Saturday, July 21, 2007

ഒറ്റയടിപ്പാതയിലെ വെള്ളാരങ്കല്ലുകള്‍..2

പാലമരം

വിജനമായ ഇരുട്ടിന്റെ ഇടവഴിയിലൂടെ തോമക്കുട്ടി നടന്നു. നാടിനെ കീറിമുറിച്ച് കടന്നുപോകുന്ന വഴി .. ഏകാന്തമായ യാത്രകള്‍ ..അത് എവിടെയ്ക്കായാലും തോമക്കുട്ടിയെ അലോസരപ്പെടുത്താറില്ല . ഇടവകപ്പള്ളിയിലേക്കുള്ള ഈ യാത്രയിലും തോമക്കുട്ടിക്ക് വിരസതയില്ല. ഒന്നര നാഴികയെങ്കിലും ഈ വഴിയിലൂടെ തന്നെ നടക്കണം . പുലര്‍ച്ച കുര്‍ബാനയ്ക്ക് ഇനിയും സമയം ബാക്കി. മുമ്പ് ഇവിടെ ഇത്ര വലിയ ഒരു വഴിയുണ്ടായിരുന്നില്ലെന്ന് തോമക്കുട്ടി ഓര്‍ത്തു . കാലത്തിന്റെ കുത്തൊഴുക്കില്‍ വന്നുചേര്‍ന്നതാണ് ഈ വഴി. ഈ വഴിയുടെ ഓരത്തു തന്നെയായിരുന്നു ആ പാലമരം നിന്നിരുന്നത് .

പണ്ട്... കണ്ടാറുവിന്റെ ഭാര്യയായ പേറ്റിച്ചി വാസന്തി, കുഞ്ഞുമറിയത്തിന്റെ ഗര്‍ഭപാത്രത്തില്‍ നിന്നും തോമക്കുട്ടിയെ ഊരിയെടുക്കുന്നതിനും വളരെ മുന്‍പ് വൈലിത്തറയില്‍ നീണ്ടു നിവര്‍ന്ന് ശിഖിരങ്ങള്‍ വശങ്ങളിലേക്ക് മാടിയൊതുക്കി വസന്തകാലത്ത് സൌരഭ്യമുള്ള വെളുപ്പും മഞ്ഞയും കലര്‍ന്ന പൂക്കള്‍ നിറച്ച് ഈ പാലമരം .. . യുഗാന്തരങ്ങളായി മഞ്ഞക്കാളി കുടിയിരിക്കുന്ന വൈലിത്തറയില്‍ കാലത്തിന്റെ കുത്തൊലിപ്പുകള്‍ കരിമ്പടം ചാ‍ര്‍ത്തി.... വടക്ക് ബ്രഹ്മസ്ഥായിയായ ശിവന്റെ ആവാഹഭൂമിയായ ബ്രഹ്മക്കുളവും തെക്ക് പുഞ്ചപ്പാടത്തിന്റെ അതിര്‍വരമ്പായ മധുക്കരയും പടിഞ്ഞാറ് വേമ്പനാട്ടുകായലിന്റെ മധുരിമയായ ഒരുമനയൂരും അതിര്‍ത്തികാക്കുന്ന കാക്കശ്ശേരിയുടെ കേന്ദ്രബിന്ദുവായ വൈലിത്തറ . ബ്രഹ്മരക്ഷസ്സിന്റെ ശല്യം സഹിക്കവയ്യാത്ത നേരത്ത് കിഴ്മാലൂര്‍ കുടുംബത്തിലെ കാരണവര്‍ ഹോമം നടത്തി നട്ടതാണ് ഈ പാലമരം .

