Wednesday, February 18, 2009

നക്ഷത്രങ്ങള്‍ പറയാതിരുന്നത്...

എണ്ണമറ്റ നക്ഷത്രങ്ങള് ആകാശത്ത് തെളിഞ്ഞു നിന്നു. അവയ്ക്കിടയിലൂടെ ഒരു ദിനചര്യയെന്നവണ്ണം കൊള്ളിയാനുകള്‍ മിന്നിമറഞ്ഞു. നക്ഷത്രങ്ങളുടെ നിറത്തെക്കുറിച്ച് ലാസറപ്പനു പലപ്പോഴും സംശയമാണ്. അവയ്ക്ക് മഞ്ഞയാണോ അതോ ഇളം ചുവപ്പാണോയെന്ന്. ചൂണ്ടു വിരലും തള്ളവിരലും നിവര്ത്തി ഒരു ഭാഗ്യപരീക്ഷണത്തിലാണ് പലപ്പോഴും അത് അവസാനിക്കാറുള്ളത്. ലാസറപ്പന്എന്നും ചൂണ്ടു വിരലേ പിടിക്കൂ. ചൂണ്ടുവിരല്മഞ്ഞ. ചുവപ്പിനേക്കാള്മഞ്ഞയാണ് ലാസറപ്പന് ഇഷ്ടം.

ചുവപ്പെല്ലാം കമ്മൂക്കളാണെന്നാണ്അമ്മാമ പറയുന്നത്. അമ്മാമ എന്നും ഒരു കോംഗ്രസ്സുകാരിയാണ്. എങ്കിലും ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായപ്പോള്അമ്മാമയ്ക്ക് ഇഷ്ടപ്പെട്ടില്ല.
‘ഈ പെണ്ണങ്ങളൊക്കെ ന്തൂട്ട് കണ്ട്ട്ടാ രാജ്യം ഭരിക്കാന്‍ പോണത്... അതൊക്കെ ആങ്കുട്ട്യോള്ക്ക് പറഞ്ഞ്ട്ട് ള്ളതാ.. ‘

എന്നാലും കോംഗ്രസ്സുകാരെമാത്രമേ അമ്മാമയ്ക്ക് ഇഷ്ടമുള്ളൂ.. പശൂവും കിടാവും ചിഹ്നത്തില് മാത്രമേ ഇന്നേവരെ വോട്ട് കുത്തിയിട്ടുള്ളൂ.

‘വിപ്ലവം വിപ്ലവംന്ന് പറഞ്ഞ്ട്ട് ഈ കമ്മുക്കളെല്ലാം ന്തൂട്ടാ ണ്ടാക്ക്യേ... നെഹ്രും ഗാന്ധീംണ്ടാര്ന്നില്ലെങ്കി ഈ സായിപ്പുമ്മാര്നാട്ടീന്ന് പൂവ്വോ ? ‘ എന്നാലും സായിപ്പുമാരെ അമ്മാമയ്ക്ക് വലിയ കാര്യമാണ്.

‘സായിപ്പുമാ‍രുണ്ടാക്കിയ മുള്ളൂര്പാലണ്ടാര്ന്നില്ലെങ്കെ ന്റെ കുഞ്ഞിലക്കുട്ടി അന്ന് ചത്തു പോയേനെ..’
അമ്മാമയുടെ നേരെ അനുജത്തി കുഞ്ഞിലക്കുട്ടിക്ക് പേറ്റു നോവടുത്തപ്പോള് പേറെടുക്കുന്ന് അന്നമ്മ ‘ മിഷ്യനാസ്പത്രീല്കൊണ്ടൊക്കോ ... എന്നെക്കൊണ്ടാവില്യ പേറെട്ക്കാന്‘ എന്ന് കൈയൊഴിഞ്ഞപ്പോള്, കാളവണ്ടിയില് രാത്രിക്ക് രാത്രി പറന്നു കൊണ്ടു പോകുമ്പോള് മുള്ളൂറു പാലമില്ലായിരുന്നെങ്കില് കടത്ത് കടക്കേണ്ടി വരുമായിരുന്നു. കടത്തു കടത്തി മിഷ്യനാസ്പത്രിയിലെത്തുകയാണെങ്കില്കുഞ്ഞിലക്കുട്ടി ജീവനോടെ എത്തുമെന്ന് ഒരുറപ്പുമില്ലായിരുന്നു.

