Thursday, November 09, 2006

രാ‍മന്‍ നായര്‍ ...

നീണ്ട തിണ്ണയുടെ ഒരറ്റത്ത് രവി കാല്‍ നീട്ടിയിരുന്നു.
പുറത്ത് മഴ കോരിച്ചൊരിഞ്ഞുകൊണ്ടിരുന്നു. ചെറിയ മിന്നലും മുഴക്കങ്ങളും.
പുസ്തകങ്ങള്‍ തൂണിന്റെ ഒരു ഭാഗത്ത് അലസമായി കിടക്കുന്നു. സാത്രേയുടെ ‘ബീയിങ് നത്തിങ്നെസ്’ ഏറ്റവും മുകളില്‍ ഇല്ലായ്മയുടെ ആത്മരോദനവുമായി അമര്‍ന്നിരിക്കുന്നു.
ഒന്നുമില്ലായ്മയുടെ പരിഹാരമാര്‍ഗങ്ങളായ അവസാനത്തെ അദ്ധ്യായം ഇനിയും വായിച്ചിട്ടില്ലെന്ന് രവി ഓര്‍ത്തു.

ഈ മഴ തന്റെ വായനയെ ശരിക്കും അലോസരപ്പെടുത്തുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി തുടര്‍ച്ചയായ മഴയാണ്. ലൈബ്രറിയില്‍ ഇന്നെങ്കിലും പോകണമെന്ന് വിചാരിച്ചതാണ്. തോട്ടില്‍ വെള്ളം കയറിയിട്ടുണ്ടാവും. അതല്ലെങ്കില്‍ തെക്കെപ്പാട്ടെ പറമ്പിലൂടെ പോകണം. അത് വഴിയല്പം കൂടുതലാണ്.

‘ശ്രീ വിശ്വനാദം ശരണം പ്രബദ്ധ്യേ......’ കാശി സുപ്രഭാതം റേഡിയൊയില്‍ കഴിഞ്ഞതേയുള്ളൂ. രാമന്‍ നായര്‍ ഇന്ന് നേരത്തെയാണല്ലോ .

‘എന്താ മഴ .. തോടൊക്കെ നെറഞ്ഞേക്ക്ണൂ...തെക്കെപ്പാട്ടെ പറമ്പിലും നല്ലോണം വെള്ളാ‍യ്ട്ടിണ്ടേയ്...ഇന്ന് വേലികെട്ടിക്കണംന്ന് വെച്ചട്ടാ നേര്ത്ത്യന്നെ..എന്താ ചെയ്യാ..’

രാമന്‍ നാ‍യരുടെ മുണ്ടെല്ലാം നനഞ്ഞൊട്ടിയിരിക്കുന്നു. വെള്ളത്തുള്ളികള്‍ മുണ്ടില്‍ നിന്നും ഇറ്റിറ്റു വീഴുന്നു.

പിന്നെ ചെരിപ്പഴിച്ച് വെച്ച് തിണ്ണയില്‍ കൈമുട്ടൂന്നി നിന്നു.

രാമന്‍ നായര്‍ എപ്പോഴും അങ്ങനെയാണ്. ശാന്തേട്ത്തി ഉമ്മറത്ത് വന്ന് വിളിച്ചാല്‍ മാത്രമേ കയറി ഇരിക്കൂ. അച്ഛനുള്ളപ്പോഴും അങ്ങനെയാ‍ണ്.

പറമ്പിലെ കാര്യങ്ങള്‍ നോക്കാന്‍ രാമന്‍ നായരു കഴിഞ്ഞേ വേറാരുമുള്ളൂ.. കാക്കശ്ശേരി ഭാഗത്തെ പറമ്പും തെക്കെപ്പാട്ടെ പറമ്പുമടക്കം ഇരുപത്തൊന്നേക്കറോളം പറമ്പും നോക്കുന്നത് രാമന്‍ നായര് തന്നെ. തെങ്ങുകയറാന്‍ കണ്ടാറുവിനെയും വാസുവിനെയും വിളിച്ചുകൊണ്ടു വരുന്നതും തേങ്ങപെറുക്കിക്കൂട്ടാന്‍ അയ്യക്കുട്ടിയെയും ജാനുവിനെയുമെല്ലാം തയ്യാറാക്കുന്നതും രാമന്‍ നായര്‍ തന്നെ.

