Saturday, May 26, 2007

കണ്ണാടിമഴ

രാധേട്ത്തി ഇന്നും അല്പം ഗൌരവത്തിലാണെന്നു തോന്നുന്നു. കാലത്തു തന്നെ ആരോടോക്കെയോ എന്തോക്കെയോ ഉച്ചത്തില് ‍ പറയുന്നുണ്ട്.

രാത്രി വൈകി വന്ന് കിടന്നതേ ഓര്‍മ്മയുള്ളൂ.

എല്ലാ തവണയും അമ്മയോട് പറയാറുണ്ട് ഇരുട്ടാവുമ്പോഴേക്കും എങ്ങനെയെങ്കിലും വീട്ടിലെത്താന്‍ ‍ നോക്കാമെന്ന്. ഇന്നലെ കോയമ്പത്തൂരെത്തുമ്പോള്‍‍ തന്നെ ഇരുട്ടായിരുന്നു. അവിടെനിന്നും തിങ്ങി നിറഞ്ഞ സേലം എക്സ്പ്രസില് ‍ കയറിയത് അത്ര ഇഷ്ടമുണ്ടായിട്ടൊന്നുമായിരുന്നില്ല. എത്രയും പെട്ടന്ന് ‍ വീട്ടിലെത്തണമെന്നേ ഉണ്ടായിരുന്നുള്ളൂ. സേലത്ത് വെച്ച് ബസ്സിന്റെ ടയര് ‍ പങ്ചര്‍ ആയില്ലാ‍യിരുന്നെങ്കില്‍ രണ്ടു മണിക്കുര്‍ മുമ്പെങ്കിലും വീട്ടിലെത്താമായിരുന്നു. ചില സമയത്ത് അങ്ങനെയാണ്. ഒന്നും സമയത്ത് നടക്കില്ല...

‘രാധേട്ത്ത്യേ എന്താ കാലത്തന്നെ പറ്റ്യേ ? ' അമ്മ രാധേട്ത്തിയോട് ചോദിക്കുന്നത് ഇപ്പോള്‍ പതിവായിരിക്കുന്നു.

അല്ലെങ്കിലും രാധേട്ത്തിക്ക് ദ്വേഷ്യം വരാന് ‍ അധികം കാരണമൊന്നും വേണ്ടല്ലോ. ഇന്നെന്താണാവോ പ്രശ്നം ? നിസാരപ്രശ്നങ്ങളാവും. രാധേട്ത്തിക്ക് അത് നിസ്സാ‍രമായി തള്ളാന്‍ സാധിക്കാറില്ല. പലപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട് രാധേട്ത്തി എങ്ങനെയാണ് ജീവിതത്തില്‍ കാര്യങ്ങളെല്ലാം ഇത്ര കൃത്യതയോടെ തന്നെ ചെയ്തു തീര്‍ക്കുന്നതെന്ന്.

പുലര്‍ച്ച മൂന്നരക്ക് എഴുന്നേല്‍ക്കുന്ന രാധേട്ത്തി കൂരിരുട്ടില്‍ തന്നെ ഒരു വിളക്കുപോലുമില്ലാതെ തന്നെ പിന്നാമ്പുറത്തെ കുളത്തില്‍ പോയി ഒന്ന് മുങ്ങി നിവരും. ഈറനായി വന്ന് ചായ്പില്‍ നിന്ന് വസ്ത്രം മാറി അരമണിക്കൂര്‍ നാമം ജപിച് അടുക്കളയിലേക്ക് കയറും.. തീ കൂട്ടി രണ്ട് അടുപ്പും എരിഞ്ഞ് ഒരു അടുപ്പില്‍ ഇഡലിച്ചെമ്പും മറ്റൊന്നില്‍ വെള്ളം തിളപ്പിക്കാനും വെച്ചാലെ രാധേട്ത്തിക്കൊരു സമാധാനമുണ്ടാവൂ. അതിനിടയില്‍ സാമ്പാറിന്റെ കഷണവും മറ്റും അരിഞ്ഞുവെക്കും. വീട്ടില്‍ ഗ്യാസ് ഉണ്ടെങ്കിലും പകല്‍ തൊടിയിലെ ഉണങ്ങിയ ഓലമടലും കൊഴിഞ്ഞിലും എല്ലാം എടുത്തു കൊണ്ടു വന്ന് ഒരുക്കൂട്ടി വെയ്ക്കും . വെറുതെ ഇരുന്ന് സമയം കളയുന്ന ശീലം അശ്ശേഷമില്ല.