കോംഗ്രസ്സുകാരുടെ ജാഥ തോട്ടുവരമ്പിലൂടെ പോകുമ്പോള് അമ്മാമ പറമ്പിന്റെ ഒരു ഭാഗത്ത് ചെന്നു നിന്ന് നിര്ന്നിമേഷയായി ജാഥ കടന്നുപോകുന്നതുവരെ നോക്കിനില്ക്കും. ജാഥക്കാരാരെങ്കിലും അമ്മാമയെക്കണ്ടാല്അകലെനിന്നു ചോദിക്കും.

‘കൊച്ചുറോമേട്ത്താര് ജാദയ്ക്ക് പോരണാ ?...’
‘ഉം .. പോരണന്നൊക്കെ ണ്ട് ക്ടാങ്ങളേ.. വെക്കനാകത്ത് നിന്ന് തിരിയാന്സമയം ഇല്ല...’

അല്പം നിരാശയോടെ അമ്മാമ വെക്കനാകത്തേക്ക് കടക്കുമ്പോള്ലാസറപ്പനും കൂടെ ചെല്ലും.
അത്താഴത്തിനു വെയ്ക്കുന്ന കഞ്ഞിയിലെ തെളി വെള്ളം അമ്മാമ കുറച്ച് മാറ്റിവെയ്ക്കും.
അപ്പാന് ചോറുണ്ണുമ്പോ കുടിയ്ക്കാന്. അതിലൊരു പങ്ക് ലാസറപ്പനും കൂടിയുള്ളതാണ്. അത് കിട്ടിയില്ലെങ്കില്കൊന്തമണി കൊട്ടുന്ന വരെയ്ക്കും വിശന്ന വയറുമായി കോണിച്ചോട്ടില്ഇരിക്കേണ്ടി വരും. കോഴിക്കൂട് അടയ്ക്കുന്നതിനു മുമ്പ് അമ്മാമ ഓട്ടു മൊന്തയില്കഞ്ഞിവെള്ളം എടുത്ത് പാത്യേമ്പുറത്ത് വെക്കും.
‘ലാസറപ്പാ.. പാത്യേമ്പുറത്തെക്ക് ഒരു കണ്ണ്വേണം ട്രാ..ആ കറത്ത പൂച്ച സാമ്പാറിന്റെ കലം ഒടയ്ക്കുണ്ടോന്ന് നോക്ക്യോളോ... ‘

ലാസറപ്പനു അത് കേള്ക്കുമ്പോള്ചെറുതായി ചിരിവരും. ലോകത്ത് ഒരു പൂച്ചയും സാമ്പാറിന്റെ കലത്തില് തലയിടില്ലെന്ന് എല്ലാവര്ക്കുമറിയില്ലെ.

അതൊരു സൂചനയാണ്. കഞ്ഞിവെള്ളം എടുത്തു വെച്ചിട്ടുണ്ട് .. പോയി ആരും കാണാതെ എടുത്ത് കുടിക്കണം.
ലാസറപ്പനു എന്തെങ്കിലും കൊടുക്കുന്നത് കണ്ടാല്അപ്പാപ്പനു കലിയാണ്.
‘കുരുത്തല്ല്ലാത്ത ചെക്കന്.. തല വെളീല്ക്ക് വരുമ്പളക്കും തന്തേനെം തള്ളേനെം തെക്കോറ് ടത്തേക്കെടുപ്പിച്ചു..’
അതു കേള്ക്കുമ്പോള്ലാസറപ്പനു ഇപ്പോള് കരച്ചിലു വരാറില്ല.
പണ്ടൊക്കെ കോണിച്ചോട്ടിലിരുന്ന് കുറെ കരഞ്ഞിട്ടുണ്ട്. സ്ഥിരമായി അപ്പാപ്പന്പറഞ്ഞു തുടങ്ങിയപ്പോള് അതൊരു ശീലമായി.

