ഉറങ്ങാന്‍ കിടന്നപ്പോള്‍ കൊച്ചുത്രേസ്യക്ക് ദേഹമാസകലം നല്ല വേദന. ചെറിയ പനിക്കോളുണ്ട്. തലേന്ന് മഞ്ഞ് കൊണ്ടതിന്റെയാണ്. പുതുവര്‍ഷത്തിന്റെ പാതിരക്കുര്‍ബാനയ്ക്ക് എല്ലാക്കൊല്ലവും സെലീന കൊച്ചുത്രേസ്യയെയും കൊണ്ട് പോകാറുള്ളതാണ്. ആ മഞ്ഞത്ത് സ്കൂള്‍ ഗ്രൌണ്ടിനപ്പുറത്തുള്ള കപ്പേളവരെ മെഴുകുതിരിയും പിടിച്ചുള്ള പ്രദക്ഷിണം. സെലീന സ്പെഷലായി കൊമ്പന് പ്രാഞ്ചിയുടെ മെഴുതിരി കമ്പനിയില്‍ പറഞ്ഞുണ്ടാക്കിയ ഒരു മുട്ടന്‍ തിരിയുമായാണ് പോകുന്നത്.
‘ഔ.. എന്താ സെലീനേട്ത്ത്യാര്‍ടെ ഒരു നെഗളിപ്പ്.. കൊച്ചുത്രേസ്യപ്പുണ്യാള്ത്തീനെ താഴ്ത്തെറക്കി വെച്ച പോലീണ്ട്. ..’ കണ്ണുകാണാന്‍ വയ്യെങ്കിലും നാലാള് കേള്‍ക്കെ പൂത്തോക്കാരന്‍ ചേറ്വേട്ടന്‍ അത് പറയുമ്പോള്‍ സെലീന ഒന്നുകൂടി നിവര്‍ന്ന് നടക്കും.
സെബസ്ത്യാനോസ് പുണ്യാളന്റെ അമ്പ് പെരുന്നാളിന് ചേറൂവേട്ടന് സെലീനയുടെ വക കനം കുറഞ്ഞ ഒരു കൊല നേന്ത്രക്കായ. കൊച്ചുത്രേസ്യ പിന്നില്‍ ഒരു ചെറിയ മെഴുകുതിരിയും പിടിച്ച് കൂടെ നടക്കും. കപ്പേളയുടെ അവിടെ ചെന്ന് പ്രാര്‍ത്ഥനയും കഴിഞ്ഞ് തിരിച്ച് പള്ളിയിലെത്തി കുര്‍ബാന. അതും കഴിഞ്ഞ് ഇറച്ചിവെട്ടുന്നിടത്ത് കയറി അരക്കിലോ പശുവിറച്ചി, നായക്കിട്ട് കൊടുക്കാന്‍ ഒരു കിലോ നെഞ്ഞടി എല്ലും.
‘സെലീനേട്ത്ത്യാര്‍ടെ നായ ഇപ്പളും നല്ല ഉഷാറല്ലേ ? ‘ ഇറച്ചിവെട്ടുന്ന ആന്റപ്പന്റെ സംശയം.
‘നീയ്യ് അധികം എളക്കാണ്ട് നല്ല കഷണം വെട്ടിട്രാ ആന്റപ്പാ..’
കൊച്ചുത്രേസ്യക്ക് അപ്പോ ചിരിപൊട്ടും. സ്കാര്‍ഫുകൊണ്ട് വായടച്ചുപിടിക്കും. കൈസര്‍ ചത്തിട്ട് കൊല്ലമെത്രയായി. ഇന്നും മുടങ്ങാതെ ഒരു കിലോ നെഞ്ഞടി വാങ്ങും . നെഞ്ഞടി വെട്ടിക്കൂട്ടി കഴുകി വലിയ കലത്തിലിട്ട് വെട്ടിത്തിളപ്പിച്ച് കുറെ നേന്ത്രക്കായും ഒരു മുഴുവന്‍ തേങ്ങ വറുത്തരച്ചതും ചേര്‍ത്ത് കാലത്തും ഉച്ചയ്ക്കും ബാക്കിയുള്ളത് വൈകീട്ടും ഭൂരിഭാഗവും സെലീന തന്നെ കഴിക്കും. പശുവിറച്ചി മുളകും മഞ്ഞപ്പൊടിയും വേപ്പിലയുമിട്ട് വേവിച്ച് കറിമസാലയും കുരുമുളകുപൊടിയും ഇഞ്ചിയും ചേര്‍ത്ത് വറുത്ത് ഒരു പതിനൊന്നുമണിയോടെ രണ്ട് ഗ്ലാസ് മിലിറ്ററി റമ്മിന്റെ കൂടെ. മുപ്പട്ട് ഞായറാഴ്ചയൊഴിച്ചുള്ള ഞായറാഴ്ചകളില്‍ സെലീനയ്ക്ക് റമ്മില്ലാതെ പറ്റില്ല.
