Friday, November 21, 2008

ജോസപ്പേട്ടന്റെ ബ്രാന്‍ഡ്

അയാളെ ഞാന്‍ കാണുന്നത് രാം പ്രസാദ് യാദവിന്റെ വടാപ്പാവിന്റെ കടയുടെ മുന്നിലാണ്. മുമ്പും പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ഇത്തവ ണ കാണുമ്പോള്‍ അയാളുടെ മുഖത്തിനൊരു ഭാവ വ്യത്യാസം. ഒരാള്‍ക്ക് എപ്പോഴും ഒരേ മുഖഭാവമായിരിക്കണമെന്നില്ലല്ലോ. അവസരത്തിനൊത്ത് മുഖഭാവം മാറുന്നവരെ ഏതു കാര്യവും വിശ്വസ്സിപ്പിച്ചേല്‍പ്പിക്കാമെന്നാണ് തോന്നിയിട്ടുള്ളത്. അയാള്‍ അല്പം വിയര്‍ത്തിരുന്നു. നെറ്റിയുടെ നടുവിലെ ആഴമുള്ള ഭാഗത്തു നിന്നും വിയര്‍പ്പ് തുള്ളികള്‍ ഉരുണ്ടുരുണ്ട് മൂക്കിലേക്കിറങ്ങാന്‍ വെമ്പി നില്‍ക്കുന്നു. പതിവു പോലെ കട്ടിക്കണ്ണാടയും വെച്ച് ബ്രിട്ടാനിയ ബിസ്കറ്റിന്റെ പരസ്യബോര്‍ഡിന്റെ ഫ്ലെക്സുകൊണ്ടുണ്ടാക്കിയ സ്ഥിരമായി കൊണ്ടു നടക്കുന്ന ബാഗുമായിട്ടാണ് അയാള്‍ അന്നും വന്നത്.

രാം പ്രസാദിന്റെ വടാപ്പാവ് ഗല്ലിയില്‍ പ്രസിദ്ധമാണ്. ഉരുളക്കിഴങ്ങ് പുഴുങ്ങി പട്ടാണിയും മസാലയും ചേര്‍ത്തുണ്ടാക്കുന്ന വട, പാവ് (ബ്രെഡി)ന്റെ അകത്ത് വെച്ച് അല്‍പം ചമ്മന്തിപ്പൊടിയും ചേര്‍ത്ത് അമര്‍ത്തി വായില്‍ വെച്ചാല്‍ അറിയാതെയങ്ങ് ഇറങ്ങിപ്പോകും. രാം പ്രസാദിന്റെ കടയില്‍ വട ചൂടോടെ തന്നെ കിട്ടും. പക്ഷേ അയാള്‍ വരുന്നത് രാം പ്രസാദിന്റെ വട വാങ്ങാനല്ല. വടയുടെ കൂടെ കൊടുക്കുന്ന പാവ് മാത്രമേ വാങ്ങു. ബേക്കറിയില്‍ നിന്നും വാങ്ങുന്നതില്‍ അയാള്‍ക്ക് വിശ്വാസക്കുറവുണ്ടായിരിക്കാം.. രാം പ്രസാദാണെങ്കില്‍ ഫ്രഷ് പാവുകൊണ്ടേ വടപ്പാവുണ്ടാക്കൂ. എന്നാലേ സാധനം ചെലവാകൂവെന്ന് രാം പ്രസാദിനു നന്നായറിയാം.

അയാള്‍ ആരാണ്‍ എന്നതിനേനാക്കാള്‍ ആരായിരുന്നു അയാള്‍ എന്നതിലാണ് എന്റെ താത്പര്യം. ഒരു വ്യക്തിയെ പരിചയപ്പെടുമ്പോള്‍ പലര്‍ക്കും അവരുടെ കുടുംബ വിശേഷത്തിലാണ് ആദ്യം താത്പര്യം ഉണ്ടാവുക. എനിക്ക് പലപ്പോഴും മനസ്സിലാവാത്ത ഒരു കാര്യമാണത്. ബന്ധുത്വത്തേക്കാള്‍ ഒരു വ്യക്തിയുടെ പൊതുസ്വഭാവമാണ് ആദ്യം കണക്കിലെടുക്കേണ്ടത്. അയാളെ ആദ്യമായി കണ്ടുമുട്ടിയപ്പോഴും സംസാരിച്ചു തുടങ്ങിയതും വ്യക്തിപരമല്ലാത്ത ഒരു സംവേദനത്തിലൂടെയായിരുന്നുവല്ലോ..