അതിന്അപ്പാപ്പനെ മാത്രം പറഞ്ഞിട്ട് കാര്യമില്ല. ആരായാലും അങ്ങനെയൊക്കെയല്ലേ പറയൂ ..
ലാസറപ്പനു ഒരു വയസ്സുള്ളപ്പോഴാണ് പേനകത്തുനിന്നും വരുമ്പോള് വഞ്ചി മറിഞ്ഞ് ലാസറപ്പന്റെ അപ്പനുമമ്മയും മരിച്ചത്.

അപ്പന്റെയും അമ്മയുടെയും ഒരു ഫോട്ടം പോലും കണ്ടിട്ടില്ല... ലാസറപ്പന് പലപ്പോഴും ആലോചിച്ചിട്ടുണ്ട് അപ്പനുമമ്മയുമെങ്ങനെയിരിക്കുമെന്ന്.
‘നെന്റെ അപ്പന്റെ അതേ രൂഭാ നെനക്ക്..’ എന്ന് ഇടയ്ക്ക് അമ്മാമ പറയും.
‘ന്നാലും അപ്പന്റെം അമ്മേരെ ഒരു പോട്ടം...’
‘പോട്ടൊക്കെ നെനക്ക് കാണിച്ച് തരാം ഒരു ദിവസം.. നീയ്യ് വലുതാവട്ടെ..’ അമ്മാമ ആശ്വസിപ്പിക്കാനായി പറഞ്ഞു.
‘അപ്പന്റെ നെറ്റീരെ ഇടത്ത് ഭാഗത്ത് ഇതേപോലത്തെ പാട് ണ്ടാ അമ്മാമേ ..’ ലാസറപ്പനു ആ സംശയം ഇതുവരെയ്ക്കും മാറിയിട്ടില്ല.

‘ഇത് നീയാ കോണീച്ചോടീന്ന് വീണേന്റെ പാടല്ലേ ലാസറപ്പാ...’
അപ്പാപ്പന്ഒരു ദിവസം മൂക്കറ്റം കുടിച്ച് വന്ന് വെട്ടുകത്തിയെടുത്ത് അമ്മാമയെ എറിഞ്ഞത് ഉന്നം തെറ്റി തന്റെ നെറ്റിയില്കൊണ്ടതാണെന്ന് എളേപ്പന്ഒരു തവണ പറഞ്ഞതോര്മ്മയുണ്ട്. പക്ഷേ അമ്മാമ അത് സമ്മതിച്ചുതരില്ല.

ഒരു ദിവസം തെങ്ങുകയറുന്ന ശങ്കുരുവിനോട് പറഞ്ഞ് ഒരു ഇളനീര്ഇട്ടതിനു തന്നെ വീടിനു ചുറ്റും ഓടിച്ചിട്ട് അടിച്ചത് ലാസറപ്പനു ഓര്മ്മവന്നു. ഇളനീരു കുടിച്ച് തൊണ്ട് ചാണക്കുഴിയില്ഇട്ടതാണ്. എങ്ങന്യാണ് അപ്പാപ്പന്അറിഞ്ഞതെന്ന് ഒരു ഊഹവും കിട്ടിയില്ല.

ഒരു പക്ഷേ വാസുവിന്റെ ചാരായക്കടയിലിരുന്നു ശങ്കുരു ഒറ്റിയതായിരിക്കാം. അതുമല്ലെങ്കില്അമ്മാമ്മ. ഇവരു രണ്ടുപേര്ക്കുമേ ഇക്കാര്യമറിയൂ. ശങ്കുരു പറയില്ലെന്ന് കയ്യിലടിച്ച് ആണയിട്ടിരുന്നതാണ്. ‘തപ്പറമ്പ് ഭഗവതിയാണേ സത്യം. ഞാനിത് ആരോടും പറയില്ല കുട്ട്യേ....’ .ഭഗവതിയെ പിടിച്ച് സത്യം ചെയ്താല്പിന്നെ വാക്കുമാറില്ല. അപ്പോള്പിന്നെ അമ്മാമയായിരിക്കും പറഞ്ഞിരിക്കുക. ചന്തിയിലെ ശീമക്കൊന്നയുടെ വടിയുടെ പാടുകള്നാലഞ്ചുദിവസം തുടയില്തിണര്ത്തുകിടന്നു. അമ്മാമയാണെങ്കില്വെറുതെ ഓങ്ങുകയേയുള്ളൂ. അപൂര്വ്വമായേ അടിക്കൂ..

