Thursday, August 31, 2006

ഒരു പൈങ്കിളിക്കഥ

ഉച്ചയുറക്കം ഒഴിവാക്കാനാണ് അവള്‍ കമ്പ്യൂട്ടറിലെ ചാറ്റ് റൂമില്‍ കയറുന്നത്. സാധാരണ മൂന്നു മണി മുതല്‍ നാലര വരെ ഉച്ചയുറക്കം പതിവുള്ളതാണ്. വേലക്കാരി മൂന്നു മണിക്ക് മറ്റൊരു വീട്ടില്‍ ജോലിക്കു പോയി ഏഴുമണിക്കാണ് തിരിച്ചെത്തുന്നത്. അതു വരെ വലിയ ഒരു ശൂന്യതയായാണ് അവള്‍ക്ക് അനുഭവപ്പെടാറുള്ളത്. പിന്നെ, ആ സമയം ടിവിയില്‍ അവള്‍ക്ക് ഇഷ്ടപ്പെട്ട പരിപാടികള്‍ ഒന്നുമില്ല.
കാലത്ത് ഏഴുമണിക്ക് ജാഫറിക്കക്ക് ഓഫീസില്‍ പോകണം. തലേന്നത്തെ ചപ്പാത്തിയും എന്തെങ്കിലും ബാജിയും പാത്രത്തിലാക്കി ജാഫറിക്ക ജോലിക്ക് പോകുമ്പൊള്‍ താന്‍ മിക്ക ദിവസവും എഴുന്നേല്‍ക്കാറില്ലെന്ന് അവള്‍ ഓര്‍ത്തു. വെള്ളിയാഴ്ചയൊഴിച്ച് എന്നും ജാഫറിക്കക്ക് ജോലിയുണ്ട്. ആറുമണിയോടെയാണ് ജാഫറിക്ക തിരിച്ച് വരുന്നത്. രാത്രി വന്നാല്‍ മിക്കവാറും ഫയലുകള്‍ക്കിടയില്‍ തന്നെയാവും. അപ്പോള്‍ പ്രൈം ടൈമിലെ സീരിയലുകളാണ് തന്നെ നിലനിര്‍ത്തുന്നത് തന്നെ. ജാഫറിക്കക്ക് തന്റെ അടുത്തിരിക്കാന്‍ അല്പം പോലും സമയമില്ല. എന്നും ഓഫീസിലെ പ്രശ്നങ്ങള്‍. ഇന്ന് എല്‍.സി.യില്‍ അമെന്റ്മെന്റ് ചെയ്തില്ലായിരുന്നെങ്കില്‍, എക്സേഞ്ച് റേറ്റ് കുറഞ്ഞില്ലെങ്കില്‍, മീറ്റിങ്ങിന് അറബി വന്നില്ലെങ്കില്‍ അങ്ങനെ ഒത്തിരി ആകുലതകളാ‍ണ്.

