Sunday, February 24, 2008

കങ്കാരുനൃത്തം

നീലച്ചായം പൂശിയ സന്ധ്യയില്‍ കൈയൊതുക്കമില്ലാതെ ആരോ വരച്ച ചിത്രം പോലെ പ്രകൃതി മാറിയിരുന്നു. നിവര്‍ന്നും വളര്‍ന്നും തെങ്ങുകള്‍ .. കടലിനെ വിഴുങ്ങനായി ഒരു പെരുമ്പാമ്പിനെപ്പോലെ മെല്ലെ ചലിക്കുന്ന കായല്‍.. പക്ഷികള്‍ കൂടണഞ്ഞുതുടങ്ങി...
ഓര്‍മ്മകളുടെ വേലിയേറ്റത്തില്‍ ജോയിച്ചനു കരയണമെന്നു തോന്നി. നെറ്റിയിലിറങ്ങിനില്‍ക്കുന്ന ഞെരമ്പുകള്‍ കൊഞ്ഞനം കുത്തി. വളര്‍ന്നുതുടങ്ങിയ താടിയിലെ കുറ്റിരോമങ്ങളില്‍ വിരലുകളമര്‍ന്നുഴിഞ്ഞു.

സെബസ്ത്യാനോസ് പുണ്യാളന്റെ പള്ളിയില്‍ അമ്പുപെരുന്നാള്‍..
കാലത്ത് ഔസേപ്പച്ചന്റെ വീട്ടില്‍ നിന്നും തുടങ്ങിയ അമ്പാണ്. നാലുമണിക്ക് അമ്പ് കൊട്ടി ലാസറപ്പന്റെ വീട്ടില്‍ എത്തിച്ച് വൈകീട്ട് ഒന്‍പതോടെയാണ് പള്ളിയിലേക്ക് പോകുന്നത്. മണി അഞ്ചരയായിട്ടും ലാസറപ്പന്റെ വീട്ടിലെത്തിയിട്ടില്ല. അമ്പ് പിടിച്ച പ്ലേയ്റ്റിലേക്ക് ജോയിച്ചന്‍ നോക്കി. അമ്പിനൊപ്പം വെച്ച കോഴിമുട്ട പൊട്ടി മലരിലും അമ്പിലും പരന്നു കിടന്നു.
ജോയിച്ചനു ഓക്കാനം വന്നു.


ഏഴുമണിയ്ക്ക് ലദീഞ്ഞു കഴിഞ്ഞ് രൂപക്കൂടിറക്കി വെച്ചിട്ട് വേണം ജോയിച്ചനു ലൂയിആശാനുമായി ചേര്‍ന്ന് പള്ളിമുറ്റത്ത് ചവിട്ടുനാടകം കളിക്കാന്‍.
സമയം വൈകുന്നു. വേഷം കെട്ടി അവിടെ എത്തുമ്പോള്‍ ഇനി ഒത്തിരി സമയമാവും.
ലൂയിആശാനാണെങ്കില്‍ സമയത്ത് വന്നില്ലെങ്കില്‍ അലറിപ്പൊളിക്കും.

