Sunday, August 20, 2006

മറിയുമ്മയുടെ വ്യാകുലതകള്‍.. ദാസന്റെയും..

ഇന്നലെയും നഗരം കത്തുകയായിരുന്നു. ബസുകള്‍ ഒന്നും തന്നെ ഓടുന്നില്ല. കലാപം ഓരോ ഭാഗത്തേക്കും പടരുകയാണ്. പല ബസുകളും കലാപകാരികള്‍ കത്തിച്ചു. കണ്ണില്‍ കണ്ടതെല്ലാം തച്ചുടച്ചു. കുര്‍ള സ്റ്റേഷന്‍ പരിസരത്ത് കഴിഞ്ഞ ദിവസം കലാപകാരികള്‍ ഒരാളെ ജീവനൊടെ കത്തിക്കുന്നത് കണ്ടു. കരിഞ്ഞ മാംസത്തിന്റെ ഗന്ധം മാത്രം. പല വീടുകളും കത്തിച്ചാമ്പലായി. ചാളിലെ എല്ലാ മുറികളും അടഞ്ഞു കിടക്കുന്നു. കടകളെല്ലാം തല്ലിത്തകര്‍ക്കുന്നു. എതിര്‍ ചേരിയിലെ ആളുകളെ വകവരുത്തുന്നു. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. ലോക്കല്‍ ട്രയിനുകള്‍ ഓടുന്നില്ല. പട്ടാളം രംഗത്തിറങ്ങിയിട്ടുണ്ട്.

ഇന്ന് ആരും തന്നെ ജോലിക്ക് പോയിട്ടില്ല. കാലത്ത് തന്നെ ഒരു കട്ടന്‍ ചായയുമടിച്ച് മുറിക്കകത്ത് തന്നെ ഇരിക്കുകയാണ് എല്ലാവരും. ആന്റപ്പന്‍ ഒരു ചന്ദനത്തിരി കത്തിച്ച് റൂമില്‍ ഒരു ഭാഗത്ത് വെച്ചിട്ടുള്ള കര്‍ത്താവിന്റെ പടത്തിനടുത്ത് കുത്തി. പേടിയും പ്രശ്നങ്ങളുമുള്ളപ്പോള്‍ ആന്റപ്പന്‍ സ്ഥിരമായി ഇടക്കിടെ ചന്ദനത്തിരി കത്തിക്കും. മുറിയില്‍ ചന്ദനത്തിരിയുടെ ഗന്ധം നിറഞ്ഞു. വി.ടി.യില്‍ ഒരു പ്രൈവറ്റ് കമ്പനിയിലെ സെക്രട്ടറിയാണ് ആന്റപ്പന്‍. ബെന്നി നാനയും വായിച്ചിരിക്കുന്നു. ചന്ദ്രന്‍ വെറുതെ മുകളിലെ മച്ചിലേക്കു നോക്കിയിരിക്കുന്നു. റായ്ഗാഡില്‍ നിന്നും ബന്ധുക്കളെയും സുഹ്രുത്തുക്കളേയും കാണാനായി സിറ്റിയില്‍ എത്തിയതായിരുന്നു ചന്ദ്രന്‍. കലാപം തിരിച്ചുപോകുന്നത് വൈകിച്ചു. ഇനിയെന്ന് പോകാമെന്ന് യാതൊരു നിശ്ചയവുമില്ല.പല പദ്ധതികളും ചന്ദ്രനുണ്ടായിരുന്നു. ട്രെയിനില്ലാത്തതുകൊണ്ട് ഗ്രാന്റ് റോഡിലെക്കുള്ള യാത്ര മുടങ്ങിയ പരിഭവത്തിലുമാണ്.

