Wednesday, October 25, 2006

ഫെറേറോ റോഷര്‍

തുലാവര്‍ഷത്തിന്റെ ചടുലമായ താളങ്ങള്‍ ബോണറ്റിന്റെ മുകളില്‍ നൃത്തം വെക്കുന്നു. സിഗ്നലിലെ കൌണ്ടര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നു തോന്നുന്നു.മൂന്നുമണിയാവാന്‍ ഇനിയും അഞ്ചു മിനിട്ടുണ്ട്. സിറ്റി സെന്ററില്‍ മൂന്നുമണിക്ക് വരാമെന്നാണ് അരുണ്‍ പറഞ്ഞിട്ടുള്ളത്.

ഇത്തവണ നാലുവര്‍ഷത്തിന് ശേഷമാണ് അരുണ്‍ നാട്ടില്‍ വരുന്നത്. റിഗിലെ ജോലിയായതിനാല്‍ മുന്‍പൊക്കെ മൂന്നുമാസം കൂടുമ്പോള്‍ നാട്ടില്‍ വരും. ഒരോ തവണ വരുമ്പോഴും എന്റെ ഞായറാഴ്ചകള്‍ അവനുള്ളതായിരുന്നു. മോര്‍ണിങ്ഷോ കഴിഞ്ഞ് വോള്‍ഗയില്‍ രണ്ടു ബീറും കഴിച്ച് ഏതെങ്കിലും പുഴയ്ക്കരികിലേക്കോ അവനിഷ്ടപ്പെട്ട ചില ആനകളുടെ താവളങ്ങളിലേക്കോ ഞങ്ങള്‍ നീങ്ങും. ആ‍നകളെ അവനെന്നും ഒരു ഹരമായിരുന്നു. തെച്ചിക്കോട്ടുകാവു രാമചന്ദ്രനേയും മന്ദലാംകുന്നു ഗണപതിയേയും പദ്മനാഭനേയുമെല്ലാം ഇമവെട്ടാതെ നോക്കി നില്‍ക്കുമ്പോള്‍ ഒരു കൊച്ചുകുട്ടിയുടെ മനസായിരുന്നു അവനു. രാത്രി വരെ ചുറ്റിക്കറങ്ങി വീട്ടിലെത്തുമ്പോഴേക്കും വീട്ടിലെല്ലാവരും ഉറക്കമായിട്ടുണ്ടാവും.

മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു. ചെറിയ തണുപ്പുണ്ട്. സിറ്റിസെന്ററിലെ പാര്‍ക്കിങില്‍ ഇന്ന് തിരക്ക് വളരെ കുറവാണ്. ഫിഫ്ത് വിങ്ങിലെ പാര്‍കിങ് ലോട്ടില്‍ വണ്ടി പാര്‍ക് ചെയ്ത് ലോബിയിലെത്തുമ്പോള്‍ അവിടെയും തിരക്ക് കുറവാണ്. അരുണ്‍ നേരത്തെ തന്നെ എത്തിയിരിക്കുന്നു. മുഖത്തെ പഴയ പ്രസന്നത ഇപ്പോഴുമുണ്ടോയെന്ന് സംശയം. സ്ഥിരമായി ധരിക്കുന്ന പോലീസ് ഗ്ലാസ്സിനുപകരം പവര്‍ ഗ്ലാസ്സ്. പഴയ ആ പ്രസന്നത കാണുന്നില്ല.
ഇല്ല. അവനതിനാവില്ലല്ലോ..

