Wednesday, December 19, 2012

രാമഭാദ്രന്റെ സ്മൈലികള്‍

രാമഭദ്രന്‍ , നാല്പത്തിരണ്ടു വയസ് .ഗവര്‍മെന്റ് സര്‍വ്വീസില്‍ അക്കൌണ്ടിങ് ജോലി. പാലക്കാട് സ്വദേശം .  ജീവിതം തന്നെ എന്തു പഠിപ്പിച്ചു എന്നതിനേക്കാളുപരി ജീവിതത്തെ എങ്ങനെ താന്‍ പഠിപ്പിച്ചുവെന്നറിയുവാനുള്ള ആഗ്രഹമാണെന്ന് വിശ്വസിക്കുന്ന  ഒരു സാധാരണ മനുഷ്യന്‍.. ഇതൊക്കെ  രാമഭദ്രന്റെ വെബ് ലോഗ് അഥവാ ബ്ലോഗിലെ പ്രൊഫൈലിലുള്ളതാണ്. 
ഇന്റര്‍നെറ്റില്‍ ഭൂരിഭാഗം ആളുകളും കള്ളപ്പേരില്‍ മാത്രം എഴുതുമ്പോള്‍ രാമഭദ്രന്‍ എന്ന പേരു ഒരു  കള്ള പേര്  തന്നെ എന്ന് ഉറപ്പിചിരുന്നതാണ്.. പക്ഷെ എന്തോ രാമഭദ്രന്‍ എന്ന പേര് തന്നെ നാട്യങ്ങള്‍ ഇല്ലാത്ത ഒരാളുടെ ആണെന് വെറുതെ മനസ്സില്‍ കുറിച്ചിട്ടു.

രാമഭദ്രനെ ശ്രദ്ധിക്കുന്നത് അടുത്ത കാലത്താണ്. ബ്ലോഗില്‍  ജസ്മീല സബാനിയുടെ 'ഗ്രബേവിക്ക' എന്ന സിനിമയെക്കുറിച്ചുള്ള ഒരു ലേഖനത്തിനു വെറുതെ ഒരു സ്മൈലി ഇട്ട് പോയതിനുശേഷമാണ് ഇങ്ങനെ ഒരാളുണ്ടെന്ന് അറിയുന്നത് തന്നെ. ഒരു യുദ്ധത്തിന്റെ ഭീതിതവും വേദനാജനകവുമായ ഓര്‍മ്മകള്‍ സാധാരണ ജീവിതത്തിന്റെ അന്തര്‍ധാരയെ തന്നെ കുത്തി നോവിക്കുന്നതെങ്ങനെയെന്ന് ഹൃദയസ് പൃക്കായി രേഖപ്പെടുത്തുന്ന ഒരു സിനിമയെ ഇത്ര നിസാരമായി കാണുന്ന ഇവന്‍ ആളുകൊള്ളാമല്ലോയെന്ന മുന്‍വിധിയോടെയാണ് രാമഭദ്രന്റെ പ്രൊഫൈല്‍ തുറന്നു നോക്കിയത്. പ്രൊഫൈലില്‍ നിന്നും രാമഭദ്രന്‍ അതുവരെയും ഒരു ബ്ലോഗ് തുടങ്ങിയിട്ടില്ലെന്ന് മനസ്സിലായി. പിന്നീട് രാമഭദ്രന്‍ എഴുതിയിട്ടുള്ള കമന്റുകള്‍ സേര്‍ച്ച് എഞ്ചിനില്‍ പോയി തപ്പി. അധികമൊന്നുമില്ല. ഉള്ളതുമുഴുവന്‍ ഇങ്ങനെ കുറെ സ്മൈലികള്‍ മാത്രം. അതും കനപ്പെട്ട ലേഖനങ്ങളിലും കഥകളിലും മാത്രം. ഹാസ്യബ്ലോഗുകളിലൊന്നും തന്നെ രാമഭദ്രന്റെ സ്മൈലികള്‍ കണ്ടില്ല. എങ്കില്‍ പിന്നെ രാമഭദ്രനെ അങ്ങനെ വെറുതെ വിടരുതെന്ന് സ്വാഭാവികമായ ഒരു കൌതുകം..അങ്ങനെയാണ് ബ്ലോഗില്‍ തന്നെ ഇങ്ങനെയൊരു കമന്റ് ഞാനിട്ടത് ..' ഒരു കുഞ്ഞു ബ്ലോഗു പോലുമില്ലാത്ത രാമഭദ്രാ താങ്കളിങ്ങനെ ഓടി നടന്ന് ഔചിത്യ ബോധമില്ലാതെ സ്മൈലികള്‍ വാരി വിതറുന്നതെന്തിനാണ് ? ' . മറുപടി കിട്ടില്ലെന്നറിഞ്ഞുകൊണ്ടു തന്നെ..