ചവിട്ടുനാടകത്തിനു ലൂയിആശാന്‍ കഴിഞ്ഞേ കരയില്‍ വേറെ ആരുമുള്ളൂ.
ഓരോ സ്റ്റെപ്പിനും ഓരോ അര്‍ത്ഥങ്ങളുണ്ടെന്ന് ലൂയിആശാന്‍. തനിക്കിതുവരെയും അതൊന്നും മനസ്സിലായിട്ടില്ലല്ലോയെന്ന വ്യഥയാണ് മാറ്റി ചിന്തിപ്പിച്ചുതുടങ്ങിയത്.
ലൂയിആശാനിടുന്ന വേഷത്തിനു യാതൊരു പ്രസക്തിയുമില്ല. അഥവാ അതു, തന്റെ സാന്നിധ്യം ഇല്ലായ്മചെയ്യുന്നുവെന്ന് ജോയിച്ചനു തോന്നുകയും ചെയ്തു.
വേഷത്തിലൊരു മാറ്റം.
ചുവന്ന അങ്കിയും പോര്‍ച്ചുഗീസ് തൊപ്പിയും വെച്ച് ലൂയിആശാന്‍ അരങ്ങിലാടുമ്പോളുള്ള ചന്തം പലര്‍ക്കും അലോസരമായിത്തുടങ്ങിയെന്ന് ശീമോന്റെ ഷാപ്പില്‍ നിന്നാണ് ജോയിച്ചന്‍ മനസ്സിലാക്കുന്നത്. പക്ഷേ കഴിഞ്ഞ മൂന്നു വര്‍ഷമായി ഓരോ പെരുന്നാള്‍ക്കും ജോയിച്ചന്‍ വേഷത്തില്‍ ചെറിയ മാറ്റവുമായി വന്നു നില്‍ക്കുമ്പോഴെല്ലാം ലൂയിആശാന്‍ ജനമദ്ധ്യത്തില്‍ നിന്നു തന്നെ ജോയിച്ചനെ വഴക്കുപറഞ്ഞോടിക്കും.
ഇത്തവണയെങ്കിലും അത് മാറ്റണം.
ഒന്നു രണ്ടു തവണ ലൂയിആശാനോടിത് പറഞ്ഞു.
‘അങ്ങനെങ്കി നീയാ നടത്തിക്കോ..നുമ്മക്ക് പറ്റില്ല..’ എന്ന് ഒഴിഞ്ഞു മാറും.
പക്ഷെ.. ചവിട്ടുനാടകത്തിനു ലൂയിആശാനില്ലെങ്കില്‍ ജനമുണ്ടാവില്ലെന്ന സത്യത്തിനുമുന്നില്‍ ജോയിച്ചന്‍ മുട്ടുകുത്തും. ലൂയിആശാന്റെ കളിക്കേ മരത്തട്ട് പൊളിയൂവെന്നു നാട്ടുകാര്‍ക്ക് കണിശം.

‘ഡാ ജോയേ.. നുമ്മ വികാര്യച്ചന്‍ നെന്നെ അന്വേഷിച്ച് നില്‍ക്ക്ണ്ടല്ലോ..’ ലാസറപ്പന്റെ വീട്ടില്‍ അമ്പ് കയറ്റി പ്രാര്‍ത്ഥനയും കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് കപ്യാര് ജെയ്മി ഓടിവന്ന് അത് പറയുന്നത്.

‘എന്താ കാര്യം ?’
‘അച്ചന്‍ അത്യാവശ്യായ്ട്ട് ചെല്ലാന്‍ പറഞ്ഞു..’

ജോയിച്ചന്‍ ഓടിച്ചെല്ലുമ്പോള്‍ അച്ചന്‍ കുശിനിയുടെ വരാന്തയില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്.

‘അച്ചോ..’
‘നീ വന്നാ ..ജോയിച്ചാ... നുമ്മ ലൂയി ആശാനെ ഇതുവരെയും കണ്ടില്ലല്ലോ..’
‘ഞാന്‍ കൊറച്ച് നേര്‍ത്തെ ശീമോന്റെ ഷാപ്പീന്ന് എറക്കി പള്ളീല്‍ക്ക് പറഞ്ഞ് വിട്ടതാണല്ലോ..’
‘എന്നിട്ടിതു വരെ ഇവിടെ എത്താണ്ട്...’
‘ഞാനൊന്ന് പോയിട്ട് നോക്കീട്ട് വരാമച്ചോ..’
‘നീയിനി നോക്കാനൊന്നും പോണ്ട..’
‘പിന്നെ.. നാടകം കളിക്കാന്‍ ലൂയിആശാന്‍ വേണ്ടേ..’
‘ഇപ്രാവശ്യം നീയ്യ് തന്നെ കളിയ്ക്ക് നാടകം..’

അച്ചന്‍ പെട്ടന്നത് പറയുമെന്ന് ഒരിക്കലും കരുതിയില്ല.

പലപ്പോഴായി പാടിയ നാടകത്തിലെ പാ‍ട്ടുകള്‍ ഓര്‍ത്തെടുക്കാന്‍ വെറുതെയൊരു ശ്രമം നടത്തി. തമിഴും മലയാളവും ഇടകലര്‍ന്ന ഭാഷയാണ്. ലൂയിആശാനു എല്ലാ പാട്ടും മനപ്പാഠമാണ്. താനും എല്ലാം പഠിച്ചിട്ടുണ്ടെങ്കിലും തമിഴ് പേശലൊന്നും ഇന്നും കൃത്യമല്ലെന്ന് ജനത്തിനറിയാം.
ബാന്‍ഡുകാരുടെ അടുത്ത് ചെന്ന് ‍ നിര്‍ദ്ദേശങ്ങള്‍ കൊടുത്തു തിരിച്ചു വരുമ്പോഴാണ് ടെസിയെ കണ്ടത്.
ഇരുട്ടില്‍ ശ്വാസങ്ങള്‍ കൂട്ടിമുട്ടിയപ്പോള്‍ നെഞ്ചൊന്നു പിടച്ചു. കുട്ടിക്കൂറയുടെ മണത്തില്‍ പൊതിഞ്ഞ് അവളും അനിയത്തി ലിസിയും ലദീഞ്ഞിനു പാടാനുള്ള വരവാണ്.
അവള്‍ കടന്നുപോയിട്ടും കുട്ടിക്കുറയുടെ മണം അവിടെ പരന്നു കിടന്നു. അതിന്റെ ഉദ്ദീപനത്തില്‍ ജോയിച്ചന്‍ ഒരു നിമിഷം നിന്നു.