ഇരുന്നാല് ‍ പിന്നെ ആലോചിക്കാനല്ലേ നേരമുള്ളൂ

' ആലോചിക്കാന്‍ പോയാ ഒരു അന്തൊം ഇല്യ കുട്ട്യേ..' എന്നാണ് രാധേട്ത്തി പറയാറുള്ളത്.

പതിനെട്ട് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചപ്പോഴാണ് ഏട്ത്തിയെയും ആറു വയസ്സുള്ള അപ്പുവിനെയും അച്ഛന്‍ ഇവിടേക്ക് കൂട്ടിക്കൊണ്ടു വന്നത് . അച്ഛന്റെ വകയിലെ ഒരു അമ്മാവന്റെ മകളായി വരും. അന്നുമുതല് ‍ രാധേട്ത്തി എല്ലാവരുടേയും ഏടത്തിയായി ഇവിടെത്തന്നെയുണ്ട്.

ഇവിടെ വന്ന് രണ്ടാമത്തെ കൊല്ലത്തെ ഉത്രാളിക്കാവിന്റെ വെടിക്കെട്ടിനിടയിലെ തിരക്കിലാണ് അപ്പുവിനെ നഷ്ടപ്പെട്ടത്. പലയിടത്തും അന്വേഷിച്ചു . അച്ഛനുള്ളപ്പോള്‍ പത്രത്തില് ‍ പല തവണ പരസ്യം കൊടുത്തിരുന്നു. പിന്നെ പിന്നെ അതില്ലാതായി , രാധേട്ത്തിയുടെ കണ്ണീരും. ദീപാരാധന തൊഴുതു വരുന്ന സമയത്തൊഴിച്ച് രാധേട്ത്തിയുടെ കണ്ണുനിറഞ്ഞത് ഞാനൊരിക്കലും കണ്ടിട്ടില്ല. വര്‍ഷവും വേനലും ഇടമുറിയാതെ പെയ്തൊഴിഞ്ഞുകൊണ്ടിരുന്നു.

വേനലിന്റെ ഈ ചൂടിലും കോള്‍ പാടത്തെ നനുത്ത കാറ്റടിച്ച് കിടന്നുറങ്ങാന്‍ നല്ല സുഖമാണ്. ഞാന്‍ വന്നത് അമ്മമ്മ അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. അറിഞ്ഞാല്‍ പിന്നെ വിളി തുടങ്ങും. എന്നെ കണ്ടാല്‍ ആവശ്യങ്ങളേറേയാണ്. വിളക്കുംകാലില്‍ ചെന്ന് പുകയില വാങ്ങണം, കോള്‍ പാ‍ടത്തിനപ്പുറത്തെ തൊടിയില്‍ പോയി അടയ്ക്ക മൂത്തുവോയെന്ന് അന്വേഷിക്കണം.. അങ്ങനെ അങ്ങനെ..

‘കുട്ടാ.. എഴുന്നേല്‍ക്കാറായില്ല്യേ.. നേരം ശ്ശിയായി.. ഇന്ന് പറയെടുപ്പ് വരണ ദിവസാന്ന് അറീല്ലെ..’