ചാളിലെ എല്ലാ മുറികളും അടച്ചിട്ടിരിക്കുന്നു. ഞങ്ങളുടെ മുറിമാത്രമാണ് ബാച്ചലേഴ്സിന്റെതായിട്ടുള്ളത്. മുന്‍ വശത്തെ ബംഗാളി കുടുംബത്തിലെ സുധീര്‍ ബന്ധു മാത്രം വെള്ളം പിടിക്കാ‍നായി പൈപ്പിന്റ അടുത്തു നില്‍ക്കുന്നുണ്ട്. സുധീര്‍ ആ വീട്ടിലെ ഏക ആണ്‍ തരിയാണ്. പിന്നെ അച്ഛനും അമ്മയും രണ്ട് സഹോദരിമാരും ആ കുടുസുമുറിയില്‍. നഗരത്തിലെ ഒരു സിഗരറ്റു കമ്പനിയിലാണ് സുധീറിനു ജോലി. സുധീറിന്റെ വരുമാനത്തെ ആശ്രയിച്ചാണ് ആ കുടുംബം നീങ്ങുന്നത്. ഇപ്പോള്‍ വെള്ളം പിടിച്ചില്ലെങ്കില്‍ എപ്പൊള്‍ വേണമെങ്കിലും പൈപ്പ് വെള്ളം നില്‍ക്കാം. ഇന്നലെ കാലത്ത് മുതല്‍ പൈപ്പ് കാലിയായിരുന്നു. പിന്നീട് രാത്രി ഏറെ വൈകിയാണ് വെള്ളം വന്നത്.

കാലത്ത് പൊതുകക്കൂസില്‍ പോകാന്‍ പോലും പലര്‍ക്കും പേടിയായിരുന്നു. പലരും ഒരാളെ കൂടെ കൂട്ടിയാണ് പോയിരുന്നത്. കലാപത്തിനുപയോഗിച്ചിരുന്ന കത്തി, വടിവാള്‍ മുതലായവ പൊതുകക്കൂസിന്റ വരാന്തയില്‍ പലയിടത്തുമായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അതുകൊണ്ട് ഏതു സമയത്തും കലാപകാരികള്‍ കയറി വരുന്ന സ്ഥലമായിരുന്നു പൊതു കക്കൂസ്. പട്ടാളമിറങ്ങിയെന്ന് പറയുന്നതല്ലാതെ ആ പ്രദേശത്തൊന്നും അവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നില്ല.