വേഷഭൂഷാദികളണിയാന്‍ മണിമുറിയില്‍ കയറിയപ്പോഴാണ് ജോയിച്ചനതുമനസ്സിലായത്. ശൂന്യമായ ഷെല്‍ഫുകള്‍..

‘അച്ചോ.. കോപ്പൊന്നും കാണാനില്ലല്ലോ.. ‘ ജോയിച്ചന്റെ ശബ്ദത്തില്‍ നിലവിളി കലര്‍ന്നിരുന്നു.

‘നീ ഒള്ളതോണ്ട് വെച്ച് കളിക്ക് ജോയിച്ചാ..‘
‘ഒന്നും ഇല്ല അച്ചോ.. ‘
‘എന്നാ കളിക്കണ്ട..’

അതു ശരിയാവില്ല. നാടകം കളിച്ചില്ലെങ്കില്‍ പുണ്യാളന് ദ്വേഷ്യം വരും. . നാടിനു ആപത്തും. വസൂരി പടര്‍ന്നുപിടിക്കും. കൂടുതുറക്കലു കഴിഞ്ഞാല്‍ തട്ടില്‍ കയറിയേ പറ്റൂ.

ഇനി സമയമധികമില്ല. നെഞ്ചിലൊരു കൊള്ളിയാന്‍ മിന്നി.

ജോയിച്ചന്‍ രൂപക്കൂടിനു മുന്നില്‍ ചെന്നു നിന്നു.

കാലുകള്‍ പിന്നിലേക്കണച്ചു പിടിച്ച് വെളുത്ത ഒരു തുണിമാത്രമരയില്‍ ചുറ്റി, നിണമുതിരുന്ന നെഞ്ചോടെ, സെബസ്ത്യാനോസ് പുണ്യാളന്‍ ജോയിച്ചനെ നോക്കി ചെറുതായി പുഞ്ചിരിച്ചു. ജോയിച്ചന്റെ കണ്ണുനിറഞ്ഞു.

പിന്നെ, മെല്ലെ മണിമുറിയിലേക്ക് നടന്നു. ഇട്ടിരുന്ന ഷര്‍ട്ട് ഊരി. മുണ്ടെടുത്ത് കോണകം പോലെ ചുറ്റി. കത്തിക്കരിഞ്ഞ് ബാക്കിവന്ന കുന്തിരിക്കത്തിന്റെ ചാരമെടുത്ത് ദേഹത്തു ചില അടയാളങ്ങളിട്ടു. മുഖത്തും തേച്ചുപിടിപ്പിച്ചു.
ബാന്‍ഡ് സെറ്റുകാര്‍ ആദ്യ ഗാനമാലപിച്ചു.
താളം മുറുകി. ജോയിച്ചന്‍ ധൃതിയില്‍ മോണ്ടകത്തിലേക്ക് ചെന്നു. തട്ടിലേക്ക് മെല്ലെ കയറി നിന്നു.
എല്ലാവരും സൂക്ഷിച്ചു നോക്കി. ചിലര്‍ ആരാധനയോടെയും മറ്റു ചിലര്‍ അത്ഭുതത്തോടെയും.
ചിലര്‍ ആര്‍പ്പുവിളിച്ചു.
ഒരു വശത്തു നിന്നു ജോയിച്ചന്‍ പാടിത്തുടങ്ങി.
കാലുകള്‍ നിലത്തെറിഞ്ഞു. മെല്ലെ തുഴഞ്ഞു നീങ്ങി. ചന്തിപിന്നിലേക്കു തള്ളി,കാല്‍ മുട്ടുകള്‍ ത്രസിച്ചു നിന്നു.
ജനം ആര്‍ത്തുവിളിച്ചു.

