂടെയുള്ള അവരുടെ ധ്രുതചലനങ്ങള്‍ ‍ പലപ്പോഴും കൌതുകമുണര്‍ത്തുന്നതാണ്.

ഒരാഴ്ച മുമ്പു സ്റ്റേഷനിലേക്കുള്ള നടപ്പാതയില്‍ വെച്ചാണ് പഗഡിവാല സാബ് ഇന്നത്തെ ദിവസത്തെ കുറിച്ച് പറഞ്ഞത്. ജീവിതത്തില്‍ ഒരേയൊരു ആഘോഷമേയുള്ളൂവെന്നും അത് മനേകയുടെ ജന്മദിനം മാത്രമാണെന്നും അന്നാണ് പറഞ്ഞത്. സാധാരണ ജന്മദിവസം ആരേയും ക്ഷണിക്കാറില്ലെന്നും ഇത്തവണ മനേകയുടെ ജന്മദിനത്തിനു എന്നെ ക്ഷണിക്കാതിരിക്കാനാവുന്നില്ലെന്നും പറഞ്ഞപ്പോള്‍ ആ ക്ഷണം നിരസിക്കാനായില്ല. ഒരിക്കലും നഷ്ടപ്പെടാനിഷ്ടപ്പെടാത്ത ഒരു സൌഹ്രദമെന്ന കണ്ണി ഇതിനകം ഞങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടിരുന്നു. നഗരത്തിന്റെ അപരിചിതത്തിലേക്ക് എടുത്തെറിയപ്പെട്ട എന്റെ മുന്നിലെ തെരെഞ്ഞെടുപ്പുകാലത്തെ കൃത്യതയാര്‍ന്ന ഘടികാരമായിരുന്നു പാര്‍സിയായ പഗഡിവാല സാബ്.

സഹപ്രവര്‍ത്തകന്റെ ഭാര്യയുടെ ജന്മദിനത്തിനായി ആര്‍ഛീസില്‍ നിന്നും വാങ്ങിയ ഗിഫ്റ്റ് ഹാമ്പര്‍ തുറന്നു നോക്കുമോയെന്ന സംശയം അസ്ഥാനത്താക്കിക്കൊണ്ട് 18-ം നമ്പര്‍ ബില്‍ഡിങ്ങിലേക്കുള്ള വഴി സെക്യൂരിറ്റി ജീവനക്കാരന്‍ ചൂണ്ടിക്കാണിച്ചു തന്നു. ഇരുള്‍ നിറഞ്ഞ ഇടനാഴികയില്‍ നിന്നും പഗഡിവാലയുടെ ഫ്ലാറ്റിന്റെ വാതിലിലെ തിളക്കമില്ലാത്ത നെയിം ബോര്‍ഡ് വായിച്ചെടുക്കാന്‍ അല്പം ബുദ്ധിമുട്ടേണ്ടി വന്നു.

വാതില്‍ തുറക്കുമ്പോള്‍ അപൂര്‍വ്വമായി വിരിയുന്ന പഗഡിവാല സാബിന്റെ ചിരി മനസ്സു കുളിര്‍പ്പിക്കുന്നതായിരുന്നു. മനേകയെ ആദ്യമായാണ് കാണുന്നത്. നാല്പതു വയസ്സിനടുത്ത് പ്രായമുണ്ടോയെന്ന് കാഴ്കയില്‍ ഉദ്യേഗിപ്പിക്കുന്ന രൂപസൌന്ദര്യം. ഇരുവര്‍ക്കും ഇത്ര പ്രായമായിട്ടും കുട്ടികളില്ലെന്ന സത്യം പലപ്പോഴും ഒരു ചോദ്യചിഹ്ന്മായെന്നിലവശേഷിപ്പിച്ചിരുന്നു..ഒരു തവണ സാബിനോടത് ചോദിച്ചതുമാണ്.

അന്നൊക്കെ ഓരോ തമാശകള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ഹാളിലെ ഒരു മൂലയില്‍ സുഗന്ധം പടര്‍ത്തുന്ന മെഴുകു തിരി മുനിഞ്ഞു കത്തുന്നു. ഭംഗിയുള്ള ചിത്രപ്പണികളില്‍ തീര്‍ത്ത ഫര്‍ണ്ണിച്ചറുകളും മറ്റും മുറിയുടെ ഗാംഭീര്യത വെളിവാക്കുന്നു. ഗ്ലാസ്സിട്ട ജനല്‍ പാളികളിലൂടെ മിന്നാമിനുങ്ങുകളുടെ കൂമ്പാരമായി കോളിവാഡ കോളനി.

ബദാമും ഏലക്കായയും ചേര്‍ന്ന റാവോ നുകരുന്നതിനിടയില്‍ സാബ് മഴയെക്കുറിച്ചും ആഗോളവല്‍ക്കരണത്തെക്കുറിച്ചുമെല്ലാം വളരെ വിശദമായി തന്നെ സംസാരിച്ചുകൊണ്ടിരുന്നു. മനേക ദീദി ഇടയ്ക്കിടെ സംഭാഷണങ്ങളില്‍‍ ഇടപെടുന്നതിനും എന്റെ വിശേഷങ്ങള്‍ ചോദിച്ചറിയാനും ഉത്സുകയായിരുന്നു. ഇത്ര സ്നേഹപൂര്‍വ്വം പെരുമാറുന്ന ഇവരെങ്ങനെയാണ് ഇവിടെ ഒറ്റപ്പെട്ടുകഴിയുന്നതെന്ന സംശയവും എന്നില്‍ ബലപ്പെടുന്നുണ്ടായിരുന്നു.

കോല്‍മിനോ പാഷ്യോയും ബാജിപെര്യുന്തുവുമൊക്കെയായി വളരെ ചുരുങ്ങിയ വിഭവങ്ങളാണ് ഡിന്നറിനുണ്ടായിരുന്നത്. എണ്ണത്തിലോ വലിപ്പത്തിലോ അല്ല, ഉള്ളതെന്തായാലും മനോഹരമായി അവതരിപ്പിക്കുന്നതിലാണ് അതിന്റെ ഭംഗിയെന്ന പാഠമെന്നെ പഠിപ്പിച്ചതും പഗഡിവാല സാബായിരുന്നല്ലോ.
അല്ലെങ്കിലും സാബിന്റെ കൂടെയിരുന്ന് സംസരിച്ചു തുടങ്ങിയാല്‍ സമയം പോകുന്നതറിയുകയേയില്ല. ലോക്കല്‍ ട്രെയിനിലിരുന്ന് സാബിന്റെ ചിന്തോദ്ദീപകമായ മൊഴികള്‍ യാത്രയുടെ വിരസത ഒരു പരിധിവരെ മാറ്റാറുള്ളത് ഞാനോര്‍ത്തു.

