Sunday, April 20, 2008

ദി ഡെസ്പെയര്‍

നിറം മങ്ങിയ തുവര്‍ത്തുമുണ്ടുകൊണ്ട് മുഖവം ചെവിയും മറച്ച് അസഹ്യമായ ശബ്ദ കോലാഹലത്തെ വിദൂരതയിലാക്കാനുള്ള എന്റെ ശ്രമം പരാജയപ്പെടുന്നതിന്റെ അസ്കിതയില്‍ അടുത്തിരുന്നു കൂര്‍ക്കം വലിക്കുന്നവരുടെ കെട്ട മണം അരോചകമായി തോന്നിയില്ല. ദീര്‍ഘയാത്രകള്‍ പലപ്പോഴും ഇങ്ങനെയാണ്. സമയം തെറ്റി വന്നാല്‍ ക്യാമ്പിലേക്ക് പോവുന്നത് ബുദ്ധിമുട്ടാണ്. നഗരത്തില്‍ നിന്നും ഏറെ മാറിക്കിടക്കുന്ന ക്യാമ്പിലേക്ക് അവസാനത്തെ ബസ് രാത്രി പതിനൊന്നിനായിരുന്നു. തലേന്ന് ജോലിയെല്ലാം കഴിഞ്ഞ് യാത്രതിരിക്കുമ്പോള്‍ വൈകിയതുകൊണ്ടുമാത്രമാണ് ഇരുളടഞ്ഞ ഈ ബസ്റ്റാന്റിലിരുന്ന് ഉറക്കം തൂങ്ങേണ്ടി വന്നത്. അല്ലെങ്കിലും രാത്രിമുഴുവന്‍ യാത്രചെയ്ത് പുലര്‍ച്ച ലക്ഷ്യസ്ഥാനത്തെത്തുകയെന്നത് എനിക്ക് ഇഷ്ടമുള്ളകാര്യമാണ്. ഹൈവേയിലെ ഇരുട്ടില്‍ കുതിക്കുന്ന ട്രാന്‍സ്പോര്‍ട്ട് ബസ്സിലെ സൈഡ് സീറ്റിലിരുന്ന് വരിവരിയായി നില്‍ക്കുന്ന വെളിച്ചം തൂവുന്ന വിളക്കുകാലുകളെ ഒന്നൊന്നായി കീഴടക്കിയുള്ള യാത്രകള്‍ ഒരിക്കലും മടുപ്പുളവാക്കിയിട്ടില്ല.

ഇനി ഇന്ന് ഉറക്കം നടക്കില്ല. എന്തിങ്കിലും വായിക്കണമെന്ന് തോന്നുന്നത് അപ്പോഴാണ്.

രണ്ടാഴ്ചയായി ബാഗില്‍ സൂക്ഷിച്ചിരുന്ന വ്ലാഡിമിര്‍ നബോക്കോവിന്റെ
'ദി ഡെസ്പയര്‍' .പുസ്തകക്കടക്കാരന്‍ ബെസ്റ്റ് സെല്ലറെന്ന് പല തവണ പറഞ്ഞതുകൊണ്ടുമാത്രമാണ് വാങ്ങിയത്. ദസ്തോവ്സ്കിയുടെ ഒരു പുസ്തകമന്വേഷിച്ചാണ് അന്ന് പുസ്തകക്കടയില്‍ കയറിയത്. അതില്ലാതെ മടങ്ങിയപ്പോഴാണ് കടക്കാരന്‍ ഒരു 'ഡെസ്പയറു'മായി മുന്നില്‍ വന്നു നിന്നത്. നബോക്കോവിന്റെ പുസ്തകങ്ങള്‍ മുമ്പ് വായിച്ചിട്ടില്ല. ആദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും രസകരമായ ചില വ്യാഖ്യാനങ്ങളിലൂടെ കഥ പറയുന്ന ശൈലിയിലുള്ള നോവലെന്നൊക്കെയുള്ള കടക്കാരന്റെ വാക്കുകളിലെ ആത്മവിശ്വാസമൊന്നുമാത്രമാണ് അഞ്ഞൂറുരൂപ മുടക്കി ഈ പുസ്തകം വാങ്ങിക്കാന്‍ എന്നെ നിര്‍ബന്ധിച്ചത്.

