Tuesday, September 26, 2006

ഇല പൊഴിയും കാലം...

മുത്തച്ഛന്‍ തെങ്ങിന്റെ ചുവട്ടില്‍ കിടന്ന കൊതുമ്പ് എടുത്ത് കോലായിലേക്ക് മാറ്റിവെച്ചു. മുത്തച്ഛന്റെ കൈയിലെ ഊന്നുവടി എന്റെ അടുത്ത് തന്നെ വെച്ചിരുന്നു. അതിന്റെ പിടിയിലെ പിച്ചളയുടെ സിംഹത്തിന്റെ രൂപം തേഞ്ഞില്ലാതായിരിക്കുന്നു. ഈ വടി മുന്‍പ് ശേഖരമാമന്‍ സിംഗപ്പൂരുനിന്നും ലീവിന് വന്നപ്പോള്‍ കൊണ്ടു കൊടുത്താ‍യിരുന്നെന്ന് മുത്തച്ഛന്‍ പലതവണ എന്നോട് പറഞ്ഞിട്ടുണ്ട്.
ഞാന്‍ ഉമ്മറപ്പടിയില്‍ ഇരിക്കുകയായിരുന്നു. അമ്മിണിയമ്മ തെങ്ങിന്റെ കടക്കല്‍ അടിച്ച് തീയിടുന്നു.
‘അമ്മിണ്യേ.. കാറ്റ് ണ്ട്. സൂക്ഷിച്ച് തീയിടണം ട്ട്വോ.. അപ്രത്ത് വൈക്കോല്‍ത്തുറു ണ്ട് ന്ന് ഒരു വിചാരം വേണം..’ മുത്തച്ഛന്‍ അമ്മിണിയമ്മയോട് പറഞ്ഞു.
അമ്മിണിയമ്മക്ക് അല്ലെങ്കിലും ശ്രദ്ധ അല്പം പോലും ഇല്ല. ഒന്ന് വൃത്തിയായിട്ട് നടക്കുകയുമില്ല. മുഷിഞ്ഞ മുണ്ടും കീറിയ ബ്ലൌസുമാണ് അമ്മിണിയമ്മ ധരിക്കുന്നത്. എന്നാലും അമ്മിണിയമ്മക്ക് ഒരു ഇരുമ്പിന്റെ മോതിരമുണ്ട്. നല്ല ഭംഗിയുള്ളത്. അത് എപ്പോഴും ധരിക്കും. പണ്ട് ഇവിടെ തൃത്താല മനക്കില് നിന്ന് വന്ന കൂട്ടത്തീലെ ഒരു ആത്തോല കൊടുത്തതാണത്രെ. അമ്മിണിയമ്മക്ക് അകത്തെ പണികള്‍ക്ക് വലിയ താത്പര്യമില്ല. ഏതുനേരവും പുറത്താണ്. രാധമ്മായിക്ക് അമ്മിണിയമ്മയെ അത്ര ഇഷ്ടമില്ല. രാധമ്മായി എപ്പോഴും പറയും.. ‘ ആ പണ്ടാരം പിടിച്ച തള്ള..’
മുത്തച്ഛന്‍ പിന്നെ എന്റെ അടുത്ത് വന്നിരുന്നു.
‘ഇന്ന് മഴപെയ്യില്ലാന്ന് ന്യ തോന്നണെ.... മഴക്കാറ് കിഴക്കോട്ടാ പോണെ. .’ മുത്തച്ഛന്‍ പറഞ്ഞു. മുത്തച്ഛന്‍ അങ്ങനെ പറഞ്ഞാല്‍ അത് ശരിയായിരിക്കും.
‘കുട്ടനെന്താ ഇങ്ങനെ ആലോചിച്ചിരിക്കണെ..’
'ഏയ്.. ഒന്നൂല്യ..’
‘അങ്ങന്യലാലോ.. കുട്ടനെന്തോ മനസ്സിലുണ്ട്..’
‘ന്നാലും അച്ഛന്‍ ങ്ങനെ പറഞ്ഞപ്പോ യ്ക്ക് വിഷമായി’
‘അച്ഛന്‍ എന്താ കുട്ടനോട് ദ്വേഷ്യപ്പെട്ടോ ?’
‘അതല്ലാ.. അച്ഛന്‍ ഇന്നലെ മുത്തച്ഛനോട് ങ്ങനെ പറഞ്ഞപ്പോള്‍ യ്ക്ക് വിഷമായീന്നാ പറഞ്ഞെ..’ ‘എപ്പൊ പറഞ്ഞു ?’
‘ഇന്നലെ രാ‍ത്രി ഡിന്നറ് കഴിഞ്ഞിട്ട് മ്മറത്ത് ഇരിക്കുമ്പളേയ്....’
‘അതിന് കുട്ടന്‍ ഉറങ്ങാന്‍ പോയില്യേ..പിന്നെങ്ങിന്യാ..’
