‘ഗ്രീന്‍ഫീല്‍ഡ് കോമ്പ്ലക്സി’നു മുന്‍പില്‍ ഓട്ടോ നിര്‍ത്തിച്ച് പുറത്തിറങ്ങുമ്പോള്‍ മഴ നനഞ്ഞ് കോളിവാഡ കോളനിയിലെ കുട്ടികള്‍ വീടുകളിലേക്ക് നിഷ്ക്രമിച്ചുകൊണ്ടിരുന്നു. മഴ നനയാനുള്ള കുട്ടികളുടെ അടങ്ങാത്ത ത്വര ഈ നഗരത്തിന്റെ മാത്രം ഒരു പ്രത്യേകതയാണെന്ന് തോന്നുന്നു. മേല്‍ക്കൂരയില്‍ തകരപ്പാട്ടയടിച്ച, ഒരു ഏറുമാടത്തിന്റെ രൂപസാദൃശ്യമുള്ള ഇവരുടെ വീടുകളിലെ സുരക്ഷിതത്വത്തിലെ ആശങ്കയായിരിക്കാം ഒരുപക്ഷേ കുട്ടികളെ ഇങ്ങനെ മഴ നനയാന്‍ പഠിപ്പിച്ചത്. നനഞ്ഞൊട്ടിയ നിക്കറും കീറിയ ടി-ഷര്‍ട്ടുമണിഞ്ഞ് മഴയുടെ സീല്‍ക്കാരത്തില്‍ ഫ്ലാറ്റുകളുടെ മാലിന്യങ്ങളിലൂടെയുള്ള അവരുടെ ധ്രുതചലനങ്ങള്‍ പലപ്പോഴും കൌതുകമുണര്‍ത്തുന്നതാണ്.
ഒരാഴ്ച മുമ്പു സ്റ്റേഷനിലേക്കുള്ള നടപ്പാതയില്‍ വെച്ചാണ് പഗഡിവാല സാബ് ഇന്നത്തെ ദിവസത്തെ കുറിച്ച് പറഞ്ഞത്. ജീവിതത്തില്‍ ഒരേയൊരു ആഘോഷമേയുള്ളൂവെന്നും അത് മനേകയുടെ ജന്മദിനം മാത്രമാണെന്നും അന്നാണ് പറഞ്ഞത്. സാധാരണ ജന്മദിവസം ആരേയും ക്ഷണിക്കാറില്ലെന്നും ഇത്തവണ മനേകയുടെ ജന്മദിനത്തിനു എന്നെ ക്ഷണിക്കാതിരിക്കാനാവുന്നില്ലെന്നും പറഞ്ഞപ്പോള്‍ ആ ക്ഷണം നിരസിക്കാനായില്ല. ഒരിക്കലും നഷ്ടപ്പെടാനിഷ്ടപ്പെടാത്ത ഒരു സൌഹ്രദമെന്ന കണ്ണി ഇതിനകം ഞങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടിരുന്നു. നഗരത്തിന്റെ അപരിചിതത്തിലേക്ക് എടുത്തെറിയപ്പെട്ട എന്റെ മുന്നിലെ തെരെഞ്ഞെടുപ്പുകാലത്തെ കൃത്യതയാര്‍ന്ന ഘടികാരമായിരുന്നു പാര്‍സിയായ പഗഡിവാല സാബ്.
സഹപ്രവര്‍ത്തകന്റെ ഭാര്യയുടെ ജന്മദിനത്തിനായി ആര്‍ഛീസില്‍ നിന്നും വാങ്ങിയ ഗിഫ്റ്റ് ഹാമ്പര്‍ തുറന്നു നോക്കുമോയെന്ന സംശയം അസ്ഥാനത്താക്കിക്കൊണ്ട് 18-ം നമ്പര്‍ ബില്‍ഡിങ്ങിലേക്കുള്ള വഴി സെക്യൂരിറ്റി ജീവനക്കാരന്‍ ചൂണ്ടിക്കാണിച്ചു തന്നു. ഇരുള്‍ നിറഞ്ഞ ഇടനാഴികയില്‍ നിന്നും പഗഡിവാലയുടെ ഫ്ലാറ്റിന്റെ വാതിലിലെ തിളക്കമില്ലാത്ത നെയിം ബോര്‍ഡ് വായിച്ചെടുക്കാന്‍ അല്പം ബുദ്ധിമുട്ടേണ്ടി വന്നു.
