Friday, September 15, 2006

വെറുതെ .. ഓരോ...

‘എണീക്ക് ..എണീക്ക്.. നേരം ത്ര്യായ്ന്നാ വിചാരം . മണി രണ്ടു കഴിഞ്ഞു.’
വെങ്കിടി ലൈറ്റെല്ലാം തെളിക്കാന്‍ തുടങ്ങി.
‘ഏയ് ഭാസ്കരാ.. മണീ..രാമുവെ.. ഒന്നു എഴുന്നേല്ക്കടാ.. ദേ മണി രണ്ടു കഴിഞ്ഞു. ഇപ്പൊ പാട്ട് വെക്കും.. മൈസൂര്‍ വണ്ടി വന്നു. ..
ദേ ആള്‍ക്കാരൊക്കെ വന്നു തുടങ്ങി..വേഗം എഴുന്നേല്‍ക്ക്..'
മറ്റു കടകള്‍ തുറക്കുന്നതിന്‍ മുന്‍പ് തന്റെ കട തുറക്കണമെന്ന് വെങ്കിടിക്ക് നിര്‍ബന്ധമാണ്. ഈ വെളുപ്പിന് അത്ര വലിയ തിരക്കുണ്ടായിട്ടല്ല. സീസണില്‍ മാത്രമേ തിരക്കുണ്ടാവൂയെങ്കിലും അത് വെങ്കിടിയുടെ ദിനചര്യയായി മാറിയിരുന്നു.
അയാള് മെല്ലെ എഴുന്നേറ്റു.
സുഖകരമായ ഒരു സ്വപ്നത്തിന്റെ ആലസ്യത്തിലാരുന്നു അയാള്‍.
കൈയ്ക്കും കാലിനുമെല്ലാം ചെറിയ മരവിപ്പ്.
വെങ്കിടി മുഖം കഴുകി തലയില്‍ വെള്ളമൊഴിച്ച് നെറ്റിയില്‍ ഭസ്മവും പൂശി കൌണ്ടറിലേക്ക് വന്നിരുന്നു.
സാമ്പ്രാണി കത്തിച്ചു. കണ്ണന്റെ മുന്നിലെ മരത്തടിയില്‍ കുത്തി നിര്‍ത്തി.
പിന്നെ അകത്തേക്ക് നോക്കി പറഞ്ഞു
‘മണിയേ.. ഇന്ന് ആളു കൂടുതലുണ്ടെന്നാ തോന്നണെ.. ഇഡ്ലി കൊറച്ച് ജാസ്തി ഉണ്ടാക്കേണ്ടി വരും ട്ടാ..’
ഇത് വെങ്കിടി എന്നും പറയുന്നതാണ്.
അയാള്‍ കുളിച്ച് ഭസ്മവും നെറ്റിയില്‍ പൂശി കൌണ്ടറിലെക്ക് വന്നു
വാതില്‍ തുറന്ന് പുറത്ത് ചുറ്റുമൊന്നു നോക്കി.പിന്നെ നിര്‍മ്മാല്യം തൊഴാന്‍ അമ്പലത്തിലേക്ക് നടന്നു.ഇനി വാകച്ചാര്‍ത്ത് കഴിഞ്ഞേ തിരിച്ചു വരൂ.
അയാള്‍ എല്ലാ രൂപങ്ങളേയും തൊട്ടു വന്ദിച്ചു. കീയെടുത്ത് മേശവലിപ്പ് തുറന്നു.
‘കൃഷ്ണാ .. ഗുരുവായൂരപ്പാ..’
റോഡില്‍ തിരക്ക് തുടങ്ങിയിട്ടില്ല. മൈസൂര്‍ വണ്ടി വരുന്നേയുള്ളൂ.
എല്ലാവരേയും എഴുന്നേല്‍പ്പിക്കാന്‍ വെങ്കിടി വെറുതെ പറഞ്ഞതാണെന്ന് അയാളോര്‍ത്തു, അമ്പലത്തില്‍ പാട്ട് ഇപ്പോള്‍ വെച്ചതേയുള്ളൂ. മണി ഇഡലിയുടെ തട്ട് കഴുകുന്ന ശബ്ദം കേള്‍ക്കാം.
രാമു പ്ലേയ്റ്റുകള്‍ വ്ര്ത്തിയാക്കുന്ന തിരക്കിലാണ്.