പക്ഷേ, രണ്ടാഴ്ച കഴിഞ്ഞ് രാമഭദ്രന്റെ മറുപടിയുണ്ടായിരുന്നു മറ്റൊരു സ്മൈലിയോടെ. 'സുഹൃത്തേ, ഞാനും ഒരു ബ്ലോഗെഴുതി തുടങ്ങി. ചില ഡയറിക്കുറിപ്പുകള്‍.. ലിങ്ക് ഇവിടെ....'

രാമഭദ്രന്‍ : ഡിസംബര് 5, 2006

കാലത്ത് വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ ചെറിയ തണുപ്പുണ്ടായിരുന്നു. വിത്തുകള്‍ മുളപൊട്ടി മുട്ടിനൊപ്പമെത്താന്‍ വെമ്പി നില്‍ക്കുന്ന നെല്പാടത്തിന്റെ ഓരം ചേര്‍ന്ന് സൈക്കിള്‍ ചവിട്ടി പോകുന്നത് ഒരിക്കലും മടുപ്പുളവാക്കിയിട്ടില്ല. ഇന്നും വളവു തിരിഞ്ഞ് ബസ്റ്റോപ്പിലേക്ക് നീങ്ങുമ്പോള്‍ അവള്‍ നടന്നുപോകുന്നുണ്ടായിരുന്നു. ഭഗീരഥി. മുടി അല്‍പ്പം കുറവാണെങ്കിലും ഇടതൂര്‍ന്ന മുടിയാണവള്‍ക്ക്‍. ഒരിക്കലും ഭഗീ‍രഥിയുടെ മുടികെട്ടിവെച്ച് കണ്ടിട്ടില്ല. പലപ്പോഴും മുടിയില്‍ നിന്നും എണ്ണ തൊട്ടെടുക്കാന്‍ തോന്നിപ്പിക്കും. ഒരേ ബസില്‍ ടൌണിലെ അടുത്തടുത്ത ഓഫീസുകളിലേക്കാണ് ഞങ്ങള്‍ പോകുന്നതെങ്കിലും തമ്മില്‍ കണ്ടാല്‍ ഇപ്പോള്‍ സംസാരിക്കാറേ ഇല്ല. അല്ലെങ്കില്‍ തന്നെ എന്താണ് അവളോടിത്ര സംസാരിക്കാന്‍. എന്റെ വിവാഹത്തിനു മുമ്പ് എനിക്ക് തോന്നാത്ത ഏതുവികാരമാണ് വിവാഹ ശേഷം, അതും അവള്‍ക്കും എനിക്കും ഓരോ കുട്ടികളായ സ്ഥിതിക്ക്. എങ്കിലും ഞാനറിയാതെ വിവാഹത്തിനു മുന്‍പ് എന്നെ പ്രേമിച്ച ഒരു പെണ്‍കുട്ടിയോട് തോന്നുന്ന വികാരത്തെ എന്താണ് വിളിക്കേണ്ടത് ? സഹാനുഭൂതിയെന്നോ. ഭഗീരഥിയുടെ വിവാഹസമയത്ത് അവളെ കാണാന്‍ അത്ര ഭംഗിയുണ്ടായിരുന്നില്ല. ഗള്‍ഫുകാരനായ ഭര്‍ത്താവിന്റെ കൂടെ കുറച്ചുകാലം ഗള്‍ഫില്‍ ചെന്നു നിന്നതിനു ശേഷമാണ് അവളിത്ര തടിച്ചതും മുഖത്ത് നുണക്കുഴികള്‍ തെളിഞ്ഞുകാണാന്‍ തുടങ്ങിയതും. കോളജില്‍ പഠിക്കുന്ന സമയത്തും ഞങ്ങള്‍ ഒരേ ബസിലായിരുന്നു പോയിക്കൊണ്ടിരുന്നത്. പക്ഷേ അന്നൊന്നും ഞാനവളെ ശ്രദ്ധിച്ചിരുന്നില്ല. അവളേക്കാള്‍ സുന്ദരികള്‍ അവളുടെ ഗ്രൂപ്പിലുണ്ടായിരുന്നുവെന്നതുകൊണ്ടുമാത്രം. പക്ഷേ വര്‍ഷങ്ങള്‍ക്കപ്പുറം എന്റെ വിവാഹത്തിന്റെ മൂന്നു ദിവസം മുമ്പ് ഭാസ്കരനില്‍ നിന്നാണ് ഞാനതറിഞ്ഞത്. ഭഗീരഥി എന്നെ പ്രേമിച്ചിരുന്നെന്നും എന്റെ അച്ഛനുമായി അവളുടെ അച്ഛന്‍ വിവാഹാലോചനയുമായി സംസാരിച്ചിരുന്നെന്നും മറ്റും. ഒരു പക്ഷേ അതിന്റെ വാശികൊണ്ടായിരിക്കാം എന്റെ വിവാഹത്തിന്റെ തലേന്നു തന്നെ ഒരു ഗള്‍ഫുകാരനെക്കൊണ്ട് അവളുടെ അച്ഛന്‍ അവളെ വിവാഹം ചെയ്തയച്ചത്. അതൊരു വിധത്തില്‍ നന്നായി. പക്ഷേ.. ഇന്നു ടൌണില്‍ ബസ്സിറങ്ങിവരുമ്പോള്‍ എന്തേ അവള്‍ എന്റെ മുഖത്തു നോക്കി മന്ദഹസിച്ചത് ? ചിരിക്കുമ്പോള്‍ അവളുടെ നുണക്കുഴികള്‍ തെളിഞ്ഞു നിന്നിരുന്നു. വെറുതെ ചിരിക്കാനും ആളുകള്‍ക്ക് ഓരോരോ കാരണങ്ങളുണ്ടാവും. പക്ഷേ എന്തുകൊണ്ട് ഭഗീരഥിയെക്കുറിച്ച് ഇത്രയും ഇന്ന് ഞാനാലോചിക്കുന്നുവെന്ന് മനസ്സിലാവുന്നില്ല... ഒരു പൈങ്കിളി കഥ...അത്രയും കൂട്ടിയാല്‍ മതി.