അന്നൊരു ശനിയാഴ്ചയായിരുന്നു..

വിരസമായ ഒരു ശനിയാഴ്ച രാത്രി.... നഗരത്തിലെത്തിപ്പെട്ട് അധിക നാളായിട്ടില്ല. ലക്ഷ്മി ബാറിലെ അരണ്ട വെളിച്ചത്തില്‍ ചെറിയ നുരകള്‍ പൊന്തുന്ന ലാര്‍ജ് മെല്ലെ മുത്തിക്കുടിക്കുമ്പോഴാണ്‍ മുന്നിലെ ചെയറില്‍ ഒരാള്‍ വന്നിരിക്കുന്നത്. അറുപതോടടുത്ത് പ്രായം. നീണ്ട നെറ്റി.. അരണ്ട വെളിച്ചത്തിലായതിനാല്‍ അയാളുടെ മുഖം വ്യക്തമല്ല. ഓരോരുത്തരുടെയും മുഖങ്ങള്‍ കാണേണ്ടത് ഓരോരോ വെളിച്ചത്തിലാണെന്ന് തോന്നാറുണ്ട്. ചിലപ്പോള്‍ തെളിഞ്ഞ പകല്‍ വെളിച്ചത്തില്‍, അരണ്ട നിലാവില്‍, തെളിഞ്ഞൊടുങ്ങുന്ന മിന്നല്‍ വെളിച്ചത്തില്‍, ബാറിലെ മുനിഞ്ഞുകത്തുന്ന വിളക്കുകള്‍ക്കു താഴെ....
ബെയററെ വിളിച്ച് വിരലുകൊണ്ട് എന്തോ ഒരു ആഗ്യം കാണിച്ച് അയാള്‍ മുന്നോട്ടമര്‍ന്നിരുന്നു. എന്റെ ഗ്ലാസിലേക്ക് സൂക്ഷിച്ചു നോക്കി. ഒരു നിമിഷം..
‘വോഡ്ക പരമാവധി ഡയല്യൂട്ട് ചെയ്തേ കഴിക്കാവൂ..’ പെട്ടന്നാണ് അയാളത് പറഞ്ഞത്. ഞാനൊരു മലയാളിയാണെന്നും കഴിക്കുന്നത് വോഡ്കയാണെന്നും ഇത്രപെട്ടന്ന് എങ്ങനെ ഇയാള്‍ മനസ്സിലാക്കിയെന്നായിരുന്നു എനിക്ക്. അമ്പരപ്പോടെയോ കൌതുകത്തോടെയോയെന്നറിയാതെ ഇരുന്നിരുന്ന എന്റെ നേര്‍ക്ക് അയാള്‍ കൈകള്‍ നീട്ടി.
‘ഞാന് ജോസഫ്.. ഇവിടെ അടുത്തു തന്നെയാണ് താമസം. ‘ എന്റെ കൈകളില്‍ അയാളുടെ തണുപ്പ് പടരുന്നതായി തോന്നി.

പിന്നെ ചെറിയ നിശബ്ദത.

‘വോഡ്ക പരമാവധി ഡയല്യൂട്ട് ചെയ്തേ കഴിക്കാവൂ..’ വീണ്ടും അതേ ആവര്‍ത്തനം. പക്ഷേ എന്നെയത് മുഷിപ്പിക്കുന്നില്ല. കേള്‍ക്കാന്‍ കാത്തിരുന്ന വാക്കുകളെപ്പോലെ..
പക്ഷേ..