‘ഇല്യ.. ഞാന്‍ തെക്കിനിടെ അടുത്ത് നിക്ക് ണ് ണ്ടായ് രുന്നു.. അച്ഛന്‍ പറഞ്ഞതൊക്കെ ഞാനും കേട്ടു.. ന്നാലും മുത്തച്ഛനൊട് ഇങ്ങന്വൊക്കെ ദ്വേഷ്യപ്പെടാന്‍ എന്താ ണ്ടായേ .. ?’
‘അത് സാരം ല്യാ കുട്ടാ. അച്ഛന് ദ്വേഷ്യം വന്ന്ട്ടല്ലേ....’
‘കുട്ടന്‍ വാ .. നമുക്ക് ആ കുളക്കടവിന്റെ അട്ത്തേക്ക് പൂവ്വാം.. അവിടെ താമരക്കിളിയുടെ കൂട് പ്പളും അവിടെ ണ്ടോന്ന് നോക്കാം..’ മുത്തച്ഛന്‍ വിഷയം മാറ്റാനായി പറഞ്ഞ്ഞു. പിന്നെ മെല്ലെ മുത്തച്ഛന്‍ എഴുന്നേറ്റു ഊന്നുവടിയെടുത്ത് നടന്നു തുടങ്ങി.
ഞാന്‍ മുത്തച്ഛനോടൊപ്പം നടന്നു. കുളക്കടവിന്റെ തെക്കെ ഭാഗത്തുള്ള ഈ മരത്തിന്റെ ഇലകള്‍ പൊഴിഞ്ഞിരിക്കുന്നു. വൃശ്ചികക്കാറ്റുകൊണ്ടാവാം. ചില ശിഖരങ്ങള്‍ ഒടിഞ്ഞു തൂങ്ങിയിരിക്കുന്നു, കടവാവലുകള്‍ തൂങ്ങിക്കിടക്കുന്നതുപോലെ തോന്നിച്ചു. അപ്പുറത്ത് നിന്നിരുന്ന പനയില്‍ ചാരിയാണ് മരം നില്‍ക്കുന്നത്.
‘മുത്തച്ഛാ’
‘ഉം..’
‘ഇതെന്ത് മരാ..’ ഞാന്‍ ചോദിച്ചു.
‘ഇതാണ് നാരകം. നമ്മള് പണ്ടൊക്കെ വടുകപ്പുളി ഉണ്ടാക്കിയിരുന്നത് ഇതിന്റെ നാരങ്ങ കൊണ്ടാ..’
ഇതിന്റെ നാരങ്ങകൊണ്ടാണ് അമ്മിണിയമ്മ വടുകപ്പുളി അച്ചാറുണ്ടക്കുന്നത്. അച്ഛന്‍ തിരിച്ച് പോകുമ്പോള്‍ രണ്ട് ഭരണി നിറച്ച് കൊണ്ടു പോകും.
‘ഇപ്പൊ എന്ത്യെ നാരങ്ങ ണ്ടാവ്ണില്യേ..’
‘അതിന് വയസ്സായില്യേ.. ത്രേം കാലം അത് നമുക്ക് നാരങ്ങ തന്നില്ലേ.. ഇപ്പൊ അത് തളര്‍ന്നു.. ഈ വൃശ്ചികമാസം കഴിയുമ്പോഴേക്കും അത് വീഴും...’
‘അപ്പൊ ഈ മരം മരിക്കും ല്ലേ...’
‘പിന്നെ..’
‘ശരിക്കും. ..?’
‘പിന്നെ.. മരം മാത്രല്ല.. ജീവികളും മനുഷ്യരുമെല്ലാം ഒരു ദിവസം മരിക്കും..’
‘അപ്പൊ കുറച്ച് കഴിഞ്ഞാല്‍ മുത്തശച്ഛനും മരിക്കും ല്ലേ..’
‘ഏയ്.. മുത്തശ്ശന്‍ മരിക്യേ.. മുത്തശ്ച്ഛനൊന്നും മരിക്കില്യ കുട്ടാ..’
മുത്തച്ഛന്‍ എന്നെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.
മുത്തച്ഛന്റെ മുഖത്തെ പേശികള്‍ ചെറുതായി മുറുകുന്നതായി കണ്ടു. വെറ്റിലക്കൂട്ടിന്റെ മണം.
മുഖത്തെ കുറ്റിമുടികള്‍ എന്റെ മൃദുലമായ മുഖത്ത് ഉരസിയപ്പൊള്‍ ചെറുതായൊന്ന് മാറി. എന്റെ മുഖത്ത് ചെറിയ നനവ് പടര്‍ന്നിരുന്നു. മന്ദമായി ഒഴുകിക്കൊണ്ടിരുന്ന വൃശ്ചികക്കാറ്റിന് ചെറിയ തണുപ്പ്.

