Saturday, December 16, 2006

ശവംതീനി ഉറുമ്പുകള്‍

ഇരുട്ടു കട്ടപിടിച്ച രൂപക്കൂടില്‍ അണഞ്ഞ സീറോ ബള്‍ബിനടുത്ത് ഒരു പല്ലി വെറുതെ ചിലച്ചു.
കുഞ്ഞാന്നമ്മ ഇടത്തെ കൈ വെറുതെ ഒന്നനക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു. വിറയ്ക്കുന്ന ഇടത്തെകൈയിലും ചുണ്ടുകളിലും തണുപ്പ് അതിന്റെ എവറസ്റ്റ് താണ്ടിയിരിക്കുന്നു. പകുതി തുറന്ന കണ്ണുകളില്‍ ചെറിയ മിന്നലാട്ടം മാത്രം. കഴുത്തു വരെ മൂടിയ പുതപ്പിലെ കെട്ടമണം ശ്വസിക്കാന്‍ കുഞ്ഞാന്നാമ്മ വൃഥാ ഒരു ശ്രമം നടത്തി.

ക്ലോക്കിലെ സെക്കന്‍സ് സൂചിയുടെ നേര്‍ത്ത മിടിപ്പുമാത്രം.

ജനല്‍ പഴുതിലൂ‍ടെ ഒലിച്ചിറങ്ങിയ ഇത്തിരിവെട്ടത്തില്‍ കുഞ്ഞാന്നമ്മ എന്തിനോ വേണ്ടി കണ്ണുകള്‍ പരതി.
‘ജോസേ...ജോസേ...’ വെറുതെയാണെങ്കിലും കുഞ്ഞാന്നാമ്മ വിളിച്ചു.
ആപ്രിക്കോട്ട് സ്ക്രബ്ബര്‍ മുഖത്ത് തേച്ചു പിടിപ്പിച്ചുകൊണ്ടിരുന്ന ചിന്നമ്മ ഒരു നിമിഷം കാതോര്‍ത്തു.
‘തള്ളേ .. മിണ്ടാണ്ടവിടെ കിടക്ക്... ‘ ചെറിയ ഒരു അസ്വാരസ്യത്തോടെ ചിന്നമ്മ അലറി.
കുഞ്ഞാന്നമ്മ പിന്നെ പുതപ്പിന് മുകളിലേക്ക് നോക്കി.

ഒരു കൂട്ടം ഉറുമ്പുകള്‍ ഉത്സാഹത്തോടെ വരിവരിയായി കയറി വരുന്നു. അവ കുഞ്ഞാന്നമ്മയുടെ മാറിടവും കടന്ന് മുഖത്തേക്ക് കയറി. നുര വന്നു തുടങ്ങിയ വായ്ക്ക് ചുറ്റും ഒരു വേലി കെട്ടി.

അരണ്ട വെളിച്ചത്തില്‍ ചിന്നമ്മ കിടക്കുകയാണ്. മാക്സിയുടെ അറ്റം കണങ്കാലുകള്‍ക്കു മുകളില്‍ അലസമായി കിടന്നു.

ഇന്നലെ തന്റെ അന്ത്യകൂദാശക്ക് വന്ന പുരോഹിതന്റെ മുഖം വെറുതെ ഓര്‍ത്തെടുക്കാന്‍ ഒരു ശ്രമം നടത്തി. ചുണ്ടുകള്‍ എന്തിനോ വേണ്ടി വിറകൊണ്ടു.
പിന്നെ മൌനത്തിന്റെ ഒരു നീണ്ട സഹാറ.
ചിന്നമ്മ കാലുകള്‍ ചെറുതായൊന്ന് ഉയര്‍ത്താന്‍ ശ്രമിച്ചു.
കാലുകളിലേക്ക് ഒരു കൂട്ടം ഉറുമ്പുകള്‍ വരിവരിയായി കയറിവരുന്നത് ചിന്നമ്മ കണ്ടു.
പ്രമേഹ രോഗിയായ തന്റെ അരക്കെട്ടിലേക്കാണവ ഓടിക്കിതച്ചുവരുന്നതെന്ന് ചിന്നമ്മ ഒരു ഞെട്ടലോടെ ഓര്‍ത്തു.
കൂട്ടം തെറ്റാതെ ലക്ഷ്യസ്ഥാനത്തേക്ക് അവ നടന്നടുത്തു.., ശവംതീനി ഉറുമ്പുകള്‍.