രാമഭദ്രന്‍ : ഡിസംബര് 14, 2006

ഓഫീസില്‍ നിന്നും തിരിച്ചു വരുമ്പോള്‍ അല്പം വൈകിയിരുന്നു. ബസുകളുടെ മിന്നല്‍ പണിമുടക്ക്. എല്ലാം കഴിഞ്ഞ് സ്റ്റോപ്പിലെത്തിയപ്പോള്‍ ഏഴുമണി കഴിഞ്ഞു. അതുകൊണ്ടാവും കണ്ണനു സ്ഥിരം വാങ്ങിക്കൊണ്ടു വരാറുള്ള കപ്പലണ്ടിപ്പൊതി വാങ്ങാന്‍ മറന്നത്. പാതി വഴിയെത്തിയപ്പോഴാണ് ഓര്‍ത്തത്. തിരിച്ച് ചെല്ലുമ്പോഴേയ്ക്കും ദിവാകരേട്ടന്റെ പെട്ടിക്കടയില്‍ തിരക്കേറിയിരുന്നു. കപ്പലണ്ടിപ്പൊതിയില്ലാതെ വന്നാല്‍ കണ്ണന്‍ വാശി തുടങ്ങും. പിന്നെ കരച്ചിലാവും. 'കരയല്ലെ കണ്ണാ,, അച്ഛന്‍ മറന്നിട്ടല്ലേ...' എന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അധികം കരഞ്ഞാല്‍ പനി. പിന്നെ ഭാ‍രതിയുടെ കറുത്ത മുഖം... അതെ. ഭാരതിയുടെ മുഖം ഇപ്പോള്‍ കൂടുതല്‍ കരുത്ത് ഇരിക്കുന്നു. മുഖത്തെ വെള്ളപ്പാണ്ട് പുരികങ്ങളിലേക്കും ചുണ്ടുകളിലേക്കും വ്യാപിച്ചിരിക്കുന്നതു കൊണ്ടാവാം.. വിവാഹസമയത്ത് അവള്‍ എത്ര സുന്ദരിയായിരുന്നു. ഏട്ടന്‍ മദിരാശിയില്‍ വെച്ച് പരിചയപ്പെട്ടതാണ് ഭാരതിയുടെ അച്ഛനെ. അങ്ങനെയാണ് ഈ ബന്ധമുണ്ടാവുന്നതും ഞങ്ങളുടെ വിവാഹത്തിലേക്കതു നയിച്ചതും. വിവാഹം കഴിഞ്ഞ് മൂന്നുവര്‍ഷം കഴിഞ്ഞപ്പോഴാണ് ഭാരതിയുടെ മുഖത്തിന്റെ ഒരു ഭാഗത്ത് ചെറിയ നിറ വ്യത്യാസം കണ്ടു തുടങ്ങിയത്. ആദ്യമൊന്നും അതത്ര കാര്യമാക്കിയില്ല. പിന്നീട് കുറെശെ കുറേശേ അതു വ്യാപിച്ചു. ഇപ്പോള്‍ മുഖം മുഴുവനുമത് പരന്നു. വെള്ളപ്പാണ്ട് വന്നതിനു ശേഷം അവള്‍ പുറത്തൊന്നും ഇറങ്ങാറില്ല. എല്ലായ്പ്പോഴും അകത്തു തന്നെ. എത്ര നേരം വീടിനകത്ത് തന്നെ ഇരിക്കും ? പലപ്പോഴും ഞാന്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ നിര്‍ബന്ധിക്കും. അവള്‍ക്കതിഷ്ടമല്ല. പക്ഷേ  വൈകീട്ട് ഓഫീസ് വിട്ട് വീട്ടിലെത്തിയപ്പോഴാണ് മങ്ങിയ വെളിച്ചത്തില്‍ അത് കണ്ടത്. ഭാരതിയുടെ മുഖത്ത് മുഴുവനും കണ്മഷി വാരിത്തേച്ചിരിക്കുന്നു.
'എന്താ ഭാരതി ഇത്.. ?'
'ഒന്നൂല്യ..'
'എന്തിനാ ഇങ്ങനെ കണ്മഷി വാരിത്തേച്ചിരിക്കുന്നത്... ?'
'കൊറെ നാളായി ഞാന്‍ വിജാരിക്കുന്നു. അമ്പലത്തില്‍ പോണം ന്ന്.. ആളോള് കാണില്യേ....'
ഞാനൊന്നും മിണ്ടിയില്ല. കണ്ണന്‍ കപ്പലണ്ടിപ്പൊതി മെല്ലെ തുറന്ന് മണികള്‍ ഓരോന്നായി എടുത്തു കഴിക്കുന്നത് നോക്കി ഭാരതി ഇരുന്നു. ചിരിക്കുമ്പോള്‍ അവളുടെ മുഖത്തിനു എന്തു ഭംഗിയാണ്.

