Monday, July 09, 2007

ഒറ്റയടിപ്പാതയിലെ വെള്ളാരങ്കല്ലുകള്‍ - 1

ആല്‍മാവ്

ദേവദത്തന്‍ ട്രെയിനിറങ്ങുമ്പോള്‍ സമയസൂചിക ഇരുട്ടിന്റെ പതിനൊന്നിലേക്ക് നീങ്ങിയിരുന്നു. ഇതു അവസാനത്തെ വണ്ടിയാണ് . ഇതിനുമുന്‍പുള്ള വലിയ സ്റ്റേഷനില്‍ യാത്രക്കാരില്‍ ഭൂരിഭാഗവും ഇറങ്ങിയിരുന്നതിനാല്‍ ശൂന്യതയുടെ ബാക്കിപത്രമായ സ്റ്റേഷനിലെ ഇരുട്ടിനൊപ്പം ദേവദത്തന്‍ പടികളിറങ്ങി . നീണ്ട ഒരു യാത്രയുടെ ആലസ്യം, ഒഴിഞ്ഞ സ്റ്റേഷന്‍ വരാന്തകളെ വിരസമാക്കിക്കൊണ്ടിരുന്നു. ചീവിടുകളുടെ രോദനങ്ങള്‍ ഒരു വിഹല്വതയായി ദേവദത്തനു കൂട്ടായി. അല്പം മുമ്പ് കാലം തെറ്റി കടന്നു പോയ മഴത്തുള്ളികള്‍ റോഡില്‍ ചിതറിക്കിടന്ന് സ്ട്രീറ്റ് ലൈറ്റിന്റെ പ്രകീര്‍ണ്ണനത്തിനു ശോഭ കൂട്ടിക്കൊണ്ടിരുന്നു . ഓട്ടോകള്‍ എല്ലാം പോയിക്കഴിഞ്ഞിരിക്കുന്നു, തെരുവുകച്ചവടക്കാരും.... ശൂന്യതയില്‍‍ നിശാശലഭങ്ങള്‍ പറന്നു നടന്നു.

തല തിരിയുന്നുണ്ട്… രാവിലെ തുടങ്ങിയ യാത്രയാണ്. ബസ് യാത്ര ഒഴിവാക്കി തീവണ്ടിയില്‍ കയറുമ്പോഴൊന്നും വിചാരിച്ചിരുന്നില്ല , സെക്കന്റ് ക്ലാസ് കമ്പാര്‍ട്ട്മെന്റിലെ തിങ്ങി നിറഞ്ഞ, വിയര്‍പ്പിന്റെ ഗന്ധമുള്ള, കാലഹരണപ്പെട്ട ചുണ്ണാമ്പ് പെട്ടി ഇടക്കിടെ തുറന്നുകൊണ്ട് , സംസാരിക്കുമ്പോള്‍ ദേഹത്തേക്ക് ചുവന്ന തുപ്പല്‍ തെറിപ്പിക്കുന്ന ഒരു കൂട്ടത്തിനിടയിലിരുന്ന് യാത്ര തുടരേണ്ടി വരുമെന്ന് . പലപ്പോഴും മുഖം പൊത്തിപ്പിടിച്ചിരിക്കേണ്ടി വന്നു. ഓരോ സ്റ്റേഷനെത്തുമ്പോഴും പെട്ടന്നു തന്നെ അടുത്ത സ്റ്റേഷനെത്തട്ടെയെന്ന പ്രാര്‍ത്ഥനയിലായിരുന്നു.

നാളെ കാലത്ത് എങ്ങനെയെങ്കിലും വീട്ടിലെത്തണമെന്ന രാമന്‍ നായരുടെ അഭ്യര്‍ത്ഥനയ്ക്ക് മുന്നില്‍ കിട്ടിയ വഴിയിലൂടെ തന്നെ എങ്ങനെയെങ്കിലും യാത്രചെയ്യണമെന്നുമാത്രമായിരുന്നു. മനസ്സില്‍..

ഇരുട്ടിലേക്കിറങ്ങിയപ്പോള്‍ കനാലുകളുടെ ഓരം ചേര്‍ന്ന് പന്തിഭോജനം നടത്തുന്ന തെരുവു നായ്ക്കൂട്ടം.. ചെറിയ ഭീതിയുണര്‍ത്തി . എങ്കിലും അവ തന്നെ ശ്രദ്ധിക്കുന്നില്ലെന്നത് അല്പമെങ്കിലും ആശ്വാസം അയാള്‍ക്ക് നല്‍കി.