‘എന്താ രവ്യെ.. ശാന്തേട്ത്തി ഇല്യേ ?’
‘അകത്ത് ണ്ടാവും....’

‘ങ്ഹാ.. രാമന്‍ നായര് വന്ന്വോ.. കാപ്പി കുടിച്ചട്ടാ‍ വന്നേ ..’ ശാന്തേട്ത്തി ഉമ്മറത്തേക്ക് വന്നു.

ഇനി ആ കട്ടിളപ്പടിയിലിരിക്കും. രാമന്‍ നായര്‍ തിണ്ണയിലും.
രവിക്ക് ചെറുതായി അസ്വസ്ഥത തോന്നിത്തുടങ്ങി. ഇനി കുറെ നേരം നാട്ടുകാര്യം.

‘ശാന്തേട്ത്ത്യേ.. ഇന്നലെ മ്മടെ കോന്നപ്പന്റെ മോള് ചത്തുപോണ്ടതായിരുന്നെയ്..ആ മഴേത്ത് ആടിനെ അഴിക്കാനായ്ട്ട് തോട്ടിന്റെ വരമ്പത്തൂടെ നടക്കണ്ട വല്ല കാര്യോണ്ടോ ..’
‘ഏത് നമ്മടെ വാസന്ത്യാ ?’
‘യ്ക്ക് ഓള്‍ടെ പേരറീല്ല്യ.. ഓള് ഇന്നലെ നമ്മടെ തോട്ടുവരമ്പത്തൂടെ പോവുമ്പോ വയ്ക്കിവീണൂന്നാപറേണേ.. വടക്കേലെ വേലന്റെ ചെക്കന്‍ ആ സുതന്‍ കണ്ടോണ്ട് രക്ചപ്പെട്ടു. ഓന്‍ ഓടി വന്ന്ട്ട് തോട്ട് ല്ക്ക് ചാടി ഓള്‍ടെ കാല് പിടുത്തം കിട്ട്യേ.. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടുന്ന് പറഞ്ഞാ മതീലോ..’
‘അത്യോ..അപ്പൊ ഈ വേലന്റെ ചെക്കന്‍ എന്തിനാ ആ ഭാഗത്തൂടെ നടക്കണേ ?’
‘അവന്‍ തെങ്ങ് കയറാന്‍ പോയി വരണ വഴിയല്ലേ.. ..’
‘ന്നാലും...’
‘ഏയ്.. അങ്ങന്യൊന്നൂല്യ.. ഓന്‍ നല്ലോനാ.. മ്മടെ കിഴ്ക്കോട്ത്ത് തെങ്ങ് കേറണത് അവനല്ലേ.. യ്ക്ക് അറിയില്ലേ അവനെ..’
‘രാമന്‍ നായര് ഇബടിരിക്ക്യ.. ഞാന്‍ കൊറച്ച് കാപ്പി എട്ത്ത്ട്ട് വരാം..’
ശാന്തേട്ത്തി മെല്ലെ അകത്തേക്ക് നടന്നു.
മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു.
രാമന്‍ നായര്‍ തിണ്ണയിലെ അലസമായി കിടന്നിരുന്ന പുസ്തകങ്ങള്‍ അടുക്കി വെക്കാന്‍ വ്രഥാ ഒരു ശ്രമം നടത്തി.
അതിനിടയില്‍ ‘ഗാട്ടും കാണാച്ചരടും’ താഴേക്ക് ഊര്‍ന്നിറങ്ങി.
ചോര്‍ന്നൊലിക്കുന്ന ഇറയത്ത് തന്നെ അത് കൃത്യമായി വീണു., നനഞ്ഞു.
‘കുട്ടാ..ഈ പുസ്തകം നനഞ്ഞൂലോ..’
രാമന്‍ നായര്‍ പുസ്തകവും പിടിച്ച് രവിയെ നോക്കി. പിന്നെ മണ്ണു തട്ടി അവിടെ വെച്ചു.
രവി രൂക്ഷമായി രാമന്‍ നായരെ ഒന്നു നോക്കി.
‘എല്ലാം നശിപ്പിക്കാന്‍ ഇറങ്ങിയിരിക്ക്യാ.. കാലത്തന്നെ.. ‘ താഴ്ന്ന സ്വരത്തിലെങ്കിലും രവി മുറുമുറുത്തു.
‘മഴ കൊറഞ്ഞൂന്നാ തോന്നണേ..’
രാമന്‍ നായര്‍ മെല്ലെ എഴുന്നേറ്റു. കോലായിലെ തൂണില്‍ കൊളുത്തിയിട്ടിരുന്ന കുടയെടുത്ത് കല്‍പ്പടവുകള്‍ ഒന്നൊന്നായി ചവിട്ടിയിറങ്ങി തുളസിത്തറയും കടന്ന് അയാള്‍ നടന്നു.