‘ഹായ് അരുണ്‍.. ഞാന്‍ വൈകിയോ ?..’
‘ഇല്ല.. ഞാന്‍ എത്തിയേ ഉള്ളൂ....’ അരുണിന്റെ കൈകളില്‍ നല്ല തണുപ്പ്.
‘കഴിഞ്ഞ തവണ നീ വരുമ്പോള്‍ ഈ ഷോപ്പിങ് കോമ്പ്ലക്സ് ഇവിടെയുണ്ടായിരുന്നില്ല. ..’
‘യെസ്.. നഗരമാകെ മാറിയിരിക്കുന്നു..’
‘കം. ഇവിടെ ഫിഫ്ത് ഫ്ലോറില്‍ പുതിയ ഒരു റസ്റ്റോറന്റ് തുടങ്ങിയിട്ടുണ്ട് . വലിയ തിരക്കുണ്ടാവില്ല. നമുക്കവിടെയിരിക്കാം...’

ലിഫ്റ്റു മെല്ലെ നീങ്ങുമ്പോള്‍ ഗ്ലാസിലൂടെ പുറത്ത് നേര്‍ത്തൊരു നൂലായി പരിണമിച്ചുകൊണ്ടിരിക്കുന്ന
മഴയിലൂടെ വിദൂരതയിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു അരുണ്‍.

‘ലെ ട്രീറ്റ്’ അടുത്ത കാലത്താണ് ഇവിടെ പ്രവര്‍ത്തനം തുടങ്ങിയത്. നഗരത്തിലെ തിരക്കുകുറഞ്ഞ റെസ്റ്റാറന്റുകളിലൊന്നാണിത്.

ഇരുണ്ട ഇടനാഴികയിലൂടെ ബെയറര്‍ ഞങ്ങളെ രണ്ടു പേര്‍ക്ക് മാത്രമിരിക്കാവുന്ന മേശയ്ക്കരികിലേക്ക് കൊണ്ടു പോയി. എ.സിക്ക് നല്ല തണ്‍പ്പുണ്ട്. ഓര്‍ഡറെടുത്ത് ബെയറര്‍ ആരാധനയോടെ ഒന്നു കുനിഞ്ഞ് , വണങ്ങി നിഷ്ക്രമിച്ചു.

‘ഇന്ന് അരുണിന് ഭാഗ്യമുണ്ട്. ക്ലൈന്റ് മീറ്റിങ്ങ് നേരത്തെ അവസ്സാനിപ്പിക്കാന്‍ സാധിച്ചു. സാധാരണ ഒരു അഞ്ചു മണിയെങ്കിലുമാവും അത് കഴിയാന്‍. പിന്നെ രാജി ട്രെയിനിങ്ങ് കഴിഞ്ഞ് നാളെ രാവിലെയേ ചെന്നെയില്‍ നിന്നും തിരിച്ചെത്തൂ..’

അരുണ്‍ ചെറുതായി പുഞ്ചിരിക്കാന്‍ ശ്രമിച്ചു. പക്ഷേ അതില്‍ അസ്വാസ്ഥ്യത്തിന്റെ ഒരു കടലിരമ്പമാണല്ലോയെന്ന ആധി എന്നെ പിടികൂടുന്നതായി തോന്നി.