ഇരുട്ടിലൂടെയുള്ള ഈ യാത്ര തനിക്ക് പണ്ടേ വളരെ ഇഷ്ടമായിരുന്നെന്ന് അയാളോര്‍ത്തു . വഴിയുടെ വീതി പിന്നീട് കൂട്ടിയെങ്കിലും പഴയതുപോലെ ഇക്കാലത്ത് ആരെങ്കിലും നടന്ന് പോകുന്നതു അപൂര്‍വ്വമാണ് . കാറ്റ് പതിഞ്ഞു വീശുന്നു.

പണ്ട്, ക്ഷേത്രത്തില്‍ രാത്രി എട്ടു മണിക്ക് അത്താഴ ശീവേലി കഴിഞ്ഞ് അമ്മയുടെ കൂടെ ഈ വഴിക്കു തന്നെയാണ് നടന്നുപോകാറുള്ളത്. കാര്യസ്ഥന്‍ രാമന്‍ നായരും കാണും കൂടെ , ചൂട്ടും പിടിച്ച് . ശീവേലി കഴിഞ്ഞ് ചന്തമുക്കു വരെ വേറെ ചിലരും കൂടെ കാണും. അവര്‍ പോയിക്കഴിഞ്ഞാല്‍ ... പിന്നെ മുന്നില്‍ നീണ്ടു നിവര്‍ന്നുകിടക്കുന്ന വഴി. ചന്തമുക്ക് കഴിഞ്ഞാല്‍ അല്പം വേഗതയേറും. രാമന്‍ നായര്‍ പിന്നെ മൌനത്തിന്റെ നീണ്ട മരുഭൂമിയിലേക്ക് . . പലപ്പോഴും ഒന്നു തിരിഞ്ഞു നോക്കുക പോലുമില്ല... അമ്മയുടെ കൈ പിടിച്ച് താനും. ചന്ദന നിറമുള്ള അമ്മയുടെ വയറിലേക്ക് ചൂട്ടിന്റെ പ്രഭാവര്‍ഷം ചൊരിയുന്നത് ധൃത നടത്തത്തിനിടയിലും താന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു., ഇടവിട്ട വര്‍ഷങ്ങളില് ‍ തെളിയുന്ന ചുളിവുകളും...

മുക്കാല്‍ മണിക്കുറെങ്കിലും നടക്കണം വീട്ടിലെത്താന്‍.

ചന്ത മുക്ക് കഴിഞ്ഞ് ഏറെ കഴിയും മുമ്പു തന്നെയാണ് പാലുവായിപ്പടിയിലെ വലിയ ആല്‍മരം. ഒരു വയോവൃദ്ധന്റെ താടിരോമം പോലെ വീണുകിടക്കുന്ന ആലിന്റെ വേരുകള്‍. ആല്‍ത്തറയിലെ കല് വിളക്ക് ... കരിപിടിച്ച യാഥാര്‍ത്ഥ്യങ്ങളോട് സമരസപ്പെടാതെ ...ആലിന്റെ വേരിനോട് ചേര്‍ന്ന് ഒരു മാവ് മുളച്ചു പൊന്തി വന്നു. ഇണക്കുരുവികളെ പോലെ ആലിന്റെ വേരിനോട് ചേര്‍ന്ന് മാവും തലയുയര്‍ത്തി നിന്നു . പിന്നീടത് ആല്‍മാവായി. എങ്കിലും മാവിന്റെ വേരുകള്‍ ഭൂമിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ബീജങ്ങളായി പരിണമിച്ചില്ല . നീല ഞെരമ്പോടിയ പരന്ന തണലുകളുടെ ചുറ്റുവട്ടമായി ആല്‍മാവ്.

