Thursday, December 20, 2007

രാജാക്കന്മാരുടെ രാത്രി

വൃശ്ചികക്കാറ്റൊടുങ്ങി നേരിയ തണുപ്പ് തെങ്ങോലകളിലൂടെ ഭൂമിയിലേക്ക് അരിച്ചിറങ്ങിക്കൊണ്ടിരിന്നു.

തണുപ്പ് സെലീനയ്ക്ക് അത്ര ഇഷ്ടമല്ല. കിഴക്കുനിന്നും പുലര്‍ച്ചയടിക്കുന്ന നേരിയ തണുപ്പ് കാരണം വൈകിയേ സെലീന എഴുന്നേല്‍ക്കാറുള്ളൂ. തണുപ്പുകാലങ്ങളില്‍ ഏഴരക്കുറ്ബാനയ്ക്കേ പോകൂ. പുലര്‍ച്ച അഞ്ചുമണിക്ക് ഇടവകപ്പള്ളിയില്‍ ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ...’ എന്ന പാട്ട് വെയ്കുമ്പോള്‍ തന്നെ സെലിന കണ്ണു തുറന്നിട്റ്റുണ്ടാവും. എങ്കിലും മൂടിപ്പുതച്ച് ഒന്നുകൂടി അവിടെ കിടക്കും. മൂത്രമൊഴിക്കാന്‍ മുട്ടി വയറു വേദനിച്ചാല്‍ പോലും. അധികമായാല്‍ ഒരു കൊന്തകൂടി എത്തിക്കും.

എങ്കിലും കൊച്ചുത്രേസ്യ അഞ്ചുമണിക്കു തന്നെ എഴുന്നേല്‍ക്കും. ഉമിക്കരിയും ഉപ്പുമെടുത്ത് പല്ലുതേയ്ക്കും. പിന്നെ, വിറകുപുരയുടെ സൈഡില്‍ വെച്ച അടുപ്പില്‍ സെലീനയ്ക്ക് കാലത്ത് കുളിക്കാന്‍ വെച്ചിരിക്കുന്ന ചെമ്പിനടിയില്‍ ഒണക്ക മടല്‍ ഇട്ട് കത്തിക്കും. ഓല അധികം ഉപയോഗിക്കരുതെന്നാണ് സെലീനയുടെ ഓര്‍ഡര്‍.
‘ഓലീല്ലാണ്ട് കത്തിക്കറീ.. ഒരു കെട്ട് ഓലയ്ക്ക് എന്താ വെല .. നെന്റെ അമ്മായ്പ്പന്‍ തര്വോ കാശ് ?’ അമ്മായ്പ്പന്‍ എന്നത് എന്തോ ദുഷിച്ച സ്ഥാനമാണെന്നാണ് കൊച്ചുത്രേസ്യ കരുതിപ്പോന്നത്.