ദെത്തിന്റോടത്തെ വറുദപ്പനാണ് സെലീനയ്ക്ക് മിലിറ്ററി സാധനം കൊണ്ടു വന്നുകൊടുക്കുന്നത്. വറുദപ്പന് പണ്ട് മിലിറ്ററിയിലായിരുന്നു. ജോസപ്പേട്ടന് ഉള്ളപ്പോള്‍ തന്നെ വറുദപ്പന് മിലിറ്ററി സാധനം കൊണ്ടു കൊടുക്കാറുണ്ട്. ക്രിസ്തുമസ്സിനും ഈസ്റ്ററിനും ഒരു കുപ്പി കൂടുതല്‍ വാങ്ങും സെലീന. വറദപ്പന്‍ വരുന്ന ദിവസം സെലീനയ്ക്ക് ശരിക്ക് അറിയാം. കാലത്തു തന്നെ കുപ്പിയുടെ കാശ് എടുത്ത് ബൈബിളിന്റെ ഇടയില്‍ വെയ്ക്കും. മറന്നുപോകാതിരിക്കാന്‍..
‘വറ് ദപ്പാ.. ഇദിന്റെ നെറം കൊറച്ച് കൊറഞ്ഞ്ണ്ടല്ലോ..’
‘അത് സെലീനേട്ത്താര്‍ക്ക് തോന്നണതാ.. കുതിര കുതിര സാധനണ്. ‘ സെലീന രണ്ടുകുപ്പി റമ്മേ വാങ്ങൂ.. ജോസപ്പേട്ടന് ഉള്ളപ്പോള്‍ ക്രിസ്തുമസ്സിന് സ്പെഷലായി ഒരു വിസ്കിയും വാങ്ങാറുണ്ട്. വിസ്കി സെലീനയ്ക്ക് വലിയ ഇഷ്ടമില്ല. കഴിച്ച് കുറെ കഴിഞ്ഞാണ് അവന് ശൌര്യം പുറത്ത് കാണിക്കൂവെന്നാണ് സെലീനയുടെ വാദം. പതിനൊന്നുമണിയോടെ കുപ്പിയും ഡവറയും ഗ്ലാസും പശുവിറച്ചി വറുത്തതു മുഴുവനും എടുത്ത് തട്ടിന് പുറത്ത് ചെന്നിരിക്കും സെലീന. . സ്റ്റൂളിന്മേല് എല്ലാസാധനങ്ങളും വെച്ച് ചാരുകസേരയില്‍ ഇരിക്കും. കൊച്ചുത്രേസ്യയെ അടുത്തിരുത്തും.
‘നെനക്ക് വേണറീ.. നല്ല സാധനാണ്ടീ... ഒരു അര ഗ്ലാസ് കുടിച്ചാ മതി സ്വര്ഗത്തില്ക്ക് ദിങ്ങനെ ദിങ്ങനെ നടന്നു പോണപോലെ തോന്നും. ‘
കൊച്ചുത്രേസ്യക്ക് ഇതിന്റെ മണം ഒരിക്കലും ഇഷ്ടമല്ല. അതറിഞ്ഞിട്ടുതന്നെയാണ് സെലീന ഇതു പറയുന്നതെന്നും കൊച്ചുത്രേസ്യയ്ക്ക് അറിയാം. ഒരു ഗ്ലാസ് കഴിച്ചുകഴിഞ്ഞാല്‍ പിന്നെ സെലീന സംസാരം തുടങ്ങും. പിന്നെ പാട്ട്..