ഇന്ന് സേലം വണ്ടി നേരത്തെയാണല്ലൊ. മൂന്നുമണിയ്ക്കാണ് സമയമെങ്കിലും സാധാരണ മൂന്നരയോടെയാണ സേലം വണ്ടി എത്തുന്നത്. സേലം വണ്ടി വന്നാലാണ് കടയില്‍ ആളാവുന്നത് . പിന്നെ സേലത്തുനിന്നും കോയമ്പത്തൂരുനിന്നുമുള്ള ഭക്തരുടെ തിരക്കായിരിക്കും റോഡില്‍ .
നാലഞ്ച് ഫാമിലികള്‍ വന്നു തുടങ്ങിയിരിക്കുന്നു.
രാമു പുറത്ത് നിന്ന് അവരെ വിളിച്ചു തുടങ്ങിയിരിക്കുന്നു.
‘ചൂട് ദോശ.. ഇഡലി .. സാംബാറ്..’
അതെ ഒരു ഫാമിലി ഇവിടേക്ക് തന്നെ.
ഏതായാലും ഇന്നത്തെ കണി നല്ലതു തന്നെ. ഭാര്യയും ഭര്‍ത്താവും രണ്ട് കുട്ടികളും.
രാമു അവരോട് ഓര്‍ഡര്‍ എടുക്കുന്നു.
അവരും തിടുക്കത്തിലാണ്. അവരും നിര്‍മ്മാല്യം തൊഴാനുള്ളവരാണെന്നു തോന്നുന്നു.
ഓരോ ചായ മാത്രമേ അവരും കഴിച്ചുള്ളൂ.
മൊത്തം ബില്ല് ഇരുപത് രൂപ.
ഗ്രഹനാഥനെന്ന് തോന്നിപ്പിക്കുന്ന ആള്‍ പേഴ്സ് എടുത്ത് പൈസയെടുത്തു.
പെട്ടന്ന് അയാള്‍ എന്തൊ മറന്നതുപോലെ തിരിച്ച് പോയി ഇരുന്നിടത്ത് വെച്ചിരുന്ന വെള്ളത്തിന്റെ കുപ്പി എടുത്തു വന്നത്. അപ്പോഴേക്കും കുടുംബം പുറത്തിറങ്ങിയിരുന്നു.
ഇപ്പൊള്‍ റോഡില്‍ ആരെയും കാണുന്നില്ല.ഇനി വാകച്ചാര്‍ത്തും ശംഖഭിഷേകവും കഴിയുന്നതു വരെ പുറത്ത് തിരക്ക് കുറവായിരിക്കും.
പത്രക്കാരുടെ വണ്ടികളും പയ്യന്നൂര്‍ എക്സ്പ്രസ്സുമാണ് ഇനിവരുവാ‍നുള്ളത്. അതിനിനി ഒരു മണിക്കുര്‍ കൂടി കഴിയണം.
അതുവരെ ഇവിടെയിരുന്നൊന്നു മയങ്ങാമെന്ന് കരുതി ഫോണ്‍ നീക്കി വെക്കുന്ന സമത്താണ്‍ അയാള്‍ അത് കാണുന്നത്.
ഒരു പേഴ്സ്.
അതെ . . ഇത് നേരത്തെ വന്ന ഫാമിലിയുടെയാണ്.
നല്ല കനമുണ്ട്.
അയാള്‍ അത് തുറന്നു നോക്കി.
നിറയെ നോട്ടുകളും ചില വിസിറ്റിങ്ങ് കാര്‍ഡുകളും. അയാള്‍ ചുറ്റും നോക്കി. ആരും കണ്ടിട്ടില്ല.
രാമു അകത്ത് മണിയുമായി ഇരുന്നു ചായകുടിക്കുകയാണ്.
അയാള്‍ പൈസയെടുത്ത് എണ്ണി നോക്കി
ആറായിരം രൂപയുണ്ട്.
ഗുരുവായൂരപ്പാ..
തന്റെ മൂന്നുമാസത്തെ ശംബളം.
അയാളത് ഷെല്‍ഫിനു താഴെയുള്ള കണക്കു പുസ്തകങ്ങളുടെ അടുത്ത് വെച്ചു.