‘നിന്തിരു മുഖം വിയര്‍ത്തു നിണത്താല്‍....‘

അടുത്ത പാട്ടിലേക്ക് കടന്നു. തട്ടില്‍ ജോയിച്ചന്റെ കാലടികല്‍ ഉടഞ്ഞുവീണു.
ഒരു വേള, സദസ്സിലിരുന്നു ലൂയിആശാനും കയ്യടിക്കുന്നതു കണ്ടു...
തട്ടില്‍ ആഞ്ഞുചവിട്ടി.
കടലൊന്നിളകി.
അകലെ കടലിന്റെയും ആകാശത്തിന്റെയും നീലകള്‍ തമ്മിലിടഞ്ഞില്ലാതായി.
മിന്നി നിന്നിരുന്ന നക്ഷത്രങ്ങളില്‍ നിന്നും ചില കഷണങ്ങള്‍ അടര്‍ന്നു താഴേയ്ക്ക് വീഴുന്നതായി ജോയിച്ചന്‍ കണ്ടു.
അതിലൊന്നില്‍ ചെറിയ വഞ്ചി. കടലിന്റെ തീരത്തു മെല്ലെ അതു വന്നിറങ്ങി. അതില്‍ നിന്നും രണ്ടു മാലാഖമാര്‍ ഇറങ്ങിവന്നു. നിലം മുട്ടുന്ന വെളുത്ത ഉടുപ്പാണവര്‍ ഇട്ടിരിക്കുന്നത്. രണ്ടു പേരുടെയും തലയില്‍ ചെറിയ വെളുത്ത കിരീടങ്ങളുണ്ട്. വെള്ളാരം കണ്ണുകള്‍ക്കു താഴെ മൂക്കിനും ചുണ്ടിനുമിടയിലെ നനുത്ത രോമങ്ങള്‍ പോലും വ്യക്തമായി കണ്ടു.
മാലാഖമാര്‍ നടന്നുവന്ന് ടെസിയെ കോരിയെടുത്ത് വഞ്ചിയില്‍ വെച്ചു.
കരിയിലകള്‍ പറന്നുയര്‍ന്നു. വഞ്ചി നീങ്ങുന്നതിനു മുമ്പ് ടെസ്സി, കുട്ടിക്കൂറയുടെ ഒരു ഡപ്പിയെടുത്ത് ജോയിച്ചനു നേര്‍ക്ക് എറിഞ്ഞു കൊടുത്തു.
കടലിരമ്പി..
മാലാഖമാര്‍ക്ക് ധൃതിയുണ്ടായിരുന്നു. അവര്‍ തുഴയെറിഞ്ഞു.... അകന്നകന്നു പോയി..
ആരവങ്ങള്‍ ഉച്ചസ്ഥായിലായി. ഭൂമിയുടെ വിസ്താരം കുറഞ്ഞു വരുന്നതായി ജോയിച്ചനു തോന്നി. തട്ട് ധൂളികളായി രൂപാന്തരം പ്രാപിക്കുന്നതും...
സ്വന്തം കുഞ്ഞിനെ ഉദരസഞ്ചിയിലേക്കാകര്‍ഷിക്കുന്ന ഒരു കങ്കാരുവിനെപ്പോലെ..
കടല്‍.
ആകാശത്തുനിന്നും ഒരു വെള്ളിടി ഇറങ്ങിവന്നു.
ജോയിച്ചനെ കോരിയെടുത്തു.