കഴിഞ്ഞ ദിവസമാണ് റിയാസിനെ ആദ്യമായി ചാറ്റുറൂമില്‍ കണ്ടു കിട്ടിയത്. ജനറല്‍ ചാറ്റ് റൂമില്‍ വെറുതെ വന്ന ഒരു ‘ഹായ്’ വിളിക്ക് അവള്‍ മറുപടി നല്‍കിയതിലൂടെയാണ് തുടക്കം. പിന്നെ വയസും സ്ഥലവുമെല്ലാം ചോദിച്ചറിഞ്ഞു.
ഒലയയില്‍ ഒരു കമ്പ്യൂട്ടര്‍ കമ്പനിയില്‍ ആഡിറ്ററാണ് റിയാസ്‍. രണ്ടു ഷിഫ്റ്റായതുകൊണ്ടും ഉച്ചയുറക്കം പതിവില്ലാത്തതുകൊണ്ടും റിയാസ് ആ സമയം വെറുതെ ചാറ്റ് റൂമില്‍ ചുറ്റിത്തിരിയും. നാട്ടില്‍ വീടിനടുത്ത് തന്നെയാണ് റിയാസിന്റെ സ്ഥലവും. നേരിട്ട് കണ്ടിട്ടില്ല.
പക്ഷേ റിയാസുമായി ചാറ്റു ചെയ്യുന്ന കാര്യം ജാഫറിനോട് അവള്‍ പറഞ്ഞിരുന്നില്ല.
ഇന്നും പതിവുപോലെ റിയാസ് ചാറ്റിലുണ്ട്.
‘ഹായ്’
‘ഹായ്’
‘ഇന്ന് സബിത ടി.വി. നോക്കാന്‍ പോയില്ലേ ?’
‘ഇന്നും ബോറന്‍ ഫോണ്‍ ഇന്‍ പരിപാടികള്‍ തന്നെ. ..റിയാസിനു സുഖം തന്നെയല്ലെ ..’
‘അങ്ങനെയൊക്ക് പോകുന്നു..കാട്ടുകോഴിക്ക് എന്ത് ആഘോഷം ?’
‘അപ്പൊ റിയാസ് ഒരു കാട്ടുകോഴിയാണോ ?’
‘അപ്പൊ സബിതക്ക് നല്ല സെന്‍സ് ഓഫ് ഹുമറുണ്ടല്ലേ .. ‘
‘ഇവിടെ ഇങ്ങനെ ഒറ്റ ഇരുപ്പല്ല്ലേ.. അപ്പൊ എന്തെങ്കിലുമൊക്കെ അറിയണമല്ലൊ . പിന്നെ കാട്ടുകോഴിയേക്കാള്‍ നാടന്‍ കോഴിയും ബ്രോയിലര്‍ കോഴിയുമാണ് കറിവെക്കാന്‍ നല്ലത്.’
‘സബിത അപ്പൊ നന്നായി കറിവെക്കുമല്ലേ ..’
‘കുഴപ്പമില്ല..’
‘നാടന്‍ കറി കഴിച്ചിട്ട് നാളു കുറെയായി..’
‘അതിനാണ് പോയി ഒരു പെണ്ണുകെട്ടണമെന്നു പറയുന്നത്.’
‘അതിന് നമുക്കിനി ആരു പെണ്ണു തരാന്‍ ?’
‘റിയാസിനത്ര വയസ്സായിട്ടില്ലല്ലൊ..’
‘വയസ്സിന്റെ പ്രശ്നമല്ല. ഇപ്പോഴത്തെ പെണ്ണിനെ മൊഴിചൊല്ലാതെ പിന്നെങ്ങന്യാ വേറെ പെണ്ണു കെട്ടുന്നത് ?’
‘അപ്പൊ റിയാസിന്റെ കല്യാണം കഴിഞ്ഞതാണല്ലേ..’
‘കല്യാണം കഴിഞ്ഞു . കുറച്ചുകാലം ഒരുമിച്ചു ജീവിക്കുകയും ചെയ്തു.. ഇപ്പൊള്‍ രണ്ടാളും രണ്ടു വഴിയിലാണ്.’
‘അതെന്താ അങ്ങനെ ..’
‘അതൊക്കെ ഒരു വലിയ കഥയാണ് സബിതെ.... മൂന്നു വര്‍ഷം മുന്‍പായിരുന്നു ഞങ്ങളുടെ വിവാഹം. ..ഒരു വിധത്തില്‍ പറഞ്ഞാല്‍ പ്രേമ വിവാഹം. ഞാന്‍ മുന്‍പ് നാട്ടിലെ പാരലല്‍ കോളജില്‍ പഠിപ്പിച്ചിരുന്നു. അക്കാലത്തുണ്ടായ പ്രേമമായിരുന്നു വിവാഹത്തിലേക്ക് എത്തിച്ചത്. വീട്ടുകാരുടെ ഇഷ്ടങ്ങള്‍ നോക്കാതെയായിരുന്ന വിവാഹമായിരുന്നു അത്. അവള്‍ക്ക് സൌന്ദര്യം അല്പം കുറവായിരുന്നു. പക്ഷേ എനിക്കത് അത്ര പ്രശ്നമായിരുന്നില്ല. വിവാഹം കഴിഞ്ഞ് നാലാം നാള്‍ എന്റെ അകന്ന ബന്ധത്തിലെ അല്പം സൌന്ദര്യമുള്ള കുട്ടിയുമായി ഞാന്‍ സംസാരിച്ചതിന് അവള്‍ ദ്വേഷ്യപ്പെട്ടു. അതായിരുന്നു തുടക്കം. പിന്നീട് ഞാന്‍ ഏതു സ്ത്രീയെ കണ്ടാലും അവള്‍ എന്നൊട് വഴക്കു കൂടും. പാരലല്‍ കോളജില്‍ പുതുതായി വന്ന ഒരു ടീച്ചറുമായി എനിക്ക് അവിഹിതമുണ്ടന്നു വരെ പറഞ്ഞപ്പൊള്‍ ഞാന്‍ ഉറപ്പിച്ചു ഈ ബന്ധം തുടരുന്നതില്‍ കാര്യമില്ലെന്ന്. അങ്ങനെ ഞങ്ങള്‍ പിരിഞ്ഞു. ഇപ്പോഴും മൊഴിചൊല്ലിയിട്ടില്ല. ഞാന്‍ എപ്പോള്‍ വേണമെങ്കിലും അതിന് തയ്യാറാണ്. അവളും റെഡിയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ലീവ് കിട്ടിയിട്ടില്ല. ലീവ് കിട്ടിയാല്‍ നാട്ടില്‍ പോകണം.......‘
പുറത്ത് എന്തൊ വാതിലടയ്ക്കുന്ന ശബ്ദം . അവള്‍ വേഗം തന്നെ ചാറ്റ് റൂം ക്ലോസ് ചെയ്തു. ആരൊ നടന്നു വരുന്നു. വേലക്കാരിയായിരിക്കും.
‘സബിതാ, ഇന്ന് ബോസ് നേരത്തെ പോയി.. അതുകൊണ്ട് നേരത്തെ ഇറങ്ങാനായി....’
ജാഫറിക്ക ഇന്ന് നേരത്തെയാണ്.
സോക്സ് മാറ്റി അയാള്‍ അവളുടെ അടുത്തേക്ക് വന്നു.
അവള്‍ ചെറുതായി പുഞ്ചിരിച്ചു.
അയാള്‍ അവളുടെ പോളിയൊ പിടിച്ച് ശോഷിച്ച കാലുകള്‍ എടുത്ത് വീല്‍ ചെയറിന്റെ ബോര്‍ഡിലേക്ക് വെച്ചു. അയാളുടെ ഷര്‍ട്ടില്‍ നിന്നും വിയര്‍പ്പിന്റെ നാറ്റം.
അവളുടെ കണ്ണില്‍ നിന്നും ഒരിറ്റ് കണ്ണീര്‍ അയാളുടെ നെഞ്ചില്‍ വീണുടഞ്ഞു.