Wednesday, September 20, 2006

എസ്.എം.എസ്

കാലത്ത് പത്രവായനക്കിടക്കാണ് പുറത്ത് ചാറ്റല്‍ മഴ തുടങ്ങിയത് അയാള്‍ കാണുന്നത്. മഴ കൂടിയാല്‍ പിന്നെ പുറത്തുള്ള കറക്കമൊന്നും നടക്കില്ല. മൂന്നാഴ്ച വെക്കേഷനിലെ ഒന്നാമത്തെ ആഴ്ചയാണ് കടന്നു പോകുന്നത്. ടൌണിലെ ട്രാവല്‍ ഏജന്റിനോട് രണ്ടാഴ്ചകഴിഞ്ഞുള്ള ടിക്കറ്റ് കണ്‍ഫേം ചെയ്യാന്‍ ഇന്നലെയാണ് പറഞ്ഞത്.
പഴയ ഈ ചാരു കസേരയിലിരുന്ന് കാലത്ത് പത്രം വായിക്കുകയെന്നത് നാട്ടിലെത്തിയാല്‍ ഒരു ബലഹീനതയാണ്.
ഒപ്പം ഒരു ഫില്‍ട്ടര്‍ കോഫി കൂടിയായാല്‍ കേമം.
അതിനിടയിലാണ് ‘കിര്‍ കിര്‍’ ശബ്ദത്തോടെ ഒരു എസ്.എം.എസ്. നാദം.
ഇത് തന്റെ മൊബൈലിന്റെയല്ലല്ലൊയെന്ന് അയാളോര്‍ത്തു.
ജലജയുടെയായിരിക്കും.
കഴിഞ്ഞ തവണ നാട്ടില്‍ വന്നപ്പോഴാണ് ജലജക്ക് ഒരു പുതിയ മൊബൈല്‍ കൊടുത്തത്. നോക്കിയയുടെ പുതിയ മോഡല്‍ . ഇന്‍ കം ടാക്സ് ഓഫീസിലെ ആഡിറ്ററായ ജലജക്ക് പലപ്പോഴും യാത്രചെയ്യേണ്ടതുള്ളതുകൊണ്ട് മൊബൈല്‍ ഫോണ്‍ അത്യാവശ്യമാണ്. പിന്നെ അത്യാവശ്യത്തിന് പാട്ടുകേള്‍ക്കാന്‍ എം.പിത്രീ പ്ലെയറും ഉള്ളതാണ് വാങ്ങിയത്.
‘ജലജേ .. ആ മൊബൈലൊന്ന് നോക്കിക്കൊ.. ഏതൊ എസ്.എം.എസ് വന്നിട്ടുണ്ടെന്ന് തോന്നുന്നു..’
മറുപടിയൊന്നുമില്ല.
ഒരു പക്ഷേ ജലജ കുളിക്കുകയായിരിക്കും.
ബെഡ് റൂമിലെ ഷെല്‍ഫില്‍ വെച്ചിരിക്കുന്ന ജലജയുടെ മൊബൈലില്‍ പ്രകാശമുണ്ട്.
ഏതൊ പുതിയ നമ്പറില്‍ നിന്നാണ്.
+984.....
There are a million stars and a million dreams,
you are the only star for me,
the only dream i dream.
കൊള്ളാമല്ലോ. ഇതേതാ കക്ഷി ?
പേരില്ലാത്ത കക്ഷിയാണ്. അഡ്രസ്സ് ബുക്കില്‍ പേരില്ല. നമ്പര്‍ ഫീഡ് ചെയ്തിട്ടുമില്ല. പഴമ്പുരാണങ്ങള്‍ നോക്കി. പുതുമുഖമല്ല. മുന്‍പും അയ്ച്ചിരിക്കുന്നു.
You can fall from a bridge,
you can fall from above, but the best way of falling is falling in love!
മോശമില്ല. ഇങ്ങനെ ഒരു പത്ത് പന്ത്രണ്ട്ണ്ണം കഴിഞ്ഞ നാലഞ്ച് മാസമായി....
അയച്ച എസ്.എം.എസ് ഫോള്‍ഡര്‍ ശൂന്യം. ഈ നമ്പറിലേക്ക് പലതവണയായി വിളിച്ചിട്ടുമുണ്ട്.
ജലജ ഇതൊന്നും തന്നോട് പറഞ്ഞില്ലല്ലോയെന്ന് അയാളോര്‍ത്തു. തിരക്കിട്ട ഓഫീസ് ജോലിക്കിടെ ഒരു ഭാര്യക്ക് ഭര്‍ത്താവിനോട് ഇങ്ങനെയുള്ള ചെറിയകാര്യങ്ങള്‍ പറയാന്‍ ഒരു പക്ഷേ സമയം കിട്ടിയെന്നു വരില്ലെന്ന് അയാളോര്‍ത്തു. ഓഫീസിലെയും നാട്ടിലെയുമായ എല്ലാ കാര്യങ്ങളും മിക്ക ദിവസങ്ങളിലും തനിക്ക് ഇ-മെയില്‍ ചെയ്യാറുള്ളതാണ്. പിന്നെ ആഴ്ചയില്‍ രണ്ടു തവണ ഫോണും. പുതിയ മെസ്സേജ് അയാള്‍ അണ്‍ റീഡിലേക്ക് മാറ്റി. ഏതായാലും ജലജയോട് തന്നെ ചോദിക്കാം.അയാള്‍ ഉമ്മറത്ത് ചെന്നിരുന്ന് പത്രവാ‍യനയിലേക്ക് മുഴുകി.