26 comments:

അഗ്രജന്‍ said...

നല്ല കുഞ്ഞു പോസ്റ്റ്...

ആ എവറസ്റ്റ് എന്ന പ്രയോഗം ഇല്ലെങ്കിലും നന്നാകുമായിരുന്നു :)

മറ്റൊരു ഡോള്‍ബിയേ പോസ്റ്റിലേക്കയക്കുന്നു... ഠ്...ഠ്...ഠേ...

സു | Su said...

അയ്യോ. പാവം കുഞ്ഞന്നാമ്മ.

കുഞ്ഞുകഥ നന്നായി. :)

വല്യമ്മായി said...

നല്ല കഥ

ഒരു ഭാവി കുഞ്ഞന്നാമ:(

വിഷ്ണു പ്രസാദ് said...

കുട്ടമ്മേനോന്‍ എന്ന കഥാകൃത്തിന്റെ ഉറുമ്പുകള്‍ പിടികൂടുന്നത് മധ്യവയസ്കരെയോ വൃദ്ധരെയോ ആണെന്ന് ഞാന്‍ പറഞ്ഞാല്‍ താങ്കള്‍ക്ക് നിഷേധിക്കാനാവുമോ...?

വേണു venu said...

പല്ലി വെറുതെ ചിലച്ചു. ഉറുമ്പുകള്‍ നുര വന്നു തുടങ്ങിയ വായ്ക്ക് ചുറ്റും ഒരു വേലി കെട്ടി. ലക്ഷ്യസ്ഥാനത്തേക്ക് നടന്നടുക്കുന്ന ശവംതീനി ഉറുമ്പുകള്‍.
മേനോനെ ഒത്തിരി ഇഷ്ടപ്പെട്ടു എന്നു പറഞ്ഞാല്‍ നമ്മുടെ വിഷ്ണുജി അവിടിരുന്നൊണ്ടു പറയുന്നതൊന്നും ഞാന്‍ ശ്രദ്ധിക്കാതെ പറയുന്നു, നിസ്സഹായതയുടെ അവസാന അനുഭവമെന്ന മരണം ഭയപ്പെടുന്നു മേനോനെ.
വല്യമ്മായി പറഞ്ഞതു് തന്നെ പുരുഷ ശബ്ദത്തില്‍ ഞാനും പറയുന്നു.

പിന്മൊഴി said...

വായിച്ചു.സങ്കടായി…
-പിന്മൊഴി.

ikkaas|ഇക്കാസ് said...

മേനോന്‍സ്...
ചിന്തിപ്പിക്കുന്ന കഥ.
ഇവിടെ കോടീശ്വരന്മാരായ മൂന്നു മക്കളുടെ മണിമാളികകള്‍ക്ക് നടുവില്‍ സ്വന്തം തറവാട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ഒരുമ്മൂമ്മയും ഉപ്പൂപ്പയുമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ഉമ്മൂമ്മ മരിച്ചു, ബാത്രൂമില്‍ തെന്നിവീണതാ, നേരം വെളുത്തപ്പൊ അയല്‍ വീട്ടുകാര്‍ കണ്ടത് അവരെയൊന്നു വലിച്ചു പൊക്കുവാന്‍ പോലും ശേഷിയില്ലാതെ കുളിമുറിയുടെ വാതില്‍ക്കല്‍ നിന്ന് കരയുന്ന ഉപ്പൂപ്പയെയാണ്.
ആ വൃദ്ധന്‍ കരഞ്ഞുകൊണ്ട് മൂന്നുമക്കളുടെയും വീട്ടില്‍പ്പോയി മാറിമാറി കരഞ്ഞു വിളിച്ചത്രേ, ആരും തിരിഞ്ഞു നോക്കിയില്ല.
കുഞ്ഞന്നാമ്മയ്ക്കായാലും ബീപാത്തുമ്മയ്ക്കായാലും ഈ അവസ്ഥ ആര്‍ക്കും വരാതിരിക്കട്ടെ!

തറവാടി said...

:(

പടിപ്പുര said...

വാര്‍ദ്ധക്യം അല്ലെങ്കില്‍ മരണം, എങ്ങിനെ വരാനിരിക്കുന്നുവോ ആവോ!

ഇടിവാള്‍ said...