സോഫയില്‍ നിന്നുമെഴുന്നേല്‍ക്കുമ്പോഴാണത് ശ്രദ്ധയില്‍ പെട്ടത്. ഷെല്‍ഫിനു മുകളില്‍ രണ്ടു കുട്ടികളുടെ ബ്ലാക്ക് & വൈറ്റ് ഫോട്ടൊ ഫ്രെയിമിട്ട് വെച്ചിരിക്കുന്നു. ആണ്‍കുട്ടിക്ക് പത്തുവയസ്സോളം പ്രായം കാണും, പെണ്‍കുട്ടിക്ക് അഞ്ചുവയസ്സും.
‘സാബ് ഇതാരുടെ കുട്ടികളാണ്..? ‘ എനിക്ക് ജിജ്ഞാസ അടക്കാനായില്ല.
‘ഒന്ന് സൂക്ഷിച്ച് നോക്കൂ.....’
‘എനിക്ക് ഗണിച്ചു പറയാനാവില്ല..’
‘രവി,, ഇത് ഞങ്ങള്‍ രണ്ടുപേരുമാണ്..ചെറുപ്പത്തില്‍ അബ്ബ എടുത്തു വെച്ച ഫോട്ടൊയാണ്...’
‘ആരുടെ അച്ഛന്‍...? ‘
‘ഞങ്ങളുടെ ..’
‘അതെ.. ഞങ്ങള്‍ രണ്ടുപേരുടെയും.....’
ഞാന്‍ ചെറുതായൊന്ന് ഞെട്ടി.

സാബ് എന്റെ പുറത്ത് മൃദുവായൊന്ന് തട്ടിക്കൊണ്ട് ‘ഗുഡ് നൈറ്റ്’ പറഞ്ഞു.

വാതില്‍ക്കലേക്ക് നടക്കുന്നതിനിടയില്‍ ഒരു വേള യാത്രപറയാനായി കിച്ചണില്‍ നിന്നും ഇറങ്ങിവന്ന ദീദി യുടെ മുഖത്തേക്ക് നോക്കി. കടമെടുത്ത ഒരു ചെറുപുഞ്ചിരി അവിടെ അപ്പോഴും അവശേഷിച്ചിരുന്നു.
പുറത്ത് മഴ കുറഞ്ഞിരിക്കുന്നു. സ്ട്രീറ്റ് ലൈറ്റുകളുടെ മങ്ങിയ വെളിച്ചത്തില്‍ വെള്ളം തെറിപ്പിച്ച് ഓട്ടോറിക്ഷകള്‍ വീഥിയിലൂടെ പാഞ്ഞുകൊണ്ടിരുന്നു.

കോളിവാഡ കോളനിയിലെ കുട്ടികള്‍ ‍ അപ്പോഴും കേടായ ടയറുകളില്‍ മഴ നനഞ്ഞ് തിമര്‍ത്തു കളിക്കുന്നുണ്ടായിരുന്നു.


വാല്‍ക്കഷണം : സ്വത്ത് നഷ്ടപ്പെടാതിരിക്കാന്‍ മുന്‍ കാലങ്ങളില്‍ പാര്‍സികള്‍ രക്തബന്ധത്തിലുള്ളവരെ തമ്മില്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കാറുണ്ടായിരുന്നു.

Thursday, March 15, 2007

അവകാശികള്‍

നിരനിരയായി നില്‍ക്കുന്ന തെങ്ങുകളിലൊന്നിന്റെ ചുറ്റുമുള്ള പുല്‍പ്പരപ്പിലാണ് ഞാനിരിക്കുന്നത്. എന്റെ മുന്നില്‍ ചെറിയ ഓളങ്ങളിലുലയുന്ന കായലിന്റെ സ്നിഗ്ദത. മുമ്പ് ഇത് കായലിന്റെ ഭാഗമായിരുന്നില്ല. പത്തമ്പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് നെല്‍ കൃഷി നടത്തിയിരുന്നപ്പോളുള്ള ഒരു വരമ്പു മാത്രമായിരുന്നു ഞാനിരിക്കുന്ന പുല്‍പ്പരപ്പ്. അകലെയുള്ള ഒരു ബണ്ടു തകര്‍ന്ന് ഇവിടേക്കും വെള്ളം ഒഴുകിയെത്തി., കായലിന്റെ ഭാഗമായിത്തീര്‍ന്നതാണ്.

വര്‍ഷങ്ങളായി ഞാന്‍ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. ജീവിതത്തിന്റെ നല്ലതും നെറികെട്ടതുമായ ഇടവഴികളിലൂടെ ഞാന്‍ സഞ്ചരിക്കുന്നു. പലരേയും പരിചയപ്പെട്ടു., പല സ്ഥലങ്ങളും കണ്ടു. അവിടെയൊക്കെ എനിക്ക് സ്വസ്ഥത ലഭിച്ചുവോ.
ഇല്ല.
എങ്കിലും എന്റെ ഗ്രാമത്തിലേക്കു വരുമ്പോള്‍ എന്തെന്നില്ലാത്ത ഒരു ആശ്വാസം എനിക്ക് ലഭിക്കാറുണ്ട്. ഇവിടെയെത്തുമ്പോള്‍ എന്തെന്നില്ലാത്ത ഒരു നിര്‍വൃതി ഞാനനുഭവിക്കാറുണ്ട്. ഈ പുല്‍പ്പരപ്പും കായലിന്റെ ഓളങ്ങളും ഇവിടത്തെ ഓരോ മണല്‍ത്തരിയും എന്റെ സ്വന്തമാണെന്ന് എനിക്ക് തോന്നുന്നു. ഈ വിജനമായ ഇളം കാറ്റുള്ള അന്തരീക്ഷം പലപ്പോഴും എന്നെ ഉന്മേഷവാനാക്കുന്നു. വിദേശത്തുനിന്നും വര്‍ഷാവര്‍ഷമുള്ള ഇങ്ങനെയുള്ള വരവില്‍ ആരുമറിയാതെ, മൊബൈല്‍ റേഞ്ചില്ലത്ത, വിദ്യുത്ച്ഛക്തിയില്ലാത്ത എന്റെ ഗ്രാമത്തിന്റെ ഓരത്തുള്ള ഈ പുല്‍പ്പരപ്പിലേക്കുള്ള യാത്ര എപ്പോഴും എന്നെ ത്രസിപ്പിക്കുന്നതായിരുന്നു.

നിരയായുള്ള ഈ തെങ്ങുകളുടെ അവസാനത്തെ മുനമ്പിലാണ് അശോകേട്ടന്റെ ഓടിട്ട വീട്.

അശോകേട്ടനെ കണ്ടുമുട്ടിയ ദിവസം ഞാനോര്‍ക്കുകയാണ്.

എനിക്കറിയില്ലായിരുന്നു, ഈ വരമ്പിന്റെ അവസാനം ഒരു വീടുള്ളകാര്യം, വരമ്പിനു നടുവിലെ മണ്ണുമാത്രമായ ഒരു നേര്‍ രേഖയുള്ളത് അങ്ങോട്ടാണെന്നതും.

