Tuesday, September 26, 2006

ഇല പൊഴിയും കാലം...

മുത്തച്ഛന്‍ തെങ്ങിന്റെ ചുവട്ടില്‍ കിടന്ന കൊതുമ്പ് എടുത്ത് കോലായിലേക്ക് മാറ്റിവെച്ചു. മുത്തച്ഛന്റെ കൈയിലെ ഊന്നുവടി എന്റെ അടുത്ത് തന്നെ വെച്ചിരുന്നു. അതിന്റെ പിടിയിലെ പിച്ചളയുടെ സിംഹത്തിന്റെ രൂപം തേഞ്ഞില്ലാതായിരിക്കുന്നു. ഈ വടി മുന്‍പ് ശേഖരമാമന്‍ സിംഗപ്പൂരുനിന്നും ലീവിന് വന്നപ്പോള്‍ കൊണ്ടു കൊടുത്താ‍യിരുന്നെന്ന് മുത്തച്ഛന്‍ പലതവണ എന്നോട് പറഞ്ഞിട്ടുണ്ട്.
ഞാന്‍ ഉമ്മറപ്പടിയില്‍ ഇരിക്കുകയായിരുന്നു. അമ്മിണിയമ്മ തെങ്ങിന്റെ കടക്കല്‍ അടിച്ച് തീയിടുന്നു.
‘അമ്മിണ്യേ.. കാറ്റ് ണ്ട്. സൂക്ഷിച്ച് തീയിടണം ട്ട്വോ.. അപ്രത്ത് വൈക്കോല്‍ത്തുറു ണ്ട് ന്ന് ഒരു വിചാരം വേണം..’ മുത്തച്ഛന്‍ അമ്മിണിയമ്മയോട് പറഞ്ഞു.
അമ്മിണിയമ്മക്ക് അല്ലെങ്കിലും ശ്രദ്ധ അല്പം പോലും ഇല്ല. ഒന്ന് വൃത്തിയായിട്ട് നടക്കുകയുമില്ല. മുഷിഞ്ഞ മുണ്ടും കീറിയ ബ്ലൌസുമാണ് അമ്മിണിയമ്മ ധരിക്കുന്നത്. എന്നാലും അമ്മിണിയമ്മക്ക് ഒരു ഇരുമ്പിന്റെ മോതിരമുണ്ട്. നല്ല ഭംഗിയുള്ളത്. അത് എപ്പോഴും ധരിക്കും. പണ്ട് ഇവിടെ തൃത്താല മനക്കില് നിന്ന് വന്ന കൂട്ടത്തീലെ ഒരു ആത്തോല കൊടുത്തതാണത്രെ. അമ്മിണിയമ്മക്ക് അകത്തെ പണികള്‍ക്ക് വലിയ താത്പര്യമില്ല. ഏതുനേരവും പുറത്താണ്. രാധമ്മായിക്ക് അമ്മിണിയമ്മയെ അത്ര ഇഷ്ടമില്ല. രാധമ്മായി എപ്പോഴും പറയും.. ‘ ആ പണ്ടാരം പിടിച്ച തള്ള..’
മുത്തച്ഛന്‍ പിന്നെ എന്റെ അടുത്ത് വന്നിരുന്നു.
‘ഇന്ന് മഴപെയ്യില്ലാന്ന് ന്യ തോന്നണെ.... മഴക്കാറ് കിഴക്കോട്ടാ പോണെ. .’ മുത്തച്ഛന്‍ പറഞ്ഞു. മുത്തച്ഛന്‍ അങ്ങനെ പറഞ്ഞാല്‍ അത് ശരിയായിരിക്കും.
‘കുട്ടനെന്താ ഇങ്ങനെ ആലോചിച്ചിരിക്കണെ..’
'ഏയ്.. ഒന്നൂല്യ..’
‘അങ്ങന്യലാലോ.. കുട്ടനെന്തോ മനസ്സിലുണ്ട്..’
‘ന്നാലും അച്ഛന്‍ ങ്ങനെ പറഞ്ഞപ്പോ യ്ക്ക് വിഷമായി’
‘അച്ഛന്‍ എന്താ കുട്ടനോട് ദ്വേഷ്യപ്പെട്ടോ ?’
‘അതല്ലാ.. അച്ഛന്‍ ഇന്നലെ മുത്തച്ഛനോട് ങ്ങനെ പറഞ്ഞപ്പോള്‍ യ്ക്ക് വിഷമായീന്നാ പറഞ്ഞെ..’ ‘എപ്പൊ പറഞ്ഞു ?’
‘ഇന്നലെ രാ‍ത്രി ഡിന്നറ് കഴിഞ്ഞിട്ട് മ്മറത്ത് ഇരിക്കുമ്പളേയ്....’
‘അതിന് കുട്ടന്‍ ഉറങ്ങാന്‍ പോയില്യേ..പിന്നെങ്ങിന്യാ..’
