Thursday, March 15, 2007

അവകാശികള്‍

നിരനിരയായി നില്‍ക്കുന്ന തെങ്ങുകളിലൊന്നിന്റെ ചുറ്റുമുള്ള പുല്‍പ്പരപ്പിലാണ് ഞാനിരിക്കുന്നത്. എന്റെ മുന്നില്‍ ചെറിയ ഓളങ്ങളിലുലയുന്ന കായലിന്റെ സ്നിഗ്ദത. മുമ്പ് ഇത് കായലിന്റെ ഭാഗമായിരുന്നില്ല. പത്തമ്പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് നെല്‍ കൃഷി നടത്തിയിരുന്നപ്പോളുള്ള ഒരു വരമ്പു മാത്രമായിരുന്നു ഞാനിരിക്കുന്ന പുല്‍പ്പരപ്പ്. അകലെയുള്ള ഒരു ബണ്ടു തകര്‍ന്ന് ഇവിടേക്കും വെള്ളം ഒഴുകിയെത്തി., കായലിന്റെ ഭാഗമായിത്തീര്‍ന്നതാണ്.

വര്‍ഷങ്ങളായി ഞാന്‍ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. ജീവിതത്തിന്റെ നല്ലതും നെറികെട്ടതുമായ ഇടവഴികളിലൂടെ ഞാന്‍ സഞ്ചരിക്കുന്നു. പലരേയും പരിചയപ്പെട്ടു., പല സ്ഥലങ്ങളും കണ്ടു. അവിടെയൊക്കെ എനിക്ക് സ്വസ്ഥത ലഭിച്ചുവോ.
ഇല്ല.
എങ്കിലും എന്റെ ഗ്രാമത്തിലേക്കു വരുമ്പോള്‍ എന്തെന്നില്ലാത്ത ഒരു ആശ്വാസം എനിക്ക് ലഭിക്കാറുണ്ട്. ഇവിടെയെത്തുമ്പോള്‍ എന്തെന്നില്ലാത്ത ഒരു നിര്‍വൃതി ഞാനനുഭവിക്കാറുണ്ട്. ഈ പുല്‍പ്പരപ്പും കായലിന്റെ ഓളങ്ങളും ഇവിടത്തെ ഓരോ മണല്‍ത്തരിയും എന്റെ സ്വന്തമാണെന്ന് എനിക്ക് തോന്നുന്നു. ഈ വിജനമായ ഇളം കാറ്റുള്ള അന്തരീക്ഷം പലപ്പോഴും എന്നെ ഉന്മേഷവാനാക്കുന്നു. വിദേശത്തുനിന്നും വര്‍ഷാവര്‍ഷമുള്ള ഇങ്ങനെയുള്ള വരവില്‍ ആരുമറിയാതെ, മൊബൈല്‍ റേഞ്ചില്ലത്ത, വിദ്യുത്ച്ഛക്തിയില്ലാത്ത എന്റെ ഗ്രാമത്തിന്റെ ഓരത്തുള്ള ഈ പുല്‍പ്പരപ്പിലേക്കുള്ള യാത്ര എപ്പോഴും എന്നെ ത്രസിപ്പിക്കുന്നതായിരുന്നു.

നിരയായുള്ള ഈ തെങ്ങുകളുടെ അവസാനത്തെ മുനമ്പിലാണ് അശോകേട്ടന്റെ ഓടിട്ട വീട്.

അശോകേട്ടനെ കണ്ടുമുട്ടിയ ദിവസം ഞാനോര്‍ക്കുകയാണ്.

എനിക്കറിയില്ലായിരുന്നു, ഈ വരമ്പിന്റെ അവസാനം ഒരു വീടുള്ളകാര്യം, വരമ്പിനു നടുവിലെ മണ്ണുമാത്രമായ ഒരു നേര്‍ രേഖയുള്ളത് അങ്ങോട്ടാണെന്നതും.