അന്നൊരു നാള്‍ പട്ടമ്പിയില്‍ നിന്നും വന്ന അമ്മയുടെ അനിയത്തിയും കൂടെയുണ്ടായിരുന്ന ദിവസമാണ് അതുണ്ടായത് . ശീവേലി കഴിഞ്ഞുള്ള വരവാണ്..ഒരു മിഥുനമാസത്തിലെ കാലം തെറ്റി വന്ന ചാറ്റല്‍ മഴ.... മൂളുന്ന കാറ്റ് ... ചെറ്യമ്മയുടെ ഇടതുകയ്യിലെ കുപ്പി വളകളുടെ നേരിയ ഇളക്കം മാത്രം . വീട്ടില്‍ ചെറിയമ്മ മാത്രമാണ് വളകളിടാറുള്ളത് . അതും ഇടതുകയ്യില് ‍ മാത്രം. ചെറിയമ്മ മറ്റു പണ്ടങ്ങളൊന്നുമിട്ട് കണ്ടിട്ടില്ല. ഷൊര്‍ണ്ണൂരില് ‍ നിന്നുള്ള എന് ‍.ബി.എസ്സിന്റെ ഉച്ചകഴിഞ്ഞുള്ള ബസ്സിലാണ് ചെറിയമ്മ വരുന്നത്. കൂടെ അവിടത്തെ കാര്യസ്ഥനും ഉണ്ടാവും , ഒരു വലിയ ഭാണ്ഡക്കെട്ടുമായി. അതില്‍ നിറയെ അമ്മയ്ക്കും ഞങ്ങള്‍ക്കുമിഷ്ടപ്പെട്ട അരിമുറുക്കും വട്ടത്തിലുള്ള മുറുക്കുമായിരിക്കും ,കുറെ തളിര്‍ വെറ്റിലയും. ചെറിയമ്മയെ എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ്. ചെറിയമ്മക്ക് കുറെ കവിതകളറിയാം . വടക്കേപ്പുറത്തിരുന്ന് ഇടക്കെ എല്ലാവരുടെയും മുന്നില്‍ വെച്ച് ഉറക്കെ നല്ല ഈണത്തില്‍ അത് ചെല്ലും . കവിതകള്‍ എല്ലാവരും കേട്ടിരിക്കും.. ഒരാഴ്ചയെങ്കിലും താമസിച്ചേ മടങ്ങൂ. ചെറിയച്ഛന്‍ അപൂര്‍വ്വമായേ വരാറുള്ളൂ. നല്ല തിരക്കുള്ള മനുഷ്യനാണെന്നാണ് പൊതുവെ കേട്ടിരിക്കുന്നത് , കൃഷിപ്പണികളും കോടതിക്കാര്യങ്ങളും മറ്റുമായി..

'മഴയ്ക്കുള്ള കോളുണ്ട്. .. ഒന്ന് വേഗം നടക്കൂ...' രാമന്‍ നായര്‍ക്ക് ധൃതി കൂടുന്നു . വീര്‍ത്ത വയറുമായി ഇതില്‍ കൂടുതല്‍ വേഗത്തിലെങ്ങനെ നടക്കാനാണ്... ചെറ്യമ്മ അമ്മയുടെ കൈപിടിച്ചിട്ടുണ്ട്.

ആല്‍മരത്തിനടുത്തെത്തിയപ്പോഴാണ് ..

കാറ്റ് ആഞ്ഞു വീശിയത് ... ഉണങ്ങിയ ആലിലകള്‍ ആകാശത്തിന്റെ കോണുകളിലൂടെ പറന്നുനടന്നു... ചെവിയില്‍ തേനീച്ചകളുടെ ഹുങ്കാരവം..

അപ്പോഴും കല്‍ വിളക്കില്‍ കെടാതെ തെളിയുന്ന ദീപം.. ഈര്‍ക്കില്‍ നാളമായി അത് മുനിഞ്ഞു കത്തി . കടവാവലുകളുടെ ശീല്‍ക്കാരങ്ങള്‍..

പെട്ടന്ന് ശക്തമായ ഒരു കാറ്റ് പടിഞ്ഞാറുനിന്നും... ദീപമണഞ്ഞു... ഇണചേര്‍ന്ന മാവിന്റെ മാറില്‍ ഒരു വെള്ളിടി ….
രാമന്‍ നായരുടെ ചൂട്ട് കെട്ടു.

'ഹൌ .. ഇതെന്തൊരു കാറ്റ്...' തീപ്പെട്ടിയെടുത്ത് തീകൊളുത്തി . പ്രകാശം പരന്നു...

അമ്മ അപ്പോള്‍ ചെമ്മണ്‍ പാതയിലിരിക്കുകയായിരുന്നു. വിളറിയ മുഖത്ത് ഒഴിഞ്ഞുപോയ സര്‍വ്വനാശത്തിന്റെ വിഹല്വത..

