Wednesday, February 07, 2007

ബാലചന്ദ്രന്റെ ഒന്നാം തിരുമുറിവ്

കട്ടിക്കണ്ണാടയിലൂടെ ബാലചന്ദ്രന്‍, നവാബിന്റെ മസ്ദ വാനിലെ മൂന്നാം സീറ്റിലേക്ക് എത്തിനോക്കി. ഇന്നും അവളില്ല.

ലീന ഇന്നും വന്നിട്ടില്ല.

ഇനി നവാബ് വല്ലതും അവളോട് പറഞ്ഞിരിക്കുമോ ?

ആരെയും വിശ്വസിക്കാന്‍ പറ്റാത്ത കാലമാണ്. നവാബിന്റെ മുഖത്ത് നേരിയ പുഞ്ചിരി പടരുന്നത് ബാലചന്ദ്രന്‍ ശ്രദ്ധിച്ചു.
അല്പം നീരസത്തോടെയാണെങ്കിലും നവാബിനൊരു ‘സുപ്രഭാതം’ നേര്‍ന്ന് ബാലചന്ദ്രന്‍ തന്റെ സീറ്റില്‍ അമര്‍ന്നിരുന്നു. ഇനി കമ്പനിയുടെ കാര്‍പോര്‍ച്ചിലേ വണ്ടി നിര്‍ത്തൂ.
ലീനയൊഴിച്ച് എല്ലവരും വണ്ടിയിലുണ്ട്.

രാജീവ് തന്റെ മൊബൈലിലെ ‘പാമ്പും കോണിയും’ കളിക്കുന്നതില്‍ മുഴുകിയിരിക്കുന്നു.

സാധരണ രാജീവ് രണ്ടാമത്തെ സീറ്റിലാണിരിക്കുക. ഇന്ന് ഒന്നാമത്തെ സീറ്റില്‍ തന്റെ ഒപ്പമാണിരിക്കുന്നതെന്ന് ബാലചന്ദ്രനോര്‍ത്തു.

അച്ഛന്‍ മലയാളിയാണെങ്കിലും അമ്മ മറാഠിയായ ലീന മലയാളത്തില്‍ സംസാരിക്കുന്നത് കണ്ടിട്ടില്ല. ശരീരത്തിന്റെ നിമ്നോന്നതികള്‍ വെളിവാക്കുന്ന വസ്ത്രധാരണം കൊണ്ട് പലരുടെയും ശരീരോഷ്മാവ് കൂട്ടിയിരുന്ന ലീന ഇതുവരെ മലയാളം പറയുന്നത് കണ്ടിട്ടില്ല. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ ദിവസം താന്‍ അവളുടെ അംഗവര്‍ണ്ണന നല്ല മലയാളത്തില്‍ അവളുടെ സാന്നിദ്ധ്യത്തില്‍ തന്നെ വിളമ്പിയതും മറ്റുയാത്രികര്‍ മനസ്സറിഞ്ഞ് അതില്‍ മന്ദസ്മിതം പൊഴിച്ചതുമെന്ന് അയാളോര്‍ത്തു. എങ്കിലും രാജീവിനുമാത്രം അത് അത്ര ഇഷ്ടപ്പെട്ടില്ല. രാജീവ് തന്റെ മുഖത്ത് പരുഷമായി നോക്കി.
ഒരുപക്ഷേ ഒരേ നാട്ടുകാരയതിനാലാവാം. മുംബയില്‍ ജനിച്ചുവളര്‍ന്ന മലയാളിയായ രാജീവ് ഇങ്ങനെ ഒരു കമന്റ് ഇഷ്ടപ്പെടുന്നില്ലായിരിക്കാം. വണ്ടിയില്‍ കയറിയാല്‍ രണ്ടാമത്തെ സീറ്റിലിരുന്ന് രാജീവ് മൂന്നാമത്തെ സീറ്റിലെ ലീനയോട് മറാഠിയില്‍ അതുമിതും പറഞ്ഞു കൊണ്ടിരിക്കും.

ഒരു വിധത്തില്‍ ഇന്നു ലീന ഇല്ലാഞ്ഞത് നന്നായി . തനിക്കറിയാത്ത ഭാഷയില്‍ അവര്‍ തമ്മില്‍ കുശുകുശുക്കുന്നത് അരോചകമായി തോന്നിത്തുടങ്ങിയിരുന്നു.

എന്താണിത്രയധികം സംസാരിക്കാന്‍. ഒരു പക്ഷേ സ്വന്തം ഭാര്യയോടുപോലും രാജീവ് ഇത്രയധികം സംസാരിച്ചിട്ടുണ്ടാവില്ലെന്നുവേണം കരുതാന്‍.

