Thursday, October 05, 2006

നിറയെ പൂമരങ്ങളുള്ള വീട്.

വേഗത കുറയ്ക്കാനായി ഞാന്‍ കാര്‍ മൂന്നാം ഗീയറിലേക്ക് മാറ്റി. നഗരത്തിന്റെ അതിര്‍ത്തികള്‍ കഴിഞ്ഞിരിക്കുന്നു. കയറ്റങ്ങളും ഇറക്കങ്ങളും തണല്‍ത്തുണ്ടുകളും നിറഞ്ഞ വഴി. വയല്‍ക്കാഴ്ച്ചകള്‍. നീരൊഴുക്ക്. നിശബ്ദതതയോട് വിശേഷം ചോദിക്കുന്ന കാറ്റ്. എപ്പോഴെങ്കിലും ഇതിലൂടെയെല്ലാം ഇങ്ങനെ നീങ്ങിപ്പോകുന്നത് ഒരു രസമാണ്. ചരിത്രപ്രാധാന്യമോ പ്രകൃതിസൌന്ദര്യമോ ഇല്ലാത്തിടത്തുള്ള ഒരു രസം. ബാല്യത്തിന്റെ നീരൊഴുക്കിലേക്ക് പോകുന്നതുപോലെ.

ഞാന്‍ സാവകാശം കാറോടിക്കുകയാണ്.

പത്തു ദിവസത്തെ കുറുക്കിക്കിട്ടിയ ലീവ് തീരാന്‍ അഞ്ചു ദിവസം കൂടി മാത്രമുള്ളപ്പോളായിരുന്നു തികച്ചും അപ്രതീക്ഷിതമായി രാമചന്ദ്രന്റെ ഫോണ്‍ വരുന്നത്. ടെലിഫോണ്‍ ഡയറക്ടറിയില്‍ ഏറെ നേരത്തെ ശ്രമഫലമായി കിട്ടിയതാണ് എന്റെ നമ്പറെന്ന് പറഞ്ഞാണ് തുടങ്ങിയത്. ഇത്തവണ കാണാതെ പോകരുതെന്ന അഭ്യര്‍ത്ഥനക്കു മുന്‍പില്‍ എനിക്ക് വഴങ്ങേണ്ടി വന്നു. വീട്ടിലേക്ക് വരേണ്ട വഴികളെക്കുറിച്ച് ഒരു ഏകദേശ ധാരണയും തന്നു. രാജീവിന്റെ സൌഹൃദവലയത്തിലെ മറ്റൊരു കണ്ണിയായിരുന്നു എന്നെപ്പോലെ രാമചന്ദ്രനും. ഏറെക്കാലമായി രാമചന്ദ്രനെ കണ്ടിട്ട്. അല്ലെങ്കിലും രാമചന്ദ്രനോടായിരുന്നില്ലല്ലോ എനിക്ക് കൂടുതല്‍ അടുപ്പം.

ആട്ടൊകാഡില്‍ പ്രത്യേക വൈദഗ്ദ്യം നേടിയ രാജീവിന്റെ കമ്പ്യൂട്ടറിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാനായിരുന്നു ആദ്യമായി രാജീവുമായി എനിക്ക് സന്ധിക്കേണ്ടി വന്നത്. ആത്മവിശ്വാസത്തിന്റെ ആദ്യപാഠങ്ങള്‍ എന്നെ പഠിപ്പിച്ചത് രാജീവായിരുന്നു. അതുതന്നെയായിരുന്നു ഞങ്ങളെ തമ്മിലടുപ്പിച്ചതും പല പ്രോജക്റ്റുകളിലും സഹകാരികളാക്കിയതും.