ഉറക്കം കണ്ണുകളില്‍ ‍ അലയടിച്ചുതുടങ്ങിയപ്പോള്‍ മാത്രമാണ് ഞാനത് ശ്രദ്ധിച്ചത്.

സ്റ്റേഷനിലെ സജീവമായ ചായക്കടയുടെ അരികുപറ്റി ഒരു സ്ത്രീരൂപം. തൊട്ടടുത്ത ബുക്സ്റ്റാളിന്റെ തുണ്ടു മഞ്ഞവെളിച്ചത്തില്‍ അവളുടെ മുഖം വ്യക്തമാണ്. മുപ്പതോടടുത്ത പ്രായം. പ്രസരിപ്പുള്ള മുഖം. ആരെയോ കാത്തു നില്‍ക്കുകയാണ്.
എവിടെയോ കണ്ടുമറന്ന മുഖം.
ഓര്‍ത്തെടുക്കാനൊരു ശ്രമം നടത്തി.
ഇല്ല
വെറുതെ തോന്നുന്നതായിരിക്കും.
വീണ്ടും 'ഡെസ്പയറി'ലേക്കു ... വരികള്‍ നീണ്ടു നിവര്‍ന്നു കിടന്നു..

* * * * * *

മണ്ണുത്തി ബൈപ്പാസിലെ മൂന്നാം നമ്പര്‍ റോഡരുകിലെ പെട്ടിക്കടയ്കരികിലിരുന്ന് രവി തലയിണയായി വെച്ചിരുന്ന ഡിക്റ്ററ്റീവ് നോവലുകളെടുത്ത് ബാഗിലാക്കി.മൂരി നിവര്‍ന്നെഴുന്നേറ്റ് പെട്ടിക്കടയുടെ മുന്നിലേക്ക് വേച്ചുവേച്ച് നടന്നു. സന്ധികളിലും ഞെരമ്പുകളിലും വേദന ഒഴുകി നടന്നു.
പെട്ടന്നാണ് രവിയതോര്‍ത്തത് .
മെയ് ഇരുപതിനു ലോകാവസാനമാണ്. ഇനി അധികം ദിവസങ്ങളില്ല. ആയിരക്കണക്കായ ജനങ്ങള്‍ ഇതൊന്നുമറിയാതെ, അറിയണമെന്ന ആഗ്രഹമില്ലാതെ റോഡിലൂടെ നടന്നു നീങ്ങുന്നു.
രവി പറഞ്ഞു തുടങ്ങി
ഉച്ചത്തില്‍ ..
'ലോകാവസാനം അടുത്തിരിക്കുന്നു. എല്ലാവരും ജാഗരൂകരായിരിക്കുവിന്‍. ലോകം നമ്മെ എടുക്കുന്നതിനു മുമ്പ് നമുക്കൊരുമിച്ച് മരിക്കാം...'
പിന്നെ തോളില്‍ തൂക്കിയിട്ടിരുന്ന ബാഗില്‍ നിന്നും ഒരു റിവോള്‍വര് ‍ എടുത്തു.
ആകാശത്തേക്ക് കൈകളുയര്‍ത്തി
'വരുവിന്‍ നമുക്കൊരുമിച്ച് മരിക്കാം...'
'ദെവിടന്നാണ്ടാ നിനക്ക് ഈ തോക്ക് കിട്ടീത് ?' പെട്ടിക്കടയിലെ ജോസപ്പേട്ടന്‍ രവിയോട് ചോദിച്ചു.
'ഇത് അവന്‍ തന്നതാണ്..'
'ആര് ?'
'....'
'നെനക്ക് സാധാരണ സന്ധ്യക്കാണല്ലോ ഇളകാറ് പതിവ്. ഇന്ന് കാലത്തന്നെ തൊടങ്ങീണ്ടല്ലോ..'
'അണികളേ ഭയപ്പെടാതിരിക്കുവിന്‍.. ആസന്നമായിരിക്കുന്ന ലോകാവസാനത്തെ മൃത്യുകൊണ്ട് കീഴടക്കുവിന്‍...' രവി തുടര്‍ന്നുകൊണ്ടേയിരുന്നു