17 comments:

asdfasdf asfdasdf said...

വെറുതെ കുത്തിക്കുറിച്ച് നാലുവരികള്‍ പോസ്റ്റുന്നു.’രാമന്‍ നായര്‍’

Rasheed Chalil said...

മേനോനേ വെറുതെ കുത്തിക്കുറിച്ച വരികള്‍ക്ക് നട്ടിലെ വരമ്പുത്തൂടെ നടക്കുന്ന അനുഭവം. ഗ്രാമിണതയുടെ സുഗന്ധം... ഒത്തിരി ഇഷ്ടമായി

മുസ്തഫ|musthapha said...

നാലു വരീന്നും പറഞ്ഞ് പറ്റിച്ചല്ലോ മേന്ന്നേ :)

സംഭാഷണങ്ങള്‍ കലക്കി.

കഥ
തിരക്കഥ
സംഭാഷണം
കുട്ടന്‍ മേനോന്‍ ഗുരുവായൂര്‍

സുല്‍ |Sul said...

കുട്ടേട്ടാ...

ഇതു നല്ല കഥ. ഇതെന്താ കഥ.

ഇഷ്ടായി.

-സുല്‍

Abdu said...

അവതരണത്തിലെ പരിചയിച്ച ഒരു ശൈലിയെ അതിന്റെ ആതികാരികതയൊടെ ചെയ്തിരിക്കുന്നു, വരികള്‍ എന്ന രീതിയില്‍ അത് ആസ്വാദ്യകരവുമാണ്.

Anonymous said...

വല്ലാത്ത റെയിഞ്ച് തന്നെ.മറിയച്ചേടത്തിയുടെ കഥയിലെ സംഭാഷണ ശൈലിയും ഇതിലെ സംഭാഷണ ശൈലിയും താരതമ്യം ചെയ്താല്‍ മതി.ഇതിനൊരു എം ടി സ്പര്‍ശം. വള്ളുവനാടന്‍ സംഭാഷണ രീതി സ്വീകരിച്ചതു കൊണ്ടാവാം.പഠിച്ചവന്റെ ധാര്‍ഷ്ട്യവും പഠിപ്പില്ലാത്ത പച്ച ഗ്രാമീണന്റെ നിഷ്കളങ്കതയും ഏതാനും വരികള്‍ കൊണ്ട് വരച്ചു വെക്കുന്നതില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നു .ഞാന്‍ വീണ്ടും ആവശ്യപ്പെടുകയാണ്:‘തിരക്കഥയെഴുതൂ‘.

asdfasdf asfdasdf said...

