Monday, July 30, 2007

ഒറ്റയടിപ്പാതയിലെ വെള്ളാരങ്കല്ലുകള്‍..3

ആധാരത്തില്‍ സാക്ഷിയായി ഒപ്പിടുമ്പോള്‍ രാമന്‍ നായരുടെ കൈകള്‍ വിറച്ചുകൊണ്ടിരുന്നു. ഇനിയൊരൊപ്പ് ഇവിടത്തേക്കായുണ്ടാവില്ലെന്ന നോവ് രാമന്‍ നായരെ അലട്ടി .

പ്രമാണങ്ങളും ഒപ്പുകളും രാമന്‍ നായരെ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരുന്നു ...എന്നും . ഇനി വടക്കേപ്പാട്ടെ പറമ്പിലെ തേങ്ങയിടാനും തെങ്ങിനു പൊലി കൂട്ടാനും പോകേണ്ടെന്നത് നല്ലകാര്യം തന്നെ . പ്രത്യേകിച്ചും പഴയതുപോലെ കാലുകള്‍ക്ക് ബലമില്ലാത്തപ്പോള്‍. എങ്കിലും ഇത്രയും കാലം നോക്കി നടന്ന് അവസാനം കൈവിട്ടുപോകുകയല്ലേയെന്ന ആധി രാമന് ‍ നായരെ ഈറനണിയിച്ചു .

തോമക്കുട്ടി യു .ഡി ക്ലര്‍ക്കിന്റെ അടുത്ത് നിന്നു കടലാസുകള്‍ ശരിയാക്കിക്കൊണ്ടിരുന്നു . വസ്തു വാങ്ങുന്ന ഉമ്മര്‍ ഹാജി ഉമ്മറത്തെ ബഞ്ചിലിരുന്ന് മൊബൈല് ‍ ഫോണില്‍ ആരോടൊക്കെയോ സംസാരിക്കുന്നു .

ആവശ്യമായ ഒപ്പിട്ട് ദേവദത്തന്‍ പടിയിറങ്ങി താഴെ വേപ്പുമരച്ചുവട്ടിലെ തണലില്‍ ചെന്നു നിന്നു . നനുത്ത കാറ്റില്‍ ഇലകള്‍ പൊഴിയുന്നു .

പെട്ടന്നാണ് രാമന് ‍ നാ‍യര്‍ ധൃതിയില്‍ ഇറങ്ങി വന്നത്.

'തിരുമേനി , അനിയന്‍ കുട്ടി ഒപ്പിടില്ലെന്ന് വാശിപിടിക്കുന്നു . എന്താ ചെയ്യാ‍ ..'

'ഉവ്വൊ . എന്താ പറയുന്നത് ? '

'ഇല്ല . ഒന്നും പറയുന്നില്ല.. ഒപ്പിടുന്നില്ല . ഇങ്ങനെ ഇരിക്കുന്നു ...'

ബ്രഹ്മദത്തന് ‍ അങ്ങനെയാണ് . പലപ്പോഴും ... എപ്പോഴാണ് വാശിപിടിക്കുകയെന്നറിയില്ല . പെട്ടന്നായിരിക്കും . ഇങ്ങോട്ട് പോരുന്നതിനുമുമ്പ് എല്ലാം പറഞ്ഞുറപ്പിച്ചിരുന്നതാണെന്ന് ദേവദത്തന്‍ ഓര്‍ത്തു.

മൂന്നുപേരായി ഒരു വഴിക്കിറങ്ങരുതെന്ന് ദേവേട്ത്തി ഇറങ്ങുമ്പോഴും പറഞ്ഞതാണ് . തോമക്കുട്ടി വരാന്‍ താമസിച്ചപ്പോള്‍ രണ്ടും കല്പിച്ച് രാഹുകാലത്തിനു മുമ്പ് തന്നെ ഇറങ്ങേണ്ടി വന്നു .