അടച്ചിട്ട ജനലിനരികിലിരുന്ന് ജനലിന്റെ ദ്വാരത്തിലൂടെ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു ദാസന്‍. ദാസന്‍ സാധാരണ അവിടെയിരിക്കുന്നത് മുന്‍ഭാഗത്തെ റൂമിലെ മറിയുമ്മയുടെ മകള്‍ സുബൈദയെ കാണാനാണ്. കോഴിക്കോടുകാരിയായ മറിയുമ്മയുടെ ഒരേ ഒരു മകളാണ് സുബൈദ. മറിയുമ്മയുടെ ഭര്‍ത്താവ് ബീരാനിക്കക്ക് മറോള്‍ നാക്കയില്‍ ഒരു ലെയ്ത്ത് കമ്പനിയുണ്ട്. ബീരാനിക്കക്ക് ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിച്ചതിനു ശേഷം മറിയുമ്മയാണ് അത് നോക്കി നടത്തുന്നത്. മറിയുമ്മയുടെ ദ്രഢനിശ്ചയം ഒന്നുകൊണ്ടു മാത്രമാണ് ആ കമ്പനി നടന്നു പോകുന്നത്. സാധാരണ കാലത്ത് പത്തുമണിയോടെ മറിയുമ്മ കമ്പനിയില്‍ പോകും. കമാനി കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന സുബൈദയുടെ ക്ലാസ് ഉച്ചകഴിഞ്ഞാണ്. വെളുത്ത് സുന്ദരിയാ സുബൈദ അവിടെ പലരുടെയും ഉറക്കം കെടുത്തിയിരുന്നു. അതു തന്നെയായിരുന്നു ദാസന്റെ പ്രശ്നവും. ദാസന്‍ രണ്ടു മൂന്നു തവണ സുബൈദയുമായി സംസാരിക്കാന്‍ പോയതാണ്.
മൂന്നുമാസം മുന്‍പ് സുബൈദക്ക് കഷ്ടപ്പെട്ട് ഇംഗ്ലീഷിലെഴുതിയ കത്ത് കൊടുക്കാന്‍ പോയപ്പാഴാണ് മറിയുമ്മ ദാസനെ കയ്യൊടെ പിടികൂടിയത്.
‘ജ്ജ് കൊറെ നാളായി ന്റ് മോള്ടെ പിന്നലെ കൂടിയിര്ക്ക്ണ്‍..നിന്നെ ഞാന്‍ ...’ എന്നും പറഞ്ഞ് മറിയുമ്മ വാക്കത്തിയുമായി വന്നപ്പൊള്‍ ദാസന്‍ അവിടം വിട്ടതായിരുന്നു. പിന്നീട് കഴിഞ്ഞമാസം ദാസന്റ സുഹ്രുത്തായ ആമ്പല്ലൂക്കാരന്‍ ആന്റപ്പന്‍ മറിയുമ്മയുമായി സന്ധി സംഭാഷണങ്ങള്‍ നടത്തിയാണ് ദാസന് തിരിച്ച് മുറിയില്‍ താമസമാക്കാനായത്.
‘ടാ ദാസാ നീയവിടെ ഇര്ന്ന് വെറുതെ പ്രശ്നം ഉണ്ടാക്കണ്ട..’ ആന്റപ്പന്‍ ഇടക്കിടെ ദാസന് താക്കീത് നല്‍കിക്കൊണ്ടിരുന്നു.
ബെന്നിയും ആന്റപ്പനും മെല്ലെ റമ്മികളിയിലേക്ക് നീങ്ങുന്നു.
സമയം ഇഴഞ്ഞു നീങ്ങുന്നു.
വാതിലില്‍ തട്ടുന്ന ശബ്ദം കേട്ടാ‍ണ് എല്ലാവരും ഉണര്‍ന്നത്. വേറൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് പഴയ സ്റ്റോക്കുണ്ടായിരുന്ന കോഫി (പട്ട ചാരായം നിറം കലര്‍ത്തി ബോട്ടിലാക്കിയത്)യുടെ ബോട്ടില്‍ വെടിപ്പാക്കിയതിനാലാവണം എല്ലാവരും നല്ല ഉറക്കമായിരുന്നു.
സമയം ഉച്ചകഴിഞ്ഞ് അഞ്ചുമണി കഴിഞ്ഞു. ആന്റപ്പന്‍ പേടിച്ചാണ് വാതില്‍ തുറന്നത്.
മറിയുമ്മയാണ് വാതില്‍ പടിയില്‍. അവര്‍ നേരെ അകത്തേക്ക് കടന്നു.
അവരുടെ മുഖം വിളറിയിരുന്നു.
‘ആന്റപ്പാ.. ജ് ക്ക് ഒരു ഉപകാരം ചെയ്യണം..’
‘എന്താ താത്താ.’
‘എന്റെ മോള് സുബൈദാനെ ഇന്ന് രാത്രി ങള് ബടെ കിടത്തണം....’
‘ങെ..’ എല്ലാവരും പകച്ചു നില്‍ക്കുകയാണ്
‘അല്ലെങ്കി.. ആ ചെയ്ത്താന്മാരു സുബൈദാനെ കൊല്ലും..ഇന്നലെ ഓള്‍ടെ കൂട്ടുകാരി , നാരായണ്‍ മന്ദിറ് ന്റെ അടുത്തുള്ള റംലത്തിനെ അവര് നശിപ്പിച്ചു. ഇന്ന്‍ രണ്ടു മൂന്നു പ്രാവശ്യായി അവന്മാര് നമ്മടെ റൂമിന്റെ അടുത്തൂടെ നടക്ക്ണ്.. .’
