സമയസൂചിക ഇരുട്ടിന്റെ എട്ടിലേക്ക് ഇഴഞ്ഞു നീങ്ങുമ്പോഴും പുതപ്പിനടിയില്‍ ഞെരക്കങ്ങളുമായി രാധ ചേച്ചി നാമജപങ്ങള് ഉരുവിട്ടു കൊണ്ടേയിരുന്നു. വേദനയുടെ നെരിപ്പോടുകള്‍ പുകയുമ്പോഴും ഇതിനൊരു മാറ്റവുമില്ല. ഇന്ന് ശ്വാസം മുട്ടലിനു വളരെ കുറവുണ്ട്. റൌണ്ട്സിനു വന്ന ഡോക്ടര്‍ ഇന്‍സുലിന്റെ അളവ് കുറയ്കാമെന്നും മൂന്നു നാലു ദിവസത്തിനകം ഡിസ്ചാര്‍ജ് ചെയ്യാനാവുമെന്നുമാണ് പറഞ്ഞത്.
ഗിരിജ ചേച്ചി എല്ലായ്പോഴും കൂടെയുണ്ടെങ്കിലും രാധേച്ചിയുടെ അന്വേഷണങ്ങള്‍ എന്നിലാണവസാനിക്കാറുള്ളത്. അമ്മയേക്കാള്‍ എന്റെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ രാധേട്ത്തിക്കായിരുന്നുവല്ലോ... ആദ്യമായി വിദേശത്ത് ജോലികിട്ടി പടിയിറങ്ങാന്‍ നേരത്തും അമ്മയുടെ ഉപദേശവാക്കുകളേക്കാള്‍ രാധ ചേച്ചിയുടെ നിറഞ്ഞ ആ കണ്ണുകള്‍ കൂടെയുണ്ടായിരുന്നു.
ഒരാഴ്ച കഴിഞ്ഞു ഇവിടെ വന്നിട്ട്.
രണ്ടു ദിവസത്തെ ഐ.സി.യുവിലെ കിടപ്പ് രാധ ചേച്ചിയെ ശരിക്കും ക്ഷീണിപ്പിച്ചിട്ടുണ്ട്. ഇന്നെങ്കിലും വീട്ടിലേക്ക് പോകാമെന്നു തോന്നുന്നു. മൂന്നു നാലു ദിവസമായി ഉറക്കമിളച്ച് ഇവിടെ തന്നെ. രാധികയും കുട്ടികളും ഒറ്റക്ക് വീട്ടില്‍. രാധികയ്ക്ക് അതൊരു പ്രശ്നമല്ലെങ്കിലും ഇരുപതു ദിവസത്തെ എണ്ണിച്ചുട്ട അവധി ദിവസങ്ങള്‍..കുട്ടികളെ വൃഥാ പലതും ആശിപ്പിച്ചിരുന്നതാണ്, ബീച്ചും കാഴ്ചബംഗ്ലാവും ഷോപ്പിങ്ങുമൊക്കെയായി.
വാതില്‍ ചാരി പുറത്തു കടന്നപ്പോള്‍ വരാന്തയിലെ കാറ്റില്‍ ഡെറ്റോളിന്റെയും സ്പിരിറ്റിന്റെയും മനം മടുപ്പിക്കുന്ന ഗന്ധം. ആശുപത്രിയുടെ ഈ ഗന്ധം പണ്ടും എനിക്ക് ഇഷ്ടമല്ലാത്താതാണ്. ഇതിനു മരണത്തിന്റെ ഗന്ധമാണുള്ളത്. ഒട്ടിപ്പിടിച്ച, വരണ്ട ഒരു ഗന്ധം. അടുത്ത എം ബ്ലോക്കിലെ മോര്‍ച്ചറിയിലേക്കുള്ള ഇരുട്ടുപിടിച്ച നീണ്ട വഴിത്താരയില്‍ പലപ്പോഴും എനിക്കിത് അനുഭവപ്പെട്ടിട്ടുണ്ട്.
