Tuesday, November 20, 2007

കൊച്ചുത്രേസ്യയുടെ കോഴികള്‍

കോഴികള്‍ കൊച്ചുത്രേസ്യയുടെ ഒരു ബലഹീനതയാണ് . പ്രത്ര്യേകിച്ചും മുട്ടയിടുന്ന തള്ളക്കോഴികള്‍. തള്ളക്കോഴികളാണ് കൊച്ചുത്രേസ്യയ്ക്ക് ലാഭമുണ്ടാക്കിത്തരുന്നതെന്നു മാത്രമല്ല, ആറടിപൊക്കമുള്ള മുന്‍ വശത്തെ ഗേറ്റ് കടന്ന് വരുന്ന ഒരു മനുഷ്യജീവിയെ ഇടയ്ക്കെങ്കിലും ദര്‍ശിക്കാമെന്ന സുഖവും. ആ മനുഷ്യജീവി കൊച്ചാപ്പുമാത്രമാകുന്നു.. കൊച്ചുത്രേസ്യയുടെ തള്ളക്കോഴികളിടുന്ന മുട്ടകള്‍ ശേഖരിച്ച് അങ്ങാടിയില്‍ കൊണ്ടുപോയി വില്‍ക്കുന്ന കൊച്ചാപ്പു. ആഴ്ചാവസാ‍നം എല്ലാ മുട്ടകളും സൈക്കിളിന്റെ പിന്നിലെ അലുമിനിയ പെട്ടിയില്‍ വൈക്കോല്‍ത്തുറുവില്‍ ഒന്നൊന്നായി അടുക്കി വെയ്ക്കും കൊച്ചാപ്പു.. എണ്ണം പറഞ്ഞ് മുഷിഞ്ഞ കുറച്ച് നോട്ടുകള്‍ എണ്ണിക്കൊടുക്കും. കൂടെ പള്ളി പെരുന്നാളുകള്‍ക്ക് സ്പെഷലായിട്ടുണ്ടാക്കുന്ന ചോന്ന മുട്ടായി രണ്ടെണ്ണം. കുറച്ച് പെരുന്നാള്‍ വിശേഷങ്ങളും. എല്ലാം കഴിഞ്ഞാല്‍ ഒരു പെരുന്നാളുകൂടിയ സന്തോഷം കൊച്ചുത്രേസ്യയ്ക്കും.

മുട്ടയുടെ എണ്ണം പത്തില്‍ കൂടിയാല്‍ കൊച്ചുത്രേസ്യയ്ക്ക് തെറ്റും. പത്തുകഴിഞ്ഞാല്‍പിന്നെ ഇരുപത്, മുപ്പതു .. അങ്ങനെയാണ് കൊച്ചുത്രേസ്യയുടെ കണക്ക്.പതിനൊന്ന്, പന്ത്രണ്ട് എന്നിവയൊന്നും കൊച്ചുത്രേസ്യയുടെ കണക്കില്‍ ഇല്ല. അതു തന്നെയാണ് കോഴിയുടെ എണ്ണത്തിലും. പത്തു ചാത്തന്‍ , അന്‍പത് പെട , എണ്പത് കോഴിക്കുട്ടികള്‍ .

‘ഇപ്രാശ്യം കൊറവാണ്ടി വല്യത്രേസ്യേ ..’ കൊച്ചുത്രേസ്യയുടെ നുണക്കുഴികളില്‍ നോക്കി കൊച്ചാപ്പു കൊഞ്ചും.. കൊച്ചാപ്പുവിന്റെ ആ നോട്ടം കൊച്ചുത്രേസ്യയ്ക്ക് വലിയ ഇഷ്ടമാണ്. കുട്ടിക്കൂറയില്‍ പൊതിഞ്ഞ ആ വിയര്‍പ്പു മണവും. സെലീനയറിയാതെ ഒന്നു രണ്ടു തവണ ഓരോ ചാത്തന്‍ കോഴിയെ കൊച്ചുത്രേസ്യ കൊച്ചാപ്പുവിനു കൊടുത്തിട്ടുണ്ട്. വളര്‍ത്താനാണെന്നാണ് കൊച്ചാപ്പു കൊച്ചുത്രേസ്യയോട് പറയുന്നത്. കൊച്ചാപ്പുവിന്റെ വീട്ടിലെ ചാത്തന്‍ കോഴിയെയൊക്കെ കോക്കാന്‍ പൂച്ച വന്ന് ഇടയ്ക്കിടെ കൊന്നു തിന്നുമത്രേ. ഒരു പ്രാവശ്യം കൊച്ചാപ്പുവിന്റെ അമ്മ മര്‍ഗിലിയെ കോക്കാന്‍ പൂച്ച മാന്തി ഒരാഴ്ച മിഷനാശുപത്രിയില്‍ കിടന്നുവെന്നത് കൊച്ചാപ്പു പറഞ്ഞ് കൊച്ചുത്രേസ്യയ്ക്കറിയാം. പാവം. ചാത്തങ്കോഴികള്‍. ചാത്തന്‍ കോഴികളെ മാത്രം കോക്കാന്‍ പൂച്ച വന്ന് പിടിക്കണത് എങ്ങന്യാണാവോ..