‘ഇല്യ.. ഞാന്‍ തെക്കിനിടെ അടുത്ത് നിക്ക് ണ് ണ്ടായ് രുന്നു.. അച്ഛന്‍ പറഞ്ഞതൊക്കെ ഞാനും കേട്ടു.. ന്നാലും മുത്തച്ഛനൊട് ഇങ്ങന്വൊക്കെ ദ്വേഷ്യപ്പെടാന്‍ എന്താ ണ്ടായേ .. ?’
‘അത് സാരം ല്യാ കുട്ടാ. അച്ഛന് ദ്വേഷ്യം വന്ന്ട്ടല്ലേ....’
‘കുട്ടന്‍ വാ .. നമുക്ക് ആ കുളക്കടവിന്റെ അട്ത്തേക്ക് പൂവ്വാം.. അവിടെ താമരക്കിളിയുടെ കൂട് പ്പളും അവിടെ ണ്ടോന്ന് നോക്കാം..’ മുത്തച്ഛന്‍ വിഷയം മാറ്റാനായി പറഞ്ഞ്ഞു. പിന്നെ മെല്ലെ മുത്തച്ഛന്‍ എഴുന്നേറ്റു ഊന്നുവടിയെടുത്ത് നടന്നു തുടങ്ങി.
ഞാന്‍ മുത്തച്ഛനോടൊപ്പം നടന്നു. കുളക്കടവിന്റെ തെക്കെ ഭാഗത്തുള്ള ഈ മരത്തിന്റെ ഇലകള്‍ പൊഴിഞ്ഞിരിക്കുന്നു. വൃശ്ചികക്കാറ്റുകൊണ്ടാവാം. ചില ശിഖരങ്ങള്‍ ഒടിഞ്ഞു തൂങ്ങിയിരിക്കുന്നു, കടവാവലുകള്‍ തൂങ്ങിക്കിടക്കുന്നതുപോലെ തോന്നിച്ചു. അപ്പുറത്ത് നിന്നിരുന്ന പനയില്‍ ചാരിയാണ് മരം നില്‍ക്കുന്നത്.
‘മുത്തച്ഛാ’
‘ഉം..’
‘ഇതെന്ത് മരാ..’ ഞാന്‍ ചോദിച്ചു.
‘ഇതാണ് നാരകം. നമ്മള് പണ്ടൊക്കെ വടുകപ്പുളി ഉണ്ടാക്കിയിരുന്നത് ഇതിന്റെ നാരങ്ങ കൊണ്ടാ..’
ഇതിന്റെ നാരങ്ങകൊണ്ടാണ് അമ്മിണിയമ്മ വടുകപ്പുളി അച്ചാറുണ്ടക്കുന്നത്. അച്ഛന്‍ തിരിച്ച് പോകുമ്പോള്‍ രണ്ട് ഭരണി നിറച്ച് കൊണ്ടു പോകും.
‘ഇപ്പൊ എന്ത്യെ നാരങ്ങ ണ്ടാവ്ണില്യേ..’
‘അതിന് വയസ്സായില്യേ.. ത്രേം കാലം അത് നമുക്ക് നാരങ്ങ തന്നില്ലേ.. ഇപ്പൊ അത് തളര്‍ന്നു.. ഈ വൃശ്ചികമാസം കഴിയുമ്പോഴേക്കും അത് വീഴും...’
‘അപ്പൊ ഈ മരം മരിക്കും ല്ലേ...’
‘പിന്നെ..’
‘ശരിക്കും. ..?’
‘പിന്നെ.. മരം മാത്രല്ല.. ജീവികളും മനുഷ്യരുമെല്ലാം ഒരു ദിവസം മരിക്കും..’
‘അപ്പൊ കുറച്ച് കഴിഞ്ഞാല്‍ മുത്തശച്ഛനും മരിക്കും ല്ലേ..’
‘ഏയ്.. മുത്തശ്ശന്‍ മരിക്യേ.. മുത്തശ്ച്ഛനൊന്നും മരിക്കില്യ കുട്ടാ..’
മുത്തച്ഛന്‍ എന്നെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.
മുത്തച്ഛന്റെ മുഖത്തെ പേശികള്‍ ചെറുതായി മുറുകുന്നതായി കണ്ടു. വെറ്റിലക്കൂട്ടിന്റെ മണം.
മുഖത്തെ കുറ്റിമുടികള്‍ എന്റെ മൃദുലമായ മുഖത്ത് ഉരസിയപ്പൊള്‍ ചെറുതായൊന്ന് മാറി. എന്റെ മുഖത്ത് ചെറിയ നനവ് പടര്‍ന്നിരുന്നു. മന്ദമായി ഒഴുകിക്കൊണ്ടിരുന്ന വൃശ്ചികക്കാറ്റിന് ചെറിയ തണുപ്പ്.