* * * * * * * * * * * * * * * * * * * * * * * * * * * * * * * ** *

ഇന്ത്യാവിഷന്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍ ദേവദാസിന് ഇതു വിശ്വസിക്കാനേ കഴിഞ്ഞില്ല. സംഭവസ്ഥലത്തെത്തുമ്പോള്‍ മറ്റു ചാനലുകളുടെ ഓബിവാനുകളൊന്നും എത്തിയിട്ടില്ലെന്ന ആശ്വാസത്തിലായിരുന്നു ദേവദാസ്.
കുറച്ചു മാറി പോലീസ് തീര്‍ത്ത വലയത്തിനപ്പുറത്ത് ജനം തിക്കി ത്തിരക്കി.
‘ഇത്രയും ജനങ്ങളുണ്ടായിട്ടും ഇങ്ങനെയൊരു സാധ്യതയെക്കുറിച്ച് മനസ്സിലാക്കതെ പോയതില്‍ എന്തു വിശദീകരണം നല്‍കും ?’ കാമറാമാന്‍ ഒകെ പറഞ്ഞപ്പോള്‍ ദേവദാസ് ഡെപ്യൂട്ടികളക്ടറോട് ചോദിച്ചത് ഇപ്രകാരമായിരുന്നു.
‘പ്ലീസ്.. നോ കമന്റ്സ് നൌ..’ ഡെപ്യൂട്ടികളക്ടര്‍ കോമളവല്ലി നിര്‍വ്വികാരമായി ഒഴിഞ്ഞു മാറി.
ദേവദാസ് പെട്ടന്നു തന്നെ കാമറയിലേക്ക് ദൃഷ്ടികളൂന്നി ഇങ്ങനെ തുടര്‍ന്നു.
‘ഇന്നു രാവിലെയാണ് ഏവരെയും ഞെട്ടിച്ച ഈ സംഭവം നടക്കുന്നത്. കളമശ്ശേരി വരെ നീളുന്ന പുതിയ റോഡിനു സ്ഥലമെടുക്കാനായി അതിരാവിലെ തന്നെ ഈ പ്രദേശത്ത് പോലീസും ഡെപ്യൂട്ടികളക്ടറും ജെസിബിയുമടങ്ങുന്ന സംഘം എത്തിച്ചേര്‍ന്നിരുന്നു. വടുതല സെന്റ്. സെബാസ്ത്യാന്‍സ് പള്ളിയുടെ തൊട്ടടുത്തു കിടക്കുന്ന ചിറമ്മല്‍ ഔസേപ്പച്ചന്റെ വീട്ടിനോട് ചേര്‍ന്നുള്ള ഒറ്റമുറിയില്‍ ചങ്ങലയില്‍ ബന്ധിച്ചിരുന്ന മാനസിക രോഗിയായിരുന്ന ജോയിച്ചന്‍ കിടന്നിരുന്ന മുറി ജെസിബി കൊണ്ട് തകര്‍ക്കുകയായിരുന്നു . ജോയിച്ചന്‍ തല്‍ക്ഷണം മരിച്ചു. മൃതദേഹം ചോരയില്‍ കുളിച്ച് അവിടെ തന്നെ കിടക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരെല്ലാം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
തുരുമ്പിച്ച കുട്ടിക്കുറയുടെ ഒരു ടിന്‍, മൃതദേഹത്തിന്റെ ചുരുട്ടിപീടിച്ച കയ്യില്‍ നിന്നും പോലീസിന് വേറ്പെടുത്തേണ്ടി വന്നു....'

33 comments:

asdfasdf asfdasdf said...

നീലച്ചായം പൂശിയ സന്ധ്യയില്‍ കൈയൊതുക്കമില്ലാതെ ആരോ വരച്ച ചിത്രം പോലെ പ്രകൃതി മാറിയിരുന്നു. .....
പുതിയ പോസ്റ്റ്.

Kaithamullu said...

ഇതാ കാലികമായ പ്രമേയത്തോടെ ഒരു കഥ.
തികച്ചും വ്യത്യസ്ഥം!

മേന്‍‌ന്നേ, കലക്കീ!

Anonymous said...

മേനോന്‍ സാറെ..... ഇതു കൊള്ളാം... ഒരു വെറൈറ്റി ആയി....

Anonymous said...

ഇത്യാവിഷന്‍ എന്നു തുടങ്ങുന്ന ഭാഗം ഒന്നു ചെറുതാക്കി കാര്യമാത്രപ്രസക്തമാക്കിയാല്‍ എരമ്പും മേന്നെ...

asdfasdf asfdasdf said...

പ്രിയ അനോനി, താങ്കളുടെ അഭിപ്രായത്തിനു നന്ദി. മാറ്റിയിട്ടുണ്ട്.
ക്രിയാത്മക നിര്‍ദേശങ്ങള്‍ തന്ന ശശിയേട്ടനു നന്ദി.

പൊറാടത്ത് said...

മനസ്സിലാവാഞ്ഞോണ്ട് ചോദിയ്ക്ക്യാ.. ഇതെന്താ സാധനം..??

വല്ല വ്യക്തിഹത്യയുമാണെങ്കില്‍... ഞാനാ വഴിയ്ക്കേ ഇല്ലാ...

ദിലീപ് വിശ്വനാഥ് said...

കഥയില്‍ ഒരു വ്യത്യസ്ഥത ഫീല്‍ ചെയ്യുന്നുണ്ട്. നല്ല പ്രമേയം.

വേണു venu said...