ആറേഴ് വര്‍ഷങ്ങള്‍ക്കു മുന്‍പാണെന്നു തോന്നുന്നു, എന്റെ മറ്റൊരു സന്ദര്‍ശനവേളയിലെ സന്ധ്യയുടെ ചായം കറുപ്പിനുവഴിമാറുന്ന സമയത്താണ് അപ്രതീക്ഷിതമായി മഴത്തുള്ളികള്‍ എന്റെ ആ സായാഹ്നത്തെ വികൃതമാക്കാന്‍ വന്നത്.
ചിലപ്പോള്‍ അങ്ങനെയാണ്. നമുക്ക് ആവശ്യമുള്ളപ്പോള്‍ മഴ വരില്ല, ചിലപ്പോള്‍ മടുത്താലും മാറില്ല. ഒന്നര കിലോമീറ്ററകലെയുള്ള എന്റെ വീട്ടില്‍ നിന്നും ഞാനന്ന് പോരുമ്പോള്‍ കുടയെടുത്തില്ലായിരുന്നു.

തെങ്ങോലകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുന്ന നനുത്ത പ്രകാശരശ്മികള്‍ മാത്രം.ആ സമയത്താണ് വരമ്പിലെ നേര്‍ രേഖയില്‍ ഒരു ആളനക്കം ശ്രദ്ധിച്ചത്. ധൃതിയില്‍ ഒരാള്‍ ഓടി വരുന്നു. എന്റെ മുന്നിലെത്തിയപ്പോള്‍ ഒന്നു നിന്നു. തലയിലൂടെ ഒരു തോര്‍ത്തിട്ടിരുന്നു. ഇരുണ്ട നിറം., ഏകദേശം നാല്‍പ്പത്തഞ്ചോടടുത്ത് പ്രായം വരും.
‘ങാ.. സാറായിരുന്നോ..?’ മുന്‍പ് കേട്ടിട്ടില്ലാത്ത ഒരു ശബ്ദം. വിജനമായ ഈ സ്ഥലത്ത് വന്ന് ഒരാള്‍ ഇങ്ങനെ പറഞ്ഞാല്‍ അല്പം ഭയം ആര്‍ക്കുമുണ്ടാകാം.
‘ആരാ..’ എന്റെ സ്വരം ഇടറിയിരുന്നു.
‘ഞാനാ.. അശോകന്‍..സാറിങ്ങനെ മഴകൊള്ളേണ്ട. എന്റെ കൂടെ വരൂ. മഴമാറുന്നതുവരെ വീട്ടിലിരിക്കാം.ഈ വരമ്പിന്റെ അവസാനം ..ഒരു മുന്നു മിനിട്ട് നടക്കാനേയുള്ളൂ വീട്ടിലേക്ക്..’

എനിക്ക് ചെറിയ ഒരു ആശങ്ക.
പക്ഷേ മഴ കനത്തുവരുന്നു. മഴത്തുള്ളികളുടെ ശക്തി കൂടുന്നു.
പിന്നെ നോക്കിനില്‍ക്കാനെനിക്ക് ധൈര്യമില്ല. എല്ലാം മറന്ന് ആജ്ഞാനുവര്‍ത്തിയായി ആ മനുഷ്യന്റെ പിന്നാലെ പോകുകയെന്നതുമാത്രമായിരുന്നു എന്റെ മുന്നിലുള്ള ഏക മാര്‍ഗ്ഗം.

രണ്ടു നിമിഷം നടന്നപ്പോഴാണ് അടുത്തുതന്നെ കണ്ട ഒരു ചെറിയ പൊന്തക്കാട് ശ്രദ്ധയില്‍ പെടുന്നത്. അയാള്‍ അതിനടുത്ത് ചെന്ന് ചെടികള്‍ വകഞ്ഞുമാറ്റിയപ്പോഴാണ് അവിടെ ഒരു മണ്ണെണ്ണ വിളക്ക് എരിയുന്നത് കണ്ടത്. ഈ പൊന്തക്കാടായിരിക്കാം ഇവിടെ ഒരു വീടുള്ള കാര്യം എന്നെ ഇത്രയും കാലം മറച്ചുവെച്ചത്.
‘സാറിനെ ഞാന്‍ പലപ്പോഴും കാണാറുണ്ട്. അയ്യപ്പന്‍ കാവിനടുത്തുള്ള മേയ്ക്കാട്ട് വീട്ടിലെയല്ലേ സാറ് ? ..’
‘അതെ..’ ഞാനറിയാതെ അയാള്‍ എന്റെ എല്ലാ കാര്യങ്ങളും മനസ്സിലാക്കിയിരിക്കുന്നു.
ചെറിയ ഒരു വീട്. വൈദ്യുതിയില്ലാത്തതുകൊണ്ട് മണ്ണെണ്ണവിളക്കുകള്‍ ഉമ്മറത്തും അടുക്കളഭാഗത്തും മുനിഞ്ഞ്ഞ് കത്തുന്നുണ്ട്.
ഭാര്യയും പത്താം ക്ലാസിലും എട്ടാം ക്ലാസ്സിലും പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളടങ്ങിയതാണ് അശോകേട്ടന്റെ കുടുംബം. വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്നേഹിച്ച പെണ്ണിനെ വിളിച്ചിറക്കിക്കൊണ്ടു പോരുമ്പോള്‍ നിറഞ്ഞ ശൂന്യതമാത്രമായിരുന്നു അയാളുടെ മുന്നില്‍. ഇവിടെ ആരോരുമറിയാതെ ഓലകൊണ്ടൊരു കൂടൊരുക്കി കായലിലെ കക്ക വാരിയാണ് അശോകേട്ടന്‍ ജീവിതം കരുപ്പിടിപ്പിച്ചത്.
കുട്ടികള്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലിരുന്ന് പഠിക്കുന്നു. പൊട്ടിയ തിണ്ണയില്‍ അയാള്‍ വിരിച്ച തുവര്‍ത്തുമുണ്ടില്‍ ഞാനിരുന്നു.
അശോകേട്ടന്‍ തന്ന കട്ടന്‍ ചായ മൊത്തിക്കുടിക്കുന്നതിനിടയില്‍ മഴയുടെ ശക്തി കുറഞ്ഞുവന്നു.
മഴ മാറിയപ്പോള്‍ അശോകേട്ടന്‍ എന്നെയും കൂട്ടി കവല വരെ വന്നു.
ഇങ്ങനെയും മനുഷ്യരുണ്ടോയെന്ന് ഞാന്‍ സംശയിച്ചു.
‘സാറിനി എന്നാ വരിക ?’പിരിയുമ്പോള്‍ അശോകേട്ടന്‍ എന്നോട് ചോദിച്ചു.
‘വരാം..’ എനിക്കുതന്നെ അറിയില്ല എന്നാ ഇനി വരാനാവുകയെന്ന്.
വാരിപ്പുണരുന്ന വേശ്യയായി മാത്രമേ നഗരത്തെ എനിക്ക് കാണാനാവു.
അങ്ങനെയുള്ള നഗരജീവിതത്തില്‍ ലയിച്ചാല്‍ എന്നാണ് മോക്ഷം കിട്ടുക ?