' ഏട്ത്തി എന്താ പറ്റീയത്.. ' ചെറിയമ്മ അമ്മയുടെ കയ്യില്‍ മുറുകെ പിടിച്ചിരുന്നു.

'ഒന്നുമില്ല.... ചെറിയൊരു ക്ഷീണം... ..' പിന്നെ,മെല്ലെ എഴുന്നേറ്റ് നടന്നു. രാമന്‍ നായര്‍ നടത്തത്തിനു വേഗത കുറച്ചിരുന്നു .

ആറാം മാസം പേറ്റിച്ചി, കുഞ്ഞിലക്ഷ്മിയെ പുറത്തെടുക്കുമ്പോള്‍ ജന്മാന്തരങ്ങളുടെ കര്‍മ്മഫലങ്ങളെല്ലാം അമ്മ അനുഭവിച്ചു തീര്‍ക്കുകയായിരുന്നു . പേറ്റുമുറിയില്‍ ചെമ്പട്ട് പുതച്ച കോമരങ്ങള്‍ ഉറഞ്ഞാടി.

വൃശ്ചിക മാസത്തെ നെരിപ്പോടുപുകയുന്ന കാറ്റ് ആലിലകളെ ഉറക്കം വീഴാതെ പിടിച്ചു നിര്‍ത്തി. ദേവദത്തന്‍ തന്റെ നടത്തത്തിനു വേഗം കൂട്ടി . കാപ്പരയ്ക്കലെ ചില വര്‍ക് ഷാപ്പുകള്‍ ഉണര്‍ന്നിരുന്നു. പകല്‍ സജീവമായ ബസ്റ്റോപ്പില്‍ ലിംഗഭേദമില്ലാതെ നായാടികള്‍ മൂടിപ്പുതച്ചു കിടന്നു. അവരുടെ നായകള്‍ തെരുവു പട്ടികളില്‍‍ സ്വാസ്ഥ്യമനുഭവിച്ചു .

വെട്ടുകല്ലുപാകിയ പടികള് ‍ കയറുമ്പോള്‍ ദേവദത്തന്‍ വെറുതെ പിന്തിരിഞ്ഞു നോക്കി . വൈലിത്തറയുടെ അറ്റം വരെ നീണ്ടുകിടക്കുന്ന നഷ്ടപ്രതാപത്തിന്റെ ചാലുകളില് ‍ മിന്നാമിനുങ്ങുകള്‍ പറന്നു നടന്നു. വേട്ടുവരുടെ കുടിലുകളിലേക്കുള്ള ഒറ്റയടിപ്പാതയില്‍‍ വെള്ളിനിലാവ് പതിഞ്ഞു കിടന്നു.

ഉമ്മറത്തെ കെടാവിളക്ക് ... രാമന്‍ നായര്‍ വീട്ടില്‍ പോയിട്ടുണ്ടാവും . അല്ലെങ്കില്‍ കോലായില്‍ തന്നെ ഇരിക്കാറുണ്ട്. ഇത്രവൈകി താന്‍ വരുമെന്ന് രാമന്‍ നായര്‍ പ്രതീക്ഷിച്ചുകാണില്ല.

ഷൂ ഊരിവെച്ച് ഉമ്മറപ്പടിയില്‍ ഒരു നിമിഷം.....മെല്ലെ വാതിലില്‍ മുട്ടി.

'കുഞ്ഞിലക്ഷ്മീ.... വാതില്‍ തുറക്കൂ....ഏട്ടന്‍ വന്നൂ .' ദേവദത്തന്‍ അറിയാതെ വിളിച്ചുപോയി, തെക്കേപ്പുറത്തെ കിളിച്ചുണ്ടന് ‍ മാവ് അവളുടേതായിരുന്നില്ലേയെന്ന സത്യം കോലായില് ‍ തങ്ങിനിന്നിരുന്ന സമ്പ്രാണിയുടെ സുഖഗന്ധത്തില്‍ അയാള്‍ മറന്നുപോയിരുന്നു …. വിസ്തൃതിയുടെ ലഹരിയില്‍ മുഴുകിയ ആ രാത്രിയില്‍.

25 comments:

കുട്ടമ്മേനൊന്‍| KM said...

ഒരു നീണ്ടകഥ കൂടി ചേര്‍ക്കുന്നു. അദ്ധ്യായം ഒന്ന്. ആല്‍മാവ്.

അഗ്രജന്‍ said...