കഥ വ്യത്യസ്തമല്ല.ക്രാഫ്റ്റിലെ വെത്യസ്തത ശ്രദ്ധിച്ചു.പേരും കഥയും വെത്യസ്തത പുലര്‍ത്തുന്നു. പ്രമേയത്തിലെ പുതുമയും കഥകൃത്തിന്‍റെ നല്ല ശ്രമവും ശ്രദ്ധേയമാകുന്നു.:)

Ziya said...

നല്ല കഥ!
നല്ല ഫീല്‍.......

സൂര്യോദയം said...

കൊള്ളാം.. നല്ല ശ്രമം... :-)

സുല്‍ |Sul said...

മേന്നേ
കഥ ഞെട്ടിച്ചു.
-സുല്‍

krish | കൃഷ് said...

വ്യത്യസ്തം.

ശ്രീ said...

നന്നായി,മേനോന്‍ ചേട്ടാ.
:)

കുറുമാന്‍ said...

കഥ വായിച്ചു.

എന്തോ എനിക്കത്രക്കങ്ങട് കത്തീട്ടില്യ മേന്നെ.

Mubarak Merchant said...

അവസാനത്തെ കൂട്ടിച്ചേര്‍ക്കല്‍ വായിച്ചപ്പോള്‍ കഥയിലെ കഥ മനസ്സിലായി. നന്നായി മേനോന്‍.

Unknown said...

good attempt
(എനിക്കു കുറേയൊന്നും മനസ്സിലായില്ല)
മേനോന്‍ ചേട്ടന്റെ കൊഴപ്പല്ല..എന്റെ കൊഴപ്പാ.

Unknown said...

സന്തോഷ് എച്ചിക്കാനത്തിന്റെ “കോമാലയ്ക്കു” ശേഷം ദൃശ്യമാധ്യമ ലോകത്തെ തികച്ചും വായനാനുഭവമാക്കി മാറ്റിയ ഒരു രചന.. ദൃശ്യമാധ്യമ ലോകത്തു നിന്നു തന്നെയാണ് ഞാനിതു പറയുന്നതും. ശക്തമായ രചന, ഭാഷ, അവതരണം.... ആശംസകള്‍ മാഷേ.. ഇനിയും വരും പച്ചക്കുതിരയുടെ ലോകത്തേക്ക്.....

Jayesh/ജയേഷ് said...

ഇത് വായിച്ചപ്പോള്‍ ലന്തന്‍ ബത്തേരിയിലെ ലുതിനിയകള്‍ ഓര്‍ മ്മ വന്നു....മേനോന്‍ സാറേ..കിടുക്കി ട്ടോ...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ട്വിസ്റ്റും കഥയും കലക്കി... ഞെട്ടിച്ചു...

ഓടോ: ലദീഞ്ഞ് എന്നാലെന്താ?

P Das said...

നന്നായി മേനോന്‍‌ജി.. ചാത്തന്‍ പറഞ്ഞ പോലെ ഞെട്ടിച്ചു :)

G.MANU said...

നന്നായി മാഷേ

asdfasdf asfdasdf said...

കുട്ടിച്ചാത്താ.. ലദീഞ്ഞ് എന്നാല്‍ പള്ളികളില്‍ ചെല്ലുന്ന ഒരു പ്രാര്‍ത്ഥനയാണ്. പ്രത്യേകിച്ചും പുണ്യവാന്മാരെ പൂജിക്കുന്ന പ്രാര്‍ത്ഥന. ഇതിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമൊന്നും നമുക്ക് വലിയ പിടുത്തമില്ല. അറിവുള്ളവര്‍ പറയട്ടെ.
പുടയൂര്‍.. സന്തോഷിന്റെ കൊമാല എനിക്ക് ഏറെ ഇഷ്ടപ്പെട്ട കഥയായിരുന്നു. മുമ്പ് ആ കൃതിയെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് ഇവിടെ കൊടുത്തിരുന്നു. (http://samaantharam.blogspot.com/2007/06/blog-post_05.html) .
മൂലമ്പിള്ളിയിലെ കുടിയിറക്ക് പ്രശ്നത്തെ, പൂട്ടിയിട്ടിരിക്കുന്ന ഒരു മനോരോഗിയുടെ നിസ്സഹായാവസ്ഥയാണ് ഞാനിവിടെ സംവദിക്കാന്‍ ശ്രമിച്ചത്. കമന്റ് ഇട്ട പലര്‍ക്കും വാര്‍ത്തയോട് ചേര്‍ത്ത് വായിക്കാന്‍ സാധിക്കാതിരുന്നത് സമകാലിക മലയാളി മനസ്സിന്റെ വൈചിത്ര്യം എന്നേ പറയാനാവൂ.
ജയേഷ്.. ലന്തന്‍ബത്തേരിയിലെ ലുത്തനിയകള്‍ ഞാന്‍ വായിച്ചിട്ടില്ല. :)

നിര്‍മ്മല said...