അമ്മ അങ്ങനെ ആ രഹസ്യം പൊട്ടിച്ചു..ഇനി എഴുന്നേല്‍ക്കുക തന്നെ .
ഇന്ന് പൂരപ്പറയെടുപ്പിന്റെ ദിവസമാണ്. അഞ്ചു ദിവസം കഴിഞ്ഞാല്‍ പൂരമായില്ലേ..
ഇത്തവണ ലീവു കിട്ടുമെന്ന് വിചാരിച്ചതല്ല. ലീവ് ആപ്ലിക്കേഷന്‍ രാജാറാം സാറിന് കൊടുക്കുമ്പോള്‍ പ്രതീക്ഷയില്ലായിരുന്നു. പാതി വീണ കട്ടിക്കണ്ണടയിലൂടെയുള്ള ആ നോട്ടം കണ്ടപ്പോള്‍ ഉറപ്പിച്ചതുമാണ് ഇത്തവണത്തെ പൂരം ഈ മഹാനഗരത്തിലെ കൊതുകുനിറഞ്ഞ, ചാണകത്തിന്റെ മണം മാത്രമുള്ള ആ കുടുസുമുറിയില്‍ തന്നെ കഴിച്ചുകൂട്ടേണ്ടിവരുമെന്ന്.. ഭാഗ്യത്തിനു സാറ് രണ്ടാഴ്ച യൂറോപ്പിലക്ക് ഇതേ സമയം തന്നെ പോകുന്നു.. കുറെ നാളായി വിചാരിക്കുന്നു കമ്പനി മാറണമെന്നു . സിറ്റിയിലെ റെന്റ് ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്നു..ബോണ്ടുള്ളതുകൊണ്ട് ഇട്ടെറിഞ്ഞു പോകാനും ബുദ്ധിമുട്ട്..

‘കുട്ടാ.....മണി പത്തായി.. യ്ക്ക് അങ്ങട് കേറി വരാന്‍ പറ്റില്യന്ന് അറിഞ്ഞൂടെ.. പതിനൊന്നാവുമ്പളേയ്ക്കും പറ വരൂന്ന് ഇന്നലെ ഗോവിന്ദാര്‍ പറഞ്ഞ് ട്ട് ണ്ട് കുട്ട്യെ....’

അപ്പോള്‍ അമ്മമ്മയും അറിഞ്ഞിരിക്കുന്നു.

കിണറ്റിന്‍ കരയില്‍ നിന്ന് ബ്രഷ് ചെയ്യുന്നതിനിടയിലാണ് രാധേട്ത്തി ഒരു ചൂലുമായി വരുന്നത്.
‘ആ കേറണ പടിക്കെ നെറച്ച് ചവറ്.. പറ വരണ ദിവസല്ലേ.. ആ ലീലടീച്ചറിന്റെ മാവിന്റെ എല മുഴുവന്‍ മ്മടെ പടിക്കലാ വന്നു വീഴണെ.. മാവിനോട് പറയാന്‍ പറ്റ്വോ..’ അപൂര്‍വ്വമായികാണുന്ന നേരിയ പുഞ്ചിരി മുഖത്ത് തെളിഞ്ഞു കാണാം.

‘നീയ്യിതുവരെയ്ക്കും പല്ല് തേച്ചു കഴിഞ്ഞില്ലേ.. ഇഡലി എടുത്ത് വെച്ചതൊക്കെ തണുത്തു.... കഴിഞ്ഞ പ്രാവശ്യത്തേക്കാ നെനക്ക് നല്ല ക്ഷീണണ്ട് ട്ടാ..’
അമ്മയ്ക്ക് പരാതികളേ ഉള്ളൂ..ഇനി പോകുന്നതുവരെ ഉണ്ണിയപ്പവും കൂവ്വപ്പൊടിവിളയിച്ചതുമൊക്കെയായി പലതരം പലഹാ‍രങ്ങളും ഉണ്ടാക്കിക്കൊണ്ടെയിരിക്കും. ഏട്ടന്‍ ലീവിനു വന്നാ‍ലും അമ്മ ഇങ്ങനെ തന്നെ.