സെലീനയുടെ അമ്മായ്പ്പന്‍ കരാഞ്ചിറക്കാരനാനെന്നാണ് കേട്ടിട്ടുള്ളത്. നല്ല തടിയും സ്വര്‍ണ്ണത്തിന്റെ വെപ്പുപല്ലുമൊക്കെ വെച്ച് നടേപ്പൊറത്ത് ഇരിക്കുന്ന കുഞ്ഞുവറ്ദേട്ടനെ കുറിച്ച് സെലീന പലപ്പോഴും പറയാറുണ്ട്.
‘എന്താ ആ ഇരുപ്പ്.. കാണണ്ട കാഴ്ച്യന്ന്യാ.. തൃശ്ശൂപ്പൂരത്തിനു കേശവനെ എഴുന്നെള്ളിച്ച പോലെണ്ട്..’
നൂറുപറയ്ക്ക് കോളും പത്തു പന്ത്രണ്ട് എക്കറ് തെങ്ങും പറമ്പും കുഞ്ഞുവറുദേട്ടനുണ്ട്. പണ്ട് ഒല്ലൂരുനിന്നും കുഞ്ഞുവറുദേട്ടന്റെ അപ്പാപ്പന് ലോനക്കുട്ടി കുടിയേറിയതാണ് കരാഞ്ചിറയിലേക്ക്. മുമ്പ് തൃശ്ശൂരങ്ങാടിയില് അരിക്കച്ചവടമായിരുന്നു ലോനക്കുട്ടിക്ക്. കൊട്ടേക്കാട് തറയിലെ ലാസറപ്പനും മാര്‍ക്കം കൂടി വന്ന ദിവന്യാസോസും കൂടി അരിക്കച്ചവടം തുടങ്ങിയപ്പോള്‍ ലോനക്കുട്ടിക്ക് അതൊരു കനത്ത വെല്ലുവിളിയായി. ചിറ്റൂരില്‍ നിന്നും ദിവന്യാസോസ് വണ്ടിക്കണക്കിനു അരി കൊണ്ടുവന്നു. വിലകുറച്ച് വിറ്റു. ലോനക്കുട്ടിക്ക് അതുപറ്റില്ലല്ലോ. മുണ്ടോപാടത്തുനിന്നും മറ്റും നാടന്‍ അരിയായിരുന്നു ലോനക്കുട്ടി വിറ്റിരുന്നത്. അതിനു വിലകുറയ്ക്കാനും പറ്റില്ല. വില കുറഞ്ഞ അരി മെല്ലെ മെല്ലെ മാര്‍ക്കറ്റ് പിടിച്ചു. ലോനക്കുട്ടിക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റാതെയായി. അവസാനം ഗതികെട്ട് ലോനക്കുട്ടി അരിക്കച്ചവടം നിര്‍ത്തി. അപ്പോഴാണ് ലോനക്കുട്ടിയുടെ കെട്ട്യോള് റാഹേലിന്റെ വീട്ടുകാര്‍ കരാഞ്ചിറയില്‍ വീടുവെയ്ക്കാന്‍ സ്ഥലം കൊടുത്തത്. മെല്ലെ മെല്ലെ ലോനക്കുട്ടി ആ പ്രദേശത്തെ പഠിച്ചു. പിന്നെ ഒരോ തുണ്ട് ഭൂമിയും ഏറ്റെടുത്തു തുടങ്ങി. പത്തിരുപത് പണിക്കാര്‍ സ്ഥിരമായി വീട്ടില്‍. മൂന്നു നിലയുള്ള ഓടിട്ട വീടാണ് തറവാട് . വിടിനു നാലു വശവും വലിയ മുറ്റം. മുറ്റത്തിനപ്പുറത്ത് ചെറിയ ഒരു പുന്തോട്ടം. ചെമ്പരത്തിയും ചെത്തിയും കോഴിവാലനും ചന്തത്തില്‍ നിന്നു.

കുഞ്ഞുവറുദേട്ടനു മൂന്നാണും രണ്ടു പെണ്ണും. രണ്ടാമത്തവന്‍ ജോസപ്പ്. മെട്രികുലേഷന്‍ പാസായപ്പോ ജോസപ്പിനെ അന്നത്തെ തിരുമേനിയാണ് തൃശ്ശൂരുള്ള ബ്ലേഡ് കമ്പനിയില്‍ കണക്കെഴുതാന്‍ വെച്ചതു. പള്ളിക്കാര്‍ക്ക് എഴുതിക്കൊടുത്ത ടൌണിലുള്ള ചേറുവിന്റെ കുടിയിരിപ്പ് ജോസപ്പ് കയ്യും കടാക്ഷവും കാണിച്ച് ബിഷപ്പിന്റെ സെക്രട്ടറി പ്രാഞ്ചി വഴി ചുരുങ്ങിയ വിലയ്ക്കാണ് വാങ്ങിയത്. കാശു കൊടുത്തത് കുഞ്ഞുവറുദേട്ടനാണെങ്കിലും രജിസ്റ്റര്‍ ചെയ്തത് ജോസപ്പിന്റെ പേരിലായിരുന്നു. അന്ന് ജോസപ്പിനു വയസ്സ് ഇരുപത്.