ഈ വസ്തുവെങ്കിലും വില്‍ക്കരുതെന്ന് ബ്രഹ്മദത്തനു മുമ്പും നിര്‍ബന്ധമുണ്ടായിരുന്നു . തനിക്കും അതില്ലാതെയല്ല. പക്ഷേ ഇനിയും കടങ്ങള്‍ വീട്ടാതെയിരുന്നാല്‍ കുടിയിരിപ്പ് പോലും ജപ്തിനടപടികളിലേക്ക് പോകേണ്ടി വരുമെന്ന് രാമന് ‍ നായര്‍ പല തവണ പറഞ്ഞതുകൊണ്ടുമാത്രമാണ് ബ്രഹ്മദത്തന്‍ സമ്മതിച്ചതു തന്നെ . ബ്രഹ്മദത്തനു ഈ സ്ഥലത്തോട് പ്രത്യേക മമതയുമുണ്ട്. പലപ്പോഴും ഈ സ്ഥലത്തിന്റെ അടുത്തുള്ള കാരിത്തോടിനരികില്‍ വന്നു നിന്നു വൈലിപ്പാടത്തേക്ക് നോക്കി നില്‍ക്കുന്നതു കാണാം . നോക്കെത്താ ദൂരത്ത് നഗരത്തിലേക്ക് പോകുന്ന തീവണ്ടിപ്പാതയും കടന്നുപോകുന്ന ഒറ്റയടിപ്പാതയില്‍ വെറുതെ നോക്കിയീരിക്കും . നഷ്ടസ്വപ്നങ്ങളുടെ കാവലാളാ‍യി .... സായം സന്ധ്യകളില്‍ പഥികന്റെ വിഹല്വതകളുമായി ..

സബ് രജിസ്റ്റ്രാറുടെ അടുത്ത കസേരയില്‍ ബ്രഹ്മദത്തന്‍ ജനലിലൂടെ ദൂരേക്ക് നോക്കിയിരിക്കുകയാണ് . കഞ്ഞിപ്പശകൂട്ടിയ ഷര്‍ട്ടിന്റെ മടക്കുകള്‍ കൃത്യമായി കാണാം . ദേവദത്തന്‍ ഒരു നിമിഷം വാതില്‍ പടിയില്‍ തന്നെ നിന്നു ..

ബ്രഹ്മദത്തന്‍ അക്ഷോഭ്യനായിരുന്നു .

'കുട്ടാ ... ആ പ്രമാണത്തിലൊന്ന് ഒപ്പിടൂ..'

ഒന്നും മിണ്ടിയില്ല .

പിന്നെ ദേവദത്തന് ‍ ആ കൈകള്‍ പിടിച്ചെഴുന്നേല്‍പ്പിച്ചു . ഒരു പ്രതിമകണക്കേ ബ്രഹ്മദത്തന്‍ നടന്നു .

തോമക്കുട്ടി മഷിപ്പാഡില് ‍ വിരലുകള്‍ അമര്‍ത്തി . എല്ലാ പ്രമാണങ്ങളിലും പതിപ്പിച്ചു.

പിന്നെ മെല്ലെ പടികളിറങ്ങി.

'ഹാവൂ . ഇപ്പോഴാ എനിക്കൊരു സമാധാനമായത്. ' രാമന്‍ നായര്‍ ആരോടെന്നില്ലാതെ പറഞ്ഞു.

വേപ്പുമരങ്ങള്‍ക്കിടയിലൂടെ വെയില്‍ ഭൂമിയില്‍ കള്ളികള്‍ തിരിച്ചുകൊണ്ടിരുന്നു .

അടുത്ത രെജിസ്റ്റ്രേഷനുമായി തോമക്കുട്ടി ധൃതിയില്‍ പടികള്‍ കടന്ന് പോയി .

അവര്‍ നടന്നു. ഉച്ചവെയിലിനു നല്ല ചൂട്. ആകാശത്തിന്റെ അതിരുകളില്‍ തുമ്പികള്‍ പറന്നകന്നു.