താന്‍ എത്ര ദിവസമായി വെങ്കിടിയോട് ഒരു അയ്യായിരം രൂപ കടം ചോദിക്കുന്നുവെന്ന് അയാള്‍ ഓര്‍ത്തു. വെറുതെ വേണ്ട. മാസം ആയിരം വെച്ച് ശംബളത്തില്‍ നിന്നും പിടിച്ചാല്‍ മതി. അനിയത്തിക്ക് അടുത്തയാഴ്ച നഴ്സിങ്ങിന് ഫീസ് കൊടുക്കാനാണ്. കുറച്ചു ദിവസമായി ശ്രീദേവി ഫോണ്‍ ചെയ്തു പറയുന്നു എത്രയും വേഗം ഫീസടക്കണമെന്നു. മറ്റുകുട്ടികളെല്ലാം ഫീസടച്ചു. ബ്ലേഡ് കമ്പനിയില്‍ നിന്നും പലിശക്കെടുക്കാമെന്ന് വിചാരിച്ച സമയത്താണ് അതു പൂട്ടിപ്പോയത്. ഇനി വെങ്കിടി മാത്രമേയുള്ളു ശരണം.
രണ്ടാഴ്ചയായി വെങ്കിടിയോട് ഇതെക്കുറിച്ച് പറയുന്നു.വെങ്കിടി പിശുക്കനാണ്. വെറുതെ മോഹിപ്പിക്കുകമാത്രമേ ചെയ്യൂ. എല്ലാ ദിവസവും പറയും തരാമെന്ന്. ഇന്നും ഉഷപൂജക്ക് മുന്‍പ് തരാമെന്ന് വെങ്കിടി പറഞ്ഞിട്ടുണ്ടെന്ന് അയാളോര്‍ത്തു. എന്നിട്ട് വേണം പന്ത്രണ്ടരയുടെ മയില്‍ വാഹനത്തില്‍ നാട്ടില്‍ പോകാന്‍. വൈകീട്ട് നടതുറക്കുമ്പോള്‍ തിരിച്ചു വരുകയും വേണം.
ഇനി ഏതായാലും വെങ്കിടിയോട് ചോദിക്കേണ്ടല്ലോ. ഇന്നെന്തായാലും നാട്ടില്‍ പോകണം.
ഒറ്റപ്പാലം സ്റ്റാന്‍ഡില്‍ നിന്നും അമ്മക്ക് ഒരു മുണ്ടും നേര്യതും എടുക്കണം. അമ്മ ഒരിക്കലും തന്നൊട് ഒന്നും തന്നെ ആവശ്യപ്പെട്ടിട്ടില്ലെന്ന് അയാളോര്‍ത്തു. അല്ലെങ്കിലും അമ്മ അങ്ങനെയാണ്.
ഇന്ന് എന്ത് സ്വപ്നമാണ് താന്‍ കണ്ടത്.
ശ്രീദേവിയുടെ വിവാഹം, അമ്മാവന്റെ മകള്‍ ദേവികയുമായി പാടവരമ്പിലൂടെ നടന്നുവരുന്നത്, ബാലഗോപാലനുമായി ആല്‍ത്തറയില്‍ തായം കളിക്കുന്നത്, കണിയാമ്പുറത്തെ ശേഖരമേനൊന്റെ തൊടിയിലെ മുത്തുക്കുടിയന്‍ മാവില്‍ നിന്നും മാങ്ങ പറിക്കുന്നത്..
ഇല്ല.. ഓര്‍ക്കാനാവുന്നില്ല.
...
ജ്യോതിഷിന്റെ കാസറ്റ് കടയുടെ ഷട്ടര്‍ തുറക്കുന്ന ശബ്ദം കേട്ടാണ് അയാള്‍ ഞെട്ടിയുണരുന്നത്.
റോഡില്‍ കുറെശ്ശെ തിരക്ക് തുടങ്ങിയിരിക്കുന്നു. രാമു പുറത്തേക്കിറങ്ങുന്നു.
വാകച്ചാര്‍ത്ത് കഴിഞ്ഞെന്ന് തോന്നുന്നു.
നടയിലെ കമ്പിയഴികള്‍ക്കിടയില്‍ നിയോണ്‍ വെളിച്ചത്തില്‍ വെങ്കിടിയുടെ കഷണ്ടികയറിയ തല കാണുന്നുണ്ട്.
അയാള്‍ സൂക്ഷിച്ച് നോക്കി.
വെങ്കിടിയുടെ പിന്നിലായി ആ കുടുംബവുമുണ്ട്.
കൃഷ്ണാ... ഇങ്ങോട്ടുതന്നെയാവുമോ..
ഗ്രഹനാഥന്‍ അല്പം ധ്രതിയില്‍ തന്നെയാണ് നടക്കുന്നത്.
അതെ ഇങ്ങോട്ടു തന്നെയാണ്.