കട്ടന്‍ ചായയുടെയും ബെക്കാര്‍ഡിയുടെയുമെല്ലാം ശാക്തീകരണത്തില്‍ ക്ലൈവ് ഈഗള്‍ട്ടനും ജാനറ്റ് വിന്റേഴ്സനുമെല്ലാം കയറിയിറങ്ങിയ യാമങ്ങളില്‍ രാജീവിന് പ്രോജക്റ്റുകളുടെ തിരക്കായിരുന്നു. അതിലൊന്നു തന്റെ സ്വന്തം സ്വപ്നപ്രോജക്റ്റു തന്നെയായിരുന്നു.
സ്വന്തമായി ഒരു പുതിയ വീട്. തറവാടു വകയില്‍ സ്ഥലം ഉണ്ട്. മൂന്നു അറ്റാച്ച്ഡ് ബെഡ് റൂം, ഒരു ലിവിങ്, ഒരു കിച്ചണ്‍, കാര്‍പോര്‍ച്ച്, സിറ്റൌട്ട് എന്നിവയുള്ള വീട്. വീടിന്റെ സിറ്റൌട്ട് പഴയ തറവാടിന്റെ കരിവീട്ടിയില്‍ പണിത ചാരുകള്‍ പിടിപ്പിക്കണം. സിറ്റൌട്ടില്‍ അച്ഛനുപയോഗിച്ചിരുന്ന് ചാരുകസേര. വീടിന് മുന്നില്‍ നിറയെ പൂമരങ്ങള്‍. പിന്നൊരു മുത്തുക്കുടിയന്‍ മാവ് അതിലൊരു ഊഞ്ഞാല്‍.
ഏറെ കഷ്ടപ്പെട്ട് 3 ഡി മാക്സിലും ഫോട്ടൊഷോപ്പിലുമായി പൂര്‍ത്തിയാക്കിയ പ്രോജക്റ്റ് വളരെ മനോഹരമായി എനിക്ക് തോന്നി. നഗരത്തിലെ മള്‍ട്ടിപ്ലെക്സ് കോപ്ലക്സിന്റെ പ്രോജക്റ്റിനിടയിലെ സമയം കൊണ്ടാണ് രാജീവത് പൂര്‍ത്തിയാക്കിയത്. അതുകൊണ്ടു തന്നെ രാധികയുടെ പ്രപോസല്‍ വന്നപ്പൊള്‍ രാമചന്ദ്രന്‍ തന്നെ വേണ്ടിവന്നു അതെന്നൊട് പറയാനും രാജീവിനെക്കൊണ്ടൊരു സമ്മതപത്രം വാങ്ങിപ്പിക്കാനും.

ഒരു മഴക്കാലത്തിന്റെ അവസാന നാളുകളിലൊന്നില്‍ രാജീവ് രാധികയുമായി ഫ്ലൈറ്റിറങ്ങിവന്നത് എന്റെ ബാചിലേഴ്സ് ഫ്ലാറ്റിലേക്ക്. നെറ്റിയില്‍ കുങ്കുമവും കവിളിലൊരു മറുകും ചന്ദനത്തിന്റെ ഗന്ധവുമുള്ള രാധിക, രാജിവിന് നല്ല ചേര്‍ച്ചയാണെന്ന് മനസ്സിലുറപ്പിച്ചു. രാത്രി ഏറെ വൈകിയാണ് രാമചന്ദ്രന്‍ അന്ന് ഒരു റൂം സംഘടിപ്പിച്ചത്. നന്ദിവാക്കിന്റെ ഔപചാരികതകള്‍ രാജീവിനില്ലെങ്കിലും രാധികയുടെ നിര്‍ബന്ധത്തിന് വഴങ്ങി രാമചന്ദ്രനോടന്ന് താങ്ക്സ്’ പറയേണ്ടി വന്നു. പിന്നീട് നിസാരമായ ഒരു പ്രശ്നത്തിന്റെ പേരില്‍ രാജീവുമായി രാമചന്ദ്രന്‍ തെറ്റിപ്പിരിഞ്ഞത് ഞാന് മനസ്സിലാക്കുമ്പോള്‍ ഏറെ വൈകിയിരുന്നു. അവര്‍ ഏറെ അകന്നുമിരുന്നു.

ഒരു വേനലിന്റെ ആലസ്യത്തില്‍ ‘കാളിമ’യിലിരുന്ന് ഒരു ബീറിന് ഓര്‍ഡര്‍ചെയ്യുമ്പോഴായിരുന്നു രാധികയുടെ ഫോണ്‍ വന്നത്. രാജീവിന് ഒരു ചെറിയ വയറു വേദന... മിനിസ്ട്രി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നു. രാധിക ഏറെ പരിഭ്രമത്തോടെയാണ് വിളിച്ചത്.... മലയാളിയായ ഡോക്ടര്‍ തോമസ് ജോസഫ് മാറ്റി നിര്‍ത്തി സംസാരിക്കുന്നതുവരെ എനിക്കതൊരു സാധാരണ വയറുവേദന പോലെയേ തോന്നിയിരുന്നുള്ളു. അപ്പോഴേക്കും കാന്‍സറിന്റെ അഡ്വാന്‍സ്ഡ് സ്റ്റേജിലായിരുന്നു രാജീവ്..... കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സര്‍ജ്ജറിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി എയര്‍പോര്‍ട്ടില്‍ വെച്ച് യാത്രപറയുമ്പോള്‍ രാജീവ് വളരെ ഉന്മേഷവാനായിരുന്നു. മാത്രവുമല്ല, രണ്ടുമാസം കൊണ്ട് തിരിച്ചു വരാമെന്ന ശുഭ പ്രതീക്ഷയിലും...... അത് ഒരു പ്രതീക്ഷമാത്രമായിരുന്നു. പിന്നീടൊരിക്കലും രാജീവിന് തിരിച്ചു വരാനായില്ല.