‘ഓശാനാ ഈശനു സതതം..
ഓശാന ഓശാന ഓശാന.
പരിശുദ്ധന് പരിശുദ്ധന് പരമശക്തന്‍ ..
പിന്നെ
‘നല്ലേ മാതാവേ മരിയേ..
നിര്‍മ്മല യൌസേപ്പീതാവേ..
നിങ്ങളുടെ പാദ പങ്കജത്തില്‍
ഞങ്ങളെ വെച്ചീതാ കുമ്പിടുന്നേന്‍
ചെകുത്താന്മാര് നിങ്ങളെ കാത്തീടുകില്‍
ചത്താലും ഞങ്ങള്‍ക്കതിഷ്ടമല്ല...‘
മനസ്സിലാവ്ണ് ണ്ട്രീ ...
ഞായറാഴ്ച ദിവസം കൊച്ചുത്രേസ്യ ഉച്ചക്ക് ഊണുകഴിഞ്ഞാല്‍ ഒന്ന് നടുവു നിവര്‍ത്തും. അടുക്കളയുടെ അടുത്തുള്ള ഇരുട്ടുകട്ടപിടിച്ച ചെറിയ ഒരു മുറിയിലാണ് കൊച്ചുത്രേസ്യ കിടക്കുന്നത്. ഒരു മണി തൊട്ട് മൂന്നുമണി വരെ. സ്വപ്നങ്ങള്‍ വരിവരിയായി തഴുകിയെത്തുന്നതും അപ്പോഴാണ്. കൊച്ചുത്രേസ്യ ഉറങ്ങില്ല. വെറുതെ കിടക്കുകയേ ഉള്ളൂ.. കൊച്ചുത്രേസ്യയുടെ സ്വപ്നങ്ങളില്‍ പതിവായി വരുന്നത് നക്ഷത്രങ്ങളാണ്. പല നിറത്തില്‍ പല തരത്തില്‍ മിന്നിത്തിളങ്ങും അവ. അവയ്ക്കിടയില്‍ കൈകോര്‍ത്തു നടക്കുന്ന അപ്പനും അമ്മയും. അപ്പന്റെ മുഖം എപ്പോഴും പ്രസന്നമായിരിക്കും. വെളുത്ത് ഔസേപ്പുണ്യാളന്റെ രൂപമാണ് കൊച്ചുത്രേസ്യയുടെ അപ്പനു. അമ്മയ്ക്ക് ലൂര്‍ദ്ദ് പള്ളിയിലെ മൂലയ്ക്കിരിക്കുന്ന കന്യാമറിയത്തിന്റെയും. അപ്പന്റെ കയ്യില്‍ ഒരു ചുറ്റികയുണ്ട് ചിലപ്പോ വികൃതി കാണിക്കുന്ന നക്ഷത്രങ്ങളെ ഒന്നു മേടും. അവ കൊള്ളിമീനായി പറന്നു പോകും. അമ്മ അതുകണ്ട് പൊട്ടിച്ചിരിക്കും. അമ്മയുടെ ചിരികാണാന്‍ നല്ല ഭംഗിയാണ്. വിടര്‍ന്ന കണ്ണുകളും നീണ്ടമൂക്കുമാണ് അമ്മയ്ക്ക്. അമ്മയുടെ കയ്യില്‍ എപ്പോഴും ഒരു കൊന്തയുണ്ടായിരിക്കും. അപ്പന്റെ അരികു പറ്റിത്തന്നെ അമ്മയും.
‘ഇബടാരൂല്ലേ..’ എന്ന് കേട്ടാണ് കൊച്ചുത്രേസ്യ ഞെട്ടിയുണര്‍ന്നത്.
കൊച്ചാപ്പുവിന്റെ ശബ്ദമല്ലേ അത് .
പുറത്ത് ചെന്നു നോക്കി . അതെ വാതിക്കല് കൊച്ചാപ്പു. തലയില്‍ ഒരു തോര്‍ത്ത്മുണ്ട് കെട്ടിയിട്ടുണ്ട്.