ആറേഴ് വര്‍ഷങ്ങള്‍ക്കു മുന്‍പാണെന്നു തോന്നുന്നു, എന്റെ മറ്റൊരു സന്ദര്‍ശനവേളയിലെ സന്ധ്യയുടെ ചായം കറുപ്പിനുവഴിമാറുന്ന സമയത്താണ് അപ്രതീക്ഷിതമായി മഴത്തുള്ളികള്‍ എന്റെ ആ സായാഹ്നത്തെ വികൃതമാക്കാന്‍ വന്നത്.
ചിലപ്പോള്‍ അങ്ങനെയാണ്. നമുക്ക് ആവശ്യമുള്ളപ്പോള്‍ മഴ വരില്ല, ചിലപ്പോള്‍ മടുത്താലും മാറില്ല. ഒന്നര കിലോമീറ്ററകലെയുള്ള എന്റെ വീട്ടില്‍ നിന്നും ഞാനന്ന് പോരുമ്പോള്‍ കുടയെടുത്തില്ലായിരുന്നു.

തെങ്ങോലകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുന്ന നനുത്ത പ്രകാശരശ്മികള്‍ മാത്രം.ആ സമയത്താണ് വരമ്പിലെ നേര്‍ രേഖയില്‍ ഒരു ആളനക്കം ശ്രദ്ധിച്ചത്. ധൃതിയില്‍ ഒരാള്‍ ഓടി വരുന്നു. എന്റെ മുന്നിലെത്തിയപ്പോള്‍ ഒന്നു നിന്നു. തലയിലൂടെ ഒരു തോര്‍ത്തിട്ടിരുന്നു. ഇരുണ്ട നിറം., ഏകദേശം നാല്‍പ്പത്തഞ്ചോടടുത്ത് പ്രായം വരും.
‘ങാ.. സാറായിരുന്നോ..?’ മുന്‍പ് കേട്ടിട്ടില്ലാത്ത ഒരു ശബ്ദം. വിജനമായ ഈ സ്ഥലത്ത് വന്ന് ഒരാള്‍ ഇങ്ങനെ പറഞ്ഞാല്‍ അല്പം ഭയം ആര്‍ക്കുമുണ്ടാകാം.
‘ആരാ..’ എന്റെ സ്വരം ഇടറിയിരുന്നു.
‘ഞാനാ.. അശോകന്‍..സാറിങ്ങനെ മഴകൊള്ളേണ്ട. എന്റെ കൂടെ വരൂ. മഴമാറുന്നതുവരെ വീട്ടിലിരിക്കാം.ഈ വരമ്പിന്റെ അവസാനം ..ഒരു മുന്നു മിനിട്ട് നടക്കാനേയുള്ളൂ വീട്ടിലേക്ക്..’

എനിക്ക് ചെറിയ ഒരു ആശങ്ക.
പക്ഷേ മഴ കനത്തുവരുന്നു. മഴത്തുള്ളികളുടെ ശക്തി കൂടുന്നു.
പിന്നെ നോക്കിനില്‍ക്കാനെനിക്ക് ധൈര്യമില്ല. എല്ലാം മറന്ന് ആജ്ഞാനുവര്‍ത്തിയായി ആ മനുഷ്യന്റെ പിന്നാലെ പോകുകയെന്നതുമാത്രമായിരുന്നു എന്റെ മുന്നിലുള്ള ഏക മാര്‍ഗ്ഗം.

