Monday, September 04, 2006

ശാന്തേട്ത്തി..

ന്താ കുട്ട്യേ ഇത്. എത്ര പറഞ്ഞാലും മനസ്സിലാവില്ല്യാന്ന് വെച്ചാല്‍. ആ മൊന്ത ഇങ്ങനെ താഴത്തിട്ടാല്‍ പൊട്ടില്ലേ..ഇല്ല്യ ഞാന്‍ ഒന്നും പറേണില്ല്യ. പറഞ്ഞ്ട്ട് എന്താ കാര്യം. ശ്ശി ദണ്ണണ്ടേ..ദേവേട്ടന്‍ കൊണ്ട്വോന്ന മൊന്ത്യല്ലെ . ഏയ് .. അങ്ങന്വൊന്നും യ്ക്ക് പറയാന്‍ പാടില്ല്യാലോ.. ദേവങ്ങുന്ന്ന്നല്ലേ പറേണ്ടെ..
ഇല്ല്യ ഞാന്‍ ഒന്നും പറേണില്ല്യ..
ഓണൊക്ക്യായില്ലേ..
ഈ കുട്ട്യോളോട് ഞാന്‍ പറഞ്ഞതാ പോയിട്ട് ഒരു പൂക്കളം ണ്ടാക്കാന്‍...
പെങ്കുട്ട്യോളല്ലേ പൂക്കളണ്ടാക്കണ്ടത് ..
പിന്നാമ്പുറത്തെക്ക് എറങ്ങ്യാല്‍ ഷ്ടം പോലെ പൂവ്വല്ലേ..
തെച്ചിപ്പൂവും കോളാ‍മ്പിപ്പൂവും ഒക്കെ ല്ല്യേ..
എവ്ടെ കേക്ക്ണു.....
ആര്‍ക്കാ വിചാരം..
തോമുവാപ്ലേരെ പറമ്പിന്റെ പിന്നിലെ മ്മടെ പറമ്പില് കേറ്റിക്കാന്‍ രവ്യോട് എത്ര പറഞ്ഞു...
ഏയ് ഒന്നും കേക്കരുത്.. ഇത് പഴേ കാലൊന്ന്വല്ല. തെങ്ങു കേറ്റക്കാര്‍ടെ വീട്ടിലന്നെ പോയി വിളിച്ചോണ്ട് വരണം..അല്ലെങ്കില് കണ്ടാറു തെങ്ങു കയറില്ല്യത്രെ....
ഇപ്പൊ തെങ്ങു കയറീട്ട് ഒരു കാര്യൊല്ല്യ..
കേറ്റക്കൂലി ഇല്ല്യലൊ.. തേങ്ങ്യല്ലെ കൊടുക്ക്വാ....
അവ്ടത്തെ തേങ്ങ്യൊക്കെ തോമുവാപ്ലാര് എട്ത്ത്ട്ട്ണ്ടാവും..
ന്നാലും ബാക്കീള്ള തേങ്ങേങ്കിലും ആ കണ്ടാറൂനെക്കൊണ്ട് കേറ്റിച്ചാല്‍ ഒരു പത്ത് കിലൊ അരിയെങ്കിലും വാങ്ങാന് ള്ള കാശ് കിട്ടും....
എവടെ കേക്കാന്‍..
ഇബടെ ഈ തൂണിന്റെവ്ട്ന്നു മറ്റേ തൂണിന്റെ അവ്ടക്ക് ഇങ്ങനെ നടക്ക്വന്നെ...
എന്തങ്കിലും പറഞ്ഞാല്‍ മൊകൊം വീര്‍പ്പിച്ച് ചാരു കസേരെല് ചെന്ന് കെടക്കും...ബീക്കൊം വരെ പഠിച്ചതല്ലെ.. വല്ല ക്ലാര്‍ക്കായിട്ട് വല്ലോട്ത്തും ചെന്നിര്ന്നാല് നാലു കാശ് കിട്ടും..
ഞാന്‍ ഒന്നും പറേണില്ല്യ.. പറഞ്ഞ്ട്ട് എന്താ കാര്യം..
ആ തെക്കിനിടെ അവടത്തെ മുറീല് ഒരുത്ത്ന്‍ ഇരുപത്തിനാലു മണിക്കുറും വായന്യന്നെ വായന..
മദിരാശീല് പോയിട്ട് എംബിയെ പഠിച്ച്ട്ട് വന്ന്ട്ട് തൊടങ്ങീതാ.. എടക്ക് ഒന്ന് പൊറ്ത്ത് എറങ്ങും.. വായനശാലേല്‍ക്ക്.. ആ സമയ്ത്തെങ്കിലും നാല് ചില്വാനം വേടിച്ചോണ്ട് വരാന്‍ പറഞ്ഞാല്‍ കൊറച്ചിലായി.. ശാന്തേട്ത്തിക്ക് ആ രാമന്‍ നായരോട് പറഞ്ഞാല്‍ മതീല്ലെന്നാവും അപ്പൊ ചോദ്യം..രാമന്‍ നായരാ.. ഇടക്ക്യെ വര്വൊള്ളൊ..
രാമന് നായരെ പറ്ഞ്ഞ്ട്ട് കാര്യല്ല്യ.. വയസ്സായി വര്വല്ലേ..
ത്ര്യക്കെ ചെയ്യാനെ രാമന്‍ നായരെക്കൊണ്ടാവ്വൊള്ളൊ.. പോരാത്തേന് ഇപ്പൊ കാല് വേദനെം.. എന്നെക്കൊണ്ട് ഇതൊന്നും ഇങ്ങനെ കൊണ്ട് നടക്കാന്‍ എത്ര കാലം പറ്റും.. വയസ്സായി വര്വല്ലേ....
എന്നാ ബോംബെലെ പണ്യൊക്കെ നിര്‍ത്തി ദേവേട്ടന് ഇവിടെ നിന്നാല്‍ പോരെ..
അതിനെങ്ങിന്യ.. ആ മൂധേവി സമ്മേക്കില്ല്യാലൊ.... നമ്മളൊക്കെ അധികപറ്റാണ് ന്നാ അവള്‍ടെ വര്‍ത്താനം... എന്ന് അവള് ദേവേട്ടന്റ് കൂടെ കൂട്യൊ അന്ന് തൊട്ട് ഇവ്ടെ തൊയ് രക്കേടണ്.
മാസാമാസം ആയിരം ഉര്‍പ്പ്യ അയച്ച് തരും. . ഇവടെ അതന്നെ ധാരാളാണ്. വെച്ച കഞ്ഞി തന്നെ മുഴുവന്‍ കുടിക്കില്ല്യ.. രാത്ര്യാവുമ്പൊ ഞാനന്നെ ഉഴുന്ന്ട്ട് ആട്ടി നാളക്ക് ഇഡ്ലി ആക്കണം..തേങ്ങ ശ്ശി ള്ളോണ്ട് ചമ്മന്തി നന്നായിട്ട് അരക്കാം. ഉച്ചക്ക് കൊറച്ച് പരിപ്പും മാങ്ങ ഉപ്പിലിട്ടതും..വൈന്നേരും അതന്നെ.. കൂട്ടുങ്ങല് പൊയിട്ട് കൊറച്ച് പച്ചക്കറി വേടിക്കാന്‍ ഞാനന്നെ പോണം..
ഇല്ല്യ ഞാന്‍ ഒന്നും പറേണില്ല്യ....
ഇനീം കൂടുതല് പറഞ്ഞാല്‍ പറയും ശാന്തേട്ത്തിക്ക് നൊസ്സാണ് ന്ന്..
അതെ ന്ക്ക് നൊസ്സന്ന്യ.. ഇത്രേം കാലായില്ല്യേ ഇബടെ ഇങ്ങനെ പണിക്ക് നിക്കുണു...
ഗുരുവായൂരപ്പാ.. എന്നെ എങ്ങിനെങ്കിലും അങ്ങട് കെട്ടി എട്ക്കണേ..