ടാറിട്ട നീണ്ട വഴിയില്‍ കാലത്തിന്റെ ശേഷിപ്പുകളായി വലിയ കുഴികള്‍ .
രാമന്‍ നായര്‍ കിതയ്ക്കുന്നുണ്ട്.

റെയില്‍വേ ലൈനിന്റെ അരികു പറ്റി നടന്നു. പന്ത്രണ്ടുമണിയുടെ ട്രെയിന്‍ ഇനിയും വന്നിട്ടില്ല. സാധാരണ ഈ സമയത്ത് കടന്നുപോകേണ്ടതാണ് .

'ഇപ്രാവശ്യം നല്ല മഴ കിട്ടി. അതുകൊണ്ട് കുടിയിരിപ്പിലെ തെങ്ങിന്റെ നനയ്ക്കല്‍ കുറയ്ക്കാം അല്ലേ തിരുമേനി ..' രാമന്‍ നായര്‍ക്ക് എപ്പോഴും ആധിയാണ് . മഴയെക്കുറിച്ചും ഞാറ്റുവേലയെക്കുറിച്ചും എല്ലാം എല്ലാം .

'അതെ..'

'എന്നാലും ഈ ചൂട് സഹിക്കാന്‍ പറ്റാതായിരിക്കുന്നു. മഴമാറിയല്‍ ചൂട്. ചൂടില്ലെങ്കില്‍ മഴ ..ഇപ്പോഴത്തെ കാലാവസ്ഥ വിശ്വസിക്കാന്‍ പറ്റാതായിരിക്കുന്നു.'

ബ്രഹ്മദത്തന്‍ ഒന്നുമുരിയാടാതെ നടക്കുകയാണ്.

മുഖത്തെ ഗൌരവഭാവം മാറിയിട്ടില്ല. മുറുക്ക് ഈയിടെയായി കൂടുന്നുണ്ടെന്ന് രാമന്‍ നായര് പറഞ്ഞത് ദേവദത്തനോര്‍ത്തു. ഇവനെ ഇങ്ങനെ വിട്ടാല്‍ ശരിയാവില്ല . താന്‍ മദിരാശിയിലേക്ക് പോയാല്‍ പിന്നെ വീട് ആരു നോക്കും. ചന്ദ്രികയുടെ കോഴ്സ് കഴിയുന്നതുവരെയെങ്കിലും ...

കഴിഞ്ഞ തവണ വന്നപ്പോഴും വാമദേവന് നമ്പൂതിരി പ്രശ്നം വച്ച് നോക്കിയതാണ് . ബ്രഹ്മദത്തന്റെ അസുഖം അധികം താമസിയാതെ തന്നെ മാറുമെന്നു പറഞ്ഞു. അതിനിടയിലായിരുന്നല്ലോ അശനിപാതം പോലെ അമ്മയുടെ മരണം. പിന്നെ ബ്രഹ്മദത്തന്‍ കൂടുതല് ആക്രമോത്സുകനാകുകയായിരുന്നു . ചെറുമരുടെ വീട്ടിലൊക്കെ കയറി ഇരിക്കും.. എന്തെങ്കിലും ചോദിച്ച് കിട്ടിയില്ലെങ്കില് ഭയങ്കര ദ്വേഷ്യം... ഇന്ന് രാവിലെ തന്നെ തേങ്ങാച്ചമ്മന്തിയില്ലാത്തതിനു കഞ്ഞിപ്പാത്രം വലിച്ചെറിഞ്ഞതാണ്. ബ്രഹ്മദത്തന്‍ എന്ന പേരു തന്നെ ഒരു പ്രശ്നകാരിയാണെന്നാണ് വാമദേവന് ‍ നമ്പൂതിരി പറഞ്ഞത്.

വൈകിയതുകൊണ്ടാകും പന്ത്രണ്ടുമണിയുടെ ട്രെയിന് ഹോണടിച്ചാണ് വരുന്നത്. രാമന്‍ നായര് ട്രാക്കിന്റെ ഓരം ചാരി നിന്നു. തൊട്ടുതന്നെ ബ്രഹ്മദത്തനും . ബ്രഹ്മദത്തന്റെ ദ്വേഷ്യമൊക്കെ അടങ്ങിയിരിക്കുന്നു. ദ്വേഷ്യം മാറിയാല്‍ അവന്‍ ഒരു കൊച്ചുകുട്ടിയെപ്പോലെയാണെന്ന് ദേവദത്തനു പലപ്പോഴും തോന്നിയിട്ടുണ്ട്.