507 -അം നമ്പര്‍ മുറിയില്‍ ട്യൂബ് ലൈറ്റിന്റെ വെളിച്ചം വാതില്‍പ്പഴുതിലൂടെ ഊര്‍ന്നിറങങ്ങുന്നുണ്ടായിരുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലേയും കാത്തിരിപ്പിന്റെ അലസത വിരസമല്ലാതാക്കിക്കൊണ്ടിരുന്നതിവിടെയാണ്.
അന്ന്.... വിരസതയുടെ ഒരു തരം നിസംഗതയില്‍ ആഴ്ന്നിരിക്കുമ്പോഴായിരുന്നു 507-ം നമ്പര്‍ മുറിയിലേക്ക് വീല്‍ചെയറില്‍ ഒരു രോഗിയെ കൊണ്ടുപോകുന്നത് ശ്രദ്ധിച്ചത്.ഡ്യൂട്ടി നേഴ്സ് പറഞ്ഞാണ് അറിഞ്ഞത്, നഗരത്തിലെ പ്രശസ്തമായ വിമന്‍സ് കോളജില്‍ ബിദുരാനന്തരബിരുദത്തിനു പഠിക്കുന്ന യുവതിയാണെന്ന്. പനിയും ചെറിയ തോതില്‍ ശ്വാസതടസവുമാണ്. റോഷ്നി പോള്‍. ലണ്ടനില്‍ പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടര്‍ പോളിന്റെ ഒരേയൊരു മകള്‍. കോളജ് ഹോസ്റ്റലിലെ മടുപ്പ്, വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലേക്ക് മാറ്റിയിരുന്നു. ചെറിയ ഒരു തുകല്‍ സഞ്ചി നിറയെ പുസ്തകങ്ങള്‍. പലതും existentialism ത്തെ കുറീച്ചുള്ളവ. വില്യം ഓഫ്മാന്റെയും കിര്‍ക് ഷ്നീഡറിന്റെയും മറ്റും. വില്യം ഹോഫ്മാന്റെ ചെറുകഥകളും നോവലും വായിച്ചിട്ടുണ്ടെങ്കിലും എക്സിസ്റ്റെന്‍ഷ്യാലിസത്തെകുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകം ആദ്യമായാണ് കാണുന്നത്.
ആശുപത്രീക്കിടക്കയില്‍ വായിക്കാന്‍ പറ്റിയ പുസ്തകങ്ങളാണോ ഇവയെന്ന് എനിക്ക് സന്ദേഹമുണ്ടായിരുന്നു. എങ്കിലും ഞാന്‍ സംശയങ്ങളില്‍ അജ്ഞാതനായി നിലകൊണ്ടു. existentialism ത്തെ കുറിച്ച് എനിക്കും താതപര്യമുണ്ടായിരുന്നതു കൊണ്ടാവാം റോഷ്നി നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നത്. അന്നും ഏറെ വൈകുവോളവും റോഷ്നി സംസാരിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്കെല്ലാം ദസ്തോവ്സ്കിയും കാമൂസും കടന്നു വന്നുകൊണ്ടിരുന്നു. റൌണ്ട്സിനെത്തിയ ഡ്യൂട്ടി ഡോക്ടര്‍ അധികം സംസാരിക്കരുതെന്ന വിലക്കൊന്നും റോഷ്നിയെ അലട്ടിയില്ല. രാത്രി ഡ്യൂട്ടി നേഴ്സ് വന്ന് രണ്ടുമൂന്നു തവണ നിര്‍ബന്ധിക്കേണ്ടി വന്നു.
മലയിറങ്ങി വരുന്ന വലിയ ചീവിടുകള്‍ നിര്‍ത്താതെ മൂളികൊണ്ടിരുന്നു. ചെറിയ മഴയ്ക്കുള്ള ലക്ഷണമുണ്ട്. കാറ്റിനു പതിവില്‍ കവിഞ്ഞ തണുപ്പ്.
റോഷ്നി ഇപ്പോഴും വായനയിലാണ്. 45 ഡിഗ്രി ചെരിച്ച് വെച്ച ബെഡില്‍ ചാരിക്കിടന്നുകൊണ്ട്..
‘ഹായ് ..’
‘ഇരിക്കൂ.. രാജേഷ്..’