അഗ്രജാ, ഇടങ്ങളെ,ഇത്തിരി,സുല്,.. :)
വിഷ്ണുപ്രസാദ് : ‘തിരക്കഥയെഴുതൂ‘ എന്നെഴുതിയത് മനസ്സിലായില്ല. വല്ല തിരക്കഥാകൃത്തുക്കളേയും ആക്ഷേപിക്കാന്‍ പ്ലാനുണ്ടൊ ? :)

കുറുമാന്‍ said...

മേന്നെ, ഇതിപ്പോഴാ കണ്ടത്. നല്ല ശൈലിയിലുള്ള എഴുത്ത്. ആ മഴയത്തൂടെ നടന്ന ഒരു പ്രതീതി. എല്ലാ തറവാട്ടിലും എക്കാലത്തും രവിമാര്‍ ഉണ്ടായിരുന്നു, പക്ഷെ രാമന്നായരെ പോലെയുള്ളവര്‍ അപൂര്‍വ്വവും.

എനിക്കിഷ്ടായി.

വേണു venu said...

എന്‍റെ മെനോനെ ഞാന്‍ രാവിലെ മുതല്‍ ആ പാടത്തൂടെ നടക്കുവാ. വെറുതേ ഈ മറുന്നാട്ടില്‍ ഇരുന്നു് ഇങ്ങനെ കുത്തിക്കുറിക്കണമെങ്കില്‍.....
ചുമ്മാതല്ലാ..എളുപ്പം കുവൈറ്റിലോട്ടു പറഞ്ഞയച്ചതു്.
മേനോനെ ഞാന്‍ മനസ്സിലാക്കിയിരിക്കുന്നു. നമോവാകം.

Kalesh Kumar said...

മേന്നേ, കലക്കന്‍!

തറവാടി said...

പ്രിയ മേന്‍ ന്നേ , വള്ളുവനാടന്‍ കഥ ശരിക്കും നന്നായിരിക്കുന്നു , എന്റെ നാടിന്റെ ഒരു പകര്‍പ്പ്‌ , നന്നായി....

Anonymous said...

രവിയുടെ മുറുമുറുപ്പ്‌ കേട്ട്‌ രാമന്‍ നായര്‍ ശാന്തേടത്തിയുടെ കാപ്പിക്കുപോലും കാത്തുനില്‍ക്കാതെ പോയില്ലോ.. കഷ്ടമായി.. ശാന്തേടത്തിക്ക്‌ ഇനിയും കുറച്ചുകൂടി നാട്ട്‌ വിശേഷങ്ങള്‍ തിരക്കാനുണ്ടായിരുന്നു.. അല്ലേ കുട്ടന്മ്മേനനേ..
ശൈലി നന്നാര്‌ക്‌ക്‍ണൂട്ടോ..
കൃഷ്‌ | krish

സു | Su said...

:)

Anonymous said...

മേനോന്‍ ചേട്ടായി കഥ അസ്സലായി. നാട്ടിലേക്ക് തിരിച്ചു പോയാ ഒരു അവസ്ഥ. നല്ല ഗൃഹാതുരത്വമുള്ള ഒരു കഥ. നന്നായി എഴുതിയിരിക്കുന്നു.

reshma said...

ഈ രാമന്‍ നായര്‍ക്ക് ചന്തു നായരെ അറിയോ? http://thulasid.blogspot.com/2006/06/blog-post_05.html

കഥ ഇഷ്ടമായി.

asdfasdf asfdasdf said...

കുറുജി / കൃഷ് / വേണുജി / കലേഷ് / തറവാടി / സൂ / മഞ്ഞുതുള്ളി നന്ദി
രേഷ്മ : ചന്തു നായരെ അറിയാന്‍ വഴിയില്ല.

വല്യമ്മായി said...

നല്ല കഥ,തിരക്കിനീടയില്‍ വായിക്കാന്‍ വൈകി.ഒരു നിമിഷം ഞാന്‍ ആനക്കരയിലെ മഴ പെയ്തു തോര്‍ന്ന ഒരു പ്രഭാത്തിലെതിയ പോലെ.