Saturday, December 16, 2006

ശവംതീനി ഉറുമ്പുകള്‍

ഇരുട്ടു കട്ടപിടിച്ച രൂപക്കൂടില്‍ അണഞ്ഞ സീറോ ബള്‍ബിനടുത്ത് ഒരു പല്ലി വെറുതെ ചിലച്ചു.
കുഞ്ഞാന്നമ്മ ഇടത്തെ കൈ വെറുതെ ഒന്നനക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു. വിറയ്ക്കുന്ന ഇടത്തെകൈയിലും ചുണ്ടുകളിലും തണുപ്പ് അതിന്റെ എവറസ്റ്റ് താണ്ടിയിരിക്കുന്നു. പകുതി തുറന്ന കണ്ണുകളില്‍ ചെറിയ മിന്നലാട്ടം മാത്രം. കഴുത്തു വരെ മൂടിയ പുതപ്പിലെ കെട്ടമണം ശ്വസിക്കാന്‍ കുഞ്ഞാന്നാമ്മ വൃഥാ ഒരു ശ്രമം നടത്തി.

ക്ലോക്കിലെ സെക്കന്‍സ് സൂചിയുടെ നേര്‍ത്ത മിടിപ്പുമാത്രം.

ജനല്‍ പഴുതിലൂ‍ടെ ഒലിച്ചിറങ്ങിയ ഇത്തിരിവെട്ടത്തില്‍ കുഞ്ഞാന്നമ്മ എന്തിനോ വേണ്ടി കണ്ണുകള്‍ പരതി.
‘ജോസേ...ജോസേ...’ വെറുതെയാണെങ്കിലും കുഞ്ഞാന്നാമ്മ വിളിച്ചു.
ആപ്രിക്കോട്ട് സ്ക്രബ്ബര്‍ മുഖത്ത് തേച്ചു പിടിപ്പിച്ചുകൊണ്ടിരുന്ന ചിന്നമ്മ ഒരു നിമിഷം കാതോര്‍ത്തു.
‘തള്ളേ .. മിണ്ടാണ്ടവിടെ കിടക്ക്... ‘ ചെറിയ ഒരു അസ്വാരസ്യത്തോടെ ചിന്നമ്മ അലറി.
കുഞ്ഞാന്നമ്മ പിന്നെ പുതപ്പിന് മുകളിലേക്ക് നോക്കി.

ഒരു കൂട്ടം ഉറുമ്പുകള്‍ ഉത്സാഹത്തോടെ വരിവരിയായി കയറി വരുന്നു. അവ കുഞ്ഞാന്നമ്മയുടെ മാറിടവും കടന്ന് മുഖത്തേക്ക് കയറി. നുര വന്നു തുടങ്ങിയ വായ്ക്ക് ചുറ്റും ഒരു വേലി കെട്ടി.

അരണ്ട വെളിച്ചത്തില്‍ ചിന്നമ്മ കിടക്കുകയാണ്. മാക്സിയുടെ അറ്റം കണങ്കാലുകള്‍ക്കു മുകളില്‍ അലസമായി കിടന്നു.

ഇന്നലെ തന്റെ അന്ത്യകൂദാശക്ക് വന്ന പുരോഹിതന്റെ മുഖം വെറുതെ ഓര്‍ത്തെടുക്കാന്‍ ഒരു ശ്രമം നടത്തി. ചുണ്ടുകള്‍ എന്തിനോ വേണ്ടി വിറകൊണ്ടു.
പിന്നെ മൌനത്തിന്റെ ഒരു നീണ്ട സഹാറ.
ചിന്നമ്മ കാലുകള്‍ ചെറുതായൊന്ന് ഉയര്‍ത്താന്‍ ശ്രമിച്ചു.
കാലുകളിലേക്ക് ഒരു കൂട്ടം ഉറുമ്പുകള്‍ വരിവരിയായി കയറിവരുന്നത് ചിന്നമ്മ കണ്ടു.
പ്രമേഹ രോഗിയായ തന്റെ അരക്കെട്ടിലേക്കാണവ ഓടിക്കിതച്ചുവരുന്നതെന്ന് ചിന്നമ്മ ഒരു ഞെട്ടലോടെ ഓര്‍ത്തു.
കൂട്ടം തെറ്റാതെ ലക്ഷ്യസ്ഥാനത്തേക്ക് അവ നടന്നടുത്തു.., ശവംതീനി ഉറുമ്പുകള്‍.