‘ട്യേ.. സെലീനേട്ത്താരാ ? ‘
‘മോളിലാ..’
‘ഔ.. ന്ന് ഞാറായ്ച്യാണ് ല്ലേ....നാളെ പിണ്ടിപ്പെരുന്നാളല്ലേ.. പിണ്ടി ശര്യാക്കി മിറ്റത്ത് കുത്താന്‍ പറഞ്ഞ്ണ്ടാര്‍ന്നു ചേട്ത്ത്യാര്..’
‘ഉം.’
‘ഏത് വാഴ്യാ വെട്ടണ്ടെ.. നീയ്യാ വെട്ടോത്തി ഇങ്ങട് എടുത്തേരി...’
കൊച്ചുത്രേസ്യ അടുക്കളയില്‍ കയറി വെട്ടുകത്തി എടുത്ത് പുറത്തു വന്നു.
‘ആ കൊല വെട്ടിയ വലിയ നേന്ത്രേടെ തന്നെ വെട്ടിക്കോ..’ കൊച്ചാപ്പു നടന്നു. പിന്നാലെ കൊച്ചുത്രേസ്യയും.
തേക്കിന്റെ രണ്ടാം കെട്ടില്‍ എത്തിയപ്പോള്‍ പെട്ടന്ന് കൊച്ചാപ്പു നിന്നു. കൊച്ചുത്രേസ്യ കൊച്ചാപ്പുവിനെ മുട്ടി. കൊച്ചാപ്പുവിന്റെ കഴുത്തിലെ പാലുണ്ണിയില്‍ കൊച്ചുത്രേസ്യയുടെ ചുണ്ടുകളുരഞ്ഞു. കൊച്ചാപ്പുവിന്റെ വിയര്‍പ്പുമണം കൊച്ചുത്രേസ്യയുറ്റെ മൂക്കില്‍ അടിച്ചുകയറി.
‘ദേ നോക്ക്യേടീ..ഒരു ചേര പോണ കണ്ടാ..എന്താ അവന്റെ ഒരു വണ്ണം..’ കൊച്ചുത്രേസ്യ ഒരടി പിന്നിലേക്ക് വെച്ചു. കൊച്ചാപ്പു തിരിഞ്ഞ് നോക്കി. കൊച്ചുത്രേസ്യയുടെ മുഖത്തെ സുവര്‍ണ്ണരാജികളില്‍ കൊച്ചാപ്പുവിന്റെ കണ്ണുകളുടക്കി.
‘നെനക്ക് മീശ മൊളക്ക്ണ്ണ്ട്രീ ?’
‘അയ്യെ.. പെണ്ണങ്ങള്‍ക്കെങ്ങന്യാ മീശ ഇണ്ടാവാ ? ഈ കൊച്ചാപ്പൂന്റെ കാര്യം..’
‘എല്ലാ പെണ്ണങ്ങള്ക്കും ഉണ്ടാവില്ല. നെനക്ക് ചെലപ്പോ ഇണ്ടായീന്ന് വരും. ‘ കൊച്ചാപ്പു വെറുതെ ഒരു നുള്ളു കൊടുത്തു ആ കവിളില്‍.
‘ദേ.. അമ്മായിയാനും കണ്ടാല്‍ നെന്റെ പൊറം പൊളിക്കും..നടക്ക്.... ‘
‘കാണട്രി.. ആ തള്ളയ്ക്ക് ഞാന്‍ വെച്ച്ണ്ട്...നീയ്യെങ്ങിന്യാ അദിന്റെ കൂടെ ഇങ്ങനെ നിക്കണേ ?’
‘എന്തേ ?’
‘നീയ്യ് ലോകം കണ്ടട്ടില്ലടി.. നീയൊന്ന് പൊറത്തെറങ്ങ്.. മനുഷ്യമ്മാരെയൊക്കെ ഒന്ന് കാണ്..പത്തിരുപത് വയസ്സ് കഴിഞ്ഞില്ലേ.. ഈ തള്ളേരെ കൂടെ നിന്നട്ട് എന്തൂട്ട് പൂട്ട് കിട്ടാനാ നെനക്ക്..’
‘ഞാന്‍ എവിടെ പൂവാനാ കൊച്ചാപ്പ്വേ..’