എവറസ്സ്റ്റും സഹാറയുമെല്ലാം ഒരുമിച്ചു നില്‍ക്കുന്ന പോസ്റ്റ്.

സംഘടിപ്പിച്ചു മേനോന്‍സ്.. ഈ കഥ എന്ന്നെ സംഘടിപ്പീച്ചൂ‍ൂ‍ൂ‍ൂ‍ൂ..
( സങ്കടപ്പെടുത്തീന്ന് ;))

അല്ലാ, പല്ലി ചിലച്ചത് എന്തിനാ‍ാണോ ആവോ ?

അതുല്യ said...

എറണാകുളം ജനറല്‍ ആസ്പത്രീടെ ക്യാന്‍സര്‍ വാര്‍ഡില്‍ ഈയ്യിടെ എങ്ങാനും പോയിരുന്നോ?

വാര്‍ദ്ധക്യം മരണം എന്നൊക്കെ ചിന്തിച്ച്‌ കൊണ്ടിരിയ്കുമ്പോഴാണു 25 വയസ്സുള്ളവര്‍ക്ക്‌ വാര്‍ദ്ധക്യം വരുന്നത്‌ പടിപ്പുരേ.... ഒന്നും മുന്‍കൂട്ടി അറിയാന്‍ കഴിയാത്ത അടുത്ത നിമിഷത്തേക്കുറിച്ച്‌ ഓര്‍ത്തിട്ട്‌ എന്ത്‌ കാര്യം.

ശാസ്ത്രം അങ്ങേ തലയ്കല്‍ എത്തി നില്‍കുമ്പോഴും, മരണം ഏത്‌ രീതിയില്‍ എന്ന് പിടി തരാത്ത ഒരു ചോദ്യമായി തന്നെ. അടുത്തിരുന്ന ഫിലിപ്പീനി ഒരു സിഗരറ്റിന്റെ ഒരു പുക വലിയ്കുന്ന നേരത്തിന്റെ വേഗത്തില്‍ ഒരു ശവമായി മാറിയ കാഴ്ച്ച നമ്മള്‍ ദുബായിക്കാറു ഷേയ്ക്‌ സായിദ്ദ്‌ റോഡിലെ ബസ്സ്‌ അപകടത്തില്‍ കണ്ടില്ലേ?

Anonymous said...

എവറസ്റ്റ്‌,സഹാറ,എന്നീവാക്കുകള്‍ കുട്ടന്മേനോന്റെ കഥയെ സ്വയം പരിഹസിക്കുന്നുണ്ടെങ്കിലും ,മരണമുഹൂര്‍ത്തത്തില്‍ വയസ്സായ കുഞ്ഞാനമ്മയുടെ അരികില്‍ നില്‍ക്കുന്ന ഒരു വായനാനുഭവം.

പടിപ്പുര said...

അതുല്യ,
വാര്‍ദ്ധക്യ മരണത്തെയല്ല, വാര്‍ദ്ധക്യം അല്ലെങ്കില്‍ മരണം ഇവ എങ്ങിനെയായിരിക്കും എന്നതിനെപ്പറ്റിയാണ്‌ ഞാന്‍ വ്യാകുലപ്പെട്ടത്‌.

(കൂടെക്കളിച്ച്‌,കൂടെപ്പഠിച്ച്‌, കൂടെത്താമസിച്ച്‌ എന്റെ രണ്ട്‌ പ്രിയസുഹൃത്തുക്കള്‍ എന്നെയും കടന്നുപോയത്‌ ഒരുപാടൊരുപാട്‌ നേരത്തെയാണ്‌)

മഴത്തുള്ളി said...

പാവം കുഞ്ഞന്നാമ്മ. എന്നാലും ആരും നോക്കാനില്ലാതെ ശവംതീനി ഉറുമ്പുകള്‍ക്ക് ആഹാരമാകാന്‍ മാത്രം അവരെന്ത് തെറ്റു ചെയ്തു. :(

വിശാല മനസ്കന്‍ said...

മൌനത്തിന്റെ ഒരു നീണ്ട സഹാറ!!!

ഗംഭീരായിട്ടുണ്ട്. മേന്നേ.

കരീം മാഷ്‌ said...

മരണവും വാര്‍ദ്ധക്യവും വല്ലാതെ ഭീതിപ്പെടുത്തുന്നു.ഈ കഥ ഭീതിയെ അനുഭവിപ്പിക്കുന്നു.