കോലുവച്ചുണ്ടാക്കിയ പാലത്തിന്റെ അവിടെനിന്നും കാപ്പരക്കല്‍ വരെ മുമ്പ് ഒറ്റയടിപ്പാത മാത്രമാണുണ്ടാ‍യിരുന്നത് . ആ ഒറ്റയടിപാതയാവട്ടെ ചെറുവാരശ്ശേരി ഇല്ലത്തിലേക്കുള്ള പോക്കുവരവിനുമാത്രമുണ്ടാക്കിയതും .പണ്ട് തൃത്താലയിലെ ഇളവന അംശത്തില്‍ നിന്നും ഭാഗം കഴിഞ്ഞ് കിട്ടിയ വകയാണ് ഇല്ലത്തിന്റെ ഈ കുടിയിരുപ്പ് . ഇളവന അംശത്തുനിന്നും മഞ്ചലുമായി വര്‍ഷത്തിലൊരിക്കല്‍ ഗുരുവായൂരമ്പലത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് വേണ്ടി മാത്രം പണിത വഴിയുടെ തുടര്‍ച്ചയാണ് ചെറുവാരശ്ശേരിയില്ലത്തിന്റെ ഒരു നാഴിക മാറി നില്‍ക്കുന്ന ഈ ഒറ്റയടിപ്പാത . തോമാസ്ലീഹ വന്ന് വെള്ളമെറിഞ്ഞ് നമ്പൂതിരിമാരെ മതം മാറ്റിയപ്പോള്‍ 'ഇനിയത്തെ കുളി വെന്മേനാടെ 'ന്ന് പറഞ്ഞ് രായ്ക്കുരാമാനം ഓടി രക്ഷപ്പെട്ട നമ്പൂതിരികുടുംബങ്ങള്‍ക്ക് അന്ന് കാക്കശ്ശേരിയുടെ കിഴക്ക് ഒരു ചെറിയ ഭാഗം ചെറുവാരശ്ശേരി ഇല്ലത്തുകാര്‍ വെച്ചുനീട്ടി . അവര്‍ അവിടെ മന്ദിരങ്ങള്‍ പണിതു..ചെറുവാരശ്ശേരി ഇല്ലത്തിന്റെ ഒരു ഭാഗം തന്നെ കാലക്രമേണ അവരുടേതായി.

ത്രശിവപേരൂര്‍ അങ്ങാടിയില്‍ നിന്നും പൊന്നാനിക്കുള്ള മാര്‍ഗ്ഗത്തിലെ മധ്യഭാഗത്താണ് കാക്കശ്ശേരി. പാതിരായ്ക്ക് ത്രശിവപേരൂര്‍ അങ്ങാടിയില്‍ നിന്നുള്ള പലവ്യഞ്ജനങ്ങളുമായി കാളവണ്ടികള്‍ കാക്കശ്ശേരിയില്‍ തമ്പടിക്കും . വണ്ടിയില്‍ നിന്നും കാളകളെ മാറ്റിക്കെട്ടി അവയ്ക്ക് കുറച്ച് സമയം വിശ്രമം . വണ്ടിക്കാരും വിശ്രമിക്കും . വിശ്രമവേളകളില്‍ കട്ടഞ്ചായയും കപ്പയുമായി നെടുമ്പന്‍ പ്രാഞ്ചി രാത്രി പകലാക്കി . പ്രാഞ്ചി കാക്കശ്ശേരിയുടെ ആത്മാവ് തൊട്ടറിഞ്ഞു . ഒരു കൂരകെട്ടി . ചെറുവാരശ്ശേരിക്കാര്‍ പ്രാഞ്ചിയെ വിവേകിയെന്നും ബുദ്ധിമാനെന്നും വിളിച്ചു . പ്രാഞ്ചി കൂട്ടുങ്ങലെ കുര്യന്‍ വക്കീലിനു ദക്ഷിണവെച്ചു . ചെറുവാരശ്ശേരിക്കാരുടെ കുടിയിരിപ്പൊഴികെയുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ പ്രാഞ്ചിയുടെ സ്വന്തം . ചാക്കോളയില്‍ നിന്നും പടിയിറക്കിക്കൊണ്ടുവന്ന കുഞ്ഞിമറിയത്തിനു പ്രാഞ്ചിയുടെ സാമ്രാജ്യം ഒരു അദ്ഭുതലോകം തന്നെയായിരുന്നു.