രാമഭദ്രന്‍: ഡിസംബര് 22, 2006

ഇന്നു ലീവായിരുന്നു. പനിയൊന്നുമില്ല. കുറച്ചു ദിവസമായി നെഞ്ചിന്റെ ഒരു ഭാഗത്ത് ചെറിയ ഒരു വേദന. വിക്സും ടൈഗര്‍ബാമുമൊക്കെ പുരട്ടും. ഭാരതിയാണ് നിര്‍ബന്ധിച്ചത്.
'കൊറെ നാളായില്ലേ.. ഇതും വെച്ച് ഇനി നടക്കണ്ട. ഒരു ഡോക്ടറെ കാണിക്കൂ..'
ഇനി അവള്‍ക്കൊരു പ്രശ്നമാവണ്ട. അതാണ് ഇന്ന് ടൌണിലെ ഫിസിഷ്യനെ കാണിച്ചത്. എന്തോ ചെറിയ ചില പ്രശ്നങ്ങളുണ്ടെന്ന് മാത്രം പറഞ്ഞു. അല്ലെങ്കിലും ഈ ഡോക്ടര്‍മാരിങ്ങനെയാണ്. എല്ലാത്തിനും ആ ടെസ്റ്റ് , ഈ ടേസ്റ്റ് എന്നൊക്കെ പറഞ്ഞ് നൂറുകൂട്ടം ടെസ്റ്റ്.. പിന്നെ ഇ.സി.ജി. എല്ലാം വെറുതെയാണ്. ഓരോ ടെസ്റ്റിനും എന്താ ചെലവ്.. അതൊന്നും ഈ ഡോക്ടര്‍മാര്‍ക്കറിയേണ്ടല്ലോ. അവര്‍ക്കിങ്ങനെ എഴുതിവിടുകയല്ലേ വേണ്ടൂ.. ഇനി രണ്ടു ദിവസം കഴിഞ്ഞേ റിസള്‍ട്ട് കിട്ടൂ. ഒന്നും ഉണ്ടാവില്ല. വെറുതെ.

* * * * *

ഇതായിരുന്നു രാമഭദ്രന്റെ ബ്ലോഗിലെ ആകാംഷ നിറഞ്ഞ അവസാനത്തെ ഡയറിക്കുറിപ്പ്.
പിന്നീട്  രാമഭദ്രന്റെ സ്മൈലികള്‍ക്ക് വേണ്ടി പലപ്പോഴും ഇന്റര്‍നെറ്റില്‍ പരതിയിരുന്നു. കണ്ടില്ല.  ഇനി ഒരു പക്ഷെ കണ്ടെന്നും വരില്ല .

പച്ചപിടിച്ച നെല്‍ പാടത്തിന്റെ വരമ്പിലൂടെ വലിയൊരു സ്മൈലിയുമായി രാമഭദ്രന്‍ സൈക്കിള്‍ ചവിട്ടിപ്പോകുന്നത് എപ്പോഴാണ് ഒന്ന് കാണുക.