കുട്ടന്മേനൊന്‍::KM said...

കുഞ്ഞാന്നമ്മക്ക് ആദരാഞ്ജലിയര്‍പ്പിച്ചവര്‍ക്ക് നന്ദി.
അഗ്രജാ : തേങ്ങക്ക് നന്ദി. എവറസ്റ്റും സഹാറയും ചേര്‍ത്തത് മനപ്പൂര്‍വ്വം തന്നെയാണ്. എന്റെ ആശയം കമമ്യൂണിക്കേറ്റ് ചെയ്യാന്‍ വേണ്ടി മാത്രം. വളരെ വിഷമത്തോടുകൂടിത്തന്നെ പറയട്ടെ അങ്ങനെയൊരു കമന്റ് ആരുടെ ഭാഗത്തുനിന്നും കണ്ടില്ല.
സൂ : :)
വല്യമ്മായി : :(
വിഷ്ണുപ്രസാദ്, വേണുജി,പിന്മൊഴി,ഇക്കാസ്, തറവാടി,പടിപ്പുര, അതുല്യേച്ചി, ചിത്രകാരന്‍,മഴത്തുള്ളി, വിശാലന്‍, കവിവാള്‍ജി,കരീം മാഷ് വന്നതിനും കമന്റിയതിനും നന്ദി.

ദേവന്‍ said...

കുട്ടമ്മേന്നേ, ഇതിപ്പോഴേ കണ്ടുള്ളു
വാര്‍ദ്ധക്യം, അതിന്റെ നിസ്സഹായാവസ്ഥ, സ്വഭാവ വ്യതിയാനങ്ങള്‍, മറ്റുള്ളവര്‍ ഒരു ഭാരമായി കാണുമെന്ന ഭീതി ഒക്കെ എന്നേയും അലട്ടാറുണ്ട്‌. ചെറുപ്പത്തില്‍ "ഓ ഞാനത്രടം വരെ പോകില്ല" എന്നൊക്കെ സമാധാനിക്കുകയാണ്‌ കൂടുതല്‍ പേരും ചെയ്യാണ്‌.

പണ്ട്‌ സസന്തോഷം ചെയ്തിരുന്ന കര്‍മ്മമാണ്‌ വയസ്സായവരെ പരിചരിക്കല്‍ ഇന്ന് കുരിശായി ചുമക്കുന്നു ആളുകള്‍. പലരും ആളെ കൂലിക്കെടുക്കുന്നു, ഇനിയും ചിലര്‍ ഉപേക്ഷിക്കുന്നു. ചികിസ്ല കൊടുക്കാതെയോ ചില്ലറ കൈവേലകള്‍ കാട്ടിയോ കൊന്നുകളയുന്നവരും കുറവല്ല. ഒരു സുഹൃത്ത്‌ പറഞ്ഞ അനുഭവം ഓര്‍മ്മ വരുന്നു. അതൊരു ബ്ലോഗാക്കാന്‍ മനക്കട്ടി വരുന്ന ദിവസം എഴുതുമെന്ന് അയാള്‍ പറഞ്ഞിട്ടുള്ളതുകൊണ്ട്‌ ഇവിടെ പറയാന്‍ പറ്റുന്നില്ല.

മക്കളും കൊച്ചുമക്കളും സ്നേഹത്തോടെ ചുറ്റും നില്‍ക്കുമ്പോള്‍ ഒരു പുഞ്ചിരിയോടെ കണ്ണടക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും എല്ലാവരെയും ഒരു കരയടുപ്പിച്ച്‌ നിറഞ്ഞ മനസ്സില്‍ പടിയിറങ്ങി പോകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും അതെല്ലാം സാദ്ധ്യമാവട്ടെ.

വട്ടു പിടിക്കുന്നു. കോമഡി കുടിക്കാതെ നിവര്‍ത്തിയില്ല
"തങ്കപ്പാ"
"എന്നാ ചെറിയപ്പാ?"
"ചെറിയപ്പനു പോകാറായെടാ മക്കളേ."
"കുട്ടപ്പാ."
"എന്നാ വലിയപ്പാ?"
"എന്നാ വലിയാന്ന് അറിയാമ്മേലേടാ? ഇത്‌ അവസാനത്തെ വലിയാ, ചക്രശ്വാസം."
എല്ലാവരേം അടുത്തു നിര്‍ത്തി അങ്ങനെ തമാശയും പറഞ്ഞ്‌ പോകാനായവര്‍ ഭാഗ്യവാന്മാര്‍.