അടുത്ത തവണ വന്നപ്പോഴാണ് അശോകേട്ടനെ കൂടുതല്‍ പരിചയപ്പെടാനായത്. വരമ്പിന്റെ മറുവശത്ത് വെള്ളം കെട്ടി നിര്‍ത്തി ചെമ്മീന്‍ കൃഷി തുടങ്ങിയിരിക്കുന്നു. കായലില്‍ ചെറിയ ഓളങ്ങളില്‍ മുളംകുറ്റിയില്‍ കെട്ടിയിട്ട ചെറിയ കൊതുമ്പു വള്ളം ആടിയുലയുന്നു. അന്നത്തെ പണികഴിഞ്ഞ് വള്ളം അടുപ്പിച്ചതേയുള്ളൂ. മുഷിഞ്ഞ ഒരു തോര്‍ത്തുമുണ്ടു മാത്രമുടുത്താണ് അശോകേട്ടന്‍ വന്നത്. ചേറിന്റെ രൂക്ഷ ഗന്ധം.
‘എന്താ അശോകേട്ടാ ചെമ്മീന്‍ കൃഷിയൊക്കെ എങ്ങനെയുണ്ട് ?‘
എന്നെ നിര്‍നിമേഷനായി നോക്കി.
‘ഒന്നും പറയണ്ട സാറെ.. ഇത്തവണ ബാങ്കിന്ന് 2 ലക്ഷം ലോണെടുത്താ ഞാന്‍ ചെമ്മീന്‍ കെട്ട് തുടങ്ങിയത്. കഴിഞ്ഞ ആഴ്ച വൈറസ് ബാധ വന്ന് എല്ലാം പോയി..’ അശോകേട്ടന്റെ കണ്ണുകളില്‍ ദൈന്യതയുടെ ബഹിര്‍സ്ഫുരണങ്ങള്‍.
ഞാന്‍ പകച്ചു നിന്നു.
‘ഇനി എന്താ ചെയ്യാ..’
‘ബാങ്ക് വീടും ഈ 2 ഏക്കറ് സ്ഥലവും ജപ്തി ചെയ്യും. വേറെന്താ ചെയ്യാ..’. അശോകേട്ടന്‍ കൈ മലര്‍ത്തി.
ജപ്തിചെയ്താല്‍ അശോകേട്ടന്റെ കുടുംബം. കുട്ടികള്‍ . അവരെങ്ങോട്ട് പോകും ?. അറിയാവുന്ന തൊഴില്‍ കക്ക വാരല്‍ മാത്രമാണ്.
തിരിച്ച് വീട്ടിലെത്തിയപ്പോള്‍ എന്റെ സ്വസ്ഥത കുറച്ചെങ്കിലും നഷ്ടപ്പെടുന്നതായി തോന്നി.
പിറ്റേന്ന് കാലത്താണ് ഞാനിതേക്കുറിച്ച് അഛനോട് സംസാരിക്കുന്നത്.
‘നിനക്കെന്താ കുട്ടാ.. ആ സ്ഥലം മെയിന്‍ റോഡില്‍ നിന്നും വളരെ അകലെയാണ്. ..നീയത് വാങ്ങിയാല്‍ നിനക്കത് വില്‍ക്കാന്‍ ബുദ്ധിമുട്ടേണ്ടി വരും. അതുമല്ല ആ സ്ഥലത്തിന് വിലയും കുറവാണ്. ‘
പക്ഷേ എനിക്കെന്തോ ആ സ്ഥലത്തോട് എങ്ങുമില്ലാത്ത ഒരു അടുപ്പം തോന്നിയിരുന്നു. ഒരുപക്ഷേ, ഞാനത് വാങ്ങിയില്ലെങ്കില്‍ ബാങ്കുകാര്‍ നാളെ എന്റെ സ്വസ്ഥതയ്ക്ക് ഭംഗം വരുത്തുമെന്ന് തോന്നി. നാളെ ബാങ്കുകാര്‍ അവിടെ വേലികെട്ടിയാലോ.

നാട്ടില്‍ നിന്നും തിരിച്ചുവന്നതിനുശേഷം ഒരു സുഹ്രത്തുവഴിയായാണ് ഞാന്‍ ഈ സ്ഥലം വാങ്ങിയത്. രെജിസ്റ്ററിനു ശേഷം ഒരു വര്‍ഷത്തിനകം അശോകേട്ടനും കുടുംബവും അവിടെനിന്നും മാറിത്താമസിക്കാമെന്ന് മുദ്രപേപ്പറില്‍ എഴുതി വാങ്ങുകയും ചെയ്തിരുന്നു. പിന്നീടിതിന്റെ പേരില്‍ അച്ഛന്‍ പലവുരു എന്നോട് ദ്വേഷ്യപ്പെട്ടിരുന്നു.

കായലിനപ്പുറത്തെ ഗ്രാമത്തിലെ അമ്പലത്തില്‍ നിന്നും നനുത്ത സ്വരത്തില്‍ ‘ദേവിസ്തുതികള്‍’ ഒഴുകിയെത്തുന്നു. ചെറിയ കാറ്റ് വെള്ളപ്പരപ്പില്‍ ഓളങ്ങളുയര്‍ത്തി കടന്നുപോകുന്നു. അകലെ ഒരു മണ്തിട്ടയില്‍ വെളുത്ത ഒരു കൊക്ക് പറന്നു വന്നിരുന്നു. വണ്ണാത്തിക്കിളികള്‍ ചില്‍ ചില്‍ ശബ്ദമുണ്ടാക്കി പറന്നുപോകുന്നു. അവ തിരിച്ച് തങ്ങളുടെ കൂട്ടിലേക്കാവാം. തീറ്റ തേടി അകലങ്ങളിലേക്ക് പറന്നു പോയതാവും. കിളിക്കുഞ്ഞുങ്ങള്‍ കൂട്ടില്‍ തീറ്റയും കാത്തിരിക്കുന്നുണ്ടാവാം.

പക്ഷേ. എന്റെ മനസ്സ് ഇന്ന് വളരെ കലുഷിതമാണ്.
എന്തേ ഞാനിത്ര അസ്വസ്ഥനാവാന്‍ ?
ഒരുപക്ഷേ ഇന്നും ഇവിടേക്ക് വരുന്നതിനുമുന്‍പ് അച്ഛന്‍ ഇങ്ങനെ പറഞ്ഞതുകൊണ്ടായിരിക്കും.
‘ഇപ്പോ മൂന്നു വര്‍ഷമായില്ലേ. അയാളിപ്പോഴും ഒഴിഞ്ഞുതരാന്‍ തയ്യാറല്ല.... നീ ഇന്നെങ്കിലും അയാളെ കണ്ട് സംസാരിക്കണം.....ഞാന്‍ അത് വാങ്ങുമ്പോഴേ പറഞ്ഞതാണ്....‘
അശോകേട്ടനോട് എങ്ങനെ ഞാനിത് പറയും ?
ഇത്രയും കാലം നോക്കി നടത്തിയിരുന്ന ഈ തെങ്ങുകളും പുല്‍പ്പരപ്പും കായലോരവും ഒറ്റപ്പെട്ടുകിടക്കുന്ന വീടുമെല്ലാം ഉപേക്ഷിച്ച് അശോകേട്ടന് എങ്ങനെ ഇവിടെനിന്നും ഒഴിഞ്ഞുപോകാനാവും.. ഇതിന്റെ അവകാശം എന്നേക്കാള്‍ അശോകേട്ടനല്ലേ..
പക്ഷേ നിയമം., പിന്നെ ഞാന്‍ ഇതുവാങ്ങാന്‍ ചെലവാക്കിയ പൈസ എല്ലാം..എല്ലാം..