എലിസബത്ത് കൂബ്ലറുടെ On Death and Dying എന്ന ക്ലാസിക് റോഷ്നിയുടെ വിരലുകളില്‍ താളം പിടിച്ചുകൊണ്ടിരുന്നു. അതെ മരണത്തെക്കുറിച്ചു തന്നെ.
‘ഇന്നെന്താ വിഷയം മാറിയോ ? ‘
‘ഇല്ല ... ഈ ബുക്ക് ഞാന്‍ പലപ്പോഴും വായിക്കാന്‍ മറന്നുപോകുന്ന ഒന്നാണ്.. പലപ്പോഴും വായിക്കാനെടുക്കും..’
‘പിന്നെ..’
‘സമയം തന്നെ പ്രശ്നം.. ..ക്ലാസ് കഴിഞ്ഞ് വന്ന് മൂഡിയായിരിക്കുമ്പോഴായിരിക്കും വായിക്കാന്‍ തോന്നുക..പിന്നെയാവട്ടെയെന്ന് വെയ്ക്കും.. ഡാഡിയോട് പലതവണ പറഞ്ഞിട്ടാണ് ഈ ബുക് കഴിഞ്ഞ തവണ കൊണ്ടുവന്നത്. ഡോവര്‍ ബുക്സില്‍ മാത്രമേ ഇതു കിട്ടിയിരുന്നുള്ളു. മുമ്പ് സണ്ടെ ഒബ്സെര്‍വറില്‍ ഇതിന്റെ ഒരു റിവ്യു വന്നിരുന്നു. അങ്ങനെയാണ് എനിക്കിത് വായിക്കണമെന്ന് തോന്നിത്തുടങ്ങിയത്... മരണം ഒരു സമസ്യ തന്നെയാണല്ലേ രാജേഷ് ? ‘ പെട്ടന്നാണ് റോഷ്നി അത് ചോദിച്ചത്.
‘എന്ന് മുഴുവനായി പറയാനാവില്ല.’
‘എങ്കിലും നിശ്ചിതമായ സമയമോ സാഹചര്യമോ അതിനില്ലല്ലോ.’
‘എല്ലായ്പോഴും അങ്ങനെയാവണമെന്നില്ലല്ലോ...’
‘അതു ശരിയാണ്. ഒരാള്‍ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ ..’
‘എല്ലാ ആത്മഹത്യകളും വിജയമാവണമെന്നില്ലല്ലോ... പലപ്പോഴും പരാജയപ്പെട്ട ആതമഹത്യകള്‍ തടവിലാക്കപ്പെടുന്നത് കാണാറില്ലേ..’
‘പക്ഷേ..’
റോഷ്നി വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി. പിന്നെ ഒന്ന് നെടുവീര്‍പ്പിട്ടു.
റോഷ്നിയുടെ ചുണ്ടുകള്‍ വിറയ്ക്കുന്നത് ഞാനറിയുന്നു., വരളുന്നതും..
‘ഇന്നെന്തു പറ്റീ.. എലിസബത്ത് കൂബ്ലറുടെ പ്രേതം പിടികൂടിയോ ? ‘ ചിരിച്ചുകൊണ്ട് റോഷ്നിയുടെ അടുത്തേക്ക് നീങ്ങിയിരുന്നു.
റോഷ്നിയുടെ കൈകളിലെ തണുപ്പ് എന്നെ ഭയപ്പെടുത്തി.
പിന്നെ മൌനത്തിന്റെ നീണ്ട സഹാറയിലേക്ക്..
റോഷ്നിയുടേ വിരലുകള്‍ എന്റെ കൈവെള്ളയില്‍ അമര്‍ന്നിരുന്നു. തണുപ്പ് ഇളംചൂടിനു വഴിമാറി. കണ്ണുകളില്‍ എന്റെ കണ്ണുകള്‍ ഒഴുകിയിറങ്ങി.
ജെങ്കി റോക്കറ്റ്സിന്റെ ‘ഹെവന്‍ലി സ്റ്റാര്‍ ‘ എന്റെ മൊബൈലില്‍ റിംഗ് ടോണായി പടര്‍ന്നുകൊണ്ടിരുന്നത് പെട്ടന്നാണറിഞ്ഞത്.