‘ഇന്ന് രാത്രി മാത്രം മതി. നാളെ ഞാന്‍ ഓളെ എങ്ങനെങ്കിലും ഇവിട്ന്ന് മാറ്റാം.ഫാമിലിക്കരുടെ മുറിയില്‍ ആരും സമ്മതിക്ക്ണില്ല്യ.. ഓള് നിങ്ങടെ അടുക്കളേല് കെടന്നോളും..’ മറിയുമ്മയുടെ സ്വരം ദയനീയമായിക്കൊണ്ടിരുന്നു.
ആന്റപ്പന്‍ എല്ലാവരുടേയും മുഖത്തേക്ക് നോക്കി.
ബെന്നി പായയില്‍ തിരിഞ്ഞു കിടന്നു. ചന്ദ്രന്‍ അപ്പോഴും മച്ചിലേക്ക് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.
ആരും ഒന്നും മിണ്ടുന്നില്ല. ബാചലേഴ്സിന്റെ മുറിയില്‍ പതിനെട്ടു കഴിഞ്ഞ ഒരു പെണ്‍കുട്ടിയെ പാര്‍പ്പിക്കുന്നതിന്റെ റിസ്കെടുക്കാന്‍ ആര്‍ക്കും ധൈര്യമില്ല.
‘താത്ത മോളെ ഇവ്ടെ ആക്കിക്കൊ.. ഞങ്ങള്‍ക്ക് പ്രശ്നമില്ല....’ ദാസനാണത് പറഞ്ഞത്.
വളരെ ഉറച്ച സ്വരത്തിലായിരുന്നു അത് പറഞ്ഞത്. മറിയുമ്മ ദാസനെ ഒന്നു നോക്കി. പിന്നെ തിരിഞ്ഞു നടന്നു.
‘ദാസാ.. നിയ്യ് എന്തു കണ്ട് ട്ടാ പറഞ്ഞെ..’ ബെന്നിയുടെ പരിഭവം.
‘ബെന്ന്യ.. നമ്മള് മനുഷ്യന്മാരല്ലെടാ.. അതും മലയാളികള്‍...കൂടുതലൊന്നും ചിന്തിക്കേണ്ട...വരണൊട്ത്ത് വെച്ച് കാണാം...’ ആന്റപ്പന്‍ ബെന്നിയെ ആശ്വസിപ്പിച്ചു.
അല്പ സമയം കഴിഞ്ഞപ്പോള്‍ വാതിലില്‍ വീണ്ടും മുട്ട്.
മറിയുമ്മ മകള്‍ സുബൈദയുമായി വാതില്‍പ്പടിയില്‍.
സുബൈദ ഒരു ചുരിദാറാണ് ഇട്ടിരിക്കുന്നത്. കറുത്ത ഒരു തുണി തലയില്‍ ഇട്ടിട്ടുണ്ട്. മുഖം വല്ലാതെ വിളറിയിട്ടുണ്ട്. പേടിച്ചിട്ടായിരിക്കും.
സുബൈദയുടെ കയ്യില്‍ ഒരു റേഡിയൊയും പുല്‍പ്പായും ചില പുസ്തകങ്ങളുമുണ്ട്. പിന്നെ ഒരു ചോറ്റുപാത്രവും.
അവര്‍ നേരെ അടുക്കള വശത്തേക്ക് പോയി. കൂടെ ദാസനും.
ദാസന്‍ മറിയുമ്മയുടെ കയ്യില്‍ നിന്നും കസേര വാങ്ങി. അവിടെ നിവര്‍ത്തിയിട്ടു.
‘താത്ത ധൈര്യമായിട്ട് പൊക്കൊ.. സുബൈദക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല...’ ദാസന്‍ മറിയുമ്മയെ സ്വന്തനപ്പെടുത്തി.
മറിയുമ്മ സുബൈദയെ നോക്കി. ഒന്ന് നെടുവീര്‍പ്പിട്ടു. പിന്നെ തിരിഞ്ഞ് നടന്ന് അവരുടെ റൂമിലേക്ക് പോയി.
സന്ധ്യയായി.
പിന്നെ ഇരുട്ടായി.
മുന്‍ വശത്തെ ചെറിയ ഇടവഴി വിജനമാണ്.
സുബൈദയുടെ റേഡിയൊയില്‍ നിന്നും കിഷോര്‍കുമാറിന്റ ഗാനങ്ങള്‍ നേര്‍ത്ത സ്വരത്തില്‍ ഒഴുകി വരുന്നു.
ബെന്നിയും ആന്റപ്പനുമെല്ലാം റമ്മി കളിയുടെ തിരക്കിലാണ്.
പെട്ടന്നായിരുന്നു പുറത്തൊരു ആരവം.
സുബൈദ റേഡിയൊ ഓഫാക്കി.
ആന്റപ്പന്‍ എല്ലാ ലൈറ്റുകളും ഓഫാക്കി.
അകത്ത് ഒരു സീറൊ ബള്‍ബ് മാത്രം പ്രകാശിക്കുന്നു.
ദാസപ്പന്‍ ജനലിനടുത്തിരുന്ന് ദ്വാരത്തിലൂടെ പുറത്ത് നോക്കിയിരിക്കുകയാണ്.
‘ടാ. നമ്മുടെ മറിയുമ്മയുടെ റൂമിന്റെ അടുത്ത് നിന്നാണ്’.
പുറത്ത് തീപന്തങ്ങളുമായി കലാപകാരികള്‍.
മറിയുമ്മയുടെ വീട്ടിലെ പാത്രങ്ങള്‍ ഉടയുന്ന ശബ്ദം. വാതിലുകള്‍ തകര്‍ക്കപ്പെടുന്നു. സാധനങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുന്ന സ്വരം.
‘തേരി ബച്ചി കിതര്‍ ഹെ ബുഡ്ഡി.. ‘ ആരൊ ആക്രോശിക്കുന്നു.
അവര്‍ക്ക് മറിയുമ്മയെയല്ല ആവശ്യം.
എവിടെയും മണ്ണെണ്ണയുടെ മണം.
അകത്തുനിന്നും ഒരു തേങ്ങല്‍.
സുബൈദയുടെ കണ്ണില്‍ ജലരേഖകള്‍.... ദാസന്റെയും....