കടപ്ലാവിന്റെ ചോട്ടിലുള്ള കോഴിക്കൂടിന്റെ വാതില്‍ ആറുമണിക്ക് തന്നെ കൊച്ചുത്രേസ്യ തുറന്നിടും.
കൊച്ചാപ്പു വരുന്ന അന്ന് കോഴികള്‍ കാലത്തു തന്നെ ഒച്ചവെച്ചു തുടങ്ങും. ‘കൊ.. ക്കൊ ...ക്വ.. ക്വാ.. ‘

‘പണ്ടാറടങ്ങാനായ്ട്ട് തൊടങ്ങ്യാ കാലത്തന്നെ..’ സെലീനയ്ക്ക് ഇതൊന്നും പിടിക്കില്ല. മുട്ട വിറ്റ കാശിലെ വലിയ ഒരു പങ്കും മുപ്പട്ട് ഞായറാഴ്ച വറുത്തരച്ചു വെയ്ക്കാന്‍ ഒരു മൂത്ത ചാത്തനും മതി സെലീനക്ക്. കോഴിബിസിനസ്സില്‍ സെലീനയ്ക്ക് അത്ര വലിയ താത്പര്യമില്ല.

സെലീന കാലത്ത് എഴുന്നേറ്റ് ആറുമണിയുടെ കുര്‍ബാനയ്ക്ക് കൊവേന്തയിലേക്ക് പോകും. പോകുമ്പോഴേയ്ക്കും കൊച്ചുത്രേസ്യ കട്ടന്‍ കാപ്പി ഉണ്ടാക്കി നടയലകത്ത് രൂപക്കൂടിന്റെ സൈഡിലു കൊണ്ടുവെയ്ക്കണം. വൈകിയാല്‍ പിന്നെ

‘എവിട്യാണ്ടി ചെന്ന് കെടക്കണേ.നീയവടെ എന്തൂട്ടാട്ക്കണേ..നേരം വെളിച്ച്യാവുമ്പ തന്നെ എന്റേന്ന് കേക്കണാ ?’ സെലീന അഞ്ചേമുക്കാലിന്റെ ടൈമ്പീസും പിടിച്ച് വിറയ്ക്കും.

സെലീന പള്ളീല്‍ പോയാല്‍ മാത്രമേ കൊച്ചുത്രേസ്യ കോഴിക്കൂട് തുറക്കൂ‍. കോഴിക്കൂട് തുറക്കുന്ന സമയത്ത് സെലീനയുണ്ടായാല്‍ പ്രശ്നമാണെന്ന് കൊച്ചുത്രേസ്യയ്ക്ക് നന്നായറിയാം.
‘കോഴി കൊറേ ണ്ടല്ലേരി.. ഈ മുപ്പട്ട് ഞാറാഴ്ച ദേ ഈ ചാത്തനെ നമുക്ക് കൊല്ലാം. അല്ലേരി ? അവന്റെ പൂട്യൊക്കെ നെലം മുട്ട്യൊടങ്ങി. എന്താ അവന്റെ ഒരു നെഗളിപ്പ് ...’

ചാത്തന്‍ കോഴികളെ ഇഷ്ടമല്ലെങ്കിലും കോഴികളെ കൊല്ലുന്നത് കൊച്ചുത്രേസ്യയ്ക്ക് അത്ര ഇഷ്ടമല്ല. ചാത്തന്‍ കോഴികള്‍ക്ക് മുരുകന്‍, സത്യന്‍, വേലായുധന്‍, കൃഷ്ണന്‍ എന്നീ ഹിന്ദു പേരുകളാണ് കൊച്ചുത്രേസ്യ ഇട്ടിരിക്കുന്നത്. പെടക്കോഴികള്‍ക്ക് റാഹേലമ്മ, കുഞ്ഞിമറിയം, പ്രസ്തീന , അങ്ങനെ.. പിന്നെ എന്നും കൂട്ടില്‍ കിടന്ന് വഴക്കടിക്കുന്ന പെടക്കോഴിയ്ക്ക് സെലീന. സെലീന കേള്‍ക്കണ്ട. കേട്ടാല്‍ കോപ്പാ എനിക്ക്..

അല്ലെങ്കിലും സെലീനയ്ക്ക് മൂക്കിന്റെ തുമ്പത്താ ദ്വേഷ്യം . ഒരു ദിവസം കുളിക്കാന്‍ ചൂടുവെള്ളം കൊണ്ടുവരാന്‍ വൈകിയപ്പോ കൊച്ചുത്രേസ്യയുടെ ചന്തിയില്‍ ഒരു ചവിട്ടുകൊടുത്തതാണ് സെലീന. വട്ടയയും വെള്ളവുമായി കൊച്ചുത്രേസ്യ തെങ്ങിന്റെ ചോട്ടില്‍ കമഴ്ന്ന് വീണും. സെലീന തിരിഞ്ഞ് നടന്ന് നടേപൊറത്ത് ചെന്നിരുന്ന് ദീപികയിലെ മരണകോളം വായിച്ചാശ്വസിച്ചു. പത്തു മിനിട്ടോളം കൊച്ചുത്രേസ്യ കുഴഞ്ഞ മണ്ണില്‍ കിടന്നു.