രാധികയാണ്. സമയസൂചി എട്ടരയിലേക്കെത്തിയിരിക്കുന്നു.
‘ഹെലോ..’
‘ഏട്ടനെവിടെയാണ് ? ‘’
‘എന്തേ ? ‘
‘ഇപ്പോള്‍ തന്നെ ഗിരിജേച്ചി വിളിച്ചിരുന്നു.. രാധേച്ചിക്ക് കൂടിയത്രേ.. ഏട്ടനെ വിളിച്ചപ്പോള്‍ റേഞ്ചില്ലായിരുന്നു.. ഇപ്പോള്‍ എവിടെയാണ് ?‘
‘ഞാന്‍ റോഡിലാണ് ...ഇപ്പോള്‍ തന്നെ ഞാന്‍ റൂമിലേക്ക് പോകാം..’ കളവു പറയാന്‍ എന്നേ പഠിച്ചിരിക്കുന്നു., പ്രത്യേകിച്ചും രാധികയോട്.
റോഷ്നി ബെഡില്‍ എഴുന്നേറ്റിരുന്നു. പിന്നെ മെല്ലെ നെടുവീര്‍പ്പിട്ടു.
‘റോഷ്നി ഉറങ്ങിക്കോളൂ..ഞാന്‍ പിന്നെ വരാം..ഗുഡ് നൈറ്റ്..’
ധൃതിയില്‍ തന്നെ പുറത്ത് കടക്കുമ്പോള്‍ രാധേട്ത്തിയുടെ മുറിയുടെ മുന്നില്‍ വെള്ളയുടുപ്പുകളുടെ പ്രളയം..സ്ട്രെച്ചറുമായി ആരോ മുറിയിലേക്ക് ..
അതിനിടയിലും ഗിരിജ ചേച്ചിയുടെ രോദനം വേറിട്ടുനിന്നു.
മരണത്തിന്റെ ഗന്ധവുമായി കാറ്റ് അവിടെ അലഞ്ഞു നടന്നു.
Note
( കഥക്കൂട്ടില്‍ വന്ന കഥയാണിത്. ചെറിയ വ്യത്യസങ്ങളോടെ എന്റെ കളക്ഷനില്‍ ചേര്‍ക്കുന്നുവെന്ന് മാത്രം. )
Thursday, November 08, 2007
Subscribe to:
Post Comments (Atom)
5 comments:
kuttan mEn_ne
Nannaayi. Feel cheyyippikkunnu cheruthaayi
:)
upasana
" സമയ സൂചികള്ക്കപ്പുറം".
കാച്ചികുറുക്കി ഒതുക്കത്തോടെ എഴുതിയ ഒരു മനോഹര കഥ !.
കഥക്കൂട്ടില്‍ കണ്ടിരുന്നില്ല, വീണ്ടും പൊസ്റ്റിയത് നന്നായി. വായിക്കാനായല്ലോ
കുട്ടമ്മേന്നേ, വളരെ നന്നായിരിക്കുന്നു ഈ കഥ. ആശുപത്രിയിലെ വേദനകളും വിഷമങ്ങളുമെല്ലാം നന്നായി ചിത്രീകരിച്ചിരിക്കുന്നു.
കഥക്കൂട്ടിലെ കണ്ടിരുന്നു..
രോഷ്നിയുമായുള്ള പരിചയം പെട്ടെന്ന് ആയ പോലെ അതില്‍ തോന്നിയിരുന്നു..
ഇത് കൂടുതല്‍ നന്നായി എന്നു തോന്നി.
വായിച്ച് അഭിപ്രായം പറഞ്ഞവര്‍ക്ക് നന്ദി.
പി.ആര്. പറഞ്ഞത് ശരിയാണ്. കഥക്കൂട്ടിലേതില് നിന്നും ചെറിയ എഡിറ്റിങ് നടത്തിയിരുന്നു. (എഡിറ്റിങ് എന്ന പരിപാടി നമ്മുടെ ഡിക്ഷ്ണറിയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. :))
Post a Comment