തെങ്ങോലകളില്‍ ചെറിയ കാറ്റ് അലസമായി തലോടുന്നു. വെളുത്ത കൊക്ക് അവിടെനിന്നും പറന്നുപോയിരിക്കുന്നു. അകലെ മേഘച്ചിന്തുകളില്‍ ചുവപ്പ് പരവതാനി വിരിച്ചിരിക്കുന്നു.

എവിടെ നിന്നോ രണ്ട് കാക്കകള്‍ തെങ്ങോലകളില്‍ വന്നിരുന്നു. അവ ‘കാ കാ’ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. നിമിഷങ്ങള്‍ക്കകം എവിടെനിന്നോ തെങ്ങോലകളില്‍ മുഴുവനും കാക്കകള്‍ ഒന്നൊന്നായി കുമിഞ്ഞുകൂടിക്കൊണ്ടിരുന്നു.
അവ എന്നെ നോക്കിയാണ് ഇങ്ങനെ ശബ്ദിക്കുന്നതെന്ന് തോന്നി. അവയുടെ സ്വരം വളരെ കാഠിന്യമുള്ളതും പരുപരുത്തതുമാണ്.അവയുടെ സ്വരം എനിക്ക് ഏറെ അലോസരമുണ്ടാക്കിക്കൊണ്ടിരുന്നു. ഒരുവേള ഞാന്‍ ചെവിപൊത്തിപ്പിടിച്ചു.
ഒരുപക്ഷേ ഞാന്‍ ഇവിടെ ഇരുന്നത് അവയ്ക് ഇഷ്ടപ്പെട്ടുകാണില്ല.
പിന്നെ മെല്ലെ എഴുന്നേറ്റ് തിരിച്ച് നടന്നു. ഇടവഴിയിലേക്കിറങ്ങുന്നതിനുമുന്‍പ് തിരിഞ്ഞു നോക്കി. കാക്കകള്‍ അവിടം വിട്ടു പോയിരിക്കുന്നു. അശോകേട്ടന്റെ വീട്ടില്‍ കത്തുന്ന മണ്ണെണ്ണ വിളക്കിനു നല്ല പ്രകാശം.

Monday, February 19, 2007

യാത്രക്കാരുടെ ശ്രദ്ധക്ക്...

ഇന്നും വൈകിയാണ് ഓഫീസില്‍ നിന്നിറങ്ങാനായത്. നാലുമണി കഴിഞ്ഞപ്പോഴാണ് പെട്ടന്നൊരു അസൈന്മെന്റുമായി സുബ്രത മുഖര്‍ജി കയറി വരുന്നത്. ചില ദിവസം അങ്ങനെയാണ്. മിക്കവാറും അത് ‍ ഒരു മണിക്കൂറുകൊണ്ട് തീര്‍ത്തുകൊടുക്കാനാകും. അല്ലെങ്കില്‍ രണ്ടും മൂന്നും മണിക്കുറിരിക്കേണ്ടി വരും. രാത്രി ഷിഫ്റ്റിനു കൊടുക്കേണ്ട വര്‍ക്കാണ്. കുറച്ച് നേരത്തെ ഇതു കൊണ്ടുവരികയാണെങ്കില്‍ എത്ര നന്നായിരുന്നെന്നയാളോര്‍ത്തു. അല്ലെങ്കിലും ഈ ബംഗാളികള്‍ ഇങ്ങനെയാണ്. ഈ മഹാനഗരത്തില്‍ വരുന്ന ബംഗാളികള്‍ പ്രത്യേകിച്ചും. ബോസിനെ സുഖിപ്പിക്കാന്‍ ഇത്രയും മിടുക്കരായവര്‍ നഗരത്തിലില്ലെന്നുവേണമെങ്കില്‍ പറയാം.

ഇന്നത്തെ അസൈന്മെന്റും സമയമെടുത്തു. സാധാരണ അഞ്ചുമണിക്ക് ഓഫീസില്‍ നിന്നിറങ്ങേണ്ട താന്‍ ഇന്നും വൈകിയിരിക്കുന്നു. 6.48 ന്റെ വീരാര്‍ ഫാസ്റ്റ് പോയിരിക്കുന്നു. അടുത്തത് 7.12 വിനാണ്. ആര്‍ക്കും സ്ലോട്രെയിനില്‍ പോകാന്‍ താത്പര്യമില്ല. എല്ലാവര്‍ക്കും ധൃതിയാണ്. ഒന്നേകാല്‍ മണിക്കുറുകൊണ്ട് അന്ധേരിയെത്തുന്ന സ്ലോ ട്രെയിനിനേക്കാള്‍ 40 മിനിട്ടുകൊണ്ടെത്തുന്ന വീരാര്‍ ഫാസ്റ്റാണ് എല്ലാവര്‍ക്കും പഥ്യം. തൊട്ടടുത്ത ദാദറിലേക്കുള്ള യാത്രക്കാര്‍ പോലും ഫാസ്റ്റ് ട്രെയിനിലാണ് യാത്രചെയ്യാനിഷ്ടപ്പെടുന്നത്.

നാലാം ട്രാക്കിന്റെ പ്ലാറ്റ്ഫോമില്‍ നല്ല തിരക്ക്. വണ്ടി ഇനിയും വന്നിട്ടില്ല. പത്തുമിനിട്ട് ബാക്കിയുണ്ട്. ഒരു കോള്‍ഡ് കോഫി കുടിച്ചാലോയെന്ന് അയാള്‍ വെറുതെ ആശിച്ചു. വേണ്ട.
നല്ല വിശപ്പുണ്ട്. കോള്‍ഡ് കോഫി കഴിച്ചാല്‍ വിശപ്പ് കൂടുമെന്ന് പണ്ഠിറ്റ്ജി പറയാറുള്ളത് അയാളോര്‍ത്തു. ഉച്ചയ്ക്ക് ഒരു വടാപ്പാവും അരഗ്ലാസ് ലസ്സിയുമാണ് കഴിച്ചത്. അഞ്ചു രൂപയായി. ഫൌണ്ടന്‍ ഹെഡിലെ മീങ്കറി കൂട്ടിയുള്ള ഊണ് കഴിച്ചിട്ട് രണ്ടു മാസം കഴിഞ്ഞു. ഫൌണ്ടന്‍ ഹെഡിലെ മീങ്കറിക്ക് ഒരു പ്രത്യേക രുചിയാണ്. തലശ്ശേരിക്കാരായ അബ്ദുള്ളക്കുട്ടി 15 രൂപക്ക് ഊണു തരുമായിരുന്നു. വടാപാവും ലസ്സിയുമായാല്‍ പത്തുരൂപ ലാഭിക്കാമെന്ന ഒരു ചെറിയ മോഹത്തിനു മേല്‍ പിന്നെ പിന്നെ ആ ഉച്ചയൂണും നിര്‍ത്തി.