വാതില്‍ തുറക്കുമ്പോള്‍ അപൂര്‍വ്വമായി വിരിയുന്ന പഗഡിവാല സാബിന്റെ ചിരി മനസ്സു കുളിര്‍പ്പിക്കുന്നതായിരുന്നു. മനേകയെ ആദ്യമായാണ് കാണുന്നത്. നാല്പതു വയസ്സിനടുത്ത് പ്രായമുണ്ടോയെന്ന് കാഴ്കയില്‍ ഉദ്യേഗിപ്പിക്കുന്ന രൂപസൌന്ദര്യം. ഇരുവര്‍ക്കും ഇത്ര പ്രായമായിട്ടും കുട്ടികളില്ലെന്ന സത്യം പലപ്പോഴും ഒരു ചോദ്യചിഹ്ന്മായെന്നിലവശേഷിപ്പിച്ചിരുന്നു..ഒരു തവണ സാബിനോടത് ചോദിച്ചതുമാണ്.
അന്നൊക്കെ ഓരോ തമാശകള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ഹാളിലെ ഒരു മൂലയില്‍ സുഗന്ധം പടര്‍ത്തുന്ന മെഴുകു തിരി മുനിഞ്ഞു കത്തുന്നു. ഭംഗിയുള്ള ചിത്രപ്പണികളില്‍ തീര്‍ത്ത ഫര്‍ണ്ണിച്ചറുകളും മറ്റും മുറിയുടെ ഗാംഭീര്യത വെളിവാക്കുന്നു. ഗ്ലാസ്സിട്ട ജനല്‍ പാളികളിലൂടെ മിന്നാമിനുങ്ങുകളുടെ കൂമ്പാരമായി കോളിവാഡ കോളനി.
ബദാമും ഏലക്കായയും ചേര്‍ന്ന റാവോ നുകരുന്നതിനിടയില്‍ സാബ് മഴയെക്കുറിച്ചും ആഗോളവല്‍ക്കരണത്തെക്കുറിച്ചുമെല്ലാം വളരെ വിശദമായി തന്നെ സംസാരിച്ചുകൊണ്ടിരുന്നു. മനേക ദീദി ഇടയ്ക്കിടെ സംഭാഷണങ്ങളില്‍ ഇടപെടുന്നതിനും എന്റെ വിശേഷങ്ങള്‍ ചോദിച്ചറിയാനും ഉത്സുകയായിരുന്നു. ഇത്ര സ്നേഹപൂര്‍വ്വം പെരുമാറുന്ന ഇവരെങ്ങനെയാണ് ഇവിടെ ഒറ്റപ്പെട്ടുകഴിയുന്നതെന്ന സംശയവും എന്നില്‍ ബലപ്പെടുന്നുണ്ടായിരുന്നു.
കോല്‍മിനോ പാഷ്യോയും ബാജിപെര്യുന്തുവുമൊക്കെയായി വളരെ ചുരുങ്ങിയ വിഭവങ്ങളാണ് ഡിന്നറിനുണ്ടായിരുന്നത്. എണ്ണത്തിലോ വലിപ്പത്തിലോ അല്ല, ഉള്ളതെന്തായാലും മനോഹരമായി അവതരിപ്പിക്കുന്നതിലാണ് അതിന്റെ ഭംഗിയെന്ന പാഠമെന്നെ പഠിപ്പിച്ചതും പഗഡിവാല സാബായിരുന്നല്ലോ.