മറ്റൊരു ദിവസം അമ്മാമ കഞ്ഞിക്കലത്തില്കയിലിട്ടിളക്കുമ്പോഴാണ് ലാസറപ്പന്അമ്മാമയുടെ കുപ്പായത്തിന് വെളിയില്ചാടി നിന്നിരുന്ന ഉമ്പായിയില്ഒന്ന് പിടിച്ചത്. പിടിക്കുകമാത്രമല്ല ഒന്നു നീട്ടി വലിക്കുക കൂടി ചെയ്തു.
‘ചെട്ട.. കടന്നുപൊക്കോളോ ബ്ട്ന്ന്...’ അമ്മാമ ലാസറപ്പന് ഒരു ആട്ടു വെച്ചുകൊടുത്തു.
‘കോച്ചുറോമ്വോ. തള്ളീല്ലാത്ത കുട്ട്യല്ലേ... നീയുന്തൂട്ടിനാ അദിന്റെ മെക്കട്ട് കയറണെ..’ പടിഞ്ഞാറേലെ പ്രസ്തീനേട്ത്താരു പറഞ്ഞപ്പോള്അമ്മാമ ഒന്നടങ്ങി. ലാസറപ്പന് അത് ഇത്ര വലിയ ഭൂകമ്പമുണ്ടാക്കുന്ന സാധനമാണെന്നറിയില്ലായിരുന്നു. അങ്ങനെയായിരുന്നെങ്കില് ലാസറപ്പന് അതിനു മുതിരില്ലായിരുന്നു.

മുമ്പ് പിണ്ടിപ്പെരുന്നാളിനു ഇളേപ്പന്കാപ്പരയ്ക്കല്നിന്നും കൊണ്ടു വന്ന ഓലപ്പടക്കത്തില്നിന്നുമൊരെണ്ണം ആരും കാണാതെ മാറ്റി വെച്ച്, പിറ്റേന്ന് കഞ്ഞിതിളപ്പിച്ചിരുന്ന അടുപ്പില്ഇട്ടതും ലാസറപ്പന്എന്തെങ്കിലും ഉണ്ടാവുമെന്ന് വിചാരിച്ചല്ല. ഭാഗ്യത്തിനു അന്ന് ഒന്നും സംഭവിച്ചില്ല., കഞ്ഞിക്കലം ഒരു ഭാഗം ചെരിഞ്ഞ് കഞ്ഞിമുഴുവന്അടുപ്പില്പോയതൊഴികെ. അന്ന് അമ്മാമ വരിക്കപ്ലാവിന്റെ ചുവട്ടില് കെട്ടി നിര്ത്തി കൌളി മടലുകൊണ്ട് രണ്ടു പൂശ്.. അപ്പാപ്പന് അടിയ്ക്കാന്വടിയുമായി പിന്നില്തന്നെ നിന്നിരുന്നതുകൊണ്ടായിരിക്കാം അമ്മാമയുടെ അന്നത്തെ അടിയ്ക്ക് നല്ല ചൂടുണ്ടായിരുന്നു. അന്ന് ലാസറപ്പന്കരഞ്ഞു. കരച്ചിലിന്റെ ശക്തി കുറേശ്ശേയായി കൂടിക്കൊണ്ടിരുന്നു.

‘മിണ്ടാണ്ടിരിക്കറ പിശാശേ..അദിനുമാത്രൊന്നും നെന്നെ തല്ലീട്ടില്ല ഞാന്..’ അമ്മാമ സമാധാനിപ്പിക്കാന്പറഞ്ഞു. പിന്നെ, എല്ലാം കഴിഞ്ഞ് മച്ചിന്റെ അകത്തു നിന്നും ഒരു ബെല്ലം എടുത്ത് രണ്ട് തേങ്ങാക്കൊത്തിന്റെ കൂടെ വെച്ച് ലാസറപ്പനു കൊടുത്തു. തേങ്ങയും ശര്ക്കരയും കൂട്ടിത്തിന്നുകയെന്നത് ലാസറപ്പന്റെ ഒരു ബലഹീനതയാണ്, ഓശാന ഞായറാഴ്ച കൊഴുക്കട്ടയുണ്ടാകുമ്പോള്മണം പിടിച്ച് എങ്ങനെയെങ്കിലും അടുക്കളഭാഗത്ത് ചുറ്റിക്കറങ്ങും.