‘നെനക്ക് ലോകം അറിയാണ്ടാ.. ആ സൈമണ്‍ ഡോക്ടറടെ അവിടെ നിക്കണ അമ്മിണിക്ക് എന്താ കാശ്ന്ന് നെനക്കറിയോ ? ഇവടെ നിന്നട്ട് നെനക്ക് എന്തൂട്ടാ കിട്ടാ ? ആ തള്ള ചത്ത് കഴിഞ്ഞാല്‍ മുഴുവന്‍ സ്വത്തും ആ കരാഞ്ചിറക്കാര് കൊണ്ടോവും. പിന്നെ നെനക്ക് പെരുവഴി..’
‘ഏയ് . അങ്ങന്യൊന്നും ഇണ്ടാവില്ല...’
‘നെന്നോടൊക്കെ പറഞ്ഞിട്ട് ഒരു കാര്യോല്യ .. കഴിഞ്ഞ കൊല്ലം ആ ദേശുട്ട്യേട്ടന്റെ വീട്ടില്‍ നിന്നേര്‍ന്ന ആ റോസിനെ ഞാന്‍ പറഞ്ഞിട്ടാ ആ കൊച്ചന്തോണി ബോംബയ്ക്ക് കൊണ്ടോയത്. മിനിഞ്ഞാന്ന് അവള് നാട്ടില്‍ വന്ന്ട്ട് ണ്ട്. എന്താ അവള്ടെ ഒരു നടപ്പ്. അഞ്ച് പവന്റെ ചെയ്യനാ കഴുത്തില്‍.‘
‘ആര് .. ആ കരിക്കട്ട പോലത്തെ റോസ്യാ..’
‘അദന്നെ..അവള് ആ വാറുണ്ണ്യേട്ടന്റെ ഒരേക്കറ് സ്ഥലത്തിനു വെലപറഞ്ഞൂന്നാ കേട്ടെ... നെനക്ക് പോണാ.. ദേ ഈ ഞാന്‍ ഒരു വാക്ക് പറഞ്ഞാ മതി..കൊച്ചന്തോണി നെന്നെ മെത്തേലിട്ട് കൊണ്ടോവും.... ’
അന്ന് രാത്രി രണ്ട് കൊന്ത എത്തിച്ച് കഴിഞ്ഞിട്ടും കൊച്ചുത്രേസ്യയ്ക്ക് ഉറക്കം വന്നില്ല. കണ്ണുകള്‍ അടച്ച് ‘യൂദന്മാരുടെ രാജാവായ നസ്രായേല്‍ക്കാരന്‍ ഈശോയേ പെട്ടന്നുള്ള മരണത്തില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ’യെന്ന് മൂന്നു പ്രാവശ്യം നെറ്റിയില്‍ കുരിശു വരച്ചു.
അന്നു പതിവുള്ള നക്ഷത്രങ്ങള്‍ വിരുന്നുവന്നില്ല. പകരം കൊച്ചുത്രേസ്യ പുതിയ സാരി ചുറ്റി അഞ്ചുപവന്റെ മാലയുമിട്ട് സെബസ്ത്യാനോസിന്റെ പെരുന്നാളിനു നേര്ച്ചയിടാന് വരിയില്‍ നില്ക്കുന്നു. പാന്റും വെള്ള ഷര്‍ട്ടും ഷൂസുമിട്ട് കൊച്ചാപ്പു അപ്പുറത്ത് തന്നെ കാത്തു നില്ക്കുന്നു. കൊച്ചുത്രേസ്യ വീണ്ടും കണ്ണുകള്‍ പൂട്ടി, നെറ്റിയില്‍ കുരിശ്ശുവരച്ചു.
അപ്പുറത്തെ മുറിയില്‍ സെലീനയുടെ നീണ്ട ചുമ ഉയര്‍ന്നുകേട്ടു.
Saturday, December 29, 2007
Subscribe to:
Post Comments (Atom)
8 comments:
കൊച്ചുത്രേസ്യയുടെ കഥ തുടരുന്നു...
കൊലയ്ക്ക് കൊടുക്കല്ലേ മേന്നേ..