16 comments:

കുട്ടന്മേനൊന്‍::KM said...

ഒരു കഥ ചേര്‍ക്കുന്നു.. ഓണായേപ്പൊ ഓര്‍മ്മ വന്നതാണ്.

തറവാടി said...

അമ്മ്യുട്ട്യമ്മേടെ പരാതികളാ ഇതു വായിച്ചപ്പോ ഓര്‍മ്മ വന്നത് നല്ല കഥ.

പാര്‍വതി said...

മേന്ന്യനേ..ഒരു പക്ഷേ ഗ്രാമീണ നിഷ്കളങ്കതയുടെ ഒരു അമൂര്‍ത്ത പ്രതിഷ്ടയെ വരച്ച് കാണിക്കുകയായിരുന്നോ,ശാന്തേട്തിയിലൂടെ..

കല്ലെറിയരുത്...ഞാന്‍ പോയെക്കാം.

-പാര്‍വതി.

ദില്‍ബാസുരന്‍ said...

മേനോന്‍ ചേട്ടാ,
കൊള്ളാം.....വീട്ടുകാരേക്കാള്‍ വീട്ടുകാര്യമറിയാവുന്ന പണിക്കാരി.നന്നായിരിക്കുന്നു.

വല്യമ്മായി said...

കുട്ടന്മേനോനല്ലെ നോവല്‍ വായിച്ചിരുന്നത്.
നല്ല കഥ

ഇത്തിരിവെട്ടം|Ithiri said...

മേനോനേ... ഇത് അടിപൊളിയായി കെട്ടോ.. നല്ലകഥ..അതോ അനുഭവമോ...ഏതായാലും നന്നായി

അഗ്രജന്‍ said...