13 comments:

asdfasdf asfdasdf said...

ഒരു ചെറിയ പോസ്റ്റിടുന്നു.‘ഇല പൊഴിയും കാലം..’

സു | Su said...

ഓര്‍മ്മകളുടെ പൂക്കാലത്തിലേക്കുള്ള യാത്ര മനോഹരമായി. ഇത്തിരി നൊമ്പരവും.

Rasheed Chalil said...

കഴിഞ്ഞകാല സുകൃതങ്ങളിലേക്കുള്ള യാത്ര മനോഹരമയിരിക്കുന്നു

മുസ്തഫ|musthapha said...

നന്നായിരിക്കുന്നു കുട്ടമ്മേനോന്‍...

നല്ല ഭാഷ... നല്ല കഥ.

കുട്ടിക്കാലത്തേക്ക് കൈപിടിച്ചു നടത്തി.

പ്രത്യേകം പറയേണ്ടല്ലോ... കഥയുടെ പേര് അതിസുന്ദരം.

ഇടിവാള്‍ said...

മേന്‍‌ന്നേ..

അമ്മമ്മയെ ഓര്‍ത്തു പോയി കേട്ടോ !
വയസ്സായവര്‍, അവരു വീടിനൊരു ഐശ്വര്യം തന്നേ ! പലപ്പോഴും മറിച്ചു തോന്നുമെങ്കിലും !

ഹൃദയത്തില്‍ തട്ടി എഴുത്ത് ! ഓര്‍മകള്‍ തന്നതിനു നന്ദി....

asdfasdf asfdasdf said...

ഇടിവാള്‍ജി : ഇന്നലെ എന്റെ മുത്തച്ഛന്‍ മരിച്ചിട്ട് പതിനഞ്ച് വര്‍ഷമാവുന്നു. മുത്തച്ഛനെക്കുറിച്ച് ഓര്‍ത്തപ്പോള്‍ എഴുതിപ്പോയതാണ്. ഇത്തിരി, സൂചേച്ചി,അഗ്രൂ വന്നതിനും കമന്റിയതിനും നന്ദി.

ലിഡിയ said...

നന്നായിരിക്കുന്നു മേന്ന്യനേ..ഈ ഭാഷ അതാ എനിക്കേറെ ഇഷ്ടം..

ഇല പൊഴിയുന്ന കാലം..ആ വാക്കുകള്‍ക്ക് ഒരു ഭംഗിയുണ്ട്.

-പാര്‍വതി.

Unknown said...

കുട്ടേട്ടാ,(ഇങ്ങനെ വിളിക്കാന്‍ നല്ല രസം, പ്രശ്നമുണ്ടോ?)
ഈ ശൈലി, ഭാഷ എനിക്ക് വളരെ ഇഷ്ടമായി.ഇത് താങ്കളുടെ ഏറ്റവും മികച്ച പോസ്റ്റുകളില്‍ ഒന്ന്.

വല്യമ്മായി said...

അസ്സലായിരിക്ക്‌ണൂ മേന്ന്‌നേ

asdfasdf asfdasdf said...

ദില്‍ബൂ, വല്യമ്മായി,പാര്‍വതീ വന്നതിനും കമന്റിയതിനും നന്ദി.

Aravishiva said...

കുട്ടന്മേനോന്‍ ചേട്ടാ..നല്ല ഹൃദയസ്പര്‍ശിയായ എഴുത്ത്..പെരുത്തിഷ്ടായി..

Anonymous said...

നന്നായിരിക്കുന്നു മേന്നെ.. എന്റെ അപ്പൂപ്പനെ ഓര്‍ത്തുപോയി..

തോന്ന്യവാസങ്ങള്‍ said...

ഇപ്പോഴാണ് ഇതുവഴി വരുന്നത് ... സുന്ദരമായ ഒരു കഥ