‘ഇന്ത്യയുടെ കാലാവസ്ഥയ്ക്ക് ചേര്‍ന്നതല്ല വോഡ്ക. വോഡ്ക തണുപ്പുള്ള രാജ്യങ്ങളിലാണ് കൂടുതല്‍ കഴിക്കാറുള്ളത്. ഈയിടെയാണ് വോഡ്ക ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സജീവമായത്.... പല ബ്രാണ്ടുകളും വന്നെങ്കിലും അപൂര്‍വ്വം ചില ബ്രാണ്ടുകള്‍ക്കേ പിടിച്ചു നില്ക്കാന്‍ കഴിഞ്ഞുള്ളൂ...’ അയാള്‍ തുടരുകയാണ്. ഒരു പക്ഷേ അയാ‍ളുടെ വാക്കുകള്‍ക്ക് ആ ലാര്‍ജ് എനിക്ക് ഉപേക്ഷിക്കേണ്ടി വരുമോയെന്നു പോലും സംശയിച്ചു.

ശനിയാഴ്ച രാത്രി വോഡ്ക എനിക്ക് ഒരു ആശ്വാസമാണ്...
ശനിയാഴ്ച രാത്രി വോഡ്ക എനിക്ക് ഒരു ആശ്വാസമാണ്.. മനസ്സില്‍ പലവുരു പറഞ്ഞ് ഒറ്റ വലിക്ക് ആ ലാര്‍ജ് അവസാനിപ്പിച്ച് ഞാന്‍ ഗ്ലാസ് താഴെവെച്ചു.

അയാള്‍ ഒരു നിമിഷം മുഖത്തേച്ച് തുറിച്ചു നോക്കി. പിന്നെ ചെറുതായൊന്നു പുഞ്ചിരിച്ചു.
അയാളുടെ ലാര്‍ജ് ബെയറര്‍ കൊണ്ടുവന്നു... ബ്രാണ്ടി..അയാളതെടുത്ത് മെല്ലെ മെല്ലെ മുത്തിക്കുടിച്ചു.
‘എന്താ പേര്‍ ?’ എന്നു ചോദിച്ചപ്പോള്‍ മാത്രമാണ് ഞാനയാളോട് ഒന്നും തന്നെ പറഞ്ഞില്ലല്ലോയെന്ന് ഓര്‍ത്തത്. ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത ഒരു തെറ്റാണത്. പ്രത്യേകിച്ചും കാള്‍സെന്ററിലെ ടീം ലീഡറായ എന്നെപ്പോലുള്ളവര്‍ക്ക്. മേരി ബോയറിന്റെ കസ്റ്റമര്‍ റിലേഷന്‍സ് മാനേജ്മെന്റിന്റെ ട്രെയിനിങ് സെഷനിലെ ബെസ്റ്റ് പാര്‍ടിസിപെന്റിനുള്ള അവാര്‍ഡ് നേടിയ ഞാന്‍ മുന്നിലിരിക്കുന്ന വ്യക്തിയോട് പേരു പോലും ചോദിക്കാതിരിക്കുന്നെങ്കില്‍ എന്റെ മനസ്സിനെ കടിഞ്ഞാണിടാന്‍ എനിക്കുതന്നെ സാധിക്കാതെ വന്നിരിക്കുന്നുവെന്നല്ലേ മനസ്സിലാക്കേണ്ടത്..

‘ക്ഷമിക്കുക.. ഞാന്‍ .....’ ഞാനെന്നെ പരിചയപ്പെടുത്തിക്കഴിഞ്ഞപ്പോഴേയ്ക്കും അയാളുടെ ഗ്ലാസ് കാലിയായിരുന്നു. അയാളുടെ മുഖത്തെ മന്ദസ്മിതം മെല്ലെ എന്നിലേക്ക് പടരുന്നതായി തോന്നി... വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും ഇടയില്‍..