ജ്യോതിഷിന്റെ കാസറ്റ് കടയില്‍ പാട്ടു വെച്ചിരിക്കുന്നു..
‘കരുണാ ചെയ്‌വാനെന്തു താമസം കൃഷ്ണാ...
കഴലിണ കൈതൊഴുന്നേന്‍...
ഹരേ..കൃഷ്ണാ......‘

അയാള്‍ ഷെല്‍ഫിനു താഴെ വെച്ചിരുന്ന പേഴ്സെടുത്ത് മേശപ്പുറത്തേക്ക് വെച്ചു.

10 comments:

asdfasdf asfdasdf said...

ഒരു പോസ്റ്റിടുന്നു. വെറുതെ .. ഓരോ..... കഥയെന്ന് പറയുന്നില്ല.

മുസ്തഫ|musthapha said...

കുട്ടന്‍ മേനോനേ... കഥ നന്നായിരിക്കുന്നു.

അവര്‍ തിരിച്ച് വന്നില്ലെങ്കിലും അയാള്‍ക്കാ കാശ് ഉപയോഗിക്കാന്‍ തോന്നില്ല... കാരണം, തങ്കളുടെ നായകന്‍ ഒരു ദുഷ്ടനല്ല, ഗതികേടു കൊണ്ട് അങ്ങിനെ ചിന്തിച്ചു പോയതാണെന്ന് തോന്നുന്നു.

Unknown said...

കുട്ടമേനോഞ്ചേട്ടാ,
നന്നായിരിക്കുന്നു.

അഗ്രജേട്ടന് മനസ്സിലായില്ലെന്ന് തോന്നുന്നു.അയാള്‍ ആ പണം തിരിച്ച് കൊടുക്കുകയാണ് ചെയ്തത്. ഇനി എനിക്ക് തെറ്റിയോ?

മുസ്തഫ|musthapha said...

അതെന്നെന്‍റെ ദില്‍ബോ... ഞാനും പറഞ്ഞത്. ആ പേഴ്സിന്‍റെ ഉടമസ്ഥന്‍ തിരിച്ച് വന്നില്ലെങ്കില്‍ പോലും [വന്നത് കൊണ്ട് കൊടുത്തു, ഇനി വന്നില്ലെങ്കില്‍ പോലും അയാളാ കാശെടുക്കില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്] അയാളാ കാശ് ഉപയോഗിക്കാന്‍ സാധ്യത കുറവായിരുന്നുവെന്നാണ് ഞാനുദ്ദേശിച്ചത്.

കുടിക്കാനിച്ചിരി വെള്ളം കിട്ട്വോ... :)

വല്യമ്മായി said...

കുട്ടന്‍മേനോന്റെ മനസ്സിലെ നന്മ വെളിവാക്കുന്ന നല്ല കഥ.

രാജാവു് said...

നന്മകള്‍ ഒത്തിരി ഒത്തിരി ഇനിയും ബാക്കിയുണ്ടു് മേനോനേ.
ഭാവുകങ്ങള്‍.
രാജാവു്.

Rasheed Chalil said...

മേനോനേ കഥ നന്നയികെട്ടോ.

Adithyan said...

കുട്ടന്‍ മേനോന്‍, നല്ല ശൈലി

ഇടിവാള്‍ said...

മേന്‍ന്നേ.. നന്നായീട്ടോ !

സന്ദര്‍ഭങ്ങള്‍ ആരേയും കള്ളനാക്കും.. പക്ഷേ പിന്നീടു പശ്ചാത്തപിച്ചുട്ടു കാര്യമില്ല !

ഇതെന്തായാലും ശുഭപര്യവസാനിയായല്ലോ !

അഗ്രൂ.. ദില്‍ബൂ..
ഇതു വായിച്ച്‌ എനിക്കു തോന്നിയത്‌, അയാള്‍ പൂര്‍ണ്ണ ഇഷ്ടത്തോടെയല്ല ആ പഴ്സ്‌ തിരിച്ചേല്‍പ്പിച്ചത്‌ ! പ്രശ്നമാവും, അല്ലേല്‍ പിടിക്കപ്പെടും എന്ന തോന്നലാണ്‌ അതിനു വഴിവച്ചത്‌/ऽ

അല്ലേ മേന്‍ന്നേ !

asdfasdf asfdasdf said...

അഗ്രജാ, ദില്‍ബൂ ,ഇടിവാള്‍ മേന്നെ, പിശുക്കനായ വെങ്കിടിയെയാണ് ഞാന്‍ പ്രൊജെക്റ്റ് ചെയ്തിരുന്നതെങ്കിലും എഴുതിവന്നപ്പൊള്‍ അത് തിരിഞ്ഞു പോയി.
വല്യമ്മായി, ഇത്തിരി,രാജാവെ,ആദിത്യാ വായിച്ച് കമന്റിയവര്‍ക്കെല്ലാം നന്ദി.