പാവം അതുല്യ. രാജീവ് വീട്ടില്‍ വന്നാല്‍ അധികം സംസാരിക്കില്ലെന്നത് എന്നും അവളുടെ പരാതിയാണ്.

ഒരുപക്ഷേ നാട്ടില്‍ ജനിച്ചുവളര്‍ന്ന അതുല്യയ്ക്ക് മറാഠി അറിയാത്തതുകൊണ്ടാവുമോ ?
ബാലചന്ദ്രന്‍ വെറുതെ പുറത്തു നോക്കിയിരുന്നു. മഞ്ഞ് മാറിവരുന്നതേയുള്ളൂ. റിഫൈനറിയിലേക്കുള്ള ട്രൈലറുകള്‍ ‍ ഒരു നേര്‍ രേഖയായികിടക്കുന്നു.

കമ്പനിയുടെ പാര്‍ക്കിങ്ങിലെത്തിയപ്പോഴും നവാബിന്റെ മുഖത്തെ മന്ദസ്മിതം മാറിയിട്ടുണ്ടായിരുന്നില്ല.
ഇനി നവാബിനൊടൊന്നു ചോദിച്ചാലോ. ഇനി ഒരു വേള രാജീവ് ലീനയോട് പറഞ്ഞിരിക്കുമോ.
റിസിപ്ഷനില്‍ ലീനയുടെ കസേര ഒഴിഞ്ഞുകിടന്നു.
ലബനീസ് വംശജയായ നജല നേരത്തെ തന്നെ സോളിറ്റയറില്‍ മുഴുകിയിരിക്കുന്നു. ഇനി നജലയോട് ചോദിച്ചാലോ ?

‘ഹായ് .. ഗുഡ് മോര്‍ണിങ്..’
‘മോര്‍ണിങ്. ഹൌ ആര്‍ യൂ ?.’
‘ആം ഫൈന്‍. ടുഡെ യു ആര്‍ എലോണ്‍ ? ‘
‘യപ്.. ലീന ഇസ് ഓഫ് റ്റുഡെ..’
ബാലചന്ദ്രന്‍ ഒരു നിമിഷം ശങ്കിച്ചു. എന്തിനാ ഓഫെടുത്തതെന്ന് ചോദിക്കണോ..
പിന്നെ നജലയെ ഒന്നു നോക്കി.
ഇപ്രാവശ്യവും നജല സോളിറ്റയറില്‍ തോറ്റു. അവളില്‍ നിന്നും മനസ്സിലാക്കാന്‍ പറ്റാത്ത ഒരു സ്വരം പുറത്തു വന്നു.
പിന്നെ മെല്ലെ ബാലചന്ദ്രന്‍ തന്റെ കാബിനിലേക്ക് നടന്നു.

14 comments:

Sul | സുല്‍ said...

“ലീന ഇന്നും വന്നിട്ടില്ല.

ഇനി നവാബ് വല്ലതും അവളോട് പറഞ്ഞിരിക്കുമോ ?“

ഉദ്ധ്വേഗത്തിന്റ്റെ മുള്‍മുനയില്‍ നിന്ന് ഒരു തേങ്ങ

‘ഠേ.......’

തകര്‍ത്തൂല്ലോ മേന്നെ (എന്റെ മനസ്സ്).

-സുല്‍

ikkaas|ഇക്കാസ് said...

അപ്പൊ അതിനാണോ ലീന ഇന്ന് ഓഫെടുത്തത്?
ഏയ്.. ആയിരിക്കില്ല, ചുമ്മാ തോന്നിയതാവും.
എന്നാലും അതുല്യയെന്തേ ഇനിയും മറാഠി പഠിക്കാത്തത്? രാജീവിനെ ഇനി കാണുമ്പൊ തീര്‍ച്ചയായും ചോദിക്കണം.

സു | Su said...

നന്നായിട്ടുണ്ട് കഥ. ഇനിയും എന്തൊക്കെയോ എഴുതാന്‍ ബാക്കിയുള്ളതുപോലെ.

ഇടിവാള്‍ said...

രാജീവന്‍ പറഞ്ഞു കാണ്‍ഊം.. അവനാരാ മോന്‍ ?

അല്ലേലും പറഞ്ഞതിലെന്താ തെറ്റ് ? ബാച്ചികള്‍ക്കും മറ്റും ഒരു കൈ സഹായമായിക്കോട്ടേയെന്നോര്‍ത്ത്, ശകലം സെക്സിയായി വസ്ത്രം ധരിച്ച് ലീന ചെയ്യുന്ന പ്രതിഫലേച്ഛയില്ല്ലാത്ത ആ പരോപകാരത്തെ മലയാളമറിയില്ലെന്നു ധരിച്ച്, മലയാളികളുടെ മുന്നില്‍ , മറാഠിമാത്രമറിയുന്ന ലീനയെ സാക്ഷി നിര്‍ത്തി കളിയാക്കിയത് ബാലചന്ദ്രന്‍ വലിയ ഏറ്റോം വല്യ തെറ്റ് ! ഇല്ലാ.. ഇതിനും മാപ്പില്ല...