‘മാള്വമ്മേ .. ഇന്നെന്താ രാധേട്ത്തി ഭയങ്കര സന്തോഷത്തിലാണല്ലോ.. എന്തു പറ്റീ..’
‘കുട്ടാ.. നെന്നോട് ഞാന്‍ പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാ .നെന്റെ മടീല്‍ വെച്ചട്ടാ എന്റെ പേരിട്ടേ...’
‘ചൂടാവാതെ ന്റെ മാളുവമ്മേ..’
‘മ്... ഇന്ന് പറ വരണ ദിവസല്ലേ.. അതാ രാധേട്ത്തിക്ക് ഒരു സന്തോഷം.. ‘
‘അതിപ്പൊ എല്ലാ കൊല്ലോം വരണതല്ലേ..അതിലിപ്പൊ എന്താ ത്ര..’
‘ഇപ്രാവശ്യം അങ്ങന്യല്ല.. കഴിഞ്ഞ തവണ പറയെടുപ്പിനു വന്ന വെളിച്ചപ്പാട് പറഞ്ഞത് നെനക്കറിയോ..’
‘എന്താ..’
‘കഴിഞ്ഞ പ്രാവശ്വ്യം അവസാനം രാധേട്ത്തിയുടെ മുന്നില്‍ വന്ന് നിന്നട്ട് വെളിച്ചപ്പാട് കിഴക്കോട്ട് നോക്കി ഒരു നില്‍പ്പ് നിന്നു.. ന്ന് ട്ട് രാധേട്ത്തിയെ നോക്കി കെഴക്ക് ഒരു വെളക്ക് കാണ് ണ് ണ്ട് എല്ലാം ശര്യാവും ന്ന് പറഞ്ഞു..ഇപ്രാവശ്യം വെളിച്ചപ്പാട് ഒക്കെ തെളിച്ച് പറയുന്നാ രാധേട്ത്തി പറയണെ..’

‘ഉം ..വെറുതെ ...’ വിശ്വാസപ്രമാണങ്ങള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എന്നെ അലോസരപ്പെടുത്തുക പതിവാണ്.

‘കുട്ടാ.. നീയൊന്നും പറയാന്‍ പോണ്ട.. അതിന്റെ ഒരു ആശ്യല്ലേ.. കൊറച്ചു ദിവസായി അത് കാലത്തും അമ്പലത്തില്‍ പോയിത്തൊടങ്ങീണ്ട്. വല്യ ആശേലാ.. അപ്പു തിരിച്ച് വരൂന്നന്യാ പറേണേ.. ‘

ഓട്ടുകിണ്ടിയിലെ വെള്ളം വായില്‍ കൊണ്ട് തുപ്പിക്കളയുമ്പോഴാണത് ശ്രദ്ധിച്ചത്.. അമ്മിത്തിണ്ണയുടെ വശത്ത് കൂട്ടിയിട്ടിരിക്കുന്ന പൊട്ടിയ കണ്ണാടിയുടെ കഷണങ്ങള്‍. ഇളവെയിലില്‍ അത് അപ്പുറത്തെ മൂവ്വാണ്ടന്‍ മാവില്‍ നിഴലുകള്‍ തീര്‍ത്തുതിളങ്ങിക്കൊണ്ടിരുന്നു.

‘ഇദെവിടുന്നാ അമ്മേ ഈ പൊട്ട്യ കണ്ണാ‍ടി..’
‘അത് ആ മച്ചിന്റെ അകത്ത് ഉണ്ടായിരുന്ന അലമാരേടെ .. ഒരാഴ്ച്യായി അതവിടെ പൂതല്‍ പിടിച്ച് വീണ് കെട്ക്കായിരുന്നു..ഇന്നലെ രാധേട്ത്തി അതൊക്കെ എടുത്ത് വാരി ഇവിടെ കൊണ്ടോന്ന് വെച്ചേക്ക്വാ.. നീ ആ കോള്‍പ്പാടത്ത് പോകുമ്പോ ഇതൊന്ന് കൊണ്ടോയി കളയണം..പിന്നെ..നീയാ ബാലാശാരീനെ കണ്ടാല്‍ ഒന്നിങ്ങട് വരാന്‍ പറയണം.. ‘
‘അത് പഴയതല്ലേ അമ്മേ.. ഇനീം അത് നന്നാക്കണോ..’
‘നന്നാക്കാണ്ടിരിക്കാന്‍ പറ്റ്വോ... എത്ര പഴക്കള്ളതാന്ന് നിശ്ശ്ണ്ടാ..നെനക്കൊന്നും മനസ്സിലാവില്യ കുട്ട്യേ...’ അമ്മമ്മ അപ്പുറത്തുണ്ടായിരുന്നത് ഞാന്‍ കണ്ടില്ലായിരുന്നു.