തോമക്കുട്ടിക്ക് അപ്പന് ‍ പ്രാഞ്ചിയെക്കുറിച്ച് ഏറെ മതിപ്പായിരുന്നു. എങ്കിലും അവസാന നാളുകളിലെ അമിതാവേശത്താല് ‍ കിട്ടിയ പല സ്വത്തുക്കളും അടിയറ വെക്കേണ്ടി വന്നു. പിന്നീട് തോമക്കുട്ടി വെണ്ടറായതോടെയാണ് അല്പമെങ്കിലും പിടിച്ചു നില്‍ക്കാനായത് . പ്രദേശത്തെ എല്ലാ ആധാരങ്ങളിലും തോമക്കുട്ടിയുടെ വിയര്‍പ്പുമണം. സ്ഥലക്കച്ചവടങ്ങള്‍ക്ക് തോമക്കുട്ടി മധ്യസ്ഥനായി. പല കണ്ണായ സ്ഥലങ്ങളും തോമക്കുട്ടിയുടേതു മാത്രമായി. ക്രമേണ എല്ലാ ദുഖങ്ങളും കാപ്പരക്കലെ വാസുവിന്റെ ചാരായഷാപ്പില്‍ തോമക്കുട്ടി ഇറക്കി വെച്ചു. ആധാരങ്ങള്‍ അനാഥരായി വാസുവിനു കൂട്ടുകിടന്നു. വാസു അവയെ മാറോടുചേര്‍ത്തുപിടിച്ചു.

തോമക്കുട്ടി നടന്നു.

വിജനതയില്‍.. ക്ഷേത്രത്തിലെ കൃഷ്ണസ്തുതികള്‍ ... തെരുവുവിളക്കുകള്‍ എന്ന പഥികന്മാര്‍..ചെറുതവളകള്‍ ഓരത്തിനിരുവശവും തെന്നി മറഞ്ഞു. കൂമന്മാര്‍ ചക്രവാളങ്ങളിലിരുന്നു മൂളി. അകലെ പാലമരം ചെറുകാറ്റില്‍ ഊയലാടി. പാലമരത്തിന്റെ അടിയിലെ കല്‍ വിളക്ക് തെളിയുന്നു. ഈര്‍ക്കില്‍ നാളങ്ങള്‍..

സാധാരണ അത് പതിവില്ലാത്തതാണല്ലോ...

തോമക്കുട്ടിക്ക് മനസ്സില്‍ സംശയങ്ങള്‍ മുളപൊട്ടി. അടുത്തെത്തിയപ്പോഴാണത് കണ്ടത് .കല് വിളക്കിനരികില്‍ ഒരു ആളനക്കം.. വിളക്കിനു മുന്നില്‍ നിന്ന് ആരോ കൈകള്‍ കൂപ്പി പ്രാര്‍ത്ഥിക്കുന്നു. പാലപ്പൂവിന്റെ മാദക ഗന്ധം അവിടെ നിറഞ്ഞു നിന്നു.

തോമക്കുട്ടി ഒരു നിമിഷം നിന്നു

ഈ പുലര്‍ച്ച തന്നെ പാലമരത്തിനടുത്ത് നിന്ന് പ്രാര്‍ത്ഥിക്കുന്നതാരാണെന്നറിയാനുള്ള ആകാംക്ഷ തോമക്കുട്ടിയില്‍ വന്നു നിറഞ്ഞു. അതൊരു വിഹല്വതയായി തോമക്കുട്ടിയെ പൊതിഞ്ഞു. അറിവിന്റെ കണ്ണുകള്‍ തോമക്കുട്ടിയെ വീണ്ടും ജാഗരൂകനാക്കി .
നനുത്ത കാറ്റില് ‍ രാമന്‍ നായരുടെ ശബ്ദം .. പ്രാര്‍ത്ഥന പൂര്‍ത്തിയാക്കി രാമന്‍ നായര്‍ തിരിഞ്ഞ് നിന്നു .

‘എന്താ രാമന്‍ നായരെ ഇന്ന് പതിവില്ലാതെ..'