തികച്ചും പ്രതീക്ഷിക്കാത്ത അന്ത്യം. ഒരു നെടുവീര്‍പ്പോടെ - ജോയിച്ചന്റെ അന്ത്യം ഓര്‍ത്ത്.

ഉപാസന || Upasana said...

മേനോനെ

ഇത് എല്ലാവര്‍ക്കും സാ‍ാധിക്കാത്ത രീതിയിലുള്ള ഒരു നല്ല എഴുത്താണ്.

ഈ കഥയുടെ പ്ലസ് പോയന്റ് ആയി ഞാന്‍ നിരീക്ഷിക്കുന്നത് ചവിട്ടുനാടകത്തിന്റെ സാന്നിധ്യം ആണ്.
ചവിട്ട് നാടകത്തിന്റെ പ്ലാറ്റ്ഫോമിലാണ് ഈ കഥ മേനോന്‍ പറഞ്ഞിരിക്കുന്നത്. എക്സലന്റ്..!!!

പ്രമേയം തന്നെ പുതിയത്. അവസാനം ചാനലിന്റെ പാര്‍ട്ട് കൊടുക്കാതിരുന്നാലും കൊള്ളാം. സമകാലികാലികമായി ബന്ധിപ്പിക്കാത്തപ്പോഴാണ് കൂടുതല്‍ മിഴിവ് എന്റെ അഭിപ്രായത്തില്‍..!

പക്ഷേ അവസാന പാര്‍ട്ട് വായിച്ചാലേ ആദ്യത്തെ പാര്‍ട്ട് ന്റെ പൊരുള്‍ മനസ്സിലാകൂ. പക്ഷേ അത് കഥയുമായി ഇഴുകിച്ചേരാത്തിടത്തോളം സെപറേറ്റ് പാര്‍ട്ട് ആയി കൊടുക്കുന്നതാണ് നല്ലത് (കുട്ടന്‍ മേനോന്‍ ചെയ്തതും അത് തന്നെ). ബ്ലോഗില്‍ ഇടുമ്പോള്‍ രണ്ടും വായിച്ച് മനസ്സിലാക്കാം. മറ്റേതെങ്കിലും മാധ്യമത്തിലേക്ക് അയച്ചു കൊടുക്കുകയാണെങ്കില്‍ അവസാന പാര്‍ട്ട് അവര്‍ എങനെ സ്വീകരിക്കുമെന്ന കാര്യത്തില്‍ എനിക്ക് ആശയക്കുഴപ്പമുണ്ട്.

ചവിട്ടു നാടകം കളി ഏതാ..?
കാറല്‍മാന്‍ ആണോ.

കളിയേക്കുറിച്ച് കുറച്ച് കൂടെ വിവരിക്കാമായിരുന്നു.
ഞാന്‍ ഉദ്ദേശിച്ചത് ഒരു പാട്ടിന്റെ നാലഞ്ച് വരിയെങ്കിലും എഴുതാമായിരുന്നു. വേഷ്വിധാനങ്ങള്‍ ഒക്കെ നന്നായി പറഞ്ഞു.
ആശംസകള്‍..!
:-)
എന്നും സ്നേഹത്തോടെ
ഉപാസന

ഓ. ടോ: എന്‍.എസ്.മാധവന്റെ “ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍” എന്ന നോവലിനെ ഓര്‍മിപ്പിച്ചു. അതില്‍ ചവിട്ടുനാടകത്തെ കുറിച്ച് എല്ലാം ഡിറ്റയില്‍ഡ് ആയി ഉണ്ട്.
ഞാന്‍ കാശ് കൊടുത്ത് വാങ്ങിയ പുസ്തകം എന്റെ വീട്ടില്‍ നിന്ന് ആരോ വായിക്കാന്‍ വാങ്ങിക്കൊണ്ട് പോയിട്ട് അത് മിസ്സായി..! ഇനി വേറെ വാങ്ങണം..