10 comments:

asdfasdf asfdasdf said...

ഒരു പൈങ്കിളിക്കഥ ചേര്‍ക്കുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രസിദ്ധീകരിച്ചതാണ്.

ദിവാസ്വപ്നം said...

കുട്ടന്മേനോന്‍ ചേട്ടാ

നന്നായിട്ടുണ്ട്.

(സ്വയം എഴുതിയതിനെ സ്വയം തന്നെ പൈങ്കിളി എന്ന് ആദ്യ കമന്റില്‍ തന്നെ വിളിയ്ക്കേണ്ട കാര്യമുണ്ടോ... :)

വാ‍യിക്കുന്നവര്‍ തീരുമാനിക്കട്ടെ പൈങ്കിളീയാണോ അല്ലയോ എന്ന്... :)

സസ്നേഹം...

Unknown said...

എനിക്ക് ഇഷ്ടപ്പെട്ടു.നല്ല കഥ.

കഴിഞ്ഞ പ്രാവശ്യത്തെ കഥയേക്കാള്‍ (നേഴ്സ്)എന്ത് കൊണ്ടും നന്ന്.

വല്യമ്മായി said...

അല്ലെങ്കിലും പല ഭര്‍ത്താക്കന്മാരൂം ഇങ്ങനെയാ;ഉള്ള സ്നേഹം പുറത്ത് കാണിക്കില്ല.

നല്ല കഥ

ദിവാസ്വപ്നം said...

തറവാടിച്ചേട്ടാ...

വല്യമ്മായീടെ പരാതിയ്ക്ക് സമാധാനം പറയൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ

:-)

myexperimentsandme said...

നന്നായിരിക്കുന്നു. കഥാന്ത്യം അങ്ങിനെയായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല.

റീനി said...

കുട്ടെന്‍ മേനോന്‍, ശോഭന കുറച്ചു വര്‍ഷങ്ങള്‍ മുമ്പ്‌ അഭിനയിച്ച "മിത്ര്" ആയിത്തീരും എന്ന പ്രതീക്ഷയോടെ കഥ വായിച്ചു തുടങ്ങിയപ്പോഴേക്കും രസംകൊല്ലി കഥാകൃത്ത്‌ എന്തിനാ ഭര്‍ത്താവിനെ വീട്ടില്‍ കൊണ്ടുവന്നത്‌?

നല്ല കഥ. ഇഷ്ട്ടപ്പെട്ടു. എഴുതിയ രീതിയും ഇഷ്ട്ടപ്പെട്ടു. ഇതിനെ പൈങ്കിളി എന്നു വിളിക്കാന്‍ പാടില്ല.

കരീം മാഷ്‌ said...

ആദ്യമേ പൈങ്കിളി എന്ന മുന്‌വിധി വായനക്കരിലുണ്ടാക്കിയതിനാല്‍ അവസാനത്തെ മൂന്നു വരികള്‍ കൂടി വായിച്ചപ്പോള്‍ കഥക്കു നല്ല ചാരുത തോന്നി.പൈങ്കിളി അല്ലാതാക്കിയ മൂന്നേമ്മൂന്ന്‌ വരികള്‍. കഴിവു പ്രശംസനീയം.

asdfasdf asfdasdf said...

ഒരു പൈങ്കിളിക്കഥ-യെന്നത് അതിന് ഒരു പേരിട്ടതാണ്. ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷം.

sreeNu Lah said...

ഓഫ്: പച്ചക്കുതിര എന്ന ടൈറ്റില്‍, അതങ്ങനെ തന്നെ വായിക്കാന്‍ പറ്റുന്നത് അത്ഭുതമാണ്.

ഓണ്‍: പൈന്കിളിക്കഥ വായിച്ചു. നല്ല വായനാനുഭവം.