‘പക്ഷേ താങ്കള്‍ പറഞ്ഞത് ഒരു പക്ഷേ ശരിയായിരിക്കാം. വോഡ്കയ്ക്കു മറ്റൊരു പ്രത്യേകതകൂടിയുണ്ട്. ബ്രാണ്ടിയെപ്പോലെയോ വിസ്കിയെപ്പോലെയോ കഴിക്കുന്നതിനു മുമ്പും ശേഷവും നാസാരന്ധ്രങ്ങള്‍ക്ക് അരോചകമായ മണമില്ല....’
‘ദയവായി എന്നെ ജോസഫേട്ടന്‍ എന്നു വിളിക്കൂ. നിങ്ങളേക്കാള്‍ എത്രയോ പ്രായക്കൂടുതലുണ്ട് എനിക്ക്.. ‘ അയാള്‍ അതു പറഞ്ഞ് ചെറുതായി കണ്ണിറുക്കി.
‘ശരിയാണ് .. ഇന്ത്യക്കാര്‍ക്കുമാത്രം അവകാശപ്പെടാവുന്ന ഒരു സമസ്യയാണിത്... പ്രായത്തില്‍ കൂടുതലുള്ളവരെ പേരിന്റെ കൂടെ പലതും ചേര്‍ത്തു വിളിക്കുകയെന്നത്.. എന്തായാലും ഇനി ജോസപ്പേട്ടന്‍ എന്നേ വിളിക്കൂ..’ ...
അതൊരു വിരസമായ ശനിയാഴ്ചയല്ലെന്ന് പറയുന്നതില്‍ തെറ്റില്ല. സാധാരണ ഒരു ലാര്‍ജ്ജില്‍ അവസാനിപ്പിക്കാറുള്ള ശനിയാഴ്ചകളേക്കാള് അന്ന് മൂന്ന് ലാര്‍ജ്ജിലും കൂടുതല്‍ കഴിച്ചിട്ടും മടുപ്പുളവാവാതെ തുടര്‍ന്നുകൊണ്ടിരുന്നു. രാത്രി ഏറെ വൈകിയാണ് റൂമിലേക്ക് നടന്നത്. അപ്പോള്‍ മാത്രമാണ് ജോസപ്പേട്ടന്‍ എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്.

.നഗരങ്ങളില്‍ താമസിക്കാന്‍ ഒരു മുറികിട്ടുകയെന്നത് ചിലപ്പോഴൊക്കെ ഒരു മരീചികയാണ്. പി.ജി.(പേയിങ് ഗസ്റ്റ്) എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഫ്ലാറ്റുകളില്‍ ഒരു മുറിയില്‍ തന്നെ മൂന്നും നാലും പേരെ കുത്തിനിറക്കും. അങ്ങനെ ഒരു അക്കൊമൊഡേഷനില്‍ നിന്നാണ് എന്നെ അന്നത്തെ ഒരു രാത്രിയിലെ പരിചയത്തിന്റെ പേരില്‍ ജോസപ്പേട്ടന്‍ വെറും രണ്ടു ദിവസം കൊണ്ട് സാമാന്യം ഭേദപ്പെട്ട ഒരു സിംഗില്‍ റൂമിലേക്ക് മാറ്റിത്തന്നത്. പിന്നീട് വന്ന ശനിയാഴ്ച ജോസപ്പേട്ടന്റെ ഇഷ്ടബ്രാന്‍ഡായ ഗോല്‍ക്കൊണ്ടയുടെ ഒരു ഫുള്ള് ഞങ്ങള്‍ രണ്ടുപേരുമിരുന്ന് തീര്‍ക്കാന്‍ ഇടയാക്കിയതും ഈ ഉപകാരസ്മരണ കൊണ്ടായിരിക്കണം.