കഴിഞ്ഞ ആഴ്ചയും നാട്ടില്‍ നിന്നും ഗീതേട്ത്തിയുടെ കത്തുണ്ടായിരുന്നു. വീട്ടിലെ പശുവിന്റെ പാല്‍ കുറഞ്ഞിരിക്കുന്നു, തെങ്ങുകളില്‍ മണ്ടരി കാരണം തേങ്ങ കുറഞ്ഞിരിക്കുന്നു, കയറ്റുകൂലി ദിനം പ്രതി കൂടുന്നു. തേങ്ങക്ക് പഴയ വിലപോലും കിട്ടുന്നില്ല. അങ്ങനെ ഏറ്റവുമൊടുവില്‍ ‘നീ പൈസ കൂടുതല്‍ അയയ്ക്കാനല്ല ചേച്ചി ഇങ്ങനെ എഴുതുന്നതെന്നും വെറുതെ എഴുതിപ്പോയതാണെന്നും’ അടിവരയിടുന്നു. ഇവിടത്തെ ചെലവു കഴിച്ച് മാസം രണ്ടായിരത്തില്‍ കൂടുതല്‍ അയക്കണമെങ്കില്‍ കമ്പനി ഓവര്‍ ടൈം തരണം. ഈയിടെയായി മുഖര്‍ജ്ജി ഓവര്‍ ടൈം പേപ്പര്‍ ഒന്നും അപ്രൂവ് ചെയ്യുന്നുമില്ല്ല. ബോണ്ടുള്ളതിനാല്‍ കമ്പനി മാറാനും ബുദ്ധിമുട്ട്.

നല്ലസൊപ്പാറയിലെ മീന്‍ മണവുമായി വീരാര്‍ ഫാസ്റ്റ് ഇഴഞ്ഞു വന്നു നിന്നു. സാധാരണ ചെയ്യാറുള്ളതുപോലെ ഊളിയിട്ട് കയറിപ്പറ്റാനേ ഇന്നുമാവുള്ളു. നല്ല തിരക്ക്. വിന്‍ഡോയ്ക്കടുത്തു തന്നെ സീറ്റുകിട്ടി. അപൂര്‍വ്വമായേ വിന്‍ഡോ സീറ്റ് കിട്ടാറുള്ളു. പല്‍ക്കിവാല കാലത്തു കൊണ്ടുവരുന്ന ടൈംസ് പത്രം തുറന്ന് മൂന്നാം പേജിലെക്കയാള്‍ കൂപ്പുകുത്തി. നഗരത്തിലെ ഫ്ലാറ്റുകളുടേയും റിയല്‍ എസ്റ്റേറ്റുകാരുടെയും കോളങ്ങള്‍ മുക്കാല്‍ ഭാഗവും അപഹരിച്ചിരിക്കുന്നു.

മുംബയ് സെണ്ട്രലിലെത്തിയപ്പോഴാണ് മുന്നിലിരിക്കുന്ന നോര്‍ത്തിന്ത്യക്കാരനെയും കൂടെയുള്ള കുട്ടിയെയും അയാള്‍ ശ്രദ്ധിച്ചത്. കറുത്ത പാന്റ്സും കോട്ടുമിട്ട് സുന്ദരക്കുട്ടന്‍ , അഞ്ചു വയസ്സോളം പ്രാ‍യം. നോര്‍ത്തിന്ത്യക്കാരന്റെ പ്രായം വെച്ചു നോക്കിയാല്‍ പേരക്കുട്ടിയാവാനുള്ള സാധ്യതയേയുള്ളൂ.. കുറച്ചു നേരമായി അവന്‍ എന്തിനോ വേണ്ടി വാശിപിടിക്കുന്നുണ്ടായിരുന്നു. തിരക്കിനിടയില്‍ ശ്രദ്ധിച്ചില്ലെന്നുമാത്രം. അടുത്ത സ്റ്റേഷനെത്താറായപ്പോള്‍ നോര്‍ത്തിന്ത്യക്കാരന്‍ തന്റെ ബാഗില്‍ നിന്നും ‘ജെംസി’ന്റെ ഒരു പാക്കറ്റെടുത്ത് കുട്ടിക്ക് കൊടുത്തു. അവനത് തുറന്നു. പിന്നെ ദ്വേഷ്യത്തോടെ ‘യെ മുജെ നഹി ചാഹിയെ..’ എന്നു പറഞ്ഞ് വിന്‍ഡോയിലൂടെ പുറത്തേക്കെറിഞ്ഞു. ഒരു നിമിഷം അയാള്‍ക്ക് അസ്വസ്ഥത തോന്നി. ഇങ്ങനെയും കുട്ടികളോ.. കുട്ടി വീണ്ടും കരഞ്ഞു തുടങ്ങി. നോര്‍ത്തിന്ത്യക്കാരന്‍ വരുത്തിത്തീര്‍ത്ത ചെറിയ മന്ദസ്മിതത്തോടെ അവനെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു. അവന്‍ കരച്ചില്‍ നിര്‍ത്തുന്നില്ല. അവന് കാഡ്ബറീസിന്റെ മില്‍ക്കി ബാറ് കിട്ടാത്തതിന്റെ വിഷമമാണെന്ന് പിന്നീടാണ് മനസ്സിലായത്.

നാട്ടിലെ പൂരത്തിന് ചുവന്ന മിഠായി കിട്ടാത്തതിന് വാശിപിടിച്ച് കരഞ്ഞിരുന്ന ബാല്യത്തെക്കുറിച്ചയാളൊര്‍ത്തു. അന്ന് അമ്മ, പത്തായത്തില്‍ നിന്നും വെല്ലത്തിന്റെ അച്ച് അമ്മാവനറിയാതെ കൊണ്ടു വന്നു തന്നിരുന്നു. തെക്കെപ്പാട്ടെ പറമ്പില്‍ വീണുകിടക്കുന്ന തേങ്ങ കല്ലില്‍ കുത്തിപ്പൊട്ടിച്ച് വെല്ലവും കൂട്ടി ഗീതേച്ചിയും രമണേട്ടനും താനും കൂടി മാട്ടത്തിരുന്നാണ് കഴിച്ചിരുന്നത്. അമ്മാവനെങ്ങാനും ഇത് കണ്ടാല്‍ കോലായിലെ ചൂരലിനു വിശ്രമമുണ്ടാവില്ല.