‘തള്ളയ്ക്ക് ഞാന്‍ വെച്ച്ണ്ട്. ഇന്ന് കുറ്ബാനയ്ക്ക് പോണതൊന്ന് കാണണം’ എന്ന വാശിയിലാണ് കിടന്നതെങ്കിലും... ഒരു കുഞ്ഞുറുമ്പ് തുടയിടുക്കിലൂടെ കടന്നുവന്നില്ലായിരുന്നെങ്കില്‍... അല്ലെങ്കിലും ഈ അന്തോണീസ് പുണ്യാളന്‍ ഇങ്ങനെയാ. ദുഷ്ടന്മാരെ പനപോലെ വളര്‍ത്തും. അന്തോണീസ് പുണ്യാളന്റെ കയ്യിലുള്ള ആ വടി, എറപ്പായേട്ടന്റെ ബ്ലേഡ് കമ്പനിയില്‍ നിന്നും കടമെടുത്ത് തിരിച്ചടയ്ക്കാന്‍ കഴിവില്ലാത്തവരെ തല്ലാനാണെന്നാണ് പടിഞ്ഞാറേലെ പ്രസ്തീന പറയാറുള്ളതെന്ന് കൊച്ചുത്രേസ്യ വെറുതെ ഓര്‍ത്തു നെടുവീര്‍പ്പിട്ടു.

അല്ലെങ്കിലും നെടുവീര്‍പ്പിടാനല്ലേ ഈ ജന്മം.. . നാലാം വയസ്സില്‍ ചേലക്കരയിലെ കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ മുഖം കുത്തി കിടന്ന അപ്പനുമമ്മയും.... രണ്ടു രാത്രിയും പകലും പട്ടിണികിടന്നു മരവിച്ച കൈകള്‍ കൂട്ടിപ്പിടിച്ച് സെമിത്തേരിയിലേക്കുള്ള വഴിയില്‍ നിന്നും നായ ഓടിച്ചത് പള്ളി വികാരിയുടെ കുശിനിയിലേക്കല്ലായിരുന്നെങ്കില്‍... മക്കളില്ലാതെ ഭര്‍ത്താവു മരിച്ച സെലീനയ്ക്ക് കൂട്ടായി മെത്രാനച്ചന്‍ ഇവിടെയ്ക്ക് കൂട്ടിക്കൊണ്ടു വന്നപ്പോഴും....നെടുവീര്‍പ്പുകള്‍ മാത്രം ബാക്കി.

ഇന്നലെ വേലായുധന്‍ കൂട്ടില്‍ കയറാന്‍ മടി കാട്ടിയിരുന്നു. അപ്പോള്‍ തന്നെ വിചാരിച്ചതാണ് ഇന്ന് അവന്‍ മൊളയില്ലെന്ന്. എല്ലാ കോഴികളും കൂട്ടില്‍ കയറിയിട്ടും വേലായുധനെ കണ്ടില്ല. കിഴക്കേ ഭാഗത്തെ പ്രിയോരുമാവിന്റെ മുകളിലുണ്ടാവുമെന്ന് വിചാരിച്ചു. ഇന്നവിടെയും ഇല്ല.
ഇനി വല്ല നായയെങ്ങാനും ഓടിച്ചിട്ട് പിടിച്ച് തിന്നുവോ. ദേശുട്ട്യേട്ടന്റെ വീടിന്റെ പിന്നാമ്പുറത്ത് കൈതോലക്കൂട്ടിന്റെ ഇടയില്‍ കുറുക്കന്മാരുണ്ടെന്ന് മുണ്ടലക്കാന്‍ വന്ന നീലി പറഞ്ഞിരുന്നു. ഇനി അങ്ങനെ വല്ലതും ? നേരം ഇരുട്ടുകൊണ്ട് ഓട്ടയടച്ചുതുടങ്ങി. കൊച്ചുത്രേസ്യയ്ക്ക് ആവലാതിയായി.
വേലായുധനു അധികം പ്രായമില്ല. അതുകൊണ്ട് വലിയ പിടകളുടെ അടുത്തേക്ക് അവന്‍ പോകാറുമില്ല. പോയാല്‍ തന്നെ അവ അവനെ കൊത്തിയകറ്റും. അതിനാല്‍ അവന്‍ നിരാശനായിരുന്നെന്ന് കൊച്ചുത്രേസ്യയ്ക്കറിയാമായിരുന്നു. ചാത്തന്മാരിലെ സുന്ദരക്കുട്ടപ്പനാണവന്‍. അതിനാല്‍ ഇടയ്ക്കിടെ കൊച്ചുത്രേസ്യ അവനെയെടുത്ത് നെഞ്ചത്ത് വെയ്ക്കും. കുറുങ്ങിക്കുറുങ്ങി കൊച്ചുത്രേസ്യയുടെ നിറഞ്ഞ നെഞ്ചിലെ ചൂടിലിരുന്ന് വേലായുധന്‍ നിറമുള്ള ബട്ടണുകള്‍ കൊത്തിയെടുക്കാന്‍ നോക്കും.

‘എനങ്ങാണ്ടിരുന്ന്നോ.. അടുത്ത മുപ്പട്ട് ഞായറാഴ്ച നിന്റെ പപ്പെടുക്കും ആ തള്ള..’ കൊച്ചുത്രേസ്യ ദ്വേഷ്യപ്പെടും.