‘ദേ ആ കൊച്ചാപ്പൂന്റെ അത്രേ ണ്ടാര്‍ന്നൊള്ളൊ. ദിങ്ങനെ ദിങ്ങനെ പീക്കുര്‍ണ്ണ്യായ്ട്ട്..കവിളിന്റെ കൂഴീലാണെങ്കി ഒരു നാഴി എണ്ണ ഒഴിക്കാം..’ സെലീനയ്ക്ക് ജോസപ്പേട്ടനെ പറ്റി എപ്പോഴും പറയാനുണ്ടായിരുന്നത് ഇതായിരുന്നു.

‘ദേ ഞാനീ തറവാട്ടില് കേറീട്ടണ് ഈ കണ്ട ഗൊണൊക്കെ തറവാ‍ട്ടിനുണ്ടായത് നെനക്ക് അറിയോരീ..’

‘ഉം.’ കൊച്ചുത്രേസ്യ ഒന്നിരുത്തി മൂളി.

‘ഉം.. നെനക്ക് പിടിക്കില്യ.. നീയ്യ് വല്ലതും കണ്ട് ണ്ട്രീ.. ലോഗം..പത്താങ്ക്ലാസ് കഴിഞ്ഞേപ്പൊ പഡിപ്പിക്കാന്ന് പറഞ്ഞതല്ലറീ.. തോറ്റ് തൊപ്പീട്ട് വന്ന് ക്ക്വ..’ അവസാനം അവിടേക്ക് തന്നെ എത്തുമെന്ന് കൊച്ചുത്രേസ്യക്ക് അറിയാമായിരുന്നു.

അതുകൊണ്ടു തന്നെ കൊച്ചുത്രേസ്യ അലക്കാനുള്ള കുറെ തുണിയുമെടുത്ത് കൊളത്തിന്റെ അടുത്തേക്ക് പോയി.
സെലീന മുഖം തോര്‍ത്തുമുണ്ട് കൊണ്ട് ഒന്ന് തുടച്ചു. ചെറിയ ഒരു പരവേശം.

‘ കൊറച്ച് കഞ്ഞള്ളണ്ട്രീ കുടിക്കാന്.. ഉം .. അവള് പോയി.. കാക്കൂട്ടില്‍ക്ക്...ഇനി ഒരു മണിക്കൂറ് വേണം അവള്‍ക്ക് ഇങ്ങ്ട് എഴുന്നള്ളാന്‍..’

തണുപ്പുകാലമായാല്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് സെലീനയ്ക്ക് എണ്ണ തേച്ചു കുളി പതിവുള്ളൂ. ഉച്ച കഴിഞ്ഞ് നാലുമണിക്ക് തുടങ്ങും ആസ്തപ്പാട്. ചെമ്പരത്യാദി എണ്ണ തലയില്‍ തേച്ച് അര മണിക്കൂര്‍ പിന്നിലെ ഉമ്മറത്ത് ലാത്തും. പിന്നെ രാമവൈദ്യരുണ്ടാക്കുന്ന കുഴമ്പ് ദേഹത്ത് തേച്ച് പിടിപ്പിച്ച് കുളിമുറിയില് മറ്റൊരു അരമണിക്കൂര്‍. ശേഷം താളിയും ചെറുപയറ് പൊടിയും തേച്ച് വിസ്തരിച്ചൊരു കുളി. കുളികഴിഞ്ഞാല്‍ മുടി ഉണങ്ങുന്നതു വരെ തട്ടിന്‍ പുറത്ത് വരാന്തയില്‍ ചാരുകസേരയില് ഇരിക്കും.