നാട്ടിലെ ചെറിയ വെക്കേഷനുകളിലെ ഇടവേളകളില്‍ രാജീവുമായി ഇടക്കിടെ ഞാന്‍ സന്ധിക്കാറുണ്ടായിരുന്നു.... അതിനിടെ നഗരത്തില്‍ സ്വന്തമായി ഓഫീസ് പണിത് രാജീവ് പുതിയ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് കടന്നിരുന്നു.... മാര്‍ക്കറ്റില്‍ ആട്ടോകാഡിന്റെയും 3 ഡി. മാക്സിന്റേയും മായയുടെയുമെല്ലാം പുതിയ പുതിയ വേര്‍ഷനുകള്‍ വരുമ്പോള്‍ ഞാനത് രാജീവിനയച്ചുകൊടുക്കുമായിരുന്നു.

ശിശിരകാലത്തിന്റെ മൂര്‍ദ്ധന്യത്തില്‍ ഇയര്‍ എന്‍ഡിങ് പ്രോസ്സസിന്റെ തിരക്കിനിടയില്‍ സ്പാം മെയിലുകള്‍ ഡിലീറ്റ് ഫോള്‍ഡറിലേക്ക് മാറ്റുമ്പൊഴാണ് അതിനിടയിലുണ്ടായിരുന്ന രാമചന്ദ്രന്റെ ഒരു പഴയ മെയില്‍ ശ്രദ്ധയില്‍ പെട്ടത്. ഒരു മാസം മുന്‍പ് രോഗം മൂര്‍ച്ഛിച്ച് രാജീവ് നമ്മെ വിട്ടുപോയ വിവരം. കൂടുതല്‍ വിവരങ്ങളൊന്നുമില്ല. രാജീവിന്റെ മൊബൈലില്‍ ഞാന്‍ പലതവണ ശ്രമിച്ചു. നമ്പര്‍ നിലവിലില്ലെന്ന മെസ്സേജ് മാത്രം. രാമചന്ദ്രനു റിപ്ലെ അയച്ചിട്ടും യാതൊരു മറുപടിയുമില്ല. ഒരു പക്ഷേ ഞാന്‍ മറ്റൊരു രാജ്യത്തേക്ക് മാറിയപ്പൊള്‍ എന്നെ ഫോണില്‍ വിളിക്കാനാവാത്തതിന്റെ ദു:ഖം രാജീവിനുണ്ടായിരുന്നിരിക്കാമെന്ന ഓര്‍മ്മപ്പെടുത്തല്‍ എന്നില്‍ ഏറെ നീറ്റലുണ്ടാക്കി. പിന്നെ, മറവിയെന്നത് തീര്‍ത്തും മാനുഷികമായ ഒരു അവസ്ഥയാണല്ലോ. ഒറ്റപ്പെടലിന്റെ വേളകളില്‍ മാത്രമായിരിക്കും മറവിയെക്കുറിച്ച് മറക്കുന്നതു തന്നെ.

ഗ്ലാസ്സില്‍ ഒന്നു രണ്ടു തുള്ളികള്‍. മഴക്കുള്ള ലക്ഷണമുണ്ട്. വൈപ്പര്‍ സ്വിച്ച് ഓണ്‍ ചെയ്തു. അതിരാവിലെയായതിനാലും ഒഴിവുദിവസമായതിനാലും റോഡില്‍ തിരക്കുകുറവാണ്. മടിപിടിച്ച ഒരു ഞായറാഴ്ച അവിടെയുമിവിടെയും ചുറ്റിത്തിരിയുന്നു.