പക്ഷേ ഇന്ന് അവന്‍ എവിടെപ്പോയി ? ചിലപ്പോള്‍ ഇനി പ്രസ്തീനയുടെ കോഴിക്കൂട്ടില്‍ കയറിയിട്ടുണ്ടാവും. പ്രസ്തീനയ്ക്ക് ഉണ്ടായിരുന്ന രണ്ടു ചാത്തന്മാരെ കഴിഞ്ഞയാഴ്ച സീനയെ പെണ്ണുകാണാന്‍ വരുന്നതിലേക്ക് ശരിയാക്കിയിരുന്ന കാര്യം പറമ്പ് അടിച്ചുവാരുമ്പോഴാണ് അവള്‍ പറഞ്ഞത്.

ഇനി നാളെയാവാം. കൂടിന്റെ വാതിലടച്ചു കൊളുത്തിട്ടു. കറുത്ത കുരിശിനുമുകളില്‍ വിരലുകൊണ്ട് ഒരു കുരിശും വരച്ചു. കോക്കാന്‍ പൂച്ച കോഴികളെയൊന്നും പിടിച്ചോണ്ട് പോകല്ലേ തമ്പുരാനേ..

‘വെളക്കത്തിക്കാറായ്ട്ടും ഇങ്ങട് കേറി വരാറായില്ലേരീ.. ?’
തള്ളയ്ക്ക് ചിന്നനെളകിയെന്നാ തോന്നുന്നെ.

രാത്രിയ്ക്കുള്ള ചാളക്കൂട്ടാന്‍ അടുപ്പില്‍ നിന്നും ഇറക്കിയതേയുള്ളൂ. എന്തൊരു ആക്രാന്തമാണ് ഈ തള്ളയ്ക്ക്. രാത്രി വറ്റുള്ള കഞ്ഞിയും ചാളക്കൂട്ടാനും സെലീനയ്ക്കും ബാക്കി കൊച്ചുത്രേസ്യയ്ക്കുമാണ് കണക്ക്. സെലീന തന്നെയാണ് ഉച്ചതിരിഞ്ഞ് അങ്ങാടിയില്‍ പോകുന്നത്. പോരുമ്പോ കുറെ ഒണക്ക മാന്തളും പിന്നെ അവശ്യം വേണ്ട സാധനങ്ങളും കൊണ്ടു വരും. ഒണക്ക മാന്തള്‍ കൊച്ചുത്രേസ്യയ്ക്ക് ഇഷ്ടമല്ല. സെലീനയ്ക്ക് ഒണക്കമാന്തള്‍ മുളകുപുരട്ടി വെളിച്ചെണ്ണയില്‍ മൊരിച്ചെടുത്തതില്ലാതെ ചില ദിവസങ്ങളില്‍ കഞ്ഞി തൊണ്ടയില്‍ നിന്നുമിറങ്ങില്ല. ഒണക്കമാന്തളിന്റെ മണമടിക്കുന്നത് തന്നെ കൊച്ചുത്രേസ്യയ്ക്ക് ഇഷ്ടമല്ല. അതുകൊണ്ട് ഒണക്കമാന്തള് ചീഞ്ചട്ടിയിലിട്ട് വറുത്ത് പാതിയമ്പുറത്തുനിന്നും മാറ്റി വെച്ചേ കൊച്ചുത്രേസ്യ കുളിക്കാന്‍ പോകൂ.

കൊച്ചുത്രേസ്യ പച്ചവെള്ളത്തിലേ കുളിക്കൂ. അതിനായി വക്കുപൊട്ടിയ വലിയ അലുമിനിയക്കലത്തില്‍ വെള്ളം കോരി നിറച്ച് തട്ടില്ലാത്ത ഓലമറച്ച കുളിപ്പുരയില്‍ വച്ചിരിക്കും. കുരിശുമണിക്ക് മുമ്പ് കുളിച്ച് കയറണമെന്നാണ് സെലീനയുടെ കല്‍പ്പന. പണിയെല്ലാം കഴിഞ്ഞ് കുളിപ്പുരയില്‍ ചെല്ലുമ്പോഴേയ്ക്കും കുരിശുമണി കൊട്ടും.
‘കുരിശുമണി കൊട്ടണ കേക്ക്ണില്ലേരീ.. മേല് വെള്ളം വീത്തീട്ട് വേഗങ്ട് കയറി വരാന്‍ നോക്കറീ..’ കൊന്തയുരുട്ടി രൂപക്കൂടില്‍ തല കൊളുത്തിയിട്ട് സെലീന കാറിവിളിക്കും.

പെരട്ടത്തള്ള അവിടെ കെടന്ന് വിളിക്കട്ടെ. മനുഷ്യനു മനസ്സമാധാനമായിട്ടൊന്ന് കുളിക്കാനും സ്വൈര്യം തരില്ല. കൊന്ത എത്തിച്ചുകഴിഞ്ഞാല്‍ പിന്നെ തള്ള ഒറ്റയ്ക്കിരുന്ന് കുറെ നേരം ബൈബിള്‍ വായിച്ചോളും. കര്‍ത്താ‍വിന്റെ കുരിശുമരണവും ഉയിര്‍പ്പുമാണ് ദിവസവും സെലീനയുടെ ഇഷ്ട അധ്യായങ്ങള്‍. അതു വായിച്ച് കുറെ നെടുവീര്‍പ്പിടും. മുറുക്കുപേക്ഷിക്കുമെന്ന് നാലുവട്ടം ആണയിടും. നേരം വെളുത്താല്‍ മുറുക്കാന്‍ കോളാമ്പി എവിടെയാണെങ്കിലും എടുത്തു കൊണ്ടു മച്ചിന്റകത്തു വെയ്ക്കും. രൂപക്കൂട് കാണുന്നിടത്ത് മുറുക്കാന്‍ കോളാമ്പി വെയ്ക്കില്ല.