രാധേട്ത്തി പടിക്കല്‍ മുറവുമായി ഉലാത്തുന്നു. അവിടെ അതിനുമാത്രം ചവറൊന്നുമില്ല വൃത്തിയാക്കാന്‍. റോഡിലൂടെ പോകുന്നവരോട് പറയെടുപ്പ് എവിടെ എത്തി എന്ന് അന്വേഷിക്കാന്‍ മാത്രമാണിങ്ങനെ നടക്കുന്നത്. തുളസിത്തറയുടെ അടുത്തു തന്നെ പനമ്പ് വിരിച്ച് പറയില്‍ നെല്ലു നിറച്ച് വാഴയിലയില്‍ തേങ്ങാമുറിയും പൂവ്വന്‍ പഴവും ചന്ദനത്തിരിയുമെല്ലാം വെച്ചിട്ടുണ്ട്. പണ്ടൊക്കെ വരിക്ക ചക്കയും മാങ്ങയും വെള്ളരിയും മത്തനുമെല്ലാം വെക്കാറുണ്ടായിരുന്നു. ഇപ്പോ നെല്ലു തന്നെ വെറുതെ വെയ്ക്കുകയാണ്. അവര്‍ക്ക് കാശുമാത്രം മതി. നെല്ലൊന്നും ആര്‍ക്കും ഇപ്പോ വേണ്ട.

കുളി കഴിഞ്ഞ് വരുമ്പോള്‍ രാധേട്ത്തി മുറ്റത്തെ തിണ്ണയില്‍ ഇരിക്കുന്നു. പുതിയ കോടിമുണ്ട് ഉടുത്തിട്ടുണ്ട്.

‘ആശ്രമത്തിന്റെ ഇറക്കം എറങ്ങി കരുണാകരമേന്ന്ന്റെ അവിടെ എത്തീന്നാ കേട്ടെ.. ഇനി മ്മടോട്ക്ക് തന്നെ.. ഇപ്രാവശ്യം പറയെടുപ്പിനു ദേവസ്വത്തിന്റെ ആന്യാത്രെ.. കുട്ടീഷ്ണന്‍..കഴിഞ്ഞ കുറി ചൂരക്കാട്ടുകര പൂരത്തിനു തിടമ്പ് അവനായിരുന്നു. എന്താ ഒരു അഴക്.. ആരും ഒന്നു നോക്കി നിന്നു പോകും.. ‘

അല്ലെങ്കിലും രാധേട്ത്തിക്ക് കുറച്ച് ആനക്കമ്പം കൂടുതല്‍ തന്നെയാണ്. എല്ലാ തവണയും പൂരത്തിനു പോയിട്ട് തിരിച്ച് വരുന്നതു വരെ എല്ലാ ആനകളുടെയും അടുത്ത് ചെന്ന് കുശലം ചോദിച്ചിട്ടെ രാധേട്ത്തി തിരിച്ചു പോരുന്ന പതിവുള്ളൂ..

ആനക്കാര്യത്തില്‍ മാത്രമല്ല വീട്ടിലെ പൂച്ചകളോടും കോഴികളോടും വരെ ഇടയ്ക്ക് രാധേട്ത്തി കുശലം ചോദിക്കുന്നത് കാണാം.