‘ലാസറപ്പാ. നീയാ ഉമ്മറത്ത്ക്ക് ചെന്നിരുന്നോ ട്ടാ.. കൊഴ്ക്കട്ട ണ്ടാക്കണേന്റവടെ നെന്നെ കണ്ടാ അപ്പാപ്പന്‍ നെന്നെ പിടിച്ച ആ പട്ട്ലും കൂട്ടിലു കൊണ്ടീയീടുംന്ന് വിചാരിച്ചോ..‘
എങ്കിലും ലാസറപ്പന്അവിടെ തന്നെ കറങ്ങിനടക്കും.
‘ ആ ചെക്കനു ഇച്ചിരി തേങ്ങേരെ കൊടുത്തൂന്ന് വെച്ച്ട്ട് ഇബടെ ലോകൊന്നും ഇടിഞ്ഞ് വീഴാന്പോണില്ലെന്റെ കൊച്ചുറോമേട്ത്താരേ..അവന്ഇച്ചിരി കഴിച്ചോട്ടെ..’ കൊഴുക്കട്ടയുണ്ടാക്കാനായി സഹായത്തിനു വരുന്ന കിഴക്കേതിലെ കുഞ്ഞുമറിയേട്ത്തിയാര്ഇടയ്ക്ക് ഒരു ചെറിയ ഉരുള തേങ്ങയും ശര്ക്കരയും ഇട്ട് ഇളക്കിയത് ലാസറപ്പനു കൊടുക്കും.

ഇരുട്ട് സമയത്തെ ദഹിപ്പിക്കുന്നതറിയാതെ ലാസറപ്പന് ഇരുന്നു.

അമ്മാമയുടെ ഞെരക്കങ്ങള്ക്ക് കനം കുറഞ്ഞിരിക്കുന്നു.
ഇന്നു രാവിലെയാണ് അമ്മാമയ്ക്ക് അന്ത്യകൂദാശ കൊടുത്തത്. അന്ത്യകൂദാശയ്ക്ക് അച്ചന വന്നപ്പോള്അമ്മാമയ്ക്ക് നല്ല ഓര്മ്മയുണ്ടായിരുന്നു.

‘ചേട്ത്താര്ക്കെന്താ ചാവാന്പേടീണ്ടാ.. ?’ അച്ചന്വെറുതെ ചോദിച്ചു.
‘ന്തൂട്ട്നാ ഞാന്പേടിക്കണെ.. ന്നാലും ഈ ചെക്കനെ ഒരു വഴിക്കാക്കീട്ട് ചാവണം ന്ന് ണ്ടാര്ന്നു..ഔസേപ്പുണ്യാളന്ഒരു വഴികാണിച്ചുതരും ന്ന് വിചാരിക്ക്യ...’
അമ്മാമ കരയുകയാണ്. കണ്ണടച്ചുകിടന്ന്.. ലാസറപ്പന്റെ കണ്ണിലാണത് നിറഞ്ഞുകൂടുന്നത്.
ഒരു ഭാഗം തളര്ന്ന് കിടപ്പുതുടങ്ങിയിട്ട് ഇപ്പോള് ഒരു വര്ഷത്തോളമായി. ചാക്കുണ്ണി എളേപ്പനും എളേമ്മയുമാണ് അമ്മാമയെ നോക്കുന്നത്. രാത്രി കടപൂട്ടി വന്നിട്ട് ചാക്കുണ്ണി എളേപ്പന്ഒന്നു വന്ന് നോക്കിപ്പോയാലായി. എളേമ്മ ഒരൊഴുക്ക് കഞ്ഞ് ര്ള്ളം ഉച്ചക്കും രാത്രിയിലും കൊണ്ടു വന്ന് വെക്കും. ഉച്ചയ്ക്ക് എളേമ്മ രണ്ടുമൂന്നുസ്പൂണ്കോരിക്കൊടുത്താലതായി. രാത്രി ക്ലാസ് വിട്ടുവന്ന് ലാസറപ്പനാണ് അമ്മാമയെ കുളിപ്പിച്ച് വൃത്തിയാക്കി കിടത്തുന്നത്.
ഇന്നലെ രാത്രിയാണ് അമ്മാമ്മയുടെ ശ്വാസം മുട്ട് കൂടിയത്.വശങ്ങളിലേക്ക് തിരിയാന്പലപ്പോഴും വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു.