ഒരു രഹസ്യം”: ബാലാ.. പേടൈക്കണ്ടാ/ ലീന ഇന്നലെ ശ്രീജിത്തിന്റെ ബ്ലോഗില്‍ കയറീ മുരിങ്ങാത്തോരന്‍ ഉണ്ടാക്കി കഴിച്ചു കാണും.. അതാ ഇന്ന് ഓഫ് ;)

അരവിന്ദ് :: aravind said...

??
മേന്‍‌നേ എനിക്ക് പിടികിട്ടിയില്ലാ ട്ടോ.
രാജീവ് പണിപറ്റിച്ചോ?

ഒന്ന് തെളിച്ച് പറേന്ന്.

:-)

ദില്‍ബാസുരന്‍ said...

എനിക്ക് കാര്യമായൊന്നും മനസ്സിലായില്ല. എങ്കിലും സെക്സിയായി ഡ്രെസ് ചെയ്യുന്ന ഒരു പെണ്ണ് എന്ന നിലയില്‍ ഈ കഥയില്‍ എന്ത് സംഭവിച്ചാലും എന്റെ അനുഭാവപൂര്‍ണ്ണമായ പരിഗണന ലീനയ്ക്ക് ലഭിയ്ക്കും. അവളെ വേദനിപ്പിച്ചവനാരായാലും ഞാന്‍ വെറുതെ വിടില്ല. ങ്ഹാ... :-)

sandoz said...

മേനനേ....അങ്ങനെ പോല്ലേ...നില്‍ക്ക്‌
...കാര്യം പറഞ്ഞിട്ട്‌ പോ.....ആ പെങ്കൊച്ചിനു എന്താ പറ്റീത്‌.....അവളുടെ വീട്ടില്‍ പോയി അന്വേഷിക്കണോ.....ഒരു ബാച്ചി എന്ന നിലക്കുള്ള എന്റെ കടമ നിറവേറ്റണോ......

ഉത്സവം : Ulsavam said...

ശരിയാ ഇതിപ്പോ ബാച്ചീസ് ഏറ്റെടുക്കേണ്ട കേസാ, പച്ചാളത്തിനെ വിളി. ലീനയ്ക്കെന്തെങ്കിലും സംഭവിച്ചാല്‍ ഒരു ഹറ്ത്താലിനുള്ള വകുപ്പുണ്ട്...

Anonymous said...

ഇതെന്തരു. ഒന്നു മുഴോനും പറ ന്റെ മാഷേ..

:) നന്നായിരിക്കുന്നു.

Nousher

വേണു venu said...

നന്നായി കഥ. മൊത്തം പറയാതിരുന്നതു പോലെ.:)

ദൃശ്യന്‍ | Drishyan said...

നന്നായിരിക്കുന്നു ഈ സിമ്പിള്‍ കഥ.

സസ്നേഹം
ദൃശ്യന്‍

kaithamullu - കൈതമുള്ള് said...

മാഷേ, ബാലചന്ദ്രന്റെ ഒന്നാമത്തെ തിരുമുറിവിന്റെ ആഴമെത്രയെന്ന് മനസ്സിലായില്ലാ... ചോര പുറത്ത് വരാത്തതരം മുറിവാണല്ലോ, അത്!

കുറുമാന്‍ said...

നന്നായി എഴുതിരിക്കുന്നു മേന്നെ കഥ. പക്ഷെ, അപൂര്‍ണ്ണമല്ലെ എന്നൊരു ശങ്ക! ബാക്കി വരില്ലേ? അതോ ഞങ്ങള്‍ തന്നെ പൂരിപ്പിക്കണോ?

കുട്ടന്മേനൊന്‍::KM said...

സൂ: എഴുതാന്‍ ഇനിയും ഏറെ ബാക്കിയുണ്ട്.
ഇടിവാള്‍ജി : കമന്റ് ഇഷ്ടായി. ഒരു ബ്ലോഗ് ഫ്രീയായി തരുന്നു.
അരവിന്ദ്ജി : മുഴുവന്‍ പറഞ്ഞാല്‍ പിന്നെ ഈ കഥയ്ക്ക് ഒരു ഭംഗിയുമുണ്ടാവില്ല.
കുറുമാന്‍ ജി: ബാക്കി ഭാഗം അനുവാചകര്‍ക്ക് വിട്ടുകൊടുത്തിരിക്കുന്നു.