* * * * * * * * * * * *

ജീവിതത്തില്‍ നല്ല ദിവസങ്ങളും ചീത്ത ദിവസങ്ങളുമുണ്ടെന്ന് പറയുന്നത് വെറുതെയാണെന്നായിരുന്നു ഇതുവരെ തോന്നിയിരുന്നതു ... ഇത്രയും കാലത്തെ സര്‍വ്വീസ് ജീവിതത്തിനിടയ്ക്ക് ഇങ്ങനെയിദാദ്യം. ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഈ ലോക്കപ്പ് മുറിയ്ക്ക് നട്ടുച്ചയ്ക്കും മനം മടുപ്പിക്കുന്ന ഗന്ധം.
ഒരു ഷെഡ്ഢി മാത്രമിട്ട് നീണ്ടു നിവര്‍ന്നുകിടക്കുന്ന രവിയെ ഇനിയും തൊഴിക്കണമെന്ന് തോന്നി.
മൂക്കില്‍ നിന്നും ചെറുതായി ചോരകിനിയുന്നുണ്ട്.
അവനതു വേണം.
നായിന്റെ മോന്‍..
എന്തു ചോദിച്ചിട്ടും ഒന്നും വിട്ടു പറയുന്നില്ല. ദ്വേഷ്യം മുഴുവന്‍ അവന്റെ നാഭിയിലും മൂക്കിലും തീര്‍ത്തതാണ്. എന്തൊരു നാറ്റമാണിവനെ.. കഞ്ചാവിനു ഇത്ര വൃത്തികെട്ട മണം മുമ്പനുഭവിച്ചിട്ടില്ല.
മോണിങ് ഡ്യൂട്ടിക്ക് പോരാനായി ബസ്റ്റോപ്പില് ‍ നിന്നിരുന്ന ആ പോലീസുകാരന്‍ രവിയുടെ സാഹസികത കണ്ട് സ്റ്റേഷനിലറിയിച്ചിരുന്നില്ലെങ്കില്‍.... രവിയുടെ കൈവശമുണ്ടായിരുന്ന റിവോള്‍വര്‍ സര്‍വ്വീസ് റിവോള്‍വറാണെന്ന് മനസ്സിലായത് സ്റ്റേഷനില്‍ കൊണ്ടുവന്നതിനു ശേഷം മാത്രമായിരുന്നു.
പുലര്‍ച്ച മുതല്‍ ബാഗിനു വേണ്ടിയുള്ള നെട്ടോട്ടമായിരുന്നു..
ബാഗിലെ അയ്യായിരം രൂപയായിരുന്നില്ല പ്രശ്നം. അതിലെ സര്‍വ്വീസ് റിവോള്‍വറും മുപ്പത്തഞ്ചു തിരകളുമായിരുന്നു. അതും ഒരു എസ്.ഐ യുടെ ബാഗ്. ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡിലിരുന്ന് ഉറങ്ങിയതുകൊണ്ടാണിതൊക്കെ സംഭവിച്ചത്. മാധ്യമങ്ങളറിഞ്ഞാല്‍ പണി പോയതു തന്നെ
സ്ഥലം സി.ഐ. സോജന്‍ മാത്യു പഴയ ഒരു സഹപാഠിയായിരുന്നതുകൊണ്ട് വാര്‍ത്ത പുറത്തു പോയില്ല.
എനിക്കറിയേണ്ടത് മറ്റൊന്നുമല്ല.
ലോഡ് ചെയ്ത റിവോള്‍വറിലെ ആ ഒരു തിര എവിടെ ?
ബാഗിലുണ്ടായിരുന്ന പൈസയും ബാക്കി തിരകളും എല്ലാം എല്ലാം യഥാസ്ഥാനത്തു തന്നെയുണ്ടായിരുന്നു. എന്നിട്ടും ആ ഒരു തിര ..

* * * * * *

ട്രെയിനിങ്ങിന്റെ രണ്ടാം ദിവസം രാത്രി.