രണ്ടു നിമിഷം നടന്നപ്പോഴാണ് അടുത്തുതന്നെ കണ്ട ഒരു ചെറിയ പൊന്തക്കാട് ശ്രദ്ധയില്‍ പെടുന്നത്. അയാള്‍ അതിനടുത്ത് ചെന്ന് ചെടികള്‍ വകഞ്ഞുമാറ്റിയപ്പോഴാണ് അവിടെ ഒരു മണ്ണെണ്ണ വിളക്ക് എരിയുന്നത് കണ്ടത്. ഈ പൊന്തക്കാടായിരിക്കാം ഇവിടെ ഒരു വീടുള്ള കാര്യം എന്നെ ഇത്രയും കാലം മറച്ചുവെച്ചത്.
‘സാറിനെ ഞാന്‍ പലപ്പോഴും കാണാറുണ്ട്. അയ്യപ്പന്‍ കാവിനടുത്തുള്ള മേയ്ക്കാട്ട് വീട്ടിലെയല്ലേ സാറ് ? ..’
‘അതെ..’ ഞാനറിയാതെ അയാള്‍ എന്റെ എല്ലാ കാര്യങ്ങളും മനസ്സിലാക്കിയിരിക്കുന്നു.
ചെറിയ ഒരു വീട്. വൈദ്യുതിയില്ലാത്തതുകൊണ്ട് മണ്ണെണ്ണവിളക്കുകള്‍ ഉമ്മറത്തും അടുക്കളഭാഗത്തും മുനിഞ്ഞ്ഞ് കത്തുന്നുണ്ട്.
ഭാര്യയും പത്താം ക്ലാസിലും എട്ടാം ക്ലാസ്സിലും പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളടങ്ങിയതാണ് അശോകേട്ടന്റെ കുടുംബം. വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്നേഹിച്ച പെണ്ണിനെ വിളിച്ചിറക്കിക്കൊണ്ടു പോരുമ്പോള്‍ നിറഞ്ഞ ശൂന്യതമാത്രമായിരുന്നു അയാളുടെ മുന്നില്‍. ഇവിടെ ആരോരുമറിയാതെ ഓലകൊണ്ടൊരു കൂടൊരുക്കി കായലിലെ കക്ക വാരിയാണ് അശോകേട്ടന്‍ ജീവിതം കരുപ്പിടിപ്പിച്ചത്.
കുട്ടികള്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലിരുന്ന് പഠിക്കുന്നു. പൊട്ടിയ തിണ്ണയില്‍ അയാള്‍ വിരിച്ച തുവര്‍ത്തുമുണ്ടില്‍ ഞാനിരുന്നു.
അശോകേട്ടന്‍ തന്ന കട്ടന്‍ ചായ മൊത്തിക്കുടിക്കുന്നതിനിടയില്‍ മഴയുടെ ശക്തി കുറഞ്ഞുവന്നു.
മഴ മാറിയപ്പോള്‍ അശോകേട്ടന്‍ എന്നെയും കൂട്ടി കവല വരെ വന്നു.
ഇങ്ങനെയും മനുഷ്യരുണ്ടോയെന്ന് ഞാന്‍ സംശയിച്ചു.
‘സാറിനി എന്നാ വരിക ?’പിരിയുമ്പോള്‍ അശോകേട്ടന്‍ എന്നോട് ചോദിച്ചു.
‘വരാം..’ എനിക്കുതന്നെ അറിയില്ല എന്നാ ഇനി വരാനാവുകയെന്ന്.
വാരിപ്പുണരുന്ന വേശ്യയായി മാത്രമേ നഗരത്തെ എനിക്ക് കാണാനാവു.
അങ്ങനെയുള്ള നഗരജീവിതത്തില്‍ ലയിച്ചാല്‍ എന്നാണ് മോക്ഷം കിട്ടുക ?