അരുണിന്റെ ജീവിതം ഇങ്ങനെ ഒരു വഴിത്തിരിവിലെത്തുമെന്ന് ഞാന്‍ ഒരിക്കലും നിനച്ചിരുന്നില്ല. സീതാലക്ഷ്മിയുടെ പ്രൊപോസല്‍ ഞാന്‍ തന്നെയാണ് കൊണ്ടു വന്നത്. ഓഫീസിലെ ജെ.ഇ.യുടെ അടുത്ത ബന്ധുവാണ് സീത. കുസാറ്റില്‍ നിന്നും മൈക്രോബയോളജിയില്‍ എം.എസ്സിയെടുത്ത് സീത വീട്ടിലിരിക്കുന്ന സമയത്താണ് അരുണിനു വേണ്ടി ഞാനതിന് ശ്രമിച്ചത്. വീട്ടിലെ ഒരേയൊരു ആണ്‍ തരിയായ അരുണിന് സീതയുടെ ജാതകത്തില്‍ ഏറെ പൊരുത്തവും. വയസ്സായ അരുണിന്റെ മാതാപിതാക്കള്‍ക്ക് മകന്റെ വിവാഹം എങ്ങനെയ്ങ്കിലും കഴിയണമെന്നേ ഉണ്ടായിരുന്നുള്ളൂ. പിന്നെ കൂടുതല്‍ ഒന്നും നോക്കിയില്ല. ഏറ്റവുമടുത്ത മുഹൂര്‍ത്തത്തില്‍ വിവാഹം കഴിഞ്ഞു. രണ്ടു മാസത്തിനുള്ളില്‍ സീതയുടെ വിസയും തയ്യാറാക്കി അരുണ്‍ അവളേയും അങ്ങോട്ടു തന്നെ കൊണ്ടു പോയി. പിന്നീട് ഒന്നര വര്‍ഷത്തിനു ശേഷം സീത മാത്രമാണ് തിരിച്ചു വന്നത്. ഏറെക്കഴിയാതെ ആ ദാമ്പത്യം കുടുംബക്കോടതിയിലുമായി. അരുണ്‍ വരാത്തതുകൊണ്ട് കേസ് പലവുരു മാറ്റി വെച്ചു. അടുത്ത ബുധനാഴ്ചയാണ് കോടതി ഇരുകൂട്ടരെയും കൌണ്‍സിലിങ്ങിന് വിളിച്ചിരിക്കുന്നത്.

അരുണ്‍ കപ്പില്‍ ബാക്കിവന്ന ബീറും കമഴ്ത്തി.

‘സീ സുന്ദര്‍, എനിക്ക് ഈ കേസ് എങ്ങനെയെങ്കിലും അവസ്സാനിപ്പിക്കണം. ഇതിങ്ങനെ വലിച്ചു നീട്ടാന്‍ യാതൊരു താത്പര്യവുമെനിക്കില്ല..’

‘അതു തന്നെയാണ് അരുണ്‍ ഞാനും പറയുന്നത്. ഇത് യാതൊരു വിധിയുമില്ലാതെ കൌണ്‍സിലിങും മറ്റുമായി നീങ്ങും..’

‘എനിക്കീ കൌണ്‍സിലിങ്ങിനോട് യാതൊരു പ്രതിപത്തിയുമില്ല..ഞാന്‍ നിന്നോട് എത്ര തവണ ഫോണില്‍ പറഞ്ഞതാണ് അവളുമായി സംസാരിച്ച് ഇതൊന്ന് ഫൈനലൈസ് ചെയ്യാന്‍..’

‘മുറിച്ചുമാറ്റാന്‍ എല്ലാം എളുപ്പമാണ് അരുണ്‍.. കൂട്ടിച്ചേര്‍ക്കാനാണ് പാട്.... നീ പറഞ്ഞ അന്നു തന്നെ ഞാന്‍ സീതയെ കണ്ടിരുന്നു... അവള്‍ ഇന്നും കാത്തിരിക്കുകയാണ്..’

‘എന്തിന് ? സുന്ദര്‍.. നിനക്കറിയില്ലേ ഞങ്ങള്‍ രണ്ട് ധ്രുവങ്ങളിലാണെന്ന്..ചെറിയ ചെറിയ കാര്യങ്ങള്‍ക്കുവേണ്ടിയാണ് അവള്‍ എന്നോട് വഴക്ക് കൂടിയത്. പിന്നെയത് സ്ഥിരമായി. നാള്‍ക്കുനാള്‍ പുതിയ പുതിയ ആവശ്യങ്ങള്‍.. എല്ലാം ഞാന്‍ ഒരു പരിധിവരെ ക്ഷമിച്ചു. നാട്ടില്‍ ഫോണ്‍ ചെയ്ത് എന്റെ അച്ഛനേയും അമ്മയേയും വരെ അവള്‍ തെറിവിളിച്ചു. ആങ്ങളമാരെ വിട്ട് എന്റെ അച്ഛനെ മര്‍ദ്ദിച്ചു...അങ്ങനെ....സുന്ദര്‍.. ഭൂതകാ‍ലം...അത് മനസ്സില്‍ നിന്നും ചിന്തിപ്പോയ രക്തമാണ്. ധമനികളിലുള്ളപ്പോള്‍ മാത്രമേ അതിന് ജീവനുള്ളൂ....’