പണ്ട് ജോസപ്പേട്ടന്‍ ഇരുന്നിരുന്ന ചാരുകസേരയാണ്. ആദ്യമൊക്കെ സെലീനയ്ക്ക് ഈ കസേരയില്‍ ഇരിക്കാന്‍ മടിയായിരുന്നു. ഒരു നിമിഷം നോക്കി നിന്ന് അടുത്തുള്ള തിണ്ണയിലാണ് ഇരിക്കാറ്. ഒരു ദിവസം ആ തിണ്ണയില്‍ കാക്ക കാഷ്ഠിച്ചതു കാരണം ഇരിക്കന്‍ പറ്റിയില്ല.

‘ന്തൂട്ട് തേങ്ങെങ്കിലും ആവ്ട്ടെ. ജോസപ്പേട്ടന്റെ കസേര ന്റെം കസേരന്ന്യ..’

ചെറിയ ഒരു കാറ്റടിച്ചപ്പോഴേയ്ക്കും തലയില്‍ തണുപ്പ്. സുഖകരമായ ഒരു തണുപ്പ്. മതിലിനപ്പുറത്ത് ജനസഞ്ചാരം കുറഞ്ഞ ഇടവഴിയിലൂടെ ഒരു സ്കൂട്ടര്‍ പുകയുയര്‍ത്തി ഇരമ്പിപ്പാഞ്ഞു. അകലെ ഇടവകപ്പള്ളിയില് ക്രിസ്മസ് കരോളിന്റെ പ്രാക്റ്റീസിനായി തമ്പോറടിക്കുന്ന ശബ്ദം നേര്‍ത്തുകേള്‍ക്കാം.

സമയത്തെ ഇരുട്ട് തിന്നുകൊണ്ടിരുന്നു. ആകാശത്ത് നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങി.

ചന്ദ്രപ്രഭ ജനലിലെ കര്‍ട്ടനിലൂടെ അകത്തേക്ക് അരിച്ചിറങ്ങി. സെലീന തിരിഞ്ഞു കിടന്നു.
‘നേരത്ര്യയി പോയ്ട്ട് ..ജോസപ്പേട്ടന്‍ . ഇതു വരെ വരാറായീല്ലേ... നീയാ തിണ്ണേരെ അവിടെ നിന്നട്ട് ഒന്ന് നോക്ക്യേട്യേ മര്‍ഗില്യേ... ആ സിസ്റ്റുമ്മാരായിട്ട് വര്‍ത്താനം പറഞ്ഞ് നിക്ക് ണ് ണ്ടാവും. ‘

‘ജോസപ്പേട്ടന്‍ വരുന്നേയ്... വീട്ട്യേ പോയേപ്പോ ആരെങ്കിലും വീട്ടില് വന്ന് ണ്ടങ്കിലാ..’

‘ആര് വരാനാണ്ടി മര്‍ഗിലി.. എന്റെ അമ്മായ്പ്പനാ.. ഏയ് .. പിന്നെ ന്റെ അപ്പന്‍ വരണം.. കാല് വയ്യാണ്ടിരിക്കണ എന്റെ അപ്പന്‍ എങ്ങനെ വര്യാടീ ?’

സെലീന അടുത്ത് കിടന്നു ഉറങ്ങിക്കൊണ്ടിരുന്ന കുഞ്ഞിനെ നോക്കി. ജോസപ്പേട്ടന്റെ അതേ ഛായ. ഇന്നലെ ഇവന്‍ ഈ വയറ്റിലല്ലേ ഉറങ്ങിയതെന്നോര്‍ത്തു. പെട്ടന്ന് കുഞ്ഞുണര്‍ന്നു. ഒന്നു ചിണുങ്ങി.

‘സെലീനേച്ച്യേ ക്ടാവ് എണീറ്റു. അതിനു കൊറച്ച് പാല് കൊടുക്ക്..’