:)
ആ പോരട്ടെ...പോരട്ടെ
ചുമ്മാ സങ്കടമാക്കുമോ ഈക്കഥ?
നായക്ക് കൊടുക്കുന്ന ഇറച്ചീടെ കഥ വായിച്ചു ചിരിച്ചുപോയി, നമ്മുടെ ഒരു ഗ്ലാമര്‍ സിനിമാനടനു ഒരബദ്ധം പറ്റീത് കേട്ടിട്ടുണ്ട്, ഹോട്ടലില്‍ കഴിക്കാന്‍ പോയി കുടുംബമായിട്ട് , കുറെ ഫുഡ് അധികം വന്നു ഭാര്യക്ക് ഒരേയൊരു നിര്‍ബന്ധം അതു പൊതിഞ്ഞുവാങ്ങി വീട്ടില്‍ കൊണ്ടുപോണോന്ന്,
വല്യ നടനല്ലേ എങ്ങനെയാ വെയിറ്ററോട് പറേണത് അവസാനം ഭാര്യ ഒരു ഐഡിയ കണ്ടുപിടിച്ചു, അവര്‍ ആ വെയിറ്ററെ വിളിച്ച് പറഞ്ഞു ഡേ ഇത്ങ്ങട് പായ്ക്ക് ചെയ്ത് എടുത്തേ വീട്ടില്‍ നായക്ക് കൊടുക്കാനാ
ബില്‍ പേയ് ചെയ്ത് അവനു ടിപ്പും കൊടുത്ത് വന്നപ്പോ ഒരു പഴയ ബിഗ് ഷോപ്പര്‍ ബാഗ് നിറയെ സാധനങ്ങള്‍ കൌണ്ടീറില്,
അന്വേഷിച്ചപ്പോ അവന്റെ മറുപടി,
അതായിട്ടെന്താവാനാ സാറേ ഞാന്‍ കിച്ചണിലുണ്ടായിരുന്ന കുറേ വേസ്റ്റങ്ങട് പൊതിഞ്ഞെടുത്തു നായക്ക് അങ്ങട് കൊടുക്ക് അവനങ്ങ് നന്നാവട്ടെ:)
കമന്റ് വലുതായെങ്കില്‍ സോറീണ്ട്.
ഉം വായിക്ക്ണ്ണ്ട് മേന്ന്നേ...
തഹര്ക്ക്ണൂ...
ന്ന്യീം പോരട്ടേ ട്ടോ :)
അദ്യാവസാനം ഒരേപോലെ തുടരുന്ന പ്രാദേശികമായ തനത് സംഭാഷണ ശൈലി കൊണ്ട്. മേനോന് ഭായ് യുടെ കഥ നല്ല നിലവാരം പുലര്‍ത്തുന്നു എന്നത് ഇതിനകം പലരും പലവട്ടം പറഞ്ഞതാണെങ്കിലും ഒരിക്കല്‍ കൂടി ഈ കഥവായിച്ചപ്പോള് ഓര്‍ത്തു പോയി..
അഭിനന്ദനങ്ങള്‍..
മേന്നെ, ഈ ലക്കവും നന്നായിരിക്കുണു.
കൊച്ചുത്രേസ്യകൊച്ചിനെ കൊണ്ട് കുരുതി കൊടുക്കല്ലേട്ടാ.....കൊച്ചാപ്പൂന്റെ മട്ടും ഭാവവും അത്രങ്ങട് ശര്യല്ല...തള്ളേടെ കുതിരറമ്മടിയും പശുവെറച്ചി തീറ്റേം കലക്കി
.......പാന്റും വെള്ള ഷര്‍ട്ടും ഷൂസുമിട്ട് കൊച്ചാപ്പു അപ്പുറത്ത് തന്നെ കാത്തു നില്ക്കുന്നു. കൊച്ചുത്രേസ്യ വീണ്ടും കണ്ണുകള്‍ പൂട്ടി, നെറ്റിയില്‍ കുരിശ്ശുവരച്ചു.
--
കര്‍ത്താവേ, പ്രമാണങ്ങളൊന്നും തെറ്റിക്കാന്‍, മേന്ന്ന് , തോന്നാതിരിക്കണേ!
Post a Comment