രാമചന്ദ്രന്‍ പറഞ്ഞ വളവ് തൊട്ടടുത്തതാണ്. വളവ് കഴിഞ്ഞ് മൂന്നാമത്തെ വലതുവശത്തെ റോഡ്. അവിടെ നിന്നും ഇടതു വശത്തെ നാലാമത്തെ വീട്.
മഴത്തുള്ളികള്‍ക്ക് കനം കൂടുകയാണെന്ന് തോന്നുന്നു. വിന്ഡോകള്‍ ഉയര്‍ത്തി.
'ബാത് നികലേഗി തോ ഫിര്‍..’ ജഗ്ജിത് സിംഗിന്റെ ശബ്ദത്തിന്റെ സൌകുമാര്യത ഇപ്പോഴാണ് ശരിക്കുമറിയുന്നത്.

വലതുവശത്തെ റോഡ് കടന്നു. ഇനിയൊരു ചെറിയ പാലമാണ് അതിനപ്പുറം ചെറിയ നെല്‍പ്പാടം. ഇതെക്കുറിച്ച് രാമചന്ദ്രന്‍ പറഞ്ഞിരുന്നില്ലല്ലോ. പാടവും കഴിഞ്ഞ് ചെറിയൊരു കയറ്റവും കഴിഞ്ഞാണ് വീടുകള്‍ തുടങ്ങുന്നത്.

അതെ., മൂന്നാമത്തെ വീടിന്റെ ഗേറ്റിനു മുന്‍പായി കാര്‍ ഒതുക്കി നിര്‍ത്തി.
വലിയൊരു മുറ്റമുള്ള വീടാണത്. ഇതു തന്നെയായിരിക്കണം
മുറ്റം നിറയെ പൂത്ത പൂമരങ്ങള്‍. നല്ല കാറ്റുണ്ട്. പൂമരങ്ങളില്‍ നിന്നും നിറയെ പൂക്കള്‍ പൊഴിയുന്നു.
ഗേറ്റു തുറന്ന് അകത്തേക്ക് നടന്നു. ചെറുതായി മഴ ചാറുന്നുണ്ട്. സിറ്റൌട്ടും കാര്‍പോര്‍ച്ചുമെല്ലാമുള്ള വീട്. പോര്‍ച്ചില്‍ പുതിയ മോഡല്‍ വെളുത്ത ഹ്യുണ്ടായ് അക്സന്ട് കാര്‍ കിടക്കുന്നു. സിറ്റൌട്ടിലെ കാളിങ്ബെല്ലില്‍ അമര്‍ത്തി.
അകത്ത് കിളികളുടെ ശബ്ദം.
വാതില്‍ തുറന്നു.

കുളികഴിഞ്ഞ് ഈറന് തോര്‍ത്തുമുണ്ട് മാത്രമുടുത്തു,ചിരിച്ചുകൊണ്ട് രാജീവ്.
ഒരു മാറ്റവുമില്ല. രാത്രി ജോലികഴിഞ്ഞ് നേരം വൈകി ഉണരുമ്പോള്‍ ഒരു കാക്കക്കുളി കുളിച്ച് ഡ്രസ്സ്മാറാന്‍ പോകുന്ന അതേ രൂപം. തോര്‍ത്തുമുണ്ടില്‍ നിന്നും നിലത്തേക്ക് വെള്ളമിറ്റിറ്റു വീഴുന്നുണ്ട്.
ലിവിങ് റൂമില്‍ നിന്നും ചായയുമായി വരുന്ന രാധിക. രാധികയുടെ കവിളിലെ മറുക് . ചന്ദനത്തിന്റെ ഗന്ധം. ...
ഞാന്‍ രാജീവിന്റെ കൈകള്‍ കൂട്ടിപിടിച്ചു. പിന്നെ മെല്ലെ തിരിഞ്ഞു നടന്നു.
മഴ പെയ്തൊഴിഞ്ഞിരുന്നു. മുറ്റത്ത് നിറയെ പൂമരം പെയ്തിറങ്ങിയിരിക്കുന്നു. ചെറിയ കാറ്റുണ്ട്.
മുത്തുകുടിയന്‍ മാവില്‍ കെട്ടിയിരിക്കുന്ന ഊഞ്ഞാല്‍ മെല്ലെ ആടുന്നു.
ഗേറ്റ് കടന്ന് ഞാന്‍ കാറില്‍ കയറി.
കാറ് സ്റ്റാര്‍ട്ട് ചെയ്തു. ഗിയര്‍ മാറ്റി കാറ് മുന്നോട്ടെടുക്കുമ്പോള്‍ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി. അപ്പോളാണ് ഗേറ്റിലെ നെയിംബോര്‍ഡ് ശ്രദ്ധയില്‍ പെട്ടത്.
‘രാമചന്ദ്രന്‍ .സി.എ.’
ഈ ബോര്‍ഡ് അങ്ങോട്ട് പോകുമ്പോള്‍ ഞാന്‍ കണ്ടില്ലല്ലോയെന്നൊര്‍ത്തു.
ആക്സലെറേറ്റരില്‍ കാലമര്‍ന്നുകൊണ്ടിരുന്നു. ചെറിയ ചാറ്റല്‍ മഴ പെയ്തുകൊണ്ടിരിക്കുന്ന ഈ പകല്‍ അവസാനിക്കില്ല. തിരിച്ചുള്ള ഈ ദൂരം ഒരിക്കലും താണ്ടിത്തീരില്ല.