സെലീന ബട്ടണുകളഴിച്ച് മുലക്കണ്ണെടുത്ത് കൊച്ചിന്റെ വായില് വെച്ചുകൊടുത്തു. മുലകളില്‍ കുഞ്ഞിക്കൈകളമര്‍ത്തി കുഞ്ഞ് പാലു വലിച്ചു കുടിച്ചു. ജോസപ്പേട്ടന്റെ ബലഹീനതയാണ് ഇവന്‍ കടന്നാക്രമിക്കുന്നതെന്നോര്‍ത്ത് സെലീന പുഞ്ചിരിച്ചു.

‘എന്താ സെലീനേച്യേ ചിറിക്കണെ..’

‘ഒന്നൂല്യട്യേ...നീയ്യൊന്നുങ്കൂടി ഒന്ന് നോക്യേ..പുറത്തക്ക്..’

മര്‍ഗീ‍ലി പുറത്തേക്ക് കടക്കുമ്പോഴേയ്ക്കും വാതില്‍ക്കല്‍ ജോസപ്പേട്ടന്‍ .

കൂടെ കുഞ്ഞുവറ്ദേട്ടനും സെലീനയുടെ അപ്പനും. ജോസപ്പേട്ടന്റെ കയ്യില് ഒരു തുണിത്തൊട്ടില്‍. കുഞ്ഞുവര്‍ദേട്ടന്റെയും സെലിനയുടെ അപ്പന്റെയും കയ്യില് ഓരോരൊ പൊതികള്‍.

‘നൊയമ്പീടി ആയ്ട്ട് നെനക്ക് ഇപ്രാവശ്യം ആശൂത്ര്യ യോഗം. അദാ പോര്‍ക്ക് വറ്ത്തത് ഇങ്ങട്ടന്നെ കൊണ്ടോന്നെ.. ‘ കുഞ്ഞുവറുദേട്ടന് കയ്യിലിരിക്കുന്ന പൊതി മേശയില്‍ വെച്ചു.

സെലീന കണ്ണ് തിരുമ്മി ഒന്നുകൂടി നോക്കി. ആകാശത്ത് നക്ഷത്രക്കൂട്ടത്തില്‍ നിന്നും ഒരു കൊള്ളിമീന്‍ മിന്നിമറഞ്ഞു.

ചുണ്ടുകള്‍ ചെറുതായി വിറച്ചു.

‘അമ്മായ്യേ.. കൊന്തെത്തിക്കാറായീട്ടാ..’ കൊച്ചുത്രേസ്യ താഴെ നിന്ന് വിളിച്ചു പറഞ്ഞു.

സെലീന ഒരു നെടുവീര്‍പ്പോടെ മെല്ലെ എഴുന്നേറ്റു.

അറിയാതെ രണ്ടു തുള്ളി കണ്ണുനീര്‍ താഴെ വീണുടഞ്ഞു.

‘മെഴുതിരി ഇല്യേടി അവടെ ?’

‘ഉവ്വ്’

കോണിപ്പടികള്‍ ഇറങ്ങുമ്പോള്‍ നാളെ എന്തായാലും ജോസപ്പേട്ടന്റെ കുഴിമാടത്തില്‍ ഒരു കൂട് മെഴുതിരി കത്തിക്കണമെന്ന് സെലീന ഉറപ്പിച്ചു.

18 comments:

കുട്ടന്മേനോന്‍ said...

കൊച്ചുത്രേസ്യയ്ക്കൊരു അനുബന്ധം.
‘രാജാക്കന്മാരുടെ രാത്രി’

നവരുചിയന്‍ said...

അവസാനം പറ്റിച്ചല്ലോ ഞാന്‍ ജോസേഫിനേം നോക്കി ഇരിക്ക് വാരുന്നു . ഇങ്ങനെ ഒരു രംഗപ്രേവേശം പ്രേതിഷിച്ചില്ല .
നന്നായിടുണ്ട് മാഷെ

വെയില് said...

കഥ നന്നായിട്ടുണ്ട്.തുടരന്‍ ആയതുകൊണ്ട് ഫ്ലാഷ് ബാക്കുകളില്‍ കുടുങ്ങുന്നത് കഥയുടെ ജീവസ്സില്ലാതാക്കും.