'ഇല്ല. ഇടക്കിടെ ഇവിടെ വന്നു പ്രാര്‍ഥിക്കാറുണ്ട്..'

‘ഇന്നെന്താ വിശേഷിച്ച് .. '

‘കഴിഞ്ഞില്ലേ.. ഇന്നും കൂടി കഴിഞ്ഞാല്‍ ഈ പാലമരത്തിനു വേറെ അവകാശികളാവില്ലേ ..' രാമന്‍ നായരുടെ സ്വരം
ഇടറിയിരുന്നു.

‘ഇതും കൂടി കഴിഞ്ഞാല്‍ പിന്നെ കുടിയിരിപ്പ് മാത്രമേ ഉള്ളൂ അല്ലേ രാമന്‍ നാ‍യരേ ?'

‘അതെ..ഇനി അതും കൂടിയേ ബാക്കിയുള്ളൂ..ദേവദത്തന് ‍ തിരുമേനി ഇന്നലെ രാത്രി വരാമെന്നാണ് പറഞ്ഞിട്ടുള്ളത് . ഇനി ഇങ്ങനെ ഒന്നും ഉണ്ടാവല്ലേ എന്റെ ദേവീ..ഓസി വര്‍ക്കിയുടെ പീടികയില്‍ ഇനിയും കടം പറയാന്‍ എനിക്ക് വയ്യ എന്റെ തോമക്കുട്ടിയേ..കുഞ്ഞിലക്ഷ്മി പോയതിനു ശേഷം ഇല്ലം ഉറങ്ങിയെന്നു തന്നെ പറയാം ....ആകെ ഒരു വീര്‍പ്പുമുട്ടല്‍..'

‘ഒക്കെ വിധി എന്റെ രാമന്‍ നായരേ..ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ ഇത് . വല്യ നമ്പൂരി ഉള്ളപ്പോള്‍ തുടങ്ങീതല്ലേ..'

‘എല്ലാം പിതൃക്കളുടെ ശാപം..' കര്‍മ്മ ബന്ധങ്ങളുടെ നഷ്ടകാണ്ഢത്തില്‍ രാമന്‍ നായര്‍ കിതക്കുന്നുണ്ടായിരുന്നു.
അശാന്തിയുടെ മൂടല് ‍ മഞ്ഞിലൂടെ അവര്‍ നടന്നു, പാലമരവും പിന്നിലാക്കി.

വഴി ഉറങ്ങി.

ഇറങ്ങി

ഇരുട്ടില്‍ അകന്ന് പോയി....

രണ്ടു നാളിന്റെ ആ‍യുസ്സേ ഇനിയും പാലമരത്തിനുള്ളൂവെന്ന സത്യത്തിനു മുന്നില്‍ തോമക്കുട്ടി പുലര്‍ച്ച കുര്‍ബാനയ്ക്ക് മുട്ടുകുത്തി.

12 comments:

asdfasdf asfdasdf said...

ഒറ്റയടിപ്പാതയിലെ വെള്ളാരങ്കല്ലുകള്‍ 2--ം ഭാഗം.

Unknown said...

ഇവിടെ എന്താ സ്മൈലി മത്സരമോ? കുട്ടമേനോഞ്ചേട്ടാ,
ഈ ഭാഗവും നന്നായിട്ടുണ്ട്. കൈവിട്ട് പോകാതിരിക്കാന്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. അതിന് പ്രത്യേകിച്ചൊന്നും ചെയ്യണ്ട കുറുമാന്റെ മൃതോത്ഥാനം വായിച്ച് അതില്‍ കാണിച്ച കാര്യങ്ങള്‍ ഇവിടെ കാണിക്കാതിരുന്നാല്‍ മാത്രം മതി. :-)

asdfasdf asfdasdf said...