ഒരു മണ്ണെണ്ണ വിളക്കുമായാണ് കൊച്ചുത്രേസ്യ കുളിക്കാന്‍ പോകുന്നത്.
ഒണക്കമാന്തളിന്റെ മണമുള്ള ബ്ലൌസും മുണ്ടുമെല്ലാം ഊരി കുളിപ്പുരയില്‍ നെടുകെ കെട്ടിയ കയറിലിട്ടു മുടി കെട്ടിവെച്ച് കരിങ്കല്ലില്‍ ഇരിക്കും. മണ്ണണ്ണ വിളക്കിന്റെ അറ്റുത്തുവെച്ച പൊട്ടിയ കണ്ണാടി കഷണമെടുത്ത് നോക്കും. കഴുത്തും കൈകാലുകളും ദിനംതോറും വലുതായിവരുന്ന മാറും അതിനു താഴെ പൊക്കിള്‍ ചൂഴിയില്‍ നിന്നുമാരംഭിക്കുന്ന കുഞ്ഞുവരകളുമെല്ലാം.

വെള്ളമെടുക്കാന്‍ മൊന്ത കയ്യിലെടുത്തപ്പോഴാണത് ശ്രദ്ധയില്‍ പെട്ടത്.

മാറിലെ കറുപ്പിനു താഴെ ഒരു കോഴിത്തൂവല്‍ ഒട്ടിയിരിക്കുന്നു.
സൂക്ഷിച്ച് നോക്കി. ഇളം മഞ്ഞ നിറം.
റാഹേലമ്മയുടെ ഏതോ കുട്ടിയുടെ തൂവലാണ്. വിളക്കിനു നേരെ പിടിച്ചു. ഒരു തണ്ടില്‍ നിന്നും അനേകം ശിഖിരങ്ങള്‍. ഓരോ ശിഖിരത്തിലും നിറയെ കോഴിക്കുഞ്ഞുങ്ങള്‍. അവിടവിടെയായി ചാത്തനും പിടകളും. താഴെ കുട്ട‍ നിറയെ മുട്ടകള്‍. ഒരു ഭാഗത്ത് പിണ്ണാക്കും കഞ്ഞിവെള്ളവും കുതിര്‍ത്ത് വെച്ചിരിക്കുന്നു. ചില കോഴികള്‍ അത് കഴിക്കുന്നു. ചില ചാത്തന്മാര്‍ അപ്പുറത്ത് നിന്ന് കൂവുന്നു. എന്തൊരു ഭംഗിയാണ് ഈ ചാത്തങ്കോഴികളെ കാണാന്‍. ആ വെളുത്ത ആ ചാത്തന്‍ കോഴിയുടെ വാലിലെ ചില മഞ്ഞത്തൂവലുകള്‍.... അപ്പുറത്തെ കസേരയിലിരുന്ന് കൊച്ചാപ്പു കണക്കെഴുതുന്നു. ഇന്നു വിറ്റ മുട്ടകളുടെ എണ്ണവും പൈസയും. കൊച്ചാപ്പുവിന്റെ കട്ടിമീശ കാണന്‍ നല്ല ഭംഗിയുണ്ട്. മാര്‍ബിളിട്ട കോഴിക്കൂടിന്റെ വരാന്തയില്‍ ഒരു സുന്ദരിക്കുട്ടി പല നിറത്തിലുള്ള കടലാസുകൊണ്ട് പട്ടമുണ്ടാക്കുന്നു. ആ സുന്ദരിക്കുട്ടിക്ക് തന്റെ മുഖമല്ലേയെന്ന് കൊച്ചുത്രേസ്യക്ക് തോന്നി. ആ നുണക്കുഴികള്‍ തന്റേതു തന്നെ. ആ മൂക്കും നോട്ടവുമെല്ലാം..

‘കുരുത്തം കെട്ടോളേ .. കുളിപ്പൊരേലിരുന്ന് ഒറങ്ങണാ‍.. എണീറ്റ് കഞ്ഞി വെളമ്പാന്‍ നോക്കറീ....’ മുളവടിയും കുത്തിപ്പിടിച്ച് സെലീന വാതില്‍ക്കല്‍.

പിറ്റേന്ന് കാലത്ത് കൂടു തുറന്നപ്പോള്‍ കോഴികളൊന്നും കൂട്ടില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കിയില്ല. കൊച്ചുത്രേസ്യ ഒന്നേ നോക്കിയുള്ളു. ‍ ചാത്തന്‍ കോഴികളെല്ലാം ചത്തു കിടക്കുന്നു. അവയുടെ വായില്‍ നിന്നും നുരയും പതയും ഒലിച്ചിറങ്ങുന്നു. കണ്ണുകള്‍ തുറന്നും . കോഴി വസന്ത. പിടക്കോഴികള്‍ അവയ്ക്ക് കൂട്ടിരുന്നു.