രാത്രി മുഴുവന്ലാസറപ്പന്തന്നെയാണ് കൂടെയിരുന്നു വീശിക്കൊടുത്തത്.
‘ നീയാ കോഴീനെ കൂട്ടിലാക്കീല്ലേ... ആ ചാത്തങ്കോഴീനെ അടുത്ത പെരുന്നാള്ക്ക് കൊല്ലണം ട്ടാ.. ആ പിശാശ് മോറന്പൂച്ച അവനെ നോട്ടട്ട് ണ്ട് .’ ശ്വാസം നീട്ടിവലിക്കുന്നതിനിടയിലും അമ്മാമ പറഞ്ഞുകൊണ്ടെയിരുന്നു.
ഏതു കോഴി.. എളേമ്മ കോഴിക്കുടുതന്നെ വെട്ടിക്കൂട്ടി അടുപ്പിലാക്കിയിട്ട് മാസം ആറായി.

അമ്മാമയുടെ ഞെരക്കം കേട്ടപ്പോള്‍ ലാസറപ്പന്‍ മെല്ലെ അമ്മാമയെ കിടത്തിയിരിക്കുന്ന ഇരുട്ടുകട്ടപിടിച്ച മുറിയിലേക്ക് നടന്നു.
മെഴുകുതിരി കത്തിച്ച് അമ്മാമയുടെ തലഭാഗത്തേക്ക് കാണിച്ചു. മെല്ലെ മെല്ലെ ശ്വാസം വിടുകയാണ്..
‘അമ്മാമേ..’
നെറ്റി ചുളിക്കുന്നുണ്ട്.
‘എന്താ വേണ്ടെ അമ്മാമേ..’
അമ്മാമ രണ്ടു വട്ടം മൂളി. കുറച്ച് നേരം പുറത്ത് കൊണ്ടിരുത്തുവാനാണ് ഈ മൂളല്‍. ചില ദിവസങ്ങളില്‍ ശ്വാസം മുട്ട് കൂടുമ്പോള്‍ അമ്മാമയ്ക്ക് പുറത്ത് ചെന്നിരിക്കണം. അപ്പോള്‍ ലാസറപ്പന്‍ അമ്മാമയെ മെല്ലെ രണ്ടുകൈകളിലും കോരിയെടുത്ത് പിന്നിലെ മുറ്റത്ത് കൊണ്ടുചെന്നിരുത്തും.
‘രാത്രിയായി അമ്മാമ്മേ.... വയ്യാത്തതല്ലേ..’
അമ്മാമ വീണ്ടും മൂളുകയാണ്.
ലാസറപ്പന്‍ അമ്മാമയെ മെല്ലെ എടുത്ത് പിന്നിലെ മുറ്റത്തേക്കിരുത്തി.തല മടിയില്‍ വെച്ചു.
ചാക്കുണ്ണി എളേപ്പന്‍ കണ്ടാല്‍ ചീത്തപറയും.
ചുണ്ടുകള്‍ വിളറിവെളുത്തിട്ടുണ്ട്. രണ്ടു മൂന്നുദിവസമായി ഇങ്ങനെ ചുണ്ടു വിളര്‍ത്തുവരാന്‍ തുടങ്ങിയിട്ട്.
അമ്മാമ ലാസറപ്പന്റെ മുഖത്തേക്ക് നോക്കി കിടക്കുകയാണ്.
‘എന്താ അമ്മാമേ.. ഇപ്പോ സുഖണ്ടാ.. ? ‘
അമ്മാമ ഒന്ന് മൂളി.
ലാസറപ്പനു പെട്ടന്നാണത് ഓര്‍മ്മ വന്നത്.
‘അമ്മാമേ.. ആ ഫോട്ടോ എവിട്യാ വെച്ചേന്ന് ഓര്‍മ്മീണ്ടാ ? ‘
അമ്മാമ ഇമവെട്ടാ‍തെ ലാസറപ്പനെ നോക്കി കിടന്നു.
‘അപ്പന്റെം അമ്മേരെം ഫോട്ടം എവിട്യാ വെച്ചത് ന്ന് അമ്മാമയ്ക് ഓര്‍മ്മ വരുന്നുണ്ടാ .. ?..’ ലാസറപ്പന്‍ പിന്നെയും ചോദിച്ചു.
അമ്മാമയുടെ കണ്ണുകളില്‍ നക്ഷത്രങ്ങള്‍ മിന്നി.
മൌനത്തിന്റെ ഇടനാഴികകളിലെപ്പോഴോ കൈകളില്‍ തണുപ്പ് പടര്‍ന്നു തുടങിയതറിയാതെ ലാസറപ്പന്‍ നക്ഷത്രങ്ങളുടെ നിറത്തെക്കുറിച്ച് ആലോച്ചിച്ചുകൊണ്ടിരുന്നു.