അരുണിന്റെ ശബ്ദത്തിന് കനം വെച്ചു തുടങ്ങിയിരിക്കുന്നു.

ഞാന്‍ കുറച്ച് തണുത്ത വെള്ളമെടുത്ത് കുടിച്ചു.

‘ബട്ട് അരുണ്‍, ..’
‘സീ സുന്ദര്‍.. എന്തിനാണ് നീ അവള്‍ക്കുവേണ്ടി ഇങ്ങനെ സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. പിന്നെ, നിനക്കറിയുമോയെന്നറിയില്ല, അടുത്ത കാലത്തായി അവള്‍ വേറേതോ പയ്യനുമായി കറങ്ങി നടക്കുന്നാതായും ഞാനറിഞ്ഞു. ..’

‘ശെ.. അങ്ങനെയൊന്നുമില്ല അരുണ്‍.. നിന്നെ ആരോ തെറ്റിദ്ധരിപ്പിച്ചതായിരിക്കും..ഷി സ്റ്റില്‍ വാണ്ട് യു മാന്‍. കഴിഞ്ഞ തവണ സീതയുമായി ഞാന്‍ സംസാരിച്ചപ്പൊള്‍ അവളുടെ കണ്ണു നിറഞ്ഞിരുന്നു. നീ നിന്റെ ഭാഗം മാത്രമേ ചിന്തിക്കുന്നുള്ളൂ.. ശരിയാണ്. സീതയ്ക്ക് അല്പം സ്വാര്‍ത്ഥതയുണ്ടാവാം. അതൊരു പക്ഷേ പലരും അത് പ്രകടിപ്പിക്കുന്നത് പല വിധത്തിലാണ്. ഞാന്‍ ഡീറ്റെയിത്സിലേക്ക് പോകുന്നില്ല. ഒരു പക്ഷേ നിന്റെ ജോലിത്തിരക്കില്‍ അവള്‍ക്കായി നിനക്ക് നീക്കി വെക്കാന്‍ സമയം കിട്ടിക്കാണില്ല.... ഇതെല്ലാം ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നങ്ങളേയുള്ളു അരുണ്‍.. നീയൊരു കോമ്പ്രമൈസിന് തയ്യാറാവണം....’

‘കോമ്പ്രമൈസ്..ഇനിയെന്ത് കോമ്പ്രമൈസ് ... കഴിഞ്ഞതെല്ലാം കഴിഞ്ഞു..’

‘ഇല്ല അരുണ്‍.. ഇനിയുമതിന് സമയമുണ്ട്. ..’

അരുണ് ഒരു ഐസ് ക്യൂബെടുത്ത് കപ്പിലേക്കിട്ടു. പിന്നെ തണുത്ത വെള്ളം അതിലേക്കൊഴിച്ചു. ഫോര്‍ക്കുകൊണ്ട് ചില്ലിഗോബിയിലെ ഒരു ഫ്ലവര്‍പീസെടുത്ത് വായില്‍ വെച്ചു. മൌനം ഞങ്ങള്‍ക്കിടയില്‍ അല്പനേരം ഇതള്‍ വിരിച്ചു.

പിന്നെ ഞാന്‍ പറഞ്ഞു തുടങ്ങി..
‘ഞാന്‍ അറേഞ്ചു ചെയ്യാം..ഒരു മീറ്റിങ്.. വേണമെങ്കില്‍ നമുക്കിവിടെത്തന്നെയാക്കാം.. വാട്ട് യു സേ..’
‘സുന്ദര്‍, നിനക്കിപ്പോഴും മനസ്സിലാവുന്നില്ല..’
അരുണിന്റെ സ്വരത്തിലെ കാഠിന്യം കുറഞ്ഞിരിക്കുന്നു.