പത്രത്തില്‍ ഇന്നും സ്ഥിരമായ ചില വിശേഷങ്ങള്‍ മാത്രം. കൊലപാതകം, മാല പൊട്ടിക്കല്‍ , ജലക്ഷാമം., ബലാത്സംഗം, പിടിച്ചുപറി, വരാനിരിക്കുന്ന ബസ് സമരം.....
മഴയുടെ ശക്തി കൂടുകയാണെന്ന് തോന്നുന്നു.
അതെ., ജലജ കുളിക്കുകയായിരുന്നു. മുടി തുവര്‍ത്തുമുണ്ടുകൊണ്ട് കെട്ടിയാണ് അവള്‍ ചായയുമായി വന്നത്. ജലജയുടെ മുടിക്ക് ചെമ്പരത്ത്യാതിയെണ്ണയുടെ വാസനയുണ്ട്
‘ജലജക്ക് ഏതോ എസ്.എം.എസ് വന്നിട്ടുണ്ടന്നു തോന്നുന്നു. മൊബൈല് നോക്കിയോ ?’
‘ഓ..അത് ഐഡിയ ക്കാരുടെ ഏഡാണ്..അത് ഇടക്കിടെ വരാറുണ്ട്. ഞാനത് ഡിലിറ്റ് ചെയ്തു..’
അയാള്‍ അവളുടെ മുഖത്തേക്ക് ഒന്നു നോക്കി. മെല്ലെ എഴുന്നേറ്റ് അയാള്‍ ഉമ്മറത്തെ തിണ്ണയുടെ അടുത്ത് ചെന്ന് നിന്നു. മഴയുടേ ശക്തി കൂടിയിരിക്കുന്നു. മുറ്റത്തെ ചേമ്പിലകളില്‍ ജലകണങ്ങള്‍ ഉരുണ്ടു കൂടി തണ്ടിലൂടെ താഴേക്കിറങ്ങുന്നു.
പിന്നെ അയാള്‍ തന്റെ മൊബൈലെടുത്ത് ട്രാവല്‍ ഏജന്റിന്റെ നമ്പറെടുത്ത് ഡയല്‍ ചെയ്തു.

Friday, September 15, 2006

വെറുതെ .. ഓരോ...

‘എണീക്ക് ..എണീക്ക്.. നേരം ത്ര്യായ്ന്നാ വിചാരം . മണി രണ്ടു കഴിഞ്ഞു.’
വെങ്കിടി ലൈറ്റെല്ലാം തെളിക്കാന്‍ തുടങ്ങി.
‘ഏയ് ഭാസ്കരാ.. മണീ..രാമുവെ.. ഒന്നു എഴുന്നേല്ക്കടാ.. ദേ മണി രണ്ടു കഴിഞ്ഞു. ഇപ്പൊ പാട്ട് വെക്കും.. മൈസൂര്‍ വണ്ടി വന്നു. ..
ദേ ആള്‍ക്കാരൊക്കെ വന്നു തുടങ്ങി..വേഗം എഴുന്നേല്‍ക്ക്..'
മറ്റു കടകള്‍ തുറക്കുന്നതിന്‍ മുന്‍പ് തന്റെ കട തുറക്കണമെന്ന് വെങ്കിടിക്ക് നിര്‍ബന്ധമാണ്. ഈ വെളുപ്പിന് അത്ര വലിയ തിരക്കുണ്ടായിട്ടല്ല. സീസണില്‍ മാത്രമേ തിരക്കുണ്ടാവൂയെങ്കിലും അത് വെങ്കിടിയുടെ ദിനചര്യയായി മാറിയിരുന്നു.
അയാള് മെല്ലെ എഴുന്നേറ്റു.
സുഖകരമായ ഒരു സ്വപ്നത്തിന്റെ ആലസ്യത്തിലാരുന്നു അയാള്‍.
കൈയ്ക്കും കാലിനുമെല്ലാം ചെറിയ മരവിപ്പ്.
വെങ്കിടി മുഖം കഴുകി തലയില്‍ വെള്ളമൊഴിച്ച് നെറ്റിയില്‍ ഭസ്മവും പൂശി കൌണ്ടറിലേക്ക് വന്നിരുന്നു.
സാമ്പ്രാണി കത്തിച്ചു. കണ്ണന്റെ മുന്നിലെ മരത്തടിയില്‍ കുത്തി നിര്‍ത്തി.