അരവിന്ദ് :: aravind said...

കുട്ടന്‍മേന്‍‌നേ
കഥ വളരെ നന്നായി......:-( എവറസ്റ്റ് ഒഴിവാക്കിയാലും ഒരു കുഴപ്പവും വരില്ല.

ദേവ്‌ജി, നമിച്ചു....:-))

അഗ്രജാ, സുല്‍ (സുല്‍ ഇവടെയില്ല) എല്ലായിടത്തും കയറിയുള്ള ഈ തേങ്ങയടിപ്രയോഗം അരോചകമാകുന്നു.
തമാശ പഴകി വളിച്ചുനാറിയാല്‍ എടുത്ത് ഓടയില്‍ കളയണം.
മീറ്റില്‍ മീറ്റിയില്ലാരുന്നില്ലെങ്കില്‍ മറ്റു ഗള്‍ഫന്മാര്‍ ഈ തേങ്ങയടി എപ്ലേ നിര്‍ത്തിയേനെ!
കഷ്ടം! നടക്കട്ടെ!

Sul | സുല്‍ said...

എവറെസ്റ്റും സഹാറയും പിന്നെ കുഞ്ഞാന്നമ്മയും കുറെ ഉറുമ്പുകളും.

നല്ല കഥയായി ഇത്.

-സുല്‍

നന്ദു said...

കുട്ടമ്മേനോന്‍,
കുഞ്ഞാന്നമ്മ യുടെ കഥ നാളെ നമ്മില്‍ ഓരൊരുത്തരുടെയും കഥയാണ്.

വിഷ്ണൂ, മരണത്തിനു പ്രായവ്യത്യാസമില്ലല്ലോ കുട്ടീ...

അഗ്രജന്‍ said...

അരവിന്ദോ, അതൊക്കെ ഒരോരുത്തരുടെ സൌകര്യമല്ലേ മാഷെ, ചേട്ടന്‍റെ പോസ്റ്റില്‍ അങ്ങിനെ ഒന്ന് ചെയ്യുമ്പോള്‍ പോരേ ഇങ്ങിനെയൊരു ആത്മരോഷം.

ഇങ്ങിനെ ചെയ്യുന്നതില്‍ എതിര്‍പ്പില്ല എന്നറിയുന്നവരുടെ പോസ്റ്റില്‍ മാത്രേ ഇത് ചെയ്യാറുള്ളു... അതും ഒരു രസം എന്ന നിലയ്ക്ക് മാത്രം... അരവിന്ദനത് ഇഷ്ടപ്പെടുന്നില്ലെങ്കില്‍, അത് ശ്രദ്ധിക്കാന്‍ പോവാതിരുന്നാല്‍ മതി.

ഇതിലും എത്രയോ വളിച്ച തമാശകള്‍ നമ്മള്‍ പോസ്റ്റുകളിലും കമന്‍റുകളിലും വായിച്ച് പോകുന്നു. ഓടയിലെറിയാന്‍ ഇറങ്ങിയാല്‍... ബൂലോഗം വഴി ഉണ്ടായ അടുപ്പത്തിന്‍റെ പേരില്‍... ‘ഹഹഹഹ‘... എന്നൊക്കെ ചിരിച്ച് കാണിച്ച് സഹിക്കുന്ന എത്രയോ വളിപ്പുകള്‍ ക്യൂവില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കും.

നല്ലത് ഭവിക്കട്ടെ :)

അരവിന്ദ് :: aravind said...

ശരി അഗ്രജന്‍ അനിയാ. ചേട്ടന്റെ വാക്കുകള്‍ മറന്നേക്കൂ.
...പറ്റുന്നത് ചെയ്യൂ.

മേന്‍‌നേ സോറി.

അഗ്രജന്‍ said...

ശ് ശരി

Anonymous said...

ഈ നിസ്സഹായാവസ്ത.. എനിക്ക് ആലോചിക്കാന്‍ പോലും വയ്യ..

--ഗുണ്ടൂസ്
qw_er_ty

കുട്ടന്മേനൊന്‍::KM said...

വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും നന്ദി.