ദില്‍ബാ, മൃതോത്ഥാനവുമായി ഒരു താരതമ്യം ഇതിനുവേണ്ടിവരില്ല. മാത്രമല്ല., ഇതു നോവലല്ല. ഒരു നീണ്ടകഥയാണ്. വേലിക്കല്‍ നിന്ന് കഥ വായിച്ച് നെടുവീര്‍പ്പിടുകയും കാത്തിരിക്കുകയും ചെയ്യുന്ന വാരിക വായനക്കാരെ ഉദ്ദേശിച്ചെഴുതിയതുമല്ല. അതുകൊണ്ട് കൈവിട്ടുപോകുമെന്ന ഭയമില്ല. :)

വാളൂരാന്‍ said...

മേന്‍നേ... നന്നാവുന്നു.... ചിലേടത്തെങ്കിലും അല്‍പം പരത്തിപ്പറയുന്നുണ്ടോ.... എങ്കിലും നല്ല ഭാഷ.... സൂക്ഷ്മമായ നിരീക്ഷണങ്ങളും...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: സ്മൈലി ഇട്ടതിന്റെ കാരണം പിടികിട്ടി. വായിച്ചിട്ട് ഒരു കണക്ഷന്‍ കിട്ടാത്തോണ്ട് ആദ്യഭാഗം വായിക്കാന്‍ പോണ തിരക്കില്‍ ഇട്ടേച്ച് പോയതാ...

ഓടോ:
ആദ്യഭാഗം പിന്നെം വായിക്കേണ്ടി വന്നു...:)

മുസാഫിര്‍ said...

മേന്നെ , നന്നാവുന്നുണ്ട് അടുത്ത അദ്ധ്യായം അധികം വൈകാതെ പോസ്റ്റുമല്ലോ :-)

:: niKk | നിക്ക് :: said...

:)

അപ്പു ആദ്യാക്ഷരി said...

മേനോനേ, ആദ്യ ഭാഗം രണ്ടുപ്രാവശ്യം വായിക്കേണ്ടിവന്നു. പക്ഷേ അതില്‍ എനിക്കു പരാതിയില്ല, ആ ഭാഗവും നന്നായിട്ടുണ്ട്. പാലമരം വെട്ടാന്‍ പോവുകയാണോ? എന്തോ ഒരു നൊമ്പരം.

മുസ്തഫ|musthapha said...

ഈ ലക്കവും ഉഷാറായിട്ടുണ്ട് മേന്ന്നേ...
കഴിഞ്ഞ ലക്കവുമായി ഒരു ബന്ധവുമില്ലാതെ തുടങ്ങിയ ഈ ലക്കം അവസാനം ദേവദത്തനിലേക്ക് തന്നെ കഥയെ മടക്കി കൊണ്ട് വന്ന രീതി ഇഷ്ടപ്പെട്ടു... വരും ലക്കങ്ങളും വളരെ നന്നാവട്ടെ എന്നാശംസിക്കുന്നു...

ഭാഗം ഒന്ന്: ആല്‍മാവ്
ഭാഗം രണ്ട്: പാലമരം
മരങ്ങളെ വെച്ചാണല്ലേ കളി :)

Kaithamullu said...

നാരകം നട്ടിടം
നാരീ നടിച്ചിടം
കൂവളം കെട്ടിടം....
(മുഴുവനോര്‍മ്മ വരുന്നില്ല)

- മേന്‍‌ന്നേ, അതോണ്ട് അടുത്തത് “കൂവളം” തന്നെ ആകട്ടേ, അല്ലേ?

ആവനാഴി said...

പ്രിയ മേന്‍‌നേ,

ഇതു പറഞ്ഞില്ലെങ്കില്‍ എനിക്കു സുഖമാവില്ല മേന്‍‌നേ. “ഇരുത്തം വന്ന ഒരു എഴുത്തുകാരനെ ഞാന്‍ മേന്‍‌നില്‍ കാണുന്നു.” നല്ല ആഖ്യാനപടുത. മനോഹരമായിരിക്കുന്നു. ഈ നീണ്ട കഥ തുടരൂ.

സസ്നേഹം
ആവനാഴി.

Rasheed Chalil said...

ആദ്യഭാഗത്തോട് നീതി പുലര്‍ത്തുന്നതില്‍ രണ്ടാം ഭാഗവും വിജയിച്ചിരിക്കുന്നു. തുടരുക.