Wednesday, September 20, 2006

എസ്.എം.എസ്

കാലത്ത് പത്രവായനക്കിടക്കാണ് പുറത്ത് ചാറ്റല്‍ മഴ തുടങ്ങിയത് അയാള്‍ കാണുന്നത്. മഴ കൂടിയാല്‍ പിന്നെ പുറത്തുള്ള കറക്കമൊന്നും നടക്കില്ല. മൂന്നാഴ്ച വെക്കേഷനിലെ ഒന്നാമത്തെ ആഴ്ചയാണ് കടന്നു പോകുന്നത്. ടൌണിലെ ട്രാവല്‍ ഏജന്റിനോട് രണ്ടാഴ്ചകഴിഞ്ഞുള്ള ടിക്കറ്റ് കണ്‍ഫേം ചെയ്യാന്‍ ഇന്നലെയാണ് പറഞ്ഞത്.
പഴയ ഈ ചാരു കസേരയിലിരുന്ന് കാലത്ത് പത്രം വായിക്കുകയെന്നത് നാട്ടിലെത്തിയാല്‍ ഒരു ബലഹീനതയാണ്.
ഒപ്പം ഒരു ഫില്‍ട്ടര്‍ കോഫി കൂടിയായാല്‍ കേമം.
അതിനിടയിലാണ് ‘കിര്‍ കിര്‍’ ശബ്ദത്തോടെ ഒരു എസ്.എം.എസ്. നാദം.
ഇത് തന്റെ മൊബൈലിന്റെയല്ലല്ലൊയെന്ന് അയാളോര്‍ത്തു.
ജലജയുടെയായിരിക്കും.
കഴിഞ്ഞ തവണ നാട്ടില്‍ വന്നപ്പോഴാണ് ജലജക്ക് ഒരു പുതിയ മൊബൈല്‍ കൊടുത്തത്. നോക്കിയയുടെ പുതിയ മോഡല്‍ . ഇന്‍ കം ടാക്സ് ഓഫീസിലെ ആഡിറ്ററായ ജലജക്ക് പലപ്പോഴും യാത്രചെയ്യേണ്ടതുള്ളതുകൊണ്ട് മൊബൈല്‍ ഫോണ്‍ അത്യാവശ്യമാണ്. പിന്നെ അത്യാവശ്യത്തിന് പാട്ടുകേള്‍ക്കാന്‍ എം.പിത്രീ പ്ലെയറും ഉള്ളതാണ് വാങ്ങിയത്.
‘ജലജേ .. ആ മൊബൈലൊന്ന് നോക്കിക്കൊ.. ഏതൊ എസ്.എം.എസ് വന്നിട്ടുണ്ടെന്ന് തോന്നുന്നു..’
മറുപടിയൊന്നുമില്ല.
ഒരു പക്ഷേ ജലജ കുളിക്കുകയായിരിക്കും.
ബെഡ് റൂമിലെ ഷെല്‍ഫില്‍ വെച്ചിരിക്കുന്ന ജലജയുടെ മൊബൈലില്‍ പ്രകാശമുണ്ട്.
ഏതൊ പുതിയ നമ്പറില്‍ നിന്നാണ്.
+984.....
There are a million stars and a million dreams,
you are the only star for me,
the only dream i dream.
കൊള്ളാമല്ലോ. ഇതേതാ കക്ഷി ?
പേരില്ലാത്ത കക്ഷിയാണ്. അഡ്രസ്സ് ബുക്കില്‍ പേരില്ല. നമ്പര്‍ ഫീഡ് ചെയ്തിട്ടുമില്ല. പഴമ്പുരാണങ്ങള്‍ നോക്കി. പുതുമുഖമല്ല. മുന്‍പും അയ്ച്ചിരിക്കുന്നു.
You can fall from a bridge,
you can fall from above, but the best way of falling is falling in love!
മോശമില്ല. ഇങ്ങനെ ഒരു പത്ത് പന്ത്രണ്ട്ണ്ണം കഴിഞ്ഞ നാലഞ്ച് മാസമായി....
അയച്ച എസ്.എം.എസ് ഫോള്‍ഡര്‍ ശൂന്യം. ഈ നമ്പറിലേക്ക് പലതവണയായി വിളിച്ചിട്ടുമുണ്ട്.
ജലജ ഇതൊന്നും തന്നോട് പറഞ്ഞില്ലല്ലോയെന്ന് അയാളോര്‍ത്തു. തിരക്കിട്ട ഓഫീസ് ജോലിക്കിടെ ഒരു ഭാര്യക്ക് ഭര്‍ത്താവിനോട് ഇങ്ങനെയുള്ള ചെറിയകാര്യങ്ങള്‍ പറയാന്‍ ഒരു പക്ഷേ സമയം കിട്ടിയെന്നു വരില്ലെന്ന് അയാളോര്‍ത്തു. ഓഫീസിലെയും നാട്ടിലെയുമായ എല്ലാ കാര്യങ്ങളും മിക്ക ദിവസങ്ങളിലും തനിക്ക് ഇ-മെയില്‍ ചെയ്യാറുള്ളതാണ്. പിന്നെ ആഴ്ചയില്‍ രണ്ടു തവണ ഫോണും. പുതിയ മെസ്സേജ് അയാള്‍ അണ്‍ റീഡിലേക്ക് മാറ്റി. ഏതായാലും ജലജയോട് തന്നെ ചോദിക്കാം.അയാള്‍ ഉമ്മറത്ത് ചെന്നിരുന്ന് പത്രവാ‍യനയിലേക്ക് മുഴുകി.
പത്രത്തില്‍ ഇന്നും സ്ഥിരമായ ചില വിശേഷങ്ങള്‍ മാത്രം. കൊലപാതകം, മാല പൊട്ടിക്കല്‍ , ജലക്ഷാമം., ബലാത്സംഗം, പിടിച്ചുപറി, വരാനിരിക്കുന്ന ബസ് സമരം.....
മഴയുടെ ശക്തി കൂടുകയാണെന്ന് തോന്നുന്നു.
അതെ., ജലജ കുളിക്കുകയായിരുന്നു. മുടി തുവര്‍ത്തുമുണ്ടുകൊണ്ട് കെട്ടിയാണ് അവള്‍ ചായയുമായി വന്നത്. ജലജയുടെ മുടിക്ക് ചെമ്പരത്ത്യാതിയെണ്ണയുടെ വാസനയുണ്ട്
‘ജലജക്ക് ഏതോ എസ്.എം.എസ് വന്നിട്ടുണ്ടന്നു തോന്നുന്നു. മൊബൈല് നോക്കിയോ ?’
‘ഓ..അത് ഐഡിയ ക്കാരുടെ ഏഡാണ്..അത് ഇടക്കിടെ വരാറുണ്ട്. ഞാനത് ഡിലിറ്റ് ചെയ്തു..’
അയാള്‍ അവളുടെ മുഖത്തേക്ക് ഒന്നു നോക്കി. മെല്ലെ എഴുന്നേറ്റ് അയാള്‍ ഉമ്മറത്തെ തിണ്ണയുടെ അടുത്ത് ചെന്ന് നിന്നു. മഴയുടേ ശക്തി കൂടിയിരിക്കുന്നു. മുറ്റത്തെ ചേമ്പിലകളില്‍ ജലകണങ്ങള്‍ ഉരുണ്ടു കൂടി തണ്ടിലൂടെ താഴേക്കിറങ്ങുന്നു.
പിന്നെ അയാള്‍ തന്റെ മൊബൈലെടുത്ത് ട്രാവല്‍ ഏജന്റിന്റെ നമ്പറെടുത്ത് ഡയല്‍ ചെയ്തു.