‘അരുണ്‍, ഞാനല്ലേ പറയുന്നത്.. ഒരു തവണത്തേക്ക് മാത്രം..’

അരുണ്‍ ബീയര്‍ ഗ്ലാസ് ഒറ്റവലിക്ക് മുഴുവന്‍ തീര്‍ത്തു. പിന്നെ ഒരു സിഗരറ്റിനു കൂടി തീ കൊളുത്തി.

‘അരുണ്‍..കമോണ്‍...സീതാലക്ഷ്മിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സാധനമൊന്നു പറയാമോ..’
അരുണിന്റെ മുഖത്ത് ചെറിയ പ്രകാശം. സിഗരറ്റിലെ ചാരം ആഷ്ട്രെയില്‍ തട്ടി..
‘അങ്ങനെ പ്രത്യേകിച്ച്... യെസ് ഷി ലൈക്സ് ചോക്ലേറ്റ്സ്..’
‘എനി സ്പെസിഫിക് ബ്രാന്ഡ്.. ?’
‘ഫെറേറോ റോഷറിന്റെ ചോക്ലേറ്റുകള്‍ അവള്‍ക്കിഷ്ടമാണ്......’
‘മൈ ഗുഡ്നെസ്സ്.. രാജി ആള്‍സൊ ലൈക്സ് ദി സെയിം ബ്രാന്‍ഡ്..’
ഇരുണ്ടു കൂ‍ടിയ കാര്‍മേഘങ്ങളില്‍ ചെറിയ വെള്ളിരേഖകള്‍.
‘അങ്ങനെയെങ്കില്‍ നമ്മള്‍ ഇന്നു തന്നെ ഒരു ബോക്സ് ചോക്ലേറ്റ് വാങ്ങുന്നു. ഈ കോമ്പ്ലക്സില്‍ തന്നെ ഒരു സ്വീറ്റ്ഷോപ്പുണ്ട്. അരുണിനും സീതയ്ക്കും കംഫര്‍ട്ടബിളായ ഒരു വെന്യു നിശ്ചയിക്കുന്നു. വി കുഡ് ഫൈനലൈസ് എവെരിതിങ്.....’

അറിയാതെ ചെറിയൊരു ദീര്‍ഘനിശ്വാസം എന്നില്‍ നിന്നുയര്‍ന്നു.

അല്ലെങ്കിലും അരുണ്‍ ഒരു കോമ്പ്രമൈസിനു സമ്മതം മൂളുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അരുണിന്റെ അച്ഛന്‍ സ്വാമിനാഥന്‍ കഴിഞ്ഞ ആഴ്ചയും ബാങ്കില്‍ വന്ന് ഒരു ഒത്തുതീര്‍പ്പിനുവേണ്ടി എന്നോടു സംസാരിച്ചിരുന്നു. വൃദ്ധനായ ആ മനുഷ്യന്‍ പ്രതീക്ഷയുടെ നാമ്പുകള്‍ ഇനിയും മനസ്സിലിട്ടു നടക്കുന്നു.

ഫസ്റ്റ് ഫ്ലോറിലെ സ്വീറ്റ്ഷോപ്പില്‍ നിന്നും 24 പീസുള്ള ഫെറേറോ റോഷര്‍ വാങ്ങി ലിഫ്റ്റിനടുത്തെത്തിയപ്പോഴായിരുന്ന്നു പെട്ടന്ന് ബില്‍ഡിങ്ങിലെ മറുഭാഗത്ത് ഒരു പ്രണയ ജോഡികളെ ശ്രദ്ധയില്‍ പെട്ടത്. കൈകോര്‍ത്തു പിടിച്ച് വളരെ സന്തോഷത്തോടെയാണവര്‍ വരുന്നത്. ആന്റ്റിക് ഷോപ്പിലെ വെളിച്ചത്തിനടുത്തെത്തിയപ്പോഴാണ്‍ അവരുടെ മുഖം ശ്രദ്ധിച്ചത്.