പ്രാതല്‍ കഴിച്ചു ഉമ്മറത്ത് എത്തിയപ്പോള്‍ മുറ്റത്ത് പറയെടുപ്പിന്റെ കൂടെയുള്ള മേളക്കാര്‍ മൂവ്വാണ്ടന്‍ മാവിന്റെ ചുവട്ടില്‍ ചെണ്ടയൊക്കെ മുറുക്കിക്കൊണ്ട് നില്‍ക്കുന്നു. എല്ലാവര്‍ക്കും സംഭാരം കൊടുക്കാനുള്ള തിരക്കിലാണ് രാധേട്ത്തി. നെറ്റിപ്പട്ടം കെട്ടിയ ആനയും കൂടെയുള്ളവരും പടികടന്നു വരുന്നു. രാധേട്ത്തി ആനയുടെ അടുത്തേക്ക് ചെന്നു. ഒരു പടല പഴം ആനയുടെ തുമ്പിയില്‍ വെച്ചുകൊടുത്തു. പിന്നെ തിരിച്ച് ഉമ്മറത്തേക്ക് കയറി നിന്നു.

അരയില്‍ ചേങ്ങില കെട്ടി കാലില്‍ തളയണിഞ്ഞ് താറുടുത്ത വെള്ളമുണ്ടിനുമുകളില്‍ ചുവന്ന തുണിചുറ്റി വെളിച്ചപ്പാടും വാളുപിടിച്ച് മറ്റൊരാളും കൂടി പടി കടന്നു വന്നു.

അമ്മമ്മയും അമ്മയും ഉമ്മറത്ത് തന്നെ നിന്നു.

‘ഇപ്രാവശ്യം കനകം ഇല്ലാത്തകാരണം ഒരു ഉഷാറും ഇല്യ..’ അമ്മമ്മയുടെ പരിദേവനം.
ഇത്തവണ കനകമ്മായി പറയെടുപ്പായിട്ട് വന്നില്ല. നെല്ല് പുഴുങ്ങലു കഴിയാത്തതുകൊണ്ടാ വരാന്‍ പറ്റാതിരുന്നതെന്ന് ഒരു ദിവസം ഫോണുണ്ടായിരുന്നു. അല്ലെങ്കില്‍ ഇവിടെ നല്ല മേളമായിരുന്നേനെ. കനകമ്മായീം കുട്ടികളൊക്കെയായിട്ട്.

മേളം തുടങ്ങി..ഉച്ചയായതിനാലാവാം വാദ്യത്തിനു അല്പം ശക്തി കുറവുപോലെ. കാലത്ത് എട്ടുമണിക്ക് തുടങ്ങിയതല്ലേ..ഇനിയും എത്ര വീടുകള്‍ കയറാനുള്ളതാണ്.

അമ്മമ്മ കൈകൂപ്പി ഉമ്മറപ്പടിയില്‍ തന്നെ നിന്നു.

വെളിച്ചപ്പാട് അരമണി ഇളക്കി മെല്ലെ തുള്ളി തുടങ്ങി. മുറ്റത്ത് നാലുപാടും ഓടി നടന്നു തുള്ളിക്കൊണ്ടിരുന്നു. വെളിച്ചപ്പാടിന്റെ കറുത്തു തുടിച്ച പേശികള്‍ ഇളകിയാടുന്നു.ദേവിയെ വിളിച്ചുകൊണ്ട് വെളിച്ചപ്പാട് തുളസിത്തറയുടെ അടുത്ത് ചെന്നു നിന്നു ആകാശനീലിമയിലേക്ക് ഒരു നോട്ടം പായിച്ച് വീണ്ടും തിരിച്ച് ഉമ്മറപ്പടിയുടെ അടുത്തേക്ക് വന്നു.

പിന്നെ, എന്റെ മുന്നിലെക്ക് വന്നു നിന്നു. കണ്ണുകളിലെ ചുവന്ന ഞരമ്പുകള്‍ എനിക്ക് വ്യക്തമായി കാണാം, വാള്ത്തലപ്പിലെ നേരിയ വളവും.