പിന്നെ അകത്തേക്ക് നോക്കി പറഞ്ഞു
‘മണിയേ.. ഇന്ന് ആളു കൂടുതലുണ്ടെന്നാ തോന്നണെ.. ഇഡ്ലി കൊറച്ച് ജാസ്തി ഉണ്ടാക്കേണ്ടി വരും ട്ടാ..’
ഇത് വെങ്കിടി എന്നും പറയുന്നതാണ്.
അയാള്‍ കുളിച്ച് ഭസ്മവും നെറ്റിയില്‍ പൂശി കൌണ്ടറിലെക്ക് വന്നു
വാതില്‍ തുറന്ന് പുറത്ത് ചുറ്റുമൊന്നു നോക്കി.പിന്നെ നിര്‍മ്മാല്യം തൊഴാന്‍ അമ്പലത്തിലേക്ക് നടന്നു.ഇനി വാകച്ചാര്‍ത്ത് കഴിഞ്ഞേ തിരിച്ചു വരൂ.
അയാള്‍ എല്ലാ രൂപങ്ങളേയും തൊട്ടു വന്ദിച്ചു. കീയെടുത്ത് മേശവലിപ്പ് തുറന്നു.
‘കൃഷ്ണാ .. ഗുരുവായൂരപ്പാ..’
റോഡില്‍ തിരക്ക് തുടങ്ങിയിട്ടില്ല. മൈസൂര്‍ വണ്ടി വരുന്നേയുള്ളൂ.
എല്ലാവരേയും എഴുന്നേല്‍പ്പിക്കാന്‍ വെങ്കിടി വെറുതെ പറഞ്ഞതാണെന്ന് അയാളോര്‍ത്തു, അമ്പലത്തില്‍ പാട്ട് ഇപ്പോള്‍ വെച്ചതേയുള്ളൂ. മണി ഇഡലിയുടെ തട്ട് കഴുകുന്ന ശബ്ദം കേള്‍ക്കാം.
രാമു പ്ലേയ്റ്റുകള്‍ വ്ര്ത്തിയാക്കുന്ന തിരക്കിലാണ്.
ഇന്ന് സേലം വണ്ടി നേരത്തെയാണല്ലൊ. മൂന്നുമണിയ്ക്കാണ് സമയമെങ്കിലും സാധാരണ മൂന്നരയോടെയാണ സേലം വണ്ടി എത്തുന്നത്. സേലം വണ്ടി വന്നാലാണ് കടയില്‍ ആളാവുന്നത് . പിന്നെ സേലത്തുനിന്നും കോയമ്പത്തൂരുനിന്നുമുള്ള ഭക്തരുടെ തിരക്കായിരിക്കും റോഡില്‍ .
നാലഞ്ച് ഫാമിലികള്‍ വന്നു തുടങ്ങിയിരിക്കുന്നു.
രാമു പുറത്ത് നിന്ന് അവരെ വിളിച്ചു തുടങ്ങിയിരിക്കുന്നു.
‘ചൂട് ദോശ.. ഇഡലി .. സാംബാറ്..’
അതെ ഒരു ഫാമിലി ഇവിടേക്ക് തന്നെ.
ഏതായാലും ഇന്നത്തെ കണി നല്ലതു തന്നെ. ഭാര്യയും ഭര്‍ത്താവും രണ്ട് കുട്ടികളും.
രാമു അവരോട് ഓര്‍ഡര്‍ എടുക്കുന്നു.
അവരും തിടുക്കത്തിലാണ്. അവരും നിര്‍മ്മാല്യം തൊഴാനുള്ളവരാണെന്നു തോന്നുന്നു.
ഓരോ ചായ മാത്രമേ അവരും കഴിച്ചുള്ളൂ.
മൊത്തം ബില്ല് ഇരുപത് രൂപ.
ഗ്രഹനാഥനെന്ന് തോന്നിപ്പിക്കുന്ന ആള്‍ പേഴ്സ് എടുത്ത് പൈസയെടുത്തു.
പെട്ടന്ന് അയാള്‍ എന്തൊ മറന്നതുപോലെ തിരിച്ച് പോയി ഇരുന്നിടത്ത് വെച്ചിരുന്ന വെള്ളത്തിന്റെ കുപ്പി എടുത്തു വന്നത്. അപ്പോഴേക്കും കുടുംബം പുറത്തിറങ്ങിയിരുന്നു.
ഇപ്പൊള്‍ റോഡില്‍ ആരെയും കാണുന്നില്ല.ഇനി വാകച്ചാര്‍ത്തും ശംഖഭിഷേകവും കഴിയുന്നതു വരെ പുറത്ത് തിരക്ക് കുറവായിരിക്കും.
പത്രക്കാരുടെ വണ്ടികളും പയ്യന്നൂര്‍ എക്സ്പ്രസ്സുമാണ് ഇനിവരുവാ‍നുള്ളത്. അതിനിനി ഒരു മണിക്കുര്‍ കൂടി കഴിയണം.