വരാനിരിക്കുന്നതിന്‍റെ സൂചന ആദ്യഖണ്ഡിക തന്നെ തരുന്നുണ്ട്. നല്ല എഴുത്ത് കുട്ടമ്മേന്ന്നേ...
ഒരു നോവലിന്‍റെ ചട്ടക്കൂടിനോട് പരമാവധി നീതിപുലര്‍ത്തുന്നതായി തോന്നി ആദ്യലക്കം. വരും ലക്കങ്ങളും നന്നായി തന്നെ പോരട്ടെ - ഭാവുകങ്ങള്‍.

ദേവദത്തന്‍ - നായകന്‍റെ പേര് എനിക്കിഷ്ടമായി.

kaithamullu : കൈതമുള്ള് said...

മേന്‍‌ന്നേ,
വായിക്കാന്‍ സമയം കിട്ടിയില്ല.
പ്രിന്റൌട്ട് എടിത്തിട്ടുണ്ട്.
ബാ‍ക്കി പിന്നെ.
:-)

കറുമ്പന്‍ said...

ഗംഭീര തുടക്കം ...ഇതിന്റെ പോക്കു കണ്ടിട്ടു ഒരു മാസ്റ്റര്‍ പീസ് വര്‍ക്കാവനുള്ള എല്ലാ സാധ്യതയും ഉണ്ട് ..

വല്യമ്മായി said...

തുടക്കം കൊള്ളാം.

മാവേലി കേരളം said...

കൊള്ളം മേനോനേ,

ഉദ്ദ്വേഗത, സസ്പെന്‍സ് ഒക്കെ ശരിയ്ക്കും വഴങ്ങുന്നുണ്ട്.

തുടരൂ. ഭാവുകങ്ങള്‍

മുരളി വാളൂര്‍ said...

ഒടുക്കം കണ്ടപ്പോള്‍ ഇതെങ്ങും എത്തിയില്ലല്ലോ എന്നു ശങ്കിച്ചു... പിന്നെ തുടരന്‍ ആണെന്ന് കണ്ടപ്പോള്‍ ആശ്വാസം....
മനോഹരമായ എഴുത്തുതന്നെ....വരും ലക്കങ്ങള്‍ ബുക്ക്‌ ചെയ്തിരിക്കുന്നു....

kaithamullu : കൈതമുള്ള് said...

മേന്‍‌ന്നേ,
ഇരുന്നിട്ടിരിപ്പുറച്ചില്ല, രണ്ടും കല്‍പ്പിച്ചങ്ങ് വായിച്ചു.

-ഭാഷയില്‍ വളരേ ശ്രദ്ധിച്ചിരിക്കുന്നുവെന്ന് മനസ്സിലായി. ചില പ്രയോഗങ്ങള്‍ (പേറ്റുമുറിയില്‍ ചെമ്പട്ട് പുതച്ച കോമരങ്ങള്‍ ഉറഞ്ഞാടി) ഗംഭീരമെന്നേ പറയാനാവൂ.

ഒരു നീണ്ട തുടരന്‍ ആയിക്കോട്ടെ, മുഷിയില്ല, തീരെ!
(ആ അവസാന വാചകം ഒന്നൂടെ വായിക്കൂ, പ്ലീസ്!)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: മുഴുവന്‍ എഴുതിത്തീര്‍ത്തിട്ടേ അടുത്തഭാഗം പുറത്തിറക്കാവൂ എന്ന ഒരു സജഷനുണ്ട്.
ഒരു അടിപൊളി തുടരന്‍ തുടങ്ങീട്ട് ഏതോ വഴീല് ചെന്ന് നില്‍ക്കാ അവസാനിക്കുന്ന ലക്ഷണമില്ല അഥവാ എഴുതുന്നില്ല. അതു പോലാവരുത്..

ഇത്തിരിവെട്ടം said...

തുടരൂ... ആദ്യഭാഗം അസ്സ്ലായിട്ടുണ്ട്.

സാല്‍ജോҐsaljo said...

:) കൊള്ളാം

ഓ. ടോ: ചാത്തന് തിരിച്ചൊരേറ്!

മുസാഫിര്‍ said...

നന്നായിട്ടുണ്ട് മേന്നെ.ദേവദത്തന്റ്റെ മനോവ്യഥകള്‍ കഥയില്‍ പ്രതിഫലിക്കുന്നുണ്ട്.

വേണു venu said...

മേനോനെ നന്നായിരിക്കുന്നു തുടക്കം. ആശംസകള്‍‍.:)

സു | Su said...