കോഴിക്കൂടിനടുത്തുള്ള തെങ്ങില്‍ കൊച്ചുത്രേസ്യ ചാരി നിന്നു. പിന്നെ ഇരുന്നു. മുണ്ടില്‍ മുഖമമര്‍ത്തി. കുറെക്കഴിഞ്ഞപ്പോള്‍ റാഹേലമ്മയുടെ ഒരു കുട്ടിമാത്രം ഒറ്റതിരിഞ്ഞ് കോഴിക്കൂട്ടില്‍ നിന്നും ഇറങ്ങി വന്നു. കൊച്ചുത്രേസ്യയുടെ മുന്നില്‍ വന്നു നിന്നു. കൊച്ചുത്രേസ്യ അതിനെ സൂക്ഷിച്ചു നോക്കി. അതിന്റെ തൂവലുകള്‍ക്ക് ഇളം മഞ്ഞ നിറമായിരുന്നു. തലേന്ന് രാത്രി കണ്ട അതേ തൂവല്‍.

Thursday, November 08, 2007

സമയസൂചികകള്‍ക്കുമപ്പുറം.

സമയസൂചിക ഇരുട്ടിന്റെ എട്ടിലേക്ക് ഇഴഞ്ഞു നീങ്ങുമ്പോഴും പുതപ്പിനടിയില്‍ ഞെരക്കങ്ങളുമായി രാധ ചേച്ചി നാമജപങ്ങള്‍ ഉരുവിട്ടു കൊണ്ടേയിരുന്നു. വേദനയുടെ നെരിപ്പോടുകള്‍ പുകയുമ്പോഴും ഇതിനൊരു മാറ്റവുമില്ല. ഇന്ന് ശ്വാസം മുട്ടലിനു വളരെ കുറവുണ്ട്. റൌണ്ട്സിനു വന്ന ഡോക്ടര്‍ ഇന്‍സുലിന്റെ അളവ് കുറയ്കാമെന്നും മൂന്നു നാലു ദിവസത്തിനകം ഡിസ്ചാര്‍ജ് ചെയ്യാനാവുമെന്നുമാണ് പറഞ്ഞത്.

ഗിരിജ ചേച്ചി എല്ലായ്പോഴും കൂടെയുണ്ടെങ്കിലും രാധേച്ചിയുടെ അന്വേഷണങ്ങള്‍ എന്നിലാണവസാനിക്കാറുള്ളത്. അമ്മയേക്കാള്‍ എന്റെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ രാധേട്ത്തിക്കായിരുന്നുവല്ലോ... ആദ്യമായി വിദേശത്ത് ജോലികിട്ടി പടി‍യിറങ്ങാന്‍ നേരത്തും അമ്മയുടെ ഉപദേശവാക്കുകളേക്കാള്‍ രാധ ചേച്ചിയുടെ നിറഞ്ഞ ആ കണ്ണുകള്‍ കൂടെയുണ്ടായിരുന്നു.

ഒരാഴ്ച കഴിഞ്ഞു ഇവിടെ വന്നിട്ട്.

രണ്ടു ദിവസത്തെ ഐ.സി.യുവിലെ കിടപ്പ് രാധ ചേച്ചിയെ ശരിക്കും ക്ഷീണിപ്പിച്ചിട്ടുണ്ട്. ഇന്നെങ്കിലും വീട്ടിലേക്ക് പോകാമെന്നു തോന്നുന്നു. മൂന്നു നാലു ദിവസമായി ഉറക്കമിളച്ച് ഇവിടെ തന്നെ. രാധികയും കുട്ടികളും ഒറ്റക്ക് വീട്ടില്‍. രാധികയ്ക്ക് അതൊരു പ്രശ്നമല്ലെങ്കിലും ഇരുപതു ദിവസത്തെ എണ്ണിച്ചുട്ട അവധി ദിവസങ്ങള്‍..കുട്ടികളെ വൃഥാ പലതും ആശിപ്പിച്ചിരുന്നതാണ്, ബീച്ചും കാഴ്ചബംഗ്ലാവും ഷോപ്പിങ്ങുമൊക്കെയായി.

വാതില്‍ ചാരി പുറത്തു കടന്നപ്പോള്‍ വരാന്തയിലെ കാറ്റില്‍ ഡെറ്റോളിന്റെയും സ്പിരിറ്റിന്റെയും മനം മടുപ്പിക്കുന്ന ഗന്ധം. ആശുപത്രിയുടെ ഈ‍ ഗന്ധം പണ്ടും എനിക്ക് ഇഷ്ടമല്ലാത്താതാണ്. ഇതിനു മരണത്തിന്റെ ഗന്ധമാണുള്ളത്. ഒട്ടിപ്പിടിച്ച, വരണ്ട ഒരു ഗന്ധം. അടുത്ത എം ബ്ലോക്കിലെ മോര്‍ച്ചറിയിലേക്കുള്ള ഇരുട്ടുപിടിച്ച നീണ്ട വഴിത്താരയില്‍ പലപ്പോഴും എനിക്കിത് അനുഭവപ്പെട്ടിട്ടുണ്ട്.