അത് സീതാലക്ഷ്മിയല്ലേ..അതെ..
ഞാന്‍ പെട്ടന്ന് ശ്രദ്ധ തിരിച്ചു. അരുണിന്റെ മുഖത്തേക്ക് നോക്കി.
ഇല്ല. അരുണ്‍ കണ്ടിട്ടില്ല. അരുണ്‍ ലിഫ്റ്റ് വരുന്നത് ശ്രദ്ധിച്ചു നില്‍ക്കുകയാണ്.

‘ലിഫ്റ്റ് വരാന്‍ വൈകും. നമുക്ക് സ്റ്റെപ്സിറങ്ങാം..’ അരുണിന്റെ പുറത്ത് തട്ടിക്കൊണ്ട് ഞാന്‍ പറഞ്ഞു. പിന്നെ സ്റ്റെപ്സിറങ്ങി ബേസ്മെന്റിലെ പാര്‍ക്കിങ്ങിലേക്ക് നടന്നു.

കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. അരുണിന്റെ വണ്ടി അപ്പുറത്തുള്ള വിങിലാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്. പാതി തുറന്ന സൈഡ് ഗ്ലാസ്സിലൂടെ അരുണ്‍ കൈനീട്ടി.

‘അരുണ്‍, ഞാന്‍ എല്ലാം അറേഞ്ചു ചെയ്ത് വിളിക്കാം...’ എന്റെ സ്വരം ഇടറിയിരുന്നു.
അരുണിന്റെ കൈയ്യിലെ തണുപ്പ് വിട്ടുമാറിയിരുന്നു. അലസമായൊന്ന് ചിരിക്കാന്‍ ശ്രമിച്ചു അരുണ്‍.
പിന്നെ ചോക്കലേറ്റ് പാക്കെടുത്ത് എനിക്ക് നീ‍ട്ടി.
‘ഇത് രാജിക്ക് കൊടുക്കൂ.. രാജിക്കീ ചോക്കലേറ്റ് ഇഷ്ടമാണെന്നല്ലേ നീ പറഞ്ഞത്..’
‘ബട്ട് അരുണ്....’ വാക്കുകള്‍ പുറത്തു വരുന്നില്ല. കൈയുയര്‍ത്തി ‘ബൈ’ പറഞ്ഞ് അരുണ്‍ അകന്നു പോകുന്നു.
സ്റ്റീയറിങ് വീലില്‍ എന്റെ കൈ തരിച്ചിരുന്നു.
പുറത്ത് തുലാവര്‍ഷം തകര്‍ത്തു പെയ്തു തുടങ്ങിയിരിക്കുന്നു.

19 comments:

asdfasdf asfdasdf said...

പെട്ടന്നെഴുതിത്തീര്‍ത്ത ഒരു കഥ പോസ്റ്റുന്നു. ഫെറേറോ റോഷര്‍..
കഥയല്ല അനുഭവം തന്നെ...

Rasheed Chalil said...

മേനോന്‍‌ജീ വല്ലാത്തൊരു അനുഭവം തന്നെ.

ഇക്കാലത്ത് ദാമ്പത്യത്തിലെ ഏറ്റവും വലിയ പ്രശ്നം ഇതുതന്നെയല്ലേ... ഒന്നിച്ച് ജീവിക്കുമ്പോഴും മനസ്സുകള്‍ക്കിടയില്‍ ആയിരം കാതം അകല്‍ച്ചയുണ്ടാവും... ഓരോരുത്തരും അവനവന്റെ വഴികള്‍ കണ്ടെത്തുമ്പോള്‍ രണ്ടാള്‍ക്കും ഒരേവഴി അന്യമാവുന്നു അല്ലേ... നല്ല വിവരണം.