അതുവരെ ഇവിടെയിരുന്നൊന്നു മയങ്ങാമെന്ന് കരുതി ഫോണ്‍ നീക്കി വെക്കുന്ന സമത്താണ്‍ അയാള്‍ അത് കാണുന്നത്.
ഒരു പേഴ്സ്.
അതെ . . ഇത് നേരത്തെ വന്ന ഫാമിലിയുടെയാണ്.
നല്ല കനമുണ്ട്.
അയാള്‍ അത് തുറന്നു നോക്കി.
നിറയെ നോട്ടുകളും ചില വിസിറ്റിങ്ങ് കാര്‍ഡുകളും. അയാള്‍ ചുറ്റും നോക്കി. ആരും കണ്ടിട്ടില്ല.
രാമു അകത്ത് മണിയുമായി ഇരുന്നു ചായകുടിക്കുകയാണ്.
അയാള്‍ പൈസയെടുത്ത് എണ്ണി നോക്കി
ആറായിരം രൂപയുണ്ട്.
ഗുരുവായൂരപ്പാ..
തന്റെ മൂന്നുമാസത്തെ ശംബളം.
അയാളത് ഷെല്‍ഫിനു താഴെയുള്ള കണക്കു പുസ്തകങ്ങളുടെ അടുത്ത് വെച്ചു.
താന്‍ എത്ര ദിവസമായി വെങ്കിടിയോട് ഒരു അയ്യായിരം രൂപ കടം ചോദിക്കുന്നുവെന്ന് അയാള്‍ ഓര്‍ത്തു. വെറുതെ വേണ്ട. മാസം ആയിരം വെച്ച് ശംബളത്തില്‍ നിന്നും പിടിച്ചാല്‍ മതി. അനിയത്തിക്ക് അടുത്തയാഴ്ച നഴ്സിങ്ങിന് ഫീസ് കൊടുക്കാനാണ്. കുറച്ചു ദിവസമായി ശ്രീദേവി ഫോണ്‍ ചെയ്തു പറയുന്നു എത്രയും വേഗം ഫീസടക്കണമെന്നു. മറ്റുകുട്ടികളെല്ലാം ഫീസടച്ചു. ബ്ലേഡ് കമ്പനിയില്‍ നിന്നും പലിശക്കെടുക്കാമെന്ന് വിചാരിച്ച സമയത്താണ് അതു പൂട്ടിപ്പോയത്. ഇനി വെങ്കിടി മാത്രമേയുള്ളു ശരണം.
രണ്ടാഴ്ചയായി വെങ്കിടിയോട് ഇതെക്കുറിച്ച് പറയുന്നു.വെങ്കിടി പിശുക്കനാണ്. വെറുതെ മോഹിപ്പിക്കുകമാത്രമേ ചെയ്യൂ. എല്ലാ ദിവസവും പറയും തരാമെന്ന്. ഇന്നും ഉഷപൂജക്ക് മുന്‍പ് തരാമെന്ന് വെങ്കിടി പറഞ്ഞിട്ടുണ്ടെന്ന് അയാളോര്‍ത്തു. എന്നിട്ട് വേണം പന്ത്രണ്ടരയുടെ മയില്‍ വാഹനത്തില്‍ നാട്ടില്‍ പോകാന്‍. വൈകീട്ട് നടതുറക്കുമ്പോള്‍ തിരിച്ചു വരുകയും വേണം.
ഇനി ഏതായാലും വെങ്കിടിയോട് ചോദിക്കേണ്ടല്ലോ. ഇന്നെന്തായാലും നാട്ടില്‍ പോകണം.
ഒറ്റപ്പാലം സ്റ്റാന്‍ഡില്‍ നിന്നും അമ്മക്ക് ഒരു മുണ്ടും നേര്യതും എടുക്കണം. അമ്മ ഒരിക്കലും തന്നൊട് ഒന്നും തന്നെ ആവശ്യപ്പെട്ടിട്ടില്ലെന്ന് അയാളോര്‍ത്തു. അല്ലെങ്കിലും അമ്മ അങ്ങനെയാണ്.
ഇന്ന് എന്ത് സ്വപ്നമാണ് താന്‍ കണ്ടത്.
ശ്രീദേവിയുടെ വിവാഹം, അമ്മാവന്റെ മകള്‍ ദേവികയുമായി പാടവരമ്പിലൂടെ നടന്നുവരുന്നത്, ബാലഗോപാലനുമായി ആല്‍ത്തറയില്‍ തായം കളിക്കുന്നത്, കണിയാമ്പുറത്തെ ശേഖരമേനൊന്റെ തൊടിയിലെ മുത്തുക്കുടിയന്‍ മാവില്‍ നിന്നും മാങ്ങ പറിക്കുന്നത്..
ഇല്ല.. ഓര്‍ക്കാനാവുന്നില്ല.
...