വണ്ടി വിലെപാര്‍ലെ കഴിഞ്ഞപ്പോള്‍ തന്നെ അയാളെഴുന്നേറ്റു വാതിലിനടുത്ത് ചെന്നു നിന്നു. സെക്ക ന്ഡുകള്‍ക്കുള്ളില്‍ ഇറങ്ങണം. തിരക്കില്‍ പെട്ടാല്‍ പിന്നെ ബോറിവലിയിലേ അടുത്ത സ്റ്റോപ്പുള്ളൂ. നോര്‍ത്തിന്ത്യക്കാരനും അവിടെ ഇറങ്ങുന്നു. കുട്ടിയെയും പിടിച്ച് അയാളും തന്റെ പിന്നില്‍ നില്‍ക്കുന്നതയാള്‍ ശ്രദ്ധിച്ചു. തിരക്കിനുള്ളിലൂടെയിറങ്ങി ഓവര്‍ബ്രിഡ്ജിറങ്ങുമ്പോഴാണ് നോര്‍ത്തിന്ത്യക്കാരന്‍ അപ്പുറത്തെ കടയില്‍ നിന്നും ‘മില്‍ക്കി ബാര്‍‘ വാങ്ങുന്നത് അയാള്‍ ശ്രദ്ധിച്ചത്. അയാളെ കുട്ടി അത്രമാത്രം അലോസരപ്പെടുത്തിയിരുന്നു.

323-)ം നമ്പര്‍ ബസ്സ് ഇനിയും വന്നിട്ടില്ല.

നാരിയല്‍ പാനിക്കാരനായ മലയാളി പയ്യനിന്ന് നല്ല വരവാണെന്നു തോന്നുന്നു. ഇളനീരിന്റെ ചകിരിത്തുണ്ടുകള്‍ ഒരു കുന്നു പോലെ രൂപപ്പെട്ടിരിക്കുന്നു. വടാപ്പാവുകാരന്റെ അടുത്തും തിരക്കുണ്ട്.

അതിനടുത്ത് ഡ്രയിനേജ് ചാലിനോട് ചേര്‍ന്ന് ഇരിക്കുന്ന രണ്ട് കുട്ടികളെ അപ്പോഴാണയാള്‍ ശ്രദ്ധിക്കുന്നത്. ഇന്നലെയും അവരെ അവിടെ കണ്ടതാണ്. ആറും ഏഴും വയസ്സു തോന്നിക്കുന്ന ഭിക്ഷാടകരായ രണ്ടു ആണ്‍ കുട്ടികള്‍. കറുത്തിരുണ്ട് വളരെ മെല്ലിച്ച്, മുഷിഞ്ഞ വസ്ത്രങ്ങള്‍; ഒരു കുട്ടിയുടെ പോക്കറ്റില്‍ സിഗരറ്റു കൂടുകളുടെ കടലാസുകള്‍ മടങ്ങിയിരിക്കുന്നു. ഇന്നലെ വടാപാവു വാങ്ങാന്‍ വന്നവരോട് ഭിക്ഷ ചോദിച്ചതിന് വടാപ്പാവുണ്ടാക്കുന്നയാള്‍ ദ്വേഷ്യപ്പെടുന്നതും കുട്ടികള്‍ നിരാശയോടെ അപ്പുറത്തേക്ക് മാറിപ്പോയതും അയാളോര്‍ത്തു.
പാവം കുട്ടികള്‍.
വിശന്നിട്ടല്ലേ അവര്‍ ചോദിക്കുന്നത്. നല്ല ചെലവുള്ള പോയിന്റാണ്. ഒരു വടാപ്പാവ് ആ കുട്ടികള്‍ക്ക് കൊടുത്താലെന്താ..
അയാള്‍ കുട്ടികളുടെ അടുത്തേക്ക് ചെന്നു. ഒട്ടിയ വയറുമായി കുട്ടികള്‍ കൈ‍ നീട്ടി.
പിന്നെ, അയാള്‍ വടാപ്പാവുകാരന്റെ അടുത്തുചെന്ന് രണ്ട് വടാപ്പാവു വാങ്ങി കുട്ടികള്‍ക്ക് കൊടുത്തു. അവരതു വാങ്ങി., കഴിച്ചു തുടങ്ങി.
ആത്മസംതൃപ്തിയോടെ കുട്ടികള്‍ വടാപ്പാവ് കഴിക്കുന്നതയാള്‍ നോക്കി നിന്നു.
പാവം കുട്ടികള്‍. നല്ല വിശപ്പുണ്ടായിരിക്കും.
നാളെ ഇവര്‍ക്ക് ആരാണ് ഇങ്ങനെ വടാപ്പാവ് വാങ്ങിച്ചുകൊടുക്കുന്നതെന്ന ചോദ്യം അയാളെ അലട്ടി.
പിന്നെ, ‍ തന്റെ പേഴ്സുതുറന്ന് ഒരു ഇരുപതു രൂപയെടുത്ത് അയാള്‍ കുട്ടികള്‍ക്ക് നീട്ടി. നിറഞ്ഞ മനസ്സോടെ കുട്ടികളതു വാങ്ങി.

‘യെ പൈസ കല്‍ കെ ലിയെ രഖ് ദൊ. സംജാ..’
‘ജി, ലേകിന്‍ ഹം..’
‘ക്യാ ബച്ചാ..’
‘ഇസ് സെ ഹം ആജ് ധൂം പിക്ചര്‍ ദേഖേഗാ..’

ഒരു നിമിഷം സ്തംഭിച്ച് അയാള്‍ കുട്ടികളുടെ മുഖത്തേക്ക് നോക്കി.

നിഷ്കളങ്കമായ ആ ചിരി കണ്ടു നില്‍ക്കെ മുഷിഞ്ഞ ട്രൌസറില്‍ കൈകള്‍ തുടച്ച് അടുത്ത ജിലേബിക്കാരന്റെ അടുത്തേക്ക് ആ കുട്ടികള്‍ നടന്നുതുടങ്ങിയിരുന്നു.
323-ആം നമ്പര്‍ ബസ് സ്റ്റോപ്പിലെത്തിയിരിക്കുന്നു. നല്ല തിരക്ക്.
‘പാട്ടി മാര്‍ക്കെ പുടെ സര്‍ക്ക‍..’ കാക്കിയിട്ട കണ്ടക്ടര്‍ വിളിച്ചു കൂവുന്നു.
ടെയിനില്‍ കയറുന്ന അതേ ലാഘവത്തോടെ അയാള്‍ ആ തിരക്കില്‍ ലയിച്ചുചേര്‍ന്നു.


........
പാട്ടി മാര്‍ക്കെ പുടെ സര്‍ക്ക‍..(മറാഠിയാണേ..) = യാത്രക്കാരുടെ ശ്രദ്ധക്ക്., പിറകിലുള്ള യാത്രക്കാര്‍ മുന്നോ‍ട്ട് നീങ്ങണം.

Wednesday, February 07, 2007

ബാലചന്ദ്രന്റെ ഒന്നാം തിരുമുറിവ്

കട്ടിക്കണ്ണാടയിലൂടെ ബാലചന്ദ്രന്‍, നവാബിന്റെ മസ്ദ വാനിലെ മൂന്നാം സീറ്റിലേക്ക് എത്തിനോക്കി. ഇന്നും അവളില്ല.