വൈകി ക്വാര്‍ട്ടേഴ്സിലിരുന്നു രണ്ടാമത്തെ പെഗ് സിരകളെ മോഹിപ്പിച്ച് നാവിലൂടെയിറങ്ങുമ്പോഴായിരുന്നു സോജനതു തന്നത്.
ഒരു കവര്‍
'സീ .. ഇന്നലെ ചെട്ടിയങ്ങാടിയിലെ ഒരു കടയുടെ പിന്നില്‍ നിന്ന് കിട്ടിയ ആ ബോഡിയുടെ ഫോട്ടോസാണ്..'
'ഞാനിന്ന് പത്രം നോക്കിയില്ല..'
'ഇന്നലെ വൈകീട്ടാണ് ബോഡി കിട്ടിയത്. ആരോ വെടിവെച്ചിട്ടതായിരുന്നു. ബോഡി തിരിച്ചറിഞ്ഞിട്ടില്ല.. ഒറ്റ ഷോട്ടിനു സംഭവം ക്ലോസ്. മനുഷ്യന്റെ മര്‍മ്മസ്ഥാനങ്ങള്‍ ശരിക്കുമറിയുന്ന കൊലപാതകിയാണെന്ന് തോന്നുന്നു. അല്ലെങ്കില്‍ ഇത്ര കൃത്യമായി ഒരൊറ്റ ബുള്ളറ്റുകൊണ്ട് ...'
ആദ്യ ഫോട്ടോ..
ഈ മുഖം നല്ല പരിചയം.
ആ സ്ത്രീ തന്നെ..
ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡിലെ നുറുങ്ങുവെട്ടത്തില്‍ കണ്ട അതേ മുഖം.
അടുത്ത ഫോട്ടോ..
'ഇതിലെ ബുള്ളറ്റ് ശ്രദ്ധിച്ചോ ? നമ്മുടെ ലാമ പിസ്റ്റലില്‍ ഉപയോഗിക്കുന്ന അതേ സൈസ്..'
ഗ്ലാസ് കാലിയാക്കി അടുത്ത പെഗൊഴിക്കുന്നതിനു മുന്‍പ് സോജന്‍ പറഞ്ഞു.
ചൂരല്‍ക്കസാരയിലേക്ക് ഞാന്‍ ചാഞ്ഞ് ഇരുന്നു.
സോജന്‍ മറ്റെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. മൂന്നാമത്തെ പെഗ് സിരകളിലൂടെ ഒഴുകിയിറങ്ങുമ്പോള്‍ ‍ 'ദി ഡെസ്പയറി'ലെ ഹെര്‍മ്മനെപ്പറ്റി ഓര്‍ക്കുകയായിരുന്നു. ഞാന്‍....ഒളിവിലിരുന്നു ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കുന്ന ഡയറിക്കുറിപ്പുകള്‍ തയ്യാറാക്കിക്കൊണ്ടിരുന്നിരുന്ന ഹെര്‍മ്മനെപറ്റിമാത്രം....

ഇനി നിങ്ങളുടെ ഊഴമാണ്.
സമയം കളയണ്ട. വ്യാഖ്യാനങ്ങള്‍ തുടങ്ങിക്കോളൂ..

17 comments:

കുട്ടന്‍മേനൊന്‍ said...

ഡയറിക്കുറിപ്പുകള്‍ തയ്യാറാക്കിക്കൊണ്ടിരുന്നിരുന്ന ഹെര്‍മ്മനെപറ്റിമാത്രം......

kaithamullu : കൈതമുള്ള് said...

തകര്‍ത്തൂ, മേന്‍‌ന്നേ!

വിശദമായി പിന്നെ എഴുതാം. ഏറെ തിരക്കുള്ള ഒരു ദിവസായിരുന്നൂ, ഇന്ന്.

:: VM :: said...

മാഷാ അള്ളാ..
35 ആമത്തെ ബുള്ളറ്റുംകണ്ടെത്തിയലോ.. സമാധാനം..

കഥയുടെ പേരു മാറ്റി ഡേസ്പരേറ്റ് എന്നാക്കാന്‍ അപേക്ഷ ;) ബു ഹഹ്ഹഹ്!

അഗ്രജന്‍ said...

ന്‍റെ റബ്ബേ...!

അയിലിനി ബുള്ളറ്റ് ബാക്കിണ്ടെങ്കി... ഒരെണ്ണം... ദേ... ഇങ്ങട്ട് :)


എന്തായാലും എഴുത്ത് ശരിക്കും രസിച്ചു... വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു മേന്ന്നേ

കുഞ്ഞന്‍ said...