ജ്യോതിഷിന്റെ കാസറ്റ് കടയുടെ ഷട്ടര്‍ തുറക്കുന്ന ശബ്ദം കേട്ടാണ് അയാള്‍ ഞെട്ടിയുണരുന്നത്.
റോഡില്‍ കുറെശ്ശെ തിരക്ക് തുടങ്ങിയിരിക്കുന്നു. രാമു പുറത്തേക്കിറങ്ങുന്നു.
വാകച്ചാര്‍ത്ത് കഴിഞ്ഞെന്ന് തോന്നുന്നു.
നടയിലെ കമ്പിയഴികള്‍ക്കിടയില്‍ നിയോണ്‍ വെളിച്ചത്തില്‍ വെങ്കിടിയുടെ കഷണ്ടികയറിയ തല കാണുന്നുണ്ട്.
അയാള്‍ സൂക്ഷിച്ച് നോക്കി.
വെങ്കിടിയുടെ പിന്നിലായി ആ കുടുംബവുമുണ്ട്.
കൃഷ്ണാ... ഇങ്ങോട്ടുതന്നെയാവുമോ..
ഗ്രഹനാഥന്‍ അല്പം ധ്രതിയില്‍ തന്നെയാണ് നടക്കുന്നത്.
അതെ ഇങ്ങോട്ടു തന്നെയാണ്.

ജ്യോതിഷിന്റെ കാസറ്റ് കടയില്‍ പാട്ടു വെച്ചിരിക്കുന്നു..
‘കരുണാ ചെയ്‌വാനെന്തു താമസം കൃഷ്ണാ...
കഴലിണ കൈതൊഴുന്നേന്‍...
ഹരേ..കൃഷ്ണാ......‘

അയാള്‍ ഷെല്‍ഫിനു താഴെ വെച്ചിരുന്ന പേഴ്സെടുത്ത് മേശപ്പുറത്തേക്ക് വെച്ചു.

Monday, September 04, 2006

ശാന്തേട്ത്തി..

ന്താ കുട്ട്യേ ഇത്. എത്ര പറഞ്ഞാലും മനസ്സിലാവില്ല്യാന്ന് വെച്ചാല്‍. ആ മൊന്ത ഇങ്ങനെ താഴത്തിട്ടാല്‍ പൊട്ടില്ലേ..ഇല്ല്യ ഞാന്‍ ഒന്നും പറേണില്ല്യ. പറഞ്ഞ്ട്ട് എന്താ കാര്യം. ശ്ശി ദണ്ണണ്ടേ..ദേവേട്ടന്‍ കൊണ്ട്വോന്ന മൊന്ത്യല്ലെ . ഏയ് .. അങ്ങന്വൊന്നും യ്ക്ക് പറയാന്‍ പാടില്ല്യാലോ.. ദേവങ്ങുന്ന്ന്നല്ലേ പറേണ്ടെ..
ഇല്ല്യ ഞാന്‍ ഒന്നും പറേണില്ല്യ..
ഓണൊക്ക്യായില്ലേ..
ഈ കുട്ട്യോളോട് ഞാന്‍ പറഞ്ഞതാ പോയിട്ട് ഒരു പൂക്കളം ണ്ടാക്കാന്‍...
പെങ്കുട്ട്യോളല്ലേ പൂക്കളണ്ടാക്കണ്ടത് ..
പിന്നാമ്പുറത്തെക്ക് എറങ്ങ്യാല്‍ ഷ്ടം പോലെ പൂവ്വല്ലേ..
തെച്ചിപ്പൂവും കോളാ‍മ്പിപ്പൂവും ഒക്കെ ല്ല്യേ..
എവ്ടെ കേക്ക്ണു.....
ആര്‍ക്കാ വിചാരം..
തോമുവാപ്ലേരെ പറമ്പിന്റെ പിന്നിലെ മ്മടെ പറമ്പില് കേറ്റിക്കാന്‍ രവ്യോട് എത്ര പറഞ്ഞു...
ഏയ് ഒന്നും കേക്കരുത്.. ഇത് പഴേ കാലൊന്ന്വല്ല. തെങ്ങു കേറ്റക്കാര്‍ടെ വീട്ടിലന്നെ പോയി വിളിച്ചോണ്ട് വരണം..അല്ലെങ്കില് കണ്ടാറു തെങ്ങു കയറില്ല്യത്രെ....
ഇപ്പൊ തെങ്ങു കയറീട്ട് ഒരു കാര്യൊല്ല്യ..
കേറ്റക്കൂലി ഇല്ല്യലൊ.. തേങ്ങ്യല്ലെ കൊടുക്ക്വാ....
അവ്ടത്തെ തേങ്ങ്യൊക്കെ തോമുവാപ്ലാര് എട്ത്ത്ട്ട്ണ്ടാവും..
ന്നാലും ബാക്കീള്ള തേങ്ങേങ്കിലും ആ കണ്ടാറൂനെക്കൊണ്ട് കേറ്റിച്ചാല്‍ ഒരു പത്ത് കിലൊ അരിയെങ്കിലും വാങ്ങാന് ള്ള കാശ് കിട്ടും....