നാളെ ഈ ട്രെയിന് തിരിച്ചുപോകുമ്പോള് തനിക്കും തിരിച്ചുപോകാനുള്ളതല്ലേയെന്ന് ദേവദത്തന് ഓര്‍ത്തു.
ട്രെയിന് അടുത്ത് വരുന്നു. ആളൊഴിഞ്ഞ ബോഗികളുതിനാലാവാം ശബ്ദം അല്പം കൂടുതല്‍ തോന്നുന്നത്. പാളത്തില് ചെറിയ പ്രകമ്പനങ്ങള്.

പെട്ടന്ന് ഒരു മിന്നായം പോലെ ബ്രഹ്മദത്തന് ട്രാക്കിലേക്ക്..ചക്രങ്ങള്‍ക്കിടയില്‍.. ഒരു നൊടിമാത്രം താളം കൊട്ടിക്കൊണ്ട്..
ദേവദത്തന്റെ തൊണ്ടയില് വാക്കുകള്‍ കുരുങ്ങി.

മുന്നില് ഇരുട്ടുമാത്രം...

ഇരുട്ടുമാത്രമേയുള്ളൂ.... നക്ഷത്രങ്ങളിലേക്ക്....അപ്രാപ്യമായ ദൂരത്തില് തീവണ്ടി നഷ്ടപ്പെട്ടുപോകുന്നു ..

വ്യര്‍ത്ഥതയുടെ ഭാരം ചുമന്നുകൊണ്ട്....

ഒറ്റയടിപ്പാതയെ ഭേദിച്ചുകൊണ്ട് വെള്ളാരങ്കല്ലുകളില്‍ ചുവപ്പ് പട്ടുവിരിച്ചുകിടന്നു..

16 comments:

asdfasdf asfdasdf said...

ഒറ്റയടിപ്പാതയിലെ വെള്ളാരങ്കല്ലുകള്‍.. അവസാന ഭാഗം പോസ്റ്റുന്നു.

G.MANU said...

a good work menonji.....
next?

ശ്രീ said...

മേനോന്‍ ചേട്ടാ...
ഇപ്പോഴാണിതു കാണുന്നത്...
നന്നായിട്ടുണ്ട്...

സാല്‍ജോҐsaljo said...

നല്ല എഴുത്ത്!

മഴത്തുള്ളി said...

കുട്ടമ്മേന്നേ,

കൊള്ളാം, ഇതൊരു വല്യ നോവല്‍ ആക്കാനാണില്ലേ പുറപ്പാട്?

Murali K Menon said...