നന്നായിരിക്കണു കുട്ടന്‍ മേനോന്‍.

ബിന്ദുപണിക്കരെ മനസ്സിലേക്കാവാഹിച്ച് അതങ്ങട്ട് ഡബ്ബ് ചെയ്യിച്ചു... കലക്കന്‍.

ചുള്ളിക്കാലെ ബാബു said...

കമലാക്ഷിയമ്മയാണോ ഈ ശാന്തേടത്തി? ഞാന്‍ ഒന്നും പറേണില്ല്യ.. പറഞ്ഞ്ട്ട് എന്താ കാര്യം..
വളരെനന്നായിട്ടുണ്ട്, നല്ല അവതരണം.

കൈത്തിരി said...

ന്റെ മേന്‍‍ന്നേ ഒന്നു വീട്ടില്‍ പോയ് വന്ന സുഖം! അല്ല നിങ്ങള്‍ കുറേപ്പേര്‍ രണ്ടീസമായ് Nostalgia യില്‍ പിട്ച്ചുള്ള കളി തുടങ്ങീട്ട്, ദേ ഞാന്‍ ഇതെല്ലാം വായിച്ച് റ്റിക്കറ്റ് വാങ്ങി നാട്ടില്‍ പോയാല്‍, ബില്ലങ്ങോട്ടയക്കുമേ...

കുട്ടന്മേനൊന്‍::KM said...

എന്റെ വീടിനു മുന്നിലും പിന്നിലുമായി പേരു കേട്ട ചില മനകളാണ്. ഓണക്കാലത്ത് ശാന്തേട്ത്തി രാവുണ്ണി നായരുടെ ഫ്ലവര്‍ മില്ലില്‍ നെല്ലു കുത്തിക്കാനായി വരും. പത്തറുപത്തിയഞ്ച് വയസ്സ് പ്രായമുള്ള സ്ത്രീയാണ്. നെല്ലുകുത്തി കഴിയുന്നത് വരെ ഇതു പോലെയുള്ള ഡയലോഗാണ്. ഓണത്തെക്കുറിച്ച് ഓര്‍ത്തപ്പോള്‍ ശാന്തേട്ത്തിയെയും ഓര്‍ത്തു പോയി. കഥകളുടെ ഒരു കൂമ്പാരമാണ് പഴയ മനകള്‍. ശാന്തേട്ത്തിക്ക് ഇനിയും ഒത്തിരി കഥകള്‍ പറയാനുണ്ട്. സമയം കിട്ടുമ്പോള്‍ പൂശാം.

ഇതൊക്കെ എല്ലാ‍വരും വായിച്ച കഥകള്‍ തന്നെ.
പുതുമ അല്പം പോലുമുണ്ടാവില്ല.

അഗ്രജാ : ബിന്ദുപണിക്കരുടെ ഏത് സിനിമയാണു ?
കൈത്തിരി : ബില്ല് അയക്കേണ്ട 99 രൂപക്ക് ഏതൊ എയര്‍ലൈന്‍ ടിക്കറ്റ് കൊടുക്കുന്നുണ്ട് കേട്ടു..
കമന്റിയവര്‍ക്കും കഷ്ടപ്പെട്ടിരുന്നു വാ‍യിച്ചവര്‍ക്കും നന്ദ്രി..

സു | Su said...

പാവം ശാന്തേടത്തിമാര്‍.

ഓണം ആയിട്ടെങ്കിലും അവര്‍ക്കല്പം വിശ്രമം കിട്ടുമോ എന്തോ?

അനംഗാരി said...

ആ നാട്ടിന്‍ പുറത്തിന്റെ ശൈലി എനിക്കിഷ്ടപ്പെട്ടു.നന്നായി.

ദിവ (diva) said...

നന്നായിട്ടുണ്ട്... ഇനിയും പോരട്ടേ :)

ഇടിവാള്‍ said...

മേന്‍‌ന്‍ണേ.. കഥ കൊള്ളാം..
ഒറ്റ ശ്വാസത്തില്‍ വായിക്കേണ്ടി വന്നൂ ! ഇടക്കു ഗ്യാപ്പിടാനും പറ്റില്ല്യല്ലോല്ലേ ഈ കഥക്ക് !

കുട്ടന്മേനൊന്‍::KM said...

സൂചേച്ചി: ശാന്തേട്ത്തിക്ക് നല്ല വിശ്രമം കിട്ടി., ഒരു വര്‍ഷം മുന്‍പ്. കഴിഞ്ഞ ഓണത്തിന്.
കുടിയാ , ദിവാ , ഇടിവാള്‍ മേന്ന്നെ..നന്ദി.

താര said...

ഹായ്, നല്ല കഥ. ഒരു സിനിമയിലെ കഥാപാത്രം സംസാരിക്കുന്നത് പോലെ തോന്നി...നന്നായി എഴുതിയിരിക്കുന്നു..:)