എവടെ കേക്കാന്‍..
ഇബടെ ഈ തൂണിന്റെവ്ട്ന്നു മറ്റേ തൂണിന്റെ അവ്ടക്ക് ഇങ്ങനെ നടക്ക്വന്നെ...
എന്തങ്കിലും പറഞ്ഞാല്‍ മൊകൊം വീര്‍പ്പിച്ച് ചാരു കസേരെല് ചെന്ന് കെടക്കും...ബീക്കൊം വരെ പഠിച്ചതല്ലെ.. വല്ല ക്ലാര്‍ക്കായിട്ട് വല്ലോട്ത്തും ചെന്നിര്ന്നാല് നാലു കാശ് കിട്ടും..
ഞാന്‍ ഒന്നും പറേണില്ല്യ.. പറഞ്ഞ്ട്ട് എന്താ കാര്യം..
ആ തെക്കിനിടെ അവടത്തെ മുറീല് ഒരുത്ത്ന്‍ ഇരുപത്തിനാലു മണിക്കുറും വായന്യന്നെ വായന..
മദിരാശീല് പോയിട്ട് എംബിയെ പഠിച്ച്ട്ട് വന്ന്ട്ട് തൊടങ്ങീതാ.. എടക്ക് ഒന്ന് പൊറ്ത്ത് എറങ്ങും.. വായനശാലേല്‍ക്ക്.. ആ സമയ്ത്തെങ്കിലും നാല് ചില്വാനം വേടിച്ചോണ്ട് വരാന്‍ പറഞ്ഞാല്‍ കൊറച്ചിലായി.. ശാന്തേട്ത്തിക്ക് ആ രാമന്‍ നായരോട് പറഞ്ഞാല്‍ മതീല്ലെന്നാവും അപ്പൊ ചോദ്യം..രാമന്‍ നായരാ.. ഇടക്ക്യെ വര്വൊള്ളൊ..
രാമന് നായരെ പറ്ഞ്ഞ്ട്ട് കാര്യല്ല്യ.. വയസ്സായി വര്വല്ലേ..
ത്ര്യക്കെ ചെയ്യാനെ രാമന്‍ നായരെക്കൊണ്ടാവ്വൊള്ളൊ.. പോരാത്തേന് ഇപ്പൊ കാല് വേദനെം.. എന്നെക്കൊണ്ട് ഇതൊന്നും ഇങ്ങനെ കൊണ്ട് നടക്കാന്‍ എത്ര കാലം പറ്റും.. വയസ്സായി വര്വല്ലേ....
എന്നാ ബോംബെലെ പണ്യൊക്കെ നിര്‍ത്തി ദേവേട്ടന് ഇവിടെ നിന്നാല്‍ പോരെ..
അതിനെങ്ങിന്യ.. ആ മൂധേവി സമ്മേക്കില്ല്യാലൊ.... നമ്മളൊക്കെ അധികപറ്റാണ് ന്നാ അവള്‍ടെ വര്‍ത്താനം... എന്ന് അവള് ദേവേട്ടന്റ് കൂടെ കൂട്യൊ അന്ന് തൊട്ട് ഇവ്ടെ തൊയ് രക്കേടണ്.
മാസാമാസം ആയിരം ഉര്‍പ്പ്യ അയച്ച് തരും. . ഇവടെ അതന്നെ ധാരാളാണ്. വെച്ച കഞ്ഞി തന്നെ മുഴുവന്‍ കുടിക്കില്ല്യ.. രാത്ര്യാവുമ്പൊ ഞാനന്നെ ഉഴുന്ന്ട്ട് ആട്ടി നാളക്ക് ഇഡ്ലി ആക്കണം..തേങ്ങ ശ്ശി ള്ളോണ്ട് ചമ്മന്തി നന്നായിട്ട് അരക്കാം. ഉച്ചക്ക് കൊറച്ച് പരിപ്പും മാങ്ങ ഉപ്പിലിട്ടതും..വൈന്നേരും അതന്നെ.. കൂട്ടുങ്ങല് പൊയിട്ട് കൊറച്ച് പച്ചക്കറി വേടിക്കാന്‍ ഞാനന്നെ പോണം..
ഇല്ല്യ ഞാന്‍ ഒന്നും പറേണില്ല്യ....
ഇനീം കൂടുതല് പറഞ്ഞാല്‍ പറയും ശാന്തേട്ത്തിക്ക് നൊസ്സാണ് ന്ന്..
അതെ ന്ക്ക് നൊസ്സന്ന്യ.. ഇത്രേം കാലായില്ല്യേ ഇബടെ ഇങ്ങനെ പണിക്ക് നിക്കുണു...
ഗുരുവായൂരപ്പാ.. എന്നെ എങ്ങിനെങ്കിലും അങ്ങട് കെട്ടി എട്ക്കണേ..