കഥ വായിച്ചു കഴിഞ്ഞപ്പോള്‍ ഓര്‍മ്മകള്‍ എന്നെ എന്റെ കുട്ടിക്കാലത്തേക്കു കൂട്ടിക്കൊണ്ടുപോയി. അന്ന് വീട്ടില്‍ വരാറുള്ള ആത്തേലമ്മമാര്‍ എന്റെ കണ്മുന്നില്‍ തെളിമയോടെ നിന്നു. നെടുമങ്ങാടു മനയുടെ അവസ്ഥ ഏതാണ്ട് കഥയോട് സാമ്യമുള്ളതായിരുന്നു. അല്ലെങ്കില്‍ എന്തിനു നെടുമങ്ങാടു മന. അക്കാലത്ത് ഒരുവിധം മനകളുടെ അവസ്ഥ അങ്ങനെയൊക്കെയായിരുന്നു.
NB: കാര്യസ്ഥന്റെ പേരു കണ്ടപ്പോള്‍ എന്നോട് പറവൂര്‍ ഭരതന്‍ ചോദിച്ച ഒരു കാര്യം ഓര്‍മ്മ വന്നു. എന്റെ സീരിയലില്‍ പറവൂര്‍ ഭരതന്‍ കാര്യസ്ഥനും പേരു രാമന്‍ നായര്‍ എന്നും ആയിരുന്നു. അദ്ദേഹം ചോദിച്ചു, “എന്റെ അഭിനയ ജീവിതത്തില്‍ കൂടുതലും കാര്യസ്ഥന്‍ വേഷങ്ങളും, കഥാപാത്രത്തിന്റെ പേര് രാമന്‍ നായര്‍ എന്നും ആയിരുന്നു, ഇനി അടുത്ത സീരിയലിലെങ്കിലും എന്റെ കാര്യസ്ഥന്‍ മറ്റൊരു പേരിലാവണം”. ഞാന്‍ പറഞ്ഞു, “ശരി. അടുത്തതില്‍ കാര്യസ്ഥന്‍ കുരിയാക്കോസ് മേനോന്‍ - എന്താ പോരേ?” ഉടനെ അദ്ദേഹം ചിരിച്ച് വി.എസ്.ഓ.പി ബ്രാണ്ടി ഒരു ലാര്‍ജ് അകത്താക്കി.

Kaithamullu said...

അവസാന ഭാഗോ?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: തീര്‍ന്നാ????

Unknown said...

ഓരോ ഭാഗമായി നോക്കുകയാണെങ്കില്‍ വളരെ നല്ലത് പക്ഷെ ഒന്നിച്ച് വായിച്ചാല്‍ കണ്ടിന്യുറ്റി പോരാ എന്ന് തോന്നി.

ചീര I Cheera said...

മൂന്നു ഭാഗങ്ങളും വായിച്ചു..
ഇഷ്ടമായി..

ഡാലി said...

കുഞ്ഞേ കഥയായിരുന്നു. പക്ഷേ സ്ഥലവിവരണം, വ്യക്തി വിവരണം ഒക്കെ കൂടി 3 പോസ്റ്റ്. മൊത്തം നോക്യാ കൊള്ളാം. എഴുത്തിന്റെ രീതിയ്ക്കൊരു പ്രൊഫഷണലിസം ഉണ്ട്.

വേണു venu said...

മേനോനെ,
നല്ലരസമായ ഭാഷ. ഇഷ്ടപ്പെട്ടു.

സാരംഗി said...

മൂന്നു ഭാഗങ്ങളും വായിച്ചു, ഇഷ്ടമായി.

സുല്‍ |Sul said...

മേന്നേ
മൂന്നും ഒപ്പം വായിച്ചു.
കഥയെഴുതിയ രീതി നന്നായിരിക്കുന്നു.
എങ്കിലും പെട്ടന്നവസാനിച്ച പോലെ.

ഇനിയും പ്രതീക്ഷിക്കാമല്ലോ.
-സുല്‍

മുസ്തഫ|musthapha said...

പലരും ചോദിച്ചത് പോലെ തീര്‍ന്നോ എന്ന് ചോദിപ്പിക്കുന്ന അവസാനിപ്പിക്കലായി തന്നെ എനിക്കും തോന്നി... എങ്കിലും എഴുത്തിന്‍റെ രീതി മൊത്തത്തില്‍ മികവ് പുലര്‍ത്തി.

ഇനി ഇങ്ങിനെയുള്ളവ എഴുതുമ്പോള്‍ മൊത്തം എഴുതി, പിന്നീട് ഭാഗങ്ങളായി പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കൂ... അതാകുമ്പോള്‍ അടുത്തതെന്ത്, അല്ലെങ്കിലെങ്ങിനെ എന്നെ ഉല്‍കണ്ഠ ഒഴിവാക്കാം എന്നു തോന്നുന്നു...

ഇടിവാള്‍ said...

മൂന്നും ഒറ്റയടിക്കു വായിച്ചു. വ്യഥ്യസ്തമായിരികുന്നു മാഷെ..


ഗുഡ് ..