‘ഉം.. എല്ലാം ശരിയാവൂം. മനസ്സില്‍ വിചാരിച്ച കാര്യം നടക്കും. തെക്ക് പടിഞ്ഞാറ് ദിക്കിലേകായിരിക്കും..
ദേവ്യേ...’ വെളിച്ചപ്പാട് എന്നെത്തന്നെ നോക്കിക്കൊണ്ട് പറഞ്ഞു.

പിന്നെ നീണ്ടു നിവര്‍ന്ന് നിന്ന് വീണ്ടും ഒന്നു തുള്ളി, നിര്‍ത്തി. മേളവും നിലച്ചു.

‘കുട്ടാ..വെളിച്ചപ്പാടിനു എന്തെങ്കിലും കൊടുക്ക്..’ അമ്മ അപ്പോഴും കൈകൂപ്പി നില്‍ക്കുകയായിരുന്നു.

ആനയും മേളക്കാരും വെളിച്ചപ്പാടുമെല്ലാം മെല്ലെ നടന്നു നീങ്ങി...

വായനശാലയിലേക്കൊന്നു പോകണം. കുറെ നാളായി അവിടേക്ക് പോയിട്ട്. എല്ലാ ലീവിനു വരുമ്പോഴും രാവുണ്ണിയേട്ടന്റെ പരാതിയാണ് പഴയ പോലെ ഞാന്‍ വായനശാലയില്‍ ചെല്ലാറില്ലെന്നു. ഇന്നെന്തായാലും ആ പരാതിയൊക്കെ തീര്‍ക്കണം. പതിനൊന്നരയായിട്ടല്ലേയുള്ളൂ. ഉച്ചയൂണിനുമുമ്പ് തിരിച്ചു വരാം.
ഷര്‍ട്ടെടുത്തിട്ട് ഉമ്മറത്തെത്തിയപ്പോഴാണ് അമ്മമ്മ മുന്നില്‍

‘എവിടെക്കാ..?’
‘ഞാന്‍ ആ വായനശാല വരെ..’
‘നീ ആ കോള്‍പാടത്തിന്റെ അടുത്തുകൂടെയല്ലേ പോണേ..’
‘അതെ..’
‘ആ അമ്മിത്തിണ്ണേടെ അടുത്ത് ആ കണ്ണാടി പൊട്ടീത് ഇരിക്ക്ണ്ട്.പോണ വഴിക്ക് ആ ചീപ്പിന്റെ അടീല് അതൊന്ന് കൊണ്ടോയി ഇട്ടാ മതി..രാധേ.. ആ പൊട്ട്യേ കണ്ണാടി ആ പ്ലാസ്റ്റിക്ക് ഒറേല് ഒന്ന് അടിച്ചൂട്ടി കുട്ടന്റെ കയ്യില്‍ കൊടുത്തേ..’

അമ്മിത്തിണ്ണയുടെ അടുത്തെത്തിയപ്പോഴേയ്ക്കും രാധേട്ത്തി ചൂലുകൊണ്ട് പൊട്ടിയ കണ്ണാടികഷണങ്ങള്‍ ഒരു പ്ലാസിക് കവറിലേക്ക് മാറ്റിത്തുടങ്ങിയിരുന്നു.. പെട്ടന്നാണ് ഞാന്‍ രാധേട്ത്തിയുടെ മുഖത്തേക്ക് നോക്കിയത്.രാധേട്ത്തി പെട്ടന്ന് തല തിരിച്ചു പിന്നെ,കോടിമുണ്ടിന്റെ കോന്തലകൊണ്ട് കണ്ണു തുടച്ചു, പ്ലാസ്റ്റിക് കവര്‍ എനിക്ക് നീട്ടി.

പൊട്ടിയ കണ്ണാടിക്കഷണങ്ങളില്‍ ശ്രദ്ധിക്കാതെ പോയ വെള്ളത്തുള്ളികള്‍ വെയിലില്‍ വെട്ടിത്തിളങ്ങിക്കൊണ്ടിരുന്നു.