8 comments:

കുട്ടന്മേനൊന്‍::KM said...

ഒരു ചെറിയ പോസ്റ്റ് ചേര്‍ക്കുന്നു.’നിറയെ പൂമരങ്ങളുള്ള വീട്‘. വീണ്ടുമൊരു പരീക്ഷണം.

ഇടിവാള്‍ said...

മേന്‍ന്നേ..

പരീക്ഷണം, കൊള്ളാം.. അസ്സലായി എന്നൊന്നും ഞാന്‍ പറയില്ല. മേന്‍ന്റെ മറ്റേ ബ്ലോഗിലെ ആ വായനയുടെ സുഖം എനിക്കു തോന്നീല്ല്യാട്ടോ !

പക്ഷേ.. പകുതി വഴിയെത്തിയപ്പോ, ചെറിയൊരു കയറ്റം...

വണ്ടി രണ്ടാം ഗിയറിലേക്കിടേണ്ടി വന്നു കേട്ടോ..

രണ്ടു പ്രാവശ്യം വായിക്കേണ്ടി വന്നൂന്ന് ! ഏത്‌ ?

ഇത്തിരിവെട്ടം|Ithiri said...

മേനോനേ നന്നായിരിക്കുന്നു... എനിക്ക് ഇഷ്ടമായി.

അഗ്രജന്‍ said...

മേനോന്‍ കുട്ടാ :)

ഇഷ്ടായി... അവസാനഭാഗത്ത് ച്ചിരി വെള്ളം കുടിപ്പിച്ചു... ക്ലൈമാക്സിനേപറ്റി ഞാന്‍ ഡൌട്ടടിച്ചാല്‍ ഒരുപക്ഷേ, സസ്പെന്‍സ് പൊളിയുമോന്ന് പേടി... അതോണ്ട്... ഞാന്‍ ഇത്തിരിവെട്ടമായി... അതായത് മൌനം വാചാലമെന്ന് :)

വല്യമ്മായി said...

കുളികഴിഞ്ഞ് ഈറന് തോര്‍ത്തുമുണ്ട് മാത്രമുടുത്തുകൊണ്ട് ചിരിച്ചുകൊണ്ട് രാജീവ്.

അവസാന ഭാഗത്തൊരു കണ്‍ഫ്യൂഷന്‍.അതോ അയാള്‍ മരിച്ചില്ലേ

കരീം മാഷ്‌ said...

മൂന്നു പ്രാവശ്യം വായിച്ചിട്ടാണ്‌ രാമചന്ദ്രനും രാജീവും ലയിച്ച വരികള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്‌. കുറച്ചു കൂടി വ്യക്തമാക്കിയിരുന്നങ്കില്‍ എന്നാഗ്രഹിച്ചു. മേനോന്റെ കൂടെ ആ കാറില്‍ മുന്‍സീറ്റില്‍ ഇരുന്ന അനുഭൂതി, സിനിമയിലെ ക്രയിന്‍ ഷോട്ടിന്റെ കൂടെ സഞ്ചരിച്ച ഉത്‌കണ്ഠ.

വേണു venu said...

വെറുതെ ഒന്ന് തിരിഞ്ഞു നോക്കി. അപ്പോളാണ് ഗേറ്റിലെ നെയിംബോര്‍ഡ് ശ്രദ്ധയില്‍ പെട്ടത്.
‘രാമചന്ദ്രന്‍ .സി.എ.’
ഈ ബോര്‍ഡ് അങ്ങോട്ട് പോകുമ്പോള്‍ ഞാന്‍ കണ്ടില്ലല്ലോയെന്നൊര്‍ത്തു.
പരീക്ഷണം വിജയിച്ചിട്ടുണ്ടല്ലോ മേനോനെ.

കുട്ടന്മേനൊന്‍::KM said...

ഇടിവാള്‍ജി :)
ഇത്തിരി :)
അഗ്രു :)
വല്യമ്മായി :)
വേണുജി :)
നന്ദി.