Thursday, November 09, 2006

രാ‍മന്‍ നായര്‍ ...

നീണ്ട തിണ്ണയുടെ ഒരറ്റത്ത് രവി കാല്‍ നീട്ടിയിരുന്നു.
പുറത്ത് മഴ കോരിച്ചൊരിഞ്ഞുകൊണ്ടിരുന്നു. ചെറിയ മിന്നലും മുഴക്കങ്ങളും.
പുസ്തകങ്ങള്‍ തൂണിന്റെ ഒരു ഭാഗത്ത് അലസമായി കിടക്കുന്നു. സാത്രേയുടെ ‘ബീയിങ് നത്തിങ്നെസ്’ ഏറ്റവും മുകളില്‍ ഇല്ലായ്മയുടെ ആത്മരോദനവുമായി അമര്‍ന്നിരിക്കുന്നു.
ഒന്നുമില്ലായ്മയുടെ പരിഹാരമാര്‍ഗങ്ങളായ അവസാനത്തെ അദ്ധ്യായം ഇനിയും വായിച്ചിട്ടില്ലെന്ന് രവി ഓര്‍ത്തു.

ഈ മഴ തന്റെ വായനയെ ശരിക്കും അലോസരപ്പെടുത്തുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി തുടര്‍ച്ചയായ മഴയാണ്. ലൈബ്രറിയില്‍ ഇന്നെങ്കിലും പോകണമെന്ന് വിചാരിച്ചതാണ്. തോട്ടില്‍ വെള്ളം കയറിയിട്ടുണ്ടാവും. അതല്ലെങ്കില്‍ തെക്കെപ്പാട്ടെ പറമ്പിലൂടെ പോകണം. അത് വഴിയല്പം കൂടുതലാണ്.

‘ശ്രീ വിശ്വനാദം ശരണം പ്രബദ്ധ്യേ......’ കാശി സുപ്രഭാതം റേഡിയൊയില്‍ കഴിഞ്ഞതേയുള്ളൂ. രാമന്‍ നായര്‍ ഇന്ന് നേരത്തെയാണല്ലോ .

‘എന്താ മഴ .. തോടൊക്കെ നെറഞ്ഞേക്ക്ണൂ...തെക്കെപ്പാട്ടെ പറമ്പിലും നല്ലോണം വെള്ളാ‍യ്ട്ടിണ്ടേയ്...ഇന്ന് വേലികെട്ടിക്കണംന്ന് വെച്ചട്ടാ നേര്ത്ത്യന്നെ..എന്താ ചെയ്യാ..’

രാമന്‍ നാ‍യരുടെ മുണ്ടെല്ലാം നനഞ്ഞൊട്ടിയിരിക്കുന്നു. വെള്ളത്തുള്ളികള്‍ മുണ്ടില്‍ നിന്നും ഇറ്റിറ്റു വീഴുന്നു.

പിന്നെ ചെരിപ്പഴിച്ച് വെച്ച് തിണ്ണയില്‍ കൈമുട്ടൂന്നി നിന്നു.

രാമന്‍ നായര്‍ എപ്പോഴും അങ്ങനെയാണ്. ശാന്തേട്ത്തി ഉമ്മറത്ത് വന്ന് വിളിച്ചാല്‍ മാത്രമേ കയറി ഇരിക്കൂ. അച്ഛനുള്ളപ്പോഴും അങ്ങനെയാ‍ണ്.

പറമ്പിലെ കാര്യങ്ങള്‍ നോക്കാന്‍ രാമന്‍ നായരു കഴിഞ്ഞേ വേറാരുമുള്ളൂ.. കാക്കശ്ശേരി ഭാഗത്തെ പറമ്പും തെക്കെപ്പാട്ടെ പറമ്പുമടക്കം ഇരുപത്തൊന്നേക്കറോളം പറമ്പും നോക്കുന്നത് രാമന്‍ നായര് തന്നെ. തെങ്ങുകയറാന്‍ കണ്ടാറുവിനെയും വാസുവിനെയും വിളിച്ചുകൊണ്ടു വരുന്നതും തേങ്ങപെറുക്കിക്കൂട്ടാന്‍ അയ്യക്കുട്ടിയെയും ജാനുവിനെയുമെല്ലാം തയ്യാറാക്കുന്നതും രാമന്‍ നായര്‍ തന്നെ.

‘എന്താ രവ്യെ.. ശാന്തേട്ത്തി ഇല്യേ ?’
‘അകത്ത് ണ്ടാവും....’