അല്ലെങ്കിലും സാബിന്റെ കൂടെയിരുന്ന് സംസരിച്ചു തുടങ്ങിയാല്‍ സമയം പോകുന്നതറിയുകയേയില്ല. ലോക്കല്‍ ട്രെയിനിലിരുന്ന് സാബിന്റെ ചിന്തോദ്ദീപകമായ മൊഴികള്‍ യാത്രയുടെ വിരസത ഒരു പരിധിവരെ മാറ്റാറുള്ളത് ഞാനോര്‍ത്തു.
സോഫയില്‍ നിന്നുമെഴുന്നേല്‍ക്കുമ്പോഴാണത് ശ്രദ്ധയില്‍ പെട്ടത്. ഷെല്‍ഫിനു മുകളില്‍ രണ്ടു കുട്ടികളുടെ ബ്ലാക്ക് & വൈറ്റ് ഫോട്ടൊ ഫ്രെയിമിട്ട് വെച്ചിരിക്കുന്നു. ആണ്‍കുട്ടിക്ക് പത്തുവയസ്സോളം പ്രായം കാണും, പെണ്‍കുട്ടിക്ക് അഞ്ചുവയസ്സും.
‘സാബ് ഇതാരുടെ കുട്ടികളാണ്..? ‘ എനിക്ക് ജിജ്ഞാസ അടക്കാനായില്ല.
‘ഒന്ന് സൂക്ഷിച്ച് നോക്കൂ.....’
‘എനിക്ക് ഗണിച്ചു പറയാനാവില്ല..’
‘രവി,, ഇത് ഞങ്ങള്‍ രണ്ടുപേരുമാണ്..ചെറുപ്പത്തില്‍ അബ്ബ എടുത്തു വെച്ച ഫോട്ടൊയാണ്...’
‘ആരുടെ അച്ഛന്‍...? ‘
‘ഞങ്ങളുടെ ..’
‘അതെ.. ഞങ്ങള്‍ രണ്ടുപേരുടെയും.....’
ഞാന്‍ ചെറുതായൊന്ന് ഞെട്ടി.
സാബ് എന്റെ പുറത്ത് മൃദുവായൊന്ന് തട്ടിക്കൊണ്ട് ‘ഗുഡ് നൈറ്റ്’ പറഞ്ഞു.
വാതില്‍ക്കലേക്ക് നടക്കുന്നതിനിടയില്‍ ഒരു വേള യാത്രപറയാനായി കിച്ചണില്‍ നിന്നും ഇറങ്ങിവന്ന ദീദി യുടെ മുഖത്തേക്ക് നോക്കി. കടമെടുത്ത ഒരു ചെറുപുഞ്ചിരി അവിടെ അപ്പോഴും അവശേഷിച്ചിരുന്നു.
പുറത്ത് മഴ കുറഞ്ഞിരിക്കുന്നു. സ്ട്രീറ്റ് ലൈറ്റുകളുടെ മങ്ങിയ വെളിച്ചത്തില്‍ വെള്ളം തെറിപ്പിച്ച് ഓട്ടോറിക്ഷകള്‍ വീഥിയിലൂടെ പാഞ്ഞുകൊണ്ടിരുന്നു.
കോളിവാഡ കോളനിയിലെ കുട്ടികള്‍ അപ്പോഴും കേടായ ടയറുകളില്‍ മഴ നനഞ്ഞ് തിമര്‍ത്തു കളിക്കുന്നുണ്ടായിരുന്നു.
വാല്‍ക്കഷണം : സ്വത്ത് നഷ്ടപ്പെടാതിരിക്കാന്‍ മുന്‍ കാലങ്ങളില്‍ പാര്‍സികള്‍ രക്തബന്ധത്തിലുള്ളവരെ തമ്മില്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കാറുണ്ടായിരുന്നു.
Sunday, April 29, 2007
Subscribe to:
Posts (Atom)