507 -അം നമ്പര്‍ മുറിയില്‍ ട്യൂബ് ലൈറ്റിന്റെ വെളിച്ചം വാതില്‍പ്പഴുതിലൂടെ ഊര്‍ന്നിറങങ്ങുന്നുണ്ടായിരുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലേയും കാത്തിരിപ്പിന്റെ അലസത വിരസമല്ലാതാക്കിക്കൊണ്ടിരുന്നതിവിടെയാണ്.

അന്ന്.... വിരസതയുടെ ഒരു തരം നിസംഗതയില്‍ ആഴ്ന്നിരിക്കുമ്പോഴായിരുന്നു 507-ം നമ്പര്‍ മുറിയിലേക്ക് വീല്‍ചെയറില്‍ ഒരു രോഗിയെ കൊണ്ടുപോകുന്നത് ശ്രദ്ധിച്ചത്.ഡ്യൂട്ടി നേഴ്സ് പറഞ്ഞാണ് അറിഞ്ഞത്, നഗരത്തിലെ പ്രശസ്തമായ വിമന്‍സ് കോളജില്‍ ബിദുരാനന്തരബിരുദത്തിനു പഠിക്കുന്ന യുവതിയാണെന്ന്. പനിയും ചെറിയ തോതില്‍ ശ്വാസതടസവുമാണ്. റോഷ്നി പോള്‍. ലണ്ടനില്‍ പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടര്‍ പോളിന്റെ ഒരേയൊരു മകള്‍. കോളജ് ഹോസ്റ്റലിലെ മടുപ്പ്, വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലേക്ക് മാറ്റിയിരുന്നു. ചെറിയ ഒരു തുകല്‍ സഞ്ചി നിറയെ പുസ്തകങ്ങള്‍. പലതും existentialism ത്തെ കുറീച്ചുള്ളവ. വില്യം ഓഫ്മാന്റെയും കിര്‍ക് ഷ്നീഡറിന്റെയും മറ്റും. വില്യം ഹോഫ്മാന്റെ ചെറുകഥകളും നോവലും വായിച്ചിട്ടുണ്ടെങ്കിലും എക്സിസ്റ്റെന്‍ഷ്യാലിസത്തെകുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകം ആദ്യമായാണ് കാ‍ണുന്നത്.

ആശുപത്രീക്കിടക്കയില്‍ വായിക്കാന്‍ പറ്റിയ പുസ്തകങ്ങളാണോ ഇവയെന്ന്‍ എനിക്ക് സന്ദേഹമുണ്ടായിരുന്നു. എങ്കിലും ഞാന്‍ സംശയങ്ങളില്‍ അജ്ഞാതനായി നിലകൊണ്ടു. existentialism ത്തെ കുറിച്ച് എനിക്കും താതപര്യമുണ്ടായിരുന്നതു കൊണ്ടാവാം റോഷ്നി നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നത്. അന്നും ഏറെ വൈകുവോളവും റോഷ്നി സംസാരിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്കെല്ലാം ദസ്തോവ്സ്കിയും കാമൂസും കടന്നു വന്നുകൊണ്ടിരുന്നു. റൌണ്ട്സിനെത്തിയ ഡ്യൂട്ടി ഡോക്ടര്‍ അധികം സംസാരിക്കരുതെന്ന വിലക്കൊന്നും റോഷ്നിയെ അലട്ടിയില്ല. രാത്രി ഡ്യൂട്ടി നേഴ്സ് വന്ന് രണ്ടുമൂന്നു തവണ നിര്‍ബന്ധിക്കേണ്ടി വന്നു.

മലയിറങ്ങി വരുന്ന വലിയ ചീവിടുകള്‍ നിര്‍ത്താതെ മൂളികൊണ്ടിരുന്നു. ചെറിയ മഴയ്ക്കുള്ള ലക്ഷണമുണ്ട്. കാറ്റിനു പതിവില്‍ കവിഞ്ഞ തണുപ്പ്.