Aravishiva said...

കുട്ടമ്മേനോന്‍ ചേട്ടാ..നന്നായെഴുതിയിരിയ്ക്കുന്നു...നല്ല കെട്ടുറപ്പ് കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും...വളരെ ഇഷ്ടപ്പെട്ടു..

വല്യമ്മായി said...

നല്ല കഥ,നല്ലൊരു പങ്കാളി ശരിയ്ക്കും ഒരു ഭാഗ്യം തന്നെയാണല്ലേ

മുസ്തഫ|musthapha said...

കുട്ടന്മ്മേന്നേ... നല്ല കഥ...

എന്തും തുറന്നു സംസാരിക്കുന്നത് ദമ്പതികള്‍ക്കിടയിലെ പ്രശ്നങ്ങള്‍ വഷളാവാതിരിക്കാന്‍ ശരിക്കും സഹായിക്കും.

പറയുന്നതോടെപ്പം തന്നെ കേള്‍ക്കാനുള്ള മനോഭാവവും വളരെ പ്രധാനപ്പെട്ട ഘടകമാണ്.

പലപ്പോഴും ചെറിയ തെറ്റിദ്ധാരണകളാവാം വഴിപിരിയലില്‍ വരെ കൊണ്ടെത്തിക്കുന്നതെന്ന് തോന്നുന്നു.

കൌണ്‍സിലിംഗ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട്... ഒരു മൂന്നാമനെ ഉള്‍പ്പെടുത്താതെ തന്നെ ഇവര്‍ക്കെന്തുകൊണ്ടിതു പരിഹരിച്ചു കൂടാ എന്ന്.

മനോജ് കുമാർ വട്ടക്കാട്ട് said...

ദാമ്പത്യത്തിന്റെ താളപ്പിഴകള്‍ എവിടെത്തുടങ്ങുന്നുവെന്നാര്‍ക്കറിയാം.
രണ്ട്‌ പേര്‍ക്കും അവരവരുടേതായ ന്യായീകരണങ്ങള്‍, വാദങ്ങള്‍.

വേണു venu said...

പുറത്ത് തുലാവര്‍ഷം തകര്‍ത്തു പെയ്തു തുടങ്ങിയിരിക്കുന്നു.
മെനോനെ ആ മിട്ടായിയെ കുറിച്ചോര്‍ക്കുകയായിരുന്നു.
സീതാലക്ഷ്മിയതാസ്വദിക്കുമ്പോള്‍,
അതു കണ്ടു നില്‍ക്കുന്ന കഥാകൃത്ത് അരുണിന്‍റെ കൈയ്യിലെ തണുപ്പായിരിക്കും ഓര്‍ക്കുന്നതു്.

Kalesh Kumar said...

നന്നായിട്ടൂണ്ട് മേന്നേ!

ഇടിവാള്‍ said...

നല്ല കഥ മേന്‍‌ന്നേ ! അപ്പോ അരുണും കണ്ടിരുന്നു പാവം..

ബിയറടിക്കാന്‍ പോയ ആ റസ്റ്റോറണ്ടു തന്നെ ദാമ്പത്യത്തിന്റെ കോമ്പ്രമൈസിനുള്ള വേദിയാക്കി തിരഞ്ഞെടുത്തതു മാത്രം എനിക്കെന്തോ തോന്നി.
ഇതു കൊള്ളാം...

ഭൂതത്തില്‍ ഞാനധികം മനസ്സര്‍പ്പിക്കുന്നില്ല... അത് മനസ്സില്‍ നിന്നും ചിന്തിപ്പോയ രക്തമാണ്. ധമനികളിലുള്ളപ്പോള്‍ മാത്രമേ അതിന് ജീവനുള്ളൂ....’

റീനി said...

കുട്ടമ്മേനോന്‍, കഥ ഇഷ്ടമായി.

"ഫെറേറോറോഷര്‍" എനിക്ക്‌ ഇഷ്ടമുള്ള ചോക്കലേറ്റുകള്‍.