അടുത്ത തവണ വന്നപ്പോഴാണ് അശോകേട്ടനെ കൂടുതല്‍ പരിചയപ്പെടാനായത്. വരമ്പിന്റെ മറുവശത്ത് വെള്ളം കെട്ടി നിര്‍ത്തി ചെമ്മീന്‍ കൃഷി തുടങ്ങിയിരിക്കുന്നു. കായലില്‍ ചെറിയ ഓളങ്ങളില്‍ മുളംകുറ്റിയില്‍ കെട്ടിയിട്ട ചെറിയ കൊതുമ്പു വള്ളം ആടിയുലയുന്നു. അന്നത്തെ പണികഴിഞ്ഞ് വള്ളം അടുപ്പിച്ചതേയുള്ളൂ. മുഷിഞ്ഞ ഒരു തോര്‍ത്തുമുണ്ടു മാത്രമുടുത്താണ് അശോകേട്ടന്‍ വന്നത്. ചേറിന്റെ രൂക്ഷ ഗന്ധം.
‘എന്താ അശോകേട്ടാ ചെമ്മീന്‍ കൃഷിയൊക്കെ എങ്ങനെയുണ്ട് ?‘
എന്നെ നിര്‍നിമേഷനായി നോക്കി.
‘ഒന്നും പറയണ്ട സാറെ.. ഇത്തവണ ബാങ്കിന്ന് 2 ലക്ഷം ലോണെടുത്താ ഞാന്‍ ചെമ്മീന്‍ കെട്ട് തുടങ്ങിയത്. കഴിഞ്ഞ ആഴ്ച വൈറസ് ബാധ വന്ന് എല്ലാം പോയി..’ അശോകേട്ടന്റെ കണ്ണുകളില്‍ ദൈന്യതയുടെ ബഹിര്‍സ്ഫുരണങ്ങള്‍.
ഞാന്‍ പകച്ചു നിന്നു.
‘ഇനി എന്താ ചെയ്യാ..’
‘ബാങ്ക് വീടും ഈ 2 ഏക്കറ് സ്ഥലവും ജപ്തി ചെയ്യും. വേറെന്താ ചെയ്യാ..’. അശോകേട്ടന്‍ കൈ മലര്‍ത്തി.
ജപ്തിചെയ്താല്‍ അശോകേട്ടന്റെ കുടുംബം. കുട്ടികള്‍ . അവരെങ്ങോട്ട് പോകും ?. അറിയാവുന്ന തൊഴില്‍ കക്ക വാരല്‍ മാത്രമാണ്.
തിരിച്ച് വീട്ടിലെത്തിയപ്പോള്‍ എന്റെ സ്വസ്ഥത കുറച്ചെങ്കിലും നഷ്ടപ്പെടുന്നതായി തോന്നി.
പിറ്റേന്ന് കാലത്താണ് ഞാനിതേക്കുറിച്ച് അഛനോട് സംസാരിക്കുന്നത്.
‘നിനക്കെന്താ കുട്ടാ.. ആ സ്ഥലം മെയിന്‍ റോഡില്‍ നിന്നും വളരെ അകലെയാണ്. ..നീയത് വാങ്ങിയാല്‍ നിനക്കത് വില്‍ക്കാന്‍ ബുദ്ധിമുട്ടേണ്ടി വരും. അതുമല്ല ആ സ്ഥലത്തിന് വിലയും കുറവാണ്. ‘
പക്ഷേ എനിക്കെന്തോ ആ സ്ഥലത്തോട് എങ്ങുമില്ലാത്ത ഒരു അടുപ്പം തോന്നിയിരുന്നു. ഒരുപക്ഷേ, ഞാനത് വാങ്ങിയില്ലെങ്കില്‍ ബാങ്കുകാര്‍ നാളെ എന്റെ സ്വസ്ഥതയ്ക്ക് ഭംഗം വരുത്തുമെന്ന് തോന്നി. നാളെ ബാങ്കുകാര്‍ അവിടെ വേലികെട്ടിയാലോ.

നാട്ടില്‍ നിന്നും തിരിച്ചുവന്നതിനുശേഷം ഒരു സുഹ്രത്തുവഴിയായാണ് ഞാന്‍ ഈ സ്ഥലം വാങ്ങിയത്. രെജിസ്റ്ററിനു ശേഷം ഒരു വര്‍ഷത്തിനകം അശോകേട്ടനും കുടുംബവും അവിടെനിന്നും മാറിത്താമസിക്കാമെന്ന് മുദ്രപേപ്പറില്‍ എഴുതി വാങ്ങുകയും ചെയ്തിരുന്നു. പിന്നീടിതിന്റെ പേരില്‍ അച്ഛന്‍ പലവുരു എന്നോട് ദ്വേഷ്യപ്പെട്ടിരുന്നു.

കായലിനപ്പുറത്തെ ഗ്രാമത്തിലെ അമ്പലത്തില്‍ നിന്നും നനുത്ത സ്വരത്തില്‍ ‘ദേവിസ്തുതികള്‍’ ഒഴുകിയെത്തുന്നു. ചെറിയ കാറ്റ് വെള്ളപ്പരപ്പില്‍ ഓളങ്ങളുയര്‍ത്തി കടന്നുപോകുന്നു. അകലെ ഒരു മണ്തിട്ടയില്‍ വെളുത്ത ഒരു കൊക്ക് പറന്നു വന്നിരുന്നു. വണ്ണാത്തിക്കിളികള്‍ ചില്‍ ചില്‍ ശബ്ദമുണ്ടാക്കി പറന്നുപോകുന്നു. അവ തിരിച്ച് തങ്ങളുടെ കൂട്ടിലേക്കാവാം. തീറ്റ തേടി അകലങ്ങളിലേക്ക് പറന്നു പോയതാവും. കിളിക്കുഞ്ഞുങ്ങള്‍ കൂട്ടില്‍ തീറ്റയും കാത്തിരിക്കുന്നുണ്ടാവാം.