20 comments:

Dinkan-ഡിങ്കന്‍ said...

ഇതിനെയാണ് "Welcome back with wrestler's power" എന്ന് പറയുന്നത്.

ഈ സീരിസിലെ ഏറ്റവും നല്ലത് ഇതായിരിക്കട്ടെ

വല്യമ്മായി said...

മറഞ്ഞ് പോയ ഒരുപാട് മുഖങ്ങള്‍ മനസ്സില്‍ നക്ഷത്രങ്ങളായി തെളിയിച്ച എഴുത്ത്.കണ്ണ് നിറയിച്ചു.

തറവാടി said...

കുന്നംകുളത്തേയും തൃശ്ശൂരിന്‍‌റ്റേയും പഴമകള്‍. good one.

nandakumar said...

നാട്ടുഭാഷയില്‍ വിരിഞ്ഞ നാലുമണിപ്പൂക്കള്‍.. നന്നായിരിക്കുന്നു. ബ്ലോഗില്‍ അപൂര്‍വ്വമായി വായിക്കാന്‍ കഴിയുന്ന നല്ലൊരു കഥ.

തോന്ന്യാസി said...

മനോഹരമായിരിയ്ക്കുന്നു...

കഥ കമന്റുകള്‍ക്കതീതം.....

കുഞ്ഞന്‍ said...

മേനോന്‍ മാഷെ..

കഥ അസ്സലായിട്ടുണ്ട്. അമ്മൂമ്മസ്നേഹം വരികളില്‍ തെളിച്ചമായി കാണാം. ശുദ്ധ നാടന്‍ ഭാഷപ്രയോഗങ്ങള്‍,നന്ദി മാഷെ ഈ തിരിച്ചുവരവിന്

ശ്രീ said...

നല്ല കഥ, മേനോന്‍ ചേട്ടാ...

yousufpa said...

അപ്പൊ ഉമ്പടെ നാട്ടാരെ കുറിച്ചൊരു കഥേണ്ടെഴുതീല്ലേ.കിണ്ണന്‍ കാഛി ആ‍യിട്ട്‌ണ്ട്.

അതേയ് ഈ വരുന്ന വെളളി ഞെങ്ങള് ദുബായ്ക്കാര്‌ടെ ബ്ലോഗ് മീറ്റ്ണ്ട് കൂട്ണൊ?.

മുസാഫിര്‍ said...

അപ്പോ നാട്ടില്‍ പോയി കാര്യങ്ങള്‍ ഒക്കെ ഒരു വിധം സെറ്റില്‍ ആയി അല്ലെ മേന്‍‌നെ,അല്ലെങ്കില്‍ എങ്ങനെയാണ് കുത്തിയിരുന്ന് ഇതു പോ‍ലെ മനോഹരമായ ഒരു കഥയെഴുതുക?

ഉപാസന || Upasana said...