റോഷ്നി ഇപ്പോഴും വായനയിലാണ്. 45 ഡിഗ്രി ചെരിച്ച് വെച്ച ബെഡില്‍ ചാരിക്കിടന്നുകൊണ്ട്..
‘ഹായ് ..’
‘ഇരിക്കൂ.. രാജേഷ്..’
എലിസബത്ത് കൂബ്ലറുടെ On Death and Dying എന്ന ക്ലാസിക് റോഷ്നിയുടെ വിരലുകളില്‍ താളം പിടിച്ചുകൊണ്ടിരുന്നു. അതെ മരണത്തെക്കുറിച്ചു തന്നെ.
‘ഇന്നെന്താ വിഷയം മാറിയോ ? ‘
‘ഇല്ല ... ഈ ബുക്ക് ഞാന്‍ പലപ്പോഴും വായിക്കാന്‍ മറന്നുപോകുന്ന ഒന്നാണ്.. പലപ്പോഴും വായിക്കാനെടുക്കും..’
‘പിന്നെ..’
‘സമയം തന്നെ പ്രശ്നം.. ..ക്ലാസ് കഴിഞ്ഞ് വന്ന് മൂഡിയായിരിക്കുമ്പോഴായിരിക്കും വായിക്കാന്‍ തോന്നുക..പിന്നെയാവട്ടെയെന്ന് വെയ്ക്കും.. ഡാഡിയോട് പലതവണ പറഞ്ഞിട്ടാണ് ഈ ബുക് കഴിഞ്ഞ തവണ കൊണ്ടുവന്നത്. ഡോവര്‍ ബുക്സില്‍ മാത്രമേ ഇതു കിട്ടിയിരുന്നുള്ളു. മുമ്പ് സണ്ടെ ഒബ്സെര്‍വറില്‍ ഇതിന്റെ ഒരു റിവ്യു വന്നിരുന്നു. അങ്ങനെയാണ് എനിക്കിത് വായിക്കണമെന്ന് തോന്നിത്തുടങ്ങിയത്... മരണം ഒരു സമസ്യ തന്നെയാണല്ലേ രാജേഷ് ? ‘ പെട്ടന്നാണ് റോഷ്നി അത് ചോദിച്ചത്.
‘എന്ന് മുഴുവനായി പറയാനാവില്ല.’
‘എങ്കിലും നിശ്ചിതമായ സമയമോ സാഹചര്യമോ അതിനില്ലല്ലോ.’
‘എല്ലായ്പോഴും അങ്ങനെയാവണമെന്നില്ലല്ലോ...’
‘അതു ശരിയാണ്. ഒരാ‍ള്‍ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ ..’
‘എല്ലാ ആത്മഹത്യകളും വിജയമാവണമെന്നില്ലല്ലോ... പലപ്പോഴും പരാജയപ്പെട്ട ആതമഹത്യകള്‍ തടവിലാക്കപ്പെടുന്നത് കാണാറില്ലേ..’
‘പക്ഷേ..’
റോഷ്നി വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി. പിന്നെ ഒന്ന് നെടുവീര്‍പ്പിട്ടു.
റോഷ്നിയുടെ ചുണ്ടുകള്‍ വിറയ്ക്കുന്നത് ഞാനറിയുന്നു., വരളുന്നതും..
‘ഇന്നെന്തു പറ്റീ.. എലിസബത്ത് കൂബ്ലറുടെ പ്രേതം പിടികൂടിയോ ? ‘ ചിരിച്ചുകൊണ്ട് റോഷ്നിയുടെ അടുത്തേക്ക് നീങ്ങിയിരുന്നു.
റോഷ്നിയുടെ കൈകളിലെ തണുപ്പ് എന്നെ ഭയപ്പെടുത്തി.
പിന്നെ മൌനത്തിന്റെ നീണ്ട സഹാറയിലേക്ക്..

റോഷ്നിയുടേ വിരലുകള്‍ എന്റെ കൈവെള്ളയില്‍ അമര്‍ന്നിരുന്നു. തണുപ്പ് ഇളംചൂടിനു വഴിമാറി. കണ്ണുകളില്‍ എന്റെ കണ്ണുകള്‍ ഒഴുകിയിറങ്ങി.

ജെങ്കി റോക്കറ്റ്സിന്റെ ‘ഹെവന്‍ലി സ്റ്റാര്‍ ‘ എന്റെ മൊബൈലില്‍ റിംഗ് ടോണായി പടര്‍ന്നുകൊണ്ടിരുന്നത് പെട്ടന്നാണറിഞ്ഞത്.

രാധികയാണ്. സമയസൂചി എട്ടരയിലേക്കെത്തിയിരിക്കുന്നു.
‘ഹെലോ..’
‘ഏട്ടനെവിടെയാണ് ? ‘’
‘എന്തേ ? ‘
‘ഇപ്പോള്‍ തന്നെ ഗിരിജേച്ചി വിളിച്ചിരുന്നു.. രാധേച്ചിക്ക് കൂടിയത്രേ.. ഏട്ടനെ വിളിച്ചപ്പോള്‍ റേഞ്ചില്ലായിരുന്നു.. ഇപ്പോള്‍ എവിടെയാണ് ?‘
‘ഞാന്‍ റോഡിലാണ് ...ഇപ്പോള്‍ തന്നെ ഞാന്‍ റൂമിലേക്ക് പോകാം..’ കളവു പറയാന്‍ എന്നേ പഠിച്ചിരിക്കുന്നു., പ്രത്യേകിച്ചും രാധികയോട്.
റോഷ്നി ബെഡില്‍ എഴുന്നേറ്റിരുന്നു. പിന്നെ മെല്ലെ നെടുവീര്‍പ്പിട്ടു.
‘റോഷ്നി ഉറങ്ങിക്കോളൂ..ഞാന്‍ പിന്നെ വരാം..ഗുഡ് നൈറ്റ്..’
ധൃതിയില്‍ തന്നെ പുറത്ത് കടക്കുമ്പോള്‍ രാധേട്ത്തിയുടെ മുറിയുടെ മുന്നില്‍ വെള്ളയുടുപ്പുകളുടെ പ്രളയം..സ്ട്രെച്ചറുമായി ആരോ‍ മുറിയിലേക്ക് ..
അതിനിടയിലും ഗിരിജ ചേച്ചിയുടെ രോദനം വേറിട്ടുനിന്നു.
മരണത്തിന്റെ ഗന്ധവുമായി കാറ്റ് അവിടെ അലഞ്ഞു നടന്നു.Note
( കഥക്കൂട്ടില്‍ വന്ന കഥയാണിത്. ചെറിയ വ്യത്യസങ്ങളോടെ എന്റെ കളക്ഷനില്‍ ചേര്‍ക്കുന്നുവെന്ന് മാത്രം. )