ക്രിസ്മസ് നവവത്സരാശംസകള്‍

ശ്രീ said...

മേനോന്‍‌ ചേട്ടാ...

ഈ അനുബന്ധ കഥയും നന്നായി എഴുതിയിരിയ്ക്കുന്നു. അവസാനം ഒരു നെടുവീര്‍‌പ്പിട്ടു.

:)

ഉപാസന | Upasana said...

കുട്ടന്‍ ചേട്ടാ

നന്നായിട്ടോ ഈ കഥ.
ക്രിസ്മസ് ആശംസകള്‍
:)
ഉപാസന

പ്രയാസി said...

‘ന്തൂട്ട് തേങ്ങെങ്കിലും ആവ്ട്ടെ. ജോസപ്പേട്ടന്റെ കസേര ന്റെം കസേരന്ന്യ..’..:)

ഇതും നന്നായി..

ക്രിസ്മസ് നവവത്സരാശംസകള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കഥ നന്നായി.

ആശംസകള്‍

G.manu said...

നൊയമ്പീടി ആയ്ട്ട് നെനക്ക് ഇപ്രാവശ്യം ആശൂത്ര്യ യോഗം. അദാ പോര്‍ക്ക് വറ്ത്തത് ഇങ്ങട്ടന്നെ കൊണ്ടോന്നെ.. ‘

one more Naadan cheelu

Xmas aaSamsakal

വേണു venu said...

ഗ്രാമീണ സംഭാഷണങ്ങള്‍‍ ഉഷാറാക്കിയിട്ടുണ്ട്. അനുബന്ധം കൊള്ളാം.
ക്രിസ്മസ് നവവത്സരാശംസകള്‍!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അനുബന്ധകഥയ്ക്കൊരു തിരക്കഥ ടച്ച്...

Sumesh Chandran said...

നന്നായിട്ടുണ്ട്...അടിപൊളി നാടന്‍ ഭാഷ :)

ആഗ്നേയ said...

നന്നായീട്ടോ...

ഏ.ആര്‍. നജീം said...

നന്നായിരിക്കുന്നു..!
പ്രത്യേകിച്ചും ആ പ്രാദേശിക ഭാഷാ പ്രയോഗം..

മുരളി മേനോന്‍ (Murali Menon) said...

അപ്പോള്‍ കൊച്ചുത്രേസ്യയും സെലീനയും വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയും, ശല്യപ്പെടുത്തുകയും ചെയ്യുമ്പോള്‍ കഥകളിങ്ങനെ ഒഴുകി വരുന്നു അല്ലേ....
നന്നായിട്ടുണ്ട്.

കുഞ്ഞായി said...

‘ദേ ആ കൊച്ചാപ്പൂന്റെ അത്രേ ണ്ടാര്‍ന്നൊള്ളൊ. ദിങ്ങനെ ദിങ്ങനെ പീക്കുര്‍ണ്ണ്യായ്ട്ട്..കവിളിന്റെ കൂഴീലാണെങ്കി ഒരു നാഴി എണ്ണ ഒഴിക്കാം..’
നന്നായി ആസ്വെദിച്ചു തന്നെ വായിച്ചു

ഹരിശ്രീ said...

മേനോന്‍ ചേട്ടാ,

ഇതുവഴിആദ്യമാണ്. കഥ വളരെ ഇഷ്ടമായി.

ക്രിസ്തൂമസ്സ് - പുതുവത്സര ആശംസകള്‍.

:)
ഹരിശ്രീ.

കുട്ടന്മേനോന്‍ said...

എല്ലാവര്‍ക്കും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തുമസ് ആശംസിക്കുന്നു.

കുറുമാന്‍ said...

മേന്നെ,

കൊച്ചുത്രേസ്യ രണ്ടാം ഭാഗം രസിച്ചു....നല്ല ഒഴുക്ക്കുണ്ട്........ഇതങ്ങനെ നീണ്ട് നീണ്ട് പോകട്ടെ.......