കഥയുടെ ഒന്നാം ഭാഗം ഇഷ്ടമായി.

അപ്പു said...

മേനോനേ വളരെ ഹോംവര്‍ക്ക് ചെയ്തതിനു ശേഷം പോസ്റ്റ് ചെയ്തതാണെന്ന് മനസ്സിലായി. നന്നായിട്ടുണ്ട്.

Dinkan-ഡിങ്കന്‍ said...

:)
അടുത്തതും വൈകാതെ പോന്നോട്ടെ മേന്‍‌നെ

ദില്‍ബാസുരന്‍ said...

വായിച്ചു. നന്നായിട്ടുണ്ട്.

സുനീഷ് തോമസ് / SUNISH THOMAS said...

മേനോന്‍ അച്ചായാ.. സോറി, ചേട്ടാ, ഗംഭീരമാകുന്നുണ്ട്!!:)

SAJAN | സാജന്‍ said...

കുട്ടന്മേനോണെ, ഇത് ഗംഭീരമായിര്ക്കുന്നു..
ഒട്ടും മുഷിപ്പില്ലാതെ, വായിച്ചു..
തുടര്‍ന്നും എഴുതൂ:)

കുട്ടമ്മേനൊന്‍| KM said...

ചാത്താ, മുഴുവന്‍ എഴുതിത്തീര്‍ത്തിട്ടേ അടുത്തഭാഗം പുറത്തിറക്കാവൂ എന്ന വാശി നടക്കില്ല. എഴുത്ത് ഒരു ഫുള്‍ടൈം ജോലിയല്ലല്ലോ. ഫ്രെയിം തീര്‍ത്തു വെച്ചു. അതു മതിയല്ലോ എഴുതി തീര്‍ക്കാന്‍.
കൈതേ, ഭാഷയില്‍ അത്രയധികമൊന്നും ശ്രദ്ധിച്ചിട്ടില്ല.എങ്കിലും ഇല്ലാതില്ല.
സുനീഷേ, ലോകത്ത് മുഴുവന്‍ അച്ചായന്മാര്‍ മാത്രമേ ഉള്ളൂ.. :)

മുരളി മേനോന്‍ said...

സശ്രദ്ധം വായിച്ചു...ഇനിയും ശ്രദ്ധയോടെ വായിക്കാന്‍ കാത്തിരിക്കുന്നു. ഒടുവില്‍ കഥ കഴിയുമ്പോള്‍ ഞാന്‍ കഥാകൃത്തിനോട് സംസാരിക്കുമെന്ന് അറിയിച്ചുകൊണ്ട് സസ്നേഹം മുരളി

ജിഹേഷ് എടക്കൂട്ടത്തില്‍ | Gehesh | said...

വായിച്ചുകഴിഞ്ഞപ്പോ‍ള്‍ ഒരു പ്രത്യക അനുഭൂതി...ഏറ്റുമാനൂരിന്റെയോ മോഹനവര്‍മ്മയുടെയോ ഒക്കെ നോവല്‍ വായിക്കുമ്പോള്‍ കിട്ടാറുള്ള ആ അനുഭൂതി..

നന്നായിരിക്കുന്നു

കൃഷ്‌ | krish said...

അപ്പൊ തൊടരനാ.. ആദ്യം നന്നായി.
ഇനി എത്ര എപ്പിഡോസാ.. കൂടുതല്‍ വലിച്ചുനീട്ടില്ലെന്നു വിചാരിക്കുന്നു.
അപ്പോ അങ്ങ്ട് പോരട്ടെ.

padmanabhan namboodiri said...

-എനിക്കിഷടമാണു ഈ ഭാഷ. നുറുങ്ങു വാചകങ്ങള്‍. സൂക്ഷ്മമായ ഒബ്സെര്‍വേഷനുകള്‍. ഇതെല്ലാം നല്ല എഴുത്തിനെ ലക്ഷണങ്ങള്‍. വായിപ്പിക്കുക എന്നതാണല്ലൊ ആദ്യം വേണ്ടതു. മോശമാണെന്നു പറയണമെങ്കില്‍ പോലും വായന നടക്കണം. മേനോന്റെ എഴുത്തില്‍ അതു വേണ്ടുവോളമുണ്ടു.

തമനു said...

എഴുത്ത് വളരേ ഹൃദ്യം മേന്‍‌നേ..