‘ങ്ഹാ.. രാമന്‍ നായര് വന്ന്വോ.. കാപ്പി കുടിച്ചട്ടാ‍ വന്നേ ..’ ശാന്തേട്ത്തി ഉമ്മറത്തേക്ക് വന്നു.

ഇനി ആ കട്ടിളപ്പടിയിലിരിക്കും. രാമന്‍ നായര്‍ തിണ്ണയിലും.
രവിക്ക് ചെറുതായി അസ്വസ്ഥത തോന്നിത്തുടങ്ങി. ഇനി കുറെ നേരം നാട്ടുകാര്യം.

‘ശാന്തേട്ത്ത്യേ.. ഇന്നലെ മ്മടെ കോന്നപ്പന്റെ മോള് ചത്തുപോണ്ടതായിരുന്നെയ്..ആ മഴേത്ത് ആടിനെ അഴിക്കാനായ്ട്ട് തോട്ടിന്റെ വരമ്പത്തൂടെ നടക്കണ്ട വല്ല കാര്യോണ്ടോ ..’
‘ഏത് നമ്മടെ വാസന്ത്യാ ?’
‘യ്ക്ക് ഓള്‍ടെ പേരറീല്ല്യ.. ഓള് ഇന്നലെ നമ്മടെ തോട്ടുവരമ്പത്തൂടെ പോവുമ്പോ വയ്ക്കിവീണൂന്നാപറേണേ.. വടക്കേലെ വേലന്റെ ചെക്കന്‍ ആ സുതന്‍ കണ്ടോണ്ട് രക്ചപ്പെട്ടു. ഓന്‍ ഓടി വന്ന്ട്ട് തോട്ട് ല്ക്ക് ചാടി ഓള്‍ടെ കാല് പിടുത്തം കിട്ട്യേ.. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടുന്ന് പറഞ്ഞാ മതീലോ..’
‘അത്യോ..അപ്പൊ ഈ വേലന്റെ ചെക്കന്‍ എന്തിനാ ആ ഭാഗത്തൂടെ നടക്കണേ ?’
‘അവന്‍ തെങ്ങ് കയറാന്‍ പോയി വരണ വഴിയല്ലേ.. ..’
‘ന്നാലും...’
‘ഏയ്.. അങ്ങന്യൊന്നൂല്യ.. ഓന്‍ നല്ലോനാ.. മ്മടെ കിഴ്ക്കോട്ത്ത് തെങ്ങ് കേറണത് അവനല്ലേ.. യ്ക്ക് അറിയില്ലേ അവനെ..’
‘രാമന്‍ നായര് ഇബടിരിക്ക്യ.. ഞാന്‍ കൊറച്ച് കാപ്പി എട്ത്ത്ട്ട് വരാം..’
ശാന്തേട്ത്തി മെല്ലെ അകത്തേക്ക് നടന്നു.
മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു.
രാമന്‍ നായര്‍ തിണ്ണയിലെ അലസമായി കിടന്നിരുന്ന പുസ്തകങ്ങള്‍ അടുക്കി വെക്കാന്‍ വ്രഥാ ഒരു ശ്രമം നടത്തി.
അതിനിടയില്‍ ‘ഗാട്ടും കാണാച്ചരടും’ താഴേക്ക് ഊര്‍ന്നിറങ്ങി.
ചോര്‍ന്നൊലിക്കുന്ന ഇറയത്ത് തന്നെ അത് കൃത്യമായി വീണു., നനഞ്ഞു.
‘കുട്ടാ..ഈ പുസ്തകം നനഞ്ഞൂലോ..’
രാമന്‍ നായര്‍ പുസ്തകവും പിടിച്ച് രവിയെ നോക്കി. പിന്നെ മണ്ണു തട്ടി അവിടെ വെച്ചു.
രവി രൂക്ഷമായി രാമന്‍ നായരെ ഒന്നു നോക്കി.
‘എല്ലാം നശിപ്പിക്കാന്‍ ഇറങ്ങിയിരിക്ക്യാ.. കാലത്തന്നെ.. ‘ താഴ്ന്ന സ്വരത്തിലെങ്കിലും രവി മുറുമുറുത്തു.
‘മഴ കൊറഞ്ഞൂന്നാ തോന്നണേ..’
രാമന്‍ നായര്‍ മെല്ലെ എഴുന്നേറ്റു. കോലായിലെ തൂണില്‍ കൊളുത്തിയിട്ടിരുന്ന കുടയെടുത്ത് കല്‍പ്പടവുകള്‍ ഒന്നൊന്നായി ചവിട്ടിയിറങ്ങി തുളസിത്തറയും കടന്ന് അയാള്‍ നടന്നു.