Wednesday, February 07, 2007

ബാലചന്ദ്രന്റെ ഒന്നാം തിരുമുറിവ്

കട്ടിക്കണ്ണാടയിലൂടെ ബാലചന്ദ്രന്‍, നവാബിന്റെ മസ്ദ വാനിലെ മൂന്നാം സീറ്റിലേക്ക് എത്തിനോക്കി. ഇന്നും അവളില്ല.

ലീന ഇന്നും വന്നിട്ടില്ല.

ഇനി നവാബ് വല്ലതും അവളോട് പറഞ്ഞിരിക്കുമോ ?

ആരെയും വിശ്വസിക്കാന്‍ പറ്റാത്ത കാലമാണ്. നവാബിന്റെ മുഖത്ത് നേരിയ പുഞ്ചിരി പടരുന്നത് ബാലചന്ദ്രന്‍ ശ്രദ്ധിച്ചു.
അല്പം നീരസത്തോടെയാണെങ്കിലും നവാബിനൊരു ‘സുപ്രഭാതം’ നേര്‍ന്ന് ബാലചന്ദ്രന്‍ തന്റെ സീറ്റില്‍ അമര്‍ന്നിരുന്നു. ഇനി കമ്പനിയുടെ കാര്‍പോര്‍ച്ചിലേ വണ്ടി നിര്‍ത്തൂ.
ലീനയൊഴിച്ച് എല്ലവരും വണ്ടിയിലുണ്ട്.

രാജീവ് തന്റെ മൊബൈലിലെ ‘പാമ്പും കോണിയും’ കളിക്കുന്നതില്‍ മുഴുകിയിരിക്കുന്നു.

സാധരണ രാജീവ് രണ്ടാമത്തെ സീറ്റിലാണിരിക്കുക. ഇന്ന് ഒന്നാമത്തെ സീറ്റില്‍ തന്റെ ഒപ്പമാണിരിക്കുന്നതെന്ന് ബാലചന്ദ്രനോര്‍ത്തു.

അച്ഛന്‍ മലയാളിയാണെങ്കിലും അമ്മ മറാഠിയായ ലീന മലയാളത്തില്‍ സംസാരിക്കുന്നത് കണ്ടിട്ടില്ല. ശരീരത്തിന്റെ നിമ്നോന്നതികള്‍ വെളിവാക്കുന്ന വസ്ത്രധാരണം കൊണ്ട് പലരുടെയും ശരീരോഷ്മാവ് കൂട്ടിയിരുന്ന ലീന ഇതുവരെ മലയാളം പറയുന്നത് കണ്ടിട്ടില്ല. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ ദിവസം താന്‍ അവളുടെ അംഗവര്‍ണ്ണന നല്ല മലയാളത്തില്‍ അവളുടെ സാന്നിദ്ധ്യത്തില്‍ തന്നെ വിളമ്പിയതും മറ്റുയാത്രികര്‍ മനസ്സറിഞ്ഞ് അതില്‍ മന്ദസ്മിതം പൊഴിച്ചതുമെന്ന് അയാളോര്‍ത്തു. എങ്കിലും രാജീവിനുമാത്രം അത് അത്ര ഇഷ്ടപ്പെട്ടില്ല. രാജീവ് തന്റെ മുഖത്ത് പരുഷമായി നോക്കി.
ഒരുപക്ഷേ ഒരേ നാട്ടുകാരയതിനാലാവാം. മുംബയില്‍ ജനിച്ചുവളര്‍ന്ന മലയാളിയായ രാജീവ് ഇങ്ങനെ ഒരു കമന്റ് ഇഷ്ടപ്പെടുന്നില്ലായിരിക്കാം. വണ്ടിയില്‍ കയറിയാല്‍ രണ്ടാമത്തെ സീറ്റിലിരുന്ന് രാജീവ് മൂന്നാമത്തെ സീറ്റിലെ ലീനയോട് മറാഠിയില്‍ അതുമിതും പറഞ്ഞു കൊണ്ടിരിക്കും.

ഒരു വിധത്തില്‍ ഇന്നു ലീന ഇല്ലാഞ്ഞത് നന്നായി . തനിക്കറിയാത്ത ഭാഷയില്‍ അവര്‍ തമ്മില്‍ കുശുകുശുക്കുന്നത് അരോചകമായി തോന്നിത്തുടങ്ങിയിരുന്നു.

എന്താണിത്രയധികം സംസാരിക്കാന്‍. ഒരു പക്ഷേ സ്വന്തം ഭാര്യയോടുപോലും രാജീവ് ഇത്രയധികം സംസാരിച്ചിട്ടുണ്ടാവില്ലെന്നുവേണം കരുതാന്‍.

പാവം അതുല്യ. രാജീവ് വീട്ടില്‍ വന്നാല്‍ അധികം സംസാരിക്കില്ലെന്നത് എന്നും അവളുടെ പരാതിയാണ്.

ഒരുപക്ഷേ നാട്ടില്‍ ജനിച്ചുവളര്‍ന്ന അതുല്യയ്ക്ക് മറാഠി അറിയാത്തതുകൊണ്ടാവുമോ ?
ബാലചന്ദ്രന്‍ വെറുതെ പുറത്തു നോക്കിയിരുന്നു. മഞ്ഞ് മാറിവരുന്നതേയുള്ളൂ. റിഫൈനറിയിലേക്കുള്ള ട്രൈലറുകള്‍ ‍ ഒരു നേര്‍ രേഖയായികിടക്കുന്നു.

കമ്പനിയുടെ പാര്‍ക്കിങ്ങിലെത്തിയപ്പോഴും നവാബിന്റെ മുഖത്തെ മന്ദസ്മിതം മാറിയിട്ടുണ്ടായിരുന്നില്ല.
ഇനി നവാബിനൊടൊന്നു ചോദിച്ചാലോ. ഇനി ഒരു വേള രാജീവ് ലീനയോട് പറഞ്ഞിരിക്കുമോ.
റിസിപ്ഷനില്‍ ലീനയുടെ കസേര ഒഴിഞ്ഞുകിടന്നു.
ലബനീസ് വംശജയായ നജല നേരത്തെ തന്നെ സോളിറ്റയറില്‍ മുഴുകിയിരിക്കുന്നു. ഇനി നജലയോട് ചോദിച്ചാലോ ?

‘ഹായ് .. ഗുഡ് മോര്‍ണിങ്..’
‘മോര്‍ണിങ്. ഹൌ ആര്‍ യൂ ?.’
‘ആം ഫൈന്‍. ടുഡെ യു ആര്‍ എലോണ്‍ ? ‘
‘യപ്.. ലീന ഇസ് ഓഫ് റ്റുഡെ..’
ബാലചന്ദ്രന്‍ ഒരു നിമിഷം ശങ്കിച്ചു. എന്തിനാ ഓഫെടുത്തതെന്ന് ചോദിക്കണോ..
പിന്നെ നജലയെ ഒന്നു നോക്കി.
ഇപ്രാവശ്യവും നജല സോളിറ്റയറില്‍ തോറ്റു. അവളില്‍ നിന്നും മനസ്സിലാക്കാന്‍ പറ്റാത്ത ഒരു സ്വരം പുറത്തു വന്നു.
പിന്നെ മെല്ലെ ബാലചന്ദ്രന്‍ തന്റെ കാബിനിലേക്ക് നടന്നു.