പാവം രവി..!

തണല്‍ said...

പച്ചക്കുതിരയിലാദ്യം.
നാട്ടില്‍ വച്ച് ഇടക്കിടക്കു വായിച്ചിരുന്ന ആ പച്ചക്കുതിര ആണൊന്നറിയാന്‍ കയറിയതാ.നഷ്ടമയില്ലാ.

കുട്ടന്‍മേനൊന്‍ said...

തണല്‍,
ഇതിനു ഡി.സി.ബുക്സ് പ്രസിദ്ധീകരിക്കുന്ന പച്ചക്കുതിര മാസികയുമായി യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കുന്നു.

ഈ ബ്ലോഗിന്റെ പേരുമാറ്റണമെന്ന അഭ്യര്‍ത്ഥനയുമായി ആ മാഗസിന്റെ എഡിറ്റര്‍ മുന്‍പ് കത്തയച്ചിരുന്നു.
ബ്ലോഗ് വേറെ മാസിക വേറെ എന്നേ എനിക്കതേക്കുറിച്ച് പറയാനുള്ളൂ.

ശ്രീവല്ലഭന്‍. said...

നല്ല കഥ.....ഇഷ്ടപ്പെട്ടു. :-)

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ജിവിത യഥാര്‍ഥ്യങ്ങളെ തൊട്ടു തലോടി കടന്നു പോകുന്ന കഥാപാത്രങ്ങള്‍ എന്തൊക്കെയോ വേദനകള്‍ ബാക്കി വയ്ക്കുന്നതു പോലെ

തോന്ന്യാസി said...

കഥകള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന മേനോനെപറ്റിമാത്രം.......

ആ പേരൊന്നും മാറ്റാന്‍ നില്ക്കണ്ട അവര് ബ്ലോഗ് തുടങ്ങുന്നെങ്കില്‍ വേറെ പേരില്‍ തുടങ്ങട്ടെന്നേ.....ഹല്ല പിന്നെ

ഇത്തിരിവെട്ടം said...

കോള്ളാം മേനോനേ... (കൊല്ലാം എന്ന് വായിക്കരുത്...)

കിനാവ് said...

ഒരു ഡമ്മികിട്ടിയിരുന്നെങ്കില്‍...ഇതൊന്നു തെളിയിക്കാമായിരുന്നൂ...

കുറുമാന്‍ said...

എഴുത്തിന്റെ ശൈലി വേറിട്ട് നില്‍ക്കുന്നു മേന്നെ, രസമാ‍ായി വായിച്ചു വന്നു. പക്ഷെ, അവസാനം എനിക്ക് ശരിക്കും ഓടിയില്ല. (അതിനുള്ള വൈറ്റമിന്‍ ന്റെ തലയില്ലാത്തത് കൊണ്ടാണെന്ന് മാത്രം).

വ്യാഖ്യാനിക്കുന്നവര്‍ ഒക്കെ ഒന്ന് വ്യാഖ്യാനിച്ചിട്ട് വേണം രണ്ടാമതൊന്ന് വായിക്കാന്‍.

ഉപാസന | Upasana said...

menone
kathha nannayi
oru split personality effect
:-)

പുടയൂര്‍ said...

മാഷേ.. കൊള്ളാം.. നല്ല ശൈലിയാ മഷേ നിങ്ങടേത്. പതിവു ബ്ലോഗ് സാഹിത്യങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്ഥം

കുട്ടന്‍മേനൊന്‍ said...

സത്യത്തില്‍ ഇതൊരു സംഭവമാണ്. കുറച്ച് ദിവസം മുമ്പ് മനോരമ ന്യൂസില്‍ വന്നത്. വ്ലാദിമിറിന്റെ നോവലിലെ സ്പ്ലിറ്റ് പേഴ്സനാലിറ്റിയുമായി ഇതിനൊരു സാമ്യം കാണാന്‍ ശ്രമിച്ചു. അത്രമാത്രം. അഭിപ്രായങ്ങള്‍ക്കെല്ലാം നന്ദി.

താരകം said...

യഥാര്‍ത്ഥ സംഭവമോ ? കഥ മാത്രമായിരിക്കുമെന്ന് ആശ്വസിച്ചിരിക്കയായിരുന്നു