15 comments:

asdfasdf asfdasdf said...

ഒരു ചെറിയ പോസ്റ്റിടുന്നു. SMS . പിന്നെ കഥയില്‍ ചോദ്യമില്ല.

ശിശു said...

കലികാലമല്ലേ സുഹൃത്തെ, നമുക്ക്‌ ശരണം ഫില്‍റ്റര്‍ കോഫിയും ചാരിക്കിടന്നുള്ള പത്ര പാരായണവും തന്നെ, ചെറിയ ശബ്ദത്തില്‍വന്നെത്തുന്ന വലിയ സത്യങ്ങളിലേക്ക്‌ അന്വേഷിച്ചിറങ്ങാതിരിക്കാമെങ്കില്‍, ആശ്വാസത്തിന്റെ കൂട്‌ തേടി യാത്ര തുടങ്ങേണ്ടിവരില്ല.ഇല്ലെങ്കില്‍ യാത്ര തന്നെ യാത്ര..
നല്ല വിവരണം.

സു | Su said...

പാവം ജലജ. പാവം അയാള്‍. ഒരു നമ്പര്‍ കണ്ടതിന് അയാള്‍ ഇത്ര വിഷമിക്കാനുണ്ടോ? അവരുടെ കൂട്ടുകാര്‍ ആവും.

സു | Su said...

മെസ്സേജ് ഒക്കെ ആര്‍ക്കും അയക്കാമല്ലോ. ജലജ കണ്ടോട്ടെ എന്ന് വെച്ച് കൂട്ടുകാരി അയച്ചതാവും.

asdfasdf asfdasdf said...