പക്ഷേ. എന്റെ മനസ്സ് ഇന്ന് വളരെ കലുഷിതമാണ്.
എന്തേ ഞാനിത്ര അസ്വസ്ഥനാവാന്‍ ?
ഒരുപക്ഷേ ഇന്നും ഇവിടേക്ക് വരുന്നതിനുമുന്‍പ് അച്ഛന്‍ ഇങ്ങനെ പറഞ്ഞതുകൊണ്ടായിരിക്കും.
‘ഇപ്പോ മൂന്നു വര്‍ഷമായില്ലേ. അയാളിപ്പോഴും ഒഴിഞ്ഞുതരാന്‍ തയ്യാറല്ല.... നീ ഇന്നെങ്കിലും അയാളെ കണ്ട് സംസാരിക്കണം.....ഞാന്‍ അത് വാങ്ങുമ്പോഴേ പറഞ്ഞതാണ്....‘
അശോകേട്ടനോട് എങ്ങനെ ഞാനിത് പറയും ?
ഇത്രയും കാലം നോക്കി നടത്തിയിരുന്ന ഈ തെങ്ങുകളും പുല്‍പ്പരപ്പും കായലോരവും ഒറ്റപ്പെട്ടുകിടക്കുന്ന വീടുമെല്ലാം ഉപേക്ഷിച്ച് അശോകേട്ടന് എങ്ങനെ ഇവിടെനിന്നും ഒഴിഞ്ഞുപോകാനാവും.. ഇതിന്റെ അവകാശം എന്നേക്കാള്‍ അശോകേട്ടനല്ലേ..
പക്ഷേ നിയമം., പിന്നെ ഞാന്‍ ഇതുവാങ്ങാന്‍ ചെലവാക്കിയ പൈസ എല്ലാം..എല്ലാം..

തെങ്ങോലകളില്‍ ചെറിയ കാറ്റ് അലസമായി തലോടുന്നു. വെളുത്ത കൊക്ക് അവിടെനിന്നും പറന്നുപോയിരിക്കുന്നു. അകലെ മേഘച്ചിന്തുകളില്‍ ചുവപ്പ് പരവതാനി വിരിച്ചിരിക്കുന്നു.

എവിടെ നിന്നോ രണ്ട് കാക്കകള്‍ തെങ്ങോലകളില്‍ വന്നിരുന്നു. അവ ‘കാ കാ’ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. നിമിഷങ്ങള്‍ക്കകം എവിടെനിന്നോ തെങ്ങോലകളില്‍ മുഴുവനും കാക്കകള്‍ ഒന്നൊന്നായി കുമിഞ്ഞുകൂടിക്കൊണ്ടിരുന്നു.
അവ എന്നെ നോക്കിയാണ് ഇങ്ങനെ ശബ്ദിക്കുന്നതെന്ന് തോന്നി. അവയുടെ സ്വരം വളരെ കാഠിന്യമുള്ളതും പരുപരുത്തതുമാണ്.അവയുടെ സ്വരം എനിക്ക് ഏറെ അലോസരമുണ്ടാക്കിക്കൊണ്ടിരുന്നു. ഒരുവേള ഞാന്‍ ചെവിപൊത്തിപ്പിടിച്ചു.
ഒരുപക്ഷേ ഞാന്‍ ഇവിടെ ഇരുന്നത് അവയ്ക് ഇഷ്ടപ്പെട്ടുകാണില്ല.
പിന്നെ മെല്ലെ എഴുന്നേറ്റ് തിരിച്ച് നടന്നു. ഇടവഴിയിലേക്കിറങ്ങുന്നതിനുമുന്‍പ് തിരിഞ്ഞു നോക്കി. കാക്കകള്‍ അവിടം വിട്ടു പോയിരിക്കുന്നു. അശോകേട്ടന്റെ വീട്ടില്‍ കത്തുന്ന മണ്ണെണ്ണ വിളക്കിനു നല്ല പ്രകാശം.