ഒരു നോവല്‍ എങ്ങിനെയായിരിക്കും എന്നൊക്കെ ഒരാള്‍ക്ക് എന്തെങ്കിലും സങ്കല്പങ്ങളുണ്ടെങ്കില്‍ അത്തരം സങ്കല്‍‌പങ്ങളെയൊക്കെ മാറ്റിമറിച്ച നോവലാണ് അത്. അത് മിസ്സായത് എനിക്ക് സഹിക്കണില്ല മേന്‌നെ.
:-)))

എതിരന്‍ കതിരവന്‍ said...

കഥ കാര്യവും കാര്യം കഥയുമാകുന്ന കഥ. നല്ല ക്രാഫ്റ്റ്.
ഒരാല്‍ കഥയെഴുതിക്കഴിഞ്ഞ് “അതില്‍ ഇങ്ങനെ ചേര്‍ക്കുന്നത് നന്നായിരിക്കും” എന്ന് വേറൊരാള്‍ പറയുന്നതിനോ‍ാട് അത്ര യോജിപ്പില്ല. എന്നാലും ഇവിടെ രണ്ടൂ ഖണ്ഡങ്ങള്‍ തമ്മില്‍ യോജിക്കാന്‍ ഒരു വാചകം-“തുരുമ്പിച്ച ഒരു കുട്ടിക്കുറാ ടിന്‍ ചുരുട്ടിപീടിച്ച കയ്യില്‍ നിന്നും പോലീസിന് വേറ്പെടുത്തേണ്ടി വന്നു” എന്ന് എഴുതിയാലോ എന്നാലോചിച്ചതിനു ക്ഷമിക്കണേ.

ഇട്ടിമാളു അഗ്നിമിത്ര said...

അവസാനത്തെ മലക്കം മറിച്ചില്‍ പ്രതീക്ഷിച്ചില്ലാട്ടൊ.. :)

വിഷ്ണു പ്രസാദ് said...

മേനോനേ,വായിക്കാന്‍ വൈകി.കഥ ഉഷാറായിട്ടുണ്ട്.ഒരു കാലിക പ്രശ്നത്തോട് ഈ വിധം പ്രതികരിക്കാന്‍ തോന്നിയ താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍...

സജീവ് കടവനാട് said...

ആദ്യഭാഗത്തിന് ലന്തന്‍‌ബത്തേരിയിലെ ലുത്തിനിയകളോട് വളരെ സാമ്യം.

asdfasdf asfdasdf said...

കിനാവേ, ലൂയി ആശാനെന്ന കഥാപാത്രം ലന്തന്‍ബത്തേരിയെന്ന കഥയില്‍ ഉണ്ടെന്ന് കഴിഞ്ഞ ദിവസം നിര്‍മ്മല ചേച്ചി പരഞ്ഞാണറിഞ്ഞത്. പള്ളുരുത്തിയിലെ ഇന്നും ജീവിച്ചിരിക്കുന്ന ചവിട്ടുനാടകകാരനായ(കലാകാരന്‍ മാത്രമല്ല, മനസ്സില്‍ മുഴുവന്‍ ചവിട്ടുനാടകമാണ് ലൂയിആശാനു. ഇന്ന് കടത്ത് വള്ളമാണ് ഉപജീവനമാര്‍ഗ്ഗം) ലൂയി ആശാനായിരുന്നു എന്റെ മനസ്സില്‍. പേരു മാറ്റാതെ ഇട്ടത് ഇങ്ങനെ ഒരു പുലിവാലാവുമെന്ന് അറിഞ്ഞില്ല. :)

സജീവ് കടവനാട് said...

യ്യോ, പുലിവാലായെന്നാരാ പറഞ്ഞേ? ഇതിലെ ലൂ‍യി ആശാനും കൊച്ചിക്കാരന്റെ ചവിട്ടുനാടക കമ്പവും മാലാഖയുമൊക്കെ ആ കഥയിലേക്കൊരു ലിങ്കു തരുന്നുണ്ട്. ഉപാസനയുടെ കമന്റ് ഞാന്‍ കണ്ടുമില്ല.

ശ്രീവല്ലഭന്‍. said...

കഥ വളരെ ഇഷ്ടപ്പെട്ടു. കഥയുടെ ക്ലൈമാക്സ് ഒട്ടും പ്രതീക്ഷിച്ചതല്ല :-)

Gopan | ഗോപന്‍ said...

പ്രതീക്ഷിക്കാത്ത അന്ത്യം മേന്‍ന്നേ,
കഥ നന്നായി ആസ്വദിച്ചു..

Unknown said...

തികച്ചും പ്രതീക്ഷിക്കാത്ത അന്ത്യം.