എന്നും ഒരു ചെറു പുഞ്ചിരിയോടെ മാത്രം കാണാറുള്ള ജോസപ്പേട്ടന്‍ ഇത്തവണ വീര്‍ത്തുകെട്ടിയ മുഖത്തോടെയായിരുന്നു.
‘രണ്ടു ദിവസമായി എന്തോ ഒരു അസ്വസ്ഥത... നെഞ്ചിന്‍ കൂടിനകത്ത് എന്തൊക്കെയോ ഓടി നടക്കുന്നതുപോലെ.. ‘ മുഖവുരയൊന്നുമില്ലാതെ ജോസപ്പേട്ടന്‍ പറഞ്ഞു തുടങ്ങി.
‘എന്തു പറ്റി ? ‘
‘താന്‍ കാണുന്നില്ലേ നെഞ്ചു വരെ വിയര്‍ത്തിരിക്കുന്നത്..’ അപ്പോഴാണതു ശ്രദ്ധിച്ചത്. ജോസപ്പേട്ടന്‍ ഇട്ടിരിക്കുന്ന പെപെ ജീന്‍സിന്റെ കറുത്ത ടീഷര്‍ട്ടിന്റെ പകുതിയോളം നനഞ്ഞിരിക്കുന്നത്.
‘ഇന്നെന്താ ജോഗിങിനെങ്ങാനും പോയോ ? ..’
‘ഏയ്..’
‘പിന്നെ .. ‘
‘അതുതന്നെയാണ്‍ എനിക്കും മനസ്സിലാവാത്തത്..’ ജോസപ്പേട്ടന്‍ അലസമായി പറഞ്ഞു.
‘എന്നാല്‍ ഒരു ഡോക്ടറെ കാണിക്കൂ..’
‘ഈ അലോപ്പതിയും ആയുര്‍വ്വേദമൊക്കെ കാണിച്ചാല്‍ വലിയ പൊല്ലാപ്പാണ്. നൂറുകൂട്ടം മരുന്നും പല പല ടെസ്റ്റുകളും..അതിനുമാത്രം അസുഖമൊന്നുമില്ലന്നെ.’
‘അത് ഒരു ശരിയായ തീരുമാനമല്ല. അസുഖം വരുന്നതിനു മുമ്പ് മുന്‍കരുതലെടുക്കുന്നതാണ് എപ്പോഴും ബുദ്ധി.... ശരി.. അലോപ്പതിയും ആയുര്‍വ്വേദവും ശരിയല്ലെങ്കില്‍ ഹോമിയോപ്പതിയുണ്ടല്ലോ ..’
ജോസപ്പേട്ടന്‍ തലവെട്ടിച്ച് ഒന്ന് നോക്കി.‘
‘ശരിയാണ് .. ഞാനെന്തേ അതെക്കുറിച്ച് ഇതുവരേയ്ക്കും ചിന്തിക്കാതിരുന്നത് ? ‘

വൈകീട്ട് ഹോമിയോപ്പതി ഡോക്ടറായ സുജയുടെ മുന്നില്‍ ഇരിക്കുമ്പോള്‍ ജോസപ്പേട്ടനു കുട്ടികളുടെ മുഖമായിരുന്നു.
‘പറയൂ ജോസപ്പേട്ടാ.. ക്യാ തക് ലീഫ് ഹെ..’ ഹിന്ദിയും മലയാളവും ഇടകലര്‍ത്തി ഡോക്ടര്‍ ചോദിച്ചു.
‘വലിയ പ്രശ്നമൊന്നുമില്ല.. കുറച്ചു ദിവസമായി ഇടക്കിടെ നന്നായി വിയര്‍ക്കുന്നു. നെഞ്ചിന്റെ പകുതി ഭാഗത്തു മാത്രമാണ് വിയര്‍ക്കുന്നത്. ഇതെന്തു തരം അസുഖമാണ് ഡോക്ടര്‍ ?’

സ്വാഭാവികമായ ചില ചോദ്യങ്ങള്‍. ജോസപ്പേട്ടന്റെ രണ്ടറ്റവും മുട്ടാത്ത ഉത്തരങ്ങള്‍.

‘ജോസപ്പേട്ടന്റെ ബ്രാന്‍ഡ് ഏതാ ?’ അവസാനം ഡോക്ടര്‍ ചോദിക്കുന്നത് കേട്ടു,
‘ഗോല്‍ക്കൊണ്ട ബ്രാന്‍ഡി.’
‘എന്നാല്‍ ഇനിത്തൊട്ട് അത് മാറ്റിയേക്കൂ.. അത്ര നിര്‍ബന്ധമാണെങ്കില്‍ കുറച്ചുകാലം വോഡ്ക കഴിക്കൂ..’
ഞാന്‍ ഡോക്ടറെ ഒന്നു നോക്കി.
ഡോക്ടര്‍ ചിരിച്ചുകൊണ്ട് എന്റെ മുഖത്ത് നോക്കി ചെറുതായി കണ്ണിറുക്കി.
ജോസപ്പേട്ടന്റെ ഷര്‍ട്ടിന്റെ താഴെ ഭാഗത്തും വിയര്‍പ്പു പടര്‍ന്നുകൊണ്ടിരുന്നത് നോക്കി ഞാനിരുന്നു..