7 comments:

asdfasdf asfdasdf said...

ഇതൊരു കഥയല്ല. പേരുകളില്‍ മാത്രം ചെറിയ വ്യത്യാസം വരുത്തിയിട്ടുണ്ടെന്നു മാത്രം. ഒരു ലഹളയുടെ ബാക്കി പത്രം.വിലയിരുത്തുക.

സു | Su said...

നന്നായിരിക്കുന്നു. ലഹളകള്‍ ഇങ്ങനെയാണ്. ഒന്നും നേടാനാവില്ലെങ്കിലും പലതും നശിപ്പിക്കുന്നു.

വല്യമ്മായി said...

നല്ല കഥ.മനസ്സില്‍ തട്ടി

ബിന്ദു said...

കുറച്ചു കൂടി മുന്നോട്ടു കൊണ്ടുപോവാമായിരുന്നു, അവസാനം എന്തു സംഭവിച്ചു എന്നെങ്കിലും... :)

അനംഗാരി said...

മുമ്പെ കത്തുമ്പോള്‍ ഞാന്‍ അവിടെയുണ്ടായിരുന്നു. ഹോ! വിവരണാതീതമാണത്. എനിക്ക് നഷ്ടപ്പെട്ടത് എന്റെ പണം മാത്രം.പരസ്പരം തിന്നുന്ന നരഭോജികള്‍....അനുഭവങ്ങള്‍ തീഷ്ണങ്ങളാണു കുട്ടന്‍. അതില്‍ നിന്ന് എഴുതുമ്പോള്‍ വരികള്‍ക്ക് മൂര്‍ച്ചകൂടും. കൂടണം...

Adithyan said...

നന്നായിരിക്കുന്നു കുട്ടന്‍ മേനോന്‍...

ആ കലാപം ഒഴിച്ചു നിര്‍ത്തിയാല്‍ ബോംബെ ഇന്ത്യയുടെ അഭിമാനമാണ്. ബോംബെയുടെ ആത്മാവ് അറിഞ്ഞവര്‍ ആ കലാപം എങ്ങനെയുണ്ടായി എന്നോര്‍ത്ത് അംബരക്കാറുണ്ട്. ഇപ്പൊള്‍ ബോംബെയില്‍ എന്തു പ്രശ്നം ഉണ്ടാവുമ്പോഴും പഴയ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ആളുകള്‍ ഒന്നായി പരിശ്രമിയ്ക്കുന്നത് ഒരു നല്ല ലക്ഷണം ആയി തോന്നുന്നു.

asdfasdf asfdasdf said...

ബിന്ദു ചേച്ചി : മുന്നോട്ട് പോയാലും വലിച്ചു നീട്ടിയാലും കഥയെ നോവലാക്കേണ്ടി വരും.
മുംബയുടെ ഒരു വിധം എല്ലാ അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്.
ഒത്തിരി അനുഭവങ്ങളുള്ളവര്‍ക്കേ ഒത്തിരി എഴുതാനാവൂ എന്നു കേട്ടിട്ടുണ്ട. അതു കൊണ്ടാണ് വീണ്ടും എഴുതിത്തുടങ്ങിയത്. പണ്ടെഴുതിയ ശൈലിയിലേക്ക് ഇപ്പൊഴും വരാനായിട്ടില്ല. ഒഴുക്കും മൂര്‍ച്ചയും തേച്ചു മിനുക്കാന്‍ ശ്രമിക്കുന്നുണ്ട്.