ശിശു : ജീവിതം ഒരു യാത്ര തന്നെയല്ലേ.. മരണമെന്ന അവസാന വാക്കുവരെ..
സൂചേച്ചി : അയാള്‍ അസ്വസ്ഥനായത് മെസ്സേജ് കണ്ടതുകൊണ്ടതുകൊണ്ടല്ല, അതെക്കുറിച്ച് അന്വേഷിച്ചുപോയതുകൊണ്ടും അവളുടെ മറുപടിയിലുമാണെന്നുമാണ് എനിക്ക് തോന്നുന്നത്.

ഏറനാടന്‍ said...

ജലജ - ആ പേരില്‍ തന്നെ തിരിമറിയുണ്ട്‌. ജ - ല - ജ തിരിച്ചുവായിച്ചാലും അതന്നെ. എസ്‌ എം എസ്‌ അതുമങ്ങിനെതന്നെ. അപ്പോപിന്നെയങ്ങനെയാവാനേ തരമുള്ളൂ..

kusruthikkutukka said...

അയാളൊരു പൊട്ടന്‍ കുട്ടപ്പന്‍
ചുമ്മാ ആ നമ്പറില്‍ ഒന്നു ഡയല്‍ ചെയ്താല്‍ പോരായിരുന്നോ?
ഗുണപാഠം : ഇങ്ങ്നെ ഉള്ള SMS അയക്കുന്നവര്‍ ശ്രദ്ദിക്കുക ;)

മുസാഫിര്‍ said...

മേന്നേ:
ജീവിതത്തിന്റെ ഉത്തരം കാണാത്ത അനേകം സമസ്യകളില്‍ ഒന്ന് എന്നു കൂട്ടിയാല്‍ പിന്നെ ‘അയ്യാള്‍ക്കു’ പ്രശ്നമില്ല.

മുസ്തഫ|musthapha said...

നന്നായിരിക്കുന്നു കഥ.
ചോദ്യമില്ലാത്തോണ്ട് ചോദ്യമില്ല.

ഈ ട്രാവലേജന്‍റുമാരുടെ ഒരു കഷ്ടപ്പാടേയ്...
ടിക്കറ്റ് കണ്‍ഫേം ചെയ്യാനായാലും ശരി, ഭാര്യയ്ക്ക് SMS വന്നാലും ശരി വിളി ട്രാവല്‍ ഏജന്‍സിയിലോട്ട് തന്നെ :)

ഇടിവാള്‍ said...

പാവം അയാള്‍ ;(

മുസ്തഫ|musthapha said...

ഏറനാടാ :)

അത് കലക്കി മാഷെ...

ജ ല ജ
S M S

Unknown said...

കുട്ടന്മേനോഞ്ചേട്ടാ,
കഥ കലക്കി. നന്നായിരിക്കുന്നു.

ലിഡിയ said...

ഇത്ര സ്നേഹം,ആഴ്ചയില്‍ രണ്ട് വട്ടം ഫോണ്‍ എന്നിട്ട് ഭാര്യയോട് തുറന്ന് ചോദിച്ചാലെന്താ?

വിശ്വാസം വേണം,ഇങ്ങനെത്തെ ഒത്തിരി കൂട്ടുകാരൊണ്ട് എനിക്ക് “ജാന്‍,തൂ നഹി ഹേ തോ ആഖോം ബേക്കാര്‍ ഹേ..തേരീ യാദേം ബസ് മേരാ ജീനെ കാ സഹാറാ ഹേ” ഇതൊക്കെ കണ്ടിട്ട് സംശയിക്കാന്‍ നിന്നാല്‍ പിന്നെ മൂന്ന് മുടിച്ചിട്ടത് പിരിച്ചിട്ടത് നടന്ന് പോകുകയേയുള്ളു.

പാര്‍വതി.

sreeni sreedharan said...

:O

asdfasdf asfdasdf said...

ഏറനാടന്‍:ആ പേര് (ജലജ) ഇനി ഈ വീട്ടില്‍ ഉരിയാടരുതെന്ന് ഇന്ന് കെട്ട്യോള്‍ടെ വാര്‍ണിങ് ലെറ്റര്‍. അപ്പൊ അത് പ്രശ്നം തന്ന്യാണേ..
മുസാഫിര്‍ജി : അതന്ന്യല്ലെ അയാള്‍ ട്രാവല്‍ ഏജന്റിനെ വിളിച്ചതും.
പാര്‍വ്വതി : സ്നേഹമെന്നൊക്കെ പറയുന്നത് ചിലര്‍ക്കൊക്കെ സ്വാര്‍ത്ഥതയും കൂടിയാണ്.
അഗ്രജാ,ഇടിവാള്‍ മേന്നെ,കുസ്രുതി,ദില്‍ബു, പച്ചാളം,.. വായിച്ചതിനും കമന്റിയതിനും നന്ദി.