ലീന ഇന്നും വന്നിട്ടില്ല.

ഇനി നവാബ് വല്ലതും അവളോട് പറഞ്ഞിരിക്കുമോ ?

ആരെയും വിശ്വസിക്കാന്‍ പറ്റാത്ത കാലമാണ്. നവാബിന്റെ മുഖത്ത് നേരിയ പുഞ്ചിരി പടരുന്നത് ബാലചന്ദ്രന്‍ ശ്രദ്ധിച്ചു.
അല്പം നീരസത്തോടെയാണെങ്കിലും നവാബിനൊരു ‘സുപ്രഭാതം’ നേര്‍ന്ന് ബാലചന്ദ്രന്‍ തന്റെ സീറ്റില്‍ അമര്‍ന്നിരുന്നു. ഇനി കമ്പനിയുടെ കാര്‍പോര്‍ച്ചിലേ വണ്ടി നിര്‍ത്തൂ.
ലീനയൊഴിച്ച് എല്ലവരും വണ്ടിയിലുണ്ട്.

രാജീവ് തന്റെ മൊബൈലിലെ ‘പാമ്പും കോണിയും’ കളിക്കുന്നതില്‍ മുഴുകിയിരിക്കുന്നു.

സാധരണ രാജീവ് രണ്ടാമത്തെ സീറ്റിലാണിരിക്കുക. ഇന്ന് ഒന്നാമത്തെ സീറ്റില്‍ തന്റെ ഒപ്പമാണിരിക്കുന്നതെന്ന് ബാലചന്ദ്രനോര്‍ത്തു.

അച്ഛന്‍ മലയാളിയാണെങ്കിലും അമ്മ മറാഠിയായ ലീന മലയാളത്തില്‍ സംസാരിക്കുന്നത് കണ്ടിട്ടില്ല. ശരീരത്തിന്റെ നിമ്നോന്നതികള്‍ വെളിവാക്കുന്ന വസ്ത്രധാരണം കൊണ്ട് പലരുടെയും ശരീരോഷ്മാവ് കൂട്ടിയിരുന്ന ലീന ഇതുവരെ മലയാളം പറയുന്നത് കണ്ടിട്ടില്ല. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ ദിവസം താന്‍ അവളുടെ അംഗവര്‍ണ്ണന നല്ല മലയാളത്തില്‍ അവളുടെ സാന്നിദ്ധ്യത്തില്‍ തന്നെ വിളമ്പിയതും മറ്റുയാത്രികര്‍ മനസ്സറിഞ്ഞ് അതില്‍ മന്ദസ്മിതം പൊഴിച്ചതുമെന്ന് അയാളോര്‍ത്തു. എങ്കിലും രാജീവിനുമാത്രം അത് അത്ര ഇഷ്ടപ്പെട്ടില്ല. രാജീവ് തന്റെ മുഖത്ത് പരുഷമായി നോക്കി.
ഒരുപക്ഷേ ഒരേ നാട്ടുകാരയതിനാലാവാം. മുംബയില്‍ ജനിച്ചുവളര്‍ന്ന മലയാളിയായ രാജീവ് ഇങ്ങനെ ഒരു കമന്റ് ഇഷ്ടപ്പെടുന്നില്ലായിരിക്കാം. വണ്ടിയില്‍ കയറിയാല്‍ രണ്ടാമത്തെ സീറ്റിലിരുന്ന് രാജീവ് മൂന്നാമത്തെ സീറ്റിലെ ലീനയോട് മറാഠിയില്‍ അതുമിതും പറഞ്ഞു കൊണ്ടിരിക്കും.

ഒരു വിധത്തില്‍ ഇന്നു ലീന ഇല്ലാഞ്ഞത് നന്നായി . തനിക്കറിയാത്ത ഭാഷയില്‍ അവര്‍ തമ്മില്‍ കുശുകുശുക്കുന്നത് അരോചകമായി തോന്നിത്തുടങ്ങിയിരുന്നു.

എന്താണിത്രയധികം സംസാരിക്കാന്‍. ഒരു പക്ഷേ സ്വന്തം ഭാര്യയോടുപോലും രാജീവ് ഇത്രയധികം സംസാരിച്ചിട്ടുണ്ടാവില്ലെന്നുവേണം കരുതാന്‍.

പാവം അതുല്യ. രാജീവ് വീട്ടില്‍ വന്നാല്‍ അധികം സംസാരിക്കില്ലെന്നത് എന്നും അവളുടെ പരാതിയാണ്.

ഒരുപക്ഷേ നാട്ടില്‍ ജനിച്ചുവളര്‍ന്ന അതുല്യയ്ക്ക് മറാഠി അറിയാത്തതുകൊണ്ടാവുമോ ?
ബാലചന്ദ്രന്‍ വെറുതെ പുറത്തു നോക്കിയിരുന്നു. മഞ്ഞ് മാറിവരുന്നതേയുള്ളൂ. റിഫൈനറിയിലേക്കുള്ള ട്രൈലറുകള്‍ ‍ ഒരു നേര്‍ രേഖയായികിടക്കുന്നു.

കമ്പനിയുടെ പാര്‍ക്കിങ്ങിലെത്തിയപ്പോഴും നവാബിന്റെ മുഖത്തെ മന്ദസ്മിതം മാറിയിട്ടുണ്ടായിരുന്നില്ല.
ഇനി നവാബിനൊടൊന്നു ചോദിച്ചാലോ. ഇനി ഒരു വേള രാജീവ് ലീനയോട് പറഞ്ഞിരിക്കുമോ.
റിസിപ്ഷനില്‍ ലീനയുടെ കസേര ഒഴിഞ്ഞുകിടന്നു.
ലബനീസ് വംശജയായ നജല നേരത്തെ തന്നെ സോളിറ്റയറില്‍ മുഴുകിയിരിക്കുന്നു. ഇനി നജലയോട് ചോദിച്ചാലോ ?

‘ഹായ് .. ഗുഡ് മോര്‍ണിങ്..’
‘മോര്‍ണിങ്. ഹൌ ആര്‍ യൂ ?.’
‘ആം ഫൈന്‍. ടുഡെ യു ആര്‍ എലോണ്‍ ? ‘
‘യപ്.. ലീന ഇസ് ഓഫ് റ്റുഡെ..’
ബാലചന്ദ്രന്‍ ഒരു നിമിഷം ശങ്കിച്ചു. എന്തിനാ ഓഫെടുത്തതെന്ന് ചോദിക്കണോ..
പിന്നെ നജലയെ ഒന്നു നോക്കി.
ഇപ്രാവശ്യവും നജല സോളിറ്റയറില്‍ തോറ്റു. അവളില്‍ നിന്നും മനസ്സിലാക്കാന്‍ പറ്റാത്ത ഒരു സ്വരം പുറത്തു വന്നു.
പിന്നെ മെല്ലെ ബാലചന്ദ്രന്‍ തന്റെ കാബിനിലേക്ക് നടന്നു.