Unknown said...

നല്ല കഥ കുട്ടമേനോഞ്ചേട്ടാ......

ആ ഭൂതപ്രേതപിശാചുക്കളെ പരാമര്‍ശിച്ച വാക്യംതന്നെ എനിക്കും പ്രിയപ്പെട്ടത്. :-)

Anonymous said...

മേന്‍‌ന്നേ,
ഒരു നൊമ്പരം
നന്നായിരിക്കുന്നു !!!!

ഓ.ടോ.
“പെട്ടന്നെഴുതിത്തീര്‍ത്ത ഒരു കഥ ” . ഇക്കാണക്കിന് ഇത്തിരി സമയമെടുത്താലോ?

asdfasdf asfdasdf said...

ഈ കഥയിലെ കഥാപാത്രങ്ങളെല്ലാം ഇന്നും അവിടെ തന്നെ നില്‍ക്കുന്നു.അതേപോലെ.
ഇടിവാള്‍ജി: നന്ദി.അടുത്ത കഥയില്‍ കോമ്പ്രമൈസിനുള്ള വേദി പാര്‍ക്ക്,എന്റെര്‍റ്റൈന്മെന്റ് സിറ്റി എന്നിവിടങ്ങിലേക്ക് മാറ്റുന്നതായിരിക്കും. :)
ഇത്തിരിവെട്ടം, അരവി,വല്യമ്മായി, അഗ്രജാ,പടിപ്പുര,വേണുജി,കലേഷ്ജി,റീനി,ദില്‍ബു,വാവക്കാടന്‍.. വായിച്ച് കമന്റിയതിന് നന്ദി.

സുല്‍ |Sul said...

ഇഷ്ടപ്പെട്ടു മേന്നേ.

Siju | സിജു said...

കൊള്ളാം...
നടന്നതായാലും കഥയായാലും ...
qw_er_ty

asdfasdf asfdasdf said...

സുല്ലേ, സിജു നന്ദി. സിജുവിന്റെ ബ്ലോഗിലൊന്നുമില്ലല്ലോ.. എന്തെങ്കിലുമൊക്കെ പൂശി നിറക്ക്.

Siju | സിജു said...

ഞാനോ ...
എഴുതാനോ ...
അയ്യേ.. ഞാനാ റ്റൈപ്പല്ല

ലിഡിയ said...

ഇത് അനുഭവം എന്നെഴുതി കണ്ട് വിഷമം തോന്നുന്നു മേന്ന്യന്നേ..

ജീവിതം ഒരു പോരാട്ടമായിട്ടാ തോന്നിയിട്ടുള്ളത്, പലപ്പോഴും മടുത്തിട്ട് എല്ലാം ഇട്ടെറിഞ്ഞ് പോവാന്‍ തോന്നും, ഏത് ശക്തിയാണാവോ പിടിച്ച് നിര്‍ത്തുന്നത്, ആത്മാര്‍ത്ഥ സ്നേഹത്തിന്റെ ഒരു തണലുണ്ടെങ്കില്‍ ഏത് യുദ്ധവും ജയിക്കാമെന്ന് തോന്നുന്നു.

പ്രതീക്ഷകള്‍...അതല്ലേ ജീവിതം അല്ലേ..വീണിടത്തും നിന്നും തള്ളിയിട്ടിടത്തു നിന്നും എഴുന്നേറ്റ് നടക്കുക..അത്രയൊക്കെയേ ഉള്ളൂ.

-പാര്‍വതി

സുല്‍താന്‍ Sultan said...

ഭൂതകാ‍ലം...അത് മനസ്സില്‍ നിന്നും ചിന്തിപ്പോയ രക്തമാണ്. ധമനികളിലുള്ളപ്പോള്‍ മാത്രമേ അതിന് ജീവനുള്ളൂ....’


മനോഹരമായിരിക്കുന്നു......