‘അപ്പന്റെം അമ്മേരെം ഫോട്ടം എവിട്യാ വെച്ചത് ന്ന് അമ്മാമയ്ക് ഓര്‍മ്മ വരുന്നുണ്ടാ .. ?..’ ലാസറപ്പന്‍ പിന്നെയും ചോദിച്ചു.
അമ്മാമയുടെ കണ്ണുകളില്‍ നക്ഷത്രങ്ങള്‍ മിന്നി.
മൌനത്തിന്റെ ഇടനാഴികകളിലെപ്പോഴോ കൈകളില്‍ തണുപ്പ് പടര്‍ന്നു തുടങിയതറിയാതെ ലാസറപ്പന്‍ നക്ഷത്രങ്ങളുടെ നിറത്തെക്കുറിച്ച് ആലോച്ചിച്ചുകൊണ്ടിരുന്നു.


കുട്ടന്‍ മേന്‌നെ കുറച്ച് നാള്‍ മുമ്പ് ചവിട്ട് നാടകത്തെപ്പറ്റി ഒരു കഥ എഴുതിയിരുന്നത് ഓര്‍ക്കുന്നു. എനിക്ക് വളരെ ഇഷ്ടമായ ഒന്നാണത്. ആ റേഞ്ചില്‍ നില്‍ക്കുന്ന ഒരു കഥ കൂടെ.
സംഭാഷണങ്ങള്‍ കുരിയച്ചിറക്കാരിയെ ഓര്‍മിക്കാന്‍ ഇടവരുത്തി.
:-)
ഉപാസന

asdfasdf asfdasdf said...

സമയക്കുറവുകൊണ്ടാണ് എഴുത്ത് വൈകുന്നത്. പഴയതുപോലെ ബ്ലോഗ് വായനയും കുറഞ്ഞു.
കുരിയച്ചിറക്കാരിയെ ഓര്മ്മവന്നതില് തെറ്റില്ല. പൊലിപ്പിച്ച വാക്കുകള്ക്കതീതമായി അതിജീവനത്തിന്റെ ആര്ജ്ജവമുള്ക്കൊള്ളുന്ന കഥകളെ ഒഴിപ്പിച്ചുനിര്ത്താന് മലയാളി വായനക്കാര്ക്കാവില്ലല്ലോ. വായിച്ചഭിപ്രായം രേഖപ്പെടുത്തിയവര്ക്കെല്ലാം നന്ദി.
സമയം പോലെ ഇനിയും വരാം.

Sathees Makkoth | Asha Revamma said...

നല്ല എഴുത്ത്. അമ്മാമയും ലാസറപ്പനും മനസ്സിൽ തങ്ങിനിൽക്കുന്നു.

Kaithamullu said...

ഈ വഴി വരാന്‍ വൈകി, മേന്‍‌ന്നേ!

നല്ല ഒരു കഥ.
മാന്ദ്യം തീര്‍ന്നുള്ള തിരിച്ച് വരവിന് ഒരുപാടൊരുപാട്
അഭിനന്ദനംസ്......

വിനുവേട്ടന്‍ said...

മേന്‌ന്നേ... എന്താ ഈ വഴിക്കൊന്നും കാണാത്തതെന്ന് വിചാരിച്ചിരിക്കുമ്പോഴാണ്‌ ഇവിടെ എത്തിപ്പെട്ടത്‌ ... നല്ല കഥകള്‍... നല്ല നാടന്‍ കഥകള്‍ ഇനിയും പോരട്ടെ... ഇപ്പോള്‍ എവിടെയാണ്‌? ഗുരുവായൂരോ അതോ മുംബൈയിലോ?

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ കഥ എല്ലാവരും വായിക്കുന്ന പ്രസിദ്ധീകരണങ്ങളിലേക്കു അയച്ചുകൊടുക്കണം ഭായി.....ഉഗ്രനായിരിക്കുന്നൂ!

Sureshkumar Punjhayil said...

Valare nannayirikkunnu. Ishttamayi...!

Ashamsakal...!!!!

തൃശൂര്‍കാരന്‍ ..... said...

ഈ വഴി വരാന്‍ വൈകി, ഈ കഥ വളരെ ഇഷ്ടപ്പെട്ടു.

Unknown said...

കഥ കെങ്കേമം. മെനോൻ ചേട്ടന്റെ ആ തൃശ്ശൂർ കുന്ദംകുളം ഭാഷ മനൊഹരം. അഭിനന്ദനങ്ങൾ!

Neo said...

Valare nannayirikkunnu..akannu poya mathrusnehavum..ippol akalunna muthashiyude snehhavum...

Sunil said...

good